Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ഐക്യദാര്‍ഢ്യത്തിന്റെ പുതിയ യുഗം

പി.ഐ നൗഷാദ്/ മുഹ്‌സിന്‍ പരാരി

സോളിഡാരിറ്റിയെ കുറിച്ച ഒരു മൗലികമായ സംശയത്തില്‍ നിന്നു തുടങ്ങട്ടെ. സോളിഡാരിറ്റി ഒരു സമഗ്ര യുവജനസംഘടന തന്നെയാണോ അതോ ഒരു ജനകീയ സമരസംഘടനയോ?
യുവത്വം എന്നാല്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ചെലവഴിക്കപ്പെടുന്ന മനുഷ്യോര്‍ജമാണ് എന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ പ്രസ്ഥാനമാണ് സോളിഡാരിറ്റി. ലോകത്തും നമ്മുടെ നാട്ടിലും നടക്കുന്ന മൗലികപ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന, സാമൂഹിക നിര്‍മാണത്തിലേര്‍പ്പെടുന്ന, സമരസജ്ജരും ദീനാനുകമ്പയുമുള്ള വിഭാഗമാണ് യൂത്ത് എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. യുവത്വത്തെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണ് യുവജന അജണ്ടകളും ജനകീയ വിഷയങ്ങളും ഒന്നാകുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ അറിയാം, ഭരണകൂടത്തിന്റെയും വികസനപ്രക്രിയയുടെയും വേട്ടയാടലിന് വിധേയമായ പരിസ്ഥിതിയെയും  മനുഷ്യവിഭാഗത്തെയും സംരക്ഷിക്കുന്ന, അവര്‍ക്കുവേണ്ടി പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റി നിര്‍വഹിച്ചതെന്ന്. വര്‍ത്തമാനകാല സാമൂഹിക സാഹചര്യത്തോട് ആത്മാര്‍ഥതയോടെയും തീക്ഷ്ണമായും ഇടപെട്ടതിനാല്‍ വളരെ വേഗത്തില്‍തന്നെ ജനകീയ സമരശക്തിയായി സോളിഡാരിറ്റിക്ക് വളരാന്‍ സാധിച്ചു. നൂറിലധികം സമരഭൂമികളില്‍ നേതൃപരമായും പങ്കാളിത്തപരമായും സജീവ സാന്നിധ്യമായി. ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം, സമര സമൂഹങ്ങളുടെ ഐക്യ നിര ഇവിടെ രൂപപ്പെടുകയാണ്. അത് മൂലം ഇവിടത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അജണ്ടകളിലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചതായി കാണാന്‍ കഴിയും. രണ്ടു മുന്നണികളുടെയും പ്രകടന പത്രികകളിലെ പാക്കേജുകളില്‍ ഈ സമ്മര്‍ദശക്തിയുടെ സ്വാധീനം ഏറെ ദൃശ്യമായിരുന്നു. പോരാളികളുടെ സംഗമം മുതല്‍ ജനപക്ഷ വികസന സമ്മേളനം വരെയുള്ള സോളിഡാരിറ്റി പ്രവര്‍ത്തനങ്ങള്‍ സമരസംഘങ്ങളുടെ ഐക്യപ്പെടലുകള്‍ക്ക് നേതൃപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.  പുതിയ പ്രവര്‍ത്തനകാലയളവില്‍ ജനകീയ സമരങ്ങളിലെ പങ്കാളിത്തത്തിനുപരി നേതൃത്വപരമായ പങ്കുവഹിക്കാനും പൊതു സമരമുന്നണികള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം യുവാക്കളെ സവിശേഷമായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ കാലയളവില്‍ ഊന്നല്‍ നല്‍കും.

യുവജനസംഘടന, യുവാക്കളെ സംഘടിപ്പിക്കാന്‍ സവിശേഷമായ ഊന്നല്‍ നല്‍കുമെന്നതിന്റെ അര്‍ഥം?
ഇപ്പോഴത്തെ മുന്‍ഗണനാക്രമത്തില്‍ കൂടുതല്‍ സമഗ്രത വരുത്താന്‍ സോളിഡാരിറ്റി ശ്രമിക്കുകയാണ്. ജനകീയ സമര സംഘടനയുടെ മുഖം ഉണ്ടായിരിക്കെ തന്നെ, യുവസമൂഹത്തെ നിര്‍ണിത മേഖലകളില്‍ ശാക്തീകരിക്കുന്ന പദ്ധതികളില്‍ ഏര്‍പ്പെടുക എന്നത് സംഘടനയുടെ സജീവ പരിഗണനയിലാണ്. സാമൂഹികമാറ്റത്തിന്റെ ചാലകങ്ങളാകാന്‍ കഴിയുന്ന വിധം വമ്പിച്ച ഊര്‍ജസ്രോതസ്സാണ് യുവത്വം എന്നത് സോളിഡാരിറ്റിയുടെ ഉറച്ച വിശ്വാസമാണ്. ഉത്തരാഫ്രിക്കയിലെ വിപ്ലവങ്ങളിലെ യുവ പങ്കാളിത്തം തന്നെ ചെറുപ്പക്കാരെ കുറിച്ച കെട്ടുകഥള്‍ അവസാനിപ്പിച്ച ഒരു പ്രതിഭാസമാണ്. വിയറ്റ്‌നാമിനു ശേഷം ചെറുപ്പക്കാര്‍ മരിച്ചു എന്ന അന്ധവിശ്വാസത്തെ അത് പൊളിച്ചു കളഞ്ഞു. ആ ഒരര്‍ഥത്തില്‍ തന്നെ, കൂടുതല്‍ ഉറപ്പുള്ള, മൂല്യബോധമുള്ള, പ്രത്യാശയുള്ള ചെറുപ്പക്കാരെ കൂടുതല്‍ കരുത്തോടെ സംഘടിപ്പിച്ച് സാമൂഹിക പരിഷ്‌കരണത്തിന് ഉതകുന്ന വിഭവങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ് സോളിഡാരിറ്റിയുടെ പുതിയ ഊന്നല്‍.
നേരത്തെ പറഞ്ഞതുപോലെ, സിവില്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന നിയോഗത്തിന്റെ  തുടര്‍ച്ചയായാണ് ഈ ഊന്നല്‍ മനസ്സിലാക്കപ്പെടേണ്ടത്. സിവില്‍ രാഷ്ട്രീയത്തിന്റെ സമ്മര്‍ദചേരിയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനോടൊപ്പം തന്നെ, കേരളത്തിന്റെ ഭാവിയെ നിര്‍മിക്കാനും പുതുക്കാനും കഴിയുന്ന, സമഗ്രാര്‍ഥത്തില്‍ സമ്പന്നരായ ചെറുപ്പക്കാരുടെ ഒരു വ്യൂഹം ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരത്തില്‍, സ്വയം ധാര്‍മിക ശിക്ഷണമുള്ള, മൂല്യബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, നില നില്‍ക്കുന്ന വികസന പ്രക്രിയകളെ നിഷേധാത്മകമായും ക്രിയാത്മകമായും ചോദ്യം ചെയ്യാന്‍ കഴിവുള്ള ചെറുപ്പക്കാരുടെ ഒരു നിരയെ വളര്‍ത്തികൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ക്കാണ് സോളിഡാരിറ്റിയുടെ പുതിയ ഊന്നല്‍. അതായത്, പുതിയ കേരളത്തെ സ്വപ്നം കണ്ട് ഉയര്‍ന്നുവരുന്ന ജനകീയ രാഷ്ട്രീയത്തെ ശിഥിലമാക്കാതെ, സാമൂഹിക പരിഷ്‌കരണമാക്കി മാറ്റാന്‍ കരുത്തുള്ള ഒരു യുവത്വത്തെ പ്രതിനിധീകരിക്കുകയും വളര്‍ത്തിയെടുക്കുകയും കേരളത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ചരിത്ര നിയോഗമാണ് ചെറുപ്പക്കാരിലൂടെ സോളിഡാരിറ്റി ചെയ്യാനാഗ്രഹിക്കുന്നത്. അതിലൂടെ യുവാക്കള്‍ക്ക് ഭാവികേരളത്തിന്റെ ആശയരൂപവത്കരണത്തില്‍ അര്‍ഹവും അനിവാര്യവുമായ പ്രാതിനിധ്യം (representation) നേടാന്‍ സാധിക്കും. ഇപ്പോള്‍ ഇത് നിഷേധിക്കപ്പെടുന്നുണ്ട്. വാര്‍ധക്യമാണ് കേരളത്തിന്റെ ഭാവി രൂപകല്‍പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആയുസ്സില്ലാത്തതും നിറം മങ്ങിയതും നിരാശകളില്‍ നിന്ന് രൂപപ്പെട്ടതുമായ അജണ്ടകളും ആശയങ്ങളുമാണ് കേരളത്തിന് പഥ്യമാകുന്നത്. ഇത് യുവാക്കളെ കൊണ്ട് തിരുത്തിപ്പിക്കാനാണ് സോളിഡാരിറ്റി ഉദ്ദേശിക്കുന്നത്.

സംഘടനയെ സിവില്‍ രാഷ്ട്രീയത്തില്‍ നിന്നും ഈ പറഞ്ഞ വിധം യുവജന കേന്ദ്രീകരണ പ്രക്രിയയില്‍ ഊന്നാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രാസ്ഥാനിക കാരണങ്ങളുണ്ടോ? അഥവാ, വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപവത്കരണമാണോ ഈ പുതുക്കിയ മുന്‍ഗണനാക്രമത്തിന്് കാരണം?
സ്വാഭാവികമായും, വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപവത്കരണം സോളിഡാരിറ്റിയുടെ അജണ്ടകളില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കും. കാരണം, വെല്‍ഫയര്‍ പാര്‍ട്ടി അധികാര രാഷ്ട്രീയത്തില്‍ (power politics) സാമ്പ്രദായിക രാഷ്ട്രീയ സമവാക്യങ്ങളിലും മുദ്രാവാക്യങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് നാന്ദിയാകുമെന്ന പ്രത്യാശയാണ് സോളിഡാരിറ്റിക്കുള്ളത്. സിവില്‍ രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനുമിടയിലുള്ള വിടവുകള്‍ പാര്‍ട്ടിയിലൂടെ നികത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികനീതിയും ജനക്ഷേമവും മനുഷ്യാവകാശവും സംരക്ഷിക്കുന്ന അത്തരം രാഷ്ട്രീയ ചേരികളെ ശക്തിപ്പെടുത്തുക എന്നത് സോളിഡാരിറ്റിയുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്ളതാണ്. ഞാന്‍ നേരത്തെ വിശദീകരിച്ചതു പോലുള്ള സിവില്‍ രാഷ്ട്രീയത്തിന് അത് പ്രതീക്ഷാദായകവുമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി സോളിഡാരിറ്റി മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ സാക്ഷാത്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ മുന്നേറ്റങ്ങളെ നാം കാണുന്നത്.
എന്നാല്‍, പാര്‍ട്ടി രൂപവത്കരണത്തോടെ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനമേഖല പരിമിതപ്പെടും എന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്.  ആശയസമാനതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ട് വ്യത്യസ്ത മണ്ഡലങ്ങളില്‍ ഏര്‍പ്പെടുന്ന (engage) രണ്ട് വേറിട്ട പ്രസ്ഥാനങ്ങളാണവ. ഒന്ന് സിവില്‍ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മറ്റൊന്ന് കക്ഷി രാഷ്ട്രീയത്തിലാണ് ഇടപെടുന്നത്. രണ്ടിനും രണ്ട് വ്യാകരണങ്ങളും പ്രവര്‍ത്തന സംസ്‌കാരങ്ങളുമാണുള്ളത്.  സോളിഡാരിറ്റിയുടെ പ്രവര്‍ത്തന മണ്ഡലം വ്യക്തമാണ് എന്നു മാത്രമല്ല നിര്‍ണായകവുമാണ്. വെല്‍ഫയര്‍ പാര്‍ട്ടിയും സമാന ആശയങ്ങള്‍ മുന്നോട്ടു വെക്കുന്ന മറ്റു സംഘങ്ങളും സിവില്‍ സമരങ്ങളും മനുഷ്യാവകാശ സമരഭൂമികകളും ഉയര്‍ത്തുന്ന ആശയങ്ങളെയും ആവശ്യങ്ങളെയും ഐക്യപ്പെടുത്താനും നവീകരിക്കാനും  തിരുത്താനും കഴിയുന്ന, അതിന് കെല്‍പുള്ള വിശ്വസ്തരായ ചെറുപ്പക്കാരുടെ വ്യൂഹത്തെ സംഭാവന ചെയ്യുക എന്നതാണ് സോളിഡാരിറ്റിയുടെ പ്രവര്‍ത്തന മണ്ഡലം. അത് ഒരു മഹത്തായ സാമൂഹിക പ്രക്രിയയാണ്. അങ്ങനെയാണ് സോളിഡാരിറ്റിയെ മനസ്സിലാക്കേണ്ടതും നിര്‍വചിക്കേണ്ടതും.

വികസനഫോറത്തിന്റെ പശ്ചാത്തലത്തില്‍, സോളിഡാരിറ്റിയും വികസനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു ചോദ്യമാണ്; വികസനം എന്ന വിഷയത്തില്‍ സോളിഡാരിറ്റി  അക്കാദമിക പ്രക്രിയയിലാണോ ഏര്‍പെടുന്നത് അതോ ജനകീയ സമരത്തിലോ?
വികസനത്തിന്റെ ഇരപക്ഷത്ത് നിന്നുകൊണ്ടുള്ള ജനകീയ സമരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ ആ പ്രശ്‌നത്തില്‍ ഉള്ള പരിഹാര നിര്‍ദേശങ്ങളും ബദലുകളും സോളിഡാരിറ്റി ശക്തമായി തന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്. പക്ഷേ, അത്തരം ബദലുകളും പരിഹാരനിര്‍ദേശങ്ങളും മുന്നോട്ട് വെക്കുമ്പോഴും അതിന്റെ സമരമുഖത്തിനാണ് പൊതു സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. അതിന്റെ കാരണങ്ങളായി ഞങ്ങള്‍ മനസ്സിലാക്കുന്നത്, സോളിഡാരിറ്റി അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത് ഒരു സമരസമൂഹത്തിന്റെ ഭാഷയിലായിരുന്നു; അക്കാദമിക ശൈലി അതിന് കുറവായിരുന്നു. അത് സോളിഡാരിറ്റി തിരിച്ചറിയുന്നു.  ആ തിരിച്ചറിവിന്റെ ഭാഗമായി നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്, പ്രക്ഷോഭങ്ങളില്‍ പരിഹാര നിര്‍ദേശങ്ങള്‍ക്ക് സമരഭാഷയെ നിലനിര്‍ത്തുമ്പോള്‍ തന്നെ മൂര്‍ത്തവും അക്കാദമികവുമായ ഭാഷയില്‍ പഠന പ്രക്രിയ വികസിപ്പിക്കേണ്ടതുണ്ട്  എന്നാണ്. വികസന ഫോറം ആ രംഗത്തെ ഒരു കുതിച്ചു ചാട്ടമാണ്. അതിനെ തുടര്‍ന്ന് കേരളത്തിന്റെ പല വികസന പ്രശ്‌നങ്ങളിലും മൂര്‍ത്തമായ, പ്രായോഗികമായ നിര്‍ദേശങ്ങള്‍ സോളിഡാരിറ്റിക്ക് മുന്നോട്ടുവെക്കാന്‍ കഴിയുന്നുണ്ട്. അക്കാദമിക സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്ന രീതികള്‍ സ്വീകരിക്കാനും സാധിക്കുന്നുണ്ട്. പുതിയ കാലയളവില്‍ ഇത്തരത്തിലുള്ള പഠന  പ്രവര്‍ത്തനത്തിന് മുന്തിയ പരിഗണന നല്‍കും. യുവജനങ്ങളുടെ വൈജ്ഞാനികവും അക്കാദമികവുമായ മേഖലകളെ പരിപോഷിക്കുന്ന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ കേരളത്തിന്റെ സന്തുലിത വികസനത്തിന് അനുഗുണമാകുന്ന വികസന കാഴ്ചപ്പാട് രൂപവത്കരിക്കാന്‍ വൈജ്ഞാനിക ശേഷിയുള്ള യുവാക്കളുടെ കൂട്ടായ്മ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
അപ്പോള്‍, വികസനം അടിസ്ഥാന ലക്ഷ്യമായ ഒരു സംഘടനയാണോ സോളിഡാരിറ്റി? അതല്ല, വികസനത്തിലും ഇടപെടുന്ന ഒരു യുവസംഘടനയാണോ?
യഥാര്‍ഥത്തില്‍ സോളിഡാരിറ്റി ചെയ്യുന്നത് വികസനത്തെ നിര്‍വചിക്കുന്ന നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുടെ പൊളിച്ചെഴുത്താണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളും സദാചാരപരമായ ജീര്‍ണതകളും ആത്മീയരംഗത്തെ സംഘര്‍ഷങ്ങളുമൊക്കെ തന്നെ പരിസ്ഥിതി പ്രശ്‌നങ്ങളെ പോലെ വികസനത്തിന്റെ പ്രശ്‌നപരിസരത്തിലാണ് സോളിഡാരിറ്റി എണ്ണുന്നത്. ജി.ഡി.പിയുടെയും പ്രതിശീര്‍ഷ വളര്‍ച്ചയുടെയും അളവുകോലുകൊണ്ട് മാത്രം വികസനത്തെ അടയാളപ്പെടുത്തിയതും അവക്കുവേണ്ടി വികസന നയങ്ങള്‍ രൂപപ്പെടുത്തിയതുമാണ് ലോകത്തിനു പറ്റിയ അബദ്ധം. മനുഷ്യന്റെ സമഗ്ര വളര്‍ച്ചയും സ്വാസ്ഥ്യവും വികസന വൃത്തങ്ങളില്‍ വിലയിരുത്തപ്പെടാതെ പോകുന്നത് അതിനാലാണ്.
പരിസ്ഥിതി നശീകരണവും മനുഷ്യാവകാശ ലംഘനവും അനീതിയും വികസനത്തിന്റെ അടിസ്ഥാനമാകുന്ന ഘട്ടത്തിലാണ് കേരളത്തിന്റെ വികസനപ്രക്രിയയില്‍ ഒരു വിമര്‍ശക ശക്തി എന്ന നിലയില്‍ സോളിഡാരിറ്റി ഇടപെടുന്നത്.  അത്തരം ഇടപെടലുകള്‍ കരുത്തുറ്റ സേവന പ്രവര്‍ത്തനങ്ങളിലേക്കും  നിര്‍മാണ പ്രക്രിയയിലേക്കും വികസിപ്പിക്കുകയും ചെയ്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സമരപ്രക്രിയയില്‍ പങ്കെടുക്കുക മാത്രമല്ല സോളിഡാരിറ്റി ചെയ്തത്. ചെങ്ങറയിലും മൂലമ്പള്ളിയിലുമൊക്കെ ശാരീരികമായും സാമ്പത്തികമായും സമരത്തിന്റെ ഭാഗമായ അതേ സോളിഡാരിറ്റി തന്നെ സ്വന്തം മനുഷ്യ വിഭവങ്ങളുടെ സഹായത്താല്‍ ആയിരത്തില്‍പരം വീടുകള്‍ കേരളത്തില്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പ്ലാച്ചിമടയിലെ സമരത്തിലേര്‍പ്പെട്ട സോളിഡാരിറ്റി തന്നെ അമ്പതോളം ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി ഒരു മഹത്തായ മാതൃകയാണ്. സോളിഡാരിറ്റിയെ വെറും ഒരു പ്രതികരണപ്രസ്ഥാനമായി മാത്രം ചുരുക്കുന്നവരുടെ താല്‍പര്യം മറ്റൊന്നാണ്. വിശദാര്‍ഥത്തില്‍ സോളിഡാരിറ്റിയെ നിര്‍വചിക്കേണ്ടത്, കേരളത്തെ കുറിച്ച് സമഗ്ര വീക്ഷണം വെച്ചുപുലര്‍ത്തുന്ന യുവസംഘടന എന്നാണ്. വികസന പ്രക്രിയയെയും മാനദണ്ഡങ്ങളെയും  മൗലികമായി വിലയിരുത്താന്‍ സോളിഡാരിറ്റിക്ക് സാധിക്കുന്നത്  സമഗ്ര പ്രത്യയശാസ്ത്രപരിസരവും വികസന വീക്ഷണവും അതിനുള്ളതുകൊണ്ടാണ്.

സോളിഡാരിറ്റി കൃത്യമായ ചില ബൗദ്ധിക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ട് എന്നാണോ അതിന്റെ അര്‍ഥം?
സോളിഡാരിറ്റിയുടെ ബൗദ്ധികരാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇസ്‌ലാമാണ്. അത് വളരെ വ്യക്തമാണ്. ഇസ്‌ലാമിക മൂല്യങ്ങളിലും ആശയദര്‍ശനങ്ങളിലും ഊന്നിക്കൊണ്ടാണ് സോളിഡാരിറ്റി അതിന്റെ മുന്‍ഗണനാക്രമങ്ങള്‍ ക്രമീകരിക്കുന്നത്.
പക്ഷേ, ഇസ്‌ലാമിനെ കുറിച്ച് സോളിഡാരിറ്റി മനസ്സിലാക്കുന്നത്, അത് കേവല ആചാരബദ്ധമായ മതം എന്ന നിലക്കല്ല എന്നതാണ്.  ഇസ്‌ലാം ഉയര്‍ത്തുന്ന മൂല്യങ്ങള്‍ ഒരേ സമയം ഇവിടത്തെ എല്ലാവിധ മതസമൂഹങ്ങള്‍ക്കും മതേതര സമൂഹങ്ങള്‍ക്കും ചേര്‍ന്നു നില്‍ക്കാവുന്നവയാണ്. മതസൗഹാര്‍ദം എന്ന ചെറിയ അര്‍ഥത്തിലല്ല, വിവിധ മതസമൂഹങ്ങളുടെ ഏകോപനം എന്ന നിലക്കാണ് ഞാന്‍ പറയുന്നത്. അതായത് എല്ലാ മതങ്ങളെയും സാമൂഹിക പരിവര്‍ത്തനത്തിനായി ചേര്‍ത്തു നിര്‍ത്താന്‍ പറ്റും എന്ന ഒരു മൗലികമായ മാനുഷിക വീക്ഷണമാണത്. അതിനെതിരായ മതതീവ്രവാദത്തെയും വര്‍ഗീയ സങ്കുചിത വാദങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ആ ദിശയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി സോളിഡാരിറ്റി  നിലകൊണ്ട ആശയങ്ങളുടെ ദൃഷ്ടാന്തം തന്നെയാണ് യഥാര്‍ഥത്തില്‍ ഉത്തരാഫ്രിക്കയിലെ വിപ്ലവങ്ങള്‍.  അതായത്, മത പ്രചോദിതമായ മുന്നേറ്റത്തിന് വിവിധ മതസമൂഹങ്ങളെയും മതേതര സമൂഹങ്ങളെയും മതരഹിത സമൂഹങ്ങളെയും ഏകോപിപ്പിച്ച് സാമൂഹികപരിവര്‍ത്തനം സാധ്യമാകുന്ന ചരിത്രം തീര്‍ന്നില്ല എന്നാണ് അവയുടെ സന്ദേശം. വളരെ ആഹ്ലാദകരമായ ഒരു മാറ്റമാണത്. ഇത് ഉത്തരാഫ്രിക്കയിലെ ഇസ്‌ലാമിക സമൂഹത്തില്‍ മാത്രമുള്ള പ്രവണതയല്ല. അത് ലാറ്റിനമേരിക്കയിലും ഏഷ്യയിലെ പല രാഷ്ട്രീയ ചരിത്രങ്ങളിലും ഈ തരംഗത്തിന് പൈതൃകമുണ്ട്.

കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സെക്കുലറാനന്തര തരംഗങ്ങളില്‍ സോളിഡാരിറ്റിയുടെ പങ്ക് എന്തായാണ് താങ്കള്‍ വിലയിരുത്തുന്നത്?
കേരളത്തിലെ ആധുനികതയിലൂന്നിയ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവര്‍ത്തന രീതിയാണ്, ആശയപരമായി, സോളിഡാരിറ്റി തുടക്കം മുതലേ സൂക്ഷിച്ചിട്ടുള്ളത്. സോളിഡാരിറ്റി  സൈദ്ധാന്തികമായി മാത്രമല്ല, മതവും സാമൂഹികജീവിതവും തമ്മില്‍ യോജിക്കാന്‍ കഴിയില്ല എന്ന പരമ്പരാഗത തീര്‍പ്പുകളെ പ്രവര്‍ത്തന ശൈലി കൊണ്ടും ചോദ്യം ചെയ്യുകയാണ്. എന്നു മാത്രമല്ല, എല്ലാ മതാദര്‍ശസമൂഹങ്ങള്‍ക്കും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വളരെ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നത് വിശ്വസിക്കുന്നു. ഇവിടത്തെ സമരസമൂഹങ്ങളെ മതജാതി വിവേചനമില്ലാതെ  ഏകോപിപ്പിക്കാന്‍ കഴിയും എന്ന് എട്ടു വര്‍ഷം കൊണ്ട് സോളിഡാരിറ്റി തെളിയിച്ചിരിക്കുന്നു. മതത്തെ കുറിച്ച  പഴകിച്ച ആരോപണങ്ങള്‍ക്കുള്ള ഞങ്ങളുടെ തിരുത്ത് ഞങ്ങളുടെ ഈ ജീവിതം തന്നെയാണ്.
മറ്റൊരു കാര്യം, സോളിഡാരിറ്റി പ്രതിനിധീകരിക്കുന്നത് സ്വത്വ രാഷ്ട്രീയത്തെയല്ല. സ്ത്രീകള്‍, ദലിത്, മറ്റു പീഡിത സ്വത്വങ്ങളുടെയൊക്കെ അതിജീവനം സാധ്യമാകുന്ന സാമൂഹികഘടന രൂപപ്പെടാന്‍ സോളിഡാരിറ്റി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, സ്വത്വ രാഷ്ട്രീയത്തിന്റെ ആശയാവലിയിലല്ല സോളിഡാരിറ്റി നിലകൊള്ളുന്നത്. മറിച്ച്, സോളിഡാരിറ്റിയുടെ അടിസ്ഥാന ഊന്നല്‍ പൊതു നന്മയാണ്. മനുഷ്യന്റെ പ്രശ്‌നങ്ങളെയാണ് അത് സമീപിക്കുന്നത്. അവയില്‍ സ്വത്വത്തിലൂന്നിയതും അല്ലാത്തതുമായ പ്രശ്‌നങ്ങളുണ്ടല്ലോ. അതേ സമയം സ്വത്വത്തെ കുറിച്ച് സംസാരിക്കുന്നത് അപകടകരമാണെന്നുള്ള ഇടതുപക്ഷത്തിന്റെയും ആധുനികതയുടെയും പൊതുബോധങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ബഹുസ്വരതയെ ശിഥിലീകരിക്കുന്ന പ്രവണതകള്‍ മതസമൂഹങ്ങളില്‍ നിന്നോ മതേതര സമൂഹങ്ങളില്‍ നിന്നോ ജാതീയ സമൂഹങ്ങളില്‍ നിന്നോ ഉയര്‍ന്നുവരുന്നതിനെയും സോളിഡാരിറ്റി ചോദ്യം ചെയ്യുന്നു. പൗരോഹിത്യം മുന്നോട്ടു വെക്കുന്ന കപട ആത്മീയതയെയും അതു ചോദ്യം ചെയ്യുന്നു.  
മതത്തിന്റെ സാമൂഹിക ഉള്ളടക്കം, ദേശസ്‌നേഹത്തില്‍ അന്തര്‍ലീനമായ അധികാര മേല്‍ക്കോയ്മകളും പാര്‍ശ്വവത്കരണങ്ങളും, സ്വത്വബോധത്തിന്റെ വേരുകളും പൊതുബോധ നിര്‍മിതകളും... തുടങ്ങി പോസ്റ്റ് സെക്യുലര്‍ സാമൂഹിക വിശകലനങ്ങള്‍ കേരളത്തിലെ പാരമ്പര്യ വിചാരങ്ങളെ വിചാരണ ചെയ്യാനും പുതിയ വിശകലന മാതൃകകള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. ഇത് പരിസ്ഥിതി അവബോധത്തിനും പാര്‍ശ്വവത്കൃത രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പുതിയ ഊര്‍ജവും ഉള്‍ക്കാഴ്ചയും തീര്‍ച്ചയായും നല്‍കിയിട്ടുണ്ട്. സോളിഡാരിറ്റി പ്രവര്‍ത്തനങ്ങളെയും അതു മുന്നോട്ട് വെക്കുന്ന ആശയങ്ങളെയും മുന്‍വിധികളില്ലാതെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നവര്‍ ഉത്തരാധുനിക ചിന്താധാരകളിലുള്ളവരാണ്. അതുപോലെ, സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ ഇത്തരത്തിലുള്ള പുതിയ സാമൂഹിക ഉണര്‍വുകളെ, വിശേഷിച്ച് കീഴാളവും പാരിസ്ഥിതികവുമായ രാഷ്ട്രീയത്തെ, ശക്തിപ്പെടുത്തുന്നതിനും സാമൂഹിക മുഖ്യധാരയില്‍ ഇടം പിടിക്കുന്നതിനും സഹായകമായിട്ടുണ്ട്. എന്നാല്‍ സോളിഡാരിറ്റിയെ പോസ്റ്റ് സെക്യുലര്‍ സിദ്ധാന്തങ്ങള്‍ സ്വാധീനിച്ചതുകൊണ്ടല്ല ഈ ശൈലി സ്വീകരിച്ചത്. ഇസ്‌ലാമിന്റെ മൗലികമായ സ്വഭാവത്തെ സോളിഡാരിറ്റി സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സമരങ്ങളുടെ പ്രതിസ്ഥാനത്ത് ഇടതുപക്ഷത്തെ കാണുന്ന വലിയ വിഭാഗമാണ്, സോളിഡാരിറ്റി ഐക്യപ്പെടുന്ന സമരരാഷ്ട്രീയ വിഭാഗങ്ങള്‍ പൊതുവെ പ്രതിനിധീകരിക്കുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍ മാതൃ സംഘടന അധികാരരാഷ്ട്രീയത്തില്‍ ഇടതിന് നല്‍കിയ പിന്തുണ അവര്‍ക്കിടയില്‍ ഒരു നിരാശ പടര്‍ത്തിയിട്ടില്ലേ? കിനാലൂരില്‍ സോളിഡാരിറ്റിയുടെ സൗഹൃദത്തിനു പരിക്കേല്‍ക്കുകയും ചെയ്തു...
കേരളത്തില്‍ ഒരു നവ രാഷ്ട്രീയം ഉയര്‍ന്നുവരുന്നുണ്ടെന്നത് നിസ്തര്‍ക്കമാണ്. ഇടതുപക്ഷം സൈദ്ധാന്തികമായും പ്രായോഗികമായും ജീര്‍ണച്ചിരിക്കുന്നുവെന്നതും അതുപോലെ തന്നെ സംശയരഹിതമായ കാര്യമാണ്. അതോടൊപ്പം നമുക്ക് മറ്റു ചില യാഥാര്‍ഥ്യബോധ്യങ്ങളും അനിവാര്യമാണ്. വിശേഷിച്ച്, ഇലക്ഷന്‍ പോലെയുള്ള മൂര്‍ത്ത രാഷ്ട്രീയ പ്രക്രിയകളില്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍. അതില്‍ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് സോളിഡാരിറ്റിയും ഒട്ടനേകം നവസാമൂഹിക പ്രസ്ഥാനങ്ങളും പ്രക്ഷോഭ സംഘങ്ങളും ഒരു പുതിയ രാഷ്ട്രീയമെന്ന സ്വപ്നം ആശയപരമായി പങ്കുവെക്കുകയും ജനമധ്യത്തില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍തന്നെ ആ രാഷ്ട്രീയം മൂര്‍ത്തവും പ്രായോഗികവുമായി കേരളത്തില്‍ ഇനിയും വികസിച്ചിട്ടില്ല എന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബി.ആര്‍.പി.യുടെയും സി.ആര്‍ നീലകണ്ഠന്റെയും സിവിക് ചന്ദ്രന്റെയുമെല്ലാം നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും പൂര്‍ണാര്‍ഥത്തില്‍ അവക്ക് വിജയിക്കാന്‍ സാധിച്ചില്ല. കാരണം, കേരള രാഷ്ട്രീയം അതിന് പാകമാകുന്നേയുള്ളൂ. അതുകൊണ്ടുതന്നെ സിവില്‍ രാഷ്ട്രീയത്തില്‍ ഒന്നിച്ചുനില്‍ക്കുന്നവര്‍ക്ക് കേവല അധികാര രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ വ്യത്യസ്തമായ സമീപനം കൈക്കൊള്ളേണ്ടിവരും. അതിനുകാരണം അധികാര രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക സാധ്യതകളെ തങ്ങളുടെ സമരങ്ങള്‍ക്കും അതിജീവനത്തിനും എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചിന്തകളിലുണ്ടാകുന്ന വൈവിധ്യമാണ്. വിവിധ സംഘടനകള്‍ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നത് പതിവാണ്. എറണാകുളം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോളിഡാരിറ്റി കെ.വി തോമസിനെതിരെ ശക്തമായി പ്രചാരണരംഗത്തിറങ്ങി. അതേസമയം മൂലമ്പള്ളി സമരക്കാര്‍ മേരിചേച്ചിയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. സമാനമായി ചെങ്ങറയിലും ഉണ്ടായിട്ടുണ്ട്. ഇത്തരം സമീപനങ്ങള്‍ ഇലക്ഷന് മുമ്പോ ശേഷമോ സമരങ്ങള്‍ ദുര്‍ബലമാകാനോ പരസ്പരം തള്ളിപ്പറയാനോ  കാരണമാകാതിരിക്കാനുള്ള വിവേകവും യാഥാര്‍ഥ്യബോധവും എല്ലാവരും പുലര്‍ത്തിയിരുന്നു. മൂര്‍ത്ത രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇനിയും വേണ്ടത്ര പാകത പ്രാപിച്ചിട്ടില്ലാത്ത സിവില്‍ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം കിനാലൂര്‍ സമരനേതാക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ പോയതും, അധികാര രാഷ്ട്രീയത്തിലെ കക്ഷി രാഷ്ട്രീയ ബലതന്ത്രത്തില്‍ അകപ്പെട്ടതുമാണ് അവര്‍ സോളിഡാരിറ്റിയെ തള്ളിപ്പറഞ്ഞത്. അതുകൊണ്ട് നഷ്ടം സോളിഡാരിറ്റിക്കല്ല, ഭാവിയില്‍ ശക്തി പ്രാപിക്കേണ്ട സിവില്‍ രാഷ്ട്രീയത്തിനും സമരസമൂഹങ്ങള്‍ക്കുമാണ്.

പുതിയ പ്രവര്‍ത്തന കാലയളവിലെ മറ്റു പ്രധാന ഊന്നലുകള്‍ എന്തൊക്കെയാണ്?
നേരത്തെ വിശദീകരിക്കപ്പെട്ടതിനു പുറമെ എടുത്തു പറയേണ്ട പദ്ധതികളിലൊന്നാണ് പ്രവാസികളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ളവ. പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന ആദരവും സംരക്ഷണവും നേടികൊടുക്കുക എന്നതു തന്നെയാണ് അതിന്റെ അടിസ്ഥാന ഉദ്ദേശ്യം. കേരളത്തിന്റെ വികസനത്തില്‍ വളരെ വലിയ പങ്കു വഹിച്ച സമൂഹമാണ് പ്രവാസി സമൂഹം. എന്നാല്‍ അവരുടെ അവകാശങ്ങളെയും അഭിമാനത്തെയും വേണ്ടത്ര വില നല്‍കി കേരള സമൂഹം സ്വീകരിച്ചിട്ടില്ല. പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു സാമൂഹിക വിഭാഗം എന്ന നിലക്ക് തന്നെ, അവരുടെ അവകാശങ്ങളെയും ആദരവിനെയും സംരക്ഷിക്കാനാവശ്യമായ പദ്ധതികള്‍ വിവിധ സ്ഥാപനങ്ങളുമായും പ്രവാസിസംഘടനകളുമായും സഹകരിച്ച് ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ അഭിപ്രായ രൂപവത്കരണങ്ങള്‍ക്കായി  ചര്‍ച്ചകള്‍ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യും. പ്രവാസികളുടെ അവകാശങ്ങള്‍ക്കായി പ്രക്ഷോഭ പരിപാടികളും ആലോചിക്കുന്നുണ്ട്.
കേരളത്തിനനുയോജ്യമായ തൊഴില്‍ സംസ്‌കാരവും ആരോഗ്യകരമായ തൊഴില്‍ സാഹചര്യവും സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കം കുറിക്കും. ചെറുപ്പക്കാര്‍ കേരളത്തില്‍ തന്നെ സംതൃപ്തരായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അഴിമതിക്കെതിരെ പൊതു സമരനിര ഉയര്‍ത്തികൊണ്ടുവരാന്‍ പരിശ്രമിക്കും. ലഹരിക്കെതിരെ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സോളിഡാരിറ്റിയുടെ പത്താം വര്‍ഷം ഈ പ്രവര്‍ത്തന കാലയളവിലാണ്. ശ്രദ്ധേയമായ രീതിയില്‍ ദശവാര്‍ഷിക പരിപാടികളും സംഘടിപ്പിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം