സൂക്ഷ്മ ജീവികളും വിശുദ്ധ ഖുര്‍ആനും
അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെ വിളിച്ചറിയിക്കുന്ന ഭൂമിയിലെ അത്ഭുത പ്രതിഭാസങ്ങളിലൊന്നാണ് മൈക്രോബുകള്‍ അഥവാ സൂക്ഷ്മ ജീവികള്‍. ഇവയുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ ആരിലും കൗതുകവും വിസ്മയവും ജനിപ്പിക്കുന്നതാണ്. മനുഷ്യന്റെ മാത്രമല്ല ജീവലോകത്തിന്റെ തന്നെ നിലനില്‍പ്പിന് അനിവാര്യമാണ് ഈ കൊച്ചുജീവികള്‍. ഒരു വസ്തുവിനെ അതിന്റെ അഞ്ച് ലക്ഷം ഇരട്ടി വലുതാക്കി കാണിക്കുന്ന ഇലക്‌ട്രോണിക് മൈക്രോസ്‌കോപ്പിലൂടെ മാത്രമേ ഇവയെ ദര്‍ശിക്കാനാവൂ. ഭൗമോപരിതലത്തില്‍ മാത്രമല്ല മേലോട്ട് മുപ്പത്തിരണ്ട് കിലോമീറ്റര്‍ വരെയും താഴേക്ക് പതിനൊന്ന് കിലോമീറ്റര്‍ വരെയും ഇവ വ്യാപിച്ച് കിടക്കുന്നു. ഒരു കോശം പോലുമില്ലാത്ത ഈ ജീവികളാണ് ജീവന്‍ എന്ന യാഥാര്‍ഥ്യത്തിന്റെ പല സത്യങ്ങളും മനുഷ്യരുടെ മുന്നില്‍ അനാവരണം ചെയ്തത്. മനുഷ്യരുടെ അഹന്തയെ അടിയറവു പറയിപ്പിച്ച വൈറസുകളും ബാക്ടീരിയകളും ഈ വിഭാഗത്തിലുള്ളവയാണ്. വിസ്മയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ് ഇവയുടെ ആധിക്യവും വംശവര്‍ധനവും. മണ്ണിലാണ് മൈക്രോബുകള്‍ ഏറ്റവുമധികമുള്ളത്. ഒരു ഗ്രാം മണ്ണിലുള്ള ഇവയുടെ എണ്ണം നൂറ് കോടിയോളം വരും. ഒരു കൈയില്‍ കൊള്ളുന്ന മണ്ണിലുള്ള മൈക്രോബുകളുടെ എണ്ണം ഇതിനകം ജനിച്ച മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഒരൊറ്റ മൈക്രോബിന് ആവശ്യത്തിന് പോഷണവും ചൂടും ലഭിക്കുകയാണെങ്കില്‍ നിരന്തരമായ വിഭജനത്തിലൂടെ തന്റെ സന്താനങ്ങളെയും കൊണ്ട് ഭൗമോപരിതലം മുഴുവനും നിറക്കാന്‍ രണ്ട് ദിവസം മതി.
നമ്മുടെ ശരീരത്തില്‍ കൂടിയേറിപ്പാര്‍ക്കുന്ന മൈക്രോബുകളുടെ എണ്ണം ശരീരത്തിലുള്ള കോശസംഖ്യയുടെ (1014) പത്ത് മുതല്‍ 100 വരെ ഇരട്ടിയും അതിലധികവും വരുമെന്ന് കണക്കായിരിക്കുന്നു. ഏറ്റവുമധികമുള്ളത് വന്‍കുടലിലാണ്. ഒരാളുടെ വന്‍ കുടലില്‍ ജീവിക്കുന്ന Escheriechia Coli എന്ന ഒരൊറ്റ തരം സൂക്ഷ്മജീവികളുടെ എണ്ണം ഭൂമിയില്‍ ഇന്നേവരെ ജീവിച്ചിട്ടുള്ള മനുഷ്യരുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണ്. മൈക്രോബുകളുടെ എണ്ണം വന്‍കുടലിലേത് പോലെ തന്നെ വായയിലും ഒട്ടും കുറവല്ല. അറുനൂറ് കോടിയേക്കാള്‍ കൂടുതല്‍ വരും ഒരാളുടെ വായിലെ ഇവയുടെ എണ്ണം എന്ന് കണ്ടെത്തിയിരിക്കുന്നു. വായില്‍ കഴിയുന്ന നാനൂറില്‍ പരം ജാതി സൂക്ഷ്മജീവികളില്‍ പകുതിയില്‍ കുറവേ ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളു. നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഭുജിച്ചാണ് അവ വളരുന്നത്. അതോടൊപ്പം ശരീരത്തിന് ആവശ്യമുള്ളവ ഉല്‍പ്പാദിപ്പിച്ച് നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഇത്തരം മിത്രമൈക്രോബുകള്‍ രോഗകാരികളായ ശത്രു ബാക്ടീരിയകളെ അകറ്റി നിര്‍ത്തുകയും ചെയ്യും. മനുഷ്യര്‍ക്ക് അനിവാര്യമായ ഓക്‌സിജന്‍, ഹൈഡ്രജന്‍, ഇരുമ്പ്, ഗന്ധകം, പെട്രോള്‍, പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവയെല്ലാം ഈ കൊച്ചുജീവികളുടെ കോടാനുകോടിയില്‍ പരം വര്‍ഷങ്ങളുടെ പ്രയത്‌നഫലമായി രൂപപ്പെട്ടതാണ്. ദോശ, ഇഡ്‌ലി തുടങ്ങിയവയുടെ മാവ് നുരഞ്ഞ് പൊങ്ങുന്നത് പോലും അന്തരീക്ഷ വായുവിലുളള മൈക്രോബുകള്‍ അതില്‍ കടന്ന് പ്രവര്‍ത്തിക്കുന്നതുമൂലമാണ്.
അനേകം വ്യവസായശാലകള്‍ ഇവയെ ഉപയോഗപ്പെടുത്തി വിവിധതരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മരുന്ന്, കൃഷി, ആഹാരം, ആരോഗ്യരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ പലതിന്റെയും നിര്‍മാണം മൈക്രോബുകളുടെ സഹായത്തോടെ നിര്‍വഹിക്കപ്പെടുന്നു. ഇന്ത്യയില്‍ തന്നെ 1996-ല്‍ 2500 കോടി രൂപക്കുള്ള ഇത്തരം സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയുണ്ടായി. മൈക്രോബുകള്‍ക്ക് ധാരാളം വളക്കൂറുള്ള മണ്ണാണത്രെ ഇന്ത്യയിലുള്ളത്. പണ്ടൊരു ജര്‍മന്‍ കമ്പനി ഇവിടെ നിന്നും 90000 വിവിധയിനം മണ്ണ് കടത്തിക്കൊണ്ട് പോയി പരിശോധിച്ച് അവയിലെ മൈക്രോബുകളെ വേര്‍തിരിച്ചടുത്തെന്ന് പറയപ്പെടുന്നു.
ഭൂമിയിലെ മാലിന്യ സംസ്‌കരണത്തില്‍ മൈക്രോബുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കരയിലെയും കടലിലെയും പ്ലാസ്റ്റിക് അല്ലാത്ത സകല മാലിന്യങ്ങളും ഇവ തിന്ന് തീര്‍ക്കുന്നു. കല്ല് മരം ഇരുമ്പ്, പെട്രോള്‍, കോണ്‍ക്രീറ്റ് തുടങ്ങിയവ ഇഷ്ടാഹാരമായ വിവിധതരം സൂക്ഷ്മ ജീവികളുണ്ട്.
ഇപ്രകാരം മനുഷ്യനും പ്രകൃതിക്കും ഏറെ ഉപകാരികളായ ഇവയിലെ ഒരുശതമാനത്തെ മാത്രമാണത്രെ ഇതുവരെയും കണ്ടെത്താനായിട്ടുള്ളത്. ഏകദേശം ഒരുലക്ഷത്തി അറുപതിനായിരം ഭിന്നജാതിയില്‍ പെട്ട മൈക്രോബുകളെപ്പറ്റി ഇന്ന് ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. എന്നാല്‍ അവയില്‍ ചെറിയൊരു ശതമാനത്തെ മാത്രമേ വേര്‍തിരിച്ചെടുത്ത് സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഭൂമിയിലെ വിസ്മയങ്ങളായ ഇത്തരം സൂക്ഷ്മജീവികളുടെ ലോകത്തെകുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനകള്‍ കണ്ടെത്താന്‍ സാധിക്കും. പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവത്തെ പരാമര്‍ശിക്കുന്ന വാക്യങ്ങളിലാണ് ഇവയുള്ളത്. 'ഫാത്തിഹ' അധ്യായത്തില്‍ 'റബ്ബുല്‍ ആലമീന്‍' (ലോകങ്ങളുടെ രക്ഷിതാവ്) എന്ന വാക്യത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''നമുക്കറിയുന്നതും അറിയാത്തതുമായ ഭൂമിയിലും ആകാശത്തിലുമുള്ള സകല ചരാചങ്ങളുടെയും നാഥനാണ് അല്ലാഹു എന്നാണ് ഈ വാക്യത്തിന്റെ വിവക്ഷ.'' ഇതേവാക്യത്തെ വിശദീകരിച്ച് പ്രഗത്ഭ പണ്ഡിതന്‍ മുഖാതില്‍ പറഞ്ഞു: ''ഈ പ്രപഞ്ചത്തില്‍ എണ്‍പതിനായിരത്തില്‍പരം വ്യത്യസ്ത ലോകങ്ങളുണ്ട്. നാല്‍പതിനായിരം കരയിലും അത്രതന്നെ കടലിലും.'' പ്രസിദ്ധ വ്യാഖ്യാതാവ് അബൂബക്കര്‍ റാസി എഴുതി: ''ഭൂമിയില്‍ മനുഷ്യരുടെയും ജിന്നുകളുടെയും ലോകത്തെപ്പോലെ പതിനെട്ടായിരമോ പതിനാലായിരമോ വിവിധ ലോകങ്ങളുണ്ട്'' ''നിങ്ങള്‍ക്കറിയാത്തവയെയും അവന്‍ സൃഷ്ടിക്കുന്നു'' (16:8) എന്ന ഖുര്‍ആന്‍ വാക്യത്തെ വിശദീകരിച്ച് ഇമാം സമഖ്ശരി: ''നമുക്ക് വ്യക്തമായി മനസ്സിലാവാത്ത ജീവജാലങ്ങളെയും അല്ലാഹു സൃഷ്ടിക്കുന്നുവെന്നാണ് ഈ വാക്യത്തിന്റെ വിവക്ഷ. അല്ലാഹുവിന്റെ ശക്തിമാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന ധാരാളം ജീവികള്‍ ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഇതിന്റെ സൂചന.'' ''അപ്രകാരമല്ല, നിങ്ങള്‍ കാണുന്നത് കൊണ്ടും കാണാത്തത് കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു'' (69:38-39) എന്ന വേദവാക്യത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''മനുഷ്യന്‍ ദര്‍ശിക്കുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും അപ്പുറത്ത് വലിയൊരു ലോകമുണ്ട്. പ്രപഞ്ചത്തിലെ കുറച്ചേ അവന്‍ കാണുന്നുള്ളു.അവന്റെ കണ്ണുകള്‍ക്ക് മുമ്പിലുള്ളവയില്‍ തന്നെ പരിമിതമായവ കാണുവാനേ അവനനുവാദം നല്‍കപ്പെട്ടിട്ടുള്ളു.''
''അല്ലാഹു ഭൂമിയില്‍ വിവിധതരം ജീവികളെ വ്യാപിപ്പിച്ചു'' (2:164, 31:10), ''നിങ്ങളുടെ സൃഷ്ടിപ്പിലും ഭൂമിയില്‍ അവന്‍ വ്യാപിപ്പിച്ചിരിക്കുന്ന ജീവജാലങ്ങളിലും ദൃഢവിശ്വാസികളായ സമൂഹത്തിന് ദൃഷ്ടാന്തമുണ്ട്'' (45:4), ''ആകാശഭൂമികളുടെ സൃഷ്ടിപ്പും അവയിലവന്‍ പരത്തിയിട്ടുള്ള ജീവജാലങ്ങളും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്''(42:29) തുടങ്ങിയ ഖുര്‍ആന്‍ വാക്യങ്ങളും ഇത്തരം ജീവികളിലേക്കുള്ള സൂചനകളാവാം. പ്രപഞ്ചത്തിലും ഭൂമിയിലും നമ്മില്‍ തന്നെയും ഇത്തരം അജ്ഞാതമായ അത്ഭുതങ്ങള്‍ എന്തൊക്കെയുണ്ടെന്ന് ആര്‍ക്കറിയാം! ''അല്ലാഹു അറിയുന്നു. നിങ്ങളൊന്നും അറിയുന്നില്ല'' (2:216).
അവലംബം:
1. മൈക്രോബും മനുഷ്യനും - ഡോ. സി.എന്‍ പരമേശ്വരന്‍
2. കൂട്ടായ്മയുടെ സുവിശേഷം - പ്രഫ. എസ്. ശിവദാസ്
3. ഖുര്‍തുബി, സമഖ്ശരി, റാസി, ഫീദിലാലില്‍ ഖുര്‍ആന്‍ തുടങ്ങിയ തഫ്‌സീറുകളുടെ ഇന്റര്‍നെറ്റ് പതിപ്പുകള്‍.
Comments