Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

തര്‍ബിയത്തിനെ പറ്റി ചില വര്‍ത്തമാനങ്ങള്‍

അബ്ദുല്‍ ഹകീം നദ്‌വി

വ്യക്തിയുടെ ജീവിത സംസ്‌കരണവും ആത്മശുദ്ധീകരണവുമാണ് തര്‍ബിയത്ത് എന്ന പദം കൊണ്ട് പൊതുവെ അര്‍ഥമാക്കാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തസ്‌കിയത്ത് എന്ന പദമാണ് തര്‍ബിയത്തിന് പകരമായി ഉപയോഗിച്ചിട്ടുള്ളത്. നബിതിരുമേനിയുടെ നിയോഗ ദൗത്യം വിശദീകരിച്ച ഒന്നിലധികം ഇടങ്ങളില്‍ 'അവരെ തസ്‌കിയത്ത് ചെയ്യാനും' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. തസ്‌കിയത്ത് എന്ന പദത്തിന് പകരമായാണ് തര്‍ബിയത്ത് എന്ന പദം പൊതുവെ നാം ഉപയോഗിക്കാറുള്ളത്. തസ്‌കിയത്തിനേക്കാള്‍ അര്‍ഥ വിശാലതയുണ്ട് തര്‍ബിയത്തിന് എന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊതുവെ ഉപയോഗിച്ച് വരുന്നത്. തസ്‌കിയത്ത് ആത്മീയവും മാനസികവുമായ സംസ്‌കരണവും വളര്‍ച്ചയുമാണെങ്കില്‍, തര്‍ബിയത്ത് അതോടൊപ്പം മറ്റു കഴിവുകളും യോഗ്യതകളും നേടിയെടുത്ത് ഇസ്‌ലാമിന്റെ പൂര്‍ണതയില്‍ ഒരു മനുഷ്യനെ വാര്‍ത്തെടുക്കുന്നതിന്റെ പേരാണ്. അഥവാ തസ്‌കിയത്തിന് വ്യക്തി കേന്ദ്രീകൃത ലക്ഷ്യം മാത്രമാണുള്ളതെങ്കില്‍ തര്‍ബിയത്തിന് എല്ലാ നിലക്കും യോഗ്യതയുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതി കൂടി ലക്ഷ്യമാവുന്നുണ്ട്.
ഒരു വിശ്വാസിയുടെ പരമമായ ലക്ഷ്യം സ്വര്‍ഗം നേടുകയും പരലോക മോക്ഷം ഉറപ്പ് വരുത്തുകയുമാണ്. സ്വര്‍ഗലബ്ധി വ്യക്തി കേന്ദ്രീകൃതമായ ലക്ഷ്യമാണ്. എന്റെ സ്വര്‍ഗം ഉറപ്പ് വരുത്തേണ്ടത് ഞാന്‍ മാത്രമാണ്. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വഴികളും പലര്‍ക്കും ചൂണ്ടിക്കാണിക്കാനാകുമെങ്കിലും അവര്‍ക്കൊന്നും എന്റെ സ്വര്‍ഗം ഉറപ്പ് വരുത്താനാകില്ല. ഒരു വ്യക്തി സ്വയം തീരുമാനിക്കുകയും അധ്വാനിക്കുകയും ചെയ്താലാണ് പ്രസ്തുത ലക്ഷ്യം നേടാനാവുക. മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ അതായിരിക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇതിന് നല്‍കുന്ന പ്രാധാന്യം പ്രത്യേക പരാമര്‍ശമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കുന്ന വാഗ്ദാനമാണല്ലോ സ്വര്‍ഗവും പാപമോചനവും. ''അല്ലാഹു വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗപൂങ്കാവനം വാഗ്ദാനം നല്‍കുന്നു. അതില്‍ അവര്‍ നിത്യവാസികളായിരിക്കും. ആ ശാശ്വത സ്വര്‍ഗത്തില്‍ അവര്‍ക്ക് വേണ്ടി പവിത്രവസതികളുമുണ്ടായിരിക്കും. ദൈവപ്രീതിയാകട്ടെ അതിനേക്കാളെല്ലാം വലുതുമാണല്ലോ. അത് ഉന്നതമായ വിജയമാണ്''(അത്തൗബ 72). അല്ലാഹുവിന്റെ സ്വര്‍ഗം അവന്റെ അനുഗ്രഹങ്ങളുടെ കലവറയാണ്. അതിലേക്ക് പ്രവേശിക്കുക എന്നത് അവന്റെ അടിമകളുടെ അടങ്ങാത്ത ആഗ്രഹവുമായിരിക്കണം. അല്ലാഹു പറയുന്നു: ''നിങ്ങളുടെ റബ്ബില്‍ നിന്നുള്ള മഗ്ഫിറത്തിലേക്കും പ്രപഞ്ചത്തേക്കാള്‍ വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ വേഗത്തില്‍ ഓടിയടുക്കുക, അവനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക് വേണ്ടി തയാര്‍ ചെയ്തിട്ടുള്ളതാണത്'' (ആലു ഇംറാന്‍ 133).
തര്‍ബിയത്ത് നേടിയെടുക്കുക എന്നതിന്റെ ഒന്നാമത്തെ ലക്ഷ്യം ഇത് തന്നെയാണ്. ഇതിന് നമുക്ക് തസ്‌കിയത്ത് എന്നും പറയാം. എന്നാല്‍, സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം തര്‍ബിയത്ത് കൊണ്ട് ലക്ഷ്യമാക്കുന്നത് (ലക്ഷ്യമാക്കേണ്ടത്) ഇത് മാത്രമല്ല. സാമൂഹിക പരിവര്‍ത്തനം സാധ്യമാകും വിധം എല്ലാവിധ കഴിവുകളും ആര്‍ജിച്ചെടുക്കുക എന്നത് കൂടിയായിരിക്കും. അല്ലാഹു വിശ്വാസികള്‍ക്ക് സ്വര്‍ഗം മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്. മറിച്ച്, സത്യവും ധര്‍മവും നീതിയും പുലരുന്ന ഒരു പുതുലോകം കൂടിയാണ്. ''നിങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കും സല്‍കര്‍മികള്‍ക്കും അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അവരുടെ മുന്‍ഗാമികള്‍ക്ക് ഭൂമിയുടെ പ്രാതിനിധ്യം നല്‍കിയത് പ്രകാരം ഇവര്‍ക്കും നല്‍കുന്നതാണ്. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ട് നല്‍കിയ അവരുടെ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ച് നല്‍കുന്നതുമാകുന്നു. നിലവിലനുഭവിക്കുന്ന അരക്ഷിതാവസ്ഥകള്‍ മാറ്റി പകരം സുരക്ഷിതത്വം നല്‍കുന്നതുമാകുന്നു''(അന്നൂര്‍ 55). ഈ വാഗ്ദാനം പുലരുന്നത് ഏതെങ്കിലും അഭൗതികമായ മാര്‍ഗേണ അല്ലാഹുവിന്റെ ഇടപെടലുകളിലൂടെയല്ല. മറിച്ച്, കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കേണ്ട ഒരു പ്രക്രിയയാണിത്.
അല്ലാഹുവിന്റെ പ്രാതിനിധ്യം നിര്‍വഹിക്കാന്‍ തയാറുള്ള ഒരു സംഘത്തിലൂടെയാണത് സാധ്യമാവുക. ഭൂമിയില്‍ ദൈവിക പ്രാതിനിധ്യം പൂര്‍ത്തീകരിക്കപ്പെടുന്നത് അത് അല്ലാഹുവിന്റെ വ്യവസ്ഥയാല്‍ നിയന്ത്രിക്കപ്പെടുമ്പോഴാണ്. മനുഷ്യസൃഷ്ടിപ്പ് നടത്താന്‍ തീരുമാനിച്ച അല്ലാഹു അതുമായി ബന്ധപ്പെട്ട് മലക്കുകളുമായി സംവദിക്കുന്നത് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ടല്ലോ. ''നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം ഞാന്‍ ഭൂമിയില്‍ പ്രതിനിധിയെ വെക്കുന്നു. അവര്‍ പറഞ്ഞു: രക്തമൊഴുക്കുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒരു സംഘത്തെ ഭൂമിയില്‍ നിയോഗിക്കുകയോ? ഞങ്ങള്‍ നിന്നെ വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരിക്കെ. അല്ലാഹു പറഞ്ഞു: നിശ്ചയം ഞാന്‍ നിങ്ങളറിയാത്ത പലതും അറിയുന്നു'' (അല്‍ബഖറ 30).
ഭൂമിയില്‍ മനുഷ്യര്‍ എന്ന പേരില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് എന്തിന് വേണ്ടിയാണെന്നതിന്റെ രഹസ്യവും അവരെ ഏല്‍പ്പിക്കാനിരിക്കുന്ന ചുമതലയുടെ ഭാരവും അത് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആവശ്യമായ കാര്യങ്ങളും നിങ്ങള്‍ ഊഹിക്കുന്നത് പോലെ അത്ര ലളിതവും നിസാരവുമല്ലെന്നും അതിനെക്കുറിച്ച ശരിയായ വിവരം നിങ്ങളുടെ പക്കലില്ലെന്നും അവരെ ഉണര്‍ത്തുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ. അവരുടെ ചോദ്യത്തിന് അല്ലാഹു നല്‍കുന്ന മറുപടിയില്‍ തസ്ബീഹും തഹ്‌ലീലും മാത്രം മതിയായ ഒരു പണിയല്ല അവരെ ഏല്‍പ്പിക്കാന്‍ പോകുന്നത് എന്ന ഒരു ധ്വനികൂടിയുണ്ടല്ലോ. ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് മാത്രമാണ് ഇത് നിര്‍വഹിക്കാനാവുക എന്നും അതിനുള്ള യോഗ്യതകള്‍ നേടിയെടുക്കാവുന്ന പ്രകൃതമല്ല നിങ്ങള്‍ക്കുള്ളതെന്നും അതിനനുയോജ്യമായ മൂശയിലാണ് മനുഷ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ പോകുന്നതെന്നും അവരെ ഉണര്‍ത്തുന്നുമുണ്ട് അല്ലാഹു ഈ സൂക്തത്തില്‍.
ഈ ഉത്തരവാദിത്ത്വം പൂര്‍ത്തീകരിക്കാനും നടപ്പിലാക്കാനുമുള്ള കഴിവും യോഗ്യതയും ഇല്ലാതെ അതേറ്റെടുക്കുന്നത് പമ്പര വിഡ്ഢിത്തവും വലിയ അക്രമവുമാണെന്ന് അല്ലാഹു മറ്റൊരിടത്ത് സൂചിപ്പിക്കുന്നുണ്ട്. ''നിശ്ചയം നാം ഈ അമാനത്ത് ആകാശ ഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ സമര്‍പ്പിച്ചു. അതേറ്റെടുക്കാന്‍ അവയെല്ലാം വിസമ്മതിച്ചു. എന്നല്ല, അവ അതിനെ ഭയക്കുകയായിരുന്നു. മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ മഹാ അക്രമിയും പമ്പര വിഡ്ഢിയുമാകുന്നു'' (അല്‍അഹ്‌സാബ് 72). ഏറെ ഗൗരവമര്‍ഹിക്കുന്ന ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും മുമ്പോട്ട് കൊണ്ടു പോകാനും കഴിവും യോഗ്യതയുമില്ലാതെ അതേറ്റെടുക്കാന്‍ പോകുന്ന വ്യക്തിയെ കുറിച്ചും സംഘങ്ങളെ കുറിച്ചുമാണ് അല്ലാഹു ഇപ്രകാരം പറയുന്നത്. ചുരുക്കത്തില്‍, തര്‍ബിയത്തിന് രണ്ട് മുഖങ്ങളുണ്ടായിരിക്കണം. ഒന്ന്, സ്വര്‍ഗലബ്ധിയും പരലോക മോക്ഷവും സാധ്യമാകുക. രണ്ട്, ഖലീഫതുല്ലാഹ്(ദൈവപ്രതിനിധി) എന്ന പദവിയോട് നീതിപുലര്‍ത്തുകയും തന്നിലര്‍പ്പിതമായ ഉത്തരവാദിത്വത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അത് നിര്‍വഹിക്കാനുള്ള എല്ലാവിധ യോഗ്യതകളും നേടിയെടുക്കുകയും ചെയ്യുക. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഈ രണ്ട് മുഖങ്ങളും വളരെ പ്രസക്തവും പ്രഥമഗണനീയവുമാവണം.
ദൈവിക പ്രാതിനിധ്യം നിര്‍വഹിക്കുന്നതും ഭൂമിയില്‍ അല്ലാഹുവിന്റെ വ്യവസ്ഥ നിലവില്‍ വരുന്നതും പരസ്പരബന്ധിതമായാണ്. ധാര്‍മികവും ഭൗതികവുമായ കഴിവുകളും യോഗ്യതകളും സമ്മേളിക്കുന്ന ഒരു സംഘത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. ഒരു ഇസ്‌ലാമിക പ്രസ്ഥാനം ഈ രണ്ട് വശങ്ങള്‍ക്കും തുല്യപരിഗണനയോ സന്തുലിതമായ പരിഗണനയോ നല്‍കേണ്ടതുണ്ട്. ഭൂമിയില്‍ അതിന്റെ നിയന്ത്രണവും അധികാരവും നല്‍കുന്നത് സംബന്ധിച്ച് അല്ലാഹു പറയുന്നതിപ്രകാരമാണ്: ''നിശ്ചയം, ഭൂമിയുടെ അവകാശം യോഗ്യതയുള്ള(സ്വാലിഹൂന്‍) എന്റെ അടിമകള്‍ക്കുള്ളതാണ്'' (അല്‍ അമ്പിയാഅ് 105). 'സ്വാലിഹ്' എന്ന പദം സ്വലാഹിയത്തും സ്വാലിഹിയ്യത്തും ഉള്‍ച്ചേര്‍ന്നതാണ്. സ്വലാഹിയത്ത് ഒരു കാര്യം കൊണ്ട് നടക്കാനുള്ള ഭൗതികമായ യോഗ്യതയാണെങ്കില്‍ സ്വാലിഹിയത്ത് അതിനുള്ള ധാര്‍മികമായ കഴിവാണ്. ഇത് രണ്ടും സമ്മേളിക്കുന്ന ഒരു സംഘം നിലവിലുണ്ടെങ്കില്‍ അല്ലാഹു അവരെയാണ് ഭൂമിയുടെ അനന്തരാവകാശം ഏല്‍പ്പിച്ച് കൊടുക്കുക.
ഒരു സംഘത്തിന് ധാര്‍മികമായ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയാലും കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാനുള്ള ഭൗതിക യോഗ്യതകളൊന്നുമില്ലെങ്കില്‍ അവരുടെ കൈകളില്‍ ഈ വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച് കൊടുക്കുന്നത് വിഡ്ഢിത്തമാണ്. ഈ വിഡ്ഢിത്തം അല്ലാഹുവിന്റെ ഭാഗത്ത് നിന്നു ഒരിക്കലും സംഭവിക്കില്ലല്ലോ. ഒരാള്‍ക്ക് വാഹനമോടിക്കാന്‍ അറിയില്ല. പക്ഷേ, അയാള്‍ക്ക് വാഹനത്തില്‍ കയറിയാല്‍ ചൊല്ലേണ്ട പ്രാര്‍ഥന നന്നായറിയാം. അത് കണിശമായി പാലിക്കുന്ന വ്യക്തിയുമാണദ്ദേഹം. അതിന്റെ പേരില്‍ മാത്രം അയാളെ വാഹനമോടിക്കാന്‍ ഏല്‍പിച്ചാല്‍ എന്താണോ സംഭവിക്കുക അത് തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ അബദ്ധമാണ് ഇവിടെയും സംഭവിക്കുക.
ഇനി ഇതിന്റെ മറുവശം കൂടി പരിശോധിക്കാം. അഥവാ, ഒരു സംഘത്തിന് ധാര്‍മികമായ വലിയ യോഗ്യതകളൊന്നും അവകാശപ്പെടാനില്ല. എന്നാല്‍, കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാനുള്ള മാനവിക യോഗ്യതകളും ഭൗതിക കാഴ്ചപ്പാടുകളും ആവശ്യത്തിന് ഉണ്ടുതാനും. മറു വശത്ത് നല്ല ധാര്‍മികതയും ആദര്‍ശബോധവുമുള്ള, ഭൗതിക യോഗ്യതകളൊന്നുമില്ലാത്ത ഒരു സംഘവുമുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ തീര്‍ച്ചയായും അല്ലാഹു ആദ്യ വിഭാഗത്തിന്റെ കൈകളിലാണ് ഭൂമിയുടെ അധികാരം ഏല്‍പ്പിച്ച് കൊടുക്കുക. സയ്യിദ് മൗദൂദി 'പ്രസ്ഥാനവും പ്രവര്‍ത്തകരും' എന്ന പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''ഇസ്‌ലാമിക മൂല്യങ്ങളെ മാനവിക മൂല്യങ്ങള്‍ കൊണ്ട് അലംകൃതമാക്കുകയും പിന്നീട് ഭൗതികോപാധികളും വിഭവങ്ങളും നന്നായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംഘം ലോകത്ത് നിലവിലില്ലെങ്കില്‍, ലോകത്തിന്റെ അധികാരവും നേതൃത്വവും ഇസ്‌ലാമിക മൂല്യങ്ങളില്ലെങ്കിലും അടിസ്ഥാന മാനവിക യോഗ്യതകളിലും ഭൗതികോപാധികളിലും മികച്ച് നില്‍ക്കുന്ന വിഭാഗത്തിനായിരിക്കും എന്നതും അല്ലാഹുവിന്റെ നടപടി ക്രമങ്ങളുടെ ഭാഗമാണ്. എന്തുകൊണ്ടെന്നാല്‍ ഏതവസ്ഥയിലും തന്റെ ലോകത്ത് ഏതെങ്കിലും തരത്തിലുള്ള ക്രമവും വ്യവസ്ഥയും ഉണ്ടാകണമെന്നത് അല്ലാഹുവിന്റെ നിശ്ചയമാകുന്നു. അതിനാല്‍ അതിലേറ്റവും അര്‍ഹരും യോഗ്യരുമായ ആളുകള്‍ക്കേ അല്ലാഹു അതേല്‍പിച്ച് കൊടുക്കുകയുള്ളൂ' (പേജ്: 33).
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തുടങ്ങി വെച്ച മണ്ണൊരുക്കലിന്റെ ഭാഗമായി രൂപപ്പെട്ട പുതിയ സംഭവ വികാസങ്ങളെ ഇസ്‌ലാമികമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച ആലോചനകള്‍ ചെന്നുടക്കി നില്‍ക്കുന്നത് എത്രമാത്രം ഭംഗിയായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നമുക്കാകും എന്നേടത്താണ്. പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും ആര്‍ജവത്തോടെ മുമ്പോട്ട് പോകാനുമായാല്‍ വലിയ മാറ്റങ്ങള്‍ ലോകതലത്തില്‍ ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. പൊതുസമൂഹത്തിന് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ഏല്‍പിച്ച് തരാന്‍ മാത്രം നാം വളര്‍ന്നിട്ടുണ്ടോ എന്ന ആലോചന ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. പ്രസ്ഥാനത്തില്‍ അണിനിരന്ന പ്രവര്‍ത്തകര്‍ക്കും അതിന്റെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധാര്‍മികമായ കരുത്തും വളര്‍ച്ചയും ഉറപ്പ് വരുത്തുന്നതോടൊപ്പം പുതിയ ലോകസാഹചര്യങ്ങളെ നേരിട്ട് മുട്ട് വിറക്കാതെ മുമ്പോട്ട് പോകാനുള്ള കരുത്തും യോഗ്യതയും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് കൂടി പ്രസ്ഥാന നേതൃത്വം ബാധ്യതയായി ഏറ്റെടുക്കണം.
പ്രതീക്ഷകള്‍ നല്‍കുന്ന ഒരുപാട് നല്ല വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. തുനീഷ്യയിലും ഈജിപ്തിലും അവസാനിക്കാത്ത മുല്ലപ്പൂ വിപ്ലവം പലയിടങ്ങളിലേക്കും പടര്‍ന്ന് കൊണ്ടിരിക്കുന്നു. മറുവശത്ത് തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃപാടവവും ദാവൂദ് ഒഗ്‌ലുവിന്റെ ധിഷണാ പാടവവും അബ്ദുല്ലാ ഗുലിന്റെ വ്യക്തിപ്രഭാവവും എ.കെ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റിയിരിക്കുന്നു. ബാങ്ക് വിളി അറബിയിലേക്ക് മാറ്റിയതിന്റെ പേരില്‍ അദ്‌നാന്‍ മെന്ദരീസ് എന്ന മുന്‍ പ്രധാനമന്ത്രിയെ തൂക്കിക്കൊന്ന, ഇസ്‌ലാമിക ഖിലാഫത്തിന്റെ ഖബറടക്കം നടത്തിയ അതേ തുര്‍ക്കിയില്‍ നിന്ന് തന്നെ ഇസ്‌ലാമിക നവജാഗരണത്തിന്റെ പുതിയ പ്രഭ ലോകത്താകെ ചൊരിയുമ്പോള്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കായാല്‍ അത് തന്നെയായിയിരിക്കും യഥാര്‍ഥ വിജയത്തിന്റെ തുടക്കം.
 

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം