Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

ഇസ്‌ലാമിക ചരിത്രത്തിലെ വിഭാഗീയത <br>മൗലാനാ മൗദൂദിയുടെ നിലപാടുകള്‍

ജമാല്‍ ഇരിങ്ങല്‍ /പഠനം

         കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും കര്‍മശാസ്ത്രപരമായ ഗ്രൂപ്പിസം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. മുസ്‌ലിം ജനസാമാന്യത്തിനിടയിലും പണ്ഡിതസമൂഹത്തിലും ഇത് സര്‍വസാധാരണമായിരുന്നു. ഇതിന്റെ ഉപോല്‍പന്നമായിരുന്നു പരസ്പരം കാഫിറാക്കലും ശാപപ്രാര്‍ഥനയും. ഈ സാമൂഹികതിന്മക്കെതിരെ മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ശക്തമായ നിലപാടുകളിലൂടെ പ്രതികരിച്ചിരുന്നു. ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കേ തന്നെ വിഭിന്ന മദ്ഹബുകാരെ ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്താനും അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തി. അതിലദ്ദേഹം ഏതാണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഛിദ്രതയുടെയും ഭിന്നതയുടെയും പരിണിതഫലത്തെക്കുറിച്ച്  സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും ബോധവല്‍കരിക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്.

ജമാഅത്തെ ഇസ്‌ലാമിയെ സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. വ്യത്യസ്ത കര്‍മശാസ്ത്ര സരണികളില്‍ ആയിരിക്കെ തന്നെ ആളുകള്‍ക്ക് ജമാഅത്തില്‍ ചേര്‍ന്ന് മുന്നോട്ട് പോവാന്‍ സാധിക്കും. കര്‍മ്മശാസ്ത്രപരമായ കാര്യങ്ങളില്‍ കേന്ദ്രനേതൃത്വത്തെയോ പ്രാദേശിക നേതൃത്വത്തെയൊ മൗലാനയെ തന്നെയോ അനുധാവനം ചെയ്യാന്‍ അണികള്‍ ഒരിക്കലും നിര്‍ബന്ധിക്കപ്പെട്ടിരുന്നില്ല. ഈ വിഷയത്തില്‍ അംഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അറിയപ്പെട്ട നാല് മദ്ഹബുകളില്‍ ഏതെങ്കിലുമൊന്നോ, അഹ്‌ലേഹദീസ് മാര്‍ഗമോ, സ്വയം ഖുര്‍ആനും സുന്നത്തും മാത്രമവലംബിച്ചോ പ്രവര്‍ത്തകര്‍ക്ക് അത്തരം വിഷയങ്ങളെ സമീപിക്കാവുന്നതാണ്. 1941 ആഗസ്റ്റ് 27-ന് ജമാഅത്തിന്റെ രൂപീകരണ സമ്മേളനത്തില്‍ വെച്ച് പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടയുടനെ മൗദൂദി ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ''അവസാനമായി ഒരു കാര്യം സ്പഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠന ഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്. കഴിഞ്ഞ എട്ട് വര്‍ഷമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്നതുമാണ്. ഇപ്പോള്‍ ഞാന്‍ ഈ ജമാഅത്തിന്റെ അമീറായിരിക്കുന്ന സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഫിഖ്ഹിലും കലാമിലും ഞാന്‍ മുമ്പ് എഴുതിയിട്ടുള്ളതും ഇനി എഴുതുന്നതും പറയുന്നതും ജമാഅത്തിന്റെ അമീര്‍ എന്ന നിലക്കുള്ള തീരുമാനമായിരിക്കുകയില്ല. മറിച്ച്, എന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമത്. എന്റെ ഈ അഭിപ്രായങ്ങളെ ജമാഅത്തിലെ പണ്ഡിതന്മാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ എന്റെ വൈജ്ഞാനിക ഗവേഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജമാഅത്തിന്റെ ഭാഗത്തുനിന്ന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജമാഅത്ത് പ്രവര്‍ത്തകരോട് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്: ഫിഖ്ഹും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണമായി നിങ്ങള്‍ അവതരിപ്പിക്കരുത്. അതുപോലെ എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചെയ്യുന്ന വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ തെളിവാക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ, അത് ഞാന്‍ ചെയ്തതാണെന്നതു കൊണ്ട് മാത്രം അനുകരിക്കുകയും ചെയ്യരുത്. അറിവില്ലാത്ത ആളുകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുടെ അറിവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കട്ടെ. ഇത്തരം കാര്യങ്ങളില്‍ എന്നോട് വിയോജിക്കുന്നതിനും സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് പുര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടും പരസ്പരം ചര്‍ച്ചയും സംവാദവും നടത്തിക്കൊണ്ടും ഒരു ജമാഅത്തായി തുടരാന്‍ നമുക്ക് സാധിക്കും; സ്വഹാബിവര്യന്മാര്‍ക്ക് സാധിച്ചതു പോലെ'' (റൂദാദ് ജമാഅത്തെ ഇസ്‌ലാമി; ഭാഗം ഒന്ന്).

മൗലാനാ മൗദൂദിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ദീനിലുള്ള അങ്ങേയറ്റത്തെ അവഗാഹവും ഒരു മുജ്തഹിദിന്റെ പൂര്‍ണമായ നിബന്ധനകളും അദ്ദേഹത്തില്‍ ഒത്തിണങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാലികവും സങ്കീര്‍ണവും നൂതനവുമായ പ്രവണതകള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള അദ്ദേഹത്തിന്റെ ഫിഖ്ഹീ ഇജ്തിഹാദുകള്‍ മുസ്‌ലിം പണ്ഡിത ലോകത്ത് ഏറെ സ്വീകരിക്കപ്പെടുന്നവയും  വിലമതിക്കപ്പെടുന്നവയുമാണ്.

അഭിപ്രായ വ്യത്യാസമുള്ള പ്രശ്‌നങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ എല്ലാ കാലത്തും ഏവര്‍ക്കും അനുകരണീയമായിരുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലൂടെ തനിക്ക് ബോധ്യപ്പെട്ട കാര്യം ഒരു പക്ഷേ ഏതെങ്കിലും ഇമാമിന്റെ അഭിപ്രായത്തിന് വിരുദ്ധമാണെങ്കില്‍ പോലും അദ്ദേഹമത് തന്റെ ജീവിതത്തില്‍ അനുധാവനം ചെയ്തിരുന്നു. മാത്രവുമല്ല സാധ്യമാവുന്നേടത്തോളം വ്യത്യസ്താഭിപ്രായങ്ങളെ ഏകീകരിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നതായും നമുക്ക് കാണാന്‍ കഴിയും.

ഇസ്‌ലാമിക ലോകത്ത് പലപ്പോഴും വിവിധ കക്ഷിത്വങ്ങള്‍ നിലനിന്നിരുന്നു. ചരിത്രത്തില്‍ അതിന്റെ രൂക്ഷത ഏറിയും കുറഞ്ഞുമുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 

(1) ചില വിഷയങ്ങളിലുള്ള ശീഈ-സുന്നി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും

(2) ഹനഫികളും അഹ്‌ലേ ഹദീസുകാരും തമ്മിലുള്ളത്

(3) ബറേല്‍വികളും ദയൂബന്ദികളും തമ്മിലുള്ളത്.

സയ്യിദ് മൗദൂദി ഈ മൂന്ന് പ്രശ്‌നങ്ങളിലും തന്റെ നിലപാട് തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ ജനസമക്ഷം അവതരിപ്പിച്ചിരുന്നു. മൗലാനയുടെ വീക്ഷണം നിഷ്പക്ഷവും പ്രമാണങ്ങളുടെ യുക്തിപൂര്‍ണമായ അവലംബത്തോടെയുള്ളതുമായിരുന്നുവെന്നത് അതിനെ സ്വീകാര്യമാക്കി തീര്‍ക്കുന്നു.

അഹ്‌ലുസ്സുന്നയും ശീഈകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ സയ്യിദ് മൗദൂദിയുടെ നിലപാട്  മനസ്സിലാക്കുന്നത് വളരെ കാലിക  പ്രസക്തമാണെന്ന് തോന്നുന്നു. കേരളത്തില്‍ അത്തരമൊരു ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയുമാണല്ലോ. ജമാഅത്തെ ഇസ്‌ലാമിയില്‍ ശീഈസം ആരോപിക്കുന്നത് ഒരു കൂട്ടര്‍ പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ശീഈസത്തോട് പ്രത്യേക അടുപ്പമോ ബന്ധമോ ഇല്ലായെന്നത് അതിനെ നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. മാത്രവുമല്ല, അഹ്‌ലുസ്സുന്നയുടെയും സലഫിസത്തിന്റെയും മൊത്തം കുത്തക അവകാശപ്പെടുന്ന പല കേരളീയ മുസ്‌ലിം സംഘടനകളിലും ശീഈസത്തിന്റെ അനിസ്‌ലാമിക ആചാരങ്ങള്‍ കാണാനും സാധിക്കുന്നതാണ്.

ഉസ്മാ(റ)ന്റെ കാലം മുതല്‍ അമീര്‍ മുആവിയ(റ)യുടെ കാലം വരെയുള്ള ചരിത്ര സംഭവങ്ങളെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളില്‍ ഭിന്ന രീതിയിലുള്ള പ്രതിപാദനങ്ങളും വിശദീകരണങ്ങളുമാണുള്ളത്. പ്രവാചകന് ശേഷം മുസ്‌ലിം ലോകത്തെ പൂര്‍വസൂരികള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചോ അവരില്‍ സത്യം ആരുടെ ഭാഗത്താണെന്നതിനെക്കുറിച്ചോ മുസ്‌ലിം ഉമ്മത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല.

പ്രാമാണികവും വിശ്വാസയോഗ്യവുമായ ചരിത്രഗ്രന്ഥങ്ങളുടെ സഹായത്തോടെ ഈ വിഷയത്തെ നെല്ലും പതിരും വേര്‍തിരിച്ച് വിശദീകരിക്കുന്ന മൗലാനാ മൗദൂദിയുടെ സുപ്രസിദ്ധ കൃതി ഖിലാഫത്തും രാജവാഴ്ചയും ഈ രംഗത്തെ അതുല്യമായ സംഭാവനയാണ്. ആ കാലഘട്ടത്തില്‍ മറഞ്ഞുകിടന്നതും, അസത്യങ്ങളുടെയും സംശയങ്ങളുടെയും മറകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടന്നതുമായ നിരവധി യാഥാര്‍ഥ്യ ങ്ങളെ ഈ ഗ്രന്ഥത്തിലൂടെ മുസ്‌ലിം ഉമ്മത്തിന് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് മുസ്‌ലിം ഉമ്മത്തിന് നമ്മുടെ ചരിത്രപുരുഷന്മാരായ മുന്‍ഗാമികളെ യാഥാര്‍ഥ്യ ബോധ്യത്തോടെയും സത്യസന്ധതയോടെയും മനസ്സിലാക്കാന്‍ ഇതുവഴി സാധിച്ചിരിക്കുന്നു.

തര്‍ജുമാനുല്‍ ഖുര്‍ആനില്‍ 'ഖിലാഫത്തും രാജവാഴ്ചയും' പരമ്പര വന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഒരാള്‍ മൗദൂദിയോട് ചോദിക്കുകയുണ്ടായി: ''നമ്മുടെ ചരിത്രത്തിലെ ഈ ഭാഗത്തെ നമുക്ക് വിസ്മരിച്ച് കളയുന്നതല്ലേ നല്ലത്?'' ഇതിന് മൗലാന പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ''ഈ ഒരു നിലപാടിന്റെ അര്‍ഥം നാം ചരിത്രത്തെ തമസ്‌കരിച്ചുകളയുന്നു എന്നതാണ്. കാരണം പ്രായോഗികമായി നാം കാര്യങ്ങളെ വിശകലനം ചെയ്യുകയാണെങ്കില്‍ ചരിത്രം തമസ്‌കരിക്കപ്പെട്ടതല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. മറിച്ച് നൂറ്റാണ്ടുകളായി എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ അതിന്റെ വിവിധ വശങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. അസംഖ്യം ആളുകള്‍ അത് വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥങ്ങളില്‍ പലതിലും അവാസ്തവങ്ങളും അതിശയോക്തികളും അര്‍ധസത്യങ്ങളുമടങ്ങിയ വിവരണങ്ങളാണുള്ളത്. അത് കൊണ്ട് മാത്രം നാം അതിനെ മാറ്റിവെക്കുന്നത് ഒരിക്കലും ഭൂഷണമല്ല. സത്യവും അസത്യവും വേര്‍തിരിച്ച് യഥാതഥമായുള്ള സംഭവവിവരണങ്ങളിലൂടെ സമൂഹത്തിന് കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്. അതാണ് ശരിയായ ചികിത്സ. രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഇസ്‌ലാമിക ചരിത്രം പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മുമ്പില്‍ ഉപരിസൂചിത വിഷയങ്ങള്‍ കടന്നുവരിക സ്വാഭാവികവുമാണ്. എന്തുകൊണ്ട് നാം സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചില്ല എന്ന് വരുംതലമുറ നമ്മെ പഴിച്ചാല്‍ നമുക്ക് എന്തു മറുപടിയാണ് അവര്‍ക്കായി നല്‍കാന്‍ സാധിക്കുക? ഞാനിപ്പോള്‍ ചില കാര്യങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അതിലൊന്നും തന്നെ ഒരു കാര്യവും എന്റെ വകയായി കൂട്ടിച്ചേര്‍ത്തിട്ടില്ല. പ്രാമാണികമായ അവലംബങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ മാത്രമാണവ. ഓരോ വിഷയത്തിന്റെയും അവലംബകൃതികളുടെ വിശദാംശങ്ങളും അതിലുള്‍പ്പെടുത്തുന്നുണ്ട്. എനിക്ക് ഒരാളുടെ പേരിലും യാതൊരു ആരോപണങ്ങളും ഉന്നയിക്കേണ്ട ആവശ്യമില്ല. ഒരാളുടെയും പക്ഷം പിടിക്കാനും ഞാനാളല്ല. എന്താണ് ഖിലാഫത്തുറാശിദഃ? ഈ മഹത്തായ അനുഗ്രഹം ലോകത്ത് നിലവിലുണ്ടായിരുന്നപ്പോള്‍ മുസ്‌ലിംകളുടെ അവസ്ഥ എന്തായിരുന്നു? ഇന്നെന്തുകൊണ്ടവര്‍ക്ക് ആ സൗഭാഗ്യം വിനഷ്ടമായി? ഈ അനുഗ്രഹത്തിന്റെ സ്ഥാനത്ത് മുലൂകിയത്ത് കടന്ന് വന്നപ്പോള്‍ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത്'' (അസ്വ്‌രി മജാലിസ്, ഭാഗം രണ്ട്).

സമൂഹത്തിലെ സാധാരണ ജനങ്ങളെ കുറിച്ചുള്ള വിശകലനമോ പ്രതിപാദനമോ അല്ല മൗലാനാ മൗദൂദി തന്റെ ഈ ഗ്രന്ഥത്തിലൂടെ നടത്തിയത്; പ്രവാചകന് ശേഷമുള്ള ഏറ്റവും ശ്രേഷ്ഠരായ ഒരു വിഭാഗത്തെയാണ് അദ്ദേഹം പഠനവിധേയമാക്കിയത്. അദ്ദേഹം അതിനെ കുറിച്ച് പറയുന്നു: ''നമ്മെ സംബന്ധിച്ചേടത്തോളം പ്രവാചകന്റെ എല്ലാ സ്വഹാബികളും ആദരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അവരുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും സ്ഖലിതങ്ങളുടെ പേരില്‍ അവരെ അധിക്ഷേപിക്കുന്നതും അവരുടെ മറ്റ് സംഭാവനകളെ വില കുറച്ച് കാണിക്കുന്നതും ഒട്ടും ഭൂഷണവുമല്ല. അതേ സമയം അവര്‍ക്ക് സംഭവിച്ച ആ സ്ഖലിതങ്ങള്‍ അവര്‍ സ്വഹാബികളായി എന്നതിന്റെ പേരില്‍ മാത്രം അത് സ്ഖലിതങ്ങളാവുകയില്ല എന്ന് ധരിക്കുന്നതും ശരിയല്ല. അതവരുടെ 'ഇജ്തിഹാദാ'യിരുന്നു എന്ന് സാമാന്യവത്കരിക്കുകയും അതിനെ തെറ്റായി കണക്കാക്കാതിരിക്കുകയും ചെയ്യുന്നതും ശരിയായ നടപടിയല്ല. ഒരാള്‍ മനഃപൂര്‍വം ചെയ്യുന്ന തെറ്റുകള്‍ ഇജ്തിഹാദായി വിലകുറച്ച് കാണിക്കുന്നതും ഈ ഗണത്തില്‍ തന്നെയാണ് പെടുക. തെറ്റുകളെ തെറ്റുകളായി വിലയിരുത്തുകയും അതിന്റെ പേരില്‍ അത് ചെയ്ത സ്വഹാബത്തിനെ ഇകഴ്ത്താതിരിക്കുകയും 'സ്വഹാബിയത്ത്' എന്ന പദവിക്ക് കോട്ടം തട്ടുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിലുള്ള സന്തുലിതമായ നിലപാട്. മഹാനായ അംറ് ബിന്‍ ആസ്വ് ഇസ്‌ലാമിക ചരി്രതത്തിലെ മഹദ് വ്യക്തിത്വമാണെന്നതിന് യാതൊരു സംശയവുമില്ല. അദ്ദേഹം ഇസ്‌ലാമിക മാര്‍ഗത്തില്‍ നല്‍കിയ സംഭാവനകളും നിസ്തുലമാണ്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് സംഭവിച്ച രണ്ട് തെറ്റുകള്‍ അദ്ദേഹത്തിന്റെ മഹത്വം കൊണ്ട് തെറ്റല്ല എന്ന് നമുക്ക് പ്രസ്താവിക്കുക സാധ്യമല്ലല്ലോ'' (ഖിലാഫത്തും രാജവാഴ്ചയും). അദ്ദേഹം മുആവിയ(റ)യെ കുറിച്ച് നിരൂപണം നടത്തിക്കൊണ്ട് എഴുതുന്നു: ''അമീര്‍ മുആവിയ (റ) സ്വഹാബി എന്ന നിലക്ക് ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്.  ഇസ്‌ലാമിക ലോകത്തെ വീണ്ടും ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തിന്റെ വിസ്തൃതി വിപുലമാക്കുന്നതിലും അതിന്റെ വെന്നിക്കൊടി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ത്തുന്നതിലും അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ മഹത്തായതാണ്. അദ്ദേഹത്തിന്റെ മഹത്തായ സേവന-പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വന്ന അപാകതകളെ നമുക്ക് അപാകതകള്‍ തന്നെയാണെന്ന് വിലയിരുത്തേണ്ടതുണ്ട്. തെറ്റുകളെ ശരിയാണെന്ന് പറയുക എന്നതിന്റെയര്‍ഥം നമ്മുടെ ശരിതെറ്റുകളെ വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു എന്നാണ്'' (ഖിലാഫത്തും രാജവാഴ്ചയും).

മൗലാനയുടെ ഈ നിരൂപണശൈലി മുസ്‌ലിം പണ്ഡിതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരൊക്കെ അദ്ദേഹത്തെ ഇതിന്റെ പേരില്‍ അതിശക്തമായ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കൃതി അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളില്‍ മികച്ച സ്ഥാനം അലങ്കരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ സംഭവിച്ച ദുഃഖകരവും നിര്‍ണായകവുമായ പല സംഭവങ്ങളുടെയും യഥാതഥമായ വിവരണമാണിതിലൂടെ മുസ്‌ലിം ഉമ്മത്തിന് ലഭിച്ചത്. സുന്നി-ശീഈ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനം ഖിലാഫത്ത് വിഷയവുമായി ബന്ധപ്പെട്ടാണ് നില നില്‍ക്കുന്നത്. ഈ വിഷയത്തിന്റെ സകല വശങ്ങളെയും അതി സൂക്ഷ്മമായ രീതിയില്‍ ഈ ഗ്രന്ഥത്തില്‍ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വിവിധ അവസരങ്ങളില്‍ തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ അദ്ദേഹം നല്‍കിയ ഉത്തരങ്ങളും ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ്. 

എപ്പോഴാണ് അലി(റ) അബൂബക്ര്‍  സിദ്ദീഖി(റ)ന്  ബൈഅത്ത് ചെയ്തത് എന്ന ചോദ്യത്തിന് മൗലാനാ മൗദൂദി നല്‍കുന്ന ഉത്തരം കാണുക: ''പ്രാമാണികമായ രിവായത്തുകള്‍ പ്രകാരം അലി(റ) അന്നേ ദിവസം തന്നെ അബൂബക്‌റി(റ)ന് ബൈഅത്ത് ചെയ്തു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സഈദ് ബ്‌നു സൈദില്‍ നിന്ന് ഇമാം ത്വബ്‌രിയും അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് ബൈഹഖിയും അബ്ദുറഹ്മാനുബ്‌നു ഔഫില്‍ നിന്ന് മൂസാ ബിന്‍ ഉഖ്ബ (അല്‍ മഗാസിയുടെ കര്‍ത്താവ്)യും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് ആറ് മാസക്കാലത്തോളം രോഗബാധിതയായ ഫാത്വിമാ ബീവിയുടെ ശുശ്രൂഷയില്‍ മുഴുകുകയായിരുന്നു. അവരുടെ മരണാനന്തരം രണ്ട് തവണ ബൈഅത്ത് പുതുക്കുകയുമുണ്ടായിട്ടുണ്ട്. ഖലീഫ പല വിഷയങ്ങളിലും അദ്ദേഹവുമായി കൂടിയാലോചിക്കുകയും അദ്ദേഹം ഖലീഫയുമായി വളരെ നല്ല നിലയില്‍ സഹകരിക്കുകയും ചെയ്തുപോരുകയും ചെയ്തിട്ടുണ്ട്. ഖലീഫയോടും ഇസ്‌ലാമിക ഖിലാഫത്തിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഒരു സംഭവം ഇമാം ത്വബ്‌രി തന്റെ താരീഖിലും അല്ലാമാ ഇബ്‌നു അബ്ദില്‍ ബര്‍റ് തന്റെ അല്‍ ഇസ്തീആബിലും ഉദ്ധരിക്കുന്നുണ്ട്. 'അബൂബക്ര്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന്‍, അലി(റ)യുടെ അടുത്ത് വന്ന് പറയുകയുണ്ടായി- ഇതെന്തൊരു നീതിയാണ്! ഖുറൈശികളില്‍ ഏറ്റവും ചെറിയ ഖബീലയിലെ മനുഷ്യന്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അല്ലയോ അലീ! താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍, ദൈവത്തെയാണ സത്യം, ഞാന്‍ ഈ താഴ്‌വരയില്‍ ശത്രുക്കളുടെ തല കൊയ്യാം.' ഇതിന് അലി(റ) പറഞ്ഞ മറുപടി: 

''അബൂസുഫ്‌യാന്‍, താങ്കള്‍ ജീവിതത്തിന്റെ നല്ലൊരു കാലം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത വെച്ച് പുലര്‍ത്തുകയും അവരെ നശിപ്പിക്കാനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താങ്കളുടെ ശത്രുതയോ ശ്രമങ്ങളോ ഇസ്‌ലാമിന് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ സാധിച്ചില്ല. അബൂബക്കറി(റ)നെ തന്നെയാണ് ഞങ്ങള്‍ ഈ സ്ഥാനത്തിന് ഏറ്റവും അര്‍ഹനായി കാണുന്നത്'' (റസാഈല്‍ വ മസാഇല്‍ ഭാഗം രണ്ട്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍