ചുംബന സമരത്തില്‍ വേവുന്നത്
മഹത്തരവും ആദരണീയവുമെന്ന് ഇക്കാലമത്രയും കരുതപ്പെട്ടിരുന്ന പല പദങ്ങളും സംജ്ഞകളും അശ്ലീലമായി മാറുന്നുവെന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത. ഇത്തരം പദങ്ങളോടും സംജ്ഞകളോടും ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലാത്തവ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് പല നല്ല പദങ്ങളും അശ്ലീലമായി മാറുന്നത്. സദാചാരം എന്നത് ഇത്തരത്തില്‍ നമ്മുടെ വ്യവഹാരങ്ങളില്‍ അടുത്തകാലത്ത് അശ്ലീലമായി മാറിയ പദമാണ്. സദാചാര പോലീസ്, സദാചാര ഗുണ്ടായിസം എന്നെല്ലാം ചേര്‍ത്തു പറഞ്ഞുകൊണ്ടാണ് മനുഷ്യ സംസ്‌കാരത്തിന്റെ അടിയാധാരമായി വര്‍ത്തിക്കുന്ന സദാചാരത്തെ, കേട്ടാല്‍ അറക്കുന്ന പദമായി നാം മാറ്റിയത്. ഏതെങ്കിലും അനാശാസ്യത്തില്‍ പിടിക്കപ്പെട്ട വല്ലവരുടെയും നേരെ നിയമം കൈയിലെടുത്തുകൊണ്ട് ചിലര്‍ പ്രതികരിച്ചപ്പോള്‍ അതിനെതിരെയാണ് സദാചാര പോലീസ്, സദാചാര ഗുണ്ടായിസം എന്നീ പദങ്ങള്‍ നാം ചെറിയതോതില്‍ കേട്ടുതുടങ്ങിയത്. എന്നാല്‍, ഈയിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് കോഴിക്കോട്ടെ ഒരു കാപ്പിക്കട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതോടെ മേല്‍ പദങ്ങള്‍ ആവര്‍ത്തിച്ചു ഉരുവിട്ടുകൊണ്ട് സദാചാരത്തിനെതിരായ സംഘടിതമായ ആക്രമണങ്ങളാല്‍ മുഖരിതമാണ് ഇപ്പോള്‍ കേരളം.
കോഴിക്കോട്ടെ കാപ്പിക്കട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത് തനി ഗുണ്ടായിസവും ഫാഷിസ്റ്റ് ചെയ്തിയുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം, നിയമവാഴ്ചയും ജനാധിപത്യവും പുലരുന്ന ഒരു രാജ്യത്ത് എന്തിന്റെ പേരിലായാലും വ്യക്തികളും സംഘങ്ങളും നിയമം കൈയിലെടുക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. തങ്ങള്‍ ആരോപിക്കും വിധം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍തന്നെ അതിനെതിരെ സമാധാനപരമായ പ്രക്ഷോഭം നടത്തുകയാണ് ജനാധിപത്യബോധമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്. അതിനുള്ള യുവമോര്‍ച്ചയുടെ അവകാശം അപ്പോള്‍ ആരും ഇവിടെ ചോദ്യം ചെയ്യുകയുമില്ല. കാബറക്കെതിരെയും മറ്റും അത്തരം പ്രക്ഷോഭങ്ങള്‍ ഇതിനുമുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനെതിരെ അന്നാരും സദാചാര ഗുണ്ടായിസം ആരോപിച്ചിട്ടില്ല. പക്ഷേ അക്രമത്തില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൈമുതലായുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഇന്ത്യ ഇപ്പോള്‍ തങ്ങളുടെ കൈപ്പിടിയിലാണെന്ന ഹുങ്കില്‍ നിയമ വാഴ്ചക്കെതിരെ നടത്തിയ പരസ്യമായ വെല്ലുവിളിയാണ് കോഴിക്കോട് കാപ്പിക്കട ആക്രമണം. ഇത് സദാചാരവും ധാര്‍മികതയും നിലനിര്‍ത്താനോ മഹിതമായ ഭാരതീയ സംസ്‌കാരം സംരക്ഷിക്കാനോ ഉള്ള നീക്കമൊന്നുമല്ല. മറിച്ച് കൈയൂക്ക് കൊണ്ട് തങ്ങളുടെ ഹിതം ആരിലും അടിച്ചേല്‍പിക്കാനുള്ള ഫാഷിസ്റ്റ് നടപടി മാത്രമാണ്. യുവമോര്‍ച്ചയുടെ ജനുസ്സില്‍ പെട്ട പ്രമോദ് മുത്തലിഖിന്റെ രാമസേനക്കാര്‍ മംഗലാപുരത്തും മറ്റും ഇത്തരം സാംസ്‌കാരിക ഫാഷിസം മുമ്പ് പരീക്ഷിച്ച് നോക്കിയതാണ്. മോദിരാജിന് കീഴില്‍ ഇത്തരം ഗുണ്ടകള്‍ക്ക് പുതിയ ഊര്‍ജം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇത്തരത്തിലുള്ള സാംസ്‌കാരിക ഫാഷിസം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യപരമായ വമ്പിച്ച പ്രക്ഷോഭം തീര്‍ച്ചയായും ഉയര്‍ന്നുവരേണ്ടതുണ്ട്.
നിയമവാഴ്ച ഉറപ്പുവരുത്താനും രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാതിരിക്കാനും അനിവാര്യമായ ഈ സമരവും പ്രതിഷേധവും പക്ഷേ നിര്‍ഭാഗ്യവശാല്‍ സദാചാരത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കുമെതിരായ സമരമാക്കി മാറ്റുകയാണ് ചുംബന സമരത്തിലൂടെ 'കിസ്സ് ഓഫ് ലൗ' പ്രവര്‍ത്തകര്‍ ചെയ്തത്. വമ്പിച്ച മാധ്യമ ശ്രദ്ധ നേടിയ എറണാകുളം മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിന്റെ തുടര്‍ച്ചകള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ പ്രഭവ കേന്ദ്രമായ കോഴിക്കോട്ടും ചംബന സമരം അരങ്ങേറാന്‍ പോകുന്നു.
യഥാര്‍ഥത്തില്‍ കോഴിക്കോട്ടെ കാപ്പിക്കട തകര്‍ത്ത യുവമോര്‍ച്ചക്കാരുടെ സമരത്തിന് അപകടകരമായ ഒരു രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉള്ളതു പോലെത്തന്നെ അതിനെതിരായ ചുംബന സമരത്തിനും അപകടകരമായ ഒരു രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമുണ്ട്. മുഷ്‌ക്കും കൈയൂക്കുമായതിനാല്‍ യുവമോര്‍ച്ചയുടെ അപകടകരമായ രാഷ്ട്രീയവും പ്രത്യശാസ്ത്രവും വേഗത്തില്‍ തിരിച്ചറിയപ്പെടുമെങ്കില്‍ ജനാധിപത്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മുഖംമൂടിയുള്ളതിനാല്‍ ചുംബന സമരത്തിന്റെ അപകടകരമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വേഗത്തില്‍ തിരിച്ചറിയപ്പെടുകയില്ല എന്ന വ്യത്യാസമേയുള്ളൂ. എന്നല്ല, അത്തരം മുഖംമൂടിയുള്ളത് കാരണം ചുംബന സമരത്തോട് എതിര്‍പ്പുള്ളവരെ പോലും മൗനികളാക്കാനോ അതിനെതിരെ വാ തുറന്നാല്‍ പോലും അപകര്‍ഷബോധത്തിനിരയാക്കാനും മാത്രം ആന്തരികമായ കരുത്തും ശേഷിയും അതിന്റെ രാഷ്ട്രീയത്തിനുണ്ട്.
സാംസ്‌കാരിക ജീവിയെന്ന നിലയില്‍ മനുഷ്യന്‍ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മുറുകെ പിടിച്ചിരുന്ന എല്ലാവിധ സദാചാര-ധാര്‍മിക സംഹിതകളെയും കുടഞ്ഞെറിയുന്ന അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യ വാദമാണ് ചുംബന സമരത്തിന്റെ രാഷ്ട്രീയം. മനുഷ്യന്‍ എന്നെന്നും മുറുകെ പിടിക്കേണ്ട ശാശ്വതമായ മൂല്യങ്ങളോ സത്യങ്ങളോ ഇല്ലെന്നും മനുഷ്യന്റെ ഇഛകളും അഭിലാഷങ്ങളും മാത്രമാണ് സ്ഥായിയായ മൂല്യമെന്നും പ്രചരിപ്പിക്കുന്ന ഉത്തരാധുനിക ചിന്തകളാണ് അതിന്റെ പ്രത്യയശാസ്ത്രം. കുറെ കൂടി സൂക്ഷ്മമായി പറയുകയാണെങ്കില്‍ മനുഷ്യന്റെ ഇഛകളും അഭിലാഷങ്ങളും പോലുമല്ല ഇവിടെ മൂല്യങ്ങള്‍ നിര്‍ണയിക്കുന്നത്. മറിച്ച്, ഇഛകളെയും അഭിലാഷങ്ങളെയും നിര്‍മിച്ചെടുക്കുന്ന മുതലാളിത്ത വിപണിയാണ്. അതിനാല്‍ ഈ വിപണിയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനെ മൃഗത്തില്‍ നിന്ന് വ്യത്യസ്തനാക്കുന്ന അവന്റെ സദാചാര ബോധമാണ്. അതിനാല്‍ നിയമവാഴ്ചയെ മാനിക്കാത്ത യുവമോര്‍ച്ചക്കാരുടെ സാംസ്‌കാരിക ഫാഷിസത്തെ എതിര്‍ക്കാനെന്ന പേരില്‍ ചുംബന സമരക്കാര്‍ സദാചാരത്തിനെതിരെ പീരങ്കി വെടി ഉതിര്‍ക്കുമ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ സംരക്ഷിക്കുന്നത് വിപണിയുടെ താല്‍പര്യങ്ങളെയാണ്.
പൊതു ഇടങ്ങളില്‍ സ്ത്രീ-പുരുഷന്മാര്‍ക്ക് പരസ്പരം ചുംബിക്കാനും ആശ്ലേഷിക്കാനുമുള്ള അവകാശം സ്ഥാപിച്ച് കിട്ടാനുള്ള ഇപ്പോഴത്തെ ചുംബന സമരം, വഴി നടക്കാനും ക്ഷേത്ര പ്രവേശനത്തിനും വേണ്ടി കേരളത്തില്‍ മുമ്പ് നടന്ന സമരത്തിന് സമാനമാണെന്ന് വരെ നമ്മുടെ ചില വലിയ എഴുത്തുകാര്‍ വാദിച്ചുകളഞ്ഞു! പരശുരാമന്‍ മഴുവെറിഞ്ഞ് ബ്രാഹ്മണര്‍ക്ക് മാത്രമായി തീറെഴുതി കൊടുത്ത കേരളമെന്ന ഭ്രാന്താലയത്തെ മനുഷ്യര്‍ പാര്‍പ്പുള്ള ഇടമായി പരിവര്‍ത്തിപ്പിച്ച ആ ഐതിഹാസിക സമരങ്ങളെ കൊച്ചാക്കാന്‍ മാത്രമേ ഈ താരതമ്യം ഉപകരിക്കൂ. ജനാധിപത്യപരമായ ഒരു സുന്ദര കേരളം പുലരാനായി പൊതുയിടങ്ങളില്‍ സ്ത്രീ-പുരുഷന്മാര്‍ക്ക് പരസ്പരം ആലിംഗനം ചെയ്യാനുള്ള അവകാശം ഇപ്പോള്‍ ചോദിച്ചു വാങ്ങുന്ന ചുംബന സമരക്കാര്‍ നാളെ പൊതുയിടങ്ങളില്‍ ഇണചേരാനുള്ള അവകാശം കൂടി ചോദിക്കുകയാണെങ്കില്‍ അതിനെ ഏത് മാനദണ്ഡ പ്രകാരം എതിര്‍ക്കാനാകുമെന്ന് ചുരുങ്ങിയ പക്ഷം ചുംബന സമരത്തെ അനുകൂലിക്കുന്ന സാംസ്‌കാരിക നായകരെങ്കിലും നമുക്ക് പറഞ്ഞുതരേണ്ടതുണ്ട്. കാര്യങ്ങള്‍ ഇമ്മട്ടിലാണ് പോകുന്നതെങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഒരു ഇണചേരല്‍ സമരവും നമുക്ക് പ്രതീക്ഷിക്കാം. ഡാര്‍വിന്റെ സിദ്ധാന്ത പ്രകാരം മൃഗത്തില്‍ നിന്ന് പരിണമിച്ച് മനുഷ്യനായി മാറിയവന്‍ വീണ്ടും മൃഗമായി പരിണമിക്കുന്ന അത്ഭുതത്തിനായിരിക്കും അപ്പോള്‍ നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഡാര്‍വിന്‍ പോലും മനുഷ്യന് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു പരിണാമമുണ്ടാകുമെന്ന് നിരീക്ഷിച്ചിട്ടുണ്ടാകില്ല.
പടിഞ്ഞാറിന്റെ എല്ലാവിധ മൂല്യച്യുതികളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ വിധിക്കപ്പെട്ട സോഷ്യല്‍ മീഡിയയിലെ ഒരുപറ്റം ചെറുപ്പക്കാരാണ് ചുംബന സമരത്തിനുള്ള പ്രചാരണം തുടങ്ങിവെച്ചത്. പുതുമ എന്ന ഘടകവും ഈ സമരത്തിലേക്ക് യുവാക്കളെ ആകര്‍ഷിച്ചിട്ടുണ്ടാകാം. എന്നാല്‍, പുതുമ എന്നത് വലിയൊരു സാധ്യതയാണെന്നത് പോലെ ചതിക്കുഴി കൂടിയാണ്. മുതലാളിത്ത വിപണി ഇന്ന് നമ്മുടെ മനസ്സിനെയും മസ്തിഷ്‌കത്തെയും അപ്പാടെ കൊള്ളയടിച്ചു കൊണ്ടുപോയത് ഈ പുതുമ കാട്ടിയാണ്. ആചാരത്തിലും സംസ്‌കാരത്തിലും ചിന്തയിലും മാത്രമല്ല ഭക്ഷണത്തിലും പാനീയത്തിലും വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഇന്ന് നാം ഇരയായിക്കൊണ്ടിരിക്കുകയാണ്.
പുതുമയുടെ പേരില്‍ ചെറുപ്പക്കാര്‍ തുടങ്ങിവെച്ച ഈ സമരത്തെ നമ്മുടെ ചില വലിയ എഴുത്തുകാര്‍ പോലും പിന്താങ്ങുമ്പോള്‍ അവര്‍ മനസ്സിലാക്കാതെ പോയ ഒരു കാര്യമുണ്ട്. മൂല്യങ്ങളുടെയും സദാചാരത്തിന്റെയും കാര്യത്തില്‍ പടിഞ്ഞാറിന്റെയും കിഴക്കിന്റെയും അളവ്‌കോല്‍ തീര്‍ത്തും വ്യത്യസ്തമാണെന്ന കാര്യമാണത്. പടിഞ്ഞാറിന്റെ മൂല്യസങ്കല്‍പ പ്രകാരം പൊതുയിടങ്ങളില്‍ വെച്ച് സ്ത്രീ പുരുഷന്മാര്‍ പരസ്പരം ചുംബിക്കുന്നതിലും ആലിംഗനം ചെയ്യുന്നതിലും യാതൊരു അസ്വാഭാവികതയുമില്ല. എന്നാല്‍, കിഴക്കിന്റെ മൂല്യബോധം അതിനെ അനുകൂലിക്കുന്നില്ല. സിനിമയിലും നാടകത്തിലും പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന നമ്മുടെ നടീ നടന്മാര്‍ പോലും പരസ്യവേദിയില്‍ വെച്ച് അപ്രകാരം ചെയ്യാറില്ല. ഓസ്‌കാര്‍ ചലച്ചിത്ര അവാര്‍ഡിന്റെയും ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെയും പ്രഖ്യാപന വേദി ശ്രദ്ധിച്ചാല്‍ ഈ വ്യത്യാസം എളുപ്പത്തില്‍ മനസ്സിലാക്കാനാവും. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മൂല്യബോധത്തിന്റെ അളവ് കോല്‍ രണ്ടാണെന്നതല്ലാത്ത മറ്റൊരു കാരണവും ഈ വ്യത്യാസത്തിന് പിറകിലില്ല. ഖജുരാഹോയിലെ രതി ശില്‍പങ്ങളെയും വാല്‍സ്യായനന്റെ 'കാമസൂത്ര'ത്തെയും ചൂണ്ടി ഈ വ്യത്യാസത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. ഖജുരാഹോയിലെ രതിശില്‍പങ്ങളെ ചെളികൊണ്ട് പൊതിയണമെന്ന് മഹാത്മാഗാന്ധിയെ കൊണ്ട് പറയിപ്പിച്ചത് കിഴക്കിന്റെ ശക്തമായ മൂല്യബോധമാണ്.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മൂല്യബോധത്തിലെ ഈ വ്യത്യാസത്തിന് ഒരേയൊരു കാരണമേയുള്ളൂ. പടിഞ്ഞാറ് ഒരു മതത്തിനും ജന്മം നല്‍കിയിട്ടില്ല. മറിച്ച് കിഴക്കാണ് എല്ലാ മതങ്ങള്‍ക്കും ജന്മം നല്‍കിയത്. പടിഞ്ഞാറ് ജന്മം നല്‍കിയത് ഭൗതികതക്ക് മാത്രമാണ്. ഹിന്ദുമതം, ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം, സൗരാഷ്ട്ര മതം, കണ്‍ഫൂഷ്യനിസം തുടങ്ങി ലോക മതങ്ങളെല്ലാം കിഴക്കിന്റെ മടിത്തട്ടിലാണല്ലോ വളര്‍ന്നതും വികസിച്ചതും. ക്രിസ്തുമതത്തെ പടിഞ്ഞാറ് ഏറ്റെടുത്തിട്ടുണ്ട്; പക്ഷേ, പടിഞ്ഞാറിന്റെ മൂല്യബോധത്തിനനുസരിച്ച് ചെത്തിമിനുക്കിയ ക്രിസ്തുമതത്തെയാണെന്ന് മാത്രം. കിഴക്കിന്റെ മൂല്യബോധം ഉള്‍ക്കൊണ്ട മതത്തെ അത് ക്രിസ്തുമതമാണെങ്കില്‍ പോലും പടിഞ്ഞാറ് ഒരിക്കലും പൊറുപ്പിക്കുകയില്ല. ചൂഷണത്തില്‍ അധിഷ്ഠിതമായ തങ്ങളുടെ വിപണിയെ അത് തളര്‍ത്തിക്കളയും എന്നതാണ് അതിനു കാരണം. അതിനാല്‍ പടിഞ്ഞാറിന്റെ മൂല്യബോധം കിഴക്കിനു മേല്‍ അടിച്ചേല്‍പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം തീര്‍ച്ചയായും ചുംബന സമരത്തിലുണ്ട്. അതില്‍ കരുക്കളാകാതിരിക്കാനുള്ള ബുദ്ധി നമ്മുടെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കാണിക്കണം.
പുരോഗമന വിരുദ്ധരും പിന്തിരിപ്പന്മാരുമായി മുദ്രകുത്തപ്പെടുമോ എന്ന ഭീതി കാരണം, ചുംബന സമരത്തെ അംഗീകരിക്കാത്തവര്‍ക്കു പോലും അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയാത്ത ഒരു അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നവ ഉദാരവാദവും ഉത്തരാധുനികതയും കൂടി വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ ഉല്‍പാദിപ്പിച്ചെടുത്തിട്ടുള്ള ആശയപരമായ ഹിംസയാണ് ഇത്തരം ഒരന്തരീക്ഷം ഇവിടെ സൃഷ്ടിച്ചത്. സദാചാര ഗുണ്ടായിസം, സദാചാര പോലീസിംഗ് തുടങ്ങിയ അശ്ലീല സംജ്ഞകള്‍ ഈ ആശയപരമായ ഹിംസയുടെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്. ഇത്തരത്തില്‍ നിശ്ശബ്ദമാക്കപ്പെട്ട സദാചാരത്തോട് ഏതോ അളവില്‍ പ്രതിബദ്ധതയുള്ള മഹാ ഭൂരിപക്ഷത്തിനിടയില്‍ സംഘ്പരിവാറിന് മാന്യതയുണ്ടാക്കി കൊടുക്കാന്‍ മാത്രമാണ് ചുംബന സമരം ഉപകരിച്ചത്. അതിനാല്‍ കൈയൂക്കിന്റെ ഭാഷ മാത്രം സംസാരിക്കാനറിയുന്ന സംഘ്പരിവാറിന്റെ സാംസ്‌കാരിക ഫാഷിസത്തെയും, ഒരു തുള്ളി രക്തം പോലും ഒഴുക്കാതെ സദാചാരബോധമുള്ളവരെ ഒന്നടങ്കം മൗനികളാക്കി കളയുംവിധം ഉത്തരാധുനികതയുടെയും ഉദാരവാദത്തിന്റെയും അടുക്കളയില്‍ വേവിച്ചെടുത്ത അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യം എന്ന ആശയപരമായ ഹിംസയെയും ഒരേസമയം നേരിട്ടുകൊണ്ട് മാത്രമേ മൂല്യബോധമുള്ള ഒരു ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ.
Comments