Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

'ഇസ്‌ലാമോഫോബിയ' ആ ആരോപണം ശരിയല്ല


ഇസ്‌ലാമോഫോബിയയെക്കുറിച്ച് യാസീന്‍ അശ്‌റഫ് എഴുതിയ ലേഖന(ലക്കം12)ത്തില്‍ ഒരു തെറ്റുണ്ട്. സെപ്റ്റംബര്‍ 11-ലെ ആക്രമണത്തെച്ചൊല്ലി ഫലസ്ത്വീനികള്‍ ആഘോഷിക്കുന്നത് പഴയൊരു ഫൂട്ടേജ് ആണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഇത് ഇസ്‌ലാമികവൃത്തങ്ങള്‍ സി.എന്‍.എന്നിനെപ്പറ്റി പ്രചരിപ്പിച്ച അഭ്യൂഹം മാത്രമാണ്. അതൊരു വിവാഹാഘോഷമാണെന്നും, ഇറാഖിന്റെ കുവൈത്തധിനിവേശത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണെന്നുമൊക്കെ പറഞ്ഞവരുണ്ട്. എന്നാല്‍ വ്യക്തമായും സെപ്റ്റംബര്‍ 11-നെച്ചൊല്ലിയാണ് ആ ആഘോഷം; ഫലസ്ത്വീനികള്‍ തന്നെ അത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ആഗോള ജിഹാദി പ്രസ്ഥാനത്തെ പിന്തുണക്കുന്ന ചില മുസ്‌ലിംകളെ ന്യായീകരിക്കാന്‍ വേണ്ടി പ്രബോധനം ഈ വ്യാജം പലകുറി ആവര്‍ത്തിച്ചു. അറിയപ്പെട്ട വസ്തുതകള്‍ നോക്കി വേണം, അല്ലാതെ സ്വന്തം ആദര്‍ശവുമായി ചേര്‍ച്ചയുള്ള വ്യാജ അവകാശവാദങ്ങളെ നോക്കിയാവരുത് നിങ്ങള്‍ ലേഖനം കൊടുക്കുന്നത്.
അജിഷ് (ഇമെയില്‍ വഴി)
ലേഖകന്റെ വിശദീകരണം
'ഇസ്‌ലാമോഫോബിയ' വെറും അവകാശവാദമല്ല, മറിച്ച് യൂറോപ്യരും അമേരിക്കക്കാരും തന്നെ സമ്മതിച്ചുതുടങ്ങിയതും ചെറുക്കാന്‍ തുടങ്ങിയതുമായ ഒരു തിക്ത സത്യമാണ്- ഇതായിരുന്നു എന്റെ ലേഖനത്തിന്റെ കാതല്‍. അക്കാര്യത്തില്‍ മാന്യവായനക്കാരന് വിയോജിപ്പില്ലെന്ന് വിശ്വസിക്കാമോ?
സി.എന്‍.എന്നില്‍ കാണിച്ച ഫൂട്ടേജ് പഴയ വേറൊരു സംഭവത്തിന്റേതാണെന്ന് ഞാന്‍ പറഞ്ഞെന്ന അവകാശവാദം ശരിയല്ല. ക്രിസ്റ്റഫര്‍ അലന്‍ എന്ന, ബര്‍മിങ്ങം യൂനിവേഴ്‌സിറ്റി ഗവേഷകന്‍ എഴുതിയ കാര്യം ഉദ്ധരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അദ്ദേഹം (എന്റെ ലേഖനത്തിലും) അത് തീര്‍ച്ചപ്പെട്ട കാര്യമായി പറഞ്ഞിട്ടുമില്ല.
ഇനി ആ ഫുട്ടേജിന്റെ കാര്യം. സി.എന്‍.എന്‍ ആരോപണം നിഷേധിച്ചു എന്നത് നേര്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ആളുകളാണത്രെ വീഡിയോ എടുത്തത്. ഫലസ്ത്വീനികള്‍ 'സ്ഥിരീകരിച്ചു' എന്നത് ഈ ദൃശ്യത്തെപ്പറ്റിയാണെന്ന് തീര്‍ത്തു പറയാനാവില്ല. ഏതാനും കുട്ടികളുടെ ആഹ്ലാദം ഫലസ്ത്വീന്‍ ജനതയുടെ മൊത്തം വികാരമായി കാണരുതെന്ന് ഫലസ്ത്വീന്‍ അധികൃതര്‍ പറഞ്ഞു; ആഹ്ലാദ പ്രകടനത്തെ യാസിര്‍ അറഫാത്ത് അപലപിച്ചു- ഇത്രയും ശരിയാണ്.
വസ്തുതകള്‍ മാത്രം നോക്കി വേണം തീരുമാനിക്കാന്‍ എന്നാണെങ്കില്‍, സി.എന്‍.എന്നിന്റെ അവകാശവാദവും അറഫാത്തിന്റെ പ്രസ്താവനയും വിശ്വസിക്കരുതെന്ന് പറയേണ്ടിവരും. ദൃശ്യം മാത്രം നോക്കാം. ഒരു ബാലന്‍, കൂളിംഗ് ഗ്ലാസിട്ട ഒരാള്‍, മറ്റൊരാള്‍ എന്നിവരാണ് രംഗത്തിലുള്ളത്. അല്‍പ്പം കഴിഞ്ഞ് നൃത്തം ചെയ്യുന്ന ഒരു സ്ത്രീയെയും കാണാം. ദൃശ്യത്തിന്റെ ഒടുവില്‍ രണ്ടാമത്തെയാള്‍ ലേഖകനോട് എന്തോ പറയുന്നുണ്ട്. 'ഉസാമയില്‍ നിന്നുള്ള മധുരം' എന്നാണയാള്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഒന്നും കേള്‍ക്കാത്തതിനാല്‍ അത് തീര്‍ച്ച പറയാനാവില്ല. പറഞ്ഞത് അതാണെന്ന് സി.എന്‍.എന്‍ മാത്രമാണത്രെ അവകാശപ്പെട്ടത്. ഏതായാലും ഇത് സെപ്റ്റംബര്‍ 11-ഉമായി ബന്ധപ്പെട്ട ദൃശ്യമാണെന്ന് കാണിക്കുന്ന പ്രത്യക്ഷ തെളിവ് ഒന്നും അതിലില്ല.
മൂന്നാമതൊരു വീക്ഷണം കൂടി ഫുട്ടേജിനെക്കുറിച്ചുണ്ട്. ജര്‍മന്‍ റേഡിയോ ആയ എ.ആര്‍.ഡിയിലെ അന്നറ്റ് ക്രൂഗര്‍ സ്പിറ്റ, പാനരമ എന്ന ടി.വി മാഗസിനില്‍ ഇങ്ങനെ എഴുതുന്നു: ''ചാനലില്‍ പ്രദര്‍ശിപ്പിക്കാത്ത ഫുട്ടേജ് ഭാഗത്ത് കാണുന്നത്, ആഘോഷക്കാര്‍ക്ക് ചുറ്റും തെരുവ് വിജനമാണെന്നാണ്. മാത്രമല്ല, ദൃശ്യം ഷൂട്ട് ചെയ്യാനായി ഒരാള്‍ കുട്ടികളെയും മറ്റും വിളിച്ചുകൂട്ടുന്നുണ്ട്. ആഹ്ലാദഭരിതരായ ഫലസ്ത്വീനി കുട്ടികളെയും മുതിര്‍ന്നവരെയും കാണാനുണ്ടെങ്കിലും അവരുടെ സന്തോഷം ഭീകരാക്രമണത്തോട് ബന്ധപ്പെട്ടതാണെന്ന ഒരു സൂചനയുമില്ലെന്ന് പ്രഫസര്‍ മാര്‍ട്ടിന്‍ ലോഫല്‍ഹോള്‍സ് വിശദീകരിക്കുന്നു. നൃത്തം ചെയ്യുന്ന സ്ത്രീ (നവല്‍ അബ്ദുല്‍ ഫതഹ്) പിന്നീട് പറഞ്ഞത്രെ, കാമറക്കു മുമ്പാകെ ആഹ്ലാദം കാണിച്ചാല്‍ കേക്ക് തരാമെന്ന് ആരോ പ്രലോഭിപ്പിച്ചെന്ന് (പാനരമ, 2001 സെപ്റ്റംബര്‍ 20).
ഖണ്ഡിതമായ ഒരു തീര്‍പ്പ് പറയാനാവാത്തതാണ് ദൃശ്യമെന്നിരിക്കെ, അത് സെപ്റ്റംബര്‍ 11-നെപ്പറ്റിയാണെന്ന് വരാം; അല്ലെന്നും വരാം. ഇനി ആണെന്ന് തന്നെ സങ്കല്‍പിക്കുക. അപ്പോഴും ചോദിക്കാം, ഫലസ്ത്വീന്‍ ജനതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ ഏതോ ചിലരെ മാത്രം തെരഞ്ഞെടുക്കുന്നതില്‍ ഒരു ഉദ്ദേശ്യമില്ലേ? സ്വന്തം വീക്ഷണം പുലര്‍ത്താന്‍ മാന്യ വായനക്കാരന് അവകാശമുണ്ട്. സംശയമുള്ളതിനെ ചോദ്യംചെയ്യുകയുമാവാം. പക്ഷേ, ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നുവെന്ന വസ്തുത അദ്ദേഹവും സമ്മതിക്കുന്നുണ്ടാവും.
യാസീന്‍ അശ്‌റഫ്
ഖുര്‍ആന്‍ പരിഭാഷകളെപ്പറ്റി തന്നെ
ആഗസ്റ്റ് 6-ലെ ലക്കത്തില്‍ 'ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും മലയാളത്തില്‍' എന്ന ശീര്‍ഷകത്തില്‍ മഖ്ബൂല്‍ മാറഞ്ചേരി എഴുതിയ കുറിപ്പ് വായിച്ചു. കേരള ജനതക്ക് ഖുര്‍ആന്‍ മാതൃഭാഷയില്‍ ഗ്രഹിക്കാനുതകുന്ന രൂപത്തില്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷകളെപ്പറ്റി മൊത്തത്തില്‍ മനസ്സിലാക്കാന്‍ പര്യാപ്തമാണീ കുറിപ്പ്. എന്നിരുന്നാലും അനുബന്ധമായി ചിലത് കുറിക്കട്ടെ. 'സി.എന്‍ അഹ്മദ് മൗലവിയുടെ വിവര്‍ത്തനം രണ്ട് വാള്യങ്ങളാണ്' എന്ന് എഴുതി കണ്ടു. അത് ശരിയല്ല. മറിച്ച്, ആറ് വാള്യങ്ങളായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതില്‍ ഒന്നാം വാള്യം മജീദ് മരക്കാറിന്റെ ചെലവിലും രണ്ടാം വാള്യം പ്രബോധനം പ്രസ്സില്‍ നിന്നുമാണ് അച്ചടിച്ചത്. തുടര്‍ന്ന് മൂന്ന് മുതല്‍ ആറു വരെയുള്ള വാള്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് ലഭിച്ച  13000 രൂപ സഹായത്താലുമാണ്. പിന്നീട് കോട്ടയം നാഷ്‌നല്‍ ബുക്സ്റ്റാളിന് വിട്ടുകൊടുത്തതിന് ശേഷമാണ് ചുരുക്ക വ്യാഖ്യാനത്തോടു കൂടി രണ്ട് വാള്യമായി പ്രസിദ്ധീകരിച്ചത്. കുറിപ്പില്‍ പരാമര്‍ശിച്ച മലയാള തഫ്‌സീറുകള്‍ക്കും പരിഭാഷകള്‍ക്കും  പുറമെ വെറെ ചിലതും പുറത്തിറങ്ങിയിട്ടുണ്ട്. കെ.വി.എം പന്താവൂരിന്റെ തഫ്‌സീര്‍, ടി.കെ അബ്ദുല്ല മുസ്‌ലിയാരുടെ തഫ്‌സീര്‍ ജലാലൈനി, കെ.പി.എ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ (പറവണ്ണ) അല്‍ കഹ്ഫ് പരിഭാഷ, കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ സൂറത്തുന്നൂര്‍ പരിഭാഷ, മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി പ്രസിദ്ധീകരിച്ചതും പി.കെ മൂസ്സ മൗലവി പരിഭാഷപ്പെടുത്തിയതുമായ അമ്മജുസ്അ് പരിഭാഷ, എടശ്ശേരി മൗലവിയുടെ പരിഭാഷ, എ. അബ്ദുസ്സലാം സുല്ലമിയുടെ 'ഖുര്‍ആന്റെ വെളിച്ചം', ഗദ്യഭാഷയില്‍ ഗോപാലകുറുപ്പ് എഴുതി യുവത പ്രസിദ്ധീകരിച്ച 'അമൃതവാണി' എന്നിവ അവയില്‍ ചിലതാണ്.
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ
മൂന്നാം രാഷ്ട്രീയ ഭൂപടം ശക്തിപ്പെടും
മൂന്നാം രാഷ്ട്രീയ സമസ്യകളുടെ പുനര്‍വായന ഹൃദ്യമായി. മൂന്നാം രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെടുത്താവുന്ന പ്രമുഖമായൊരിടം ഇനിയും ദലിത്, കീഴാള, ന്യൂനപക്ഷാദികള്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. ഫെമിനിസം, യുക്തിവാദം, നവ വികസനവാദം മുതല്‍ സ്ഥാപനവത്കരിക്കപ്പെട്ട ന്യൂനപക്ഷ സാമുദായിക രാഷ്ട്രീയം വരെ ഈ സ്വത്വവാദത്തിന് ഭീഷണിയായി നില്‍ക്കുന്നു. മതേതരത്വവും ജനാധിപത്യവും സവര്‍ണ വരേണ്യരുടെ തനിരൂപം മറയ്ക്കാനുള്ള ട്രോജന്‍ കുതിരകളായി മാറി. ആയിരം എലികളേക്കാള്‍ ഭേദം ഒരു സിംഹമാണെന്ന് തോന്നിക്കുമാറ് ജനാധിപത്യം ജീര്‍ണിച്ചുതുടങ്ങി.
കീഴാള ന്യൂനപക്ഷ, ദലിത് നവോത്ഥാനത്തെ മാവോയിസ്റ്റ്, നക്‌സല്‍, ഭീകരവാദ ബ്രാന്‍ഡ് ചെയ്ത് അടിച്ചമര്‍ത്താന്‍ നിഷ്പ്രയാസം കഴിയുന്നു. അച്ചടി ദൃശ്യ മാധ്യമങ്ങള്‍ അധികവും അതിന് ഒത്താശ നല്‍കുന്നു. ഭരണകൂട ഭീകരതക്ക് ചൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് -സംഘ്പരിവാര്‍ - കമ്യൂണിസ്റ്റ് അച്ചുതണ്ടിന് മടിയേതുമില്ല. നവ കൊളോണിയലിസത്തിന്റെ താരാട്ട് കേട്ടുറങ്ങാന്‍ ഇടതുപക്ഷത്തിനും കഴിയുന്നു.
മുസ്‌ലിം യുവത - ഒരു ന്യൂനപക്ഷം ഒഴിച്ചാല്‍- ഇന്നും നിദ്രയിലാണ്. അവരെ ഉണര്‍ത്താന്‍ ഭഗീരഥ പ്രയത്‌നം വേണ്ടിവരും. നിരന്തരമായ ബോധവത്കരണം വഴി സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീയ -പൗരോഹിത്യ മതങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ നിന്നവരെ മോചിപ്പക്കണം.
മൂര്‍ത്തമായ ഒരു ബദല്‍ സാംസ്‌കാരിക, രാഷ്ട്രീയ, വികസന ഭൂമിക രൂപപ്പെടാന്‍ ഇനിയും കാത്തിരുന്നേ പറ്റൂ. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിറവി ശുഭോദര്‍ക്കമാണ്. പക്ഷേ, ഈ വിത്ത് മുളക്കാന്‍ നിലം ഒരുങ്ങണം. അതിന് ദൃശ്യമാധ്യമ രംഗത്ത് കൂടി ആധിപത്യം ഉണ്ടാവണം. സ്വത്വബോധമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവണം. പൊതുജനാഭിപ്രായ രൂപീകരണത്തില്‍ അവര്‍ക്കുള്ള പങ്ക് വലുതാണ്. അതേസമയം ദലിത്-ന്യൂനപക്ഷ ആത്യന്തിക വാദം ആപത്താണ്. അതിനുള്ള പ്രകോപനം ഉണ്ടാവും. അത് ശത്രുക്കളുടെ അജണ്ട എളുപ്പമാക്കും.
കെ. ബഷീര്‍ വേലന്‍ചിറ
വരുമാന നികുതിയാണോ
ഇസ്‌ലാമിലെ സകാത്ത്?
'സകാത്ത്: ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ രാജമാര്‍ഗം' എന്ന ഖാലിദ് മൂസ നദ്‌വി എഴുതിയ ലേഖനം (ലക്കം12) സകാത്തുമായി ബന്ധപ്പെട്ട വേറിട്ട ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു വ്യക്തി സകാത്ത് കണക്കാക്കുമ്പോള്‍ അയാളുടെ മൊത്ത വരുമാനത്തില്‍ നിസ്വാബുണ്ടോ എന്നാണ് നോക്കേണ്ടത്; അല്ലാതെ അതില്‍ പുരച്ചെലവ് കഴിച്ച് ബാക്കി വരുന്ന തുകയില്‍ നിസ്വാബുണ്ടോ എന്നല്ല- ലേഖകന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളിലൊന്നിതാണ്.
സകാത്ത് ആര്‍ക്ക് ബാധകമാവും എന്ന വിഷയത്തില്‍ നിലവിലുള്ള പ്രചുരമായ കാഴ്ചപ്പാടിനെയാണ് ലേഖനം നിരാകരിക്കുന്നത്. 'ഗനിയ്യ്' എന്ന വിശേഷണത്തിന് അര്‍ഹനാവുന്ന ആള്‍ക്കേ സകാത്ത് നിര്‍ബന്ധമാവൂ എന്നാണല്ലോ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞുതരുന്നത്. 'ഐശ്വര്യാവസ്ഥയിലല്ലാതെ സ്വദഖയില്ല' എന്ന തിരുവചനവും, മുആദുബ്‌നു ജബലിനെ യമനിലേക്ക് അയച്ചപ്പോള്‍ 'അവരില്‍ ധനികരില്‍ നിന്ന് വസൂലാക്കി ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സ്വദഖ അല്ലാഹു അവര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ അറിയിക്കുക' എന്ന പ്രവാചകന്റെ നിര്‍ദേശവുമെല്ലാം അവര്‍ ഇതിന് പിന്‍ബലമായി ഉദ്ധരിക്കുന്നുണ്ട്. ഒരാളുടെ 'ഗിനാ' അയാളുടെ വരുമാനവുമായി മാത്രമല്ല ബന്ധപ്പെട്ടുനില്‍ക്കുന്നത്. താരതമ്യേന ഉയര്‍ന്ന വരുമാനമുള്ള ഒരാള്‍ പോലും അയാളുടെ കീഴില്‍ നിരവധി ആശ്രിതരും സ്ഥിരചികിത്സ ആവശ്യമുള്ള വൃദ്ധമാതാപിതാക്കളും മറ്റുമൊക്കെ ഉള്ള അവസ്ഥയില്‍ 'മിസ്‌കീന്‍' എന്ന ഗണത്തില്‍ പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനുള്ള നിരവധി നേര്‍സാക്ഷ്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കണ്ടെത്താന്‍ കഴിയും. സകാത്ത് തത്ത്വവും പ്രയോഗവും എന്ന ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍, 5000 രിയാല്‍ ശമ്പളമുള്ള കുടുംബസമേതം ഗള്‍ഫില്‍ താമസിക്കുന്ന ഒരാളുടെ സകാത്ത് കണക്കാക്കേണ്ടവിധം ഗ്രന്ഥകാരന്‍ ഉദാഹരണമായി കാണിക്കുന്നുണ്ട്. അയാളുടെ വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം (വസ്ത്രം, പുസ്തകം, ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പ്പെടെ), ഭക്ഷണം, വസ്ത്രം, വെള്ളം, വൈദ്യുതി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍, സംഘടനാ ബാധ്യതകള്‍, സഹായം തുടങ്ങി മറ്റു ചെലവുകള്‍, നാട്ടില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ മാസാന്തം അയച്ചുകൊടുക്കേണ്ട തുക എന്നിവയെല്ലാം കഴിച്ച് മിച്ചമുള്ളത് 1200 രിയാലാണെങ്കില്‍ മാസങ്ങള്‍ കഴിയുമ്പോള്‍ ഇതില്‍ നിസ്വാബ് എത്തുമ്പോഴാണ് സകാത്ത് ബാധകമാവുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് 106,107). ഈ വീക്ഷണത്തോട് നേര്‍ക്കുനേരെ എതിരിടുകയാണ് പ്രബോധനത്തിലെ ലേഖനം.
'ഐശ്വര്യം' എന്നത് സകാത്ത് ദാതാവിന്റെ വിശേഷണമായി ഖുര്‍ആനും തിരുസുന്നത്തും എടുത്തുപറഞ്ഞ സ്ഥിതിക്ക് അടിസ്ഥാനാവശ്യങ്ങളെ നിസ്വാബിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് യുക്തി. സ്വന്തം നിലക്ക് പ്രയാസപ്പെടുന്നവരില്‍ നിന്ന് പിരിച്ചെടുത്ത് മറ്റൊരു പ്രയാസപ്പെടുന്നവന് നല്‍കുക എന്നത് സകാത്തിന്റെ ചൈതന്യത്തിന് തന്നെ എതിരായി വരും. ഇസ്‌ലാമിലെ സമ്പദ്‌വ്യവസ്ഥയുടെ ഐശ്വര്യസാരമായ സകാത്ത് വെറും വരുമാന നികുതിയായി തരംതാണുപോവരുതല്ലോ.
ഇത്തരം വിഷയങ്ങളില്‍ പ്രമാണങ്ങള്‍ മുമ്പില്‍ വെച്ച് തന്നെ വേറിട്ട നിലപാട് സ്വീകരിക്കുമ്പോഴും പൊതുസമൂഹത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ അവ സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്.
അബ്ദുല്‍ഹഖ് കൊടിയത്തൂര്‍
ഖുര്‍ആന്‍ എന്ന വിസ്മയം
പി.പി അബ്ദുര്‍റസ്സാഖ് എഴുതിയ, ഖുര്‍ആനെക്കുറിച്ചുള്ള വിശകലനം ശ്രദ്ധേയമായി (ലക്കം 12). ഖുര്‍ആന്‍ ഒരു വിസ്മയമാണ്. ചരിത്രവിസ്മയവും നിത്യ വിസ്മയവും. നിരക്ഷരനായ മുഹമ്മദാണ് ഖുര്‍ആന്‍ കൊണ്ടുവന്നത് എന്നതാണ് അതിനെ വിസ്മയമാക്കുന്ന ഒരു ഘടകം. ലോകത്തിലെ മുഴുവന്‍ ബുദ്ധിജീവികളും ഒരുമിച്ച് അധ്വാനിച്ചാലും ഖുര്‍ആന്‍ പോലെ ഒരു ഗ്രന്ഥം സൃഷ്ടിക്കാനാവില്ല. ഖുര്‍ആന്‍ പോലെ മറ്റൊരു ഗ്രന്ഥവും ചരിത്രത്തിന്റെ ഗതി സമ്പൂര്‍ണമായി തിരിച്ചുവിട്ടിട്ടില്ല. ഖുര്‍ആന്റെ ദിവ്യത്വവും മഹത്വവും അനുഭവിച്ചറിയാന്‍ പരിഭാഷ പര്യാപ്തമല്ല. ഫിലിപ്പ് ഹിറ്റി പറഞ്ഞതുപോലെ: ''ഈ ഗ്രന്ഥം- ഒരു സുശക്തമായ സജീവസ്വരം- ഓതേണ്ടതിനുതന്നെ നിയമിതമാണ്. അത് ആസ്വദിക്കാന്‍ മൂലമൊഴിയില്‍തന്നെ അത് കേള്‍ക്കണം. അതിന്റെ ചന്ദസ്സും വാക്യാലങ്കാരവും വാക്‌സരണിയും, അടിച്ചുവീശുന്ന പ്രഭാവവും അല്‍പമൊന്നുമല്ല. ഇവ നഷ്ടപ്പെടാതെ പരിഭാഷയില്‍ പകര്‍ത്തുക സാധ്യമല്ല.''
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം