Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

'കപടസദാചാരം' സിന്ദാബാദ് <br>(പരസ്യ ലൈംഗികവാദികളോട് പതിമൂന്ന് ചോദ്യങ്ങള്‍)

ഡോ. ജമീല്‍ അഹ്മദ് /കവര്‍‌സ്റ്റോറി

         ആരെയും ഭയപ്പെടാതെയും ആരുടെയും എതിര്‍നോട്ടം നേരിടാതെയും പൊതുസ്ഥലത്തുപോലും സ്വതന്ത്രമായി പ്രണയചേഷ്ടകളില്‍ ഏര്‍പ്പെടാനുള്ള സൗകര്യത്തിനുവേണ്ടി കേരളത്തില്‍ വലിയൊരു അവിശുദ്ധമുന്നണി രൂപപ്പെട്ടിരിക്കുന്നു. അരാജകവാദികള്‍ മുതല്‍ ഇടതുസാംസ്‌കാരിക ബുദ്ധിജീവികള്‍ വരെ ഈ കൂട്ടുകക്ഷിയില്‍ ഒരേ സ്വരത്തില്‍ അണിചേര്‍ന്നിരിക്കുന്നു. കേരളീയ പൊതുസമൂഹം അവര്‍ക്കൊപ്പമാണ് എന്ന രീതിയില്‍ വമ്പിച്ച പ്രചാരണം നടന്നു കഴിഞ്ഞിരിക്കുന്നു. സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റം സംരക്ഷിക്കുന്നുവെന്ന പേരില്‍ അതിലേറെ പ്രധാനമായ സാമൂഹിക ഭദ്രതയെ മറിച്ചിടാനുള്ള പുതിയ സാമ്രാജ്യത്വ തന്ത്രം ഈ മുന്നേറ്റത്തിലുണ്ട്. അവയെ തിരിച്ചറിയാതെ, 'ഒരു സമരമല്ലേ, അതിന്റെ രീതി ചെയ്യുന്നവര്‍ സ്വീകരിക്കട്ടെ' എന്ന മൃദുസമീപനം നന്മയുടെയും നീതിയുടെയും സ്ഥാപനത്തിനുവേണ്ടിയുള്ള ഏതൊരു  സമരത്തെയും ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ.

'പൊതുസമൂഹം' എന്ന പരികല്‍പ്പന ഇന്ന് അപകടകരമാംവിധം മതവിരുദ്ധമായ ഒരു സ്‌പേസ് നിര്‍മിക്കുന്നുണ്ട്. മതസമൂഹം - പൊതുസമൂഹമെന്ന വിഭജനമാണ് ഉത്തരാധുനികത ആശയലോകത്ത് സൃഷ്ടിച്ച ഏറ്റവും വലിയ വിള്ളല്‍. അറിഞ്ഞോ അറിയാതെയോ ആ വിഭജനത്തിനോടൊപ്പം നില്‍ക്കുക എന്നത് ആധുനികതയുടെ കാലത്ത് മത - ഭൗതിക വിഭജനത്തെ എതിര്‍ത്ത സംഘടനകളെയെങ്കിലും രസിപ്പിക്കേണ്ടതല്ല. കാഴ്ച, വായന, ആവിഷ്‌കാരം, അനുഭവം എന്നതിലൊക്കെ മതമെന്നും മതേതരമെന്നും രണ്ട് അഭിമുഖങ്ങള്‍ സൃഷ്ടിച്ച് ഈ വിഭജനത്തെ സാധൂകരിക്കാനും സ്ഥാപിക്കാനും ഇറങ്ങിപ്പുറപ്പെടുന്നത് ചരിത്രപരമായ വങ്കത്തമായിത്തീരും. ചുംബനസ്വാതന്ത്ര്യത്തിന്റെ പേരില്‍ പരസ്യലൈംഗികത പ്രചരിപ്പിക്കുന്ന മേഖലകളുടെ ഉള്ളുകള്ളികള്‍ തിരിച്ചറിയാതെ, ഭാര്യയെ കെട്ടിപ്പിടിക്കുകയും ഉമ്മകൊടുക്കുകയും ചെയ്യുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ പോലും അറിയാതെ ഈ അരാജകവാദത്തിന്റെ പ്രാഥമിക മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയാണ് ചെയ്യുന്നത്. 'ചുംബനം ഒരു തെറ്റാണോ, അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയെയും ചുംബിക്കുന്നത് ലൈംഗികതയാണോ' എന്നൊക്കെ ചോദിച്ച് പരസ്യലൈംഗികവാദികളോടൊപ്പം നിന്ന് സംസാരിക്കുന്നവരാകട്ടെ കഥയറിയാതെ വേഷം കെട്ടുകയത്രെ. ലൈംഗികസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന്റെ വേദിയിലേക്ക് ലൈംഗികേതരപെരുമാറ്റങ്ങളെ വലിച്ചിഴക്കുന്നത് കരണ്ടുബില്ലടക്കാന്‍ ക്യൂനില്‍ക്കുന്നത് നില്‍പ്പുസമരമല്ലേ എന്ന് വാദിക്കുന്നതുപോലെ അബദ്ധമാകും. 

ഇങ്ങനെ, വളരെ ലളിതമായ ചില ചോദ്യങ്ങള്‍കൊണ്ട് നേരിട്ടാല്‍ അഴിഞ്ഞുവീഴുന്ന ആശയാടിത്തറയേ ഇന്ന് ചുംബനസമരത്തിനും ആലിംഗനസമരത്തിനും ആളെക്കൂട്ടുന്ന പരസ്യലൈംഗികവാദികള്‍ക്കുള്ളൂ. ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദിച്ചില്ലെങ്കില്‍ നാളെ ഇക്കൂട്ടര്‍ പറയാന്‍പോലും പാടില്ലാത്ത  പല സമരങ്ങള്‍ക്കും ആളെക്കൂട്ടിയേക്കും. ഈ ലേഖനത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് മനസ്സാക്ഷിയോടാണ്. കൂടെ ചേര്‍ത്തിരിക്കുന്ന വിശദീകരണം ആ ചോദ്യം ഉന്നയിക്കാനുള്ള കാരണം മാത്രമേ ആകുന്നുള്ളൂ. ഉത്തരം എത്ര നിശ്ശബ്ദമായാലും ഇത്തരം  ചോദ്യങ്ങള്‍ ഉറക്കെത്തന്നെ ഉന്നയിക്കേണ്ടിവരും.

1. സദാചാരം എന്നാലെന്താണ്?

നല്ല ആചാരം എന്നേ സദാചാരം എന്ന വാക്കിന് അര്‍ഥമുള്ളൂ. ലൈംഗികതയുമായി അതിന് നേരിട്ട് ബന്ധമില്ല. അയല്‍വാസികളുമായുള്ള ബന്ധം, മാതാപിതാക്കളോടുള്ള കടമകള്‍, ദുര്‍ബലരെ സഹായിക്കല്‍, ദാനധര്‍മങ്ങള്‍, സത്യം പറയല്‍ തുടങ്ങി സമൂഹത്തിന്റെ സുന്ദരമായ അതിജീവനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും സദാചാരത്തിന്റെ ഭാഗമാണ്. ഏതു മതവും അനുശാസിക്കുന്നതുമാണ് അവ. അവയൊക്കെയും പാലിക്കുന്നതുപോലെ പാലിക്കേണ്ടതാണ് ലൈംഗികസദാചാരവും. ലൈംഗികതയിലെ നന്മകളുടെ അനുവര്‍ത്തനം സദാചാരവും അതിലെ വഴികേടുകള്‍ ദുരാചാരവുമാണ്. സദാചാരമെന്നാല്‍ ലൈംഗികകാര്യങ്ങളിലെ അനാവശ്യമായ അടിച്ചമര്‍ത്തലുകളാണെന്നും, മനുഷ്യസ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും അത് കോടാലിയാണെന്നും പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ മനുഷ്യന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പരസ്യലൈംഗികവാദികളുടെ ഉത്തരാധുനിക മലയാളത്തിന്റെ സൗന്ദര്യത്തില്‍ അഭിരമിച്ച്, 'അവര്‍ പറയുന്നതിലും ശരിയില്ലേ' എന്ന് തോന്നിപ്പോകുന്നത് കാര്യങ്ങളുടെ പുറംമാത്രം കണ്ടു രസിച്ചതുകൊണ്ടാണ്. അല്‍പംകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഈ 'ദുരാചാരക്കള്ളന്മാ'രുടെ പുറംപൂച്ച് അഴിഞ്ഞുപോകും. അവരുയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും അവരുടെതന്നെ ശത്രുക്കളായി മാറുകയും ചെയ്യും.

2. സദാചാരപ്പോലീസ് എന്നാലെന്താണ്?

'സദാചാരപ്പോലീസ്' എന്നാണ് പുതിയ തെറിവാക്ക്. ലൈംഗിക സദാചാരം അടിച്ചേല്‍പ്പിക്കുന്ന കൂട്ടര്‍ എന്നാണ് അതിന്, അങ്ങനെ വിളിക്കുന്നവര്‍ നല്‍കുന്ന അര്‍ഥം. എന്താണ് ലൈംഗിക സദാചാരമെന്നും അതിന്റെ പരിധി ഏതാണെന്നും അത് അടിച്ചേല്‍പ്പിക്കുന്നതിന്റെ അളവുകള്‍ എത്രയാണെന്നും നിര്‍ണയിക്കാതെ, ഹോട്ടല്‍ അടിച്ചുതകര്‍ക്കാന്‍ വരുന്ന കാവിപ്പട്ടാളക്കാരനെയും നടുറോട്ടില്‍ ചുംബിക്കരുത് എന്ന് പറയുന്ന സാധാരണക്കാരെയും ഒരുപോലെ ഈ തെറിയുടെ യൂണിഫോം അണിയിക്കുന്നു എന്നാണ് സദാചാരവിരുദ്ധര്‍ ചെയ്യുന്ന പ്രധാന കുറ്റകൃത്യം. സ്വന്തം കുട്ടിയോട് 'നുണപറയരുത്' എന്ന് പഠിപ്പിക്കുന്ന മാതാവുപോലും ഒരര്‍ഥത്തില്‍ 'സദാചാരപ്പോലീസാ'ണ്. ആണും പെണ്ണും സ്വകാര്യമായി ഇരുന്നാലോ യാത്രചെയ്താലോ ഹാലിളകുന്ന ആളുകളെ മാത്രമാണ്  ഇവര്‍ 'സദാചാരപ്പോലീസ്' എന്നു തെറി വിളിക്കുന്നത് എങ്കില്‍ ലൈംഗിക സദാചാരത്തിനുവേണ്ടി വാദിക്കുന്ന സാമാന്യബുദ്ധിയുള്ള ആരും നിയമം കൈയിലെടുക്കുന്നവരല്ല എന്ന് ഉറപ്പിച്ചുപറയാനാവും. അക്രമത്തിന് ആയുധം കൈയിലെടുക്കുന്ന ചില പൗരന്മാരുടെ വിക്രിയകളെ ആശയതലത്തില്‍ നിന്ന് സംസാരിക്കുന്ന എല്ലാ 'എതിരാളി'കളിലും ആരോപിക്കുന്നത് ആശയത്തെ ആശയം കൊണ്ട് നേരിടാനുള്ള ചങ്കൂറ്റക്കുറവാണ്. മാത്രമല്ല, ലൈംഗികപ്പേക്കൂത്തുകളെ എതിര്‍ക്കുന്ന ശബ്ദങ്ങളെയൊക്കെ ശത്രുക്കളായിക്കാണുന്ന ആ കണ്ണിലുമുണ്ട് 'സദാചാരപ്പോലീസി'ന്റെ ഇത്തിരി ചോര എന്നും അല്‍പ്പം നീട്ടിപ്പറയാം. 

3. പരസ്യ ലൈംഗിക വാദം ആരുടെ അജണ്ടയാണ്?

'ആഗോളവല്‍ക്കരണം', 'മുതലാളിത്തം' തുടങ്ങിയ വാക്കുകളെല്ലാം പറഞ്ഞുപറഞ്ഞു ചെടിച്ചുപോയതുകൊണ്ടുമാത്രം അശ്ലീലമായതാണ്. എന്നുവെച്ച് അവ അപ്രസക്തങ്ങളല്ല. മാത്രമല്ല അറിയാത്ത വഴികളിലൂടെ ആ ഭൂതങ്ങള്‍ നമ്മുടെ തോന്നലുകളിലേക്ക് കടന്നുവരുന്നുവെന്നതാണ് സദാചാരത്തെക്കുറിച്ച പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്. വാലന്റൈന്‍സ് ഡേ മുതല്‍ ഫേസ്ബുക്കു വരെ ആഗോളമുതലാളിമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന ലാഭം ചില്ലറയല്ല. ഇടതുപക്ഷ യുവനേതാവ് സ്വാശ്രയവിദ്യാഭ്യാസത്തെ എതിര്‍ക്കുകയും പരസ്യ ലൈംഗികതയെ അനുകൂലിക്കുകയും ചെയ്യുന്നതിലെ വിവരക്കേട് അപ്പോഴാണ് ബോധ്യമാവുക. മുതലാളി തങ്ങളുടെ ഉല്‍പന്നങ്ങളുടെ  വിറ്റുവരവു വര്‍ധിപ്പിക്കാന്‍ പുതിയ വിചാരങ്ങള്‍ പണിതുണ്ടാക്കുന്ന തിരക്കിലാണ്. അതിന് ഉപ്പും ചോറും നല്‍കാന്‍ മാത്രം വിഡ്ഢിത്തം നാം പ്രകടിപ്പിച്ചുകൂടാ. ലൈംഗികമായ ഏതൊരു പരസ്യപ്രദര്‍ശനവും മുന്‍പേജില്‍ വര്‍ണചിത്രങ്ങളോടെ ആഘോഷിക്കുന്ന വാര്‍ത്താമാധ്യമങ്ങളടക്കം ഈ വിപണിയിലെ ലാഭക്കണ്ണിന്റെ ചെറുപങ്കാളികളാണ്. പരസ്യമായി ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആഗോളമുതലാളിയുടെ വക്കീല്‍വേഷം ധരിക്കുന്ന ഈ പ്രണയപ്രബോധകര്‍ പരസ്യമായി ഇണചേരാനുള്ള കേസുകെട്ടും നാളെ ചുമക്കേണ്ടിവരും. അന്നും അതിന് പിന്തുണ നല്‍കാന്‍ ബുദ്ധിജീവികളെന്ന് വിശേഷിപ്പിക്കുന്ന ശൂന്യമസ്തിഷ്‌കങ്ങള്‍ ചാനലുകളിലും അച്ചടിശാലകളിലും നിരക്കും. 

4. പരസ്യ ലൈംഗികത എന്ന ആശയം ആര്‍ക്കെതിരെയാണ്?

പരസ്യ ലൈംഗികത ആശയപരമായി ആക്രമിക്കുന്നത് കേരളത്തിലെ നവ മത-സാമൂഹിക സംഘങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചെറുത്തുനില്‍പ്പുസമരങ്ങളുടെ ഊര്‍ജത്തെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെയും ആത്മീയതയുടെയും ഉള്ളടക്കം ഉണ്ട് എന്നതുകൊണ്ടുമാത്രം അവയോട് അയിത്തം കല്‍പ്പിച്ചുനിന്ന അരക്ഷിത ബുദ്ധിജീവികളാണ് കേട്ടപാതി കേള്‍ക്കാത്തപാതി ചുംബനസമരത്തിനുവേണ്ടി മറൈന്‍ഡ്രൈവിലേക്ക് കയറെടുത്ത് പാഞ്ഞവരില്‍ പലരും. പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, ചെങ്ങറ, മുത്തങ്ങ, നില്‍പ്പുസമരങ്ങളൊക്കെയും കത്തിനിന്നപ്പോള്‍ അതിനോടൊപ്പംചേരാന്‍ അറച്ചുനിന്ന് കുറ്റകരമായ മൗനം ഭജിച്ചവര്‍ പരസ്യമായി ചുംബിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചാടിപ്പുറപ്പെട്ടതിലെ അസ്വാഭാവികത ഒളിച്ചുവെക്കേണ്ടതല്ല. പരസ്യലൈംഗികത എന്ന ആശയയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം ആക്രമണോത്സുക ഹൈന്ദവതയായിരുന്നുവെങ്കില്‍ പോലും വിദൂരലക്ഷ്യം കേരളത്തില്‍ ഈയിടെ മേല്‍ക്കൈ നേടിയ മുസ്‌ലിം - ദലിത് ബൗദ്ധിക പരിസരമാണ്. അതേ ഹൈന്ദവകഴുകക്കണ്ണുകള്‍ തൊട്ടുമുമ്പ് തൊടുത്തുവിട്ട ലൗജിഹാദ് എന്ന അശ്ലീലബോംബ് കേരളത്തിന്റെ സാംസ്‌കാരികതെരുവുകളില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഈ പ്രണയാസക്തര്‍ എവിടെയായിരുന്നുവെന്നും ചോദിക്കേണ്ടതുതന്നെ. ഇവരില്‍ പലരും ആ ആരോപണങ്ങള്‍ക്ക് കുടപിടിച്ചുകൊടുത്തവരുമായിരുന്നു. പ്രണയത്തിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നു എന്ന വ്യാജാരോപണത്തെ പ്രണയത്തിന്റെ പേരിലെങ്കിലും എതിര്‍ക്കാമായിരുന്ന ഇക്കൂട്ടര്‍ ഹൈന്ദവ ബുദ്ധിജീവികളോടൊപ്പം  ആ വംശീയവിരുദ്ധ സംഘഗാനം പാടുകയോ നിശ്ശബ്ദം കേട്ടാസ്വദിക്കുകയോ ചെയ്തവരാണ്. പരസ്യലൈംഗികവാദത്തിന്റെ മുന്നണിയിലേക്ക് മുസ്‌ലിം പേരുള്ള പെണ്‍കുട്ടികളെ കയറ്റിവിടാനും അവരെ തട്ടമിട്ടൊരുക്കാനും മാധ്യമങ്ങളും സമരക്കാരും പാടുപെടുന്നതിനു പിന്നിലും ഈ മുസ്‌ലിം - ദലിത് വിരുദ്ധതയുടെ മറ്റൊരു തലം പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹപ്രായത്തിന്റെ പേരില്‍ കഴിഞ്ഞ സാംസ്‌കാരികവര്‍ഷത്തില്‍ മൊത്തം മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിറുത്തി വിചാരണചെയ്തപ്പോഴും ലൈംഗികസ്വാതന്ത്ര്യം എന്ന സാമാന്യബോധം ഈ അശ്ലീലസമരക്കാര്‍ക്ക് തോന്നിയില്ല. പതിനെട്ടാം ജന്മദിനത്തില്‍ പുലര്‍ച്ചക്കുമാത്രം സാധ്യമാകുന്നതും തലേന്നു രാത്രി പന്ത്രണ്ടുമണിവരെ കുറ്റകൃത്യമാകുന്നതുമായ ലൈംഗികസ്വാതന്ത്ര്യത്തെ ആരും പ്രശ്‌നവത്കരിച്ചില്ല. അറബിയെ നിയമപ്രകാരം കല്യാണം കഴിക്കാനുള്ള മലയാളിപ്പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അന്ന് ആരും വിവാഹസമരം നടത്തിയില്ല. പരസ്യമായി ചുംബനം നടത്തി സ്ഥാപിച്ചുകിട്ടേണ്ട സ്വാതന്ത്ര്യം പെട്ടെന്നങ്ങ് പൊട്ടിമുളച്ചതല്ല എന്നര്‍ഥം.

5. പരസ്യ ലൈംഗികതയുടെ വക്താക്കള്‍ക്ക് കുടുംബഭദ്രത, സുരക്ഷിത ലൈംഗികത തുടങ്ങിയവയോടുള്ള കാഴ്ചപ്പാടെന്താണ്?

കുടുംബം, വിവാഹം എന്നിവ തകര്‍ക്കപ്പെടേണ്ട സ്ഥാപനങ്ങളാണ് എന്ന ആധുനികതയുടെ അപക്വധാരണയില്‍നിന്ന് ഉത്തരാധുനിക ബുദ്ധിജീവിതങ്ങള്‍ വിമുക്തി നേടിയിട്ടുണ്ട് എന്നാണ് വെപ്പ്. ആധുനികതയുടെ വിമോചന പ്രതീക്ഷകളില്‍നിന്ന് ഊരിപ്പോരാന്‍ കഴിയാത്ത ഇടതു ബുദ്ധിജീവികളും യുക്തിവാദികളും ഇന്നും ഈ സ്ഥാപനങ്ങളെ അതിന്റെ എല്ലാ വിശുദ്ധികളും കാത്തുസൂക്ഷിച്ച് നിലനിറുത്തുന്നവരാണ് എന്നതാണ് കേരളത്തിലെ കൗതുകാനുഭവം. ഭാര്യാ - ഭര്‍തൃബന്ധം, മക്കളുടെ ശരിജീവിതം, കുടുംബസുരക്ഷ തുടങ്ങിയ സാമാന്യയുക്തികളെ പരസ്യ ലൈംഗികവാദം നേരിട്ട് ആക്രമിക്കുന്നുണ്ട്. 'ഇതൊക്കെ സമൂഹത്തിന്റെ ഭാഗമല്ലേ, അവര്‍ എല്ലാം കണ്ടും കേട്ടും വളരട്ടെ' എന്ന അലസബോധം അല്‍പംകൂടി നീട്ടിപ്പിടിച്ചാല്‍ പൊട്ടിപ്പോകാന്‍മാത്രം ദുര്‍ബലമാണ്. സമൂഹയാഥാര്‍ഥ്യങ്ങളൊക്കെ കണ്ടും അനുഭവിച്ചും വളരാനുള്ള അവസരം നല്‍കുന്നതില്‍ സ്വന്തം  മക്കള്‍ക്ക് നിശ്ചയിക്കുന്ന പരിധിയെന്ത് എന്ന ചോദ്യം മുട്ടുന്നിടത്ത് ഇവര്‍ മുന്നോട്ടുവെക്കുന്ന വ്യക്തിസ്വാതന്ത്ര്യം തട്ടിത്തകരും. ചുംബനസമരക്കാരാണ് പുതിയ കേരളത്തിന്റെ നവോത്ഥാന ശില്‍പികള്‍ എന്നൊക്കെ വിടുവായത്തം പറയുന്ന ബുദ്ധിജീവികള്‍ സ്വന്തം കുടുംബക്കാരെ ഈ നവോത്ഥാനമുന്നണിയില്‍ എത്ര പങ്കാളികളാക്കും എന്ന് തുറന്നുപറയേണ്ടിയിരിക്കുന്നു. വ്യക്തിയുടെ ആരോഗ്യം, സമൂഹത്തിന്റെ ആരോഗ്യം തുടങ്ങിയ പ്രസക്തചോദ്യങ്ങളെ പരസ്യലൈംഗികതയുടെ മിഷണറി പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കാന്‍ തയാറാവുന്നില്ല എന്നതാണ് വാസ്തവം. പീഡിപ്പിക്കപ്പെടുന്ന ഓരോ പെണ്‍കുട്ടിയും യഥാര്‍ഥത്തില്‍ പരസ്യ ലൈംഗികതയുടെ പലതരം പ്രകടനങ്ങളുടെ ഇരയാണ്. അവളെ ആദ്യം ബലാത്സംഗം ചെയ്തത് പ്രണയമാണ്.

6. ജനാധിപത്യവും പ്രണയവും തമ്മിലെന്ത്?

ജനാധിപത്യവും പ്രണയവും പരസ്പരവിരുദ്ധമായ ആശയങ്ങളാണ്. സ്വകാര്യം - പൊതു എന്നീ ദ്വന്ദ്വങ്ങളെ മനസ്സിലാക്കി മാത്രമേ പ്രണയത്തെ ആശയപരമായി സമീപിക്കാനാവൂ. എല്ലാവര്‍ക്കും ഒരുപോലെ വിതരണം ചെയ്യാനുള്ളതും നേടാനുള്ളതുമായ വസ്തുവും വസ്തുതയുമാണ് ഇന്നത്തെ സവിശേഷമായ അര്‍ഥത്തില്‍ ജനാധിപത്യം. എങ്കില്‍ ഏറ്റവും ജനാധിപത്യവിരുദ്ധമായ അനുഭവങ്ങളിലൊന്നാണ് പ്രണയം. പൗരര്‍ക്ക് സ്വതന്ത്രമായി പ്രണയിക്കാനുള്ള സൗകര്യം നല്‍കുക എന്നേ ജനാധിപത്യരാജ്യത്തിന് ചെയ്യാനാവൂ. എന്നാല്‍ എല്ലാവര്‍ക്കും എല്ലാവരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും പ്രണയത്തിന്റെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പൊതുവെ നല്‍കപ്പെടാറില്ല. ഉദാത്തമെന്നും പവിത്രമെന്നും വിശുദ്ധമെന്നും വിശേഷിപ്പിച്ച് താലോലിച്ചുവളര്‍ത്തിയ ഇന്ത്യന്‍ പ്രണയസങ്കല്‍പങ്ങളിലാകട്ടെ ഈ അസ്വാതന്ത്ര്യം വിവാഹജീവിതത്തെക്കാള്‍ കണിശമായി പാലിക്കപ്പെടുന്നു. പരസ്യമായി ലൈംഗികചേഷ്ടകളിലേര്‍പ്പെടുന്ന സമരവേദിയില്‍ പോലും സ്വന്തം കാമുകന് മറ്റൊരു പെണ്‍കുട്ടിയെ പ്രണയപൂര്‍വം ചുംബിക്കാനുള്ള അനുവാദം ഒരു കാമുകിയും മനസ്സാ നല്‍കുകയില്ല. ന്യൂജനറേഷന്‍ സിനിമകളില്‍ പോലും അന്യ സ്ത്രീപുരുഷന്മാര്‍ സൗഹൃദം ഭാവിച്ച് എത്ര അടുത്തിടപഴകിയാലും പ്രണയരാജ്യത്തിലേക്കുള്ള മൂന്നാമതൊരാളുടെ നുഴഞ്ഞുകയറ്റം കഥാഗതിതന്നെ മാറ്റിക്കളയും. ഇന്ത്യന്‍ പ്രണയസിനിമകളൊക്കെയും അടഞ്ഞ പ്രമേയപരിസരം ആവര്‍ത്തിച്ചു കഥിക്കാനുള്ള കാരണവും പ്രണയത്തിലെ ഈ ജനാധിപത്യവിരുദ്ധതയാണ്.  എന്നാല്‍ തഞ്ചംകിട്ടുമ്പോഴൊക്കെ, തരംകിട്ടിയവരോടൊക്കെ ഒലിപ്പിച്ചു വഷളാക്കുന്ന പ്രണയവും ഉണ്ട്. പി കുഞ്ഞിരാമന്‍ നായരെയും ചങ്ങമ്പുഴയെയും പോലെയുള്ളവരുടെ ഇത്തരം ചപലതകള്‍ കൊണ്ടാടാനുള്ള ഉത്സവക്കമ്മിറ്റികളായിരുന്നു നമ്മുടെ സാഹിത്യനിരൂപണങ്ങളില്‍ പലതും. പ്രണയത്തിന്റെ ഈ രണ്ടറ്റങ്ങളില്‍ ഏതിടത്താണ് പരസ്യലൈംഗികതയുടെ പിന്നണിപ്രവര്‍ത്തകര്‍ നില്‍ക്കുന്നത് എന്നറിയാന്‍ കേരളത്തിലെ സാമാന്യജനത്തിന് അവകാശമുണ്ട്.

7. പരസ്യ ലൈംഗികതയും ഫ്യൂഡല്‍ സദാചാരവും ഒന്നുതന്നെയല്ലേ?

പെണ്ണുങ്ങളുടെ മാറിടം പരസ്യമായി കണ്ട് ആസ്വദിച്ച കേരള ഫ്യൂഡല്‍ പ്രഭുക്കള്‍  പെണ്ണുങ്ങളെ പരസ്യമായി ചുംബിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുവാങ്ങാന്‍ നടത്തുന്ന ശ്രമമാണ് പരസ്യലൈംഗിക സമരം എന്ന് കരുതാന്‍ പഴുതുണ്ട്. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം സമരം ചെയ്തു നേടിയ ദലിത് ജീവിതം ഈ സവര്‍ണരതിയുടെ അധികാര മേഖലയില്‍നിന്നു കൂടിയാണ് സ്വാതന്ത്ര്യം നേടിയത്. ഈ രതിസാമ്രാജ്യം നഷ്ടപ്പെട്ടതിലുള്ള വിഷണ്ണത പേറി നടക്കുന്ന ഫ്യൂഡല്‍ മാടമ്പിമാര്‍ക്ക് ആണധികാരം സ്ഥാപിക്കാനുള്ള എളുപ്പവഴി ലൈംഗികസ്വാതന്ത്ര്യം തന്നെയാണ്. സവര്‍ണ ബുദ്ധിജീവികള്‍ക്ക് അതിനാല്‍ ഇത്തരം അരാജക മുന്നേറ്റങ്ങളോട് അതൃപ്പമുണ്ടാവുക സ്വാഭാവികം. ഇത്തരം സവര്‍ണ കള്ളക്കടത്തുകളില്‍ അറിഞ്ഞോ അറിയാതെയോ കാരിയര്‍മാരായി മാറുന്നു എന്നാണ് കേരളത്തിലെ ഫെമിനിസ്റ്റുകളും ജനാധിപത്യവാദികളും ചരിത്രത്തിലെന്നും ചെയ്ത വിഡ്ഢിത്തം. 'ഈ സമരത്തിലും ധാരാളം പെണ്ണുങ്ങളുണ്ടല്ലോ, ദലിതുകളുണ്ടല്ലോ, മുസ്‌ലിംകളുണ്ടല്ലോ' തുടങ്ങിയ വിടുവായത്തങ്ങളൊക്കെ തമ്പ്രാക്കള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിലെ ആനന്ദവും ശ്രേഷ്ഠതയും വിശദീകരിക്കുന്ന പാരമ്പര്യയുക്തികളെ മാത്രമേ ഓര്‍മിപ്പിക്കുകയുള്ളൂ. ആത്യന്തികമായി ഏതൊരു ലൈംഗികചേഷ്ടയും ആനന്ദിപ്പിക്കുന്നത് ആരെയാണ് എന്ന ചോദ്യം ആവര്‍ത്തിച്ചു ചോദിക്കുകയേ വഴിയുള്ളൂ.

8. ഹൈന്ദവ ഫാഷിസമോ സദാചാരബോധമോ ശത്രു?

ലൈംഗികപ്രദര്‍ശനം ഒരു മനോരോഗമാണ്, ഫാഷിസംപോലെത്തന്നെ. ജനകീയ സമരങ്ങളാകട്ടെ സമൂഹത്തിന്റെ വ്യവസ്ഥാപിത മനോരോഗങ്ങള്‍ക്കെതിരെയുള്ള ചികിത്സാമുറകളാണ്. മനോരോഗ ലക്ഷണവും ഭ്രാന്തന്‍ പെരുമാറ്റങ്ങളും മനോരോഗത്തിന് മരുന്നല്ല. സ്വകാര്യമായ ചുംബന റസ്റ്റോറന്റുകളും അക്രമണോത്സുകമായ സവര്‍ണ സദാചാരവും ഒരേ അശ്ലീലതയാണ് പ്രസരിപ്പിക്കുന്നത്. സമൂഹത്തിന്റെ പവിത്രമായ സദാചാരനിഷ്ഠകളോടുള്ള കായികവും ആശയപരവുമായ ആക്രമണങ്ങള്‍ പലരീതിയില്‍ പ്രകടമാകുമ്പോള്‍ അത് ഫാഷിസമാണെന്നും തുറന്ന ലൈംഗികതയാണെന്നും വേര്‍തിരിക്കേണ്ടതില്ല.  പരസ്യമായ പ്രണയചേഷ്ടകളും അവയ്‌ക്കെതിരെയുള്ള ആക്രമണവും  ഒരേപോലെ മനുഷ്യവിരുദ്ധംതന്നെ. വര്‍ഗീയതക്ക് സദാചാരമെന്നത് എന്താണ്, അവര്‍ എന്തിനു നേരെയാണ് എന്നും വാളോങ്ങിയിട്ടുള്ളത് തുടങ്ങിയവ പകല്‍വെളിച്ചംപോലെ വ്യക്തമാണ്. ആ വ്യക്തതകളെ ഇരുട്ടിലേക്ക് തള്ളിക്കളയാന്‍ മാത്രമാണ് ചുംബനസമരങ്ങള്‍ സഹായിച്ചത്.

9. പരസ്യ പ്രണയവാദം സ്ത്രീവിരുദ്ധമായ ആശയമല്ലേ?

ലൈംഗിക സദാചാരത്തിനെതിരെയുള്ള ഏത് മുന്നേറ്റത്തിനും സ്ത്രീവിരുദ്ധതയുടെ അപകട തലമുണ്ട്. അല്ലെങ്കില്‍, സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള ഏത് സമരവും സദാചാരപ്പോലീസിംഗ് എന്ന് കുറ്റപ്പെടുത്താവുന്നതാണ്. ചുംബനസമരം കാണാന്‍  തെരുവിലെ ചെറുമരക്കൊമ്പുകളിലും മട്ടുപ്പാവുകളിലും ചേക്കേറിയ ആയിരക്കണക്കിന് ലോലഹൃദയമുള്ള ചെറുപ്പക്കാരുടെ വന്‍ സംഘമാണ് ഇതിന് തെളിവ്. കേരളത്തിന്റെ ഇരുണ്ട വഴിയിടങ്ങളില്‍നിന്ന് പത്രമാധ്യമങ്ങളില്‍ നിരന്തരം  പ്രത്യക്ഷപ്പെടുന്ന  പീഡനവാര്‍ത്തകളിലെ ഭാവിപ്രതികളാണിവര്‍. എല്‍.കെ.ജി വിദ്യാര്‍ഥികള്‍തൊട്ട് മുതുമുത്തശ്ശിമാര്‍ വരെയുള്ള സ്ത്രീകളാണ് ഇവരുടെ ഇരകള്‍. ഏത് ലൈംഗിക പ്രക്ഷേപണങ്ങളുടെയും ആത്യന്തിക ഉപഭോക്താക്കള്‍ ഈ ആണ്‍പറ്റമാണ്. എ സര്‍ട്ടിഫിക്കറ്റുനേടുന്ന സിനിമകളില്‍ അഭിനയിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് സ്വതന്ത്രലൈംഗികവാദികള്‍ക്ക് വാദിക്കാം, പ്രസവം ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യത്തിന് സാംസ്‌കാരിക ബുദ്ധിജീവിക്ക് വാദിക്കാം. പക്ഷേ അതു കാണാന്‍ തിയേറ്ററുകളില്‍ തള്ളിക്കയറുക അന്നും ഇന്നും അസംതൃപ്ത ആണ്‍വര്‍ഗങ്ങള്‍തന്നെയാണ്. അവരുടെ കാഴ്ചകള്‍ക്ക് കൊഴുപ്പേകുന്നു എന്നതുതന്നെയാണ് ഏത് സ്ത്രീസ്വാതന്ത്ര്യത്തിനുമുള്ള നിര്‍ബന്ധിത നികുതി. 

10. സ്വകാര്യത എന്നത് എത്ര പരസ്യമാണ്?

സ്വകാര്യത എന്താണ് എന്ന് കണക്കാക്കാന്‍ എളുപ്പമാണ്. കാരണം അത് സ്വകാര്യമാണ്. എന്നാല്‍ സമൂഹമെന്താണെന്നും സമൂഹത്തിന്റെ ആവശ്യമെന്താണെന്നും കൃത്യമായി വരച്ചുവെക്കാന്‍ പ്രയാസമാണ്. അത് തങ്ങള്‍ നിര്‍ണയിക്കുന്നതാണ് എന്നും സമൂഹത്തിന്റെയും സ്ത്രീകളുടെയും സുരക്ഷ പരസ്യലൈംഗികതയാണെന്നും തിയറി ചമച്ച് മുന്നോട്ടുപോകുന്നത് ആരുടെ കാര്യപരിപാടികള്‍ക്ക് അധ്യക്ഷം വഹിക്കുന്നവരാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. സമൂഹത്തില്‍നിന്നു വേറിട്ട ഒരു സ്വകാര്യതയുണ്ട് എന്ന സിദ്ധാന്തംപോലും അടിസ്ഥാനരഹിതമാണ്. സുരക്ഷിതമായ സമൂഹമാണ് സുരക്ഷിതമായ സ്വകാര്യതയെ നിര്‍മിക്കുന്നത്. സ്വകാര്യതയുടെ ദാഹമകറ്റുന്നതിനുവേണ്ടി  സമൂഹസുരക്ഷയുടെ കപ്പലിന് ഓട്ട തുളയ്ക്കുന്നത് അപകടകരമാണ്. അതിനാല്‍, ലൈംഗിക സദാചാരത്തിനു വേണ്ടി വാദിക്കുന്നവരാണ് സ്വകാര്യതയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരം യഥാര്‍ഥത്തില്‍ ചെയ്യുന്നത്. രഹസ്യം പരസ്യമാക്കാന്‍ സ്വാതന്ത്ര്യം വേണം എന്നു പറയുന്നതുപോലെ പൊട്ടത്തരമാണ് സ്വകാര്യത പരസ്യമായി ചെയ്യാന്‍ സ്വാതന്ത്ര്യം വേണം എന്നു വാദിക്കുന്നതും. സ്വകാര്യത ഒരു മാനുഷികമൂല്യമാണ്. അതിനെ സംരക്ഷിക്കേണ്ടത് വസ്ത്രം ധരിച്ചും ചുമരുകള്‍ പണിതും ആണ്. പരസ്യമായി നടത്തേണ്ടതാണ് സ്വകാര്യത എന്ന് ആരാണ് ഈ പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. അരുത് എന്ന വാക്കിന് എത്ര പ്രസക്തിയുണ്ട് എന്ന ചോദ്യം ആവര്‍ത്തിക്കട്ടെ. അശ്ലീലത എന്നൊന്നില്ല എന്ന് തീര്‍ത്തുപറയാനാകുമോ എന്നും ചോദിക്കേണ്ടതുണ്ട്. അശ്ലീലതയുണ്ട് എന്നുതന്നെയാണ് പരസ്യലൈംഗികവാദികള്‍ക്കും രഹസ്യമായി ബോധിച്ചിട്ടുള്ളത്. അതുകൊണ്ടാണല്ലോ ചുംബനം അശ്ലീലതയാണ് എന്ന സദാചാരവാദത്തെ അവര്‍ അത്രയും ഭയക്കുന്നതും വെറുക്കുന്നതും. 

11. സദാചാരത്തെ ഇത്രയും ഭയക്കുന്നത് എന്തിന്?

ലൈംഗിക സദാചാരത്തെ ആവശ്യപ്പെടുന്നവരൊക്കെ ഇക്കൂട്ടരാല്‍ അപഹസിക്കപ്പെടുന്നു. പരിഹാസം എല്ലാ അടിസ്ഥാനരഹിത ആശയങ്ങളുടെയും പ്രധാന പ്രതിരോധമാര്‍ഗമാണ്. പരസ്യലൈംഗികതയെ എതിര്‍ക്കുന്നവര്‍ ആരെയും ലൈംഗികമായി സമീപിക്കാറില്ലെന്ന്, അവര്‍ തരം കിട്ടിയാല്‍ ആരെയും അങ്ങനെ സമീപിക്കുമെന്ന് രണ്ടറ്റങ്ങളില്‍ മൂര്‍ച്ചയുള്ള പരിഹാസമാണ് സദാചാരവാദികള്‍ ഏല്‍ക്കേണ്ടിവരുന്നത്. ലൈംഗിക ദാരിദ്ര്യവും അമിത ലൈംഗികതയും ആരോപിക്കപ്പെടുക എന്നത് കേരളത്തില്‍ എന്നും  ദലിത് - ന്യൂനപക്ഷവിഭാഗം സഹിച്ചതാണ്. നാലു കെട്ടിയാലേ മാപ്പിളക്ക് തൃപ്തിയാകൂ എന്ന മട്ടിലായിരുന്നു സാഹിത്യവും സിനിമയും മുസ്‌ലിംകളെ പരിചയപ്പെടുത്തിയത്. അതോടൊപ്പം  സവര്‍ണ പുരുഷനുമാത്രം ലൈംഗികമായി തൃപ്തിപ്പെടുത്താവുന്നവിധം രതിക്കുറവ് അനുഭവിക്കുന്നവളാണ് മുസ്‌ലിം - ദലിത് സ്ത്രീകള്‍ എന്നും പ്രചരിക്കപ്പെട്ടു. 'കിളിച്ചുണ്ടന്‍ മാമ്പഴം' എന്ന സിനിമ തൊട്ട് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമവരെ, 'ആയിഷ' (വയലാര്‍) എന്ന കാവ്യം തൊട്ട് 'ബര്‍സ' (ഖദീജ മുംതാസ്) എന്ന നോവല്‍ വരെ ഈ അവാസ്തവം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ലൈംഗിക സദാചാരത്തിനുവേണ്ടി വാദിക്കുന്നവരെയും ഇങ്ങനെ ലൈംഗികാരോപണത്തിന്റെ രണ്ടറ്റങ്ങളില്‍ നിറുത്തി കൈകാര്യം ചെയ്യുക എന്നതും സവര്‍ണ വിമര്‍ശനപദ്ധതിയുടെ പ്രധാന സൂത്രം തന്നെയാണ്. യഥാര്‍ഥത്തില്‍ കപടസദാചാരം എന്ന പരിഹാസംപോലും സദാചാരവാദികളെ സംബന്ധിച്ചേടത്തോളം ആനന്ദകരമാണ്. കാരണം ഏതൊരു നല്ല ആചാരത്തിനും സ്വകാര്യതയുടെയും സാമൂഹികതയുടെയും ഇരട്ട തലങ്ങളുണ്ട്. അതിനാല്‍ ആ അര്‍ഥത്തില്‍ അത് കപടം തന്നെയാണ്. 'ദൈവികമായ' കാപട്യം.

12. സ്വാതന്ത്ര്യത്തെ ലൈംഗികതക്കു പുറത്തേക്ക് എത്ര തള്ളിക്കൊണ്ടുപോകാന്‍ കഴിയും?

കാപട്യം എന്നു വിളിക്കപ്പെടാവുന്ന സദാചാരഘടനയിലാണ് ഏത് പരിഷ്‌കൃതസമൂഹവും ഉള്ളത്. അധികാരത്തിനെതിരെ ലേഖനമെഴുതുന്ന ഉത്തരാധുനിക പ്രൊഫസറും തന്റെ ഓഫീസിലും ക്ലാസ്സ് മുറിയിലും കീഴ്‌ജോലിക്കാരിലും ചെലുത്തുന്ന അധികാരം ഈ കാപട്യത്തിനുദാഹരണമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരിധിയില്ലാത്ത ലോകത്തെക്കുറിച്ച് സ്വപ്നംകാണുന്ന ഫെമിനിസ്റ്റിനുപോലും തന്റെ അടുക്കളയിലെ വെപ്പുകാരിക്ക് നല്‍കാവുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് കപടമെന്നു വിളിക്കാവുന്ന ചില അതിരുകളുണ്ട്. അതുകൊണ്ടാണ് ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ പോലും വസ്ത്രം ധരിച്ചും തട്ടമിട്ടും വന്നത്. പ്രദര്‍ശിപ്പിക്കാവുന്ന നഗ്നത, പരസ്യപ്പെടുത്താവുന്ന ലൈംഗികചേഷ്ടകള്‍, വെളിപ്പെടുത്താവുന്ന രഹസ്യങ്ങള്‍, പുറത്തുകാണിക്കാവുന്ന ദിനചര്യകള്‍ തുടങ്ങി സമൂഹം അടയാളപ്പെടുത്തിവെച്ച ജീവിതാതിരുകളൊക്കെയും ഒരര്‍ഥത്തില്‍ കാപട്യം തന്നെയാണ്. ആ കാപട്യമാണ് സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു കാരണവും. 

പിന്‍വാതില്‍

നല്ലതും ചീത്തതുമായ എല്ലാ അധികാരശക്തികളെയും നിരാകരിക്കുക എന്നതാണ് ഉത്തരാധുനികതയുടെ അടിസ്ഥാനാദര്‍ശം. അതിന്റെ ഉത്തരകാലമാണ് നവസാമൂഹിക മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. എല്ലാ അധികാരങ്ങള്‍ക്കും മേലെ അവ  അധികാരം നേടുന്നതിനെ ആഘോഷിച്ച മുസ്‌ലിം ബുദ്ധിജീവികള്‍ ഈ വേളയില്‍ തിരുത്തിപ്പറയേണ്ടിയിരിക്കുന്നു. നേതൃത്വവും ലക്ഷ്യവുമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ സദാചാരരാഹിത്യംപോലുള്ള സാമൂഹിക വിരുദ്ധ ആശയങ്ങള്‍ക്കുവേണ്ടിയും സംഘടിക്കാവുന്നതരം അപകടവളവുകള്‍ ഈ സൈബര്‍സ്‌പേസുകളിലുണ്ട്. ആരംഭത്തിലുള്ള ആവേശങ്ങളല്ലാതെ ആഴത്തിലുള്ള എന്ത് വിപ്ലവമാണ് അറബ്‌വസന്തത്തില്‍പോലും ഇത്തരം അധികാരാതീത കൂട്ടായ്മകള്‍ക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞത് എന്ന് അവധാനതയോടെ ആലോചിക്കണം. എന്നിട്ടു മതി ഇനി ഫേസ്ബുക്ക് സ്തുതികള്‍ എഴുതിക്കൂട്ടല്‍.

ഏതൊരു ഉത്തരവും ആരെയും അലോസരപ്പെടുത്തുന്ന അവസാനത്തെ ചോദ്യം ഇതാണ്,

എന്നിട്ട്, ഈ നാട് എന്താവുമെന്നാണ് പരസ്യലൈംഗിക വാദികള്‍ സ്വപ്നം കാണുന്നത്? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍