Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

ക്രൂരമായൊരു സംവിധാനത്തിന്റെ പേരല്ലേ ഇസ്രയേല്‍

ക്രൂരമായൊരു സംവിധാനത്തിന്റെ
പേരല്ലേ  ഇസ്രയേല്‍

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗസ്സ എന്ന ഫലസ്ത്വീന്‍ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ 'ജയില്‍' എന്ന വാക്ക് അനുഭവിക്കുന്ന അനേകം സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും ഈ വാക്കിനെ ഗസ്സയോട് ചേര്‍ക്കുമ്പോള്‍ നമുക്ക് മറക്കേണ്ടിവരും. ജയില്‍ എന്ന വാക്ക് ഗസ്സയുമായി ചേരുന്നത് നാലു ഭാഗവും ഉപരോധിക്കപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തിന്റെ അവസ്ഥയോട് താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ നരകം എന്ന വാക്കുപോലും ഗസ്സയോട് ചേരില്ല. കാരണം പറയപ്പെടുന്ന 'നരക'ത്തില്‍ കുഞ്ഞുങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ലല്ലോ.
ഗസ്സയില്‍ നിന്ന് വരുന്ന ചിത്രങ്ങളിലധികവും ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കുട്ടികളുടേതും കുഞ്ഞു മൃതദേഹങ്ങള്‍ വഹിച്ചുപോകുന്ന വിലാപയാത്രകളുടേതുമാണ്.  ഇത്തരം ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്ന് ഇസ്രയേലില്‍ നിന്നുള്ളതാണ്. പാതിരാത്രിയില്‍ ഗസ്സയില്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ കുന്നിന്‍മുകളില്‍ കസേരകളിട്ട് വീക്ഷിക്കുന്ന ഇസ്രയേല്‍ പൗരന്മാരാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രം ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ മനോഭാവത്തെയാണ് കാണിക്കുന്നത്. ഒരു പ്രദേശത്തെ എല്ലാ ഭാഗത്തുനിന്നും ഉപരോധിക്കുക, ആ പ്രദേശത്ത് സമാധാനപരമായും ജനാധിപത്യപരമായുമുണ്ടായ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കുക, ഇടവിട്ട ഇടവേളകളില്‍ ആക്രമണ പരമ്പരകള്‍ നടത്തി എല്ലാ അതിജീവന ശ്രമങ്ങളെയും നിര്‍വീര്യമാക്കുക, പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യുന്നത് സ്വന്തം പൗരന്മാര്‍ക്ക് കണ്ടാസ്വദിക്കാന്‍ അവസരം നല്‍കുക.... ഇത്ര നീചമായ ഒരു സംവിധാനത്തെ തെമ്മാടി രാഷ്ട്രം എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക!
സ്വാലിഹ് കോട്ടപ്പള്ളി

 

ഫലസ്ത്വീന്‍ നിലക്കാത്ത രോദനം

 

ഫലസ്ത്വീനില്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും അറബ് രാഷ്ട്രങ്ങളുടെ നിസ്സംഗതയും മൗനവും അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ യുദ്ധം തുടരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ, ഫലസ്ത്വീന്‍ സ്വതന്ത്ര രാഷ്ട്രമെന്ന പ്രസ്താവന വെറും വാചക കസര്‍ത്ത് മാത്രമായിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങളെ ചെറുത്തുനില്‍ക്കാനാണത്രെ ഈ നരമേധം. ഗസ്സയും പശ്ചിമ തീരവുമടങ്ങുന്ന ചെറുതുരുത്തിലേക്കുള്ള  ഇസ്രയേല്‍ കുടിയേറ്റത്തെ പ്രതിരോധിച്ചതാണ് നെതന്യാഹു യുദ്ധത്തെ ന്യായീകരിക്കാനെടുത്തു കാണിക്കുന്ന തുറുപ്പുചീട്ട്. യഥാര്‍ഥത്തില്‍ ഹുജ് എന്ന ഗസ്സയിലെ ചെറുപ്രദേശത്തേക്ക് ഇസ്രയേലികള്‍ കുടിയേറിവന്നപ്പോള്‍ അവരെ സഹായിച്ചവരാണ് ഫലസ്ത്വീനികള്‍. എന്നാല്‍, അനിയന്ത്രിത കുടിയേറ്റത്തെ പ്രതിരോധിക്കുക മാത്രമാണ് ഹമാസ് ചെയ്തത്. നെതന്യാഹുവിന്റെ ദൃഷ്ടിയില്‍ ഇത് 'ആക്രമണ'മാണെങ്കില്‍, പതിനഞ്ചു ലക്ഷം വരുന്ന ഫലസ്ത്വീനികളെ ഒരുരു ചെറുതുരുത്തിലേക്ക് ഒതുക്കിയതിനുള്ള പ്രതികാരം ഇതൊന്നും പോരാ. ഫലസ്ത്വീന്‍ ഇന്ന് ഒരു രാഷ്ട്രമല്ല, അഭയാര്‍ഥിപ്രദേശം മാത്രമാണ്.
പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യയുടെ നിലപാട് അപഹാസ്യമാണ്. ഇന്ത്യ എക്കാലത്തും ഫലസ്ത്വീന്‍ ജനതക്ക് പിന്തുണ നല്‍കിപ്പോന്നിട്ടുണ്ട്. അറഫാത്തിന് പുരസ്‌കാരങ്ങള്‍ നല്‍കിയും ഫലസ്ത്വീന്‍ എംബസി ദല്‍ഹിയില്‍ സ്ഥാപിച്ചും ഇന്ദിര സര്‍ക്കാരും രാജീവ് സര്‍ക്കാരും മാതൃക കാണിച്ചു. എന്നാല്‍ ഗസ്സ പ്രശ്‌നം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനനുവദിക്കാത്ത സുഷമയും ഗഡ്കരിയും ഭീകരതക്ക് നൂറു വട്ടം താങ്ങാവുകയാണ്. അല്ലെങ്കിലും ഇവരുടെയൊക്കെ ആചാര്യന്മാര്‍ ഈ ക്രൂരതയുടെ ബിംബപ്പരിശകള്‍ക്ക് ഹോമയജ്ഞം നടത്തിയിട്ടാണല്ലോ വളര്‍ന്നത്.
നസ്‌റുല്ല വടുതല

വിപ്ലവം കാഴ്ചവെക്കുന്ന സകാത്ത് സംവിധാനം

 

''ഇസ്‌ലാം നിശ്ചയിച്ച സകാത്ത് (നിര്‍ബന്ധ ദാനം) കുറ്റമറ്റ നിലയില്‍ നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ മുസ്‌ലിം മഹല്ലുകളിലെ ദാരിദ്ര്യം ക്രമാനുഗതമായി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞേക്കാം.
കേരളത്തില്‍ നാലായിരത്തിലധികം മുസ്‌ലിം മഹല്ലുകളുണ്ട്. സകാത്ത് നിര്‍ബന്ധമായ പതിനായിരങ്ങള്‍ നമുക്കിടയിലുണ്ട്. മഹല്ല് നേതൃത്വം സകാത്തിന്റെ വിഷയത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലുള്ള കഷ്ടപ്പാടിന് ഒരു പരിധിവരെ അറുതിവരുത്താനാകും.
മഹല്ല് ഖാസിയോ, അനുയോജ്യനായ മറ്റൊരു വ്യക്തിയോ വകീലായി നിശ്ചയിക്കപ്പെടുകയും, മഹല്ലിലെ അര്‍ഹരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിധം തന്റെ കൈയില്‍ ഏല്‍പിക്കപ്പെട്ട സകാത്ത് വിതരണം നടത്തുകയും ചെയ്യാവുന്നതാണ്'' (അബ്ദുല്‍ ഹമീദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, ചന്ദ്രിക 23-9-2007).
''ആര്‍ജിത സമ്പത്തില്‍ നിന്ന് നിശ്ചിത വിഹിതം ഓരോ വര്‍ഷവും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. ഇത് പാലിക്കാന്‍ ധനികരും ബിസിനസ്സുകാരും തയാറാവണം. മത സംഘടനകളും സാമൂഹിക സേവകരും ഇസ്‌ലാം സമര്‍പ്പിക്കുന്ന സാമ്പത്തിക ഉദാരതാ നയം ഏറ്റെടുത്ത് നടപ്പാക്കാനുള്ള വഴികള്‍ ആരായണം. പഞ്ചായത്ത്/ മഹല്ല് തലത്തില്‍ ദരിദ്ര വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തി സകാത്ത് നല്‍കാന്‍ തയാറാവണം'' (കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, തേജസ് 8.8.2013).
''ദരിദ്രരുടെ അവകാശമാണ് സകാത്ത്. മുതലാളിയുടെ ഔദാര്യമല്ല. അത് കൊടുക്കേണ്ടവര്‍ കൊടുക്കുന്നുണ്ടെന്നും കിട്ടേണ്ടവര്‍ക്ക് ഇസ്‌ലാമിക നിയമപ്രകാരം കിട്ടുന്നുണ്ടെന്നും ഉറപ്പ് വരുത്താന്‍ ഉറപ്പുള്ള സംവിധാനം തന്നെ വേണം.
സുസമ്മതനായ ഒരു മത പണ്ഡിതനെ 'വകീലാ'യി നിയമിക്കാം. അതത് മഹല്ലുകളിലെ ഉലമാക്കളും ഉമറാക്കളും ചേര്‍ന്ന്, സകാത്ത് പരിജ്ഞാനമുള്ള ഒരു വ്യക്തിയെ തെരഞ്ഞെടുക്കാം. പലരുടെയും സകാത്തുകള്‍ ഒരുമിച്ചുകൂട്ടുമ്പോള്‍ വലിയ സംഖ്യ ഉണ്ടാവും. വകീല്‍ അത് വിഹിതം വെച്ച് നല്‍കുമ്പോള്‍ കിട്ടുന്ന അവകാശിക്ക് ഒരു ഉപജീവന മാര്‍ഗം കണ്ടെത്താനാവശ്യമായ നിലയില്‍ കാര്യങ്ങള്‍ സംവിധാനിക്കാനാവും. അങ്ങനെ ചെയ്യാനായാല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സകാത്ത് വലിയ മാറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്യും'' (ജാബിര്‍ പൂനൂര്‍, രിസാല ജൂണ്‍ 2014).
ഇസ്‌ലാം നിഷിദ്ധമാക്കിയ യാചനയെ പ്രോത്സാഹിപ്പിക്കുന്നതും അവശ ജന സമൂഹത്തില്‍ ഒരു സ്വാധീനവും ചെലുത്താത്തതുമായ ഇന്നത്തെ രീതിയിലുള്ള സകാത്ത് വിതരണം, കാര്യക്ഷമമാക്കാനുള്ള ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് സുന്നീ പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നമ്മുടെ സാമൂഹിക സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം കാഴ്ചവെച്ചേക്കാവുന്ന ഈ നിര്‍ദേശങ്ങള്‍ക്ക് നേരെ ഇനിയെങ്കിലും ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ പതിയുമെന്ന് പ്രതീക്ഷിക്കാമോ?
റഹ്മാന്‍ മധുരക്കുഴി

മരുഭൂമിയില്‍ നന്മ പെയ്ത് അവര്‍

 

ഷാര്‍ജ സജ ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഒരുക്കുന്ന ഇഫ്ത്വാര്‍ വിരുന്നിനെ കുറിച്ച് പ്രബോധന(71/9)ത്തില്‍ വായിച്ചപ്പോള്‍ പോയ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു, ഒരു നൊമ്പരമായ്..... മരുഭൂമിയിലെ അവരുടെ ദുരിത ജീവിതത്തില്‍ ഒരു കുളിര്‍മഴയായ് പെയ്തിറങ്ങി റമദാന്‍ കടന്നു വരുമ്പോള്‍ തങ്ങളുടെ ശരീരക്ഷീണം മറന്ന്, തങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച്, ആ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനുള്ള അന്നപാനീയങ്ങള്‍ എത്തിച്ചു വിളമ്പി കൊടുത്ത്, സ്രഷ്ടാവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് ഒരു കൂട്ടം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയോടെ സേവനം ചെയ്യുന്നു. ഈ സേവന സമര്‍പ്പണത്തിന്റെ ആത്മനിര്‍വൃതി അവര്‍ണനീയമാണ്.  അത് അനുഭവിച്ചറിയുക തന്നെ വേണം. ഈ വലിയ നന്മ ജനമനസ്സുകളിലേക്ക് എത്തിച്ച ടി.ഇ.എം റാഫി വടുതല അഭിനന്ദനം അര്‍ഹിക്കുന്നു.
സൈഫുദ്ദീന്‍ മാള, മസ്‌ക്കറ്റ്


അമീന്‍ അഹ്‌സന്‍ കൂട്ടമണ്ണ
കാമ്പസുകളുടെ നോമ്പടക്കം (ലക്കം 2859) ഓരോ എഴുത്തും ഹൃദ്യമായിരുന്നു. ജീവിതത്തിന്റെ ഏത് മേഖലയിലായാലും റമദാന്‍ വിശ്വാസിയെ എങ്ങനെ തൊട്ടുണര്‍ത്തുന്നുവെന്ന് എഴുത്തുകളില്‍ പ്രതിഫലിച്ചു.

അബ്ദുല്‍ മലിക് മുടിക്കല്‍
ഇറാഖിലെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇറാന്‍ പക്ഷം ചേര്‍ന്ന് നില്‍ക്കാതെയും യുദ്ധസന്നാഹങ്ങള്‍ ഒഴിവാക്കിയും അല്‍പം കൂടി വിവേകപൂര്‍വം പെരുമാറേണ്ടതുണ്ട്. ഇറാഖില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശിഈകളും സുന്നികളും ചേര്‍ന്നുകൊണ്ടുള്ള ഒരു സംയുക്ത സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ മേഖലയിലെ ശക്തിയെന്ന നിലക്ക് ഇറാന് സാധിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം