Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

മദ്‌റസാ പ്രസ്ഥാനം

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

കേരളത്തില്‍ മുസ്ലിം കുട്ടികളുടെ മതപഠനാര്‍ഥം മദ്റസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് പണ്ഡിതവര്യനായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആണെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. എം.സി.സി സഹോദരങ്ങളുടെ പിതാവായ കുഞ്ഞഹമ്മദ് ഹാജി സര്‍വകലാ വല്ലഭനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു. വാഴക്കാട് പള്ളിദര്‍സിന്റെ സിലബസ് പരിഷ്കരണത്തോടെയാണ് മദ്റസാ സമ്പ്രദായത്തിന് അദ്ദേഹം നാന്ദി കുറിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലായിരുന്നു ഇത്. പിന്നീട് മുസ്ലിം ഐക്യസംഘവും സലഫീ മുജാഹിദ് വിഭാഗവും മദ്റസാ പ്രസ്ഥാനം ഏറ്റെടുത്ത് മുന്നോട്ടു നയിച്ചു. സ്കൂള്‍ മാതൃകയിലുള്ള പരിഷ്കരണങ്ങള്‍ മദ്റസകളില്‍ നടപ്പാക്കിയപ്പോഴും പാഠപുസ്തകങ്ങളുടെ ഭാഷയും ലിപിയും പൊതുവെ അറബി മലയാളം തന്നെയായിരുന്നു.
പില്‍ക്കാലത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ മതപഠനം നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മദ്റസാ വിദ്യാഭ്യാസത്തിന് ശക്തവും സ്വയംപര്യാപ്തവുമായ വ്യക്തിത്വം കൈവന്നത്. അതൊരു അനിവാര്യതയായിരുന്നു.
പഴയ പള്ളി ദര്‍സ് ശൈലിയില്‍നിന്ന് മാറാന്‍ സുന്നി മനസിന് എളുപ്പമായിരുന്നില്ല. സുന്നിവിഭാഗത്തിന് മദ്റസാ പ്രസ്ഥാനത്തോട് ആദ്യകാലങ്ങളില്‍ കടുത്ത എതിര്‍പ്പായിരുന്നു. മദ്റസാ പഠന രീതിയോട് പൊരുത്തപ്പെടാന്‍ സ്വാഭാവികമായും അവര്‍ക്ക് പ്രയാസം കാണുമായിരുന്നു. എന്നാല്‍ മദ്റസാ സമ്പ്രദായത്തോട് എന്നതിനെക്കാള്‍, അതിന്റെ നടത്തിപ്പുകാര്‍ 'വഹ്ഹാബി'കളാണ് എന്നതായിരിക്കണം സുന്നി എതിര്‍പ്പിന്റെ മൂലഹേതു. മദ്റസാ രീതിയില്‍ പഠിച്ച് പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ വഹാബികളും പിഴച്ചവരും ആയിത്തീരുമെന്ന് സുന്നിവിഭാഗത്തിന് ആശങ്കയുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു സുന്നി പണ്ഡിതന്‍, 'അരീക്കല്‍ ഓര്‍' എന്ന് വിശേഷണമുള്ള മുയിപ്പോത്ത് അരീക്കല്‍ അമ്മദ് മുസ്ലിയാര്‍ രചിച്ച രസകരമായ ഒരു അറബി മലയാളഗാനം ഇപ്പറഞ്ഞതിലേക്കെല്ലാം സൂചന നല്‍കുന്നതാണ്. അതിങ്ങനെ:
"ഇബ്ലീസ് മദ്റസയിട്ടു ഫീ അര്‍ദില്ലാ
നാടാകെ ദീന് നടത്തി ലഅ്നത്തുല്ലാ
മീമുന്‍ ലി മദ്റസത്തിന്‍ വ മീമു ജഹന്നമീ
ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ
മൂസാ നബിക്കെതിരായി പണ്ടൊരു മൂസാ*
ഇസ്ലാമിനെതിരാണിന്ന് കുഞ്ഞിമ്മൂസാ**
ഒരുകാലത്തും ലാ തജ്അലുല്‍ ബനീന
മദ്റസ വഴിയില്‍ യതഅല്ലമൂനാ
മൌലൂദിനും തടസ്സമല്ലേ ഖാലൂ
ഉണ്ടോ ഇവര്‍ക്ക് നാലു കാലും വാലും''
(പൈങ്ങോട്ടായി എ.കെ കുഞ്ഞമ്മദ് സാഹിബിന്റെ കുറിപ്പില്‍നിന്ന്
* മൂസാ- മൂസാ സാമിരി
** കുഞ്ഞിമ്മൂസാ - പഴയ മുജാഹിദ് നേതാവ് പി.കെ മൂസ മൌലവി)
എന്നാല്‍ പില്‍ക്കാലത്ത് സുന്നിവിഭാഗം മദ്റസ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുക തന്നെയായിരുന്നു. കേരള മുസ്ലിംകളില്‍ വലിയ ഭൂരിപക്ഷം, പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത്, മതപരമായി സുന്നികളാണല്ലോ. അവരുടെ അളവറ്റ മനുഷ്യശേഷിയും വിഭവശേഷിയും ഈ മേഖലയിലേക്ക് തിരിച്ചു വിട്ടപ്പോള്‍ അത് അവരെ സംബന്ധിച്ചേടത്തോളം ഒരു വിദ്യാഭ്യാസ വിപ്ളവം തന്നെയായിരുന്നു. ഇന്ന് പതിനയ്യായിരത്തില്‍പരം മദ്റസാ സ്ഥാപനങ്ങള്‍ സുന്നികളുടേതായി ഉണ്ടെന്നാണ് അറിവ്. പഠന സംവിധാനങ്ങള്‍, പാഠപുസ്തകങ്ങള്‍, പരീക്ഷ, ഇന്‍സ്പെക്ഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സുന്നി സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ വളര്‍ച്ചയും കെട്ടുറപ്പും നേടിയെടുത്തിരിക്കുന്നു. അതേസമയം ആ വളര്‍ച്ചക്കനുരൂപമായ ആശയ വിശാലതയും സഹിഷ്ണുതാ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ സമുദായത്തിന് മൊത്തം അത് വലിയൊരു മുതല്‍ക്കൂട്ടാവുമായിരുന്നു. എതിരഭിപ്രായമുള്ളവരോട് സലാം ചൊല്ലുന്നതും തുടര്‍ന്നുനമസ്കരിക്കുന്നതും മറ്റും വിലക്കുന്ന പാഠഭാഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഖേദകരമാണ്.
മദ്റസാ പ്രസ്ഥാനത്തിന് സവിശേഷമായൊരു മുഖവും മുദ്രയും നല്‍കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വഹിച്ച പങ്ക് പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. 1950കളുടെ ആരംഭം തൊട്ട് കേരളമണ്ണില്‍ ശക്തമായി വേരൂന്നി വളര്‍ന്ന ജമാഅത്ത്, മദ്റസാ പ്രസ്ഥാനത്തിന് പുത്തനുണര്‍വും നൂതന ശൈലീ ഭാവങ്ങളും നല്‍കുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
മലയാള ലിപിയില്‍ സമ്പൂര്‍ണ പാഠപുസ്തക പരിഷ്കരണം, കുരുന്ന് കലാവാസനകളുടെ പ്രോത്സാഹനം, പഠനനിലവാരം, സര്‍വോപരി ആദര്‍ശാത്മകമായ അന്തരീക്ഷം എന്നിതുകളിലെല്ലാം ജമാഅത്ത്സ്ഥാപനങ്ങള്‍ ഏറെ മികച്ചുനിന്നു. ഏറ്റവും ശ്രദ്ധേയമായത് രക്ഷിതാക്കളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തമായിരുന്നു. മദ്റസാ വാര്‍ഷിക പരിപാടികള്‍ അതത് പ്രദേശത്തുകാര്‍ക്ക് മതപരവും വിദ്യാഭ്യാസപരവുമായ ഒരു ആഘോഷമായിരുന്നു. കടകളടച്ചും ശ്രമദാനങ്ങളര്‍പ്പിച്ചും സംഭാവനകള്‍ നല്‍കിയും നാട്ടുമ്പുറത്തുകാര്‍ മദ്റസാ വാര്‍ഷികത്തെ സ്വന്തം ആഘോഷമായി കൊണ്ടാടുകയായിരുന്നു.
സമ്മേളനവേദിയില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ നാട്ടുകാര്‍ക്ക് കണ്ണും കാതും കവരുന്ന കലാവൈജ്ഞാനിക വിരുന്നായിരുന്നു. ഇതിലെല്ലാം മര്‍ഹൂം യു.കെ ഇബ്റാഹിം മൌലവിയുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യം എന്നെന്നും സ്മരിക്കപ്പെടും. അബൂ സഹ്ലയുടെ അറിയപ്പെടുന്ന പാട്ടുകളില്‍ മിക്കതും ഇത്തരം വാര്‍ഷികങ്ങളില്‍ പിറന്നുവീണതാണ്. ഈ മേഖലയില്‍ ഇത്രയേറെ മുന്നോട്ടുപോകാന്‍ കരുത്തുകാട്ടിയ ഒരേയൊരു ദീനീ പ്രസ്ഥാനം ആ കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ്. പ്രസ്ഥാന വൃത്തത്തിനു പുറത്തും ഇത് സ്വാധീനം ചെലുത്തിയതിന് ഉദാഹരണങ്ങളേറെ. കുറ്റ്യാടി മദ്റസയിലെ മലയാളം അധ്യാപകന്‍ അഡ്വ. സി.എം അഹ്മദ് കുട്ടി വിദ്യാര്‍ഥികള്‍ക്കുവേണ്ടി എഴുതിയ മാര്‍ച്ചിംഗ് സോംഗിലെ ഈ വരികള്‍ ശ്രദ്ധിക്കുക:
വരുന്നു ഞങ്ങളിന്നിതാ
ഉണര്‍ന്നെണീറ്റ ശക്തികള്‍
വരുന്നു സത്യദീനിനെ
എടുത്തുയര്‍ത്തി നിര്‍ത്തുവാന്‍
കുടിലമതികള്‍ തീര്‍ത്തുവെച്ച
വെടിമരുന്നു ശാലകള്‍
കടപുഴക്കി എറിയും ഞങ്ങള്‍
പുതിയലോക ശില്‍പികള്‍''
അഡ്വ. അഹ്മദ്കുട്ടി സാഹിബ് കോണ്‍ഗ്രസ് ആശയക്കാരനായിരുന്നു. ഒരിക്കലും ഒരു ഇസ്ലാമിസ്റോ ജമാഅത്തുകാരനോ ആയി അറിയപ്പെട്ടിരുന്നില്ല. എന്നാലും സ്ഥാപനവും പ്രസ്ഥാനവുമായുള്ള അടുത്ത സമ്പര്‍ക്കം അദ്ദേഹത്തെ ഏതോ വിധത്തില്‍ സ്വാധീനിച്ചിരുന്നു. നല്ല ഒരു യുവ കവിയായിരുന്നു സി.എം. അദ്ദേഹത്തിന്റെ ചില കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതായി ഓര്‍ക്കുന്നു. കുറ്റ്യാടി ഇസ്ലാമിയാ കോളേജ് വാര്‍ഷികങ്ങളില്‍ സി.എമ്മിന്റേതായി ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ പിറവി കൊണ്ടിട്ടുണ്ട്.
മദ്റസാ പ്രസ്ഥാനത്തില്‍നിന്ന് കോളേജ് തലത്തിലേക്കുള്ള ശ്രദ്ധേയമായ വളര്‍ച്ചയായിരുന്നു ജമാഅത്തെ ഇസ്ലാമി രൂപകല്‍പന ചെയ്ത ആര്‍ട്സ് ആന്റ് ഇസ്ലാമിക് കോഴ്സ് (എ.ഐ.സി). അന്നത്തെ സാഹചര്യത്തില്‍ കേരള മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ഇത് നല്ലൊരു ആകര്‍ഷണ കേന്ദ്രമായിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും വലിയൊരു നേട്ടമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ സമുദായത്തില്‍ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം സംഭവിച്ചുകഴിഞ്ഞ നിലവിലുള്ള സാഹചര്യത്തില്‍ ഈ സംവിധാനത്തിന്റെ പ്രത്യേകത നഷ്ടപ്പെട്ടുവെന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ എ.ഐ.സി സ്ഥാപനങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിലനില്‍പും വളര്‍ച്ചയും ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ദിശയിലുള്ള ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.
കൂട്ടത്തില്‍, രസമുള്ള ഒരു ഥൂഫാന്‍ കഥ: ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജ് വാര്‍ഷികമാണ് രംഗം. നിറഞ്ഞ സദസ്സ്. ഘനഗംഭീരമായ പരിപാടികള്‍. മുഖ്യപ്രഭാഷണങ്ങളും മറ്റും കഴിഞ്ഞ്, യു.കെ ആന്റ് പാര്‍ട്ടിയുടെ കലാപരിപാടിയുടെ അരങ്ങേറ്റമാണ്. സദസ്സ് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു. നൂഹ് നബിയുടെ കാലത്തെ 'ഥൂഫാന്‍' എന്ന മഹാപ്രളയമാണ് കഥാഗാനത്തിന്റെ ഇതിവൃത്തം. പാട്ട് ആരംഭിച്ചുകഴിഞ്ഞു. പെട്ടെന്ന് അന്തരീക്ഷത്തിനു ഒരു ഭാവപ്പകര്‍ച്ച. മാനം കറുത്തിരുണ്ടു, മഴമേഘങ്ങള്‍ കനത്തു തൂങ്ങി. പിന്നെയൊരു പെയ്യലാണ്. തുള്ളിക്കൊരു കുടം എന്ന മട്ടില്‍! യു.കെയുടെ ഇമ്പമാര്‍ന്ന ഗാന തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നു. (രീതി - പോലെ നടപ്പ് ശീലമില്‍):
"ധാരാധരത്തിന്‍ ധാരകള്‍ - ധാത്രിയിലേക്ക് യാത്രയായ്
കോരിച്ചൊരിഞ്ഞു പെയ്യലായ് - കുത്തിയൊലിച്ചു ചാടലായ്
ഭൂമി പിളര്‍ന്നുറവുകള്‍ - ഭീമ തരത്തില്‍ പൊന്തലായ്
അംബരത്തോട് മത്സരം - ആണെന്ന് തോന്നും ഹാലിലായ്
നാടുകളാകെ മൂടലായ് - നാട്ടുകാരോടിപ്പായലായ്
പീഠതലങ്ങള്‍ തേടലായ് - പിന്നെയും വെള്ളം പൊന്തലായ്
.........................................................................................''
അങ്ങനെ, സമ്മേളനാന്ത്യം മഴയില്‍ കുളിച്ചെങ്കിലും സദസ്സ് പരിഭ്രാന്തമായില്ല. കാരണം, മഴയെ ഇവിടെ ആപത്തായല്ല, അനുഗ്രഹമായാണ് കണ്ടത്. അന്നത്തെ അനുഭവമുള്ള ആരും സംഭവം മറന്നിരിക്കാനിടയില്ല.
മാമുഹാജിയെന്ന മഹാമനസ്കന്‍
കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് വടക്കേ മലബാറിലെ ഇരിക്കൂര്‍ സ്വദേശി മര്‍ഹൂം പി.സി മാമുഹാജി. ആര്‍ജവവും ഗാംഭീര്യവുമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാമുഹാജി. മരക്കച്ചവടമായിരുന്നു പ്രധാനതൊഴില്‍. സ്വകാര്യ-സര്‍ക്കാര്‍ വനമേഖലകളില്‍നിന്ന് തടിമരങ്ങള്‍ ലേലത്തില്‍ പിടിച്ച് അറുത്ത് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന കച്ചവടം അന്ന് വളരെ പ്രചാരത്തിലിരുന്ന  വരുമാനമാര്‍ഗമായിരുന്നു (കേരളത്തിലെ സമൃദ്ധമായ വനമേഖലകള്‍ കൃഷിഭൂമികളായി മാറിയത് ഇത്തരം സംഭവങ്ങളിലൂടെയാണ്. ഇന്ന് ഇതേ വിഡ്ഢിത്തമാണ് മലേഷ്യക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ തടിമരങ്ങള്‍ ഏതാണ്ട് അവസാനിച്ച് കഴിഞ്ഞ ശേഷം ഇപ്പോള്‍ മലേഷ്യയില്‍നിന്ന് മരങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്).
മാമുഹാജി, മരക്കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് വലിയൊരു സംഖ്യ ദീനീ മാര്‍ഗത്തില്‍, പ്രത്യേകിച്ച് മദ്റസാ വിദ്യാഭ്യാസ കാര്യങ്ങളില്‍ ചെലവഴിക്കാന്‍ വളരെ ഉത്സുകനായിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ആലിയ അറബിക് കോളേജിന്റെ നടത്തിപ്പിലും നിലനില്‍പിലും പ്രധാന അവലംബവും സാമ്പത്തിക സ്രോതസ്സുമായിരുന്നു അദ്ദേഹം. 1950 മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ വളര്‍ന്നുവന്ന മദ്റസാ പ്രസ്ഥാനത്തിന്റെ നിലനില്‍പിലും വളര്‍ച്ചയിലും മാമുഹാജിയുടെ പ്രോത്സാഹനവും സഹായസഹകരണങ്ങളും വളരെ വലുതായിരുന്നു. കുറ്റ്യാടി, ചേന്ദമംഗല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാസ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തോടുള്ള കടപ്പാട് എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. എന്നാല്‍ ദീനീ പ്രവര്‍ത്തനങ്ങളില്‍ മാമുഹാജിക്ക് കക്ഷി ഭേദമോ സംഘടനാപക്ഷപാതിത്വമോ ഉണ്ടായിരുന്നില്ലെന്ന കാര്യവും മുമ്പ് സൂചിപ്പിച്ചതാണ്. ദീനീ സ്ഥാപനങ്ങള്‍ പ്രയാസങ്ങളനുഭവിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സഹായഹസ്തം നീളുമായിരുന്നു.
വലിയ മതഭക്തനും ഉദാരമതിയുമായ മാമുഹാജി അല്ലാഹുവിന്റെ സഹായത്തില്‍ എന്നും വലിയ വിശ്വാസം പുലര്‍ത്തിയിരുന്നു. സ്വന്തം അനുഭവം തന്നെയാണ് അതിനടിസ്ഥാനം. അദ്ദേഹം തന്നെ എന്നോടു പറഞ്ഞ ഒരു സംഭവമുണ്ട്: ഒരിക്കല്‍ ഹാജി കച്ചവടം പൊളിഞ്ഞ് പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം വീട്ടിലിരിക്കുകയായിരുന്നു. തനിക്ക് പരിചയമുള്ള തടിക്കച്ചവടത്തിന് ഏതെങ്കിലും കൂപ്പ് ലേലത്തില്‍ പിടിക്കാന്‍ പതിനായിരം രൂപ കെട്ടിവെക്കണമായിരുന്നു. അതിനൊന്നും കഴിവില്ലാതെ വീട്ടിലിരുന്ന സന്ദര്‍ഭത്തില്‍ യാദൃഛികമായി പരിചയക്കാരനായ ഒരാള്‍ കയറി വന്നു. അദ്ദേഹത്തിന്റെ കൈവശം പതിനായിരം രൂപയുണ്ട്. അത് സുരക്ഷിതമായി സൂക്ഷിക്കാന്‍ മാമുഹാജിയെ ഏല്‍പിക്കാനാണ് അദ്ദേഹം വന്നത്. കല്യാണാവശ്യത്തിനുള്ള കാശാണ്. മാമുഹാജിയുടെ കൈയില്‍ അത് സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തില്‍ അത്തരമൊരു സേവനം ഹാജി ചെയ്യണം എന്നാണ് സുഹൃത്തിന്റെ ആവശ്യം. ഉദാസീനഭാവത്തോടെ അത് സമ്മതിച്ച ഹാജി സാഹിബ്, ഒരു ഉപാധിയും വെച്ചു: "എനിക്ക് ആവശ്യം വരുമ്പോള്‍ ചെലവഴിക്കാന്‍ അനുവാദമുണ്ടാകണം.'' അദ്ദേഹം അതംഗീകരിച്ചു: "ഹാജി സാഹിബിന് എന്തു വേണമെങ്കിലും ചെയ്യാം. ആവശ്യം വരുന്നതിന് കുറച്ചു ദിവസം മുമ്പ് ഞാന്‍ പറയും. അപ്പോള്‍ തന്നാല്‍ മതി, അപ്പോഴേ തരാവൂ.'' ഈ മറുപടി ഹാജിസാഹിബിനെ വല്ലാതെ സന്തോഷിപ്പിച്ചു. ആ പണം ഉപയോഗിച്ച് തടി ലേലത്തില്‍ പിടിച്ചു. കച്ചവടത്തില്‍ നല്ല ലാഭവും ലഭിച്ചു. ഇത് ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. അല്ലാഹുവില്‍ വിശ്വാസമുള്ളവരെ അവിചാരിത മാര്‍ഗത്തിലൂടെ അവന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാമുഹാജിയുടെ പേര് മറന്നുകൊണ്ട് ആ കാലഘട്ടത്തിലെ ദീനീ പ്രവര്‍ത്തനങ്ങളെയും മദ്റസാ പ്രസ്ഥാനത്തെയും അനുസ്മരിക്കാനാകില്ല.
തടിക്കച്ചവടത്തിന് വേണ്ടി മാമു ഹാജി ദീര്‍ഘകാലം കുറ്റ്യാടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്തെ ജമാഅത്ത് നേതാവും കച്ചവട പ്രമുഖനുമായിരുന്ന ബാവാച്ചിഹാജിയുടെ വീട്ടിലായിരുന്നു മാമുഹാജി താമസിക്കാറുണ്ടായിരുന്നത്. എന്തുകൊണ്ടാണെന്നറിയില്ല, ഒരിക്കല്‍ എന്റെ വീട്ടില്‍ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു തവണ ക്ഷണിക്കാത്ത അതിഥിയായി വന്നുകൊണ്ടാണ് അതിന് തുടക്കം കുറിച്ചത്. ഞാന്‍ ഉള്ളാലെ വളരെ ദുഃഖിതനായിരുന്നു. അന്ന് കുറ്റ്യാടിയിലെ എന്റെ വീട്ടില്‍ മാമുഹാജിയുടെ ശരീരത്തിന് യോജിച്ച ഒരു കട്ടില്‍ ഉണ്ടായിരുന്നില്ല. അതിനെക്കാള്‍ പ്രയാസം പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ ലാട്രിന്‍ സൌകര്യം ഇല്ലാതിരുന്നതാണ്. ഇത്തരമൊരു പരിമിതി അന്നത്തെ സാഹചര്യത്തില്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. അതുകൊണ്ട് ഞാന്‍ വലിയ ധര്‍മസങ്കടത്തിലായി. ഹാജിസാഹിബിന്റെ സ്നേഹപൂര്‍ണമായ താല്‍പര്യം എങ്ങനെ നിരാകരിക്കും? മറുവശത്ത്, ഈ പരിമിതി കാരണം തുടര്‍ച്ചയായി അദ്ദേഹം അനുഭവിക്കുന്ന പ്രയാസം എങ്ങനെ പരിഹരിക്കും? ഹാജിസാഹിബിന് ഇത് വിഷമം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. അദ്ദേഹം അതൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും അത്തരമൊരു പ്രയാസത്തിന്റെ ദുഃഖസ്മരണ ഇന്നും നിലനില്‍ക്കുന്നു.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം