Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

പെരുമാറ്റത്തിലെ കാര്‍ക്കശ്യം കൊണ്ട് അകന്നുപോകുന്നവരെത്രയാണ്

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

പെരുമാറ്റത്തിലെ കാര്‍ക്കശ്യം കൊണ്ട് 
അകന്നുപോകുന്നവരെത്രയാണ്

രു സംഘടനയുടെ കൂടിയാലോചനാ യോഗം നടക്കുകയാണ്. ഒരു പ്രത്യേക ചുമതല ഏറ്റെടുക്കാന്‍ അധ്യക്ഷനായ നേതാവ് യുവാവായ ഒരു പ്രവര്‍ത്തകനോട് ആവശ്യപ്പെട്ടു. യുവാവ് പ്രയാസം അറിയിച്ചു. ഉടനെ നേതാവിന്റെ പ്രതികരണം ഇങ്ങനെ: ''ബിരിയാണി തിന്നാനാണെങ്കില്‍ നീ ഉടനെ സമ്മതിക്കും, അല്ലേ?'' പിന്നീടൊരിക്കലും ആ യുവാവ് ആ സംഘടനയുമായി അടുത്തിട്ടില്ല. ബ്ലേഡുപോലുള്ള തന്റെ നാക്കുകൊണ്ട് ഹൃദയത്തിന് മുറിവേറ്റ ആ പ്രവര്‍ത്തകന്റെ വേദനയുണ്ടോ നേതാവറിയുന്നു?

സ്വഭാവ ഗുണങ്ങളെക്കുറിച്ചുള്ള ശമീര്‍ ബാബുവിന്റെ ലേഖനം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വെളിച്ചമാകേണ്ടതാണ് (ലക്കം 2874). മറ്റുള്ളവരെ പുഛിക്കുകയും ചെറുതാക്കുകയും ചെയ്യുന്നത് ചിലര്‍ക്ക് വല്ലാത്ത ഹരമാണ്. അത്തരം മൂര്‍ച്ചയുള്ള നാക്കുകൊണ്ട് കീറിമുറിക്കപ്പെട്ടവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉള്‍വലിയുന്നു.

താന്‍ മറ്റുള്ളവരെക്കാളെല്ലാം ജീവിതാനുഭവങ്ങളുള്ളവനാണെന്നും മറ്റുള്ളവര്‍ തന്നെക്കാള്‍ താഴെയാണെന്നുമുള്ള വിചാരത്തോടെയാണ് ചിലര്‍ സംസാരിക്കുകയും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യുക. മറ്റുള്ളവര്‍ മറവി കൊണ്ടോ അറിവില്ലായ്മ കൊണ്ടോ വല്ല അബദ്ധവും പറഞ്ഞുപോയാല്‍ അവര്‍ പരിഹസിച്ചും കൊള്ളിവാക്കുപറഞ്ഞും അവരെ കൊത്തിനുറുക്കിക്കളയുന്നു. അതവരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. തന്നെ അപമാനിച്ചയാളില്‍ നിന്നകലുന്നതോടൊപ്പം 'ആ മനുഷ്യന്‍ ഉള്ള' പ്രസ്ഥാനവും തനിക്കു വേണ്ട എന്നു തീരുമാനിക്കുന്നു.

ഒരു വ്യക്തിയുടെ ദുഃസ്വഭാവം മറ്റൊരാളെ സംഘടനയില്‍ നിന്ന് അകറ്റുമ്പോള്‍ ഒരു കുടുംബത്തെയും ആ കുടുംബവുമായി ബന്ധപ്പെട്ട വലിയ ഒരു സമൂഹത്തെയുമാണ് സംഘടനയില്‍ നിന്ന് അകറ്റുന്നത്. കര്‍ക്കശ സ്വഭാവക്കാര്‍ ഏതു പ്രസ്ഥാനത്തിനും ശാപവും ഭാരവുമാണ്. നേതൃത്വത്തിന്റെ മയമില്ലാത്ത നിലപാടുകളും പ്രവര്‍ത്തകരുടെ മൂര്‍ച്ചയുള്ള നാക്കും മതി ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍.

അഭിമാനം വിലപ്പെട്ടതാണ്. ആരുടെയും അഭിമാനം ആര്‍ക്കും കീറിമുറിക്കാനുള്ളതല്ല; എന്തിന്റെ പേരിലായാലും. വീഴ്ച പറ്റുന്നവരെ പരിഹസിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. വിമര്‍ശനവും കളിയാക്കലും ഒന്നല്ല. കളിയാക്കല്‍ ഹൃദയത്തില്‍ ചെന്നു തറക്കുന്നു. ഉണങ്ങാത്ത മുറിവായി അത് എക്കാലവും അവശേഷിക്കുകയും ചെയ്യും.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

വെറൈറ്റി ലൈഫ്

ക്കം 2872-ലെ, വിവാഹ ആഡംബരത്തിനെതിരെ മുസ്‌ലിം സംഘടനാ കൂട്ടായ്മയുടെ പതിനഞ്ച് നിര്‍ദേശങ്ങള്‍ വായിച്ചപ്പോള്‍ ആലിയാ അറബിക് കോളേജിലെ വിദ്യാര്‍ഥിനി ഫര്‍സീന കണ്ണൂര്‍ കോളേജ് സപ്ലിമെന്റില്‍ എഴുതിയ 'വെറൈറ്റി ലൈഫ്' എന്ന കവിതയാണ് ഓര്‍മ വന്നത്. ആ കവിത വായനക്കാര്‍ക്ക് വേണ്ടി ഇവിടെ പകര്‍ത്തുന്നു.

മന്ത്രിയുടെ സീമന്ത പുത്രിക്ക് കല്യാണം
വരന്‍ വരുന്നത് ഹെലികോപ്റ്ററില്‍
വീട്ടുകാര്‍ എയറിന്ത്യയുടെ വിമാനത്തില്‍
ഭക്ഷണം ഒരുക്കിയത് നടുക്കടലില്‍
മധുവിധു പാരച്യൂട്ടിലും
മാസങ്ങള്‍ നീങ്ങി
പുത്രി ഗര്‍ഭിണിയാണ്
അമ്മാവനും മരുമകനും ചര്‍ച്ച തുടങ്ങി
ഗര്‍ഭപാത്രം?
വാടകയ്‌ക്കെടുക്കാം, അവള്‍ക്കതിന്റെ ബുദ്ധിമുട്ട് വേണ്ട
പ്രസവം?
കടലിനുള്ളില്‍ ഹോസ്പിറ്റല്‍ പണിയാം
അത് ഒരു പുതുമയാകും.
കുഞ്ഞ് ജനിക്കുമ്പോള്‍ കരച്ചില്‍ ഇംഗ്ലീഷിലാവാന്‍
അമേരിക്കയില്‍ നിന്ന് ഡോക്ടറെയും നഴ്‌സിനെയും കൊണ്ടുവരാം.
കുഞ്ഞു ജനിച്ചു.
ഡേ കെയറും സ്‌കൂള്‍സും കോളേജസുമായി
അവന്‍ പടികള്‍ പിന്നിട്ടു.
ഡാഡിയെയും മമ്മിയെയും
പാര്‍പ്പിക്കാന്‍ വൃദ്ധസദനം തിരഞ്ഞില്ല
വേദനയില്ലാതെ കൊല്ലുന്ന
ക്വട്ടേഷന്‍ സംഘത്തെ ഏല്‍പിച്ചു.
ചിതയൊരുക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കായവന്‍ കാത്തുനിന്നു.....

യു.കെ.എം സാദിഖ് പള്ളിക്കര

ആര്‍ഭാടങ്ങളിലേക്ക് വഴിമാറുന്ന സല്‍ക്കാരങ്ങള്‍

ര്‍ഭാട വിവാഹങ്ങള്‍ക്കും ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ മുസ്‌ലിംസംഘടനകളുടെ കൂട്ടായ പ്രചാരണ - ബോധവത്കരണ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏറെ കാലിക പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. വിവാഹവും വിവാഹാനന്തര ചടങ്ങുകളും ആചാരത്തിന്റെയും അച്ചടക്കത്തിന്റെയും സകല അതിര്‍വരമ്പുകളും ലംഘിക്കുകയും ആര്‍ഭാടത്തിലേക്കും ആഭാസത്തിേലക്കും ഒടുക്കം സംഘര്‍ഷങ്ങളിലേക്കും വരെ വഴിമാറുകയും ചെയ്യുന്ന അനുഭവങ്ങളുമുണ്ട്. 

കുത്തിയൊലിക്കുന്ന നദിയുടെ കരയില്‍ നിന്ന് വുദൂ ചെയ്യുമ്പോള്‍ പോലും ജലോപയോഗത്തില്‍ മിതത്വം പാലിക്കണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കല്യാണ ദിവസം കുഴിച്ചുമൂടപ്പെട്ട ഭക്ഷണത്തിന്റെയും കത്തിച്ചുതീര്‍ത്ത കരിമരുന്നിന്റെയും കഴുകിത്തീര്‍ത്ത മെയ്ക്കപ്പിന്റെയും കണക്കും സംഖ്യയും പറഞ്ഞാണ് ദുരഭിമാനവും പൊങ്ങച്ചവും പ്രകടിപ്പിക്കുന്നതെന്നത് പരിതാപകരമല്ലേ?

വി.എം സമീര്‍ കല്ലാച്ചി

രോഗികളെയും വെറുതെ വിടുന്നില്ലല്ലോ ഭരണകൂടം

മാനവരാശിയുടെ നിലനില്‍പ് ഉല്‍പന്നങ്ങളുടെ വിനിമയ, വിതരണ, പങ്കാളിത്ത പരിഗണന അനുസരിച്ചാണ്. അവശ്യ വസ്തുക്കളായ വെള്ളം, വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം എന്നിവ അന്യം നിന്ന് പോകുന്നത് രാജ്യം ഭരിക്കുന്നവരുടെ മേന്മയല്ല എടുത്തു കാട്ടുന്നത്. വിഭവക്കുറവ് മൂലം മരിച്ചുവീഴുന്നവരും പാര്‍പ്പിടമില്ലാതെ തെരുവിലഭയം കണ്ടെത്തുന്നവരും സര്‍ക്കാറിന്റെ കൊള്ളരുതായ്മയാണ് ഉറക്കെ വിളിച്ച് പറയുന്നത്.

ആര്‍ഭാട ജീവിതത്തിന് ആക്കം കൂട്ടുന്ന നപടികളല്ല സര്‍ക്കാറില്‍ നിന്നുണ്ടാവേണ്ടത്, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം സുഗമമാക്കുന്ന യത്‌നങ്ങളാണുണ്ടാവേണ്ടത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ മുതലാളിമാരുടെ പോക്കറ്റ് കനം കൂട്ടാനും പാവപ്പെട്ടവരെ ഞെക്കി കൊല്ലാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

മരുന്ന് വില നിയന്ത്രണം കുത്തകകള്‍ക്ക് കൈമാറി ജനജീവിതം ഇരുട്ടിലാക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്. കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില അതിഭീകരമാംവിധം വര്‍ധിപ്പിച്ചിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം കുത്തകകള്‍ക്കുള്ള അംഗീകാരമല്ലാതെ മറ്റെന്താണ്.

അബ്ദുറസ്സാഖ് പുലാപ്പറ്റ

 

വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ 
ആഭാസങ്ങളെ ന്യായീകരിക്കുന്നവര്‍

രു ന്യൂനപക്ഷം അനുകൂലിക്കുന്നു എന്നതിന്റെ പേരില്‍ സമൂഹത്തിന്റെ ഭദ്രതക്ക് കോട്ടം തട്ടുന്ന ആഹ്വാനങ്ങളെ നാം മാനിക്കേണ്ടതുണ്ടോ? വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിലാണ് പലതരം ആഭാസങ്ങളെയും ന്യായീകരിക്കാന്‍ പലരും ശ്രമിക്കുന്നത്.

നൂറ്റാണ്ടുകളായി മനുഷ്യ സമൂഹം പവിത്രമായി കണ്ടുവന്ന മറകള്‍ തകര്‍ക്കപ്പെടുകയും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്നു. പുതിയൊരു ഉന്മാദ സമൂഹം സദാചാരത്തെയും സംസ്‌കാരത്തെയും വെറുക്കുന്നവരായി രംഗത്തുവന്നുകഴിഞ്ഞു. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച സംസാരങ്ങളിലോ വാദങ്ങളിലോ മാത്രം അവര്‍ ഒതുങ്ങാനാഗ്രഹിക്കുന്നില്ല. മറിച്ച് സ്വാതന്ത്ര്യത്തിന്റെ പ്രയോഗവത്കരണത്തിലാണ് അവര്‍ക്ക് താല്‍പര്യം. പുതുതലമുറയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഒരുഭാഗത്ത് ആടിത്തിമര്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി സംസാരിക്കുന്നതും എഴുതുന്നതും ജീര്‍ണതകളെ മഹത്വവത്കരിച്ച് സിദ്ധാന്തങ്ങള്‍ ചമക്കുന്നതും സ്വതന്ത്ര ബുദ്ധിജീവികളും ഒരുപറ്റം സാംസ്‌കാരിക - മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്!

നിര്‍ബന്ധമായും നിലനില്‍ക്കേണ്ട മറകളും കണിശമായി പാലിക്കപ്പെടേണ്ട അതിര്‍വരമ്പുകളും ദൈവം മനുഷ്യസമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പിനും ശോഭനമായ ഭാവിക്കും വേണ്ടിയാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രാപഞ്ചിക സംവിധാനങ്ങള്‍ പോലെത്തന്നെ ഈ മറകളും അതിര്‍വരമ്പുകളുമാണ് സദാചാരത്തെ തീരുമാനിക്കുന്നതും സംസ്‌കാരത്തെ നിര്‍മിക്കുന്നതും, നാഗരികതകള്‍ക്ക് അസ്തിവാരമായി വര്‍ത്തിക്കുന്നതും.

എം.ടി ഹാരിസ് തിരുവേഗപ്പുറ

അമ്പതുകളില്‍ 
ആരംഭിച്ച ബന്ധം

ബ്ദുല്‍ അഹദ് തങ്ങളുമായുള്ള ബന്ധം '50-കളില്‍ ആരംഭിച്ചതാണ്. എടയൂര്‍ ഓഫീസില്‍ നിന്ന് ഘടകങ്ങള്‍ക്ക് ഇടക്കിടെ അറിയിപ്പുകളും നിര്‍ദേശങ്ങളും ലഭിക്കുമായിരുന്നു. ആദ്യമൊക്കെ കാര്‍ഡില്‍. പിന്നെ കവറുകളില്‍. ഉപദേശനിര്‍ദേശങ്ങള്‍ എഴുത്തുകളില്‍ തുളുമ്പും.

1981-ലെ ഹൈദരാബാദ് 'വാദിഹുദാ' സമ്മേളനം തങ്ങളുടെ ക്ഷമ നേരിട്ട് മനസ്സിലാക്കാന്‍ അവസരമായി. വെള്ളിമാട്കുന്നില്‍ നിന്ന്, അന്ന് കേരള ജമാഅത്തിനുണ്ടായിരുന്ന ഒരു വാനില്‍ ഞങ്ങള്‍- കെ.സി, ടി.കെ, കെ.എന്‍, തങ്ങള്‍, ഭൂപതി അബൂബക്കര്‍ ഹാജി, ലക്കി ഹാജി, വി. മൂസ, മരക്കാര്‍ ഹാജി, കുറിപ്പുകാരന്‍- നാലു ദിവസം മുമ്പേ യാത്രയായി. ഒരു ദിവസം ബാംഗ്ലൂരില്‍ തങ്ങിയായിരുന്നു യാത്ര. സമ്മേളനം തുടങ്ങാന്‍ രണ്ടു ദിവസം കൂടിയുണ്ടായിരുന്നു. കേരളക്കാര്‍ക്ക് രണ്ടു ക്യാമ്പുകളാണുണ്ടായിരുന്നത്.  ഒന്നിന്റെ ചുമതല അബൂബക്കര്‍ ഹാജിക്കും മറ്റേതിന്റേത് എനിക്കും കെ.സി നല്‍കി. മറ്റു വാഹനങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്ന് സ്‌പെഷല്‍ തീവണ്ടിയിലാണ് കൂടുതല്‍ ആളുകളും എത്തിയത്. സമ്മേളനം ആരംഭിച്ച ദിവസം വൈകിയാണ് വണ്ടി എത്തിയത്. സമ്മേളനാരംഭത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രാതല്‍ ലഭിച്ചു. തീവണ്ടിയിലെത്തിയവര്‍ നന്നേ ക്ഷീണിച്ച്, വിശന്നു വലഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്തില്ലെന്നതിനാല്‍ അവര്‍ക്ക് പ്രാതലൊരുക്കിയിരുന്നില്ല. എങ്കിലും നിര്‍ബന്ധിതാവസ്ഥ പരിഗണിച്ച്, വന്ന അതേ വാനില്‍ ഹൈദരാബാദ് സിറ്റിയില്‍ പോയി റൊട്ടിയും പഴവര്‍ഗങ്ങളും വാങ്ങിക്കൊണ്ടുവന്നത് ഞാനായിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ അബ്ദുല്‍ അഹദ് തങ്ങളോട്, നമ്മുടെ നിലപാടിന് നിരക്കാത്തവിധം ക്ഷോഭിച്ചതായി അറിഞ്ഞു. ഇത് ഞങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തി. അവരോട് സംഗതികള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ അനുവദിച്ചില്ല. 'സാരമില്ല' എന്ന് പറഞ്ഞ് അദ്ദേഹം കാണിച്ച ക്ഷമ ഇന്നും മായാതെ മനസ്സിലുണ്ട്. അല്ലാഹു അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ-ആമീന്‍.

ആര്‍.സി മൊയ്തീന്‍ കൊടുവള്ളി

മാഅത്തെ ഇസ്‌ലാമിയുടെ പശ്ചിമബംഗാള്‍ അധ്യക്ഷനായ നൂറുദ്ദീന്‍ ഷാഹുമായുള്ള അഭിമുഖം ശ്രദ്ധേയമായി(ലക്കം 2872). വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹത്തിന്റേത് വിപ്ലവകരമായ കാഴ്ചപ്പാടാണ്. അതൊരു മാര്‍ഗരേഖയായി മതപണ്ഡിതന്മാരെല്ലാം സ്വീകരിച്ചിരുന്നെങ്കില്‍ മുസ്‌ലിം സമുദായം പിന്നാക്കാവസ്ഥയിലാകുമായിരുന്നില്ല.

ഇ. അസീസ് പുല്ലഞ്ചേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍