Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ദൈവങ്ങളുടെ നിധിയും നിധി കാക്കുന്ന ദൈവങ്ങളും

ജമീല്‍ അഹ്മദ്


തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയ്ക്കുമുമ്പിലുള്ള ചവിട്ടുപടിയില്‍, തൊഴാന്‍പോയ വേണ്ടപ്പെട്ടവരെ കാത്ത് പലവട്ടം ഇരുന്നിട്ടുണ്ട് ഞാന്‍. അകത്തേക്ക് പോയവരില്‍ ദൈവവിശ്വാസികളും വെറുതെ കാഴ്ചകാണാന്‍ പാന്റൂരി മുണ്ടുടുത്തു ക്യൂനിന്ന് കയറിയവരുമുണ്ട്. 'നീയൊന്ന് അകത്തേക്ക് വന്നുനോക്ക്. കാണേണ്ട കാഴ്ചയാണ്. മുസ്‌ലിമാണെന്ന് ആരറിയാനാ' എന്നൊക്കെ  പലപ്പോഴും സുഹൃത്തുക്കള്‍ പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കിലും അതിനു തുനിഞ്ഞില്ല. ചരിത്രത്തിന്റെ ഗാഢമായ സാന്നിധ്യം അനുഭവിച്ചറിയാനുള്ള കൊതിയില്ലാഞ്ഞിട്ടല്ല, ഒരു മുസ്‌ലിമെന്ന നിലയില്‍ മറ്റൊരു മതത്തിന്റെ  ലിഖിതമായ വിലക്കുകളെ ധിക്കരിക്കാനുള്ള മനസ്സില്ലായ്മകൊണ്ടുമാത്രം. അതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളുടെ മുമ്പിലും ഇങ്ങനെ പലപ്പോഴും കൂട്ടാളികളുടെ ചെരിപ്പുകളും കാലുറകളും പേറികൊണ്ട് ഇച്ഛാഭംഗത്തോടെയെങ്കിലും പുറത്തുനില്‍ക്കാന്‍ ഞാന്‍ തയാറായിരുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് സമൃദ്ധികൊണ്ടും തലയെടുപ്പുകൊണ്ടും ചരിത്രപാരമ്പര്യംകൊണ്ടും പദ്മനാഭസ്വാമിക്ഷേത്രം സമ്പന്നമായിരുന്നതിനാല്‍ അതിനുമുമ്പിലുള്ള ഇത്തരം നിറുത്തങ്ങള്‍ പതിവില്‍ കവിഞ്ഞ് ഞാന്‍ ആസ്വദിച്ചിരുന്നു. ഇതാ, ഈ കുളത്തിനു ചുറ്റുമാണല്ലോ സി.വിയുടെ 'ധര്‍മരാജാ'യിലെ പവതിക്കൊച്ചി ഉമ്മിണിപ്പിള്ളയുടെ ജഡംകണ്ട് ഭയന്ന് ഓടിനടന്നത്. ഇതാ ഈ വഴിയിലൂടെയാണല്ലോ കുഞ്ചന്‍നമ്പ്യാരും രാമപുരത്തുവാര്യരും 'കാതിലോല, നല്ലതാളി' എന്ന് നസ്യംപറഞ്ഞ് കുളിക്കാന്‍ പോയത്, ഇതാ ഈ വാതിലിലൂടെയാണല്ലോ മാര്‍ത്താണ്ഡവര്‍മയും രാജാ കേശവദാസും കയറിപ്പോയത്, ഇതാ ഈ ജാലകത്തിലൂടെയാണല്ലോ സ്വാതിതിരുനാളിന്റെ രാഗമാലിക ഒഴുകിവന്നത് എന്നെല്ലാം ആലോചിച്ചുകൊണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇതാ ഒരു മുസ്‌ലിം ഈ ചവിട്ടുപടികളിലിരിക്കുന്നു.
എട്ടാം നൂറ്റാണ്ടിനുമുമ്പ് ജൈനക്ഷേത്രമായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ ക്ഷേത്രത്തിനുള്ളിലെ രഹസ്യ അറകളിലുള്ള അളവറ്റ ധനത്തെക്കുറിച്ച് ഇപ്പോള്‍ നിരന്തരം വാര്‍ത്തവന്നുകൊണ്ടിരിക്കുന്നു. വി.എസ് അച്യുതാനന്ദന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ആ നിധിശേഖരത്തിന് ചുറ്റും വേറെയും വിവാദങ്ങളുടെ പരിവേഷം സൃഷ്ടിച്ചിരിക്കുന്നു. അത് ദൈവത്തിന്റെ സ്വത്താണെന്നതിനാല്‍ ആരും തൊട്ടുപോകരുതെന്നാണ് ഒരു പക്ഷം, അത് രാജാക്കന്മാര്‍ കൊന്നും കട്ടും ശേഖരിച്ച കൊള്ളമുതലാണെന്നതിനാല്‍ സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടണമെന്ന് മറുപക്ഷം, ഭക്തന്മാര്‍ നല്‍കിയ കാണിക്കയും മറ്റുമായതിനാല്‍ ഹൈന്ദവരുടെ ക്ഷേമത്തിലേക്ക് വകയിരുത്തണമെന്ന് വേറൊരു പക്ഷം. ഇനിയും പരിഹാരമാര്‍ഗങ്ങള്‍ സുലഭമാണ് ഇക്കാര്യത്തില്‍. സമ്പത്തല്ലേ, ചെലവഴിക്കാനുള്ള ആശയത്തിനുണ്ടാകുമോ വല്ല പഞ്ഞവും. എന്നാല്‍ ക്ഷേത്രസമ്പത്ത് കണ്ടെത്തിയ കാര്യത്തില്‍ മുസ്‌ലിം പക്ഷത്തുനിന്നുള്ള ആധികാരികമായ ഒരു അഭിപ്രായവും സാസ്‌കാരിക കേരളത്തില്‍ മുഴങ്ങിക്കേട്ടില്ല. ഹിന്ദുക്കളുടെ മാത്രം വിഷയമായതിനാല്‍ അഭിപ്രായം പറയാന്‍ ഒരു മടി അവര്‍ക്കുണ്ടാകാം. അഹിന്ദുക്കളെപ്പോലെ അവരുടെ അഭിപ്രായവും ക്ഷേത്രത്തിനകത്തേക്ക് കയറ്റില്ല എന്നു വിലക്കില്ലല്ലോ?
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ക്ഷേത്രം മറ്റൊരു വാര്‍ത്തകൊണ്ട് ചാനലുകള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയിരുന്നു. കുളിക്കാനിറങ്ങിയ ഒരു ഭക്തനെ 'മാനസികാസ്വാസ്ഥ്യമുള്ള' ഒരാള്‍ പത്മതീര്‍ഥക്കുളത്തില്‍ മുക്കിക്കൊല്ലുന്ന കാഴ്ച ലൈവായി കേരളം ഇരുന്നു കണ്ടു. ഇന്ന് അതേ ക്ഷേത്രത്തിനുള്ളിലെ അളവറ്റ നിധിശേഖരം, പണത്തിനോട് എന്നും ആര്‍ത്തികാണിച്ച മലയാളി മനസ്സുകൊണ്ട് കണ്ടാനന്ദിക്കുന്നു. ഇന്ത്യയിലെ പ്രമുഖമായ എല്ലാ ക്ഷേത്രങ്ങളിലും കുമിഞ്ഞുകൂടിക്കിടക്കുന്ന, എണ്ണിക്കണക്കാക്കാന്‍ ഒരു സംവിധാനങ്ങളുമില്ലാത്ത അളവറ്റ സമ്പത്തുണ്ട്. അവയില്‍ വലിയൊരു ശതമാനവും ഭക്തന്‍മാര്‍ ദൈവത്തിനു നല്‍കുന്ന ദാനം തന്നെയാണ്. ഇസ്‌ലാമില്‍ അല്ലാഹുവിന് ധനം നല്‍കുക എന്നുവെച്ചാല്‍ ആവശ്യക്കാര്‍ക്കും മതപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുക എന്നാണ് വിവക്ഷ. അതിനാല്‍ പൊതുവെ മുസ്‌ലിം പള്ളികള്‍ എന്നും കടത്തിലായിരിക്കും. എന്നാല്‍ ഹൈന്ദവവിശ്വാസപ്രകാരം ദൈവത്തിന് നേദിച്ച സ്വത്ത് ദൈവത്തിന് നേരിട്ടു നല്‍കാം. ദൈവത്തിന്റെ പ്രതിനിധികളായ സവര്‍ണ ജാതിക്കാര്‍ക്കും രാജാക്കന്‍മാര്‍ക്കും നല്‍കാം. ആരു നല്‍കുന്നുവെന്നോ എങ്ങനെ സമ്പാദിച്ചതാണെന്നോ നോട്ടമില്ല. അതെല്ലാം ദൈവത്തിലേക്കുള്ള വരുമാനമായാണ് കണക്കാക്കുക. സായിബാബക്കും അമൃതാനന്ദമയിക്കും ലഭിക്കുന്ന സംഭാവനകളില്‍ ബഹുഭൂരിപക്ഷവും ദൈവത്തിന് ഭക്തര്‍ നല്‍കുന്ന സ്വത്താണ്. ആള്‍ദൈവങ്ങള്‍ അതിലൊരു ഭാഗം സാമൂഹികസേവന രംഗത്തുകൂടി മുതല്‍മുടക്കുന്നുവെന്നുമാത്രം. ശ്രീപദ്മനാഭസ്വാമിക്ക് മനുഷ്യദൈവങ്ങളെപ്പോലെ പബ്ലിക് റിലേഷന്‍ ആവശ്യമില്ലാത്തതിനാല്‍ നിവേദ്യമായി ലഭിച്ച ധനമത്രയും രഹസ്യ അറകളില്‍ കൂമ്പാരമായിക്കിടക്കേണ്ടിവരുന്നു. അതിന് കണക്കുകളേ ഇല്ലാത്തതിനാല്‍ 'പായസപ്പാത്രത്തില്‍ സ്വര്‍ണം നിറച്ച് കടത്തുന്നു'വെന്ന് വി.എസ് പറയുന്നതുപോലെ, കണക്കുകളില്ലാത്ത സംശയങ്ങളും ജനങ്ങള്‍ക്കുണ്ടാകാവുന്നതാണ്.
ക്ഷേത്രത്തിനെന്തിനാ ഇത്രയധികം സ്വത്ത് എന്ന് ചോദിക്കുന്നതിലര്‍ഥമില്ല. സ്‌നേഹത്തിന്റെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും വില കണക്കാക്കാനാവുന്നതല്ല. മകളുടെ വിവാഹത്തിന് നാനൂറ് പവന്‍ സ്വര്‍ണം നല്‍കുന്ന അഛനോട് എന്തിനാണ് ഇത്രയും സ്‌നേഹം എന്നു ചോദിക്കുന്നതില്‍ കാര്യമില്ലല്ലോ. സ്വന്തം വൃക്ക മുറിച്ചെടുത്ത് ഭാര്യക്ക് നല്‍കുന്ന ഭര്‍ത്താവിനോട് എന്തിനാണ് ഇത്രയും വിശ്വാസം എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ. വിശ്വാസം ഒരു കെണിഞ്ഞ സംഗതിയാണ്. സാമാന്യയുക്തിയുടെ അളവുകള്‍ അതിന് പാകമാവുകയില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നത് അതിനെ ബഹുമാനിക്കുന്നു എന്നതിന് തെളിവാകുമോ?  ദേവപ്രശ്‌നം എന്നത് അതുപോലെ വിശ്വാസപരമായ ചില തീര്‍പ്പുകളാണ്. അതിലെ സംവാദങ്ങള്‍ അതിനുള്ളിലേ സാധ്യമാവൂ.
എന്നാല്‍, വിശ്വാസത്തിന്റെ പരിശുദ്ധിയുള്ള ധനം മോഷ്ടിക്കുന്നത് ആരായാലും നല്ലതല്ല. ദൈവത്തിനോട് അവര്‍ക്കു പറയാന്‍ ന്യായീകരണങ്ങളുണ്ടാകാം. പക്ഷേ, ആ ആരാധനാലയം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാറിനും അത് വിശ്വസിച്ചേല്‍പ്പിച്ച ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടി വിശ്വാസമാകുംവിധം സുതാര്യമായിരിക്കണം അതിലെ ഇടപാടുകള്‍. ദേവപ്രശ്‌നം പോലും അതു ചെയ്യുന്നവരുടെ ഭക്തിയും വിശ്വാസവും ആര്‍ത്തിയും കുടിലതയും അനുസരിച്ച് മാറിമറിയുമെന്ന് ശബരിമല വിവാദത്തോടനുബന്ധിച്ച് മലയാളികള്‍ അനുഭവിച്ചതാണ്. അതിനാല്‍ ആരാധനാലയങ്ങളുടെ സമ്പത്ത്, അത് എത്ര വലുതായാലും ചെറുതായാലും കണക്കുകൂട്ടി സംരക്ഷിക്കേണ്ടതുതന്നെയാണ്. അവ  തന്ത്രപൂര്‍വം തന്റേതാക്കുന്നവന്‍ മന്ത്രിയോ തന്ത്രിയോ രാജാവോ പാതിരിയോ ഖാദിയോ ആകട്ടെ കുറ്റവാളിതന്നെ. മനുഷ്യരുടെ കോടതിയില്‍ അയാള്‍ ശിക്ഷിക്കപ്പെടണം.
എന്തൊക്കെയായാലും ദൈവത്തിനു ലഭിച്ച സ്വത്ത് എങ്ങനെ ചെലവാക്കണം എന്ന് തീരുമാനിക്കേണ്ടത് ദൈവം തന്നെയാണ്. അത് അനന്തശായിയായ വിഷ്ണുഭഗവാന്‍ ഉണര്‍ന്നുവന്ന് നേരിട്ടു പറയണമെന്നല്ല, ഹൈന്ദവ നിയമപ്രകാരം (അങ്ങനെ കൃത്യമായ ഒന്നുണ്ടെങ്കില്‍) തന്നെയാണ് അത് നിശ്ചയിക്കേണ്ടത്. ഹൈന്ദവ ക്ഷേത്രത്തിന് കാണിക്കവെച്ച മുതല്‍ സര്‍ക്കാര്‍ ധനത്തില്‍ ലയിപ്പിക്കുന്നതും ശരിയല്ല. പാവങ്ങളില്‍ നിന്ന് മുലക്കരവും തലക്കരവും വാങ്ങി പെരുപ്പിച്ച ധനമാണിത് എന്നാണ് ചിലരുടെ വാദം. അങ്ങനെയാണെങ്കില്‍ തന്നെ, ചരിത്രത്തില്‍ കാലങ്ങള്‍ക്കുമുമ്പു നടന്ന സംഭവങ്ങളുടെ പരിഹാരം വര്‍ത്തമാനകാലത്ത് നടത്തിയതുകൊണ്ട് യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ചരിത്രമില്ല, വര്‍ത്തമാനമേയുള്ളൂ. തലമുറകളായി വന്നുചേര്‍ന്ന പണം ആരുടേത് കവര്‍ന്നതാണെന്ന് പരിശോധിച്ച് ഇന്ന് പരിഹാരക്രിയചെയ്യണം എന്ന് വിധിക്കുന്നത് രാജ്യത്തെ എല്ലാ മുതലുകള്‍ക്കും ബാധകമാക്കിയാല്‍ കാര്യം കുഴയും. ശ്രീപദ്മനാഭസ്വാമിയെ പുറത്തുകടത്തി ജൈനര്‍ക്ക് ക്ഷേത്രം വിട്ടുകൊടുക്കേണ്ടിവരും. എന്നാല്‍ നിലവറകള്‍ക്കുള്ളിലെ നിധി സംരക്ഷിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വീണ്ടും  കോടികള്‍ ചെലവഴിക്കുന്നതിനെ ഇവിടെ മാന്യമായി വിമര്‍ശിക്കുന്നു. അതിനുള്ള പണം നല്‍കാന്‍ ദേവസ്വം ബാധ്യസ്ഥമാണ്.
പിന്‍വാതില്‍ - അതേ ക്ഷേത്രത്തിലേക്ക് കയറിപ്പോയ സുഹൃത്തുക്കളെ പുറത്ത് കാത്തിരിക്കുന്ന ഒരു മുസ്‌ലിം എന്ന നിലക്ക്, കേരളത്തിലെ മുസ്‌ലിം സമുദായം ഭാവിയില്‍ നേരിടാവുന്ന ചില അനുബന്ധാവസ്ഥകളെക്കുറിച്ച തോന്നലുകളും ഇവിടെ പങ്കുവെക്കുന്നു. (ഇപ്പോള്‍ത്തന്നെ ചില സാംസ്‌കാരിക നായകന്‍മാര്‍ 'വടികിട്ടിയെടാ അടിതുടങ്ങിക്കോ' എന്ന മട്ടില്‍ ഈ നിധിക്കഥകളുടെ മറവില്‍ മുസ്‌ലിംകളെ വേണ്ടവിധം കുത്തിനോവിക്കുന്നുണ്ട്. മുസ്‌ലിം രാജാക്കന്‍മാരെല്ലാം ക്ഷേത്രധ്വംസകരായിരുന്നുവെന്നും തിരുവിതാംകൂറിനെ ആക്രമിക്കാന്‍ മുസ്‌ലിം സുല്‍ത്താന്‍മാര്‍ക്ക് കഴിയാത്തതിനാല്‍ മാത്രമാണ് ഇത്രയും സമ്പത്ത് അവിടെ ബാക്കിയായിപ്പോയതെന്നും ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്.) പദ്മനാഭക്ഷേത്രത്തിലെ രഹസ്യഅറകള്‍ക്കുള്ളിലെ അളവറ്റ ധനം ഇന്ന് കേരളത്തിന്റെ ഒരു സുരക്ഷാപ്രശ്‌നമാണ്. കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ 'ഭീകരപ്രവര്‍ത്തനങ്ങള്‍'ക്ക് ഇതോടെ മറ്റൊരു ലക്ഷ്യംകൂടി ഏല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ വര്‍ത്തിക്കാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കേണ്ടിവരും. ചരിത്രം ഒരു ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ധനശേഖരം ഈ നാട്ടിലെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കറകളഞ്ഞ വിശ്വാസത്തെ ആലിബാബക്കഥയിലെന്നപോലെ മുറിവേല്‍പ്പിച്ചേക്കാം. അതുകൊണ്ടുതന്നെയാകാം ഒരു മുസ്‌ലിം ബുദ്ധികേന്ദ്രവും അക്കാര്യത്തില്‍ തുറന്ന് അഭിപ്രായം പറയാതിരിക്കുന്നതും. മൗനം ഭയക്കുന്നവര്‍ക്കും ഭൂഷണം.
(9895 437056) [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം