Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

സദാചാരത്തിന്റെ ഉടുപ്പണിയുന്ന ഫാഷിസ്റ്റുകളും <br>ചുംബന സമരത്തിലെ കെട്ടുകാഴ്ചയും

കെ.പി സല്‍വ /കവര്‍‌സ്റ്റോറി

         പറഞ്ഞറിയിക്കാനാവാത്ത വികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാണത്രെ ചുംബനങ്ങള്‍ പിറന്നത്. അവ ഒരിക്കലും വൃത്തികേടോ അശ്ലീലതയോ അല്ല. അടിച്ചേല്‍പിക്കപ്പെടാത്തോളം കാലം ലൈംഗികതയുമതേ. മനുഷ്യനെ പുഷ്‌കലമാക്കുന്നവയാണ് ഇവ രണ്ടും. കുറച്ചു നാളുകളായി കേരളത്തിന്റെ പൊതു മണ്ഡലം ഇവ രണ്ടും ചര്‍ച്ചചെയ്യുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതക്ക് സൗകര്യമൊരുക്കി ഒരു ഹോട്ടല്‍. അവിടത്തെ ദൃശ്യങ്ങള്‍ അവ്യക്തമായി പുറത്തുവിട്ടു ഒരു ചാനല്‍. സംഘ് പരിവാറുകാര്‍ സദാചാര വക്താക്കളായി വന്ന് ഹോട്ടല്‍ അടിച്ചുതകര്‍ത്തു. മോറല്‍ പോലീസിംഗിനെതിരായി ചില ജനാധിപത്യ മതേതരവാദികള്‍ ലൈംഗിക സ്വാതന്ത്ര്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ചുംബന സമരം' പ്രഖ്യാപിച്ചു. പ്രതിഷേധം, അറസ്റ്റ്, അനുബന്ധങ്ങള്‍....

ഡൗണ്‍ ടൗണ്‍ സംഭവം ഫാഷിസ്റ്റുകളുടെ ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണെന്ന വാദത്തില്‍ കഴമ്പുണ്ട്. നഗ്നരായ ദേവീദേവന്മാരുള്ള, വിവസ്ത്രരായി ക്കൊണ്ട് ചെയ്യേണ്ട പൂജാമേളകളുള്ള, ഇഷ്ടപ്പെട്ടവരെ പ്രാപിക്കാന്‍ വരം വാങ്ങിയ ഐതിഹ്യങ്ങളുള്ള ഒരു ആശയധാര എങ്ങനെയാണ് ഡൗണ്‍ ടൗണ്‍ ലൈംഗികതക്കെതിരെ ആയുധമെടുക്കുക? എന്താണവരുടെ സദാചാര സങ്കല്‍പം? പ്രകടമായ വൈരുധ്യങ്ങള്‍ കാണാം നമുക്കതില്‍. ചുംബന സമരക്കാര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ കുറ്റപ്പെടുത്തി ഒരു സംഘീശ്വരന്‍. 'മലയാളി ഹൗസിലെ' സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം അതില്‍ പെണ്ണുങ്ങളില്ലായിരുന്നുവെങ്കില്‍ അതിന്റെ റേറ്റിംഗ് എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ചുംബിക്കാനും കെട്ടിപ്പിടിക്കാനും സൗകര്യം ചെയ്യുന്നത് സദാചാര വിരുദ്ധവും, അതേ ദൃശ്യങ്ങള്‍ സദാചാര ചര്‍ച്ചയുടെ പോസ്റ്ററുകളില്‍ ചേര്‍ത്തൊട്ടിക്കുന്നത് ആര്‍ഷ ഭാരതീയവുമായി മാറുന്നത് ഇവിടെ നമുക്ക് കാണാം.  സ്ത്രീത്വത്തെയും സദാചാരത്തെയും ആദരിക്കുന്നവരാണെങ്കില്‍ ഭരണം കൈയിലുള്ളവര്‍ ഇപ്പോള്‍ ചെയ്യേണ്ടത്, ലോകത്തിന്റെ ഏത് കോണിലുമുള്ള അശ്ലീലതകളും ഒറ്റ വിരല്‍ഞൊടിയില്‍ പല്ല് മുളക്കാത്ത കുഞ്ഞിനുപോലും കാണിച്ചു കൊടുക്കുന്ന ചാനലുകളെ നിയന്ത്രിക്കലാണ്; മനുഷ്യരെ താരങ്ങളും പിന്നെ ദൈവങ്ങളുമാക്കി അവരുടെ എല്ലാ വൃത്തികേടുകളും ഉദാത്തമാക്കി മാറ്റുന്ന സിനിമകളെ സെന്‍സര്‍ ചെയ്യുകയാണ്; ഉല്‍പന്നമേതായാലും പെണ്‍ ശരീരത്തെ വിപണനം ചെയ്യുന്ന പരസ്യങ്ങള്‍ നിരോധിക്കുകയാണ്. അതിനവര്‍ക്ക് വ്യക്തമായ ഒരു സദാചാര സങ്കല്‍പം ഉണ്ടായിട്ടുവേണം. വിശ്വാസത്തിലും ആചാരത്തിലും ഉടുപ്പിലും നടപ്പിലുമൊക്കെ തുലോം ഭിന്നരായ ഇന്ത്യന്‍ ഹിന്ദു സംസ്‌കാരങ്ങളെ ആധുനിക യുക്തിക്കനുസരിച്ച് ഒന്നിച്ചു ചേര്‍ത്ത 'വിശാല ഹിന്ദുത്വ'യാണ് ഈ വൈരുധ്യങ്ങളുടെ ഉറവിടം. രാഷ്ട്രീയവും വ്യക്തിപരവുമായ പകപോക്കല്‍, വൈരാഗ്യം, ഫാഷിസം തുടങ്ങിയ ഹീനതകള്‍ സദാചാരക്കുപ്പായമിട്ടിറങ്ങുന്നത് സമീപകാല സംഭവങ്ങളില്‍ നേരത്തെ വ്യക്തമായതാണ്.

ഇന്ന് സദാചാരത്തിന്റെ കുപ്പായമിട്ട് വന്ന ഫാഷിസം നാളെ ആതുര സേവനം, മറ്റന്നാള്‍ പ്രകൃതി സംരക്ഷണം എന്നീ ലേബലുകളിലൊക്കെ പുറത്തുവരും. ബഹുസ്വര, മത, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഫാഷിസത്തെ നേരിടേണ്ടത്. ഈ ആശയങ്ങളുടെ ഘടനയും രീതിയും ആചാരങ്ങളും പാര്‍ശ്വവത്കൃതരുടെ, അധഃസ്ഥിതരുടെ, ന്യൂനപക്ഷങ്ങളുടെ എല്ലാം ആവശ്യങ്ങളും അഭിമാനവും ആവിഷ്‌കാരങ്ങളും ഉള്‍ക്കൊള്ളുംവിധം മാറേണ്ടതുണ്ട്. അവക്കെല്ലാം മുഖ്യധാരയിലേക്ക് കയറിവരാനും ഇടം കണ്ടെത്താനും കഴിയണം. മാറ്റങ്ങളാല്‍ നവീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഈ ആശയങ്ങള്‍ക്ക് പുതിയ കാലവുമായി സംവദിക്കാനാവൂ. പുതിയ നന്മകളിലേക്കും സാമൂഹിക നീതിയിലേക്കും വഴിതുറക്കുന്നവയാകണം മാറ്റങ്ങള്‍. നന്നേ ചുരുങ്ങിയത് നിലനില്‍ക്കുന്ന നന്മക്ക് ഊനം തട്ടിക്കാത്തവയെങ്കിലുമാവണം.

ചുംബന സമരത്തിലേക്ക് തിരികെ വരാം. ശരീരത്തിന് മേല്‍ സ്വയം നിര്‍ണയാവകാശമുണ്ട്. അത് എവിടെ, എങ്ങനെ, ആരുടെ കൂടെ എന്നത് ജനാധിപത്യ മതേതര രാഷ്ട്രത്തില്‍ വ്യക്തികള്‍ക്ക് തീരുമാനിക്കാം. കപട സദാചാര കേരളത്തിന് അത് അംഗീകരിക്കാന്‍ കഴിയാത്തത് പഴകിയ മൂല്യങ്ങളില്‍ കടിച്ചുതൂങ്ങുന്നത് കൊണ്ടാണെന്നും, കാലോചിതമായി മൂല്യങ്ങള്‍ മാറണമെന്നും, 'Be positive' ആയിരുന്നാല്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് അതിന്റെ ചുരുക്കം.

ചുംബനം ചില നാടുകളില്‍ അഭിവാദന രീതിയാണ്. കേരളത്തിലത് അങ്ങനെയല്ല. വാത്സല്യവും കാരുണ്യവും ചൊരിയുന്ന ചുംബനങ്ങളൊഴികെ അതൊരു ലൈംഗിക ചേഷ്ടയാണ്. ഈ സമരത്തിന്റെ തന്നെ ഉള്ളറകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ഒന്നാമതായി, അത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് ശരീരത്തിന്റെ സ്വയം നിര്‍ണയാവകാശത്തോടാണ്. അത് ലൈംഗികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദമാണ്. രണ്ടാമത്തേത്, അതിന്റെ കാണികളാണ്. പ്രതിഷേധക്കാരെ കൂടി സമരക്കാരായെടുത്താല്‍ പോലും സമരക്കാര്‍ക്കത്രയും തന്നെ കാണികള്‍. ഇങ്ങനെ കാണികളാല്‍ സമ്പന്നമായ മറ്റൊരു സമരം കേരളത്തിലുണ്ടായിട്ടുണ്ടാവില്ല. കാണികള്‍ തന്നെ ഒരു പുതുമയാണ്. നാല് മാസമായി സെക്രട്ടറിയേറ്റ് നടക്കല്‍ നില്‍പ് സമരം നടക്കുന്നു. അവിടെ കാണികള്‍ വേണ്ടത്രയുണ്ടോ? ഫേസ്ബുക്കും 'ലൈക്കും' ഒന്നുമില്ല. മൂന്നാമത്തേത്, ചോദ്യമാണ്. എന്ത് കാണാനാണിവര്‍ വന്നത്? ചുംബന സമരത്തിന് പുരുഷന്മാര്‍ മാത്രമായിരുന്നുവെങ്കില്‍ ഇത്രയും കാണികളുണ്ടാവുമായിരുന്നോ? ഇതിത്രയും പുകിലുണ്ടാക്കുമായിരുന്നോ? 'Be positive' ആയിക്കൊണ്ട് ശരീരത്തെയും ലൈംഗികതയെയും കുറിച്ച് നമ്മള്‍ ചിന്തിക്കണം. ശരീരവും ശാരീരിക/ലൈംഗിക ചേഷ്ടകളും തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ പോസിറ്റീവ് ആയ എന്ത് നേട്ടമാണ് മനുഷ്യന് സാധ്യമാവുന്നത്? ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഗ്രാഫ് ഉയരുമോ? മനുഷ്യന്‍ കൂടുതല്‍ നീതിമാനും അലിവുള്ളവനുമാകുമോ? ലൈംഗികത ശരീരത്തിന്റെ ആവിഷ്‌കാരം മാത്രമല്ല, ആവശ്യം കൂടിയാണ്. അതുകൊണ്ട് തന്നെ അതിന് സ്വതന്ത്രമായ നിലനില്‍പ്പില്ല. അതിന് കുതിപ്പിന്റെയും കിതപ്പിന്റെയും കാലമുണ്ട്. കേവലം ആസ്വാദനത്തിനപ്പുറത്തുള്ള നേട്ടങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്. അത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതില്‍ ആത്മീയതയുണ്ട്. ഇതെല്ലാം വിട്ട് അതിനെ തെരുവിലേക്ക് വലിച്ചുകൊണ്ടുവന്നിട്ട് എന്താണ് നേട്ടം? നമ്മുടെ പൊതു ഇടങ്ങള്‍ ശരീരത്തിന്റെയും ശാരീരിക ചേഷ്ടകളുടെയും ദൃശ്യങ്ങളാല്‍ സമൃദ്ധമാണ്. എന്നിട്ടിവിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് വല്ല കുറവുമുണ്ടോ? മറിച്ച് അക്രമവും അരാജകത്വവും വര്‍ധിക്കുന്നതില്‍ ഇവക്കുമില്ലേ പങ്ക്? ഈ വാതിലുകളൊക്കെ മലര്‍ക്കെ തുറക്കലാണോ മാറുന്ന മൂല്യങ്ങള്‍ ചെയ്യേണ്ടത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍