Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

അല്ലാഹുവുമായുള്ള ബന്ധം എങ്ങനെ വര്‍ധിപ്പിക്കാം?

മൗലാനാ മൗദൂദി


(ലക്കം 12-ല്‍നിന്ന് തുടര്‍ച്ച)
അല്ലാഹുവുമായുള്ള ബന്ധം എങ്ങനെ വളര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്യാം എന്നാണ് ഇനി ആലോചിക്കാനുള്ളത്. അത് വളര്‍ത്താന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ. സര്‍വലോകങ്ങളുടെയും ഉടമസ്ഥനും അധികാരിയും അല്ലാഹുവാണെന്ന് മനുഷ്യന്‍ അംഗീകരിക്കുക. പ്രപഞ്ചത്തിന്റെ നടത്തിപ്പില്‍ മറ്റൊരാള്‍ക്കും അധികാരമോ പങ്കാളിത്തമോ ഇല്ല. സകല സൃഷ്ടിപ്രപഞ്ചത്തെയും അടക്കി വാഴുന്ന ആ പരമാധികാരിക്ക് മാത്രമേ മനുഷ്യന്‍ അടിമപ്പെടാനും വിധേയപ്പെടാനും ആരാധനകളര്‍പ്പിക്കാനും പാടുള്ളൂ. ദൈവികതക്ക് എന്തെല്ലാം ഗുണവിശേഷങ്ങളും അവകാശങ്ങളുമുണ്ടോ അതെല്ലാം സര്‍വാത്മനാ അംഗീകരിക്കണം. ഈയൊരു ബോധവും ധാരണയും അടിയുറക്കുമ്പോഴാണ് അല്ലാഹുവുമായി ഒരാള്‍ ബന്ധം സ്ഥാപിച്ചു എന്ന് പറയാനാവൂ.
ഈ ബന്ധം വളരാനും ശക്തിപ്പെടാനും രണ്ട് വഴികള്‍ സ്വീകരിക്കാവുന്നതാണ്. ഒന്ന്, ചിന്തയുടെയും ഗ്രാഹ്യത്തിന്റെയും വഴി. രണ്ട്, കര്‍മത്തിന്റെ വഴി.
ചിന്തയുടെ വഴി
ഇതിന് ആദ്യമായി വേണ്ടത് ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും പിന്‍ബലത്തോടെ അല്ലാഹുവുമായുള്ള ബന്ധത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കുക എന്നതാണ്. ആ ബന്ധത്തിന്റെ കര്‍മരൂപം എങ്ങനെയെന്നും മനസ്സിലാക്കിയിരിക്കണം. ഖുര്‍ആനും ഹദീസും അര്‍ഥം ഗ്രഹിച്ച് മനസ്സിരുത്തി നിരന്തരം വായിക്കുമ്പോഴേ ഈ ഗ്രാഹ്യം പൂര്‍ണമാകൂ. ഇങ്ങനെ തനിക്കും തന്റെ രക്ഷിതാവിനുമിടയില്‍ ഉണ്ടായിരിക്കേണ്ട യഥാര്‍ഥ ബന്ധങ്ങള്‍ തെളിഞ്ഞു കിട്ടിയാല്‍, ഈ ബന്ധങ്ങളില്‍ എത്രയെണ്ണം താന്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നിലനിര്‍ത്തുന്നുണ്ട് എന്നാണ് പിന്നെ നോക്കേണ്ടത്. ന്യൂനതകളും പോരായ്മകളും ഏതെല്ലാം മേഖലകളില്‍ എന്നും കണ്ടെത്തണം. ഈ അന്വേഷണവും ബോധ്യവും എത്ര കണ്ട് ശക്തിപ്പെടുന്നുവോ, അതിനനുസരിച്ച് അല്ലാഹുവുമായി നിങ്ങള്‍ ബന്ധം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കും.
പല തലങ്ങളില്‍ നമുക്ക് ഈ ബന്ധത്തെ നോക്കിക്കാണാവുന്നതാണ്. ഉദാഹരണത്തിന്: താന്‍ അടിമയും അല്ലാഹു ഉടമയും ആരാധ്യനുമാണെന്ന (അബദ്-മഅ്ബൂദ്) തലത്തില്‍ ഈ ബന്ധത്തെ നിര്‍ണയിക്കാം. അല്ലാഹു ഭൂമിയില്‍ ഒട്ടനവധി ചുമതലകള്‍ ഏല്‍പിച്ച ദൈവപ്രതിനിധി(ഖലീഫ) എന്ന നിലക്കും ഈ ബന്ധത്തെ നോക്കിക്കാണാം. അല്ലാഹു നിങ്ങളുമായി ഒരു  (കച്ചവട)കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. അതുപ്രകാരം നിങ്ങളുടെ ജീവധനാദികളെല്ലാം അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുന്നു. പകരം പരലോകത്ത് സ്വര്‍ഗം നല്‍കാം എന്ന വാഗ്ദാനത്തോടെ. ഇത് ബന്ധത്തിന്റെ മൂന്നാമത്തെ മറ്റൊരു തലം. ദൈവത്തിനും തനിക്കുമിടയില്‍ കണക്ക് നോക്കുന്ന ഒരു സന്ദര്‍ഭം വരാനുണ്ട്. അന്ന് തന്റെ ജീവിതത്തിന്റെ കര്‍മരേഖ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടിവരും. കര്‍മങ്ങളുടെ പ്രത്യക്ഷ രൂപങ്ങള്‍ രേഖപ്പെടുത്തിയ ജീവിത റെക്കോര്‍ഡുകള്‍ ആയിരിക്കില്ല അവിടെ ഹാജരാക്കപ്പെടുക. ഓരോ കര്‍മത്തിന്റെയും പിന്നിലുണ്ടായിരുന്ന ചേതോവികാരവും ഉദ്ദേശ്യവും എന്തായിരുന്നു എന്നു കൂടി അവിടെ തെളിഞ്ഞുകാണും. ഈയൊരു തലത്തില്‍ വേണമെങ്കിലും നമുക്ക് ആ ബന്ധത്തെ നിര്‍വചിക്കാം. ഇങ്ങനെ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ ഒട്ടനവധി തലങ്ങള്‍ നമുക്ക് കണ്ടെടുക്കാവുന്നതാണ്. ഇത്തരം ബന്ധങ്ങളെ നാം എത്ര കണ്ട് ഉള്‍ക്കൊള്ളുന്നു, നിരന്തരം ഓര്‍മയില്‍ വെക്കുന്നു, അവയുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അല്ലാഹു നിങ്ങളുമായി അടുപ്പം വെക്കുന്ന കാര്യം. ഈ വിഷയങ്ങളില്‍ നിങ്ങള്‍ അശ്രദ്ധനാവുന്ന പക്ഷം ബന്ധം ദുര്‍ബലമായിക്കൊണ്ടേയിരിക്കും. മേല്‍ പറയപ്പെട്ട ബന്ധത്തിന്റെ വിവക്ഷകള്‍ നിങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളുന്നുവോ അതിനനുസരിച്ച് അല്ലാഹു നിങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തിക്കൊണ്ടേയിരിക്കും.
കര്‍മത്തിന്റെ വഴി
നമ്മുടെ ചിന്തയിലും ബോധത്തിലും ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചാണ് നാം പറഞ്ഞത്. പക്ഷേ, ചിന്തകള്‍ മാറിയതുകൊണ്ട് വലിയ കാര്യമൊന്നുമില്ല, അവയെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍. മനസ്സറിഞ്ഞ്, ആത്മാര്‍ഥമായി ദൈവത്തിന്റെ ശാസനകള്‍ അനുസരിക്കാന്‍ തയാറാവുക, ആ മാര്‍ഗത്തില്‍ കഠിനാധ്വാനം ചെയ്യുക എന്നൊക്കെയാണ് പ്രവൃത്തിപഥം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഏത് പ്രവൃത്തിയും അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് ചെയ്യാന്‍ നമ്മുടെ അകവും പുറവും പാകപ്പെടണം. ഭൗതികമായ താല്‍പര്യങ്ങള്‍ ആ പ്രവൃത്തിക്ക് പിന്നില്‍ ഉണ്ടാകരുത്. അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് നാം വിട്ടുനില്‍ക്കുന്നതും രഹസ്യമായും പരസ്യമായും നമുക്ക് ആ കാര്യങ്ങളോട് വെറുപ്പ് ഉള്ളതുകൊണ്ട് തന്നെയാണ്. ഭൗതികലോകത്ത് എന്തെങ്കിലും കോട്ടങ്ങള്‍ ഉണ്ടാകും എന്ന് കണ്ടത് കൊണ്ടല്ല, അല്ലാഹുവിന്റെ കോപത്തെ ഭയന്നതുകൊണ്ട് മാത്രമാണ് നമ്മുടെ ഈ വെറുപ്പും വിട്ടുനില്‍ക്കലും. ഇതിനെയാണ് നാം തഖ്‌വ എന്ന് വിളിക്കുന്നത്. ഈ തലത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ താങ്കള്‍ക്ക് ഇഹ്‌സാന്റെ തലത്തിലേക്ക് സഞ്ചരിക്കാം. അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ സദ്പ്രവൃത്തികളുടെയും പ്രചാരകനാവുക, അല്ലാഹു വെറുക്കുന്ന സകല തിന്മകളെയും തടയാന്‍ മുന്നിട്ടിറങ്ങുക, അതിനുവേണ്ടി തന്റെ ജീവനും ധനവും സമയവും അധ്വാനപരിശ്രമങ്ങളും ധൈഷണിക കഴിവുകളും എന്നു വേണ്ട എന്തെല്ലാം തനിക്കുണ്ടോ അതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുക- ഇതാണ് ഇഹ്‌സാന്റെ കര്‍മപഥം എന്ന് പറയുന്നത്. ഇത്ര വലിയ ബലിയര്‍പ്പണങ്ങള്‍ നടത്തുമ്പോഴും താന്‍ ഒരു മഹാ സേവനം ചെയ്യുകയാണെന്ന അഹംബോധം തെല്ലും താങ്കളുടെ മനസ്സില്‍ ഉണ്ടാവാനും പാടില്ല. തന്റെ രക്ഷിതാവിനോടുള്ള ബാധ്യതകള്‍ ഇനിയും വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന ഒരു മാനസികാവസ്ഥയിലായിരിക്കും അപ്പോഴും താങ്കള്‍.
ബന്ധം എങ്ങനെ ശക്തിപ്പെടും?
നമ്മള്‍ പറഞ്ഞ രൂപത്തിലുള്ള ഒരു ജീവിതവീക്ഷണം സ്വീകരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. കുണ്ടും കുഴികളും അപകടങ്ങളും നിറഞ്ഞ വഴിയിലൂടെ വാഹനയാത്ര ചെയ്യാന്‍ വളരെയേറെ നിശ്ചയദാര്‍ഢ്യവും ഊര്‍ജവും ആവശ്യമായി വരുമല്ലോ. അതുതന്നെയാണ് ഇവിടെയും സ്ഥിതി. ഇത്തരമൊരു നിശ്ചയദാര്‍ഢ്യത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്ന ചില കര്‍മങ്ങളെക്കുറിച്ച് കൂടി പറയാം.
നമസ്‌കാരം: ഫര്‍ദ്- സുന്നത്ത് നമസ്‌കാരങ്ങള്‍ മാത്രമല്ല, മറ്റു നമസ്‌കാരങ്ങളും (നവാഫില്‍) കഴിയുന്നത്ര വര്‍ധിപ്പിക്കണം. നവാഫില്‍ നമസ്‌കാരങ്ങള്‍ ഒറ്റക്ക് ആരും കാണാതെ നിര്‍വഹിക്കുന്നതാണ് ഉത്തമം. കര്‍മങ്ങള്‍ സംശുദ്ധമാകാനും (ഇഖ്‌ലാസ്) വ്യക്തിപരമായി അല്ലാഹുവോട് കൂടുതല്‍ അടുക്കാനും അത് ഉപകരിക്കും.
ദൈവസ്മരണ: ജീവിതത്തിന്റെ ഏത് നിമിഷവും നമ്മോടൊപ്പമുണ്ടാകേണ്ട ഒന്നാണിത്. ചില സ്വൂഫി വിഭാഗങ്ങള്‍ ദൈവസ്മരണ (ദിക്ര്‍) നിലനിര്‍ത്താന്‍ ചില പ്രത്യേക രീതികള്‍ ആവിഷ്‌കരിക്കുന്നതും മറ്റുള്ളവരില്‍നിന്ന് കടമെടുക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ദൈവസ്മരണയുണ്ടാക്കാന്‍ നാം അവലംബിക്കേണ്ടത് പ്രവാചകന്‍(സ) പഠിപ്പിച്ച അതേ രീതി തന്നെയാണ്. പ്രവാചകന്‍(സ) പഠിപ്പിച്ച ദിക്‌റുകളും ദുആകളും കഴിയുന്നത്ര പഠിച്ചുവെക്കുക. വാക്കുകള്‍ പഠിക്കുന്നതോടൊപ്പം അവയുടെ ആശയവും മനസ്സിലാക്കുക. അവ ഇടക്കിടെ ചൊല്ലിക്കൊണ്ടിരിക്കുക. ദൈവസ്മരണ നിലനിര്‍ത്താനും എപ്പോഴും അല്ലാഹുവിലേക്ക് മാത്രം ഉന്മുഖനായി നിലകൊള്ളാനും ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണിത്.
നോമ്പ്: ഫര്‍ദ് മാത്രമല്ല, സുന്നത്ത് നോമ്പുകളും. ഒരു മാസത്തില്‍ മൂന്ന് സുന്നത്ത് നോമ്പ് എടുക്കും എന്ന് തീരുമാനിക്കുന്നത് മിതമായതും സൗകര്യപ്രദവുമായ ഒരു രീതിയാണ്. ഖുര്‍ആനില്‍ പറഞ്ഞ ജീവിത സൂക്ഷ്മത(തഖ്‌വ) സ്വായത്തമാക്കുന്നതിനായിരിക്കണം ഈ നോമ്പ് ദിനങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കല്‍: നിര്‍ബന്ധദാനം മാത്രമല്ല, ഐഛിക ദാനവും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ എത്ര പണം ഈ മാര്‍ഗത്തില്‍ ചെലവഴിച്ചു എന്നല്ല, ധനവ്യയത്തില്‍ നിങ്ങളുടെ അര്‍പ്പണ മനസ്സ് എത്രത്തോളമുണ്ട് എന്നാണിവിടെ പരിഗണിക്കുക. പട്ടിണി കിടക്കുമ്പോഴും ഒരു ദരിദ്രന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു രൂപ ചെലവഴിക്കുന്നതായിരിക്കും ഒരുപക്ഷേ, സമ്പന്നനായ ഒരാള്‍ തന്റെ സ്വത്തിന്റെ പത്തില്‍ ഒരു ഭാഗമോ ഇരുപതില്‍ ഒരു ഭാഗമോ ഈ മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ പുണ്യകരം. ദാനധര്‍മം മനഃസംസ്‌കരണത്തിന്റെ ഉപാധിയായിട്ടാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്ന കാര്യവും ഓര്‍മയിലുണ്ടാവണം.
ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞ ചില സുപരിചിത മാര്‍ഗങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ഇതനുസരിച്ച് നിങ്ങള്‍ പ്രവൃത്തിയെടുക്കാന്‍ സന്നദ്ധനാണെങ്കില്‍, ആധ്യാത്മിക കേന്ദ്രങ്ങളിലോ മഠങ്ങളിലോ പോയി ചടഞ്ഞിരിക്കാതെ, നിങ്ങളുടെ കുടുംബത്തോടൊപ്പം ജീവിച്ച്, ജീവസന്ധാരണ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ തന്നെ നിങ്ങള്‍ക്ക് അല്ലാഹുവുമായുള്ള അടുപ്പം വര്‍ധിപ്പിക്കാന്‍ കഴിയും.
അടുപ്പം എങ്ങനെ അളക്കാം?
ഇനി ഒരു ചോദ്യമാണ് ബാക്കിയുള്ളത്. അല്ലാഹുവുമായുള്ള അടുപ്പം എത്രയുണ്ട് എന്ന് എങ്ങനെ അറിയാം? ആ അടുപ്പം കൂടുകയാണോ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതൊക്കെ വെളിപ്പെടുത്തിത്തരുന്ന അത്ഭുത കറാമത്ത് സിദ്ധികള്‍ക്കായി താങ്കള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഈ അടുപ്പം അളക്കാനുള്ള അളവുകോല്‍ ഓരോ മനുഷ്യന്റെ ഹൃദയത്തിലും അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. നമ്മുടെ സമയം, അധ്വാനപരിശ്രമങ്ങള്‍, വികാര വിചാരങ്ങള്‍ ഇവയെ ഓരോ ദിവസവും വിചാരണ ചെയ്യുക. ഞാന്‍ എന്റെ സമയവും സമ്പത്തും ചെലവഴിച്ചത് അല്ലാഹുവിന്റെ മാര്‍ഗത്തിലോ, അതോ മറ്റുള്ളവരുടെ മാര്‍ഗത്തിലോ? വ്യക്തി താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ എനിക്കുണ്ടാകുന്ന അരിശവും കോപവും അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്നുണ്ടോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ചോദിക്കാന്‍ കഴിയും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം അറിയാനാവും, അല്ലാഹുവുമായുള്ള ബന്ധം വളരുകയാണോ എന്നും വളരുന്നുണ്ടെങ്കില്‍ എത്രത്തോളം എന്നും. (അവസാനിച്ചു)
(റൂദാദെ ജമാഅത്ത്, ആറാം ഭാഗം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം