നേതൃത്വത്തോടുള്ള സമീപനം; സംഘടിത നമസ്‌കാരം നല്‍കുന്ന പാഠം
നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ പലപ്പോഴും സ്വുബ്ഹ് നമസ്‌കാരം നിര്‍വഹിക്കാറുള്ളത് കാരകുന്ന് ജംഗ്ഷനിലെ പള്ളിയിലാണ്. അവിടെ സ്വുബ്ഹിക്ക് ഇമാം ഖുനൂത്ത് ഓതാറുണ്ട്. ഞാനതില്‍ പങ്കാളിയാകാറുമുണ്ട്. ചില സലഫി സുഹൃത്തുക്കളും നമസ്‌കാരത്തിനുണ്ടാവാറുണ്ട്. അവര്‍ ഖുനൂത്തില്‍ പങ്കാളികളാകാതെ കൈ താഴ്ത്തിയിടാറാണ് പതിവ്.
ഒരു ദിവസം ഒരു സലഫി സൃഹൃത്ത് ചോദിച്ചു: ''നിങ്ങള്‍ സ്വുബ്ഹിക്ക് സാധാരണ ഖുനൂത്ത് ഓതാറുണ്ടോ?''
''ഇല്ല.'' ഞാനറിയിച്ചു.
''പിന്നെ എന്തിനാണ് ഇവിടെ വെച്ച് ഖുനൂത്തില്‍ പങ്കെടുക്കുന്നത്, സുന്നികളെ വെറുപ്പിക്കാതിരിക്കാനാണോ?''
''ആരെയും വെറുപ്പിക്കാതിരിക്കാനാണ് ശ്രമിക്കാറ്. എന്നാല്‍, ഇവിടെ ഖുനൂത്തില്‍ പങ്കാളിയാകാനുള്ള കാരണം അതല്ല''.
''പിന്നെ എന്താണ്''?
''ഇമാം ഖുനൂത്ത് ഓതുന്നതു കൊണ്ടാണ്. അദ്ദേഹത്തെ തുടര്‍ന്നാണല്ലോ നാം നമസ്‌കരിക്കുന്നത്''. ഞാന്‍ വിശദീകരിച്ചു. തുടര്‍ന്ന് ചോദിച്ചു: ''സ്വുബ്ഹിക്ക് ഖുനൂത്ത് ഓതിയാല്‍ നമസ്‌കാരം ശരിയാവുകയില്ലെന്ന് കരുതുന്നുണ്ടോ?''
''ഇല്ല.'' കൂട്ടുകാരന്‍ പറഞ്ഞു.
''അത് നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നുണ്ടോ?''
''ഇല്ല.'' അദ്ദേഹം സമ്മതിച്ചു.
''എങ്കില്‍ ഇമാമിനെ തുടരുകയല്ലേ വേണ്ടത്. നിര്‍ബന്ധ കാര്യങ്ങള്‍ ഉപേക്ഷിക്കുകയോ നിഷിദ്ധം പ്രവര്‍ത്തിക്കുകയോ നമസ്‌കാരം ദുര്‍ബലമാകുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ ആണെങ്കില്‍ മാത്രമല്ലേ തുടരാതിരിക്കേണ്ടത്?''
വിശദീകരണം അവശ്യമായി വന്നതിനാല്‍ സാധാരണ സംഭവിക്കാറുള്ള ഒരു കാര്യം ശ്രദ്ധയില്‍പെടുത്തി.
നാലോ മൂന്നോ റക്അത്തുള്ള നമസ്‌കാരത്തില്‍ ഇമാം ഇടയിലെ അത്തഹിയ്യാത്ത് മറന്ന് എഴുന്നേറ്റു. അത് സുന്നത്താണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടും ആ സമയത്ത് അദ്ദേഹത്തെ തുടരുന്നവരാരും ആ സുന്നത്ത് കിട്ടാന്‍ വേണ്ടി അത്തഹിയാത്ത് ഓതാറോ അതിനായി ഇരിക്കാറോ ഇല്ല. എന്നല്ല; അങ്ങനെ ചെയ്യാന്‍ പാടില്ല. പിന്നെ മറന്നത് ഇമാമാണ്. അദ്ദേഹം മറവിയുടെ സുജൂദ് ചെയ്യുമ്പോള്‍, തുടരുന്നവരും അദ്ദേഹത്തെ പിന്തുടരുന്നു. പലപ്പോഴും കാരണമറിയാതെ പോലും ഇമാമിനെ സഹ്‌വിന്റെ സുജൂദില്‍ പിന്തുടരാറുണ്ട്. ഉദാഹരണമായി മൂന്നാമത്തെയോ നാലാമത്തെയോ റക്അത്തില്‍ ഒരാള്‍ ഇമാമിനെ തുടരുന്നു. ഇമാം ഇടയിലെ അത്തഹിയ്യാത്ത് മറന്നതിനാല്‍ സുജൂദ് ചെയ്യുന്നു. ഇമാം മറന്ന കാര്യം പോലും അറിയാതെ അദ്ദേഹത്തെ വൈകി പിന്തുടര്‍ന്നവരും അതില്‍ പങ്കുചേരുന്നു. പങ്കുചേരുകതന്നെ വേണം; എന്തിനാണ് സുജൂദ് ചെയ്യുന്നതെന്ന് അറിയില്ലെങ്കിലും.
നേതൃത്വവും അനുയായികളും തമ്മിലുള്ള ബന്ധത്തിന്റെ ഉത്തമ മാതൃകയാണ് സംഘടിത നമസ്‌കാരം. ഇതിലൂടെ ഇസ്‌ലാമിക സമൂഹത്തെ പഠിപ്പിക്കുന്നത് വിശ്വാസികള്‍ നിരുപാധികമായും പരമമായും അനുസരിക്കേണ്ടത് അല്ലാഹുവിനെയാണ്; ആ അനുസരണത്തിന് വിധേയമായി പ്രവാചകനെയും അനുസരിക്കണം എന്നാണ്. 'അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (4:64)
അപ്പോള്‍ പ്രവാചകനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണം തന്നെയാണ് (4:80). പ്രവാചകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടുന്ന് അരുള്‍ ചെയ്യുന്നു: 'എന്നെ അനുസരിച്ചവന്‍ അല്ലാഹുവെ അനുസരിച്ചു. എന്നെ ധിക്കരിച്ചവന്‍ അല്ലാഹുവെ ധിക്കരിച്ചു.'
അല്ലാഹുവിനും പ്രവാചകനുമുള്ള അനുസരണത്തിന് വിധേയമായി ഇസ്‌ലാമിക സമൂഹം തങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെ അനുസരിക്കാന്‍ ബാധ്യസ്ഥമാണ്. ഇത് അല്ലാഹുവിന്റെ തന്നെ കല്‍പനയാണ് (ഖുര്‍ആന്‍ 4:59).
മുസ്‌ലിംകളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ നേതൃത്വം നല്‍കുന്ന എല്ലാവരും ഈ ഗണത്തില്‍ പെടുന്നു. കമ്മറ്റി ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, സ്ഥാപനമേധാവികള്‍ ,പണ്ഡിതന്മാര്‍, ന്യായാധിപന്മാര്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങി ഭരണാധികാരികള്‍ വരെയുള്ള വ്യത്യസ്ത ശ്രേണികളിലുള്ള നേതാക്കള്‍ ബന്ധപ്പെട്ട ഘടനയിലെ അനുയായികളുടെ അനുസരണം അര്‍ഹിക്കുന്നു. നേതാക്കള്‍ കൂടിയാലോചനയിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ബന്ധപ്പെട്ട എല്ലാവരുടെയും ഉത്തമ താല്‍പര്യം ലക്ഷ്യം വെച്ചുമായിരിക്കണം കല്‍പനകള്‍ നല്‍കുന്നത്.
സംഘടിത നമസ്‌കാരത്തിലെന്ന പോലെ നിഷിദ്ധമല്ലാത്ത കാര്യങ്ങളിലെല്ലാം അനുയായികള്‍ നേതാക്കളെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അത് അവര്‍ക്ക് അനിഷ്ടകരമായ കാര്യങ്ങളിലാണെങ്കില്‍ പോലും. പ്രവാചകന്‍ പറയുന്നു: ''കൈകാര്യകര്‍ത്താക്കളുടെ വാക്ക് കേള്‍ക്കലും അനുസരിക്കലും മുസ്‌ലിമിന് നിര്‍ബന്ധമാണ്; അത് തനിക്ക് ഇഷ്ടകരമാണെങ്കിലും അല്ലെങ്കിലും. അല്ലാഹുവിനോടും പ്രവാചകനോടും അനുസരണക്കേട് സംഭവിക്കാത്തിടത്തോളമാണിത്. അങ്ങനെ സംഭവിച്ചാല്‍ കല്‍പന കേള്‍ക്കലോ അനുസരണമോ ഇല്ല'' (ബുഖാരി, മുസ്‌ലിം).
അല്ലാഹുവോടും പ്രവാചകനോടും അനുസരണക്കേട് കാണിച്ചുകൊണ്ട് ആരെയും അനുസരിക്കരുത്. അനുസരണം സല്‍കാര്യങ്ങളില്‍ മാത്രമാണ്. (മുസ്‌ലിം)
സംഘടിത നമസ്‌കാരമുള്‍പ്പെടെ ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും തികവോടെ നിര്‍വഹിക്കപ്പെടുക ഇസ്‌ലാമിക രാഷ്ട്രവും ഭരണകൂടവുമുള്ളപ്പോഴാണ്. നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടത് ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്ന പ്രതിനിധിയോ ആണല്ലോ. വെള്ളിയാഴ്ചയിലെ ഖുത്വുബ നിര്‍വ്വഹിക്കേണ്ടതും അവ്വിധം തന്നെ. റമദാന്റെയും പെരുന്നാളിന്റെയും തീയതി നിശ്ചയിക്കേണ്ടതും മാസപ്പിറവി ഉറപ്പിക്കേണ്ടതും ഇസ്‌ലാമിക ഭരണകൂടമാണ്. സകാത്ത് ശേഖരിച്ച് വിതരണം നടത്തേണ്ടതും അവ്വിധം തന്നെ. ഹജ്ജില്‍ നേതൃത്വം നല്‍കേണ്ടത് ഖലീഫയോ അദ്ദേഹം നിശ്ചയിക്കുന്ന വ്യക്തിയോ ആണ്. ആരാധനാക്രമങ്ങളുടെ പൂര്‍ണതക്ക് ഭരണകൂടം അനിവാര്യമായതിനാലായിരിക്കാം മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുന്നതുവരെ ജുമുഅയും നോമ്പും സകാത്തും ഹജ്ജുമൊന്നും നിര്‍ബന്ധമാക്കാതിരുന്നത്.
സംഘടിത നമസ്‌കാരത്തില്‍ അതിനെ ദുര്‍ബലമാക്കുന്നത് സംഭവിക്കുകയോ നിഷിദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇമാമുമായി പിരിയാന്‍ അനുവാദമുള്ളു. അപ്രകാരം തന്നെ വ്യക്തമായ വഴികേട് കാണപ്പെടുവോളം നേതൃത്വത്തെ അനുസരിക്കാന്‍ അനുയായികള്‍ ബാധ്യസ്ഥമാണ്.
''നബിതിരുമേനി ഞങ്ങളോട് പലതിനെ പറ്റിയും കരാര്‍ വാങ്ങിയ കൂട്ടത്തില്‍ ഒന്നിതായിരുന്നു, നാം നമ്മുടെ നേതാക്കളോടും ഭരണാധികാരികളോടും പിണങ്ങുകയില്ല. അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെടാവുന്ന വ്യക്തമായ സത്യനിഷേധം അവരില്‍ കാണാത്തിടത്തോളം കാലം'' (ബുഖാരി, മുസ്‌ലിം).
ഓരോ സംവിധാനത്തിലെയും നേതൃത്വം ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനയും അനുയായികള്‍ നേതൃത്വത്തോട് കാണിക്കുന്ന അനുസരണവും പ്രതിബദ്ധതയുമാണ് അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്നും സുഗമമായ നടത്തിപ്പിന്നും ഭദ്രമായ ഭാവിക്കും അടിസ്ഥാനം. അതൊക്കെയുമുണ്ടാവണമെന്ന് ഇസ്‌ലാം കണിശമായി ആവശ്യപ്പെടുന്നു. അനുസരണകാര്യത്തില്‍ മികച്ച മാര്‍ഗദര്‍ശനം സംഘടിത നമസ്‌കാരം തന്നെ നല്‍കുകയും ചെയ്യുന്നു.
Comments