Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

ലഖ്‌നൗ സമ്മേളനത്തിന്റെ സൂചനകള്‍

         22 വര്‍ഷത്തിനു ശേഷം, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ത്രിദിന ബൈഠക്ക് ഈയിടെ ലഖ്‌നൗവില്‍ നടക്കുകയുണ്ടായി. രാജ്യം ഒരു പ്രത്യേക ദിശയിലേക്ക് തിരിയുന്നതിന്റെ വ്യക്തമായ സൂചനകള്‍ സമ്മേളനം പുറംലോകത്തിനു നല്‍കിയിരിക്കുന്നു. മതേതരം എന്നവകാശപ്പെടുന്ന കക്ഷികളുടെ സൂക്ഷ്മമായ വിശകലനം ആവശ്യപ്പെടുന്നതാണ് ഈ സൂചനകള്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ചും സാംസ്‌കാരിക വ്യക്തിത്വത്തിന്റെ സുരക്ഷയെക്കുറിച്ച് വേപഥുകൊള്ളുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും അവരുടെ നേതൃത്വത്തിന്റെയും മുന്നില്‍ പലതരം വെല്ലുവിളികളുയര്‍ന്നിരിക്കുകയാണ്. ഹിന്ദുക്കളല്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ സാമുദായികമോ മതപരമോ ആയ വ്യക്തിത്വത്തിന് ഈ രാജ്യത്ത് യാതൊരു അസ്തിത്വവുമില്ല. ഉണ്ടാകുന്നത് രാജ്യത്തിന്റെയും ജനതയുടെയും അഖണ്ഡതക്ക് ഹാനികരമാകുന്നു. ഇതാണ് സമ്മേളനത്തിലടുനീളം സംഘിന്റെ അത്യുന്നത നേതാക്കള്‍ മുതല്‍ താഴെക്കിടയിലുള്ള അനുഭാവികള്‍ വരെ പ്രകടിപ്പിച്ച ഉറച്ച നിലപാട്. ഗുരു ഗോള്‍വാള്‍ക്കര്‍ മുതല്‍ ഇന്നുവരെയുള്ള ആചാര്യന്മാരെല്ലാം പിന്തുടര്‍ന്നുവന്ന നിലപാട് ഇതുതന്നെയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷം എന്നൊന്നില്ല. ഉള്ളവരെല്ലാം ഹിന്ദുക്കളാണ്; ആയിരിക്കണം. സംഘ് മേധാവി മോഹന്‍ ഭഗവത് മാത്രമല്ല ഇങ്ങനെ പ്രഖ്യാപിച്ചത്; സംഘത്തിന്റെ പ്രചാരണ വിഭാഗം തലവന്‍ ഡോ. മന്‍മോഹന്‍ വൈദ്യ പ്രഖ്യാപിച്ചതും ഇതുതന്നെ.

മുന്‍കാലങ്ങളില്‍ മുസ്‌ലിംകളെ ആര്‍.എസ്.എസ്സില്‍ ചേര്‍ക്കാറില്ല. മുസ്‌ലിംകള്‍ ചേരാറുമില്ല. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായിരിക്കണമെന്ന ദര്‍ശനത്തിന്റെ പ്രയോഗവത്കരണമായി ഇപ്പോള്‍ മുസ്‌ലിം യുവാക്കള്‍ക്കും സംഘില്‍ അംഗത്വം നല്‍കിത്തുടങ്ങിയിരിക്കുന്നു. തങ്ങളുയര്‍ത്തിപ്പിടിക്കുന്ന ദേശീയ ബോധമുള്‍ക്കൊണ്ട് കലാലയ വിദ്യാര്‍ഥികളായ ധാരാളം മുസ്‌ലിം യുവാക്കള്‍ ആര്‍.എസ്.എസ്സില്‍ അംഗത്വമെടുക്കാന്‍ മുന്നോട്ടുവരുന്നുണ്ടെന്നാണ് ഡോ. വൈദ്യ പറയുന്നത്. ഈ വിവരം ലഖ്‌നൗ ബൈഠക്കിനു തൊട്ടു മുമ്പും ആര്‍.എസ്.എസ് നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഏതു പ്രദേശത്ത് ഏതു വിഭാഗത്തില്‍ പെട്ട മുസ്‌ലിംകളാണ് കൂട്ടും കൂട്ടമായി സംഘില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് വക്താക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അത് അവിശ്വസിക്കേണ്ട കാര്യമില്ല. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ ഘടകമായ ബി.ജെ.പിയുടെ നേതൃനിരയില്‍ പോലും അപൂര്‍വമായെങ്കിലും മുസ്‌ലിംകളുണ്ട്.  അതിലൊരാള്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമല്ല എന്ന് പ്രസ്താവിച്ചതും മോഹന്‍ ഭഗവതിന്റെ, ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന പ്രസ്താവനയെ ന്യായീകരിച്ചതും നാം കണ്ടതാണല്ലോ. ആര്‍.എസ്.എസ്സിന്റെ ദര്‍ശനവും സംസ്‌കാരവും സ്വാംശീകരിച്ച ഒരാള്‍ക്ക് തൗഹീദില്‍ വിശ്വസിക്കുന്ന മുസ്‌ലിം എന്ന വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയുമോ, അഥവാ ആര്‍.എസ്.എസ് അതിനു സമ്മതിക്കുമോ എന്നൊരു ചോദ്യമുണ്ട്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ് എന്ന് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ചോദ്യം ഏറെ പ്രസക്തമാകുന്നു. ഈ രാജ്യത്ത് ന്യൂനപക്ഷം എന്നൊന്നില്ല എന്നുകൂടി ഇതോടൊപ്പം പറയുന്നുണ്ടെന്നോര്‍ക്കണം.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അസ്തിത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടാണ്. ഭാരത ഭരണകൂടം ഇതഃപര്യന്തം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും കോടതി വിധികളിലും നിരീക്ഷണങ്ങളിലുമെല്ലാം അംഗീകരിച്ചു വന്ന യാഥാര്‍ഥ്യമാണത്. ആര്‍.എസ്.എസ് തുടക്കം മുതലേ ന്യൂനപക്ഷാവകാശം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളെ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ്. ഭരണഘടനയിലെ ന്യൂനപക്ഷ പരിഗണന വൈദേശികാടിമത്തത്തിന്റെ ബാക്കിപത്രമാണെന്നാണ് വാദം.

ഇന്ത്യയില്‍ അനേകം സമുദായങ്ങളും ജാതികളും സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. ചിലര്‍ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമാണ്. ചിലര്‍ ഏകദൈവവിശ്വാസികള്‍. ഒരു ദൈവത്തിലും വിശ്വസിക്കാത്തവരുമുണ്ട്. ഈ വ്യത്യസ്ത വിഭാഗങ്ങളെല്ലാം ഒന്നുചേര്‍ന്ന് സമരം ചെയ്ത് ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്ഥാപിച്ച മഹാ രാജ്യമാണ് ജനാധിപത്യ ഇന്ത്യ. ഇന്ത്യയെ മാതൃരാജ്യമായി ഉള്‍ക്കൊണ്ട് ഇവിടെ ജീവിക്കുന്നുവെന്നതാണ് അവര്‍ പങ്കുവെക്കുന്ന പൊതുവായ സ്വത്വം. സാംസ്‌കാരിക ദേശീയതയുടെ പേരില്‍ എല്ലാ സാംസ്‌കാരിക സ്വത്വങ്ങളെയും തങ്ങളുടെ സംസ്‌കാരത്തിലും ആചാര-വിചാരങ്ങളിലും ലയിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് രാജ്യം തങ്ങളുടേതു മാത്രമാക്കാനും തങ്ങളല്ലാത്തവരെ വിദേശികളും അടിമകളുമാക്കി മാറ്റാനുമുള്ള ഫാഷിസ്റ്റ് തന്ത്രമാണ്. ദേശീയ സംസ്‌കാരം, ദേശീയബോധം എന്നൊക്കെ ഇവര്‍ സദാ ഒച്ചയിട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, എന്താണ് ദേശീയത എന്ന് വ്യക്തവും ക്ലിപ്തവുമായി നിര്‍വചിക്കുന്നില്ല. പക്ഷേ, ഇന്ത്യന്‍ ദേശീയത എന്നാല്‍ ഹിന്ദുത്വം തന്നെ എന്ന് നിലപാടുകള്‍ കൊണ്ടും നയപരിപാടികള്‍ കൊണ്ടും വ്യക്തമാക്കുന്നുണ്ട്.  ഇന്ത്യയുടെ ഹിന്ദുത്വവത്കരണത്തിന് വേഗം കൂട്ടാന്‍ ലഭിച്ച സുവര്‍ണാവസരമാണ് നരേന്ദ്ര മോദിയുടെ അധികാരാരോഹണം. ഭരണയന്ത്രത്തിന്റെ ഭാഗങ്ങള്‍ ഒന്നൊന്നായി കാവിവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള നിരവധി നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ ശുദ്ധീകരണ സങ്കല്‍പമനുസരിച്ചായിരിക്കും അത് നടക്കുക എന്ന ആശങ്ക അസ്ഥാനത്തല്ല. അന്തരീക്ഷം മൊത്തത്തില്‍ അതിനു പാകപ്പെട്ടുവരികയാണ്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായി അറിയപ്പെടണമെന്ന വാദം ബൈഠക്കുകളിലും പ്രസ് കോണ്‍ഫറന്‍സുകളിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും സംഘടനാ നേതാക്കളെ പുനരാലോചനക്ക് പ്രേരിപ്പിക്കും വണ്ണം മതേതര കക്ഷികളിലോ  മാധ്യമങ്ങളിലോ ചാനലുകളിലോ വിചാരണ ചെയ്യപ്പെടുകയുണ്ടായില്ല. ഹിന്ദി ഹിന്ദുസ്ഥാന്‍, ഹിന്ദു ഹിന്ദുസ്ഥാനായി മാറിയതും ആരും പ്രശ്‌നമാക്കിയില്ല.

സാംസ്‌കാരിക ദേശീയതയുടെ മറവില്‍ മുസ്‌ലിം സമുദായത്തിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ മുസ്‌ലിം നേതൃത്വം ആഴത്തില്‍ പഠിക്കേണ്ടതാണ്. വികാര പ്രകടനം കൊണ്ടുമാത്രം അതിനെ നേരിടാനാവില്ല. ദേശീയതക്ക് എല്ലാവരും അംഗീകരിക്കുന്ന കൃത്യമായ മതേതര നിര്‍വചനം ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. നമ്മുടെ മാധ്യമ പ്രവര്‍ത്തകരും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും സാമുദായിക പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവബുദ്ധ്യാ സമീപിക്കേണ്ടിയിരിക്കുന്നു. വേണ്ടതിലേറെ ഗൃഹപാഠം ചെയ്ത് തികഞ്ഞ ലക്ഷ്യബോധത്തോടെയാണ് മറുപക്ഷം ആശയങ്ങളവതരിപ്പിക്കുന്നത്. വരുംനാളുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനകളാണ് ആര്‍.എസ്.എസ്സിന്റെ ത്രൈദിന സമ്മേളനം നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍