Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ഭരണ വ്യവസ്ഥ ആവിഷ്‌കരിക്കേണ്ടതാര്?

ഇ.എന്‍ ഇബ്‌റാഹീം

മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും വിമര്‍ശിക്കുന്നു എന്ന നാട്യേന ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: ''ഇബാദത്തിന് എന്ന പോലെ ഇസ്‌ലാമിന്റെ മൂലതത്ത്വമായ തൗഹീദി(ഏകേശ്വരത)നും ജമാഅത്ത് മേധാവി നല്‍കുന്ന അര്‍ഥകല്‍പനകള്‍ മനുഷ്യന്റെ ചിന്താപരവും കര്‍മപരവുമായ ദാസ്യത്തില്‍ ഊന്നുന്നതാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് വിശ്വസിക്കുന്നിടത്ത് അവസാനിക്കുന്നതല്ല തൗഹീദ് എന്ന് അബുല്‍ അഅ്‌ലാ മൗദൂദി ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍ അടിമയാണെന്ന ആശയവും മനുഷ്യന്‍ സ്വയം ഒരു ഭരണവ്യവസ്ഥ ആവിഷ്‌കരിച്ചുകൂടാ എന്ന വിലക്കും അവിടെയും ജമാഅത്ത് സ്ഥാപകന്‍ കൊണ്ടുവരുന്നു'' (ദൈവത്തിന്റെ രാഷ്ട്രീയം പേജ്, 71,72).
ഇവിടെ വിമര്‍ശകന്‍ ഉന്നയിക്കുന്ന വാദഗതികള്‍ ഇവയാണ്:
1. ഇബാദത്തിനും തൗഹീദിനും മൗലാനാ മൗദൂദി നല്‍കിയത് പുതിയ അര്‍ഥകല്‍പനയാണ്.
2. അത് മനുഷ്യന്റെ ചിന്താപരവും കര്‍മപരവുമായ ദാസ്യത്തിലാണ് ഊന്നുന്നത്.
3. അല്ലാഹുവല്ലാതെ ദൈവമില്ല എന്നിടത്ത് അവസാനിക്കുന്നതാണ് ഇസ്‌ലാമിലെ തൗഹീദ്. പക്ഷേ, മൗദൂദി അത് സമ്മതിക്കാന്‍ തയാറല്ല. അദ്ദേഹം അത് മനുഷ്യന്റെ അടിമത്തത്തിലേക്കും അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്കും വലിച്ചുനീട്ടുന്നു. ഇത് മൗദൂദിയുടെ സ്വന്തം നിര്‍മിതിയാണ്. പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത നിര്‍മിതി.
വീണ്ടും എഴുതുന്നു: ''സമസ്ത ലോകത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവിനോട് മാത്രം ഭയഭക്തി കാണിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുക എന്ന സമീപനം സ്വീകരിച്ചാല്‍ അത് തൗഹീദാവില്ല. അല്ലാഹുവിന്റെ അടിമകളായ മനുഷ്യര്‍ യജമാനനായും ഭരണാധികാരിയായും അല്ലാഹുവിനെ മാത്രം കാണുക കൂടി വേണം. അവന്റെ നിയമമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. നിയമദാതാവും വിധികര്‍ത്താവും പരമാധികാരിയുമായി അല്ലാഹുവിനെ മാത്രമേ വീക്ഷിക്കാവൂ. പരമാധികാരം ജനങ്ങള്‍ക്കോ ജനങ്ങളുണ്ടാക്കുന്ന നിയമനിര്‍മാണസഭകള്‍ക്കോ പാര്‍ലമെന്റിനോ ഒന്നും ഉണ്ടെന്നും കരുതിക്കൂടാ'' (അതേ പുസ്തകം പേജ് 72).
ഇവിടെ വിമര്‍ശകന്‍ പറയുന്നതുപോലെ അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ഈ അടിമയുടമാ കാഴ്ചപ്പാട് മൗദൂദിയുടെ സൃഷ്ടിയാണോ? ഖുര്‍ആന്‍ അത് സംബന്ധിച്ച് എന്തു പറയുന്നു എന്ന് പരിശോധിക്കാം.
ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
1. മനുഷ്യരുടെ റബ്ബ്, മനുഷ്യരുടെ രാജാവ്, മനുഷ്യരുടെ ഇലാഹ് (114:1-3).
ഖുര്‍ആന്‍ ചോദിക്കുന്നു: ''അല്ലാഹുവിനെയല്ലാതെ ഒരു 'ഹകമി'നെ ഞാന്‍ അന്വേഷിക്കണമെന്നോ, അവനല്ലോ നിങ്ങള്‍ക്ക് വിശദമായി ഈ ഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത്'' (6:114).
''ചോദിക്കുക: അല്ലാഹുവിനെയല്ലാതെ ഒരു റബ്ബിനെ ഞാന്‍ അന്വേഷിക്കണമെന്നോ, അവനല്ലോ എല്ലാറ്റിന്റെയും റബ്ബ്'' (6:164).
''മൂസാ ചോദിച്ചു: അല്ലാഹുവിനെയല്ലാതെ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇലാഹിനെ അന്വേഷിക്കണമെന്നോ, ലോകരിലും വെച്ച് നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനല്ലോ'' (7:140).
മേല്‍ ഖുര്‍ആന്‍ വചനങ്ങള്‍ പറഞ്ഞത് ഇതാണ്:
അല്ലാഹു മാത്രമാണ് മനുഷ്യന്റെ ഇലാഹ്, മനുഷ്യന്റെ റബ്ബും അവന്‍ മാത്രമാണ്. മനുഷ്യന്റെ ഹകമും അവന്‍ മാത്രം. അവന്‍ തന്നെയാണ് മനുഷ്യന്റെ രാജാവും.
ഇലാഹ് എന്നതിന് തല്‍ക്കാലം നമുക്ക് ആരാധ്യന്‍ എന്ന് അര്‍ഥം പറയാം. അതായത് മനുഷ്യന് അല്ലാഹുവല്ലാതെ ഒരാരാധ്യനില്ല.
ഹകം എന്നതിന്റെ അര്‍ഥമെന്താണ്? ഇമാം റാഗിബ് (ഹി. 502 ക്രി: 1109) പറയുന്നു: ''ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നവര്‍ക്ക് ഹാകിം എന്നും ഹുക്കാം എന്നും പറയും... ഹകം എന്നാല്‍ അക്കാര്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്തവനാണ്. അതിനാല്‍ തന്നെ അത് കൂടുതല്‍ ആശയസമ്പന്നവുമാണ്'' (അല്‍ മുഫ്‌റദാത്ത് പേജ് 134).
അപ്പോള്‍ മനുഷ്യന് അല്ലാഹുവല്ലാത്ത ഒരു നിയമദാതാവില്ല, ഉണ്ടാവാന്‍ പാടില്ല എന്ന് വന്നു.
ഇനി റബ്ബ് എന്നതിന്റെ അര്‍ഥം. ഇമാം ഇബ്‌നു കസീര്‍ (ഹി. 774 ക്രി. 1373) എഴുതുന്നു: ''സ്വതന്ത്ര കൈകാര്യാധികാരമുള്ള ഉടമയാണ് റബ്ബ്. യജമാനന്‍ എന്ന അര്‍ഥത്തിലും ഭാഷയില്‍ ആ പദം ഉപയോഗിക്കും'' (ഇബ്‌നു കസീറിന്റെ തഫ്‌സീര്‍ 1:23).
അതായത് അല്ലാഹു മനുഷ്യരുടെ ഉടമയാണ്. യജമാനനുമാണ്. അല്ലാഹുവല്ലാത്ത മറ്റൊരു ഉടമ മനുഷ്യനില്ല.
മലിക് എന്നാല്‍ രാജാവ് എന്നാണര്‍ഥമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അല്ലാഹുവല്ലാതെ ഒരു രാജാവില്ല. മറ്റൊരുവിധം പറഞ്ഞാല്‍ മനുഷ്യന്റെ ആരാധ്യനും വിധികര്‍ത്താവും ഉടമയും അല്ലാഹു മാത്രമാണ്.
മറ്റൊരു ചോദ്യം കൂടി ഖുര്‍ആന്‍ ഉന്നയിക്കുന്നുണ്ട്: ''ചോദിക്കുക. അല്ലാഹുവിനെയല്ലാതെ ഞാന്‍ ഒരു വലിയ്യിനെ സ്വീകരിക്കണമെന്നോ?'' (6:14). അതായത് മനുഷ്യന്റെ രക്ഷകനും അല്ലാഹു മാത്രമാണ്.
ഇനി അടിമ എന്ന് ഖുര്‍ആന്‍ ആര്‍ക്കൊക്കെ പ്രയോഗിച്ചിട്ടുണ്ടെന്ന് നോക്കാം. അബ്ദ് എന്നതിനാണ് നാം അടിമ എന്ന് പറയുന്നത്. ഖുര്‍ആന്‍ അബ്ദ് എന്ന പദം 30 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് ആരെയൊക്കെ കുറിച്ചാണെന്ന് നോക്കാം. മനുഷ്യനെക്കുറിച്ച് ഒരിടത്ത്. മൂസാ അന്വേഷിച്ചുപോയ ഖദിറിനെക്കുറിച്ച് ഒരിടത്ത്. സത്യവിശ്വാസികളെക്കുറിച്ച് മൂന്നിടത്ത്. മനുഷ്യന്റെ തന്നെ അടിമയെക്കുറിച്ച് നാലിടത്ത്. ഈസയെക്കുറിച്ച് മൂന്നിടത്ത്. ദാവൂദിനെക്കുറിച്ച് ഒരിടത്ത്. സകരിയ്യയെക്കുറിച്ച് ഒരിടത്ത്. അയ്യൂബിനെക്കുറിച്ച് രണ്ടിടത്ത്. നൂഹിനെപ്പറ്റി മൂന്നിടത്ത്. ലൂത്വിനെക്കുറിച്ച് ഒരിടത്ത്. സൂലൈമാനെക്കുറിച്ച് ഒരിടത്ത്. മുഹമ്മദ് നബിയെക്കുറിച്ച് ഒമ്പത് സ്ഥലത്ത്.
ഇനി അബ്ദ് എന്ന പദത്തിന്റെ ബഹുവചനരൂപമായ ഇബാദ്, അബീദ് എന്നീ പദങ്ങള്‍ പ്രയോഗിച്ചത് നോക്കാം. മനുഷ്യര്‍ ആരാധ്യനായി സങ്കല്‍പിച്ച വ്യാജ ദൈവങ്ങളെക്കുറിച്ച് മൂന്ന് സ്ഥലത്ത് ഇബാദ്-അടിയാറുകള്‍- എന്ന് പ്രയോഗിച്ചത് കാണാം. മൊത്തം മനുഷ്യരെക്കുറിച്ച് 46 സ്ഥലത്ത് ഇബാദും അഞ്ച് സ്ഥലത്ത് അബീദും. മലക്കുകളെക്കുറിച്ച് മൂന്നിടത്ത്. സൈന്യത്തെക്കുറിച്ച് ഒരിടത്ത്. ഇസ്രാഈല്യരെക്കുറിച്ച് മൂന്നിടത്ത്. പ്രവാചകന്മാരടക്കം വിശ്വാസികളെ 46 സ്ഥലത്ത്. മൊത്തം 97 സ്ഥലത്ത് ഇബാദ് എന്ന പദവും അഞ്ച് സ്ഥലത്ത് അബീദ് എന്ന പദവും. മൊത്തം 102 സ്ഥലത്ത്.
ഖുര്‍ആന്‍ അല്ലാഹുവിനെ ഉടമയും മനുഷ്യന്‍, മലക്ക്, ജിന്നാദി സൃഷ്ടികളെ അവന്റെ അടിയാറുകളുമായാണ് അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പ്രയോഗങ്ങള്‍ ധാരാളമാണ്. എന്നാല്‍ ഖുര്‍ആന്‍ അത്രയും കൊണ്ട് മതിയാക്കിയില്ല. പ്രപഞ്ചമാസകലത്തിന്റെയും ഉടമയായാണ് അത് അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. മൊത്തം പ്രപഞ്ചത്തിന്റെ ഉടയതമ്പുരാന്‍. അവന്റെ അടിമയാവാന്‍ സന്നദ്ധനല്ല എന്ന് പറയുകയോ വിചാരിക്കുകയെങ്കിലുമോ ചെയ്യുന്നവന്‍ ഖുര്‍ആന്റെ ഭാഷയില്‍ ധിക്കാരിയും അഹങ്കാരിയുമാണ്. മലക്കുകളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''ആദരണീയരായ അടിമകള്‍'' (21:25).
ഈസാ നബിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദാസനാവാന്‍ മസീഹ് അറച്ചു നില്‍ക്കുന്നേയില്ല. ദൈവസാമീപ്യം ലഭിച്ച മലക്കുകളുമില്ല. അവന്റെ 'അടിമത്തം' (ഇബാദത്ത്) വരിക്കാന്‍ അറച്ചുനില്‍ക്കുകയും അഹന്ത കൈക്കൊള്ളുകയും ചെയ്തവരുണ്ടെങ്കില്‍ അല്ലാഹു അവരെയൊക്കെ തന്റെയടുത്തേക്ക് കൊണ്ടുവരുന്നുണ്ട്'' (4:172).
മുഹമ്മദ് നബിയെക്കുറിച്ച്: ''നാം നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്തത് സംബന്ധിച്ച് നിങ്ങള്‍ സംശയത്തില്‍ പെട്ടുപോയെങ്കില്‍...'' (2:23).
''തന്റെ ദാസനെ ഒരു രാത്രി കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് പ്രയാണം ചെയ്യിച്ചവന്‍ പരിശുദ്ധനല്ലോ'' (17:1).
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനടക്കം എല്ലാമെല്ലാം അല്ലാഹുവിന്റെ പിടുത്തത്തിലും അധീനതയിലുമാണെന്ന് ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടുള്ളതാണ്. അതില്‍നിന്ന് കുതറിമാറാന്‍ ആര്‍ക്കും സാധ്യമല്ല. അതൊരു വൃഥാ ശ്രമം മാത്രം. താന്‍ അങ്ങനെ അടിമയാവാനൊന്നും തയാറല്ല, താന്‍ സ്വതന്ത്രനാണ് എന്നൊക്കെ വേണമെങ്കില്‍ അഹങ്കരിക്കാം, ധിക്കാരം പറയാം. ആ ഒരു സ്വാതന്ത്ര്യവും ഈ അടിയന് ഉടയ തമ്പുരാന്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. ''താല്‍പര്യമുള്ളവന് വിശ്വസിക്കാം. താല്‍പര്യമുള്ളവന് ധിക്കരിക്കാം. ധിക്കാരികള്‍ക്ക് നാം നരകം തയാര്‍ ചെയ്തുവെച്ചിട്ടുണ്ട്'' (ഖുര്‍ആന്‍ 18:29).
അത്തരക്കാരോട് ഖുര്‍ആന്‍ ഒരു കാര്യം കൂടി പറഞ്ഞു: ''സാധ്യമെങ്കില്‍ ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്ത് ചാടാനൊന്ന് ശ്രമിച്ചുനോക്കുവിന്‍'' (55:33).
ഖുര്‍ആന്റെ ഈ വിവരണത്തില്‍ നിന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാവുന്ന കാര്യം ഇതാണ്:
മനുഷ്യന്‍ അവന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, ഈ ഭൂമിയില്‍ ജനിച്ചുവീണതുമുതല്‍ അല്ല, അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ രൂപം കൊണ്ടത് മുതല്‍ അല്ലാഹുവിന്റെ അടിമയാണ്. ഈ 'തലയിലെഴുത്ത്' മായ്ച്ചുകളയാന്‍ അവന് സാധ്യമേ അല്ല. ഫ്യൂഡല്‍ വ്യവസ്ഥയിലെ അടിമ-ഉടമ സമ്പ്രദായമല്ല അത്. കൈയൂക്കുള്ളവന്‍ സ്വന്തം താല്‍പര്യത്തിനൊത്ത് മെനഞ്ഞുണ്ടാക്കിയ അനീതി നിറഞ്ഞ ഒരു വ്യവസ്ഥയായിരുന്നു അത്. ഇത് കാരുണ്യവാനായ അല്ലാഹുവിന്റെ കാരുണ്യകടാക്ഷത്തിന്റെ തേട്ടമാണ്. ഇവിടെ അനീതിയില്ല. അനുഗ്രഹം മാത്രം.
ഇവിടെയാണ് അല്ലാഹുവിന്റെ സ്ഥാനവും മനുഷ്യന്റെ സ്ഥാനവും എന്താണെന്ന് തീരുമാനിക്കേണ്ടിവരുന്നത്. അല്ലാഹുവിനോടുള്ള മനുഷ്യന്റെ സമീപനം എന്തായിരിക്കണമെന്ന് തീരുമാനിക്കണമെങ്കില്‍ ഈ തീരുമാനം അനിവാര്യമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ആ കാര്യത്തില്‍ രണ്ടാമതൊരഭിപ്രായം ഉണ്ടാവാനും പറ്റില്ല. ആ സ്ഥാനം ഖുര്‍ആന്‍ ഇപ്രകാരം നിര്‍ണയിക്കുന്നു.
1. അല്ലാഹു സ്രഷ്ടാവാണ്. മനുഷ്യന്‍ സൃഷ്ടിയാണ്.
2. അല്ലാഹു മാത്രമാണ് മനുഷ്യന്റെ ജനിമൃതികള്‍ നിശ്ചയിക്കുന്നത്. മനുഷ്യന് അതില്‍ ഒരു സ്വാധീനവുമില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ നിയമത്തിന് കീഴടങ്ങാന്‍ അവന്‍ നിര്‍ബന്ധിതനാണ്.
3. അല്ലാഹുവാണ് മനുഷ്യന് വേണ്ട വിഭവങ്ങളത്രയും നല്‍കുന്നത്. ആ വിഭവങ്ങള്‍ മാത്രമാണ് മനുഷ്യന്‍ അനുഭവിക്കുന്നത്. മറ്റൊരിടത്ത് നിന്നും അവന് യാതൊന്നും ലഭിക്കുന്നില്ല, ലഭിക്കുകയുമില്ല.
4. അല്ലാഹുവിന്റെ തീരുമാനം തിരുത്തിക്കാന്‍ പോന്ന ഒരു ശക്തിയും പ്രപഞ്ചത്തിലോ പ്രപഞ്ചത്തിന് പുറത്തോ ഇല്ല.
5. അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ല. ആരെ പരാജയപ്പെടുത്താനും അല്ലാഹുവിന് ഒരു പ്രയാസവുമില്ല.
6. സൃഷ്ടിപ്പിന്റെ കാര്യത്തിലും മനുഷ്യനല്ല സങ്കീര്‍ണ സൃഷ്ടി. ആകാശഭൂമികളാണ്. ആകാശഭൂമികളെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ മുമ്പില്‍ ഒരു സൃഷ്ടി എന്ന നിലക്ക് മനുഷ്യന്‍ തീര്‍ത്തും നിസ്സാരനും നിസ്സഹായനുമാണ്.
7. സകല ലോകത്തിന്റെയും നിയന്ത്രണം അല്ലാഹുവിന്റെ കൈകളിലാണ്. അവന്റെ എല്ലാവിധ അനുഗ്രഹങ്ങളുടെയും ഖജനാവിന്റെ താക്കോലും അവന്റെ കൈകളില്‍ തന്നെ. അതിലൊന്നിലും ആര്‍ക്കും കൈകടത്താന്‍ സാധ്യമല്ല.
8. കല്‍പിക്കാനുള്ള അധികാരം അവനില്‍ നിക്ഷിപ്തമാണ്. മനുഷ്യന് അനുസരിക്കാനുള്ള ബാധ്യത മാത്രമാണുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ ചോദ്യം ചെയ്യാനോ അവയെ ധിക്കരിക്കാനോ അവന് സ്വാതന്ത്ര്യമില്ല.
9. കര്‍മവും വിശ്വാസവും എന്തുതന്നെയായാലും മനുഷ്യന്‍ അവയെക്കുറിച്ചെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് -സമാധാനം- ബോധിപ്പിക്കേണ്ടിവരും. അതില്‍ നിന്ന് കുതറി മാറാന്‍ അവന് സാധ്യമല്ല.
ഇത്രയും കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഏതൊരാളും അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്, അല്ലാഹു തന്റെ ഉടമയും യജമാനനുമാണെന്നും താന്‍ അല്ലാഹുവിന്റെ അടിമയാണെന്നുമുള്ള കാര്യം. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കെന്നല്ല, ദൈവത്തില്‍ വിശ്വാസമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരാളും തൗഹീദ് അംഗീകരിച്ചവനാകുന്നുമില്ല.
ഈ വസ്തുതകള്‍ അംഗീകരിച്ച് താന്‍ അല്ലാഹുവിന്റെ അടിമയാണെന്ന് ഏറ്റു പറയുന്ന ഒരു വിശ്വാസി അനുഭവിക്കുന്ന ആത്മനിര്‍വൃതി എന്ന ഒന്നുണ്ട്. അത് ഈ വസ്തുതയെ തള്ളിപ്പറയുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ ആവുകയുമില്ല.
ഫ്യൂഡല്‍ വ്യവസ്ഥയിലെ അടിമ ഉടമ ബന്ധമല്ല അല്ലാഹുവിനും അവന്റെ അടിമക്കും തമ്മിലുള്ളത്. അതുകൊണ്ടാണ് മുഹമ്മദ് നബി പറഞ്ഞത്: ''എന്നെ സംബന്ധിച്ച് നിങ്ങള്‍ അല്ലാഹുവിന്റെ അടിമയും ദൂതനും എന്ന് പറയുക.''
നബിയുടെ ഈ പ്രസ്താവത്തില്‍ അടിമക്കാണ് പ്രഥമ സ്ഥാനം. ദൂതന്‍ രണ്ടാമനാണ്. താന്‍ ദൂതനാവുന്നതിന് മുമ്പും അടിമയാണ്, ദൂതനായിരുന്നില്ലെങ്കിലും അടിമയാണ്. അടിമ എന്ന വിശേഷണമാണ് തനിക്കും കൂടുതല്‍ ചേര്‍ന്നത്. അത് നിഷേധിച്ചുകൊണ്ട് തനിക്ക് നിലനില്‍പില്ലെന്ന്.
വിനയാന്വിതനായ അടിമ ഉടമയുടെ കല്‍പനകള്‍ അനുസരിക്കുമ്പോള്‍, അവനോട് പ്രാര്‍ഥിക്കുമ്പോള്‍ സംപ്രീതനായ കരുണക്കടലായ അല്ലാഹുവും അടിമക്ക് അനുഗ്രഹം വര്‍ഷിക്കുന്നു. അവനെ കടാക്ഷിക്കുന്നു. പരലോകത്ത് അര്‍ഹമായ പ്രതിഫലവും നല്‍കുന്നു.
ഇവിടെയാണ് അടിമത്തം യഥാര്‍ഥ സ്വാതന്ത്ര്യമായി വിശ്വാസിക്ക് അനുഭവപ്പെടുന്നത്. ശരീരത്തെ തന്നെപ്പോലെയുള്ള ഒരാളുടെ ചൊല്‍പടിക്ക് ഏല്‍പിച്ചുകൊടുത്ത് ആജീവനാന്തം അയാളുടെ കീഴില്‍ ആട്ടും തൊഴിയും സഹിച്ച് കഴിഞ്ഞുകൂടുന്നതിന് മാത്രമാണ് അടിമത്തം എന്ന് പറയുന്നതെന്നത് തെറ്റിദ്ധാരണ മാത്രമാണ്. തന്നെപ്പോലെയുള്ള ആളുകള്‍ മെനയുന്ന നിയമവ്യവസ്ഥകള്‍ക്ക് കീഴടങ്ങുന്നതും അടിമത്തം തന്നെയാണ്. അതിന് എന്ത് പേരിട്ടു വിളിക്കുന്നു എന്നതല്ല പ്രധാനം. ഒരാളുടെ -തന്റെ സ്രഷ്ടാവിന്റെ- മാത്രം അടിമയാകണമോ പലരുടെയും -തന്നെപ്പോലെയുള്ള സൃഷ്ടികളുടെ- അടിമയാകണമോ എന്നതാണ് പ്രശ്‌നം. സ്രഷ്ടാവിന്റെ മുമ്പില്‍ താനും അവനും തുല്യം. അവിടെ കണക്ക് ബോധിപ്പിക്കാന്‍ തനിക്കെന്നപോലെ അപരന്നുമുണ്ട് ബാധ്യത. മറ്റൊരാള്‍ക്ക് അയാള്‍ അര്‍ഹിക്കാത്ത സ്ഥാനം നല്‍കിയതിന്റെ പേരിലാണ് താന്‍ ചോദ്യം ചെയ്യപ്പെടുന്നതെങ്കില്‍ താന്‍ അര്‍ഹിക്കാത്ത സ്ഥാനം തനിക്കുണ്ടെന്ന് അവകാശപ്പെട്ടതിനാവും അപരന്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന വ്യത്യാസമുണ്ട് എന്നു മാത്രം.
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന്‍ എല്ലായിടത്തും ചങ്ങലക്കെട്ടുകളിലാണ് എന്നത് റൂസ്സോവിയന്‍ നിരീക്ഷണം (ദൈവത്തിന്റെ രാഷ്ട്രീയം പേജ് 69) അല്ല. അത് ആദ്യം ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. ഖുര്‍ആന്‍ നബിയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ''അദ്ദേഹം അവരുടെ ഭാരങ്ങള്‍ ഇറക്കിവെക്കും. അവരെ വരിഞ്ഞുകെട്ടിയ ചങ്ങലക്കുരുക്കുകള്‍ അഴിച്ചുമാറ്റും'' (7:157).
ഇസ്‌ലാമിലെ രണ്ടാം ഖലീഫ ഈജിപ്തിലെ തന്റെ ഗവര്‍ണറോട് ചോദിച്ചത് സുവിദിതമാണ്: ''അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരായാണ്. പിന്നെ എന്നു മുതലാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്?''
ഗവര്‍ണറുടെ മകന്‍ ഒരു സാധാരണക്കാരനായ അമുസ്‌ലിമിന്റെ മകനെ അടിച്ചതിനാണ് ഗവര്‍ണറോടുള്ള ഉമറിന്റെ ഈ ആക്രോശം. നമ്മുടെ ജനാധിപത്യത്തില്‍ ഗവര്‍ണറിനും മകനുമെന്നല്ല ഏത് പ്യൂണിനും ഇനി അതും അല്ലാത്തവനും ആരെയും എന്തും ചെയ്യാവുന്ന അവസ്ഥയാണുള്ളത്. തെളിവ് ആവശ്യമില്ലാത്ത വിധം ഏതു ജനാധിപത്യവാദിയുടെ ഭരണത്തിലും ഇത് സര്‍വസാധാരണമാണ്. ഈ അടിമത്തം തുടച്ചുമാറ്റാന്‍ ഇസ്‌ലാമിനേ കഴിഞ്ഞിട്ടുള്ളൂ.
സ്വാതന്ത്ര്യം എന്ന ആശയം സംബന്ധിച്ച് ഇസ്‌ലാമും ഇതര പ്രത്യയശാസ്ത്രങ്ങളും ഭിന്ന കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഒന്നിന്റെ അളവ് കോല്‍ വെച്ച് മറ്റേതിനെ അളക്കുന്നതില്‍ അര്‍ഥമില്ല. മനുഷ്യനെക്കുറിച്ചും അവന്റെ ജനിമൃതികളെക്കുറിച്ചുമൊക്കെയുമുണ്ട് ഈ വീക്ഷണവൈരുധ്യം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യമല്ല കമ്യൂണിസത്തിന്റെ വിഭാവനയിലുള്ളത്. അത് രണ്ടിന്റേതുമല്ല മുതലാളിത്തത്തിന്റെ വിഭാവനയിലുള്ളത്. ജനാധിപത്യത്തിന്റെ കാഴ്ചപ്പാടും ഇപ്പറഞ്ഞതിന്റെയൊക്കെ കാഴ്ചപ്പാടുമായുമുണ്ട് മൗലിക വ്യത്യാസം. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ അടിമയും അല്ലാഹു ഉടമയുമാണ്. അക്കാര്യം നാം വിശദീകരിച്ചുകഴിഞ്ഞു. മനുഷ്യന്‍ പ്രജയാണ്. അല്ലാഹു രാജാവാണ്. രാജാവിനാണ് അധികാരം. നിയമനിര്‍മാതാവും അവന്‍ തന്നെ. ഇസ്‌ലാം അംഗീകരിക്കുന്ന ഏതൊരാളും ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. 'മനുഷ്യരുടെ രാജാവ്' എന്നാണ് 114-ാം അധ്യായത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 25:2-ല്‍ പറയുന്നത് രാജാധിപത്യത്തിന്റെ കാര്യത്തില്‍ അവന് ഒരുവിധ പങ്കാളിയും ഇല്ലെന്നാണ്. 17:111-ലും ഈ കാര്യം പറയുന്നുണ്ട്. രാജാവ് എന്നതിന് അറബിഭാഷയില്‍ മലിക് എന്ന് പറയുന്നു. മലിക് എന്ന പദത്തിന് ഇമാം റാഗിബ് നല്‍കുന്ന അര്‍ഥം ഇപ്രകാരമാണ്:
''ഭൂരിപക്ഷത്തില്‍ കല്‍പിച്ചും നിരോധിച്ചും കാര്യം കൈയാളുന്നവന്‍. മനുഷ്യരെ ഭരിക്കുന്നതുമായി മാത്രം ബന്ധപ്പെട്ടതാണത്. അതുകൊണ്ടാണ് മനുഷ്യരുടെ രാജാവ് എന്ന് പറയുന്നത്. വസ്തുക്കളുടെ രാജാവ് എന്ന് പറയാത്തതും അതുകൊണ്ടാണ്'' (അല്‍ മുഫ്‌റദാത്ത് 475).
അല്ലാഹു മനുഷ്യരുടെ രാജാവെങ്കില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ സാമ്രാജ്യത്തിലെ പ്രജയാണ്. അതായത് അടിമയും പ്രജയുമായ മനുഷ്യന് നിയമം നിര്‍മിക്കേണ്ടത് ഉടമയും രാജാവുമായ അല്ലാഹുവാണ്. അതുകൊണ്ടാണ് നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രം എന്ന് ഖുര്‍ആന്‍ പറഞ്ഞതും ഇസ്‌ലാമിക പണ്ഡിതന്മാര്‍ എക്കാലത്തും അതേറ്റു പറഞ്ഞതും.
ഒരേ കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും- ഉടമക്കും അടിമക്കും രാജാവിനും പ്രജക്കും- പരമാധികാരം എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. അടിമക്ക് അടിമ തന്നെ നിയമം ആവിഷ്‌കരിക്കുക, ഉടമ അതംഗീകരിച്ചുകൊടുക്കുക എന്നതും സാമാന്യ ബുദ്ധി അംഗീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെ 'മനുഷ്യന്റെ യാതൊരു വ്യവഹാരങ്ങളിലും ഇടപെടാത്ത ദൈവത്തിന് പരമാധികാരം നല്‍കുക' (ദൈവത്തിന്റെ രാഷ്ട്രീയം പേജ് 72)യല്ല മൗദൂദി ചെയ്തത്. മനുഷ്യന്റെ യാതൊരു വ്യവഹാരങ്ങളിലും ഇടപെടാത്ത ദൈവം എന്ന ഒന്നില്ല താനും. ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ച എത്ര വലിയ നിര്‍മതവാദിക്കും അങ്ങനെ വാദിക്കാനുമാവുകയില്ല. ''മനുഷ്യന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതമടക്കമുള്ള സകല തലങ്ങളിലും സമൂഹ ബാഹ്യപ്രതിഭാസമായ ദൈവത്തിന്റെ കല്‍പനകള്‍ മാത്രമേ മനുഷ്യര്‍ സ്വീകരിച്ചുകൂടൂ'' (ദൈവത്തിന്റെ രാഷ്ട്രീയം, പേജ് 73) എന്ന് 'അവര്‍' കല്‍പിച്ചതല്ല, അല്ലാഹു കല്‍പിച്ചതാണ്.
ദൈവത്തെ സമൂഹ ബാഹ്യ പ്രതിഭാസം എന്ന് പറഞ്ഞതില്‍ തന്നെയുമുണ്ട് അസാംഗത്യം.
ഒന്നാമതായി, ദൈവം സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും വാദിച്ചിട്ടില്ല. വാദിക്കുകയുമില്ല. വ്യക്തികള്‍ കൂടുമ്പോഴാണ് സമൂഹം രൂപപ്പെടുന്നത്. അല്ലാഹു ഏകനാണ്. അവന്‍ സ്രഷ്ടാവാണ്. സൃഷ്ടികളിലേ വ്യക്തികളും വ്യക്തികളാല്‍ രൂപം കൊണ്ട സമൂഹവും ഉണ്ടാവൂ. അതിനാല്‍ തന്നെ അല്ലാഹു സമൂഹബാഹ്യം മാത്രമല്ല, പ്രപഞ്ചബാഹ്യം കൂടിയാണ്.  പ്രപഞ്ചത്തിന്റെ ഭാഗവുമല്ല അവന്‍.
അല്ലാഹു -അവനെക്കുറിച്ചാണ് ദൈവം എന്ന് പറയുന്നതെങ്കില്‍- അവന്‍ ഒരു പ്രതിഭാസമല്ല. പ്രതിഭാസം എന്ന പദത്തിന് ശബ്ദതാരാവലിയില്‍ നല്‍കുന്ന അര്‍ഥം ഇതാ: പ്രതിഭാസം = തോന്നല്‍ (പെട്ടെന്ന് ഉള്ളില്‍ തോന്നുന്നത്), ബാഹ്യാകൃതി, സംഭവം, കാഴ്ച, മിഥ്യാഭാവം.
മേല്‍ പറഞ്ഞതില്‍ ഏതര്‍ഥമനുസരിച്ചാണാവോ 'ദൈവത്തിന്റെ രാഷ്ട്രീയ'ക്കാരന്‍ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുണ്ടാവുക?
വിശ്വാസികളെ സംബന്ധിച്ചേടത്തോളം അല്ലാഹു ഒരു യാഥാര്‍ഥ്യമാണ്. പരമ യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തെ തോന്നലായി അംഗീകരിക്കാന്‍ അവന് സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രതിഭാസം എന്ന് ഗ്രന്ഥകാരന്‍ പറഞ്ഞത് വിശ്വാസികളെ പരിഹസിക്കാനാണ്. തന്റെ യഥാര്‍ഥ വിശ്വാസം തുറന്ന് പറയാന്‍ അദ്ദേഹത്തിനൊട്ട് ചങ്കൂറ്റമില്ല. അത് തുറന്ന് പറഞ്ഞാല്‍ കള്ളി പൊളിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം