Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

വിശപ്പ് തിന്നുന്ന സോമാലിയ

പി.കെ നിയാസ്

പട്ടിണിയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ മരിച്ചുവീഴുന്ന സോമാലിയയുടെ ദൈന്യതയാര്‍ന്ന ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഔദ്യോഗികമായി സോമാലിയയിലെ അഞ്ച് സംസ്ഥാനങ്ങളാണ് പട്ടിണിയുടെ പിടിയില്‍. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 29,000 കുട്ടികള്‍  പോഷകാഹാരക്കുറവു കാരണം മരിച്ചു. പത്തു ലക്ഷം സോമാലികള്‍ അഭയാര്‍ഥികളാണ്. ഇവരില്‍ നാലു ലക്ഷം പേര്‍ തലസ്ഥാനമായ മൊഗാദീശുവിന് പുറത്ത് അഫ്ഗൂയി ക്യാമ്പില്‍ മരിച്ചു ജീവിക്കുന്നു. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ കെനിയയിലെ ക്യാമ്പുകളിലും. സോമാലിയ, എത്യോപ്യ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ കൊമ്പ് എന്നറിയപ്പെടുന്ന മേഖലയിലെ 37 ലക്ഷം ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. അറുപത് ലക്ഷം പേര്‍ പട്ടിണിയിലും. സോമാലിയയില്‍ മാത്രം ഒരു കോടി 24 ലക്ഷം ജനങ്ങള്‍ അടിയന്തര സഹായത്തിന് അര്‍ഹരാണെന്ന് യു.എന്‍ ജീവകാരുണ്യ വിഭാഗം കണക്കാക്കിയിരിക്കുന്നു.
മുപ്പതു ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവ് ഉണ്ടാവുക, പതിനായിരത്തില്‍ രണ്ടുപേര്‍ നിത്യവും മരണപ്പെടുക, ഇരുപതു ശതമാനം ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണമോ കുടിവെള്ളമോ ലഭ്യമാവാതിരിക്കുക തുടങ്ങിയവയാണ് പട്ടിണി രാജ്യമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം. സോമാലിയ പട്ടിണിയിലേക്ക് തെന്നി നീങ്ങുകയാണെന്നും പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും ഐക്യ രാഷ്ട്രസഭക്ക് 2010 സെപ്റ്റംബറില്‍ തന്നെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ 2011 ജൂലൈ 20നു മാത്രമാണ് യു.എന്‍ ഔദ്യോഗികമായി അന്താരാഷ്ട്ര അഭ്യര്‍ഥന നടത്തിയത്. സോമാലിയയെ മൊത്തം പട്ടിണിയില്‍നിന്ന് മോചിപ്പിക്കാന്‍ 250 കോടി ഡോളര്‍ ആവശ്യമാണ്. അമേരിക്ക 430 മില്യന്‍ ഡോളറും ബ്രിട്ടന്‍ 90 മില്യന്‍ ഡോളറും നല്‍കി. ബ്രിട്ടീഷ് ജനതയുടെ സംഭാവനയായി 80 മില്യന്‍ ഡോളറും സ്വരൂപിച്ചു. ബ്രസീല്‍ പ്രഖ്യാപിച്ച സംഖ്യയുടെ അടുത്തു പോലുമെത്തിയില്ല ഫ്രാന്‍സും ജര്‍മനിയും വാഗ്ദാനം ചെയ്ത തുക. ഇറ്റലിയാവട്ടെ, ഒന്നും തരാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളെ കോളനികളാക്കി ഭരിച്ചവരുടെ പിന്മുറക്കാര്‍ക്ക് പഴയ ചരിത്രമൊന്നും കേള്‍ക്കാനിഷ്ടമില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍പെട്ട് ഞെരുങ്ങുന്നതിനാല്‍ സഹായാഭ്യര്‍ഥന വേണ്ടവിധം ഫലിക്കില്ലെന്നാണ് യു.എന്‍ പറയുന്നത്. അത് ശരിയുമാണ്.
പ്രതിസന്ധി മൂര്‍ഛിച്ചപ്പോഴാണ് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്കു പോലും ഗൗരവം ബോധ്യപ്പെട്ടത്. അടിയന്തര ഉച്ചകോടി ഇസ്തംബൂളില്‍ വിളിച്ചു ചേര്‍ത്തതാവട്ടെ ആഗസ്റ്റ് 17-നും. സോമാലിയയിലെ പട്ടിണിക്കെതിരെ നടത്തിയ 'യുദ്ധപ്രഖ്യാപന'ത്തില്‍ ഒ.ഐ.സിയിലെ അമ്പതിലേറെ വരുന്ന രാജ്യങ്ങള്‍ നല്‍കുന്നത് 350 മില്യന്‍ ഡോളര്‍. ഇത് 500 മില്യന്‍ ഡോളറായി ഉയരുമെന്ന് സെക്രട്ടറി ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. റമദാനില്‍ ടണ്‍ കണക്കിന് ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കിക്കളയുന്ന സമ്പന്ന മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മക്ക് പോലും സോമാലിയയിലെ സ്വന്തം സഹോദരങ്ങളുടെ യാതനകള്‍ നേരാംവണ്ണം കാണാനായില്ല.
ചില മുസ്‌ലിം രാജ്യങ്ങള്‍ സോമാലിയയിലേക്ക് കാര്യമായി ശ്രദ്ധയൂന്നുകയുണ്ടായി. ഖത്തറിലെ വിവിധ ചാരിറ്റികള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ അയക്കുക മാത്രമല്ല, സകാത്തിന്റെ വലിയൊരു വിഹിതം സോമാലിയക്കാണ് അയച്ചത്. സുഊദി ഭരണാധികാരി നേരിട്ടാണ് സോമാലിയന്‍ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തത്. അതേസമയം പട്ടിണി പ്രദേശങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് സോമാലിയയെ കരകയറ്റുമെന്ന് പ്രഖ്യാപിച്ചത് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്. പത്‌നി അമീനയോടൊപ്പം അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. സോമാലിയയില്‍ തുര്‍ക്കി എംബസി തുറക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ജിബൂട്ടി, സുഡാന്‍, ലിബിയ, എത്യോപ്യ, ഏഷ്യന്‍ രാജ്യമായ യമന്‍ എന്നിവ മാത്രമേ സോമാലിയയില്‍ എംബസി തുറന്നിട്ടുള്ളൂ. അഞ്ചു ക്യാബിനറ്റ് അംഗങ്ങളും സോമാലിയന്‍ സന്ദര്‍ശനത്തില്‍ ഉര്‍ദുഗാനോടൊപ്പമുണ്ടായിരുന്നു. തുര്‍ക്കിയിലെ ജനങ്ങളില്‍നിന്ന് 115 മില്യന്‍ ഡോളര്‍ സ്വരൂപിച്ചിരുന്നു. അത് 200 മില്യന്‍ ഡോളറായി ഉയര്‍ത്താനാണ് നീക്കം.

വരള്‍ച്ചയും അല്‍ശബാബും
പട്ടിണിക്ക് മുഖ്യ കാരണം കിഴക്കന്‍ ആഫ്രിക്കയില്‍ തുടര്‍ന്നുവരുന്ന വരള്‍ച്ചയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോമാലിയ, എത്യോപ്യ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കാര്‍ഷിക രംഗം നാമാവശേഷമായതിനാല്‍ ഭക്ഷ്യോല്‍പാദനം, കാലി സമ്പത്ത് തുടങ്ങിയ സാമ്പത്തിക മേഖലകള്‍ വന്‍ തകര്‍ച്ചയിലാണ്. 1991-ല്‍ സിയാദ് ബരിയുടെ പതനത്തിനുശേഷം സോമാലിയയില്‍ ശരിയായൊരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രാജ്യത്തെ പകുത്തെടുത്തിരിക്കുകയാണ്. ഭരണകൂടം നിലനില്‍ക്കുന്നതിനാലാണ് കെനിയയെപ്പോലുള്ള രാജ്യങ്ങള്‍ പട്ടിണി മരണങ്ങളെ അതിജീവിച്ചത്. എന്നാല്‍, സോമാലിയയിലെ പട്ടിണിക്കു കാരണക്കാരായി പടിഞ്ഞാറന്‍ രാജ്യങ്ങളും യു.എന്‍ ഏജന്‍സികളും കുറ്റപ്പെടുത്തുന്നത് സായുധ പോരാളി സംഘടനയായ അല്‍ ശബാബിനെയാണ്. അല്‍ ശബാബിന്റെ പല നിലപാടുകളും എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായിരുന്നു. യു.എന്‍ ഭക്ഷ്യ വിതരണ പദ്ധതി പ്രകാരം സോമാലിയക്ക് നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി 2009-ല്‍ അവര്‍ നിരോധിച്ചു. തെക്കന്‍ സോമാലിയയിലെ പത്തു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിവരുന്ന പദ്ധതി 2010 മേയില്‍ യു.എന്‍ നിര്‍ത്തിവെക്കുകയുണ്ടായി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 48 പേര്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതും ലോക ഭക്ഷ്യപദ്ധതിയുടെ (ഡബ്ലിയു. എഫ്.പി) നാല് സ്റ്റാഫ് അംഗങ്ങളെ അല്‍ ശബാബുകാര്‍ വധിച്ചതും ഓഫീസ് ഉപകരണങ്ങള്‍ കൊള്ളയടിച്ചതും വനിതാ ജീവനക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതുമൊക്കെ പദ്ധതി നിര്‍ത്തിവെക്കാന്‍ യു.എന്‍ നിരത്തിയ കാരണങ്ങളാണ്. എന്നാല്‍ യു.എന്‍ ഉദ്യോഗസ്ഥരില്‍ ചിലരും പാശ്ചാത്യ ജീവകാരുണ്യ സംഘടനാ വളണ്ടിയര്‍മാരും സഹായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ക്രിസ്തീയ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് അല്‍ ശബാബ് ആരോപിക്കുന്നു. അതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ കാരണം.
പട്ടിണി ഭീകരതാണ്ഡവമാടിയ പ്രദേശങ്ങളായ ബകൂല്‍, ലോവര്‍ ശാബല്ല എന്നിവ അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ്. അല്‍ ശബാബിനെ ഭീകരസംഘടനയായി മുദ്രകുത്തിയതിനാല്‍ അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് അമേരിക്ക ഒരുവിധത്തിലുള്ള സഹായങ്ങളും നല്‍കുന്നില്ല. പട്ടിണി ബാധിച്ച ജനങ്ങളില്‍ 60 ശതമാനവും അല്‍ ശബാബിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് കഴിയുന്നതെന്ന് യു.എസ് എയിഡ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഡോണാള്‍ഡ് സ്റ്റെയിന്‍ബര്‍ഗ് ലണ്ടനില്‍ പത്രസമ്മേളത്തില്‍ പറയുകയുണ്ടായി. പട്ടിണി മരണങ്ങള്‍ തടയുന്നതിന് പാശ്ചാത്യ സഹായം സ്വീകരിക്കാമെന്ന് ശബാബിന്റെ ലോവര്‍ ശാബല്ലയിലെ നേതാക്കളായ മുഖ്താര്‍ അലി ഗാബോയും ശൈഖ് ഹസന്‍ ദാഹിറും പ്രഖ്യാപിച്ചത് സംഘടനക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായി ബന്ധം പുലര്‍ത്തുന്ന അല്‍ ശബാബിന്റെ മറ്റൊരു പ്രമുഖ നേതാവ് അഹ്മദ് അബ്ദി ഗോദാനെ ഇതിന് എതിരാണ്.
തങ്ങള്‍ അല്‍ഖാഇദയുമായി ബന്ധമുള്ളവരാണെന്ന അല്‍ ശബാബിന്റെ പരസ്യ പ്രഖ്യാപനം വന്നതോടെ ഭക്ഷ്യ വിതരണത്തിന് അനുവദിച്ച ഫണ്ടില്‍ പകുതിയും അമേരിക്ക തടയുകയും ഭക്ഷ്യ സഹായം അല്‍ ശബാബിനോ മറ്റു സായുധ സംഘടനകള്‍ക്കോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. സഹായധനം അല്‍ ശബാബിന്റെ കരങ്ങളില്‍ എത്തുന്നില്ലെന്ന് ഡബ്ലിയു.എഫ്.പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് യു.എസ് നേതൃത്വത്തെ അറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല. അതേസമയം അല്‍ ശബാബ് പണമുണ്ടാക്കുന്നത് മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സോമാലിയന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ അയിന്റെ പറയുന്നു. അവശ്യവസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ഫീസായി 4,000 മുതല്‍ 10,000 ഡോളര്‍ വരെ ആവശ്യപ്പെടുന്നതാണ് അതില്‍ പ്രധാനം. ബകാറ മാര്‍ക്കറ്റിലെ കടകളില്‍നിന്നും ടെലികോം കമ്പനികളില്‍നിന്നും പ്രതിമാസം നിശ്ചിത സംഖ്യയും  ഈടാക്കുന്നുണ്ട്. സോമാലിയയിലെ രണ്ടാമത്തെ വലിയ നഗരമായ കിസ്മായോ ഉള്‍പ്പെടെ പല തുറമുഖ നഗരങ്ങളുടെ നിയന്ത്രണം അല്‍ ശബാബിനാണ്.

ഫെയില്‍ഡ് സ്റ്റേറ്റ്
1960 ജൂലൈ ഒന്നിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒമ്പതു വര്‍ഷം മാത്രമാണ് ജനാധിപത്യാടിസ്ഥാനത്തിലുള്ള ഭരണക്രമം അനുഭവിക്കാന്‍ സോമാലിയക്ക് ഭാഗ്യമുണ്ടായത്. രണ്ടാം പ്രസിഡന്റായിരുന്ന അബ്ദുര്‍റശീദ് അലി ശര്‍മാര്‍കി 1969-ല്‍ വധിക്കപ്പെട്ടതോടെ രാജ്യത്തിന്റെ ദുരോഗ്യം തുടങ്ങി. സൈന്യം നടത്തിയ അട്ടിമറിയിലൂടെ അധികാരത്തിലേറിയ സിയാദ് ബരി രണ്ടു പതിറ്റാണ്ടിലേറെക്കാലം ഉരുക്കുമുഷ്ടിയാണ് പ്രയോഗിച്ചത്. സോവിയറ്റ് യൂനിയന്‍ അനുകൂലിയായ സിയാദ്, കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന്റെ മുഴുവന്‍ ദൂഷ്യങ്ങളും പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കുകയും പാര്‍ലമെന്റും സുപ്രീം കോടതിയും പിരിച്ചുവിടുകയും ചെയ്തു. ഭരണഘടന സസ്‌പെന്റ് ചെയ്തു. ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഗോത്ര വിഭാഗങ്ങളെ ദൂബ് കാസ് എന്ന പേരില്‍ പ്രത്യേക സേനയെ നിയോഗിച്ച് അടിച്ചമര്‍ത്താനുള്ള ബരിയുടെ നീക്കം വിജയിച്ചില്ല. 1986ല്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം 1991 ജനുവരി 26-ന് ബരിയെ താഴെയിറക്കുന്നതിലാണ് കലാശിച്ചത്. എന്നാല്‍ ബരിയെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള പ്രതിവിപ്ലവ നീക്കങ്ങളും ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളും രാജ്യത്തെ കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടു.
യു.എന്നിന്റെ മറവില്‍ സോമാലിയയില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ ആ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് പര്യവസാനിച്ചത്. അമേരിക്കന്‍ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വോയ്‌സ് ഓഫ് അമേരിക്ക സോമാലി വാര്‍ത്താ സര്‍വീസ് പോലും ആരംഭിച്ചു. എന്നാല്‍ '93-ലെ ബ്ലാക്ക് ഹോക്ക് സംഭവം അമേരിക്കന്‍ സൈനികരുടെ മനോവീര്യം കെടുത്തി. യുദ്ധ പ്രഭുക്കളിലൊരാളായ മുഹമ്മദ് ഫറാ ഐദീദിനെ അനുകൂലിക്കുന്ന മിലീഷ്യകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 യു.എസ് സൈനികരെ ജനം തെരുവിലൂടെ വലിച്ചിഴച്ച സംഭവം ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതിനു ശേഷമാണ് സോമാലിയയിലെ അധിനിവേശ മോഹം ബാക്കിയാക്കി അമേരിക്ക സ്ഥലംവിട്ടത്.
അരാജകത്വം നിലനിന്ന സോമാലിയയില്‍ അതിന് തെല്ലൊരു പരിഹാരമായത് ഐ.സി.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക് കോര്‍ട്‌സ് യൂനിയന്‍ (ഇത്തിഹാദുല്‍ മഹാകിമില്‍ ഇസ്‌ലാമിയ) ആണ്. ശരീഅഃ നിയമം അടിസ്ഥാനമാക്കി സിവില്‍, ക്രിമിനല്‍ പ്രശ്‌നങ്ങളില്‍ വിധി പറഞ്ഞിരുന്ന വിവിധ കോര്‍ട്ടുകള്‍ ക്രമേണ നിയമപാലക രംഗത്തും ശ്രദ്ധയൂന്നുകയും ഐക്യപ്പെടുകയും ചെയ്തു. അയല്‍ രാജ്യമായ എരിത്രിയയുടെ സഹായത്തോടെ  സോമാലിയയുടെ ഏതാണ്ട് വലിയൊരു ഭാഗത്തിന്റെയും നിയന്ത്രണം ഐ.സി.യു ഏറ്റെടുത്തു. ഏറെക്കാലം പ്രവര്‍ത്തനരഹിതമായിരുന്ന മൊഗാദീശു അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും തുറന്നത് 2006-ല്‍ ഇസ്‌ലാമിസ്റ്റ് ഭരണത്തിലാണ്. ഇസ്‌ലാമിസ്റ്റുകളുടെ രംഗപ്രവേശം ഇഷ്ടപ്പെടാതിരുന്ന മതേതരവാദികള്‍ നേതൃത്വം നല്‍കുന്ന മിലീഷ്യകള്‍ സമാധാന പുനഃസ്ഥാപനത്തിനും ഭീകരവാദത്തിനുമെതിരായ സഖ്യം (എ.ആര്‍.പി.സി.ടി) എന്ന പേരില്‍ സംഘടിക്കുകയും അമേരിക്കന്‍ ഭരണകൂടം വന്‍ സാമ്പത്തിക സഹായം നല്‍കി ഇവരെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ 2006 ജൂണില്‍ പ്രസ്തുത സഖ്യത്തെ പരാജയപ്പെടുത്തി തലസ്ഥാനമായ മൊഗാദീശുവിന്റെ പൂര്‍ണ നിയന്ത്രണം ഐ.സി.യു ഏറ്റെടുത്തു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ പിന്തുണയോടെ എത്യോപ്യന്‍ സൈന്യം സോമാലിയയില്‍ ഇടപെടുന്നത്. 2007-ല്‍ ഇസ്‌ലാമിസ്റ്റ് കേന്ദ്രങ്ങള്‍ക്കുനേരെ ബോംബു വര്‍ഷിച്ചതോടെ 1990-നു ശേഷമുള്ള രണ്ടാമത്തെ യു.എസ് ഇടപെടലിനും സോമാലിയ സാക്ഷ്യം വഹിച്ചു. ഇസ്‌ലാമിസ്റ്റുകളെ പുറത്താക്കുകയും 2004-ല്‍ കെനിയയില്‍ നിലവില്‍ വന്ന സോമാലിയന്‍ ട്രാന്‍സിഷനല്‍ സര്‍ക്കാറിന് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പിച്ചുകൊടുക്കുകയായിരുന്നു അമേരിക്കന്‍ എത്യോപ്യന്‍ ഇടപെടലിന്റെ ലക്ഷ്യം. ഏത്യോപ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ വിള്ളലുണ്ടാവുകയും അല്‍ ശബാബിനെപ്പോലുള്ള സംഘടനകള്‍ സര്‍ക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തു. 2008-ല്‍ എത്യോപ്യന്‍ സൈന്യത്തെ പുറത്താക്കുന്നതില്‍ അവര്‍ വിജയിച്ചു. അതിനിടെ ഐ.സി.യുവിന്റെ മുന്‍ കമാണ്ടര്‍ ശരീഫ് ശൈഖ് അഹ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍  ഗവണ്‍മെന്റുമായി സമാധാന കരാറിലെത്തി. 2009-ല്‍ സോമാലി പ്രസിഡന്റായി സ്ഥാനമേറ്റ ശരീഫ് ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. മതേതരവാദികളുമായി സന്ധി ചെയ്‌തെന്ന് ആരോപിച്ച് അല്‍ ശബാബും സമാന സംഘടനകളും ഗവണ്‍മെന്റിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ശരീഫാണ്. ഒന്നിലേറെ തവണ അദ്ദേഹം വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. മൊഗാദീശു നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിന്റെ വലിയൊരു ഭാഗം അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ്. ഇതിനകം മൂന്നായി വിഭജിക്കപ്പെട്ട സോമാലിയയുടെ ഭാവി പ്രവചനാതീതമാണ്. 1991-ലെ ബരി ഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്ന് സോമാലി നാഷ്‌നല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വലിയൊരു പ്രദേശം സോമാലി ലാന്റ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അംഗീകാരം ലഭിച്ചില്ലെങ്കിലും വിഘടിത രാജ്യത്തിന് സൈന്യവും വിവിധ രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധങ്ങളുമുണ്ട്. വടക്കു---കിഴക്കന്‍ സോമാലിയയിലെ ഗരോവേ, നുജാല്‍ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശം 1998-ല്‍ വേര്‍പെട്ട് 'പന്റ്‌ലാന്റ്' എന്ന പേരില്‍ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. സോമാലിയന്‍ ജനതയുടെ മൂന്നിലൊന്ന് ഇവിടെയാണ് വസിക്കുന്നത്.

വിഭവക്കൊള്ള
ധാതുക്കളും പ്രകൃതി വിഭവങ്ങളും നിറഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങളെ കൊള്ളയടിച്ച സാമ്രാജ്യത്വ ശക്തികള്‍ അവര്‍ക്ക് തിരിച്ചെന്ത് നല്‍കിയെന്ന് ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങളെ ഊറ്റിക്കുടിച്ചവര്‍ പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ പോലും താല്‍പര്യം കാണിക്കുന്നില്ല. മറ്റേത് ആഫ്രിക്കന്‍ രാജ്യത്തെയും വെല്ലുന്ന കടല്‍ സമ്പത്തുള്ള നാടാണ് സോമാലിയ. 3,000 കി.മീറ്റര്‍ നീണ്ടുനില്‍ക്കുന്ന കടല്‍ തീരം സോമാലിയയുടെ മാത്രം പ്രത്യേകതയാണ്. രാജ്യം ആഭ്യന്തര കലാപത്തില്‍ പതിക്കുകയും ഗവണ്‍മെന്റും നിയമപാലകരും ഇല്ലാതാവുകയും ചെയ്തതോടെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഭീമന്‍ കപ്പലുകള്‍ സോമാലിയന്‍ തീരങ്ങളില്‍ നിര്‍ബാധം പ്രവേശിച്ചു തുടങ്ങി. മത്സ്യ സമ്പത്ത് ഊറ്റിയെടുക്കുന്നതോടൊപ്പം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ഓടിക്കുകയും ചെയ്തു ഇവര്‍. വിഷ പദാര്‍ഥങ്ങളും മറ്റു മാലിന്യങ്ങളും ധാരാളമായി സോമാലിയന്‍ കടലില്‍ ഒഴുക്കിയിരുന്നതായി യു.എന്‍ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഒന്നര പതിറ്റാണ്ടോളം വിദേശ കടന്നുകയറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്നു കടല്‍ സമ്പത്ത്. വിദേശികളുടെ കൊള്ളക്കെതിരെ സംഘടിച്ച സോമാലിയന്‍ യുദ്ധപ്രഭുക്കള്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി കടല്‍ക്കൊള്ള നടത്തിയാണ് പകരം ചോദിക്കുന്നത്. കപ്പലുകള്‍ പിടികൂടുകയും വന്‍ സംഖ്യ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടക്കാലത്ത് വര്‍ധിച്ചുവരുന്നു. കടല്‍ക്കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സോമാലിയന്‍ തീരത്ത് ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ സമുദ്ര തീരത്തേക്കും വ്യാപിച്ചിരിക്കുകയാണ്. 2010-ല്‍ മാത്രം 238 മില്യന്‍ ഡോളര്‍ ഇവ്വിധം അവര്‍ കൈക്കലാക്കിയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ആഫ്രിക്കയിലെ പട്ടിണി പ്രകൃതിപരവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ മൂലമല്ല, മനുഷ്യ ഇടപെടലുകള്‍ കാരണമാണെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും ലോക ബാങ്ക് ഉപദേശകരിലൊരാളുമായ വൂള്‍ഫ്ഗാങ് ഫെംഗ്ലര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. പ്രാദേശിക വിപണികളുടെ നിയന്ത്രണം പിടിച്ചെടുക്കുന്ന സാമ്പത്തിക ശക്തികളാണ് കുതിച്ചുയരുന്ന ഭക്ഷ്യ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. മുതലാളിത്ത രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുമ്പോള്‍ ആഫ്രിക്ക പോലുള്ള മേഖലകളില്‍ തീവിലയാണ്. ചോളത്തിന് അമേരിക്കയിലും ജര്‍മനിയിലും നല്‍കുന്നതിന്റെ 60 മുതല്‍ 70 വരെ ഇരട്ടി വില ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിക്ക് എല്ലാവരും കാരണക്കാരാണെന്ന് ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് 58 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അല്‍ ശബാബും അകാരണമായി ജനങ്ങളെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്ന ഗവണ്‍മെന്റ് സൈനികരും സോമാലിയന്‍ പ്രശ്‌നത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടുന്ന രാജ്യങ്ങളും കൂട്ടുപ്രതികളാണ്.
സോമാലിയക്കുമേലുള്ള കറുത്ത മേഘപടലങ്ങള്‍ അല്‍പാല്‍പമായി നീങ്ങിത്തുടങ്ങിയത് ആശ്വാസകരമാണ്. അല്‍ ശബാബുകാര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ അന്താരാഷ്ട്ര ഭക്ഷ്യ സഹായ വിതരണത്തിനുള്ള വിലക്കുകള്‍ നീക്കിയതും മൊഗാദീശുവില്‍നിന്ന് ആഗസ്റ്റ് ആറിന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചതുമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് സോമാലിയന്‍ തലസ്ഥാനം ഒരൊറ്റ ഗവണ്‍മെന്റിന്റെ ഭരണത്തിലായത്. അല്‍ ശബാബ് നിയന്ത്രിത മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കുമേല്‍ പ്രഖ്യാപിച്ചിരുന്ന ഉപരോധ നടപടികള്‍ക്ക് തല്‍ക്കാലം ഇളവ് അനുവദിക്കാന്‍ അമേരിക്ക തീരുമാനിച്ചതാണ് മറ്റൊരു കാര്യം. പട്ടിണി വ്യാപകമായ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉപരോധം ഭയന്ന് പല സംഘടനകളും നിര്‍ത്തിവെച്ചിരുന്നു. അല്‍ ശബാബിനോടുള്ള ശത്രുതകള്‍ മാറ്റിവെച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധതിരിക്കാന്‍ ട്രാന്‍സിഷനല്‍ ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനിച്ചതും ശുഭോദര്‍ക്കമാണ്. ആയുധം താഴെവെക്കുന്ന അല്‍ ശബാബ് പോരാളികള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
'സോമാലിയന്‍ ജനത മൂന്നാം ലോകത്തെ വെറും പട്ടിണിപ്പാവങ്ങളായിരുന്നപ്പോള്‍ നാം അവര്‍ക്ക് നല്‍കിയത് തോക്കുകളായിരുന്നു. പട്ടിണിമൂലം അവര്‍ മരിച്ചുവീഴുമ്പോള്‍ സൈന്യത്തെയാണ് നാം അയച്ചുകൊടുത്തത്.'”അമേരിക്കന്‍ ഗ്രന്ഥകാരിയും എഴുത്തുകാരിയുമായി ബാര്‍ബറ എഹ്‌റെന്റിച്ചിന്റെ ഈ വരികളാണ് അക്ഷരാര്‍ഥത്തില്‍ സോമാലിയയില്‍ പുലരുന്നത്. വിദേശ ഇടപെടലുകളും ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍ ശബാബിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധി വര്‍ധിപ്പിക്കുകയേയുള്ളൂ. രണ്ടു പതിറ്റാണ്ട് നീണ്ട അരാജകത്വത്തില്‍നിന്നും ആഭ്യന്തര കലാപങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ശക്തമായ ഒരു സര്‍ക്കാറിനുകീഴില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ പട്ടിണി മരണങ്ങളുടെ ദീനരോദനങ്ങളില്‍നിന്ന് സോമാലിയക്ക് രക്ഷപ്പെടാം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം