വീണ്ടും സ്‌ഫോടനങ്ങളുടെ കാലം

പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ സിമുലിയ കാഗ്രഗഢില്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിവസം മൂന്നു പേര്‍ ബോംബ് പൊട്ടി മരിച്ച സംഭവം പതിവ് സ്‌ഫോടനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. മാര്‍ക്കറ്റുകളിലോ രാഷ്ട്രീയ പ്രാധാന്യമുള്ള കേന്ദ്രങ്ങളിലോ ആയിരുന്നില്ല ഈ ബോംബ് പൊട്ടിയത്. ഒരു സാധാരണ നാട്ടിന്‍പുറത്തെ അങ്ങാടിയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ തന്നെയായിരുന്നു ബോംബുകള്‍ ഉണ്ടാക്കിയിരുന്നത്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ ബോംബുണ്ടാക്കുന്നതിനിടെ ഇതുവരെ കൊല്ലപ്പെട്ടത് ആര്‍.എസ്.എസുകാരും അഭിനവ് ഭാരത് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകരും ചില ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ സി.പി.എം-മുസ്‌ലിം ലീഗ് പോലുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തകരുമായിരുന്നു എങ്കില്‍ ഇത്തവണ മരിച്ചത് ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഹാദികള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്. ഇന്ത്യന്‍ മുജാഹിദീന്റെ പുതിയ അവതാരമായ ജമാഅത്തുല്‍ മുജാഹിദീന്‍ ധാക്കയില്‍ നിന്ന് ബംഗാളിലേക്ക് കടന്ന് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നടത്തിയ നീക്കത്തിനൊടുവിലാണ് അവര്‍ സ്വയം ബോംബിനിരയായതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ധാക്ക സ്വദേശി സുബ്ഹാന്‍ മൊണ്ടല്‍ ആണെന്ന് പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് കഴിഞ്ഞ പോലീസിന്, അയാളല്ല അയല്‍ ജില്ലയായ മേദിനിപ്പൂരിലെ താമസക്കാരനായ അബ്ദുല്‍ കരീം ആയിരുന്നു കൊല്ലപ്പെട്ടതെന്ന് കണ്ടെത്താന്‍ ഒരു മാസം വേണ്ടിവന്നു എന്നു മാത്രം.
നാന്ദേഡിലും കാണ്‍പൂരിലുമൊക്കെ ബോംബ് സ്‌ഫോടനം നടന്നതിനു ശേഷം കേസുകള്‍ക്ക് തുമ്പും വാലുമില്ലാതായതു പോലെയല്ല ബര്‍ദ്വാനില്‍ സംഭവിച്ചത്. എന്‍.ഐ.എ സംഘം ദല്‍ഹിയില്‍ നിന്ന് സംഭവ സ്ഥലത്ത് പറന്നെത്തി. ചില ദുരൂഹ കഥാപാത്രങ്ങള്‍ പതിവു പോലെ അറസ്റ്റു ചെയ്യപ്പെട്ടു. അതിലൊരാളായ അബ്ദുല്‍ കലാം ശൈഖ് കഴിഞ്ഞ എട്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ്. ഇയാളാണ് സ്‌ഫോടനം നടത്തിയ സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പോലീസ് പറയുന്നത്. സാജിദ് എന്ന ഒരു ബംഗ്ലാദേശിയെ അന്വേഷിച്ച് എന്‍.ഐ.എ ധാക്കയിലേക്കു പോകാനും ഒരുങ്ങുന്നുണ്ട്. സംഭവത്തിന് അന്താരാഷ്ട്ര മുഖവും ഭീകര മുഖവും എങ്ങനെയെങ്കിലും സൃഷ്ടിച്ചെടുത്തേ മതിയാകൂ എന്ന നിര്‍ദേശം ലഭിച്ചതിനു ശേഷം നടക്കുന്ന കേസന്വേഷണമായിരുന്നു ഇതെന്ന് വ്യക്തം. സംഭവസ്ഥലം പരിശോധിക്കാനായി എന്‍.ഐ.എ അധ്യക്ഷന്‍ ശരദ് കുമാര്‍ എത്തിയ അവസരത്തില്‍ ബംഗാളിലെ മുസ്‌ലിം നേതാക്കളും അതേ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. സിമുലിയയിലെ മദ്‌റസയില്‍ പോലീസ് റെയ്ഡ് നടത്തുകയും സ്ഥലത്തെ ഓരോ മുസ്‌ലിമിന്റെ വീട്ടിലും പ്രതികളെ അന്വേഷിച്ചെത്തുകയും ചെയ്തപ്പോഴാണ് വിഷയം പഠിക്കാനായി മുസ്‌ലിം നേതാക്കള്‍ കാഗ്രഗഢില്‍ എത്തിയത്. പക്ഷേ അവരെ ഒന്നു കാണാന്‍ പോലും ശരദ് കുമാര്‍ കൂട്ടാക്കിയില്ല. ഈ കെട്ടിടത്തിന്റെ ഉടമ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ പാര്‍ട്ടി ഓഫീസ് ഈ കെട്ടിടത്തിന്റെ മുകള്‍തട്ടിലായിരുന്നു സ്ഥിതി ചെയ്തത്. ബര്‍ദ്വാനില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ ഈയിടെയായി വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവിലായിരുന്നു ഈ സ്‌ഫോടനം. കേസിന്റെ ഇത്തരം മറുവശങ്ങള്‍ കൂടി അന്വേഷിക്കണമെന്നായിരുന്നു മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
കാഗ്രഗഢിലെ ഏഴാം തരം വരെയുള്ള കുട്ടികള്‍ പഠിക്കുന്ന മദ്‌റസയോടു ചേര്‍ന്നുള്ള കുളം തെളിവു ശേഖരണത്തിന്റെ ഭാഗമായി പോലീസുകാര്‍ മോട്ടോര്‍ ഉപയോഗിച്ചു വറ്റിച്ചു. ഒരു കുടയുടെ കാലാണത്രെ കിട്ടിയത്. പക്ഷേ അത് തോക്കിന്റെ ചട്ടയാവാനും സാധ്യതയുണ്ടെന്ന് പോലീസ് സംഘത്തിലൊരാള്‍ അഭിപ്രായപ്പെട്ടതോടെ ഈ 'തൊണ്ടി' പോലീസ് കസ്റ്റഡിയിലെടുത്തു! മദ്‌റസയില്‍ നിന്ന് ഖുര്‍ആന്‍ കണ്ടെത്തിയതായി പോലീസിനെ ഉദ്ധരിച്ചു ചില ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തു. മദ്‌റസയില്‍ നിന്ന് ഖുര്‍ആന്‍ അല്ലാതെ ബൈബിള്‍ കിട്ടുമായിരുന്നോ ആവോ? അങ്ങാടിയിലെ കെട്ടിടത്തില്‍ സ്‌ഫോടനം നടന്നാല്‍ സ്ഥലത്തെ മദ്‌റസയിലെ കുളം വരെ വറ്റിച്ചു നോക്കുന്ന ഈ മാനസികാവസ്ഥയെ എന്തു വിശേഷിപ്പിക്കണം? സ്‌ഫോടനം നടന്ന കെട്ടിടത്തിലേക്ക് അന്വേഷിച്ചു ചെന്ന പോലീസിനെ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ തോക്കുകാണിച്ചു വിരട്ടിയെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് ഗ്രാമത്തിലെ എല്ലാ ഭാര്യമാരെയും പോലിസുകാര്‍ അന്വേഷിച്ചു ചെന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പിടിയിലായ ഭാര്യമാരുമായി ബന്ധം ഉണ്ടായിരുന്നോ എന്നായിരുന്നുവത്രെ അന്വേഷണം. ഗ്രാമത്തിലെ വീടുകളില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ എന്ന നാട്യത്തില്‍ കയറിച്ചെന്ന പോലീസുകാര്‍ അവരുടെ അസംബന്ധ ചോദ്യാവലിയുടെ മുഴുവന്‍ കോളങ്ങളും പൂരിപ്പിച്ചാണ് മടങ്ങിയിരുന്നത്. ഇത്തരം ചോദ്യങ്ങളും അന്വേഷണങ്ങളുമൊന്നും പാടില്ല എന്നല്ല പറഞ്ഞു വരുന്നത്. അത്യസാധാരണമായ ക്രിമിനല്‍ സംഭവം എന്ന നിലയില്‍ കേസ് ശക്തമായി അന്വേഷിക്കുകയും വേണം. പക്ഷേ കേസ് എന്താണെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാണെങ്കില്‍ പിന്നെ ഇത്തരമൊരു 'ഭീകരവത്കരണ'ത്തിന്റെ ആവശ്യമെന്താണ്? ലഭ്യമായിടത്തോളം സൂചനകളനുസരിച്ച് സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ മിക്കവര്‍ക്കും നാടന്‍ ബോംബുണ്ടാക്കി എത്തിച്ചു കൊടുത്തിരുന്ന തറ നിലവാരത്തിലുള്ള ഗുണ്ടകളാണ് കൊല്ലപ്പെട്ടവരും അവരോട് ഒപ്പമുണ്ടായിരുന്നവരും. പക്ഷേ അതിനെ മറ്റൊരു നിലവാരത്തിലേക്ക് മാറ്റിയെടുക്കാനുള്ള ബി.ജെ.പിയുടെ സമ്മര്‍ദത്തിന് അന്വേഷണ ഏജന്‍സികള്‍ വഴിപ്പെടുകയായിരുന്നു ചെയ്തത്.
വാജ്‌പേയിയുടെ ആദ്യകാലത്ത് അന്നത്തെ ഇന്റലിജന്‍സ് മേധാവി അജിത് കുമാര്‍ ദൊവല്‍ മുസ്‌ലിം വേട്ടയുടെ ഭാഗമായി തുടക്കമിട്ട 'ഭീകരവത്കരണ' പദ്ധതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്തിരുന്ന് വീണ്ടും സജീവമായി പുനരാരംഭിച്ചു എന്നതിന്റെ മിന്നലാട്ടങ്ങള്‍ കഴിഞ്ഞ നാലു മാസത്തിനിടയില്‍ ഇന്ത്യയിലുടനീളമുള്ള മീഡിയാ റിപ്പോര്‍ട്ടുകള്‍ ഒന്നിച്ചെടുക്കുമ്പോള്‍ കാണാനുണ്ട്. 'ഐസിസി'ല്‍ ഇന്ത്യക്കാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നും, ഇന്ത്യന്‍ മുജാഹിദീന്‍ പേരുമാറ്റി പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നും മറ്റും തുടര്‍ച്ചയായാണ് വാര്‍ത്തകള്‍ വരുന്നത്. അദ്വാനി അവസാനിപ്പിച്ചിടത്തു നിന്ന് ഈ ഉന്‍മാദം യു.പി.എ സര്‍ക്കാര്‍ കുറച്ചുകൊണ്ടുവന്നിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ അത് വീണ്ടും കത്തിച്ചെടുക്കുകയാണോ?
Comments