Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

ചോദ്യോത്തരം

മുജീബ്

ജമാഅത്തും ആവാസ വ്യവസ്ഥയും

''ഡാര്‍വിന്റെ പരിണാമവാദം ശരിയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പരിണാമം. വ്യത്യസ്ത ആവാസ വ്യവസ്ഥയില്‍ ഒരേ സ്പീഷിസില്‍ പെട്ട ജീവിവര്‍ഗം വ്യത്യസ്ത രീതിയില്‍ പരിണമിക്കുന്നുവെന്ന് ഡാര്‍വിന്‍. അതിന്റെ മികച്ച ഉദാഹരണമാണ് സോളിഡാരിറ്റി. മൗദൂദിയുടെ അസല്‍ ജമാഅത്തെ ഇസ്‌ലാമി അഫ്ഗാന്‍ മേഖലയില്‍ പരിണമിച്ചുണ്ടായതാണ് താലിബാന്‍. പാകിസ്താനിലും ബംഗ്ലാദേശിലും കശ്മീരിലും അത് ലശ്കറും അല്‍ഖാഇദയുമായ പോലെ. എന്നാല്‍ കേരളത്തിന്റെ വ്യത്യസ്തമായ ആവാസ വ്യവസ്ഥയില്‍ മൗദൂദി സോളിഡാരിറ്റിയായി ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു. സിനിമയും സംഗീതവും ഹറാമായിരുന്നവര്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നു; ചാനലില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ വാര്‍ത്ത വായിക്കുന്നു! എന്നാല്‍ താലിബാന്നും സോളിഡാരിറ്റിക്കും ഇണചേരാന്‍ പോലും ഇന്ന് സാധ്യമല്ല, ഇണ ചേരാന്‍ പറ്റാത്തതാണ് ജൈവപരിണാമത്തിലൂടെ രണ്ട് സ്പീഷിസ് ആയി എന്നതിന് തെളിവാകുന്നത്...'' (ഇ.എ ജബ്ബാറിന്റെ ഡയലോഗ് -മതം, ധാര്‍മികത, യുക്തിചിന്ത- തുറന്ന സംവാദം, നവംബര്‍ 2).

മുജാഹിദുകളുടെ ജിന്നോ കാന്തപുരത്തിന്റെ മുടിയോ കര്‍ണാടക അശ്വമേധമോ, ലീഗ്, എസ്.ഡി.പി.ഐ മുതലായ ഒന്നും പേരിനു പോലുമോ പരാമര്‍ശിക്കാതെ വിമര്‍ശനങ്ങളുടെ കുന്തമുന മുഴുവനും ജമാഅത്തിനു നേരെയായിപ്പോയത് എന്തുകൊണ്ട്?

സലാം ഇന്ത്യാ ഗേറ്റ്, മലപ്പുറം

ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഏറെ ആശ്വാസകരവും അഭിമാനകരവുമായ കാര്യം നാസ്തികര്‍, യുക്തിവാദികള്‍, അരാജകത്വവാദികള്‍, ഫാഷിസ്റ്റുകള്‍ തുടങ്ങിയ എല്ലാ മതവിരുദ്ധ, ധര്‍മവിരുദ്ധ ശക്തികളും അവരുടെ ഒന്നാം നമ്പര്‍ ശത്രുവായി ജമാഅത്തെ ഇസ്‌ലാമിയെ കാണുന്നു എന്നത് തന്നെയാണ്. സത്യ പ്രവാചകര്‍ക്കെതിരെ ആരെല്ലാം ഒന്നിക്കുകയും പോരാടുകയും ചെയ്തുവോ, അതേ ശക്തികളാണ്, പ്രവാചകനെ മാതൃകയാക്കി ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും കുരക്കുന്നത്. കാരണം ഇസ്‌ലാമിന്റെയും മതത്തിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളൊന്നും തങ്ങള്‍ക്ക് യഥാര്‍ഥ ഭീഷണിയല്ലെന്ന് അവര്‍ക്കറിയാം. പ്രത്യയശാസ്ത്രപരമായ അടിത്തറ ഇല്ലാത്തതോ, ആദര്‍ശത്തിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്തും താല്‍പര്യങ്ങള്‍ക്കായി പണിയെടുക്കുന്നതോ, വ്യക്തികേന്ദ്രീകൃതമോ ആയ കൂട്ടായ്മകളെ നേരിടാനും പ്രലോഭനങ്ങളിലൂടെ വശത്താക്കാനും പ്രകോപനങ്ങളിലൂടെ മിണ്ടാതാക്കാനും എളുപ്പമാണെന്ന് അനുഭവങ്ങളിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടു തവണ ഭരണകൂട നിരോധത്തെ വിജയകരമായി അതിജീവിച്ച മറ്റേത് ഇസ്‌ലാമിക സംഘടനയാണുള്ളത്? തീവ്രവാദവും ഭീകരതയും നിരന്തരം ആരോപിച്ചിട്ടും അതിന്റെ പേരില്‍ ഒരു സാദാ പ്രവര്‍ത്തകനെ പോലും നിയമപാലകര്‍ക്ക് പിടികൂടാന്‍ സാധിക്കാതെ പോയതിന്റെ രഹസ്യമെന്താണ്? യുക്തിവാദികളുടെ കാര്യത്തില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അവര്‍ പൊരുതുന്നതായി അവകാശപ്പെടുന്ന അന്ധവിശ്വാസങ്ങളെ ഏറ്റവും ശക്തമായും ഫലപ്രദമായും എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഹിന്ദു, മുസ്‌ലിം പുരോഹിതന്മാര്‍ മതത്തിന്റെ പേരില്‍ നടത്തുന്ന വിശ്വാസപരമായ ചൂഷണങ്ങളെ യഥാര്‍ഥ ധര്‍മത്തിന്റെ നിലപാട് തറയില്‍ നിന്നുകൊണ്ട് തന്നെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുമെന്നിരിക്കെ, ജഗന്നിയന്താവിന്റെ അസ്തിത്വം തന്നെ അന്ധവിശ്വാസപരമാണെന്നും ശ്രീകൃഷ്ണനും യേശുവും ജീവിച്ചിരുന്നില്ലെന്നും മുഹമ്മദ് നബി മനോരോഗിയും സ്ത്രീലമ്പടനുമായിരുന്നെന്നും ജല്‍പിക്കുന്ന യുക്തിവാദികളെ ആര് ശ്രദ്ധിക്കാന്‍! ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ സാക്ഷാത്കാരം ജമാഅത്തെ ഇസ്‌ലാമിയിലൂടെയാണെന്ന് പരിഹസിക്കുന്ന യുക്തിവാദി ജബ്ബാര്‍, സ്വന്തം പ്രസ്ഥാനത്തിന്റെ മുന്നണിപോരാളിയായ സെയ്തു മുഹമ്മദ് ആനക്കയം തീവ്ര ഹിന്ദുത്വ ജിഹ്വയായ കേസരിയില്‍ ചേക്കേറി ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും നിരന്തരം അവഹേളിക്കുമ്പോള്‍ അത് പരിണാമത്തിലെ ഏത് സ്പീഷിസ് തമ്മിലെ ഇണചേരലാണെന്ന് പറഞ്ഞുതരുമോ?

അഫ്ഗാനിസ്താനിലെ താലിബാനും ഉസാമാ ബിന്‍ലാദിന്റെ അല്‍ഖാഇദയും ഹാഫിള് മുഹമ്മദ് സഈദിന്റെ ലശ്കറെ ത്വയ്യിബയും മൗദൂദിയില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും ഉയിര്‍കൊണ്ടതാണെന്ന് തട്ടിമൂളിക്കണമെങ്കില്‍ ഒന്നുകില്‍ ബുദ്ധി മാന്ദ്യത്തോളമെത്തുന്ന അജ്ഞത വേണം. അല്ലെങ്കില്‍ കടുത്ത വിരോധം മൂലം രൂപപ്പെട്ട തിമിരം. രണ്ടാമത് പറഞ്ഞതാവാനാണ് സാധ്യത. ജമാഅത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും ആരോപിക്കാത്തതാണ് നടേ പറഞ്ഞ സംഘടനകളുടെ ജമാഅത്ത് പശ്ചാത്തലം. മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും നിശ്ശേഷം തള്ളിപ്പറയുന്ന പാകിസ്താനിലെ യാഥാസ്ഥിതിക മത സംഘടനയുടെ ചിന്താ സന്തതിയാണ് താലിബാന്‍ എങ്കില്‍ ബാക്കി രണ്ടെണ്ണത്തിന്റെയും പ്രഭവ കേന്ദ്രം സലഫിസമാണ്. സലഫിസത്തിന്റെ മുഖ്യ ശത്രുക്കളാകട്ടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും. ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച ഈജിപ്ഷ്യന്‍ പട്ടാള നായകന്‍ ജനറല്‍ സീസിയോടൊപ്പം നില്‍ക്കുകയായിരുന്നു അന്നാട്ടിലെ സലഫികള്‍. അതും ശരീഅത്ത് ഉടന്‍ നടപ്പാക്കാത്തതിനെച്ചൊല്ലി! സിനിമ ഒരു പ്രചാരണോപാധി മാത്രമാണെന്നും അത് നന്മക്കുപയോഗിച്ചാല്‍ ഒരു തെറ്റുമില്ലെന്നും മൗദൂദി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചൂണ്ടിക്കാട്ടിയതൊന്നും ജബ്ബാര്‍ കണ്ടിട്ടില്ല. മൗദൂദിയുടെ എല്ലാ അഭിപ്രായങ്ങളെയും അന്ധമായി പിന്താങ്ങുകയോ നടപ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്‌ലാമി എന്നത് മറ്റൊരു കാര്യം. സാമ്രാജ്യത്വത്തിനും ആഗോള കുത്തക കമ്പനികളുടെ കടന്നുകയറ്റത്തിനും പാരിസ്ഥിതിക ചൂഷണത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പൊരുതി സോളിഡാരിറ്റി നേടിയെടുത്ത സാമൂഹിക സ്വീകാര്യതക്കെതിരെ കുരച്ചു ചാടി പരിഹാസ്യരാവാനാണ് യുക്തിവാദികളുടെ വിധി. സഹതപിക്കുകയല്ലാതെ എന്തു ചെയ്യും!

കാന്തപുരം ആരുടെ പക്ഷത്ത്?

രണ്ടായിത്തിലേറെ പേര്‍ മരിക്കാനും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിച്ചുകൊണ്ടിരിക്കാനും കാരണമായ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരു പാര്‍ട്ടിയെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണ് അവിടെ കലാപമുണ്ടായതെന്നും, പരിഹാരമുണ്ടാകേണ്ടത് വിദ്യാഭ്യാസ പ്രശ്‌നത്തിനാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബഹ്‌റൈനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി പത്രത്തില്‍ വായിക്കാനിടയായി (മാധ്യമം 12-11-2014). ഗുജറാത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുമില്ല, പ്രതീക്ഷയുമില്ല എന്നും കാന്തപുരവും മകന്‍ അബ്ദുല്‍ ഹകീം അസ്ഹരിയും പറഞ്ഞതായും വാര്‍ത്തയിലുണ്ട്. പ്രതികരണം?

ആര്‍.എം സുഹറ, നടുവണ്ണൂര്‍

ഇതര മുസ്‌ലിം സംഘടനകളെല്ലാം അകറ്റിനിര്‍ത്തിയപ്പോഴും ബി.ജെ.പിയുമായി സഹകരിച്ച പ്രഥമ മുസ്‌ലിം പണ്ഡിതനാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞതായി പത്രത്തില്‍ വായിച്ചു (സുപ്രഭാതം 4-11-2014). കര്‍ണാടക യാത്രക്ക് ശേഷം കാന്തപുരത്തിന് കോഴിക്കോട്ട് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരവുമായുള്ള തന്റെയും ബി.ജെ.പിയുടെയും ബന്ധം എപ്പോഴും വിവാദമായിരുന്നുവെന്നും ബി.ജെ.പിയോട് ഇന്ത്യന്‍ മുസ്‌ലിംകളെല്ലാം അകലം പാലിച്ചപ്പോഴും 17 വര്‍ഷം മുമ്പ് ബി.ജെ.പി എം.പിയെ മര്‍ക്കസിലേക്ക് ക്ഷണിച്ചതും എ.ബി വാജ്‌പേയിയെ കുമരകത്ത് പോയി കാന്തപുരം സന്ദര്‍ശിച്ചതും ശ്രീധരന്‍പിള്ള അനുസ്മരിക്കുകയുണ്ടായി. മുജീബിന്റെ പ്രതികരണം?

ഉമര്‍ എ വെങ്ങന്നൂര്‍, പാലക്കാട്

തൊണ്ണൂറുകളില്‍ മൗലവി ചേകനൂരിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സി.പി.എം, ബി.ജെ.പി മുതലായ പാര്‍ട്ടികള്‍ രംഗത്ത് വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സി.ബി.ഐയെ അന്വേഷണം ഏല്‍പിച്ചു. അന്വേഷണം മുന്നോട്ട് പോയപ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ അനുയായികള്‍ രൂപം നല്‍കിയ 'ടൈഗര്‍ സുന്നി' പ്രതിക്കൂട്ടിലാവുന്നതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങി. മാത്രമല്ല, സാക്ഷാല്‍ കാന്തപുരത്തിന്റെ നേരെത്തന്നെ സംശയത്തിന്റെ കുന്തമുന നീണ്ടു. വാജ്‌പേയി സര്‍ക്കാറായിരുന്നു അന്ന് കേന്ദ്രത്തില്‍. അന്നേരമാണ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചപോലെ, കേന്ദ്ര സഹമന്ത്രി ഒ. രാജഗോപാല്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ സന്ദര്‍ശിക്കുന്നതും, കാന്തപുരം കുമരകത്ത് ചെന്ന് പ്രധാനമന്ത്രിയെ കാണുന്നതും, ബി.ജെ.പി ഘടകം ചേകനൂര്‍ തിരോധാനാന്വേഷണാവശ്യത്തില്‍ നിന്ന് പിന്മാറുന്നതും. കാന്തപുരം, പ്രധാനമന്ത്രിയുടെ ഓഫീസിനാല്‍ നിയന്ത്രിക്കപ്പെടുന്ന സി.ബി.ഐയുടെ കേസ്സന്വേഷണത്തിന്റെ പരിധിക്ക് പുറത്താകുന്നതാണ് പിന്നെ കണ്ടത്. പിന്നീട് ഒരു ഘട്ടത്തിലും രാജ്യത്ത് ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ ഒരു പോരാട്ടത്തിലും കാന്തപുരമോ അദ്ദേഹത്തിന്റെ ഗ്രൂപ്പോ പങ്കെടുക്കുകയുണ്ടായില്ല. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ അക്കൗണ്ട് തുറക്കാനനുവദിക്കരുതെന്ന മതേതര, ന്യൂനപക്ഷ പാര്‍ട്ടികളുടെ നിലപാടിനെയും കാന്തപുരം മുസ്‌ലിയാര്‍ പിന്താങ്ങിയില്ല. ഏറ്റവും ഒടുവിലത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി സംഘ്പരിവാര്‍ നടത്തിയ അതിശക്തമായ പ്രചാരണത്തെക്കുറിച്ച് ഒരഭിപ്രായവും പറയാതിരിക്കാന്‍ മുസ്‌ലിയാരും അനുയായികളും ശ്രദ്ധിച്ചു. തങ്ങള്‍ ഫാഷിസ്റ്റ് പക്ഷത്തോ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തോ എന്ന്  വ്യക്തമാക്കാനും അവര്‍ വിസമ്മതിച്ചു. അതിനിടെ മോദി മുഖ്യമന്ത്രിയായി വാണ ഗുജറാത്തില്‍ ഏതാനും സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മര്‍കസുസ്സഖാഫഃ അനുമതി നേടിയെടുക്കുകയും സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 2002-ല്‍ ഗുജറാത്തിനെയും രാജ്യത്തെയും വിറപ്പിച്ച മുസ്‌ലിംവിരുദ്ധ കലാപത്തില്‍ മുസ്‌ലിം സംഘടനകള്‍ മാത്രമല്ല, ഏതാണ്ടെല്ലാ മതേതര പാര്‍ട്ടികളും ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പോലുള്ള അന്താരാഷ്ട്രാന്തരീയ മനുഷ്യാവകാശ സംഘടനകളും -അമേരിക്ക പോലും- ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നതാണ്. മോദി പ്രധാനമന്ത്രിയായ ശേഷവും ഗുജറാത്ത് കലാപം അദ്ദേഹത്തെ വേട്ടയാടുന്നു എന്നതാണ് ശരി. അതേപ്പറ്റി പക്ഷേ ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് തയാറില്ല എന്നാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണം! വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണത്രെ സംഘ്പരിവാര്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പ് നടത്തിയത്! മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്‌രിയെയും കുടുംബത്തെയും സംഘ്പരിവാര്‍ ഗുണ്ടകള്‍ വളഞ്ഞിട്ട് ചുട്ടുകൊന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാവും. അതുകൊണ്ടാവണം ഗുജറാത്തില്‍ തന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുടങ്ങാന്‍ കാന്തപുരം പ്രഭൃതികള്‍ മുന്‍കൈയെടുത്തതും മോദി അനുമതി നല്‍കിയതും (സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ പക്ഷേ അധികവും ബിസിനസ്സുകാരും വിദ്യാസമ്പന്നരുമായ ബോഹ്‌റ സമുദായക്കാരുടെ മക്കളാണെന്ന് ഈയിടെ ചൂണ്ടിക്കാണിക്കപ്പെട്ടു. കലാപത്തിന്നിരയായ ബഹുഭൂരിപക്ഷം മുസ്‌ലിം പാവങ്ങളുടെ മക്കള്‍ അപ്പോഴും വിദ്യാലയത്തിന് പുറത്തുതന്നെ. അവര്‍ക്ക് ഫീസ് കൊടുത്തുപഠിക്കാന്‍ ശേഷിയില്ലല്ലോ).

ഏതു ചെകുത്താന്‍ ഭരിച്ചാലും തനിക്കും തന്റെ സംഘടനക്കും വേണ്ടത് ലഭിച്ചാല്‍ പിന്നെ മുസ്‌ലിം ന്യൂനപക്ഷം എന്തായാലെന്ത്, രാജ്യം എങ്ങോട്ട് നീങ്ങിയാലെന്ത് എന്ന് ചിന്തിക്കുന്നവരെ പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. പക്ഷേ, 1917 ഒക്‌ടോബറിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ലെനിനും സ്റ്റാലിനും മുസ്‌ലിം റിപ്പബ്ലിക്കുകളെ വശത്താക്കാന്‍ പ്രയോഗിച്ച തന്ത്രത്തില്‍ അകപ്പെട്ടുപോയ അന്നത്തെ 'കാന്തപുരം' പ്രഭൃതികള്‍ക്ക് പിന്നീടെന്തു സംഭവിച്ചുവെന്നറിയാന്‍ 'സമര്‍ക്കന്തിലെ പ്രഭാതം' ഒന്നോടിച്ചു നോക്കിയാല്‍ മതി.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍