ലോകം ഒരു ഇബ്‌നുതുഫൈലിനെ കാത്തിരിക്കുന്നു
ഇസ്‌ലാമും മുസ്‌ലിംകളും മാനവതക്ക് പ്രദാനം ചെയ്ത മഹത്തായ സംഭാവനകളെക്കുറിച്ച് - വൈദ്യം, പ്രകാശശാസ്ത്രം (optic), ജ്യോതിശാസ്ത്രം (astronomy) , തത്വശാസ്ത്രം, പ്രകൃതി ശാസ്ത്രങ്ങള്‍ എന്നീ മേഖലകളില്‍ വിശേഷിച്ചും - നാം സദാ കേള്‍ക്കാറുണ്ട്. പക്ഷേ, സാഹിത്യരംഗത്ത് നല്‍കിയ സംഭാവനകളെക്കുറിച്ച് ഏറെ കേള്‍ക്കാറില്ല. ഒരു മുസ്‌ലിം നോവലിസ്റ്റ് അഞ്ഞൂറ് വര്‍ഷങ്ങളോളം പാശ്ചാത്യ ലോകത്തെയും അവിടത്തെ ചിന്തകരെയും തത്വശാസ്ത്രജ്ഞരെയും സാഹിത്യകാരന്മാരെയും വേദാന്തികളെയും അടക്കി ഭരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ? അതാണ്, തത്ത്വചിന്തകന്‍ കൂടിയായ ഇബ്‌നുതുഫൈലും അദ്ദേഹത്തിന്റെ കഥാപാത്രം ഹയ്യ്ബ്‌നു യഖ്‌ളാനും നമുക്ക് പറഞ്ഞുതരുന്നത്. പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരാണ്. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. എലിസബത്തന്‍ കാലത്തെ പ്രകൃതി തത്വജ്ഞാനികള്‍ (Natural Philosophers), നവോത്ഥാന മാനവികതാവാദികള്‍ (Renaissance Humanists), മധ്യകാല ജൂതമത തത്വജ്ഞാനികള്‍ തുടങ്ങി എല്ലാവരെയും ഹയ്യ്ബ്‌നു യഖ്‌ളാന്‍ ആകര്‍ഷിച്ചു. അതിന്റെ ഇതിവൃത്തവും തത്വശാസ്ത്രവും പണ്ഡിതനായ മാജിദ് ഫഖ്‌രി പറഞ്ഞ പോലെ സത്യത്തിലേക്കുള്ള മനസ്സിന്റെ സ്വാഭാവികപുരോഗമനത്തിനുള്ള റോഡ്മാപ് ആയി അവര്‍ കണ്ടു ( A History of Islamic Philosophy).
ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചു. ബേക്കനും മില്‍ട്ടനും ലോക്കയുമൊക്കെ ശാസ്ത്രം, മതം, മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ച് അവരുടെ ആശയങ്ങള്‍ രൂപീകരിച്ചപ്പോള്‍ അറബിക് വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ഈ മഷിക്കുപ്പിയിലാണ് അവരുടെ തൂവലുകള്‍ മുക്കിയത്. പാശ്ചാത്യ മത-തത്വചിന്താലോകത്തെ അഞ്ഞൂറു വര്‍ഷങ്ങളോളം സ്വാധീനിച്ച ഇബ്‌നു തുഫൈല്‍ ആരായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിന്റെ നോവലായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ സന്ദേശം?
യൂറോപ്പിലെ ഹിമാവൃതമായ സിയറനിവാദ പര്‍വതങ്ങളാല്‍ ആശ്ലേഷിതമായ ഗ്വാഡിനഗരമായിരുന്നു ഇബ്‌നുതുഫൈലിന്റെ ജന്മദേശം. ഗ്രാനഡയുടെ വടക്ക് കിഴക്ക് അമ്പത് കിലോമീറ്റര്‍ അകലെ. ചരിത്രത്തിലുടനീളം നിരവധി എഴുത്തുകാരും കവികളും ചിത്രകാരന്മാരും പ്രചോദനം കൊണ്ട ഭൂപ്രദേശം. സമുദ്രവിതാനത്തില്‍ നിന്ന് ആയിരം മീറ്റര്‍ മീതെ പര്‍വതങ്ങളും ഫലഭൂയിഷ്ഠ നിലങ്ങളും തരിശ്ഭൂമിയും കൂട്ടായി ആവരണം ചെയ്ത പ്രകൃതിരമണീയവും ഹഠാദാകര്‍ഷകവുമായ ആ പ്രദേശത്താണ് ഇബ്‌നുതുഫൈല്‍ ജനിച്ചുവളര്‍ന്നത്. ചിന്തയും ഭാവനയും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പ്രകൃതിസംവിധാനം ധാരാളം കവികളെയും ചിന്തകരെയും ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
അവിടെ ഇബ്‌നുതുഫൈല്‍ ചെറുപ്പന്നേ പ്രകൃതിയുടെ മാസ്മരികതയിലാണ്ട് അനന്തവിദൂരതയിലേക്ക് നോക്കി ഇരിക്കുമായിരുന്നു. കണ്ണെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന ഭൂമി. അതിനപ്പുറം തിരമാലകള്‍ ആഞ്ഞടിക്കുന്ന സമുദ്രം. ഇവയും താനും മറ്റു ജീവികളുമുള്‍പ്പെടെ എല്ലാം എവിടെനിന്നുവന്നു? എങ്ങോട്ടുപോകുന്നു? ജീവിതത്തിന്റെ അര്‍ഥമെന്ത്? മനുഷ്യനും പ്രകൃതിക്കും ഒരു കര്‍ത്താവുണ്ടോ? എങ്കില്‍ അതാരാണ്? ഇത്തരം ആത്യന്തിക ചോദ്യങ്ങള്‍ ഇബ്‌നുതുഫൈലില്‍ ഒരു തത്ത്വചിന്തകനെ വളര്‍ത്തുകയായിരുന്നു.
ഇബ്‌നുതുഫൈലിന്റെ വളര്‍ച്ച
ഇബ്‌നുതുഫൈലിന്റെ അധ്യയനത്തെക്കുറിച്ച് വളരെയൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. പതിമൂന്നാം നൂറ്റാണ്ടിലെ മൊറോക്കന്‍ ചരിത്രകാരന്‍ അബുല്‍വാഹിദുല്‍ മറാകശി പറയുന്നു: ''വളരെ കൃതഹസ്തരായ കുറേ പേരുടെ കീഴിലായിരുന്നു ഇബ്‌നുതുഫൈല്‍ അധ്യയനം നടത്തിയിരുന്നത്. വിവിധ കലാവൈഭവങ്ങളുള്ള സ്‌പെയിനിലെ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. മതവും തത്ത്വചിന്തയും തമ്മില്‍ പൊരുത്തം നേടലായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രചിന്താവിഷയം.'' ആ ലക്ഷ്യം വെച്ച് അദ്ദേഹം ഹയ്യ്ബ്‌നു യഖ്‌ളാന്‍ (ജാഗരൂകന്റെ അമരപുത്രന്‍) എഴുതിത്തുടങ്ങി. മുപ്പത് വയസ്സായപ്പോള്‍ ഇബ്‌നുതുഫൈല്‍ മൊറോക്കോയിലേക്ക് യാത്രയായി. അവിടെ ഖലീഫ അബൂയഅ്ഖൂബ് യൂസുഫിന്റെ രാജധാനിയില്‍ അദ്ദേഹത്തിന്റെ സ്വകാര്യവൈദ്യനായി നിയമിതനായി. അക്കാലത്ത് ശാസ്ത്രം, വൈദ്യം, ഗണിതശാസ്ത്രം എന്നീ രംഗങ്ങളില്‍ വിഖ്യാതി നേടി.
ഖലീഫ യഅ്ഖൂബ് വലിയ വിജ്ഞാന തല്‍പരനായിരുന്നു. കിട്ടാവുന്ന ഗ്രന്ഥങ്ങള്‍ മുഴുവന്‍ ശേഖരിച്ച് അദ്ദേഹം തന്റെ ലൈബ്രറി നിറച്ചു. ചരിത്രകാരന്‍ അല്‍മറാകശി പറയുന്നതനുസരിച്ച്, ''പടിഞ്ഞാറ് മുമ്പ് ഒരു രാജാവും ശേഖരിച്ചതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഇബ്‌നുതുഫൈല്‍ ആ ഗ്രന്ഥങ്ങളുടെ ലോകത്ത് മുഴുകി. രാപ്പകലുകള്‍ അദ്ദേഹം രാജധാനിയില്‍ ഖലീഫയോടൊപ്പം കഴിഞ്ഞുകൂടി, ദിവസങ്ങളോളം പുറത്തുവരാതെ.'' അല്‍മറാകശി എഴുതി. ഹയ്യ്ബ്‌നു യഖ്‌ളാന്റെ ബൃഹത്തും കാലാതീതവുമായ പ്രമേയങ്ങള്‍ മെനഞ്ഞെടുക്കാന്‍ ധാരാളം വായന ആവശ്യമായിരുന്നു. ഇബ്‌നുതുഫൈലിനപ്പോള്‍ എഴുപത്തിയെട്ട് വയസ്സായിക്കാണും.
സവില്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക്-ഇസ്‌ലാമിക് സ്റ്റഡീസ് പ്രഫസറായ റാഫേല്‍ വലന്‍സിയ പറഞ്ഞു: ''ഹയ്യ്ബ്‌നുയഖ്‌ളാനില്‍ കാണുന്നത് മുസ്‌ലിം വിജ്ഞാനമോ അറബി വിജ്ഞാനമോ അല്ല, മറിച്ച് സാര്‍വലൗകിക-മാനുഷിക വിജ്ഞാനമാണ്.'' ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രഫസറും ''കപ്പലപകടത്തില്‍ പെട്ട നാവികന്‍- യൂറോപ്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെമേല്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം'' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ മഹ്മൂദ് ബാറൂദ് പറയുന്നു: ''ഏകാന്തമായ ദ്വീപില്‍ യഖ്‌ളാന്‍ ഇന്ദ്രിയാനുഭവത്തിലൂടെയും യുക്തി വിചാരത്തിലൂടെയും വിചിന്തനത്തിലൂടെയും പഠിക്കാന്‍ പൂര്‍ണ സ്വതന്ത്രനായിരുന്നു.''
ലോക ദാര്‍ശനിക ഭീമന്മാരോടൊപ്പം
പ്രപഞ്ചത്തിന്റെയും മനുഷ്യജീവിതത്തിന്റെയും അര്‍ഥവും ഉദ്ദേശ്യവും കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇബ്‌നുതുഫൈലിന്റെത്. മനുഷ്യചരിത്രത്തിലെ മഹാ ദാര്‍ശനികരെയും അഗാധ തത്വചിന്തകരെയും കുഴക്കി ഇരുത്തിച്ചിന്തിപ്പിച്ച അതേ പ്രശ്‌നം. പുരാതന ഗ്രീക്കിലെ പ്ലാറ്റോ-പ്ലൊട്ടൈനസ്-അരിസ്റ്റോട്ടല്‍മാരില്‍നിന്ന് തുടങ്ങി അവസീന- ഫാറാബി-അവറോസ്-ഇബ്‌നുബാജ-സേക്കാട്ട്-തോമസ് മൂര്‍ എന്നിവരിലൂടെ കടന്ന് തോമസ് അക്വയ്‌നസ്-സ്പിനോസാ-വാള്‍ട്ടയര്‍-റൂസോ-നീഷേകളിലൂടെ കുതൂഹലം കൂട്ടിവന്ന ആ പ്രഹേളിക. അത് കെട്ടഴിക്കുകയായിരുന്നു ഇബ്‌നുതുഫൈലിന്റെ ലക്ഷ്യം.
കേവലം മനുഷ്യബുദ്ധി മാത്രം അതിന് പര്യാപ്തമാണോ? അല്ല, ആത്മജ്ഞാനവും ദിവ്യബോധനവും കൂടി അതിനാവശ്യമില്ലേ? ഒരു വിഭാഗം ദാര്‍ശനികരും തത്വചിന്തകരും ബുദ്ധിയെ അന്തിമവിധികര്‍ത്താവായി കണ്ടപ്പോള്‍ ഇബ്‌നു തുഫൈലുള്‍പ്പെടെ മറുവിഭാഗം ബുദ്ധിയും (Reason/Intellect) ദിവ്യബോധന (Revelation) വും സമന്വയിപ്പിച്ച ഒരു ഫോര്‍മുല സമര്‍പ്പിച്ചു. 'നമ്മുടെ അധ്യാപകന്‍' എന്ന് ഇബ്‌നുതുഫൈല്‍ ആദരപൂര്‍വം വിളിക്കുന്ന ഇമാം ഗസ്സാലി സമര്‍പ്പിച്ച ഫോര്‍മുല തന്നെയായിരുന്നു അത് (അധ്യാപകന്‍ എന്ന് ആലങ്കാരികമായാണ് വിളിച്ചത്. ഇബ്‌നുതുഫൈലിന്റെ ജനനത്തിനു മുമ്പുതന്നെ ഗസ്സാലി ഇഹലോകം വെടിഞ്ഞിരുന്നു). ഗസ്സാലി അത് അയത്‌നലളിതമായ ഗ്രന്ഥഭാഷയിലൂടെ നിര്‍വഹിച്ചപ്പോള്‍ ഇബ്‌നുതുഫൈല്‍ അത് നാടകീയവും ഭാവനാസമ്പന്നവും ഹൃദയഹാരിയുമായ നോവലിലൂടെ (അതും അറുപത് പേജുകള്‍ മാത്രമുള്ള) സാധിച്ചു. ഗസ്സാലി തന്റെ തഹാഫത്തുല്‍ ഫലാസിഫയിലൂടെ (തത്വചിന്തകരുടെ പരസ്പരവൈരുധ്യം) ഫല്‍സഫയുടെ നെറുകയില്‍ ആഞ്ഞടിച്ചു. തുല്യ തത്ത്വചിന്താ പ്രതിഭയായ ഇബ്‌നുറുശ്ദ് (അവരോസ്) തഹാഫുത്തുഹാഫുത്തിലൂടെ (പരസ്പര വൈരുധ്യങ്ങളിലെ വൈരുധ്യം) ഗസ്സാലിയെ തിരിച്ചടിച്ചെങ്കിലും ഗസ്സാലിക്കായിരുന്നു
അന്തിമവിജയം.
സൃഷ്ടി, അസ്തിത്വം, ദിവ്യബോധനം തുടങ്ങിയ ആത്യന്തിക പ്രമേയങ്ങളെ നിര്‍വചിക്കാനും വിശദീകരിക്കാനും അവസീനാ (ഇബ്‌നുസീന-ഗസ്സാലിയുടെ തലമുറയിലെ നിസ്തുല മുസ്‌ലിം പ്രതിഭാശാലിയും ദാര്‍ശനികനും) അരിസ്റ്റോട്ടലിയന്‍ ലോജിക്കിനെ അവലംബിച്ചപ്പോള്‍ ഗസ്സാലി ഒരു മധ്യമാര്‍ഗം കണ്ടു. ഫല്‍സഫയുടെ ക്രമനിബദ്ധമായ (Systematic) സമീപനത്തെ വിലമതിച്ചതോടൊപ്പം അതിന്റെ പലവിധ തീര്‍പ്പുകളെയും അദ്ദേഹം നിശിതമായി ഖണ്ഡിച്ചു. ഇബ്‌നുതുഫൈലും ഗസ്സാലിയുടെ ചിന്താസരണിയാണ് പിന്തുടര്‍ന്നത്.
ഈ മധ്യവര്‍ത്തി സമീപനവും തദാനുസാര സിദ്ധാന്തവും പിന്നീട് യൂറോപ്പിലെ ധിഷണാശാലികളുടെ തലമുറകളെ തന്നെ ആഴത്തില്‍ സ്വാധീനിച്ചു. ക്രിസ്ത്യന്‍-ജൂത-മുസ്‌ലിം ഭേദമന്യേ പ്രചോദനത്തിനും മാതൃകക്കുമായി എല്ലാവരും ഹയ്യ്ബ്‌നു യഖ്‌ളാനിലേക്കും ഇബ്‌നുതുഫൈലിലേക്കും തിരിഞ്ഞു.
ലണ്ടനിലെ കിംഗ്‌സ് കോളേജിലെ സ്പാനിഷ് ഡിപ്പാര്‍ട്‌മെന്റ് തലവനായ അന്റോണിയോ പാസ്റ്റര്‍ (Antonio Pastor) പറയുന്നു: ''ആധുനിക യൂറോപ്യന്‍ സാഹിത്യത്തില്‍ ഹയ്യ്ബ്‌നുയഖ്‌ളാനേക്കാള്‍ കൂടുതല്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു പൗരസ്ത്യ നോവലുമില്ല.''
ഇറ്റലിയില്‍
ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ (Pico Mirandola) 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മനുഷ്യമാഹാത്മ്യത്തെക്കുറിച്ച പ്രഭാഷണം (Oration on the Dignity of Man) എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ദക്ഷിണാര്‍ധത്തില്‍, മനുഷ്യവിജ്ഞാനവും സഹജാവബോധവും (Intuition) സൃഷ്ടിപരതയും (Creativity) ധിഷണാരംഗം പിടിച്ചടക്കിയ സന്ദര്‍ഭത്തില്‍ ശാസ്ത്രീയവും ആധ്യാത്മദാര്‍ശനികവും (Mystic) നിയോപ്ലാറ്റോണിസ്റ്റുമായ പ്രമേയങ്ങളുടെ ശക്തമിശ്രണമായ ഹയ്യ്ബ്‌നു യഖ്‌ളാന്‍ പോലുളള ഗ്രന്ഥം കൈവശമാക്കാനും പികോ പ്രേരിതമായതില്‍ അത്ഭുതമില്ല (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം).
മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ (Alemanno) ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ (Magnum Opus) 'അമര്‍ത്യനി'ല്‍ (Immortal/Haiha Olamin - Latin) അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.
ഇംഗ്ലണ്ടില്‍
അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ്. പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചുകൊടുത്തു. അതൊരു ബെസ്റ്റ് സെല്ലറായിത്തീര്‍ന്നു.
ഇംഗ്ലണ്ടിലെ തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ തോമസ് മൂര്‍ ദൈവം, പ്രകൃതി, സമൂഹം എന്നിവയുമായുള്ള മാനുഷ്യകത്തിന്റെ ബന്ധത്തെക്കുറിച്ച തന്റെ സ്വന്തം നിഗമനങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. 1516-ല്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ഉട്ടോപ്പിയ എന്ന രചനയില്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ അനുകരിച്ചു. ഹയ്യ്ബ്‌നുയഖ്‌ളാന്‍ പോയി വസിച്ച ദ്വീപിന്റെ ഇമേജ് തന്നെയാണ് ഉട്ടോപ്യയില്‍ തോമസ് മൂര്‍ ഭാവന ചെയ്യുന്നത്. പുറമെ നിന്നുള്ള ദുഃസ്വാധീനങ്ങളില്‍ നിന്നൊക്കെ മുക്തമായ മനുഷ്യനാഗരികതയുടെ ഒരാകാശക്കോട്ട പണിയുകയായിരുന്നു മൂര്‍.
അതേപോലെ എംപയറിസിസത്തിന്റെ (Empiricism) പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍ (New Atlantis) ഒരു കാല്‍പനിക (Mythical) ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.
ഫ്രാന്‍സില്‍
1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. ഒരു തലമുറക്കുശേഷം ശാസ്ത്രീയ ചിന്താരീതിയുടെ അഗ്രഗാമി(Pioneer)യായ വാള്‍ട്ടയര്‍ തന്റെ നോവലായ സാഡിഗി (Zadig)-ന്റെ ഹീറോ ആയി നിര്‍ണയിച്ച നിര്‍മലനും ശുഭാപ്തി വിശ്വാസിയുമായ നായകന്‍ ഹയ്യ്ബ്‌നുയഖ്‌ളാനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട് (Zadig എന്നത് അറബി പദമായ സ്വാദിഖ് (സത്യസന്ധന്‍) എന്നതിന്റെ രൂപഭേദമാണെന്ന് അഭിപ്രായമുണ്ട്).
സ്‌പെയിനില്‍
സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി (Gracians) ന്റെ കാല്‍പനിക നോവലായ ദ ക്രിട്ടിക്കിലെ (The Critic) നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.
ഹയ്യ്ബ്‌നുയഖ്‌ളാന്‍ ശ്രീലങ്കാവാസി?
ഇബ്‌നുയഖ്‌ളാന്‍ ജീവിച്ച ദ്വീപ് ഏതായിരുന്നു? ഒരു പേര്‍ഷ്യന്‍ നോവലില്‍ സറന്‍ദ്വീപ് ആയിരുന്നുവെന്നു പറയുന്നുണ്ട്. ശ്രീലങ്കയുടെ മുന്‍പേരാണ് സറന്‍ദ്വീപ്. ഇബ്‌നുയഖ്‌ളാന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന നിലക്ക് അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. മനുഷ്യാരംഭവും തുടര്‍ന്നുള്ള മനുഷ്യജീവിതത്തിന്റെ വികാസവുമൊക്കെ ഇബ്‌നുയഖ്‌ളാന്റെ ചിന്താമണ്ഡലങ്ങളാണല്ലോ. ചുരുക്കത്തില്‍ സമാര്‍ അത്താര്‍ പറഞ്ഞത് പോലെ ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ (The book that launched a thousand books) ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍.
പാശ്ചാത്യ ലോകത്ത് ഹയ്യ്ബ്‌നു യഖ്‌ളാന്റെ വിപുലവും അഗാധവുമായ സ്വാധീനത്തെ പുരസ്‌കരിച്ച് ധാരാളം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും മുഖ്യമായ ഒന്നാണ് The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം). തലക്കെട്ട് തന്നെ വിളിച്ചുപറയുന്ന പോലെ ഡോക്ടര്‍ സമാര്‍ അത്താര്‍ തന്റെ ദീര്‍ഘമായ ഈ ഗവേഷണത്തിലൂടെ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായ അവകാശം വാദിക്കാതെ കേവലം വസ്തുനിഷ്ഠമായ (objective) ഗവേഷണത്തിലൂടെ ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും വിശദമായി വിവരിക്കുന്നുണ്ട്.
വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. സമാര്‍ അത്താര്‍ എഴുതി: ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. മുസ്‌ലിം സ്‌പെയിനില്‍ തങ്ങളുടെ സുവര്‍ണകാലഘട്ടത്തില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ ഇതരമത ഭ്രാന്തന്മാരുടെ കൈകളാല്‍ തകര്‍ക്കപ്പെട്ടു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ജ്ഞാനോദയത്തിന്റെ ചിന്തകന്മാര്‍ സമത്വം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നപ്പോള്‍ വിശേഷിച്ചും'' (Vital Roots, Page 65).
ജ്ഞാനോദയം (Enlightenment) ഫ്രാന്‍സിനും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ശാസ്ത്രം മാത്രമല്ല സംഭാവന ചെയ്തത്. സഹിഷ്ണുത, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളും സംഭാവന ചെയ്യുകയുണ്ടായി. പക്ഷെ, ആ മഹാമനുഷ്യരുടെ ഭാവന ജ്വലിപ്പിച്ച അവരുടെ മാര്‍ഗദര്‍ശി (ഇബ്‌നുതുഫൈല്‍) ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെട്ടു. ഇതിന്റെ വിശദം പിന്നീട് വരുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍ ഇബ്‌നുതുഫൈലിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദകമായിട്ടുണ്ടെന്നാണ് സമാര്‍ അത്താര്‍ സ്ഥാപിക്കുന്നത്.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments