Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ഭാവനയും സാമൂഹിക പരിവര്‍ത്തനവും

ശിഹാബുദ്ദീന്‍ ആരാമ്പ്രം



അകമേ പരിണാമം വരുത്തി, സ്വാസ്ഥ്യം നരര്‍-
ക്കരുളാന്‍ കവിതപോല്‍ മറ്റുണ്ടോ ശുശ്രൂഷിക1
-വൈലോപ്പിള്ളി ശ്രീധരമേനോന്‍

അനുഭവങ്ങളും അനുഭൂതികളും സംക്രമിപ്പിക്കുന്ന മാധ്യമമാണ് കല. ചിത്രം, ശില്‍പം, സംഗീതം, സാഹിത്യം എന്നിങ്ങനെ കലാരൂപങ്ങളെല്ലാം ഭാവനയുടെയും ചിന്തയുടെയും പരിഛേദമാണ്. കഥ, കവിത, നോവല്‍, നാടകം, സിനിമ എന്നിവയിലെ കഥാപാത്രങ്ങളുടെ വിചാരവികാരങ്ങളിലൂടെ അനുവാചകര്‍ സമൂഹജീവിതത്തെ കണ്ടെത്തുന്നു. ഉപദേശ നിര്‍ദേശങ്ങളോ വിധിവിലക്കുകളോ അല്ല സര്‍ഗാത്മക രചനകളുടെ കാതല്‍; പച്ചയായ ജീവിത ചിത്രീകരണമാണ്. പുതിയ മനുഷ്യനാവാനുള്ള പ്രചോദനം അവ ഉണര്‍ത്തുന്നു. സാഹിത്യത്തിന്റെ ഈ സവിശേഷതയെ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൗത്യത്തിന് സമാനമായാണ് എം.പി പോള്‍ കാണുന്നത്. കാരണം, അവയെല്ലാം മനുഷ്യന്റെ അഭ്യുന്നതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കല, ശാസ്ത്രം, സാമുദായികവും രാഷ്ട്രീയവുമായ സംഘടനകള്‍ എന്നിവയെല്ലാം വെവ്വേറെ മണ്ഡലങ്ങള്‍ സങ്കല്‍പിക്കുകയും ഓരോന്നിന്റെയും നിയമാവലികളില്‍ നിന്ന് മനുഷ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ്. അവയുടെയെല്ലാം ഉദ്ദേശ്യം മനുഷ്യപുരോഗതി മാത്രമാണെന്നും മറിച്ച് വിചാരിക്കുന്നത് തലമറന്ന് എണ്ണ തേക്കുന്നതിന് സമാനമാണെന്നും എം.പി പോള്‍ ചൂണ്ടിക്കാട്ടുന്നു.2

സാഹിത്യ സിദ്ധാന്തങ്ങള്‍
സാഹിത്യത്തിന്റെയും കലയുടെയും ഭാഗമായി നിരവധി സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്. 'കലയുടെ ലക്ഷ്യമെന്ത്?' എന്ന ചിന്തയില്‍ നിന്നാണ് എല്ലാ സാഹിത്യ പ്രസ്ഥാനങ്ങളുടെയും ഉത്ഭവം. സൗന്ദര്യ ശാസ്ത്രജ്ഞനായ ബോംഗാര്‍ട്ടന്റെ (1714-1762) അഭിപ്രായത്തില്‍ കലയുടെ ലക്ഷ്യം സൗന്ദര്യമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ആനന്ദം പകരുകയാണ് കലാസൃഷ്ടിയുടെ ഉദ്ദേശ്യം. ആ ചിന്തയാണ് പില്‍ക്കാലത്ത് കല കലക്ക് വേണ്ടി എന്ന സിദ്ധാന്തമായി മാറിയത്. എന്നാല്‍ ബോംഗാര്‍ട്ടന്റെ സമകാലികനും കലാ സിദ്ധാന്ത വിശാരദനുമായ സള്‍സറി(1720-1777)ന്റെ വീക്ഷണത്തില്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനം നന്മയാണ്. മനോവികാരങ്ങളെ നന്മയിലേക്കും ഉണ്മയിലേക്കും എത്തിക്കുന്ന പാതയാണ് ഉത്തമ കല. ആ ചിന്തയില്‍ നിന്ന് ഉത്ഭവിച്ചതാണ് 'കല ജീവിതത്തിന് വേണ്ടി' എന്ന തത്ത്വം. ഈ രണ്ട് ചിന്താരീതികളും ഏറിയോ കുറഞ്ഞോ പുരാതന കാലം മുതല്‍ക്കേ നിലനിന്നിരുന്നതായി വേണം കരുതാന്‍. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കൃതികളില്‍ പോലും അവ സ്ഥാനം പിടിച്ചിട്ടുണ്ട്. എങ്കിലും സൗന്ദര്യ ശാസ്ത്രത്തിന്റെ പിതാവായി ലിയോ ടോള്‍സ്റ്റോയ് വിശേഷിപ്പിച്ച3 ബോംഗാര്‍ട്ടന്റെ കാലം മുതല്‍ ഇന്നേവരെയുള്ള വിവിധ കലാസിദ്ധാന്തങ്ങളും സാഹിത്യ കൃതികളും പരിശോധിച്ചാല്‍ ഈ രണ്ട് വീക്ഷണങ്ങളും എഴുത്തുകാര്‍ക്കിടയില്‍ സജീവമാണെന്ന് കാണാം.
രണ്ട് സിദ്ധാന്തങ്ങളും വ്യതിരിക്തത പുലര്‍ത്തുന്ന പ്രധാന ബിന്ദു സാഹിത്യത്തിലെ ആശയപ്രചാരണമാണ്. സാഹിത്യത്തില്‍ ആശയ പ്രചാരണം പാടില്ലെന്നും ആവാമെന്നും രണ്ട് വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാതൃകാ സമൂഹത്തിന്റെ സൃഷ്ടിപ്പ് സ്വപ്നം കാണുന്ന ആര്‍ക്കും ഈ രണ്ട് വാദങ്ങളിലെയും അടിസ്ഥാന തത്ത്വത്തെ അവഗണിക്കാനാവില്ല. അത്തരം വാദഗതികളെ അപഗ്രഥിച്ച ശേഷം, പരോക്ഷമായിട്ടെങ്കിലും പ്രചാരണം നടത്താത്ത ഏത് സാഹിത്യമാണുള്ളതെന്ന ചോദ്യം എം.പി പോള്‍ ഉന്നയിക്കുന്നു. ഉദ്ദേശ്യം മുഴച്ചു നില്‍ക്കുകയാണെങ്കില്‍ അത് നല്ല സാഹിത്യമോ സമര്‍ഥമായ പ്രചാരണ തന്ത്രമോ ആവില്ലെന്ന് മാത്രം. സാഹിത്യം നല്ലതാണെങ്കില്‍ പ്രചാരണവും ശക്തമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.4
'കല കലക്കു വേണ്ടി', 'കല ജീവിതത്തിനു വേണ്ടി' എന്നീ രണ്ട് സിദ്ധാന്തങ്ങളും വിഘടിച്ചു നില്‍ക്കുന്നത് സൃഷ്ടിയുടെ രൂപത്തെയും ആശയത്തെയും കേന്ദ്രീകരിച്ചാണ്. അവ രണ്ടുമാണ് കൃതിയുടെ മഹത്വത്തിനും വിജയത്തിനും നിമിത്തമാകുന്നത്. ഏതെങ്കിലും ഒന്നിന്റെ അഭംഗി കൃതിയുടെ ഔചിത്യം നഷ്ടപ്പെടുത്തുന്നു. ഏത് കലാ സൃഷ്ടിയിലും കലാകാരന്റെ ഹൃദയം പ്രതിബിംബിക്കും. അതാണ് കൃതിയുടെ സംസ്‌കാരത്തിനും മൂല്യത്തിനും നിദാനം. പക്ഷേ, ഉദ്ദേശ്യം കലാബാഹ്യമായി മുഴച്ചുനിന്നാല്‍ കൃതികള്‍ ഗുണപാഠ കഥകള്‍ (Didactic stories) പോലെ തരംതാണു പോകുമെന്ന് ജോസഫ് മുണ്ടശ്ശേരി നിരീക്ഷിക്കുന്നു. ഏത് ഉദ്ദേശ്യമായിരുന്നാലും കലയില്‍ അത് സൂക്ഷ്മമായി ആവിഷ്‌കരിച്ചതാവണം. അല്ലെങ്കില്‍ ഔചിത്യഭംഗമായേ പരിഗണിക്കപ്പെടുകയുള്ളൂ. നല്ലൊരു കഥ എഴുതിയിട്ട് അവസാനത്തെ വീര്‍പ്പില്‍ കഥാകാരന്‍ നേരിട്ട് വെളിച്ചപ്പെട്ട് ഓരോന്നുമങ്ങ് വിളിച്ചുപറഞ്ഞാല്‍, കോരി നിറച്ച് ചുമന്നെത്തിച്ച കുടം പടിക്കല്ലിലിട്ടുടക്കുന്നത് പോലെയാവുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.5
കല കലക്കു വേണ്ടി എന്ന് വാദിക്കുന്നവര്‍ പോലും മൂല്യ വിശ്വാസങ്ങളെ അപഹസിക്കുന്ന പ്രമേയങ്ങള്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കുന്നുണ്ട്. അതിനു കലാസാഹിത്യരംഗത്തെ ഏതറ്റം വരെയും ഉപയോഗിക്കാമെന്നതിന്റെ തെളിവാണ് സല്‍മാന്‍ റുഷ്ദിയുടെയും തസ്‌ലീമാ നസ്‌റീന്റെയും മിക്ക രചനകളും. കലാമൂല്യം കൊണ്ട് പിന്നിലെന്ന് സാഹിത്യ ലോകം വിധിയെഴുതിയ 'പൈശാചിക പദ്യങ്ങളും', 'ലജ്ജ'യും  അവയുടെ ആശയത്തെ പുണരുന്നവര്‍ക്ക് വിശ്വസാഹിത്യമായി. വിമര്‍ശിക്കുന്നവരുടെ വായയടക്കാനവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന യുദ്ധതന്ത്രവും പ്രയോഗിക്കുന്നു. എന്നാല്‍, സാഹിത്യത്തില്‍ ഏതെങ്കിലും ഉദ്ദേശ്യം കുത്തിച്ചെലുത്തിയാല്‍ അത് വെറും പ്രചാരണ സാഹിത്യമാകുമെന്ന് ആക്ഷേപിക്കുന്നവര്‍, വിശ്വാസത്തെ അപഹസിക്കുന്ന കൃതികളിലെത്തുമ്പോള്‍ അത്തരം വാദഗതികള്‍ വിസ്മരിക്കുന്നതാണ് അനുഭവം.
ലോകത്തെ എല്ലാ ഭാഷകളിലും സാഹിത്യകൃതികളിലൂടെയുള്ള ആശയപ്രചാരണം ശക്തമാണ്. എഴുത്തുകാരന്റെ ആശയലോകം തന്നെയായിരിക്കും കൃതിയിലും പ്രതിബിംബിക്കുക. സമൂഹത്തില്‍ നിന്ന് നന്മയും സമത്വവും പ്രതീക്ഷിക്കുന്ന എഴുത്തുകാര്‍ കലയുടെ മുദ്രകള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നതോടൊപ്പം ആത്മസംസ്‌കരണത്തിന് നിദാനമാകുന്ന മാനുഷിക മൂല്യങ്ങളും സന്നിവേശിപ്പിക്കുന്നത് കാണാം. ജീവിതത്തില്‍ നിന്ന് ജീവിതത്തിനു വേണ്ടി രാകിയെടുക്കുന്ന കലകള്‍ മാത്രമേ പുരോഗമനാത്മകമാകൂ. വിശ്വാസികളുടെ കല കര്‍മ സംസ്‌കരണത്തിനുള്ള മാതൃകയാണ്. സാഹോദര്യത്തിന്റെയും ദൈവ സാന്നിധ്യത്തിന്റെയും അനുഭൂതികളുണര്‍ത്തുന്ന ഭാവ പ്രപഞ്ചമാണ് വിശ്വാസവും ഭാവനയും പണിതുയര്‍ത്തേണ്ട ജീവിത ചിത്രീകരണം.

ആവിഷ്‌കാര സൗന്ദര്യം
ഒരു കൃതിയുടെ മഹത്വത്തിന് നിദാനമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അതിന്റെ ആവിഷ്‌കാര സവിശേഷത. എത്ര മികച്ച പ്രമേയമായാലും രചന ആകര്‍ഷകമാണെങ്കിലേ സമൂഹത്തെ സ്വാധീനിക്കുകയുള്ളൂ. തലമുറകള്‍ക്ക് കൈമാറാനുള്ള കൃതികളുടെ മഹത്വം ഉറപ്പുവരുത്താന്‍ രചനാതന്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. രൂപസൗന്ദര്യം, ആശയസൗന്ദര്യം, രചനാ സൗന്ദര്യം എന്നിവയാണ് കൃതിയുടെ ആവിഷ്‌കാര മേന്മ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍.
1. രൂപസൗന്ദര്യം: മികച്ച പ്രമേയത്തോടൊപ്പമുള്ള കൃതിയുടെ ശില്‍പ ഘടനയാണ് സാഹിത്യ സൃഷ്ടിയുടെ രൂപസൗന്ദര്യം. കഥാപാത്ര സംവിധാനം, സംഭാഷണം, സ്ഥല-കാലം, തുടക്കം-ഒടുക്കം എന്നിവയെല്ലാം രൂപസൗന്ദര്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. അവ പരസ്പരം ഐക്യം പുലര്‍ത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കാത്തതുമാവണം.
രൂപസൗന്ദര്യത്തിന്റെ ഗുണങ്ങളടങ്ങിയ മികച്ച കഥകളില്‍ ഒന്നാണ് കെ.പി രാമനുണ്ണിയുടെ 'ചില മതേതര സംസാരങ്ങള്‍'. വിശ്വാസിയുടെ വേഷവും ഭാവവും പരിഷ്‌കരണ നാട്യക്കാരായ 'മാന്യന്മാരില്‍' വളര്‍ത്തുന്ന അസഹിഷ്ണുതയുടെ ബഹിര്‍സ്ഫുരണങ്ങളാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. 1988 മാര്‍ച്ച് 12 മുതല്‍ 2006 മാര്‍ച്ച് 21 വരെയുള്ള കാലത്താണ് കഥ നടക്കുന്നത്. ഏകദേശം ആ കാലയളവില്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് അങ്ങിങ്ങ് അനുഭവപ്പെട്ട വിഭാഗീയതയെ വായിച്ചെടുക്കുകയാണ് കഥാകൃത്ത്. പരോപകാര തല്‍പരനും സ്‌നേഹ സമ്പന്നനുമായ ഒരു വിശ്വാസിയെ നന്നായി ചൂഷണംചെയ്ത ശേഷം ചവിട്ടിപ്പുറത്താക്കി, തീവ്രവാദിയാക്കി, തൂക്കിലേറ്റാന്‍ കൊതിക്കുന്നു, ചിലയാളുകള്‍. അവരുടെ വിചാര ബിന്ദുക്കൡൂടെ നാടിന്റെ കണ്ണീരായി മാറിയ ഒരാളുടെ ചിത്രമാണ് കഥാകൃത്ത് വികസിപ്പിക്കുന്നത്.
കഥാപാത്രങ്ങളുടെ മനസ്സ് വായിച്ചുകൊണ്ടുള്ള രചനാതന്ത്രമാണ് കഥയില്‍. കഥയുടെ തുടക്കം, ഒടുക്കം, സ്ഥലകാല വിവരണം എന്നിവയിലെല്ലാം രചനാ മിടുക്കിന്റെ മികവ് നിറഞ്ഞുനില്‍ക്കുന്നു. കഥാപാത്ര സംവിധാനവും സംഭാഷണവുമാണ് കഥയുടെ പ്രധാന ഘടകം. കേന്ദ്ര കഥാപാത്രവും കഥാഘടനയും മറ്റു കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ നിന്നാണ് വായനക്കാരിലേക്ക് എത്തുന്നത്. വേട്ടമൃഗങ്ങള്‍ കടിച്ച് പറിച്ച് തിന്ന ഇരയെപ്പോലെയാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ അവസാനം. വിശ്വാസികള്‍ ഇന്ന് അനുഭവിക്കുന്ന അസ്തിത്വ ദുഃഖത്തിന്റെയും ഉന്മൂലന ഭീതിയുടെയും കാലിക മുദ്രകള്‍ അടുക്കിവെച്ച് നവീനമായ രചനാ സങ്കേതത്തിലൂടെയാണ് രാമനുണ്ണി കഥ പറയുന്നത്.
2. ആശയ സൗന്ദര്യം: സാഹിത്യത്തില്‍ തുടിക്കുന്ന ജീവിത വീക്ഷണത്തില്‍ നിന്നാണ് സാഹിത്യ കൃതിയുടെ ആശയ സൗന്ദര്യം രൂപപ്പെടുന്നത്. ആശയ സൗന്ദര്യം മുറ്റിനില്‍ക്കുന്ന മികച്ച മലയാള കൃതികളില്‍ ഒന്നാണ് പ്രസിദ്ധ നാടക കൃത്തായ തിക്കോടിയന്റെ 'പുതുപ്പണം കോട്ട.'7 അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച കുഞ്ഞാലിമരക്കാരാണ് കേന്ദ്ര കഥാപാത്രം. അന്നത്തെ സാമൂതിരിയും കൊട്ടാരത്തിലെ ഉപജാപക സംഘവും പോര്‍ച്ചുഗീസുകാര്‍ക്കുവേണ്ടി നടത്തിയ അണിയറ നീക്കങ്ങളാണ് പുതുപ്പണം കോട്ടയില്‍. പ്രധാന സചിവനായ മങ്ങാട്ടച്ചന്റെ അപേക്ഷകളെയെല്ലാം കാറ്റില്‍ പറത്തി സാമൂതിരി പോര്‍ച്ചുഗീസ് പക്ഷത്തേക്ക് നീങ്ങി. അതില്‍ മനംനൊന്ത് സ്ഥാനചിഹ്നമായി ലഭിച്ച ഉടവാള്‍ സാമൂതിരിക്ക് സമര്‍പ്പിച്ച് ഈ ദുരന്തത്തിന് സാക്ഷിയാവാന്‍ അടിയന് വയ്യെന്ന് പറഞ്ഞ് പടിയിറങ്ങുമ്പോള്‍ നടന്ന സംവാദം തിക്കോടിയന്‍ ഭാവനയില്‍ കാണുന്നുണ്ട്. ഒരു രാജകൊട്ടാരത്തിന്റെ അരമനയില്‍ വിശ്വാസികള്‍ക്ക് വേണ്ടി രാജാവിനോട് വാദിക്കുന്ന സചിവന്റെ ചിത്രം പുതുപ്പണം കോട്ടയെ ആശയ സൗന്ദര്യത്തിന്റെ മികച്ച മാതൃകയാക്കാന്‍ നാടകകൃത്തിന് കഴിഞ്ഞു.
പതിറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്തവ ശത്രുക്കളുടെ ദുഷ്പ്രചാരണത്തിലൂടെ നാടിന് കൈമോശം വന്ന സന്ദര്‍ഭത്തിന്റെ സര്‍ഗാത്മക നിമിഷമാണ് നാടകത്തെ വര്‍ത്തമാനകാലവുമായി വിളക്കിച്ചേര്‍ക്കുന്നത്. നന്മക്ക് വേണ്ടി പോരാടുന്ന വിശ്വാസിയോട് സമൂഹത്തിലെ നാനാതലത്തിലുള്ളവര്‍ ഐക്യദാര്‍ഢ്യപ്പെടുന്നത് തുറന്ന് കാട്ടാനും തിക്കോടിയന് കഴിഞ്ഞിട്ടുണ്ട്. കുറുമ്പ്ര നാട്ടിലെ നായന്മാരില്‍ ഏറിയ കൂറും കുഞ്ഞാലിമരക്കാരുടെ പക്ഷത്തായിരുന്നു. അവരുടെ അപേക്ഷ മാനിച്ച് ചെയ്യാത്ത കുറ്റത്തിന് മാപ്പിരക്കാന്‍ പോലും അദ്ദേഹം തയാറായി. മാതൃരാജ്യത്തിന് വേണ്ടി പിടഞ്ഞ് വീണ മരക്കാരുടെയും നാനാ വിഭാഗത്തില്‍ പെട്ട അനുയായികളുടെയും തേങ്ങലുകളാണ് ഈ നാടകത്തിന്റെ യവനികക്ക് പിന്നില്‍ നിന്ന് പുതിയ തലമുറ ശ്രവിക്കുന്നത്. കൃതിയുടെ ഉള്ളടക്കം, ജീവിത വീക്ഷണം, വിശ്വാസവുമായി അതിനുള്ള പ്രതിബദ്ധത, ബഹുസ്വര സമൂഹത്തോടുള്ള അര്‍പ്പണബോധം എന്നിവയെല്ലാം ഈ നാടകത്തെ ആശയസൗന്ദര്യത്തിന്റെ മികച്ച മാതൃകയാക്കി. നാട്ടിലെ വിശ്വസ്തര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ശത്രു വിജയിക്കുകയും ചെയ്യുന്ന ദൃശ്യം നാടകത്തില്‍ അനാവൃതമാവുന്നുണ്ടെങ്കിലും നീതിക്കും ധര്‍മത്തിനും വേണ്ടി പൊരുതി പരാജയപ്പെട്ടവരോടുള്ള ഹൃദയബന്ധത്തിന്റെയും ഐക്യത്തിന്റെയും അനശ്വര ഗാഥയാണ് തിക്കോടിയന്‍ കണ്ടെത്തിയത്.
3. രചനാസൗന്ദര്യം: മികച്ച പ്രമേയത്തോടൊപ്പം അനുവാചക ഹൃദയത്തെ രമിപ്പിക്കാന്‍ ഉതകുന്ന ഘടന, ആശയങ്ങളും അനുഭൂതികളും അനായാസം സംക്രമിപ്പിക്കാന്‍ പറ്റുന്ന ഭാഷാ ലാളിത്യം എന്നിവയാണ് രചനാ സൗന്ദര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഗണത്തില്‍ പെടുത്താവുന്ന കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഐഷുക്കുട്ടി'.8 സാമൂഹിക ജീവിതത്തിലെ തീരാശാപമായി മാറിയ പൊങ്ങച്ച പ്രകടനമാണ് കഥാകൃത്തിന്റെ വിമര്‍ശനത്തിന് ഇരയാവുന്നത്. ഇന്നത്തേതില്‍ നിന്ന് ഭിന്നമായ ഒരു കാലത്താണ് കഥ നടക്കുന്നത്. പ്രസവം വീടുകളില്‍ നടന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന ചരിത്ര പശ്ചാത്തലം കൂടി ആ കഥക്കുണ്ട്. അന്ന് പ്രസവത്തിന് സങ്കീര്‍ണതകളുണ്ടെങ്കില്‍ ഡോക്ടറെ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഡോക്ടറെ വീട്ടില്‍ വരുത്തുന്നത് അന്തസ്സായി കരുതുന്നവരുമുണ്ടായിരുന്നു.
ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ ഐഷുക്കുട്ടിക്ക് തന്റെ രണ്ടാമത്തെ പ്രസവത്തിന് ഡോക്ടറെ വരുത്തണമെന്ന് മോഹം. പ്രസവ വേദന കഠിനമാവുമ്പോഴും 'എന്റെ മുത്തു നബിയേ! ദാക്ത്തരെ കൊണ്ടുവാ' എന്നായിരുന്നു അവള്‍ വിലപിച്ചത്. അയല്‍പക്കത്തെ പണക്കാരുടെ വീടുകളില്‍ പ്രസവ സമയത്ത് കാറില്‍ ഡോക്ടറെ കൊണ്ടുവരാറുണ്ട്. ഐഷുക്കുട്ടിയുടെ ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ പ്രസവിച്ചപ്പോഴും ഡോക്ടറെ കൊണ്ടുവന്നിരുന്നു. അതവള്‍ അഭിമാനപൂര്‍വം പറയാറുണ്ട്:
''ഓ, ഞാമ്പെറ്റപ്പയും ദാക്ത്തരെക്കൊണ്ട് വന്ന്! എണ്ണി ക്കൊണ്ട് രൂപ നൂറാ കൊടുത്തത്! വീടിന്റെ ബാതുക്കവാന്ന്, മോട്ടര്? അതിനും കൊടുത്തു പത്തു രൂഫാ...''
പെണ്ണുങ്ങള്‍ കൂടുമ്പോള്‍ നല്ല അന്തസ്സോടെ ഐഷുക്കുട്ടിക്കും അതുപോലെ പറയണം. പക്ഷേ, എന്തു ചെയ്യും. ഐഷുക്കുട്ടിയുടെ ഭര്‍ത്താവ് ദരിദ്രനാണെന്ന് മാത്രമല്ല, അവളുടെ പ്രസവത്തിന് സങ്കീര്‍ണതകളൊന്നുമില്ല. വയറ്റാട്ടി പറയുന്നതൊന്നും അവള്‍ സ്വീകരിച്ചതുമില്ല. ഒടുവില്‍ ഭര്‍ത്താവ് ഡോക്ടറെ തേടി പോയി. ഡോക്ടര്‍ വരുന്നതിന് മുമ്പ് പ്രസവിക്കുമോ എന്ന ഭയം അവളെ പിടികൂടുന്നു. അപ്പോള്‍ പ്രസവിക്കാതിരിക്കാന്‍ നേര്‍ച്ചക്കാരെ വിളിച്ച് സഹായം തേടുകയാണ്. അവസാനം ഡോക്ടര്‍ എത്തി. പ്രസവ മുറിയുടെ അകത്ത് പ്രവേശിച്ച ഉടനെ അവള്‍ പ്രസവിച്ചു.
നിത്യജീവിതത്തിലെ അതിലളിതമായ ഒരു പ്രമേയത്തെ വായനക്കാരിലേക്ക് കൈമാറുന്നതില്‍ കൃതിയുടെ രചനാ സൗന്ദര്യത്തിന് സുപ്രധാനമായ പങ്കുണ്ട്. സമൂഹത്തിലെ ഏത് തലത്തിലുള്ളവരെയും ആകര്‍ഷിക്കുന്ന ലളിതവും സരസവുമായ ശൈലിയിലാണ് ബഷീര്‍ കഥ പറയുന്നത്. ആരുമായും സംവദിക്കാനുള്ള കരുത്ത് 'ഐഷുക്കുട്ടി'യെ രചനാ സൗന്ദര്യത്തിന്റെ അവിസ്മരണീയ മാതൃകയാക്കിയിരിക്കുന്നു.
(തുടരും)


കുറിപ്പുകള്‍
1. വൈലോപ്പിള്ളി സമ്പൂര്‍ണ കൃതികള്‍. വാള്യം ഒന്ന്, കറന്റ് ബുക്‌സ്, തൃശൂര്‍-2001 (സാവിത്രി)
2. എം.പി പോള്‍. സാഹിത്യ വിചാരം, പേജ് 73,74. നാഷ്‌നല്‍ ബുക്സ്റ്റാള്‍, കോട്ടയം 1998
3. ലിയോ ടോള്‍സ്റ്റോയ്, വിവ: കെടാകുളം കരുണാകരന്‍- എന്താണ് ക ല?, പേജ് 24, നാഷ്‌നല്‍ ബുക്സ്റ്റാള്‍, കോട്ടയം 1987
4. എം.പി പോള്‍-സാഹിത്യ വിചാരം. പേജ് 73,74
5. ജോസഫ് മുണ്ടശ്ശേരി, കാവ്യ പീഠിക. പേജ് 49, കറന്റ് ബുക്‌സ് തൃശൂര്‍, 1999
6. മാധ്യമം ആഴ്ചപ്പതിപ്പ്, 2006 ഡിസംബര്‍ 29
7. തിക്കോടിയന്റെ തെരഞ്ഞെടുത്ത നാടകങ്ങള്‍. പേജ് 403, മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, കോഴിക്കോട് 1986
8. ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, പേജ് 246. ഡി.സി ബുക്‌സ്, കോട്ടയം 2003

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം