Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ഇരന്നു വാങ്ങുന്ന വംശഹത്യകള്‍


മുസ്‌ലിംസമൂഹങ്ങളെ അടിച്ചമര്‍ത്തുക, ആത്മവീര്യം തകര്‍ക്കുക, സദാ സംശയത്തിലും ഭീതിയിലും അപകര്‍ഷബോധത്തിലും തളച്ചിടുക. ഈ നയം അല്ലെങ്കില്‍ തന്ത്രം പുതിയതൊന്നുമല്ല. നൂറ്റാണ്ടുകളായി പ്രയോഗിക്കപ്പെട്ടുവരുന്നതാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് പരിമിതവുമല്ല; ആഗോള പ്രതിഭാസം തന്നെയാണീ നയം. മുസ്‌ലിം പീഡനത്തെ താല്‍ക്കാലികമോ യാദൃഛികമോ ആയ ദുരന്തമായി കാണുന്നതും ശരിയായിരിക്കുകയില്ല. വളരെ ആസൂത്രിതമായി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുസ്ഥിരമായ പദ്ധതിയാണത്. അതില്‍ പ്രതിഫലിക്കുന്നത് പൂര്‍വ തലമുറകളിലേക്ക് ആഴ്ന്നിറങ്ങിയ വേരുകളുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വികാരമാണ്.
താല്‍ക്കാലികമായിരുന്നുവെങ്കില്‍ കാലാന്തരത്തില്‍ ഈ വിദ്വേഷ തരംഗം നേര്‍ത്ത് നേര്‍ത്ത് അപ്രത്യക്ഷമാകുമായിരുന്നു. പ്രാദേശികമായിരുന്നുവെങ്കില്‍ ആ ദേശം ഇതര ലോക സമൂഹങ്ങളില്‍നിന്ന് ഒറ്റപ്പെടുമായിരുന്നു. പക്ഷേ, ചരിത്രപാഠങ്ങളും സമകാലീന സംഭവങ്ങളുടെ ശരിയായ വായനയും വ്യക്തമാക്കുന്നത് മുസ്‌ലിം വിരോധം മിക്ക സഹോദര സമൂഹങ്ങളിലും നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നാണ്. അതിന്റെ രൂപഭാവങ്ങളിലും ശക്തിക്ഷയങ്ങളിലും കാലത്തിന്റെ കറക്കം ഗണ്യമായ വ്യത്യാസങ്ങളുണ്ടാക്കിയിരുന്നുവെന്ന് മാത്രം.
കഴിഞ്ഞ ശതാബ്ദത്തിന്റെ അന്ത്യദശകങ്ങള്‍ മുതല്‍ ഇസ്‌ലാംവിരോധവും മുസ്‌ലിം വിദ്വേഷവും ലോകമെങ്ങും ദ്രുതഗതിയില്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മുസ്‌ലിം സമൂഹങ്ങള്‍ നിരന്തരമായ ഭീഷണികള്‍ക്കും വിരട്ടുകള്‍ക്കും മാത്രമല്ല, ക്രൂരമായ കടന്നാക്രമണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ ക്ഷണികമായ വല്ല കാരണങ്ങളുമാണെങ്കില്‍ ആ കാരണങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതോടെ ഈ ശത്രുതയും മാറേണ്ടതാണ്. പക്ഷേ, പറയപ്പെടുന്ന കാരണങ്ങള്‍ തുടച്ചുമാറ്റപ്പെട്ടാലും ആക്രമണവും അടിച്ചമര്‍ത്തലും നിര്‍ബാധം തുടരുന്നതാണനുഭവം. ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങളാകട്ടെ പലപ്പോഴും ഖണ്ഡിതമായി സ്ഥിരീകരിക്കപ്പെട്ടതുമല്ല. 9/11-ലെ, ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയില്‍ വരെ മുസ്‌ലിം പങ്ക് സംശയാസ്പദമാണ്. ഇറാഖിന്റെ രാസായുധ കഥ പച്ച നുണയായിരുന്നുവെന്ന് അസന്ദിഗ്ധമായി തെളിഞ്ഞുകഴിഞ്ഞു. ഉസാമാ ബിന്‍ലാദിന്‍ എത്രയോ വര്‍ഷമായി അഫ്ഗാനിസ്താനില്‍ ഉണ്ടായിരുന്നില്ലെന്ന് ഈയിടെ അദ്ദേഹം പാകിസ്താനില്‍ വെച്ച് കൊല്ലപ്പെട്ടതോടെ സ്ഥിരപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങളെച്ചൊല്ലിയാണ് അഫ്ഗാനിലും ഇറാഖിലും മുസ്‌ലിം ദശലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെട്ടതും, പുരാതനവും പ്രൗഢവുമായ സംസ്‌കാര നാഗരികതകളുടെ പാരമ്പര്യമുള്ള ആ നാടുകളെ തുടച്ചുടച്ചു ശിലായുഗത്തിലേക്ക് മടക്കിയതും. മറ്റു സമുദായങ്ങളിലെന്നപോലെ മുസ്‌ലിം സമുദായത്തിലും തീവ്രവാദികളും വിധ്വംസന പ്രവര്‍ത്തകരും ഉണ്ടാകുന്നുണ്ട്. അവരെയൊക്കെ അനതാരികളും ആയുധങ്ങളും നല്‍കി വളര്‍ത്തി വലുതാക്കുന്നത് അവരോട് യുദ്ധം ചെയ്യുന്നവര്‍ തന്നെയാകുന്നു എന്നതാണ് വസ്തുത. ഒരു വശത്ത് മുസ്‌ലിം സമുദായത്തില്‍ തീവ്രവാദവും ഭീകരതയും വളര്‍ത്തുക- മറുവശത്ത് അതേ തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ ആ സമുദായത്തെ കൊന്നൊടുക്കുക. തീവ്രവാദത്തിലും വിധ്വംസക പ്രവര്‍ത്തനത്തിലും ആകൃഷ്ടരാകുന്ന മുസ്‌ലിംകള്‍ മതദ്വേഷത്തിന്റെയും സമുദായ ധ്വംസനത്തിന്റെയും മൂര്‍ച്ചയേറിയ ആയുധങ്ങളായിത്തീരുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.
മുസ്‌ലിം നാടുകളില്‍നിന്ന് ഏകാധിപതികളെ ഉന്മൂലനം ചെയ്യുക, ജനാധിപത്യവും സ്വാതന്ത്ര്യവും സമാധാനവും സല്‍ഭരണവും സ്ഥാപിക്കുക ഇതൊക്കെയാണ് തല്‍പര കക്ഷികള്‍ മുസ്‌ലിം കശാപ്പിനവലംബിക്കുന്ന മറ്റു തന്ത്രങ്ങള്‍. ഇക്കൂട്ടര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും നിസ്തുല മാതൃകകളാണ് ഇറാഖിലും അഫ്ഗാനിലും പൂത്തുലഞ്ഞു കാണപ്പെടുന്നത്. ജനാധിപത്യ പ്രതിബദ്ധതയാണ് പ്രശ്‌നമെങ്കില്‍ ഇക്കൂട്ടരുടെ പിന്തുണയും സഹായവും ഏറ്റവുമധികം ലഭിക്കേണ്ടത് ഫലസ്ത്വീനിലെ ഹമാസിനും ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലികിനുമായിരുന്നു. ഈ രണ്ടു വിഭാഗത്തോടും അവര്‍ പുലര്‍ത്തുന്ന ബദ്ധവിരോധം സുവിദിതമാണല്ലോ. എന്നിട്ടും മുസ്‌ലിം സമൂഹങ്ങള്‍ ഏകാധിപതികളെ നിഷ്‌കാസനം ചെയ്യാനും ജനാധിപത്യം സ്ഥാപിക്കാനും അതേ കൂട്ടരോടു തന്നെ സഹായമര്‍ഥിച്ചു നിലവിളിക്കുന്നു. ഖദ്ദാഫിയെയും ബശ്ശാറിനെയും പോലുള്ള മൃഗീയ സ്വേഛാധിപതികളുടെ നിഷ്ഠുര ഭരണം അവരെ അതിനു നിര്‍ബന്ധിതമാക്കിക്കൊണ്ടിരിക്കുന്നു. സഹായിക്കാന്‍ കാത്തുനില്‍ക്കുന്ന മിശിഹമാരാകട്ടെ, മുസ്‌ലിംകളുടെ മുഖത്തിരിക്കുന്ന കൊതുകിനെ കൊല്ലുന്നുവെന്ന നാട്യത്തില്‍ അവരുടെ തല തച്ചുടച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംഹത്യ മുസ്‌ലിംകള്‍ ശത്രുക്കളില്‍നിന്ന് ഇരന്നു വാങ്ങുന്ന ഔദാര്യമായിത്തീരുകയാണിവിടെ!
കൊലയാളികള്‍ക്ക് -അവര്‍ സാമ്രാജ്യത്വശക്തികളായാലും സയണിസ്റ്റുകളായാലും ഫാഷിസ്റ്റുകളായാലും ഇവാഞ്ചലിസ്റ്റുകളായാലും- കൊല്ലേണ്ടത് തീവ്രവാദികളെയോ ഏകാധിപതികളെയോ അല്ല; മുസ്‌ലിംകളെയാണ്- അവര്‍ തീവ്രവാദികളാവട്ടെ, മിതവാദികളാവട്ടെ, ഒരു വാദവും ഇല്ലാത്തവരാവട്ടെ- ഇറാഖിലും അഫ്ഗാനിലും പാകിസ്താനിലും അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാംമത വിശ്വാസം അവകാശപ്പെടുന്നവരെല്ലാം-ഇസ്‌ലാമും അവരുടെ ജീവിതവും തമ്മിലുള്ള ബന്ധമെന്തായാലും ശരി- വെറുക്കപ്പെടേണ്ടവരും കൊല്ലപ്പെടേണ്ടവരും അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടേണ്ടതുമാകുന്നു. ഇത് നടപ്പിലാക്കാന്‍ സൃഷ്ടിക്കപ്പെട്ട മറയാണ് തീവ്രവാദവും ഭീകരതയും. ഈ യാഥാര്‍ഥ്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയാത്തേടത്തോളം കാലം പുരോഗതിയുടെ പേരില്‍ അധഃസ്ഥിതിയിലേക്കും ശത്രുസംഹാരത്തിന്റെ പേരില്‍ ക്ഷണിച്ചുവരുത്തുന്ന സ്വയം സംഹാരത്തിലേക്കും മുസ്‌ലിം ഉമ്മത്ത് കൂപ്പുകുത്തിക്കൊണ്ടിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം