ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്തം, <br>ഭരണകൂടത്തിന്റെ നിലപാടുകള്‍
2014 നവംബര്‍ 2,3,4 തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയങ്ങള്‍
മാനവസമൂഹത്തില്‍ നന്മ വളര്‍ത്താനും അവരെ തിന്മയില്‍ നിന്ന് വിമോചിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ് മുസ്‌ലിം സമുദായം. ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചപ്പോഴൊക്കെയും ഈ ആദര്‍ശസമൂഹം അന്തസ്സുറ്റവരും വിജയം കൈവരിച്ചവരുമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. ലക്ഷ്യം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്തപ്പോഴൊക്കെയും അവര്‍ വന്‍ വിപത്തുകളില്‍ പതിക്കുകയും നിന്ദ്യമായ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അത്യാചാരങ്ങളും അധാര്‍മികതയും കരുത്തു നേടിയപ്പോള്‍ വമ്പിച്ച പരീക്ഷണങ്ങള്‍ക്ക് വിധേയമായി അടിമകളായവര്‍ തന്നെ, വിശ്വാസദാര്‍ഢ്യവും കര്‍മത്തിന്റെ കരുത്തുമായി വന്‍ ശക്തികളെ കടപുഴക്കിയതും ചരിത്രമാണ്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും ഒട്ടും വ്യത്യസ്തമല്ല. സ്വന്തം ചെയ്തികളുടെ അനിവാര്യ ദുരന്തമായി കഴിഞ്ഞ രണ്ട് ശതാബ്ദത്തില്‍ ഏറെ സങ്കീര്‍ണമായ പരീക്ഷണങ്ങള്‍ക്ക് പാത്രമായവര്‍ തന്നെ ദൃഢവിശ്വാസവും കര്‍മ ചൈതന്യവും ആയുധമാക്കി ചരിത്ര വിജയം കൈവരിച്ചിട്ടുമുണ്ടായിരുന്നു.
എതിര്‍പ്പുകളുടെ കൊടുങ്കാറ്റില്‍ പോലും സ്വന്തം വിശ്വാസാടിത്തറ ഇളകാന്‍ അവര്‍ അനുവദിച്ചില്ല. ഭൂരിപക്ഷ സമൂഹത്തില്‍ അലിഞ്ഞുചേരാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാനവര്‍ക്കായി. ഇപ്പോള്‍ മറ്റൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് അവരുടെ പ്രയാണം. ബാഹ്യാര്‍ഥത്തില്‍ വിഷമസന്ധിയിലാണെന്ന് തോന്നുമെങ്കിലും അതിജീവനത്തിന്റെ പാഠമുള്‍ക്കൊള്ളാനുമുള്ള അവസരമാണിത്. ഈ സന്ദര്‍ഭത്തിന്റെ സുപ്രധാന പാഠം ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരാശപ്പെടുകയോ ഹതാശയരാവുകയോ ചെയ്യേണ്ടതില്ലെന്നും സ്വന്തം നിസ്സംഗത വെടിഞ്ഞ് കര്‍മനിരതരാകേണ്ട സന്ദര്‍ഭമാണെന്നുമുള്ളതാണ്. വ്യക്തി-കുടുംബ-സാമൂഹിക ജീവിതം ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ചാക്കാനും സ്വന്തം അണികളില്‍ ഐക്യം സ്ഥാപിക്കാനും ശ്രമിക്കുകയാണ് സന്ദര്‍ഭത്തിന്റെ തേട്ടം. വര്‍ത്തമാനകാല പ്രശ്‌നങ്ങളും ഭാവിയിലുണ്ടായേക്കാവുന്ന പ്രയാസങ്ങളും അവധാനതയോടെ പരിഹരിക്കാനും പരസ്പര സഹകരണം വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയണം. രാജ്യനിവാസികളായ സഹോദര സമുദായക്കാരോട് ഹൃദ്യമായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും അവരില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച അറിവില്ലായ്മ മൂലമുണ്ടായിട്ടുള്ള തെറ്റിദ്ധാരണകളും ആശങ്കകളും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യണം.
മുസ്‌ലിംകള്‍ രാജ്യത്തോട് കൂറും സ്‌നേഹവും പുലര്‍ത്തുന്ന, നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉത്തമ പൗരന്മാരാണ്. ഈ വ്യക്തിത്വം നാം ദൃഢമായും സുതാര്യമായും പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുക്കണം. ആദര്‍ശാധിഷ്ഠിതമാവണം ഭരണകൂടങ്ങളോടുള്ള നിലപാട്. ഭരണഘടനാനുസൃതവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളെ സര്‍വാത്മനാ പിന്തുണക്കുകയും, ജനദ്രോഹകരവും വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ളതുമായ നിയമ നിര്‍മാണങ്ങളെയും നീക്കങ്ങളെയും ഭരണഘടനാനുസൃതമായും സമാധാനപരമായും ചെറുക്കുകയും, അതിനായി സമാധാനകാംക്ഷികളും മതേതര വിശ്വാസികളുമായ സഹോദരന്മാരെ അണിനിരത്തുകയും വേണം. പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ എല്ലാ നിയമനിര്‍മാണങ്ങളെയും ശക്തിയുക്തം എതിര്‍ക്കാനും നാം തയാറാവണം. എന്നാല്‍, നിര്‍മാണാത്മകവും ധനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അതിനോടൊപ്പം നില്‍ക്കാനും നമുക്ക് മനസ്സുണ്ടാവുകയും വേണം.
ഏകദൈവത്വത്തിലും പ്രവാചകത്വത്തിലും മരണാനന്തര ജീവിതത്തിലുമുള്ള അടിയുറച്ച വിശ്വാസം മാത്രമേ മുസ്‌ലിംകളെ ദൈവിക സഹായത്തിന് അര്‍ഹരാക്കൂ എന്നും അതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.
കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ നടത്തിയ പ്രഖ്യാപനങ്ങളും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും സ്വന്തം സാമ്പത്തിക, സാമൂഹിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവഗണിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. 'സ്വഛഭാരത്', പൊതുജനസമ്പര്‍ക്കം, മാതൃകാ ഗ്രാമ പദ്ധതി, പ്രധാനമന്ത്രിയുമായി ജനങ്ങള്‍ക്ക് സംവദിക്കാനുള്ള അവസരം നല്‍കല്‍ തുടങ്ങിയവയൊക്കെ ശ്ലാഘനീയമായ നടപടികള്‍ തന്നെയാണ്. എന്നാല്‍ ഭരണകാര്യങ്ങളിലുള്ള കോര്‍പറേറ്റുകളുടെ സ്വാധീനവും അതുവഴിയുള്ള ജനഹിതമല്ലാത്ത തീരുമാനങ്ങളും വിലനിലവാര നിരക്കില്‍ ഉണ്ടായ വമ്പിച്ച വര്‍ധനവും ഏറെ ആശങ്കാജനകമാണ്. മള്‍ട്ടി നാഷ്‌നല്‍ കമ്പനികള്‍ നിര്‍മിക്കുന്ന അവശ്യ മരുന്നുകളുടെ വില നിയന്ത്രണം നീക്കം ചെയ്തതും അതുവഴി പാവപ്പെട്ട രോഗികള്‍ മരുന്ന് ലഭ്യമാവാതെ മരിക്കാനിടവരുന്നതും അതീവ ഗുരുതരമായ ജനദ്രോഹമാണെന്ന് പറയാതെ വയ്യ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറെ ആകര്‍ഷകമായ പ്രഖ്യാപനമായിരുന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നത്. എന്നാല്‍ അതിനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതോടൊപ്പം മുന്‍ ഗവണ്‍മെന്റിന്റെ MGNREGA സ്‌കീം ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കുകയാണ് പുതിയ ഗവണ്‍മെന്റ് ചെയ്തത്. ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപ(എഫ്.ഡി.ഐ)ത്തിന്റെ കാര്യത്തില്‍ ഈ ഗവണ്‍മെന്റ് യു.പി.എ സര്‍ക്കാറിനേക്കാള്‍ ഒരുപടി മുമ്പിലാണ്. പ്രതിരോധ വകുപ്പില്‍ പോലും എഫ്.ഡി.ഐ അനുവദിച്ചിരിക്കുകയാണ് എന്‍.ഡി.എ ഗവണ്‍മെന്റ്. പ്ലാനിംഗ് കമീഷന്റെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളേജിയത്തിന്റെയും കാര്യത്തിലും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും താല്‍പര്യങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ധാര്‍മിക സാമൂഹിക തലങ്ങളിലും നമ്മുടെ ഗ്രാഫ് താഴേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ദലിതുകളും ദുര്‍ബല ജനവിഭാഗങ്ങളും കടുത്ത ചൂഷണത്തിനും അക്രമങ്ങള്‍ക്കും ഇരയാവുന്നത് വര്‍ധിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ മൂല്യരാഹിത്യം വ്യാപിക്കുന്നത് തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, മുതലാളിത്ത സംസ്‌കാരത്തിന്റെ കെടുതികള്‍ക്ക് അനുദിനം ഇരയായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ യുവത. അതിന്റെ പ്രതിഫലനമാണ് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സന്‍ സുപ്രീം കോടതിയില്‍ ലൈംഗിക തൊഴിലിനെ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടത്. ധാര്‍മികതയുടെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു ഇന്നത്തെ ഭാരതം.
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കാര്യമെടുത്താല്‍, പ്രധാനമന്ത്രിയോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരോ അവരുടെ അവകാശം ഹനിക്കുന്ന പ്രസ്താവനകളിറക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഗവണ്‍മെന്റിന്റെ ചില കാല്‍വെപ്പുകളും, ഭരണകൂടവുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരുടെയും പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും മുസ്‌ലിംകളെ മാത്രമല്ല രാഷ്ട്രത്തെ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് വലിച്ചിഴക്കുന്നവയാണ്. ആര്‍.എസ്.എസ് നേതാവ് ചരിത്രം പുനര്‍രചിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളിലും ഒരു പ്രത്യേക മതത്തിന്റെ മൂല്യങ്ങള്‍ മാത്രം ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രാവര്‍ത്തികമാക്കാനുള്ള സന്ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയുടെ മതേതര ഭരണഘടനക്ക് വിരുദ്ധമാണിത്.
ഇന്ത്യാ ഗവണ്‍മെന്റ് മുഴുവന്‍ രാഷ്ട്രത്തിന്റെയും ജനതയുടെയും ഭരണകൂടമാണെന്നും എല്ലാ പൗരന്മാര്‍ക്കും അത് ഒരേപോലെ പ്രയോജനപ്പെടേണ്ടതാണെന്നും എല്ലാവരുടെയും ക്ഷേമം അതിന്റെ ലക്ഷ്യമാവണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറയുടെ ഈ യോഗം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.
മുസ്‌ലിം ലോകത്തെ സംഭവ വികാസങ്ങള്‍
മുസ്‌ലിം ലോകത്ത് സംജാതമായികൊണ്ടിരിക്കുന്ന സങ്കീര്‍ണവും ഗുരുതരവുമായ സ്ഥിതിവിശേഷം ജമാഅത്തെ ഇസ്‌ലാമി മജ്‌ലിസ് ശൂറ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ലോകസമാധാനത്തിന് ഇത് ഭീഷണിയാണെന്ന് മാത്രമല്ല, മുസ്‌ലിം ലോകത്തെ വിഴുങ്ങാനുള്ള വന്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഇരകളാവുകയാണ് അറിഞ്ഞോ അറിയാതെയോ ഇവരെന്ന് നാം മനസ്സിലാക്കുന്നു. ഇറാഖിലും സിറിയയിലും മധ്യപൗരസ്ത്യ നാടുകളിലും ഇസ്‌ലാമിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പെരുപ്പിച്ചുകാട്ടി ഭിന്നിപ്പുണ്ടാക്കി സമൂഹത്തെ ശിഥിലീകരിക്കാനുള്ള ഗൂഢതന്ത്രമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മിക്ക അറബ് മുസ്‌ലിം രാജ്യങ്ങളും ഈ ഗൂഢാലോചനയില്‍ ഭാഗഭാക്കായി വന്‍ ശക്തികളെ അവരുടെ കളിപ്പാവകളായി സഹായിച്ചുകൊണ്ടിരിക്കുകയാണ്. ദാഇശിന്റെ(ഐ.എസ്.ഐ.എസ്) പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ഭീകര പ്രവര്‍ത്തനങ്ങളെ ഈ സമിതി ശക്തിയായി അപലപിക്കുന്നു. മുസ്‌ലിം സമൂഹം പ്രത്യേകിച്ച് യുവാക്കള്‍ അവരുടെ കുപ്രചാരണത്തില്‍ വീണു പോകരുതെന്നും അവരുടെ മുദ്രാവാക്യങ്ങളും ആഹ്വാനങ്ങളും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുകയല്ല, ലോകത്തിന് മുമ്പില്‍ പരിഹാസ്യമാക്കുകയാണ് ചെയ്യുകയെന്നും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. മുസ്‌ലിം പണ്ഡിതന്മാരും സംഘടനകളും തള്ളിക്കളഞ്ഞതാണ് ദാഇശിന്റെ സിദ്ധാന്തങ്ങളെന്നും നാം അറിയുക.
ഇസ്രയേലിന്റെ കാടത്തം
ഗസ്സയിലും തുടര്‍ന്ന് ജറൂസലേമിലും മസ്ജിദുല്‍ അഖ്‌സയിലും ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെയും അധിനിവേശത്തെയും ഈ സമിതി അതിശക്തമായി അപലപിക്കുകയും, അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം ധീരമായി ചെറുത്തുനില്‍ക്കുന്ന ഗസ്സക്കാരെ അനുമോദിക്കുകയും ചെയ്യുന്നു. ഗസ്സ തരിപ്പണമാക്കിയ ശേഷം ജൂതരാഷ്ട്രം മസ്ജിദുല്‍ അഖ്‌സയുടെ പവിത്രത പിച്ചിച്ചീന്താനാണ് ശ്രമിക്കുന്നത്. ലോക രാഷ്ട്രങ്ങളോട് സ്വതന്ത്ര ഫലസ്ത്വീനെ അംഗീകരിക്കാനും ഇസ്രയേലിന്റെ പൈശാചികതക്കെതിരെ പ്രതികരിക്കാനും സമിതി ആവശ്യപ്പെടുന്നു.
ജനാധിപത്യവാദികളുടെ ഇരട്ട മുഖം
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കുത്തകക്കാരെന്ന് അവകാശപ്പെടുകയും മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തെരഞ്ഞെടുക്കാനുമുള്ള അവകാശത്തെ ശക്തിയുപയോഗിച്ച് തടയുകയും ചെയ്യുന്ന വന്‍ ശക്തി രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പിനെ കൂടിയാലോചന സമിതി അപലപിക്കുകയും അവരുടെ ചെയ്തികളില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. ബംഗ്ലാദേശിലാകട്ടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കശാപ്പു ചെയ്യുകയാണ്. യുദ്ധക്കുറ്റം ചുമത്തി, നീതിയെയും നിയമത്തെയും നോക്കുകുത്തിയാക്കിയാണ് നേതാക്കളെ കൊലക്കയറിനിരയാക്കുന്നത്. അയല്‍ രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അനീതികളെയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് തടയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറ ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്.
തുനീഷ്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തി ജനഹിതത്തെ സ്വാഗതം ചെയ്ത അന്നഹ്ദ അറബ് ലോകത്തിന് മാത്രമല്ല, ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കൊക്കെയും മാതൃക കാണിച്ചിരിക്കുന്നു. ഈജിപ്തിലെയും തുനീഷ്യയിലെയും ഈ വൈപരീത്യം, ജനാധിപത്യത്തിന്റെ യഥാര്‍ഥ പ്രയോക്താക്കള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്നതിന് തെളിവാണ്. ജനാധിപത്യത്തെക്കുറിച്ച് വാചാടോപം നടത്തുന്ന പാശ്ചാത്യരാണ് അതിന്റെ യഥാര്‍ഥ ശത്രുക്കളെന്നും ഈ സംഭവങ്ങള്‍ വിളിച്ചോതുന്നു.
സുന്നി-ശീഈ വിഭാഗങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ പര്‍വതീകരിച്ച് സമൂഹത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെ ഉപജാപങ്ങളില്‍ പെടാതെ ഇസ്‌ലാമിക സാഹോദര്യം മുറുകെപ്പിടിച്ച് ഐക്യപ്പെടാന്‍ മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാരോട് ഈ സമിതി ആഹ്വാനം ചെയ്യുന്നു. സമുദായത്തോട് ആത്മാര്‍ഥത പുലര്‍ത്തുന്നവരെ തിരിച്ചറിയണമെന്നും ജനശത്രുക്കളും വന്‍ ശക്തികളുടെ പിണയാളുകളുമായ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെടുന്നു.
വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments