വിട വാങ്ങിയത് സെക്യുലര്‍ ഇന്ത്യയുടെ മികച്ച ചരിത്രകാരന്‍
പ്രാചീന ഇന്ത്യന്‍ ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകള്‍ അനാവരണം ചെയ്യുന്നതിലൂടെയാണ് രാം ശരണ്‍ ശര്‍മ (ആര്‍.എസ് ശര്‍മ) രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയത്. അഗാധ പാണ്ഡിത്യവും നിലപാടുകളിലെ തീക്ഷ്ണതയുമായിരുന്നു ഈ പ്രമുഖ ചരിത്രകാരന്റെ കാതല്‍. വസ്തുതകളോടുള്ള അഭിനിവേശവും ശാസ്ത്രീയ വ്യാഖ്യാന രീതിയും അദ്ദേഹം മുറുകെ പിടിച്ചു. പറ്റ്‌നയില്‍ കഴിഞ്ഞ ദിവസം 91-ാം വയസ്സിലായിരുന്നു അന്ത്യം. വിട വാങ്ങിയത് രാജ്യം കണ്ട ഏറ്റവും മൗലിക ചിന്തയുള്ള വലിയൊരു ചരിത്രകരന്‍.
സ്വന്തം നിലക്കുള്ള ഗവേഷണ സപര്യയിലൂടെയും നീണ്ട കാലത്തെ അധ്യാപനത്തിലൂടെയും അദ്ദേഹം തലമുറകള്‍ക്ക് ചരിത്രത്തിന്റെ നേര്‍ദിശ കാണിച്ചു കൊടുത്തു. ലഭ്യമായ വസ്തുതകള്‍ കൃത്യമായ സാമൂഹിക ബോധത്തോടെ അവതരിപ്പിക്കണമെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. പ്രാന്തവത്കൃത വിഭാഗങ്ങളുടെ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ശര്‍മ പ്രത്യേക ഉത്സാഹം കാണിച്ചു. പ്രാചീന ഇന്ത്യയിലെ ശൂദ്ര സമൂഹത്തെ കുറിച്ചും മറ്റും ശര്‍മ നടത്തിയ പഠനങ്ങള്‍ ഇതിന്റെ തെളിവ്.
ജാതി, വര്‍ഗീയത, ഫ്യൂഡലിസം ഉള്‍പ്പെടെ എല്ലാ കാലിക വിഷയങ്ങളെ കുറിച്ചും തുറന്ന സംവാദങ്ങള്‍ക്ക് ഏതു വേദിയിലും ശര്‍മ എത്തി. വസ്തുതകളുടെ ബലത്തില്‍ നിലപാടുകള്‍ പങ്കുവെച്ചു. പ്രാചീന ഇന്ത്യയിലെ ജാതി ഘടനയെ കുറിച്ചും ഇന്ത്യയില്‍ ഫ്യൂഡലിസവും വര്‍ഗീയതയും വേരോട്ടം സ്ഥാപിച്ചതിന്റെയും നാള്‍വഴികളെ കുറിച്ച് വ്യക്തമായ ബോധ്യം ശര്‍മക്കുണ്ടായിരുന്നു.
അയോധ്യയില്‍ ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹം ഒളിച്ചു കടത്തിയതു മുതല്‍ രാജ്യത്തെ ഹിന്ദുത്വ വര്‍ഗീയതയുടെ ആസൂത്രിത നീക്കങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന ചരിത്രകാരന്‍ കൂടിയായിരുന്നു ശര്‍മ. ഇരകളായ മുസ്‌ലിംകള്‍ പോലും ഇതേക്കുറിച്ച് തുടക്കത്തില്‍ അത്ര ബോധവാന്മാരായിരുന്നില്ല. 1958-ല്‍ അലീഗഢില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് താന്‍ ശര്‍മയെ ആദ്യമായി കാണുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ് സാക്ഷ്യപ്പെടുത്തുന്നു. അയോധ്യാ മൂവ്‌മെന്റിന്റെ ഭാവി അപകട സാധ്യത ശര്‍മ അന്നു പങ്കുവെച്ചതായി ഇര്‍ഫാന്‍ ഹബീബ് പറയുന്നു. സെക്യുലര്‍ ഘടനയോടുള്ള പ്രതിബദ്ധതക്കൊപ്പം ചരിത്രവസ്തുതകളില്‍ മായം ചേര്‍ക്കാനുള്ള ഹിന്ദുത്വ വര്‍ഗീയതയുടെ കുടില നീക്കങ്ങളെയും തടയണമെന്ന് ശര്‍മ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. വെറും കാഴ്ചക്കാരനായി നോക്കി നില്‍ക്കാന്‍ അദ്ദേഹം തയാറായതുമില്ല. ആധികാരിക രേഖകളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ ഹിന്ദുത്വത്തിന്റെ അസംബന്ധ ചരിത്രങ്ങളെ തുറന്നെതിര്‍ക്കുന്ന രചനകള്‍ നടത്തി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ക്ഷുഭിത ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ സെക്യുലര്‍ ലോകത്തിന് ബലം നല്‍കിയതും ആ രചനകളാണ്.
1986 മുതല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ ബാബരി മസ്ജിദിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ശര്‍മ വാദിച്ചു കൊണ്ടിരുന്നു. അയോധ്യയില്‍ ഹൈന്ദവ ക്ഷേത്രം തകര്‍ത്താണോ ബാബ്‌രി മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ ഖനനം നടത്തണമെന്ന വാദത്തിന്റെ അസംബന്ധത്തെ ആദ്യം തുറന്നെതിര്‍ത്തതും ശര്‍മ തന്നെ. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കൈയടക്കാന്‍ കാവി ചരിത്രകാരന്മാരുടെ നീക്കങ്ങളുണ്ടായപ്പോള്‍ മതേതര ചേരിയുടെ കരുത്ത് പ്രകടിപ്പിക്കാന്‍ ശര്‍മ മുന്നില്‍ നിന്നു. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പഠനങ്ങളെ നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് 'വിശ്വാസമാണ് എല്ലാറ്റിനും മുകളില്‍' എന്ന വാദത്തിലൂടെ ഉള്‍വലിയാന്‍ മറുപക്ഷം നിര്‍ബന്ധിതമായത്.
1977-ല്‍ ശര്‍മ തയാറാക്കിയ പ്രാചീന ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച പുസ്തകങ്ങള്‍ ഇന്നും ആധികാരിക രേഖ തന്നെ. 11,12 ക്ലാസുകളിലേക്കുള്ള ഈ പുസ്തകങ്ങള്‍ നിരോധിക്കാന്‍ അടിയന്തരാവസ്ഥാനന്തര സര്‍ക്കാറിന്റെ ഭാഗമായ ജനസംഘ് ശ്രമിച്ചതാണ്. പ്രാചീന ഭാരതീയര്‍ പോത്തിറച്ചി വ്യാപകമായി കഴിച്ചിരുന്നുവെന്ന ചരിത്ര വസ്തുതയാണ് കാവിസംഘത്തെ വിറളി പിടിപ്പിച്ചത്. തൊണ്ണൂറുകളില്‍ ബി.ജെ.പി സര്‍ക്കാറുകള്‍ക്കു കീഴില്‍ പാഠ പുസ്തകങ്ങളിലെ വര്‍ഗീയവത്കരണം ആരംഭിച്ചപ്പോള്‍ ആദ്യം അവര്‍ നീക്കം ചെയ്തത് ശര്‍മയുടെ രചനകളായിരുന്നു.
1919 നവംബര്‍ 26-ന് ബീഹാറിലായിരുന്നു ജനനം. ദല്‍ഹി, ടൊറോണ്ടോ സര്‍വകലാശാലകളില്‍ അധ്യാപകന്‍. 1975-ല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ്. 15 ഭാഷകളിലായി നൂറിലേറെ പുസ്തകങ്ങള്‍.
Comments