ഹയ്യ് ബ്‌നു യഖ്ദാന്
ഹയ്യ് സത്യ പദത്തില്‍
സമ്പൂര്‍ണമായ വിലയത്തിന്റെയും ആത്മവിസ്മൃതിയുടെയും ഏകീഭാവത്തിന്റെയും അവസ്ഥയില്‍ എത്തിയപ്പോള്‍, അത്യുന്നത ഗോളമണ്ഡലത്തെ ശരീരരഹിതമായും പദാര്‍ഥ മുക്തമായ ഒരു സത്തയായും അവന്‍ കണ്ടു. അത് ഏകനായ ആ പരമ സത്യത്തിന്റെ സത്തയായിരുന്നില്ല. ഗോള മണ്ഡലവും ആയിരുന്നില്ല. അവ രണ്ടുമല്ലാത്ത മറ്റേതെങ്കിലും വസ്തുവും ആയിരുന്നില്ല. നല്ല മിനുസമുള്ള ഒരു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സൂര്യബിംബം പോലെയായിരുന്നു അത്. അത് സൂര്യനോ കണ്ണാടിയോ രണ്ടുമല്ലാത്ത മറ്റൊന്നോ അല്ലല്ലോ. പ്രസ്തുത ഗോള മണ്ഡലത്തിന്റെ സത്തയില്‍ നാവു കൊണ്ട് വര്‍ണിക്കുവാനോ വാക്കുകള്‍ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും പ്രകാശിപ്പിക്കുവാനോ സാധ്യമല്ലാത്ത പൂര്‍ണതയും തിളക്കവും സൗന്ദര്യവും അവന്‍ ദര്‍ശിച്ചു. സര്‍വ മഹത്വങ്ങളുടെയും അധിപനായ പരമസത്യത്തെ ദര്‍ശിക്കുന്നത് മൂലമുള്ള അളവറ്റ സുഖവും സന്തോഷവും നിര്‍വൃതിയും ആനന്ദവും അത് അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്നതായും അവന്‍ കാണുകയുണ്ടായി.
അതിന്റെ തൊട്ടടുത്തുള്ള ഗോളത്തിനും, അഥവാ നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗോളമണ്ഡലത്തിനും ശരീര രഹിതമായൊരു സത്ത ഉള്ളതായി അവന്‍ ദര്‍ശിച്ചു. അതും ഏകനായ പരമ സത്യത്തിന്റെ സത്തയായിരുന്നില്ല. അത്യുന്നത ഗോളത്തിന്റെയോ ഈ ഗോളത്തിന്റെ തന്നെയോ സത്തയോ, അവയൊന്നുമല്ലാത്ത മറ്റേതെങ്കിലും സത്തയോ ആയിരുന്നില്ല. സൂര്യന് അഭിമുഖമായി നില്‍ക്കുന്ന ഒരു കണ്ണാടിയില്‍നിന്ന് മറ്റൊരു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സൂര്യബിംബം പോലെയായിരുന്നു അത്. അത്യുന്നത ഗോളത്തിനുള്ള അതേ പൂര്‍ണതയും തിളക്കവും സൗന്ദര്യവും ആനന്ദാതിരേകവും ഈ ഗോളത്തിലും അവന്ന് കാണുവാന്‍ കഴിഞ്ഞു.
അതുപോലെ തൊട്ടടുത്ത ഗോളമായ വ്യാഴ മണ്ഡലത്തിലും പദാര്‍ഥേതരമായ ഒരു സത്ത അവന്‍ കണ്ടു. അത് നേരത്തെ കണ്ട ഏതെങ്കിലും സത്തയോ അവയല്ലാത്ത മറ്റേതെങ്കിലും സത്തയോ ആയിരുന്നില്ല. സൂര്യന് അഭിമുഖമായി നില്‍ക്കുന്ന ഒരു കണ്ണാടിയില്‍നിന്ന് മറ്റൊരു കണ്ണാടിയില്‍ പ്രതിബിംബിച്ച്, അതില്‍നിന്ന് മറ്റൊരു കണ്ണാടിയില്‍ പ്രതിബിംബിച്ച സൂര്യനെപ്പോലെയായിരുന്നു അത്. ഈ സത്തയിലും നേരത്തെ കണ്ടതുപോലുള്ള സൗന്ദര്യവും ആനന്ദാതിരേകവും കാണാന്‍ കഴിഞ്ഞു.
ഇങ്ങനെ എല്ലാ ഗോളങ്ങളിലും പദാര്‍ഥ രഹിതമായ സത്തകളെ അവന്‍ കണ്ടു. അവയൊന്നും തന്നെ അവക്ക് മുമ്പ് കണ്ട സത്തകളോ അവയില്‍നിന്ന് തികച്ചും ഭിന്നമായ സത്തകളോ ആയിരുന്നില്ല. ഓരോ ഗോളത്തിന്റെയും ക്രമമനുസരിച്ച്, ഒരു കണ്ണാടിയില്‍ നിന്ന് മറ്റൊരു കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന സൂര്യനെപ്പോലെയായിരുന്നു അവ. ''ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത'' സൗന്ദര്യവും പ്രകാശവും ആനന്ദവും നിര്‍വൃതിയും ഈ ഓരോ സത്തക്കും ഉള്ളതായി കാണുകയും ചെയ്തു. അങ്ങനെ അവന്‍ സൃഷ്ടി-സംഹാരങ്ങളുടേതായ ഈ ലോകത്തെത്തുകയും അവ മുഴുവന്‍ ചാന്ദ്രമണ്ഡലത്തിന്റെ ഭാഗമാണെന്ന് കാണുകയും ചെയ്തു. അതിനും പദാര്‍ഥരഹിതമായ ഒരു സത്ത കാണപ്പെട്ടു, മുമ്പ് ദര്‍ശിച്ചതോ, അവയില്‍ നിന്ന് ഭിന്നമോ അല്ലാത്ത ഒരു സത്ത. പ്രസ്തുത സത്തക്ക് എഴുപതിനായിരം മുഖങ്ങളും ഓരോ മുഖത്തിനും എഴുപതിനായിരം വക്ത്രങ്ങളും ഓരോ വക്ത്രത്തിലും ഏകനായ പരമസത്യത്തെ നിരന്തരം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുപതിനായിരം നാവുകളും ഉണ്ടായിരുന്നു. അനേകത്വം തോന്നുമെങ്കിലും അനേകത്വമില്ലാത്ത ഈ സത്തയിലും നേരത്തെ കണ്ട സത്തകള്‍ക്കുള്ള സൗന്ദര്യവും പൂര്‍ണതയും അവന്‍ ദര്‍ശിച്ചു. സൂര്യാഭിമുഖമായി നില്‍ക്കുന്ന കണ്ണാടിയില്‍നിന്ന് ക്രമാനുഗതമായി ഓരോ കണ്ണാടിയിലും പ്രതിബിംബിച്ച് വന്ന് അവസാനത്തെ കണ്ണാടിയില്‍ നിന്ന് അലകളിളകുന്ന വെള്ളത്തില്‍ പ്രതിബിംബിക്കുന്ന സൂര്യരൂപം പോലെയായിരുന്നു അത്.
പിന്നെ, തനിക്കും സവിശേഷമായ ഒരു സത്തയുള്ളതായി അവന്‍ ദര്‍ശിച്ചു. തൊട്ടുമുമ്പ് പറഞ്ഞ, എഴുപതിനായിരം മുഖങ്ങളുള്ള സത്തയുടെ ഒരു ഭാഗമാണ് അതെന്ന് തോന്നിപ്പോകും-അങ്ങനെ വിഭജിക്കാന്‍ പറ്റുന്ന ഒന്നാണതെങ്കില്‍. ഇല്ലായ്മക്ക് ശേഷം ഉണ്ടായതല്ലെങ്കില്‍, അത് ആ സത്ത തന്നെയാണെന്നും, ഉണ്ടായ ഉടനെ ശരീര രൂപം സ്വീകരിച്ചിരുന്നില്ലെങ്കില്‍ അത് ഉണ്ടായതല്ലെന്നും നാം പറയുമായിരുന്നു.
ഈ ക്രമത്തില്‍, ഉണ്ടാവുകയും പിന്നെ ഇല്ലാതാവുകയും ചെയ്ത പദാര്‍ഥങ്ങള്‍ക്കും, ഇപ്പോഴും നിലനില്‍ക്കുന്ന പദാര്‍ഥങ്ങള്‍ക്കും തന്റേതുപോലുള്ള സത്തകള്‍ ഉള്ളതായി അവന്‍ ദര്‍ശിച്ചു. അനേകമെന്ന് വിശേഷിപ്പിക്കാന്‍ പറ്റുമെങ്കില്‍ അവ എണ്ണമറ്റവിധം അനേകമാണെന്നും, ഒന്നാണെന്ന് പറയാന്‍ പറ്റുമെങ്കില്‍ അവ മൊത്തത്തില്‍ ഒന്നാണെന്നും പറയാവുന്നതാണ്.
തന്റെ സത്തക്കും, തന്റെ അതേ ശ്രേണിയിലുള്ള മറ്റു സത്തകള്‍ക്കും, മുമ്പു പറഞ്ഞതുപോലെ, ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു ഹൃദയത്തിനും സങ്കല്‍പിക്കാനാവാത്തതുമായ സൗന്ദര്യവും പ്രകാശവും ആനന്ദവും നിര്‍വൃതിയുമുള്ളതായും അവന്ന് ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഒരാള്‍ക്കും അതിനെ വര്‍ണിക്കുക സാധ്യമല്ല. അതിനെ കാണുകയും അനുഭവിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ അതിനെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
പദാര്‍ഥരഹിതമായ വേറെയും അനേകം സത്തകളെ അവന്‍ ദര്‍ശിച്ചു. അവ പൊടിപിടിച്ച കണ്ണാടികളെപ്പോലെയായിരുന്നു. അവയുടെ പ്രതലത്തില്‍ അഴുക്കുകള്‍ പറ്റിപ്പിടിച്ചിരുന്നു. സൂര്യബിംബത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയില്‍നിന്ന് പുറംതിരിഞ്ഞാണ് അവ നിന്നിരുന്നത്. താനൊരിക്കലും മനസ്സില്‍ സങ്കല്‍പിക്കുകപോലും ചെയ്തിട്ടില്ലാത്ത അത്രയും അഴുക്കുകളും ന്യൂനതകളും അവക്കുള്ളതായി അവന്‍ കണ്ടു. അവ അറ്റമില്ലാത്ത ദുഃഖങ്ങളും അന്ത്യമില്ലാത്ത വേദനകളും അനുഭവിക്കുന്നതായും ശിക്ഷയുടെ ചമ്മട്ടിപ്രഹരങ്ങളേറ്റ് പുളയുന്നതായും, വിരഹത്തിന്റെ തീച്ചൂളയില്‍ കത്തിയെരിയുന്നതായും, ആകര്‍ഷണത്തിന്റെയും വികര്‍ഷണത്തിന്റെയും ഈര്‍ച്ചവാളുകള്‍ കൊണ്ട് കീറി മുറിക്കപ്പെടുന്നതായും കാണപ്പെട്ടു.
ഈ പീഡിപ്പിക്കപ്പെടുന്ന സത്തകള്‍ക്ക് പുറമെ, തെളിയുകയും മായുകയും സംഘടിക്കുകയും വിഘടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റുചില സത്തകളെയും അവന്‍ കാണുകയുണ്ടായി. അവിടെ അല്‍പനേരം അവന്‍ നിലയുറിപ്പിച്ചു. അപ്പോള്‍ ഭയാനകമായ രൂപങ്ങളും കനത്ത നിശ്ചലതയും വമ്പിച്ച സൃഷ്ടിപ്പുകളും ശക്തമായ ശാസനകളും മിനുക്കലും ഊതലും നിര്‍മാണവും രൂപം മാറ്റലുമൊക്കെ കാണപ്പെട്ടു. കുറച്ചുനേരമേ അങ്ങനെ നിന്നുള്ളൂ, അപ്പോഴേക്കും ഇന്ദ്രിയബോധത്തിലേക്കു അവന്‍ തിരിച്ചുവരികയും തന്റെ ആ അവസ്ഥയെക്കുറിച്ച് ബോധവാനാവുകയും ചെയ്തു. ഏതാണ്ടൊരു മോഹാലസ്യത്തിന് തുല്യമായ അവസ്ഥയായിരുന്നു അത്. ആ സ്ഥാനത്ത് നിന്ന് അവന്റെ കാലുകള്‍ തെന്നി. ഭൗതിക ലോകം തെളിയുകയും ദൈവിക ലോകം മറയുകയും ചെയ്തു. കാരണം അവ രണ്ടും ഒരിടത്ത് ഒരുമിക്കുകയില്ല; ചക്കൊളത്തികളെപ്പോലെയാണവ. ഒന്നിനെ തൃപ്തിപ്പെടുത്തിയാല്‍ മറ്റവള്‍ പിണങ്ങിപ്പോകും.
നീ പറഞ്ഞേക്കാം: താങ്കളുടെ വിവരണത്തില്‍നിന്നും വ്യക്തമാകുന്നത്, പരസ്പര വിരുദ്ധമായ ഈ സത്തകള്‍ നിതാന്തമായി നിലനില്‍ക്കുന്ന ഒരു വസ്തുവിന്റേതാണെങ്കില്‍ അവക്കു കുഴപ്പുമുണ്ടാവുകയില്ലെന്നാണ്. ആകാശ ഗോളങ്ങളെപ്പോലെ, അവ നിത്യമായി നിലനില്‍ക്കുന്നവയാണല്ലോ. എന്നാല്‍, മനുഷ്യനെപ്പോലെ ഒരു നശ്വര ശരീരത്തിന്റേതാണ് എങ്കില്‍ അത് നശിക്കുകയും വിഘടിക്കുകയും ചെയ്യും; കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന രൂപം പോലെ. കണ്ണാടി ഇല്ലെങ്കില്‍ അതിലെ പ്രതിബിംബങ്ങള്‍ നിലനില്‍ക്കുകയില്ലല്ലോ. കണ്ണാടി നശിച്ചാല്‍ അതോടൊപ്പം പ്രതിബിംബവും നശിക്കും. എന്റെ മറുപടിയിതാണ്: എത്ര പെട്ടെന്നാണ് നീ കരാര്‍ മറന്നതും ബന്ധം മുറിച്ചതും. വിസ്തരിച്ചു പറയാന്‍ ഇവിടെ സന്ദര്‍ഭമില്ലെന്നും വാക്കുകള്‍ എപ്പോഴും തെറ്റായ സൂചനകള്‍ നല്‍കുമെന്നും ഞാന്‍ പറഞ്ഞിരുന്നില്ലേ? ഉപമയെയും ഉപമാനത്തെയും എല്ലാ അര്‍ഥത്തിലും ഒരുപോലെ കാണുന്ന അബദ്ധത്തില്‍ നിന്നെ അകപ്പെടുത്തിയത് അത്തരമൊരു തെറ്റായ സൂചനയാണ്. പതിവായുള്ള അഭിസംബോധനകളില്‍ പോലും അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നിരിക്കെ ഇവിടെ അതെങ്ങനെ സാധ്യമാകും? സൂര്യനും അതിന്റെ പ്രകാശവും രൂപവും അതിന്റെ പ്രതിഫലനവും കണ്ണാടിയും അതില്‍ പതിയുന്ന പ്രതിബിംബവുമൊക്കെത്തന്നെ ശരീരവുമായി വിഛേദിക്കാതാവുകയെന്നത് എങ്ങനെ സാധുവാകും, ശരീരം ഇല്ലാതാകുമ്പോള്‍ അവ നിലനില്‍ക്കാത്തവിധം? അതിനാല്‍. അവയുടെ നിലനില്‍പ്പിന് ശരീരത്തിന്റെ നിലനില്‍പ്പ് ആവശ്യമാവുകയും ശരീരം ഇല്ലാതാകുമ്പോള്‍ അത് ഇല്ലാതാവുകയും ചെയ്യുന്നതെങ്ങനെ?
എന്നാല്‍, ദൈവികമായ ആത്മാവുകളുടെയും സത്തകളുടെയും അവസ്ഥ അതല്ല. അവയെല്ലാം തന്നെ ശരീരങ്ങളുമായോ അവയുടെ അനുബന്ധങ്ങളുമായോ ഒരു ബന്ധവും ഇല്ലാത്തവയത്രെ. ശരീരങ്ങളില്‍ നിന്ന് പൂര്‍ണമുക്തമാണവ. ശരീരങ്ങളുമായി ഒരുവിധ ആശ്രിതത്വവും അവക്കില്ല. ശരീരം നിലനില്‍ക്കട്ടെ നിലനില്‍ക്കാതിരിക്കട്ടെ, അവക്ക് അതൊരു പ്രശ്‌നമേയല്ല. കാരണം, അവയുടെ ഒരേയൊരു ബന്ധവും ആശ്രയവും അനിവാര്യാസ്തിത്വവുമായിട്ടാണ്. അവയുടെ തുടക്കവും ഒടുക്കവും അവയുടെ അസ്തിത്വഹേതുവും അവനാണ്. അവയെ അനന്തമായി നിലനിര്‍ത്തുന്നത് അവനാണ്. അവക്ക് ശരീരങ്ങളെ ആവശ്യമില്ല. ശരീരങ്ങള്‍ക്ക് അവയെ ആണ് ആവശ്യമുള്ളത്. അതായത് അവ നശിച്ചാല്‍ ശരീരങ്ങളും നശിക്കും. കാരണം, ശരീരങ്ങളുടെ സാരപ്പൊരുളാണ് ഈ സത്തകള്‍. അവ നശിക്കുക എന്നാല്‍ അവ ഇല്ലാതാവുക എന്നല്ല അര്‍ഥം; രൂപമാറ്റം സംഭവിക്കുക എന്നാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പര്‍വതങ്ങളെ കടഞ്ഞ പഞ്ഞിപോലെയും മനുഷ്യരെ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയും ആക്കുമെന്നും സൂര്യചന്ദ്രന്മാരെ ചുരുട്ടുമെന്നും ആകാശങ്ങളെ അവയല്ലാത്തതും ഭൂമിയെ അതല്ലാത്തതുമാക്കി മാറ്റുമെന്നുമൊക്കെ പറഞ്ഞത്.
ഹയ്യ് ബ്‌നു യഖ്ദാന് ഉണ്ടായ ദര്‍ശനത്തെപ്പറ്റി ഇത്രമാത്രമേ ഈയവസരത്തില്‍ എനിക്ക് പറയാനാവുകയുള്ളൂ ഇതില്‍ കൂടുതലായി പറയാന്‍ എന്നോട് ആവശ്യപ്പെടരുത്. അതസാധ്യമാണ്.
കഥാന്ത്യം
ഹയ്യ്ബ്‌നു യഖ്ദാന്റെ ചരിത്രത്തിന്റെ പരിസമാപ്തിയെപ്പറ്റി ഞാന്‍ പറഞ്ഞുതരാം. തന്റെ ആത്മീയ പര്യടനങ്ങള്‍ കഴിഞ്ഞ് ഭൗതിക ലോകത്ത് തിരിച്ചെത്തിയപ്പോള്‍ ഐഹിക ജീവിതത്തിന്റെ ദുരിതങ്ങളില്‍ അവന്ന് മടുപ്പനുഭവപ്പെടുകയും മറുജീവിതത്തോടുള്ള അഭിനിവേശം തീവ്രമാവുകയും ചെയ്തു. അതിനാല്‍, ആദ്യം നടത്തിയതുപോലുള്ള പരിശീലനങ്ങളിലൂടെ പ്രസ്തുത സ്ഥാനത്ത് വീണ്ടും എത്തിച്ചേരുവാന്‍ അവന്‍ പരിശ്രമിച്ചു. അങ്ങനെ ആദ്യത്തേതിനേക്കാള്‍ എളുപ്പത്തില്‍ ആ സ്ഥാനത്ത് എത്തുകയും ആദ്യത്തേതിനേക്കാള്‍ അധികം സമയം അതില്‍ തങ്ങുകയും ചെയ്തു. അനന്തരം ഭൗതിക ലോകത്തേക്ക് മടങ്ങിവന്ന ശേഷം വീണ്ടും അവിടെ എത്തിച്ചേരാന്‍ പരിശ്രമിച്ചു. ഇത്തവണ അത് ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും എളുപ്പമായിരുന്നു. മാത്രമല്ല കൂടുതല്‍ സമയം അവിടെ തങ്ങുവാനും സാധിച്ചു. ഇങ്ങനെ ഓരോ തവണയും അവിടേക്കുള്ള പ്രയാണം കൂടുതല്‍ കൂടുതല്‍ എളുപ്പമായിക്കൊണ്ടിരിക്കുകയും അവിടെ തങ്ങുന്ന സമയത്തിന്റെ ദൈര്‍ഘ്യം കൂടിവരികയും ചെയ്തു. ഒടുവില്‍ വിചാരിക്കുമ്പോഴെല്ലാം അവിടെ എത്തുവാനും വിചാരിക്കുമ്പോള്‍ മാത്രം അവിടെനിന്നു തിരിച്ചുവരാനും സാധിക്കുന്ന ഒരവസ്ഥ കൈവന്നു. അതിനുശേഷം അവന്‍ ആ സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു. ശരീരത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍വേണ്ടിയല്ലാതെ അവിടെ നിന്ന് തിരിച്ചുപോന്നില്ല. അത്തരം ആവശ്യങ്ങള്‍ അവന്‍ പരമാവധി കുറക്കുകയും ചെയ്തിരുന്നു. പ്രസ്തുത സ്ഥാനത്തെ പിരിഞ്ഞുപോരാന്‍ നിര്‍ബന്ധിക്കുന്ന എല്ലാ ശാരീരികാവശ്യങ്ങളില്‍നിന്നും മുക്തിനേടുകയും ആ സ്ഥാനത്ത് നില്‍ക്കുമ്പോഴുള്ള ആനന്ദത്തില്‍ ശാശ്വതമായി മുഴുകുകയും ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണാര്‍ഥം അവിടെനിന്നും തിരിച്ചുവരുമ്പോഴുണ്ടാകുന്ന വേദനകളില്‍നിന്ന് വിമുക്തി നേടുകയുമാണ് അവന്‍ ഇതുകൊണ്ടെല്ലാം ഉദ്ദേശിച്ചിരുന്നത്.
അമ്പത് വയസ്സ് പൂര്‍ത്തിയാകുന്നത് വരെ പ്രസ്തുത അവസ്ഥയില്‍ അവന്‍ തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് അബ്‌സാലിനെ കണ്ടുമുട്ടാനും സൗഹൃദം സ്ഥാപിക്കാനും ഇടയായത്. അബ്‌സാലുമായുള്ള ആ കൂട്ടുകെട്ടിന്റെ കഥയാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്.
(തുടരും)
വിവ: റഹ്മാന്‍ മുന്നൂര്ചിത്രീകരണം: എം. കുഞ്ഞാപ്പ
Comments