Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

ഒരു സര്‍ഗാത്മക ജീവിതത്തിന്റെ അപൂര്‍വ വിരലടയാളങ്ങള്‍

പി.എ നാസിമുദ്ദീന്‍ / പുസ്തകം

സെന്‍ കഥകളുടെ വിശുദ്ധിയും പഴഞ്ചൊല്ലുകളുടെ നാട്ടുനന്മയും ആധുനിക-ഉത്തരാധുനിക ഭാവുകത്വത്തിന്റെ വിഭ്രാത്മകതയുമൊക്കെ കൂടിച്ചേര്‍ന്ന കുഞ്ഞിക്കഥകളാണ് പി.കെ പാറക്കടവിന്റേത്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി അദ്ദേഹം രചിച്ച മിനിക്കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'പി.കെ പാറക്കടവിന്റെ തെരഞ്ഞെടുത്ത കഥകള്‍.'
വളരെ ഏകാഗ്രതയോടുകൂടി ഇത്തിരി പോന്ന തന്റെ മാധ്യമത്തില്‍ മലയാളിയുടെ വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളെയും അവനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മുഖ്യ പ്രതിഭാസങ്ങളായ ആഗോളവത്കരണം, പരിസ്ഥിതി നാശം, ലിംഗനീതി രാഹിത്യം, ദൃശ്യമാധ്യമങ്ങളുടെ അപമാനവീകരണം, വര്‍ഗീയത, ഫാഷിസം, രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമടക്കമുള്ളവരുടെ കാപട്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ കൈയടക്കത്തോടെ, ലാവണ്യ ഭംഗിയോടെ ഉള്ളടക്കം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ സര്‍ഗാത്മക ജീവിതത്തിലെ പ്രധാന രചനകളെ ക്രോഡീകരിച്ച ഈ പുസ്തകം മലയാള സാഹിത്യത്തിലെ അദ്ദേഹത്തിന്റെ വിരലടയാളങ്ങള്‍ ആണെന്നു പറയാം.
പരീക്ഷണങ്ങളും ഭാവനാ സാഹസികതകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കഥാ-നോവല്‍ സാഹിത്യം. നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള അതിനെ ബഷീറും മാധവിക്കുട്ടിയും എം.ടിയും ആനന്ദും സക്കറിയയുമടക്കമുള്ള അനേകര്‍ അവരുടെ സര്‍ഗാത്മക വിസ്മയങ്ങളാല്‍ സമ്പന്നമാക്കി.
അനേകം ഭാവുകത്വ കലാപങ്ങളും വ്യത്യസ്ത ആശയങ്ങളുടെ സംഘര്‍ഷങ്ങളുമൊക്കെ ഇപ്പോഴും അതിനെ സജീവമായി നിലനിര്‍ത്തുന്നു. ലാവണ്യ ഭംഗികളുടെയും ദാര്‍ശനിക സൗഭഗതകളുടെയും ഈ ദീര്‍ഘ ഘോഷയാത്രയില്‍ ഒരു പക്ഷേ തന്റെ എഴുത്തുരൂപത്തിന്റെ പ്രത്യേകത കൊണ്ട് അഥവാ അതിന്റെ ഇത്തിരി വലിപ്പം കൊണ്ട് പരീക്ഷണത്തിനു മുതിര്‍ന്ന ഒരേ ഒരാള്‍ ഈ കഥാകൃത്ത് മാത്രമായിരിക്കും.
അനന്തമജ്ഞാതവര്‍ണനീയമായ ഈ ലോകത്തിന്റെ അനുഭവരാശികളെ ഒന്നോ രണ്ടോ ചാണ്‍ വരുന്ന കുഞ്ഞിക്കഥകളിലേക്ക് സംഗ്രഹിക്കുക എന്നത് എത്ര ആയാസകരമാണ്! നമ്മുടെ ആനുകാലികങ്ങളില്‍ പലപ്പോഴും മിനിക്കഥകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. നര്‍മവും ആക്ഷേപഹാസ്യവും ഉളവാക്കുക എന്ന ഏക ധര്‍മമായിരിക്കും ഇവയില്‍ പലതിനും. പക്ഷേ, പാറക്കടവ് കഥകളെ വ്യത്യസ്തമാക്കുന്നത് തന്റെ കഥകളെ കവിതയുടെ സ്വപ്നവാങ്മയ മണ്ഡലത്തിലേക്ക് സന്നിവേശിപ്പിക്കുകയും അങ്ങനെ അതിനെ അപൂര്‍വ വാങ്മയങ്ങളാക്കി മാറ്റുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സവിശേഷ ഭാവനാ സിദ്ധിയാണ്.
സ്വപ്നങ്ങളുടെയും ഭ്രമാത്മകതയുടെയും ഐതിഹ്യങ്ങളുടെയും ഒരു പ്രതീക ഭാഷയാണ് അദ്ദേഹം തന്റെ രചനകളില്‍ ഉപയോഗിക്കുന്നത്. കഥകളുടെ സന്ദര്‍ഭവും പശ്ചാത്തലവും നമ്മുടെ ദൈനംദിന ജീവിതമായിരിക്കെ തന്നെ അതില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരന്റെ പ്രതിഭാ കൗശലം ഒരു കവിയുടെ പോലെ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ തന്നെ യുക്തിഭംഗങ്ങളുടെയും സര്‍റിയലിസത്തിന്റെയും ധാരാളിത്തം അവയില്‍ കാണാം.
തന്റെ സ്വപ്നാടന ഭാഷയിലൂടെ നാം സാമാന്യബോധമെന്നോ സാമൂഹികബോധമെന്നോ വിളിക്കുന്ന നമ്മുടെ തീര്‍പ്പുകള്‍ക്ക് നെടുകെ വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് അദ്ദേഹം വിളിച്ചുപറയുന്നു. ചിലപ്പോള്‍ തലതിരിഞ്ഞ ആഖ്യാനം ഒരു തിരിച്ചറിവിന്റെ നടുക്കത്തിലേക്കായിരിക്കും എത്തിച്ചേരുക.
ശങ്കരന്‍ വീണ്ടും
തെങ്ങിന്മേല്‍ കേറി
രണ്ട് പെപ്‌സി
ഒരു സെവന്‍ അപ്
മൂന്ന് കൊക്കക്കോള
ഇത്രയും താഴേക്കെറിഞ്ഞു.

'കേരളം' എന്ന ഈ കൊച്ചു കഥ നവലിബറല്‍ ഭീകരതയെ ഓര്‍മിപ്പിച്ചുകൊണ്ട് നമ്മുടെ സാമൂഹിക ജാഗ്രതയെ  സജ്ജമാക്കുന്നു.
ടെലിവിഷന്‍ സംസ്‌കാരം നമ്മുടെ മനസ്സിനെ മലിനീകരിക്കുന്നതിനെപ്പറ്റി മാത്രം അമ്പതില്‍ പരം കഥകള്‍ ഇതിലുണ്ട്.
കുഞ്ഞ് മണ്ണ് തിന്നോ
എന്ന് അമ്മക്ക് സംശയം
'കുഞ്ഞേ വാ തുറക്ക്'
അമ്മ പറഞ്ഞു.
കുഞ്ഞ് ഇളം പാല്‍ പുഞ്ചിരിയോടെ
വായ് തുറന്നു
അമ്മ നോക്കി.
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സ്റ്റാര്‍ ടി.വി
ചാലനുകള്‍ മാറി മാറി
വരികയാണ്
നോക്കി നോക്കി
തൊഴും കൈകളോടെ
അമ്മ നിലം പതിച്ചു.

വിപരീതോക്തി, സര്‍ക്കാസിസം, അതിശയോക്തി, ന്യൂനോക്തി, എക്‌സ്പ്രഷനിസം, പാരഡി, പാരഡൈം മുതലായ സാഹിത്യ സങ്കേതങ്ങള്‍ ഈ കഥകളുടെ പരിണാമഗുപ്തിയെ നിയന്ത്രിക്കുന്നു. കവിതകളിലും ചിത്രകലയിലും വലിയ അളവില്‍ പ്രത്യക്ഷപ്പെടുന്ന ഈ സങ്കേതങ്ങള്‍ ഈ മിനിക്കഥകളെ കൊച്ചു കവിതകളുടെയോ പോക്കറ്റ് കാര്‍ട്ടൂണുകളുടെയോ രൂപത്തിലേക്ക് അന്വയിപ്പിക്കുന്നു.

ടിക് ടിക് ടിക്
മെസേജാണ്
തുറന്നു നോക്കി
തലവേദന
ടിക് ടിക് ടിക്
മെസേജ് ഇടവേളക്കു
ശേഷവും വീണ്ടും...
തുറന്നു നോക്കി
നെഞ്ചുവേദന
തിരിച്ചു വിളിച്ചു നോക്കി
എടുക്കുന്നില്ല
ആശുപത്രിയില്‍ നിന്ന്
വീട്ടിലേക്ക്
ഒടുവില്‍ വിളിവന്നു.
കൂടെ വരിക
അങ്ങനെ കുടുംബത്തില്‍
ഒരു കൂട്ടക്കരച്ചില്‍ കൂടി...
എല്ലാം ദൈവത്തിന്റെ
കൈഫോണില്‍ നിന്ന്
'ദൈവത്തിന്റെ കൈഫോണ്‍' എന്ന ഈ രചന വാസ്തവത്തില്‍ കഥയാണോ കവിതയാണോ എന്ന് വായനക്കാര്‍ക്ക് നിരൂപിക്കാനാകുന്നില്ല.
സര്‍റിയലിസവും പാരഡിയും ഈ കഥകളുടെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ രണ്ട് സങ്കേതങ്ങളാണ്. 'പ്രണയത്തിന്റെ തലവിധി' എന്ന കഥയില്‍ എങ്ങനെ സര്‍റിയലിസം കത്തിനില്‍ക്കുന്നു എന്ന് നോക്കുക:
''വാന്‍ഗോഗ് കാതറുത്ത് അവള്‍ക്ക് നല്‍കി. എന്നിട്ട് ചോരയിറ്റുന്ന ആ കത്തികൊണ്ടുതന്നെ അവളുടെ തലയറുത്ത് നടന്നുമറഞ്ഞു. തലപോയ പെണ്ണ് കഴുത്തിലെ താലി ആ തലയിലായ്‌പ്പോയല്ലോ എന്ന് ദുഃഖിക്കുന്നു. ഇത് പ്രണയത്തിന്റെ തലവിധി.''
ഈ കഥയിലെന്ന പോലെ മിക്ക കഥകളിലും വായനയില്‍ നടുക്കമുണ്ടാക്കിക്കൊണ്ട് കഥാന്തരീക്ഷത്തെയും ഘടനയെയും മറ്റൊന്നായി രൂപാന്തരപ്പെടുത്തുന്ന സുപ്രധാന സങ്കേതമായ സര്‍റിയലിസം പ്രവര്‍ത്തിക്കുന്നതു കാണാം.
പഴയ പുരാവൃത്തങ്ങളെയും ഐതിഹ്യങ്ങളെയും ഉത്തരാധുനിക കാലത്തിലേക്ക് സന്നിവേശിപ്പിച്ച് ഹാസ്യവും ദര്‍ശനവും ഉളവാക്കുന്ന രീതി സുലഭമായി ഈ സമാഹാരത്തില്‍ കാണാം. പഴയ ഒരു നാടോടി കഥയെ പുതിയ കാലത്തേക്ക് പാരഡി ചെയ്യുന്നത് കാണുക.
''പഴയ മരച്ചുവടും പഴയ തൊപ്പിക്കാരനും തന്നെ. അയാളൊന്നു മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അതാ തൊപ്പികളുമായി കുരങ്ങന്മാര്‍ മരത്തിനു മുകളില്‍ ചാടികയറുന്നു. അയാള്‍ പഴയ കഥയിലെപ്പോലെ സ്വന്തം തൊപ്പി കൂടി മുകളിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങന്മാരാകട്ടെ.. കമ്പോളത്തില്‍ തൊപ്പി വിറ്റു കാശുണ്ടാക്കി. പിന്നെ തിരിച്ചുവന്ന് ഉറങ്ങുന്നവന്റെ തലച്ചോറും പിഴുതെടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വിറ്റുകാശാക്കി.''
ഇത്തരം രീതിയില്‍ ശ്രീബുദ്ധനെ പോലുള്ള ചരിത്ര പുരുഷന്മാരെയും ഉത്തരാധുനിക കാലത്തിന്റെ സമയപഥത്തില്‍ കൊണ്ടുവന്നു നിര്‍ത്തി വൈചിത്ര്യരസം ഉണ്ടാക്കുന്ന ദാര്‍ശനിക കഥകള്‍ ഒട്ടേറെ കാണാം. ശ്രീബുദ്ധന്‍ എന്ന മിത്ത് അനേകം കഥകളില്‍ ആവര്‍ത്തിച്ചുവരുന്നു.
ഈ സമാഹാരത്തില്‍ രണ്ട് വ്യതിരിക്ത പ്രമേയങ്ങളെ കഥാകൃത്ത് അത്യധികം ആഴത്തില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. അതിലൊന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗപരമായ അനീതിയാണ്. സ്ത്രീയെ സ്‌നേഹത്തോടെയും കരുണയോടെയും പരിലാളിക്കുന്ന, അവളെ പോസിറ്റീവ് എനര്‍ജിയുടെ സ്രോതസ്സായി കാണുന്ന മനോഭാവമാണ് കഥാ കൃത്തിന്റേത്. സ്ത്രീകളുടെ സ്വാതന്ത്ര്യം, മൂക വേദന മുതലായവ നിരവധി കഥകള്‍ വിഷയമാക്കുന്നു.
മറ്റൊന്ന് സാംസ്‌കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയും കാപട്യവും മൂല്യച്യുതിയുമാണ്. ഈ വിഷയത്തിലേക്ക് മറ്റു കഥാകാരന്മാര്‍ അധികം വെളിച്ചം വീശിയിട്ടില്ല എന്ന് തോന്നുന്നു. ''രാവിലെ ഇത്തിരി കാറല്‍മാര്‍ക്‌സ് കുടിച്ച് അക്കാദമിയില്‍ ഇടം തേടുകയും, ഉച്ചക്ക് ഗാന്ധി കഴിച്ച് ഫെലോഷിപ്പ് കരസ്ഥമാക്കുകയും വൈകുന്നേരം സാര്‍ത്രും കുന്ദേരയും മൊത്തി ടൗണ്‍ഹാളില്‍ പ്രസംഗിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവി രാത്രി കണ്ണാടി നോക്കുമ്പോള്‍ ലജ്ജയാല്‍ പതറുകയും തന്റെ കാപട്യം കാട്ടിത്തരുന്ന അതിനെ എറിഞ്ഞുടക്കുകയും ചെയ്യുന്നു.''
സ്വന്തം ഹൃദയരക്തത്തില്‍ നൈസര്‍ഗികതയോടെ വരച്ചിടുന്ന കലാസൃഷ്ടികളാണ് എക്കാലത്തും ഏതു സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കുമപ്പുറം ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. നമ്മുടെ കാലത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് മിനിക്കഥകളുടെ ഈ സമാഹാരം. നമ്മുടെ വൈരൂപ്യങ്ങളും ശോഭകളും നോക്കിക്കാണാന്‍ അത് നമുക്ക് അവസരം തരുന്നു. എല്ലാ മനോഹര സര്‍ഗരചനകളും ഇതേ ദൗത്യംതന്നെയാണ് ചെയ്യുന്നത്. പക്ഷേ, അത്തരം മനോഹര രചനകളുടെ സര്‍ഗ പരതയെ ധന്യമാക്കുന്നത് അവസാനത്തെ കഥയില്‍ പി.കെ പാറക്കടവ് ധ്വനിപ്പിച്ച ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും നൈസര്‍ഗികതയാണ്. ആ നൈസര്‍ഗികതയെ വിലയിരുത്തേണ്ടതാകട്ടെ ഭാവി കാലവും.
പ്രസാധനം: ഡി.സി ബുക്‌സ്
വില: 225 രൂപ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം