Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ലിബിയ വിമോചിക്കപ്പെടുകയാണോ ചെയ്യുന്നത്?

ഇഹ്‌സാന്‍

ലിബിയയിലും സിറിയയിലും മാറ്റം ആസന്നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രസ്താവനയിറക്കിയതിന് തൊട്ടുടനെയുള്ള ആഴ്ചയിലാണ് ഈ എഴുത്ത്. ഇത് വായനക്കാരുടെ കൈകളില്‍ എത്തുന്നതിനു മുമ്പെ ഒരാഴ്ച പിന്നെയും കടന്നു പോയിട്ടുണ്ടാവും. എങ്കില്‍ പോലും ലിബിയയില്‍ വിമതര്‍ അവകാശപ്പെടുന്നതു പോലെ മുഅമ്മര്‍ ഖദ്ദാഫിയുടെ പതനം അത്രയൊന്നും സമീപസ്ഥമായിരുന്നില്ല. പക്ഷേ, അധികാരത്തില്‍ അദ്ദേഹത്തിന്റെ അവസാനത്തെ റമദാന്‍ ഇതായിരിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയാക്കപ്പെട്ടു കഴിഞ്ഞിരുന്നു. ട്രിപ്പളി പിടിച്ചടക്കിയെന്നും ഖദ്ദാഫിയുടെ മക്കള്‍ അറസ്റ്റിലായെന്നുമുള്ള വാര്‍ത്തകള്‍ പലപ്പോഴും അതിശയോക്തിപരമായി മാറി. അന്താരാഷ്ട്ര മാധ്യമങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങളാണ് അവയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ലിബിയയില്‍ ബഹുജനങ്ങളുടെ പങ്കാളിത്തമുണ്ടെന്ന് ലോകത്തെ ധരിപ്പിക്കാന്‍ നിശ്ചിതമായ ചില തന്ത്രങ്ങള്‍ അവര്‍ പാലിക്കുന്നുണ്ട്. രണ്ടാമതായി, അഫ്ഗാനിസ്താനും ഇറാഖിനും ശേഷം ലിബിയ മധ്യപൗരസ്ത്യദേശത്തെ അമേരിക്കയുടെ മറ്റൊരു പുതിയ സ്വപ്നകേന്ദ്രമാകുന്നതിന്റെ ചില ചേരുവകളെങ്കിലും അവിടത്തെ സമരത്തില്‍ കാണാനാവുന്നുണ്ട്. ആയുധധാരികളായ യുവാക്കളും ഇരമ്പിയാര്‍ക്കുന്ന നാറ്റോ പോര്‍വിമാനങ്ങളുമാണ് ലിബിയന്‍ വിമോചനസമരത്തിന്റെ യഥാര്‍ഥ മുഖമെങ്കിലും ഗ്രീന്‍സ്‌ക്വയറിന്റെ ടെലിവിഷന്‍ ഇമേജുകളിലും എ.എഫ്.പി-റോയിട്ടര്‍ വാര്‍ത്താ ചിത്രങ്ങളിലും പതാകയേന്തിയ സ്ത്രീകളും കുഞ്ഞുങ്ങളുമാണ് കൂടുതലുള്ളത്. ട്രിപ്പളിയില്‍ നിന്ന് അവര്‍ പക്ഷെ പ്രാണനും കൊണ്ടോടുകയാണെന്നാണ് അവിടെ നിന്നുള്ള ബ്ലോഗെഴുത്തുകാര്‍ പറയുന്നത്.  
ലിബിയന്‍ വിമോചന സമരത്തെ ഇതിനകം അപകടകരമായ ചില ദിശകളിലേക്ക് തിരിച്ചു വിടാന്‍ ഖദ്ദാഫിക്കും അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും ഒരുപോലെ കഴിഞ്ഞിട്ടുണ്ട്. വിമതരുടെ ശക്തികേന്ദ്രമായ ബെന്‍ഗാസിക്കു ചുറ്റുമുള്ള ഗോത്രങ്ങളും ട്രിപ്പളിക്കു ചുറ്റുമുള്ള ഗോത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍  നടക്കുന്നത്. ലിബിയയിലെ മുഴുവന്‍ ആഭ്യന്തരവഴക്കുകളും ഇപ്പോഴത്തെ വിമോചന സമരത്തിന്റെ ഭാഗമായി തെരുവിലിറങ്ങുന്നുണ്ട്. ബെര്‍ബര്‍, ത്വാറഗ്, ഫെസ്‌സാന്‍, ടൗബു മുതലായ ഗോത്രവര്‍ഗങ്ങള്‍ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി പരസ്പരം സൗഹൃദം പാലിക്കാത്തവരാണ്. ട്രിപ്പോലിത്താനിയയിലെയും സൈറനേഷ്യയിലെയും ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന രക്തരൂഷിതമായ ഏറ്റുമുട്ടലിന്റെ അംശങ്ങള്‍ ഖദ്ദാഫിവിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞു. ഖദ്ദാഫിക്ക് തന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇവരെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ദുര്‍ബലനായതോടെ ഈ ആഭ്യന്തരകലഹം മൂര്‍ഛിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് വിമത സംഘടനകളുടെ ഇടയിലെ സമവായമില്ലായ്മ. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള 30 രാജ്യങ്ങള്‍ ലിബിയയിലെ വിമത സംഘടനയായ നാഷ്‌നല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനെ (എന്‍.ടി.സി) ലിബിയയുടെ പുതിയ ഭരണകൂടമായി അംഗീകരിച്ചു കഴിഞ്ഞു. അവയില്‍ കൂടുതലും നാറ്റോ അംഗരാജ്യങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ ബാങ്കുകള്‍ മരിവിപ്പിച്ച ഖദ്ദാഫി ഭരണകൂടത്തിന്റെ അക്കൗണ്ടുകള്‍ എന്‍.ടി.സിക്ക് തുറന്നു കൊടുക്കുന്നതായാണ് വാര്‍ത്തകള്‍. സ്വാഭാവികമായും യുദ്ധത്തിന്റെ ഗതി നിശ്ചയിക്കുന്ന സാമ്പത്തിക ബാധ്യതയായി അത് മാറുന്നതും കാണാനാവും. 16 ദശലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഉല്‍പ്പാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു ലിബിയ. ഇറ്റലിയിലെ എണ്ണ ഭീമനായ ഇ.എന്‍.ഐ എന്‍.ടി.സി നേതാക്കളുമായി ദൈനംദിനാടിസ്ഥാനത്തില്‍ ബന്ധപ്പെടുന്നതായാണ് വിവരം.
പുതിയ ലിബിയന്‍ പ്രസിഡന്റ് പദവിയിലേക്ക് എന്‍.ടി.സി നേതാക്കളായ മുസ്ത്വഫ അബ്ദുല്‍ ജലീല്‍, മുഹമ്മദ് ജിബ്‌രീല്‍ എന്നിവരുടെ പേരുകള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നതിന്റെ പിന്നിലും സ്ഥാപിത താല്‍പര്യങ്ങളാണുള്ളത്. ഇരുവരും ഒരര്‍ഥത്തില്‍ ഖദ്ദാഫിയെ വഞ്ചിച്ച് മറുകണ്ടം ചാടിയവരാണ്. പോരാട്ട രംഗത്തുള്ള വിമത സംഘടനകള്‍ക്കിടയിലെ സമവായത്തിന്റെ ഭാഗമായല്ല ഈ പേരുകള്‍ പുറത്തുവന്നിട്ടുള്ളത്. പോരാളികളും എന്‍.ടി.സിയും അക്ഷരാര്‍ഥത്തില്‍ രണ്ടു സംഘങ്ങളാണെന്നതാണ് വസ്തുത. വിമതര്‍ക്കിടയിലെ ഇസ്‌ലാമിക ചേരിയെയും മിതവാദികളെയും തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ഒരുപക്ഷേ അരങ്ങേറുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ലിബിയ വിമോചിപ്പിക്കപ്പെട്ടാലും പാശ്ചാത്യ ശക്തികള്‍ക്ക് ആരുടെയും കണ്ണില്‍ പെടാതെ തന്നെ ആ രാജ്യത്തിനകത്ത് തങ്ങളുടെ താല്‍പര്യങ്ങളും താവളങ്ങളും ഉറപ്പിക്കാന്‍ സഹായകമാവുന്ന വിധത്തില്‍ അവിടത്തെ ഗ്രൂപ്പുവഴക്കുകളെ കുറിച്ച വാര്‍ത്തകളാവും ലോകം ഇനിയുള്ള കാലത്ത് കൂടുതലും കേള്‍ക്കേണ്ടി വരിക.
അഫ്ഗാന്‍-ഇറാഖ് യുദ്ധങ്ങള്‍ക്ക് മാത്രമായി 1630 കോടി ഡോളറാണ് അമേരിക്കയുടെ ബാധ്യത. വീണ്ടുമൊരു കടക്കെണിയിലേക്ക് നീങ്ങുന്ന അമേരിക്കയെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്ത ഈ ചെലവുകള്‍ക്കിടയിലാണ് ലിബിയയില്‍ ഏതാണ്ട് അതേമട്ടിലുള്ള ഒരു യുദ്ധം കൂടി അമേരിക്ക ഏറ്റെടുക്കേണ്ടി വരുന്നത്. നാറ്റോയെ മുന്നില്‍ നിര്‍ത്തി അമേരിക്ക നടത്തുന്ന കൂലിത്തല്ല്  ഖദ്ദാഫി എത്ര കണ്ട് അനഭിമതനാണെങ്കില്‍ പോലും അന്താരാഷ്ട്രരംഗത്ത്  പുതിയ ക്രമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലിബിയന്‍ വിമതരുടെ ഔദ്യോഗിക യുദ്ധവിമാനങ്ങളെ പോലെയാണ് നാറ്റോ പെരുമാറുന്നതെന്നാണ് ആരോപണം. ആഫ്രിക്കന്‍ യൂനിയനിലെ ഒട്ടുമിക്ക നേതാക്കളും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടക്കിയിരുത്താനാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'ലിബിയയുടെ പതനം' അതിവേഗതയിലാക്കുന്നത്. യഥാര്‍ഥത്തില്‍ ലിബിയയിലെ യുദ്ധങ്ങള്‍ ആരംഭിക്കുക മാത്രമാണ് ചെയ്തത്. അധിനിവേശത്തിന്റെ അമേരിക്കന്‍ ‘മുല്ലപ്പൂമണമാണോ അവിടെ പരക്കുന്നത്?

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം