Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

സീസി 'സീനായ്' കൊണ്ട് തലചൊറിയുന്നു

അബൂസ്വാലിഹ

സീസി 'സീനായ്' കൊണ്ട് 
തലചൊറിയുന്നു

         സീനായ് ചെറിയ മരുഭൂമിയല്ല. 60,000 ച.കീ മീറ്ററാണ് അതിന്റെ വിസ്തീര്‍ണം. ജനസംഖ്യ മൂന്ന് ലക്ഷത്തോളം; ബദുക്കളാണ് മുഖ്യമായും. പ്രകൃതി വിഭവങ്ങളില്‍ നിന്നും ടൂറിസത്തില്‍ നിന്നും നല്ല വരുമാനമുണ്ട്. പക്ഷേ, ഈജിപ്തിലെ അഭിനവ ഫറോവ അബ്ദുല്‍ ഫത്താഹ് സീസിയുടെ കിരാത ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്നത് ഇഖ്‌വാനികള്‍ കഴിഞ്ഞാല്‍ പിന്നെ ഈ ദരിദ്ര സമൂഹമാണ്. കാലാകാലങ്ങളിലായി തുടരുന്ന അവഗണനക്കെതിരെ രോഷാകുലരാണ് ഇവിടത്തെ ഗ്രാമീണര്‍. അത് ചില തീവ്രവാദ ഗ്രൂപ്പുകള്‍ മുതലെടുക്കുകയും ചെയ്യുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞ ഒക്‌ടോബര്‍ 24-ന് ഈജിപ്ഷ്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം. 30 സൈനികരാണ് അതില്‍ കൊല്ലപ്പെട്ടത്.

ഉടന്‍ വന്നു സീസിയുടെ പ്രസ്താവന. ആക്രമണത്തിന് പിന്നില്‍ 'വിദേശ കരങ്ങളാ'ണ്; എന്ത് വിലകൊടുത്തും അമര്‍ച്ച ചെയ്യും. ഇസ്രയേലും അമേരിക്കയും മാത്രമല്ല, ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പിന്തുണയുമായെത്തി. 'വിദേശ കരങ്ങള്‍' മറ്റാരുമല്ല, ഹമാസ് തന്നെ! ഗസ്സയിലേക്ക് ആയുധമെത്തുന്നത് സീനാ മരുഭൂമി വഴിയാണെന്ന് ഇസ്രയേല്‍ നേരത്തെ പരാതിപ്പെട്ടുപോന്നിട്ടുള്ളതാണ്. ഇസ്രയേലിനെ സുഖിപ്പിക്കാനാണ് സീസിയുടെ സൈനിക നീക്കം എന്നര്‍ഥം. 'സംശയാസ്പദമായ' പ്രദേശങ്ങളിലെ സകല കെട്ടിടങ്ങളും - വീടുകളും പള്ളികളും മദ്‌റസകളും ഉള്‍പ്പെടെ- ഈജിപ്ഷ്യന്‍ സൈനിക ഹെലികോപ്റ്ററുകളും ടാങ്കുകളും വിവേചനമില്ലാതെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അറബ് മാധ്യമങ്ങളില്‍ വരെ സീനായില്‍ നടക്കുന്ന ഭീകരതയുടെ പൊട്ടും പൊടിയും മാത്രമേ വാര്‍ത്തയായി വരുന്നുള്ളൂവെന്ന് പ്രമുഖ ഫലസ്ത്വീനിയന്‍ കോളമിസ്റ്റായ റാംസി ബാറൂദ് പറയുന്നു. ഈ മരുപ്രദേശത്ത് മാധ്യമ പ്രവര്‍ത്തകര്‍ വളരെ ശുഷ്‌കമായതാണ് കാരണം.

ഇസ്രയേലിന് വേണ്ടി ടാങ്കുരുട്ടുകയും ഹെലികോപ്റ്റര്‍ പറപ്പിക്കുകയും ചെയ്യുന്ന സീസി തീ കൊണ്ട് കളിക്കുകയാണെന്ന് 'ദ ജനറല്‍സ് ലോ ഇന്‍ സിനായ്' എന്ന ലേഖനത്തില്‍ (2014 നവംബര്‍ 15) ദി ഇക്കണോമിസ്റ്റ്  പത്രം മുന്നറിയിപ്പ് നല്‍കുന്നു. സീസിയുടെ സൈനിക നടപടികള്‍ ഇറാഖിലെയും സിറിയയിലെയും 'ഇസ്‌ലാമിക് സ്റ്റേറ്റ്' തീവ്രവാദികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സീനായിലെ 'അന്‍സ്വാറുല്‍ ബൈത്തില്‍ മഖ്ദിസി'ന്റെ  ജനപ്രീതി വളരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് പത്രം പറയുന്നത്. ധാരാളം നവീനായുധങ്ങള്‍ കൈവശമുള്ള ലിബിയയിലെയും മറ്റും തീവ്രവാദി ഗ്രൂപ്പുകള്‍ ഇങ്ങോട്ട് നീങ്ങാനുള്ള സാധ്യതയും പത്രം കാണുന്നു. വിശാലമായ മരുഭൂമിയില്‍ തീവ്രവാദികളെ ഓടിച്ചിട്ട് പിടിക്കുക ഒട്ടും എളുപ്പമല്ല. കനത്ത പതിയിരുന്നാക്രമണം ഏത് നിമിഷവും അവരില്‍ നിന്ന് പ്രതീക്ഷിക്കുകയും വേണം.

ഇതിനകം തന്നെ ഈജിപ്തില്‍ നിന്ന് ഇസ്രയേലിലേക്കും ജോര്‍ദാനിലേക്കും പോകുന്ന പ്രകൃതി വാതക പൈപ്പുകള്‍ തീവ്രവാദികള്‍ തകര്‍ത്തിരുന്നു. ഈജിപ്ഷ്യന്‍ രാജ്യരക്ഷാ മന്ത്രി തലനാരിഴക്കാണ് അവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്; അതും തലസ്ഥാനമായ കയ്‌റോയില്‍ വെച്ച്. ഇസ്മാഈലിയ്യ പ്രവിശ്യയിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസും അവര്‍ ആക്രമിക്കുകയുണ്ടായി. അടുത്ത ഊഴം ടൂറിസ്റ്റ് കേന്ദ്രമായിരിക്കുമെന്ന് പത്രം പറയുന്നു. മുന്നോട്ടുപോക്ക് ഒട്ടും എളുപ്പമാകില്ല സീസിക്ക്. 

'ഹിസ്ബുല്ല' യമനിലും!

        യമനിലെ ബൈദാഅ് പ്രവിശ്യയില്‍ ലബനാനിലെ ശീഈ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സൈനികര്‍ യുദ്ധം ചെയ്യുന്നുണ്ടെന്നാണ് മുഫക്കിറതുല്‍ ഇസ്‌ലാം സൈറ്റ് പുറത്തുവിട്ട വിവരം. യുദ്ധമുന്നണിയിലുള്ള ചില ഗോത്രമുഖ്യന്മാര്‍ തന്നെയാണത്രെ ഈ വിവരം സ്ഥിരീകരിച്ചത്. യമന്‍ ഗവണ്‍മെന്റിന്റെയും തല്‍പരകക്ഷികളായ ചില അയല്‍രാജ്യങ്ങളുടെയും മൗന സമ്മതത്തോടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ യമന്റെ വലിയൊരു ഭാഗം ശീഈ അവാന്തര വിഭാഗമായ ഹൂഥി കലാപകാരികള്‍ പിടിച്ചെടുത്തിരുന്നു. ഹൂഥികള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തുള്ളത് യമന്‍ സൈന്യമല്ല, ഗോത്രക്കൂട്ടായ്മകളാണ്.

കഴിഞ്ഞ ഒന്നര മാസമായി ബൈദാഅ് പ്രവിശ്യയില്‍ ഹൂഥികളും ഗോത്ര വിഭാഗങ്ങളും തമ്മില്‍ പോരാട്ടം നടക്കുകയാണ്. മൊത്തം 86 പേര്‍ ഇതില്‍ കൊല്ലപ്പെട്ടിട്ടുണ്ട്; 64 ഹൂഥികളും 22 ഗോത്ര വര്‍ഗക്കാരും. കൊല്ലപ്പെട്ട ഹൂഥികളുടെ കൂട്ടത്തില്‍ നാല് മൃതദേഹങ്ങള്‍ ലബനാനിലെ ഹിസ്ബുല്ലയിലും ഇറാഖിലെ വിപ്ലവ ഗാര്‍ഡിലും പെട്ട സൈനികരാണെന്ന് ഗോത്ര മുഖ്യരിലൊരാളായ അബൂ യൂസുഫ് ഖൈഫി പറഞ്ഞു. 

ഖുര്‍ആന്റെ തണലില്‍ മക്‌സന്‍സ് ബുട്ടി

         ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷ്‌നല്‍ ഫ്രന്റ് ആസ്ഥാനത്തേക്ക് 22കാരനായ മക്‌സന്‍സ് ബുട്ടി ഒരു വീഡിയോ സന്ദേശമയച്ചു. പ്രായം കൊണ്ട് ചെറുപ്പമെങ്കിലും പാരീസിലെ കിഴക്കന്‍ പ്രാന്തമായ നൊവാസി -ഡി- ഗ്രാന്‍ നിവാസികള്‍ക്ക് അപരിചിതമല്ല ഈ മുഖം. അവിടെ നിന്നുള്ള പാര്‍ട്ടിയുടെ കൗണ്‍സിലറാണ് അദ്ദേഹം. വീഡിയോ സന്ദേശം കേട്ട് പാര്‍ട്ടി നേതൃത്വം ശരിക്കും ഞെട്ടി. അവരെയും മറ്റു പാര്‍ട്ടി അംഗങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്! ഖുര്‍ആന്‍ പഠിക്കാന്‍ തന്റെ സഹപ്രവര്‍ത്തകരോട് ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനെ ലോക മീഡിയ പൈശാചികവത്കരിക്കുകയാണെന്നും ആ അവതരണം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ വിദൂരമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഈയടുത്താണ് മാക്‌സന്‍സ് ബുട്ടി ഇസ്‌ലാം സ്വീകരിച്ചത്. 9/11 ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വ്യാഖ്യാനങ്ങള്‍ ഒട്ടും തൃപ്തികരമല്ലാത്തതിനാല്‍ അതേക്കുറിച്ചുള്ള അന്വേഷണമാണ് ബുട്ടിയെ ഖുര്‍ആന്‍ പഠനത്തില്‍ എത്തിച്ചത്. 'മീറാഹ് സംഭവ'വും അദ്ദേഹത്തെ മാറിച്ചിന്തിപ്പിച്ചു. അല്‍ഖാഇദയില്‍ ആകൃഷ്ടനായ മുഹമ്മദ് മീറാഹ് എന്നൊരാള്‍ 2012-ല്‍ തെക്കന്‍ ഫ്രാന്‍സില്‍ എട്ടു പേരെ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചുള്ള പ്രയാണവും ഈ ചെറുപ്പക്കാരന് ഇസ്‌ലാമിനെ അടുത്തറിയാനുള്ള അവസരമൊരുക്കി. ഇത്തരം 'ഇസ്‌ലാമിക മിഷനറി' പ്രവര്‍ത്തനങ്ങളൊന്നും തങ്ങളുടെ പാര്‍ട്ടിയില്‍ നടപ്പില്ലെന്ന് പറഞ്ഞ് നാഷ്‌നല്‍ ഫ്രന്റ് ഉടനടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

ഫ്രാന്‍സിലെ കടുത്ത വലതുപക്ഷ തീവ്രവാദിയായ ഴാന്‍ മെരി ലി പെന്‍ സ്ഥാപിച്ച പാര്‍ട്ടിയാണ് നാഷ്‌നല്‍ ഫ്രന്റ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ മരീന്‍ ലി പെന്‍ ആണ് അതിന് നേതൃത്വം നല്‍കുന്നത്. അറബ്-മുസ്‌ലിം കുടിയേറ്റ വിരുദ്ധതയാണ് പാര്‍ട്ടിയുടെ മുഖമുദ്ര. യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ഇസ്‌ലാമിലെത്തിയ ആദ്യത്തെയാളല്ല ബുട്ടി. ഖുര്‍ആനെ ഭീകരവാദത്തിന്റെ സ്രോതസ്സായി ചിത്രീകരിക്കുന്ന 'ഫിത്‌ന' എന്ന സിനിമയുടെ നിര്‍മാതാവും, ഡന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ നേതാക്കളിലൊരാളുമായ ആര്‍നോഡ് വാന്‍ ഡൂണ്‍ 2013-ല്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍