ഏകാന്തതയിലും നമ്മോടൊപ്പം നാല് പേര്‍
ഏകാന്തതയുടെ മഹാ തീരം..
ഏകാന്തതയുടെ അപാര തീരം..
കവിതകളിലും പാട്ടുകളിലും കഥകളിലും ഏകാന്തത ഒരു വിഷാദത്തിന്റെ വിഷയമായി കടന്നു വരാറുണ്ട്. മനസ്സും ശരീരവും ഏകാന്തത അനുഭവിക്കാറുള്ളതാണ്. അത് വേദനകള്‍ മാത്രമല്ല, മടുപ്പും നിരാശയും നിഷ്‌ക്രിയത്വവും ദുര്‍വിചാരവും സമ്മാനിക്കും. ഏകാന്തതയെ പ്രണയിക്കുന്നവര്‍ ഉണ്ട്; എന്നാല്‍ കുറേ പേര്‍ ഏകാന്തതയെ വെറുക്കുന്നു.
ആത്മീയമായും മനുഷ്യന്‍ ചിലപ്പോഴൊക്കെ ഏകാന്തത ഇഷ്ടപ്പെടാറുണ്ട്, ഉറക്കില്‍ നിന്നെഴുന്നേറ്റ്, പാതിരാവുകളില്‍ ഏകാന്തനായി തന്റെ നാഥനോട് സ്‌നേഹപൂര്‍ണമായ വര്‍ത്തമാനങ്ങള്‍ പറയുവാനും അനുഗ്രഹങ്ങള്‍ ഓര്‍ത്ത് കണ്ണീരൊഴുക്കുവാനും വേണ്ടി..
ഏകാന്തത അല്ലെങ്കില്‍ ഒറ്റപ്പെടല്‍ മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒരിക്കലും പാടില്ലാത്തതോ അല്ലെങ്കില്‍ പാടേ ഒഴിവാക്കാന്‍ കഴിയുന്നതോ ആയ സംഗതിയല്ല. എന്നാല്‍, ഒറ്റപ്പെട്ടുപോകുന്ന സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിക ജീവിതത്തില്‍ നിന്ന് അകന്നു പോകും വിധം പ്രലോഭനങ്ങള്‍ക്കും പൈശാചികതക്കും അടിപ്പെടുന്ന അവസ്ഥയാണ് ഒരാള്‍ക്കുള്ളതെങ്കില്‍ അയാള്‍ ഏകാന്തതകളില്‍ നിന്നും ഒറ്റയാന്‍ ജീവിതത്തില്‍നിന്നും ജീവിതത്തെ മാറ്റി നിര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റു വഴികള്‍ കാണേണ്ടതുണ്ട്.
പുതിയ സാഹചര്യങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നത് സകല തിന്മകള്‍ക്കും നടുവിലാണ്. അനാവശ്യമായ നൂറുകണക്കിന് ചാനലുകളും ഏത് മുക്കിലും ലഭ്യമാവുന്ന ഇന്റര്‍നെറ്റും ഒറ്റക്കിരിക്കുന്ന മനുഷ്യന്റെ മുന്നില്‍ വരുമ്പോള്‍ അവന്‍ പലതും മറക്കുന്നു. തനിക്കു ചുറ്റും ആരുമില്ലെന്നും ഒറ്റക്ക് ഈ മുറിയില്‍ ഇരുന്ന് എന്തു ചെയ്താലും ഒന്നും സംഭവിക്കാനില്ലെന്നും അവന്‍ ധരിക്കുന്നു. ഇങ്ങനെ വിഷാദത്തിനും മടുപ്പിനും നിഷ്‌ക്രിയത്വത്തിനുമപ്പുറം ദുഷ്ചിന്തകള്‍ മനുഷ്യനെ പിടികൂടുമ്പോള്‍ ഏകാന്തത ഒരു വലിയ പ്രശ്‌നമാകുന്നു.
ഒറ്റപ്പെടുന്ന സാഹചര്യങ്ങളെ ജീവിതത്തില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുക എന്നതാണ് ഈ വലിയ വിപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി. എന്നാല്‍ എത്രതന്നെ ശ്രമിച്ചാലും മനുഷ്യന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഒറ്റപ്പെടലുകള്‍ കടന്നുവരാതിരിക്കില്ല. അങ്ങനെയുള്ള ഏകാന്തതയുടെ അവസ്ഥകളില്‍ തിന്മകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഇസ്ലാമില്‍ വഴികളുണ്ട്.
ഏകാന്തനാണെന്ന് വിചാരിച്ച് നിങ്ങള്‍ ഒരു മുറിയില്‍ ഇരിക്കുമ്പോള്‍, നിങ്ങള്‍ ഒറ്റക്കല്ല; മൊത്തം അഞ്ചു പേരുടെ സാന്നിധ്യവും പ്രവര്‍ത്തനവും അവിടെയുണ്ട് എന്ന ബോധം മനസ്സില്‍ ശക്തമായി ഉറപ്പിക്കലാണ് ആ വഴി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും ഇത് ഒരു യാഥാര്‍ഥ്യമാണ്. ആരൊക്കെയാണ് ആ അഞ്ചു പേര്‍ എന്ന് ആലോചിച്ചിട്ടുണ്ടോ?
നമ്മെക്കൂടാതെ ഒന്നാമതായി അവിടെയുള്ളത് പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ സാന്നിധ്യം തന്നെയാണ്. 'മൂന്നാളുകള്‍ക്കിടയില്‍ ഒരു രഹസ്യ സംഭാഷണവും നടക്കുന്നില്ല, നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍കിടയില്‍ ഒരു സംഭാഷണവും നടക്കുന്നില്ല ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാള്‍ കൂടട്ടെ, കുറയട്ടെ അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ, അവരെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് പുനരുത്ഥാന നാളില്‍ അവരെ ബോധിപ്പിക്കുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ് തീര്‍ച്ച'' (58:7). അപ്പോള്‍ ഒരു കാര്യം ഉറപ്പ്. ഒറ്റക്ക് എന്ന് വിചാരിച്ച് സ്വേഛകള്‍ക്ക് കീഴ്‌പ്പെടാന്‍ ശ്രമിക്കുന്ന നമ്മുടെ മുറിയില്‍ അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ട്. പ്രവര്‍ത്തനവും ഉണ്ട്. തന്റെ പ്രതിനിധി എന്ന നിലക്ക് സ്‌നേഹത്തോടെ നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ മുന്നില്‍ വെച്ച് ആ ടെലിവിഷന്‍ ചാനല്‍ തുറക്കാന്‍ നമുക്കെങ്ങനെ സാധിക്കുന്നു? അശ്ലീലതയുള്ള ഇന്റര്‍നെറ്റ് സൈറ്റുകളിലേക്ക് കണ്ണോടിക്കുവാന്‍ കഴിയുന്നതെങ്ങനെ? ഇതില്‍പരം വഷളത്തം മറ്റെന്തുണ്ട് ഈ ഭൂമിയില്‍? സ്വന്തം പിതാവിന്റെയും മാതാവിന്റേയും മുന്നില്‍വെച്ച് ഇത്തരം അശ്ലീലതകള്‍ കാണാന്‍ നമുക്ക് സാധിക്കുമോ? ഒരാള്‍ക്കും അത് ആലോചിക്കുവാന്‍ പോലും സാധിക്കുകയില്ല. എന്നാല്‍ മാതാപിതാക്കളേക്കാളും എത്രയോ ഇരട്ടി നമ്മള്‍ സ്‌നേഹിക്കേണ്ട അല്ലാഹുവിന്റെ സാന്നിധ്യം മുറിയില്‍ ഉണ്ടെന്ന് അവന്‍ തന്നെ നമ്മോട് പറഞ്ഞിട്ടും നമ്മുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴി തെറ്റുന്നുവെങ്കില്‍ അതിന് പറയുന്ന പേരല്ലേ 'വിശ്വാസക്കുറവ്''? തന്റെ ഇഛകളെ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.
ഈ സന്ദര്‍ഭം അല്ലാഹുവിനെ ഓര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവന്‍ നമ്മളില്‍ എന്തുമാത്രം പ്രീതിപ്പെടുമായിരുന്നു! കാരണം, ഏകാന്തതയുടെ ഇത്തരം പ്രലോഭനങ്ങള്‍ക്കടിപ്പെടാതെ ആരെങ്കിലും ദുഷ്പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും അല്ലാഹുവിനെ ഓര്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ദൃഢവിശ്വാസത്തിന്റെ ലക്ഷണമാണ്. അത്തരം ദൃഢവിശ്വാസങ്ങളാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അവന്റെ മാര്‍ഗത്തിലുള്ള മഹത്തരമായ വല്ല പ്രവര്‍ത്തനങ്ങളിലും അപ്പോള്‍ വ്യാപൃതനായിരുന്നെങ്കില്‍ അത് സമാധാനത്തിന്റെ ഉറവുകള്‍ നിര്‍മിക്കുമായിരുന്നില്ലേ? നമ്മുടെ അത്തരം പ്രവൃത്തികള്‍ വീക്ഷിച്ച് അല്ലാഹു അവന്റെ വലിയ വലിയ സദസ്സുകളില്‍ ചെന്ന് അഭിമാനത്തോടുകൂടി നമ്മെക്കുറിച്ച് പറയും: 'കണ്ടില്ലേ എന്റെ ഒരടിമ! ഏകാന്തതയില്‍ എന്നെ ഭയപ്പെടുന്ന, എന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റെ അടിമ!' ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാവേണ്ടതല്ലേ?
രണ്ടാമത്തെ സാന്നിധ്യം പിശാചിന്റേതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും മനുഷ്യരെ തടയാന്‍ പ്രതിജ്ഞ ചെയ്ത് വന്നിരിക്കയാണ് പിശാച്. അല്ലാഹു പറയുന്നു. 'ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയ പോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും, എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു'' (6:77). ഒറ്റക്ക് നടക്കുന്ന ആട്ടിന്‍ കുട്ടിയെയാണ് ചെന്നായ വേഗം പിടിക്കുക എന്ന പ്രവാചക വചനം നമ്മള്‍ കേട്ടതാണ്. ഏറ്റവും നല്ല സാഹചര്യത്തിലാണ് പിശാചുള്ളത്. തന്റെ ജോലി ഏറ്റവും വേഗത്തില്‍ നടപ്പാക്കുവാന്‍ കഴിയുന്ന സന്ദര്‍ഭം. അധികം പ്രയാസപ്പെടാതെത്തന്നെ അത് നടപ്പിലാക്കുവാന്‍ പിശാചിനു കഴിയും. അല്ലാഹുവിന്റെ സദ്‌വൃത്തരായ ദാസന്മാരിലൊഴികെ.
അല്ലാഹുവിന്റെ സദ്‌വൃത്തരായ ദാസന്മാര്‍ അല്ലാഹുവിനെ സദാസമയവും ഓര്‍ത്ത് കഴിയുന്നവരായിരിക്കും. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അവരുടെ ബോധ തലങ്ങളില്‍ കൊത്തിവെക്കപ്പെട്ടിട്ടുണ്ടാകും. അതിന് വിരുദ്ധമായി ആര് നിര്‍ദേശങ്ങള്‍ നല്‍കിയാലും, പ്രലോഭനങ്ങള്‍ സൃഷ്ടിച്ചാലും അത് പ്രവര്‍ത്തിക്കുകയില്ല. പരിശുദ്ധനായ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ ചതിയനും വൃത്തികെട്ടവനുമായ പിശാചിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിട്ടുകൊടുക്കുകയില്ല.
പല ന്യായീകരണങ്ങള്‍ തോന്നിപ്പിച്ച് പിശാച് തിന്മക്ക് വേണ്ടി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും; പ്രത്യേകിച്ചും യുവാക്കളുടെ കാര്യത്തില്‍. യുവത്വത്തിന്റേതായ പ്രത്യേകതകള്‍ ഒരു ന്യായീകരണമാക്കി തോന്നിപ്പിച്ചുകൊണ്ടാണത്. 'നന്നായി ജീവിക്കാന്‍ എത്രകാലമിനിയും തന്റെ മുന്നില്‍ കിടക്കുന്നു. ഇപ്പോള്‍ ചെയ്യുന്നതിനൊക്കെ പശ്ചാത്തപിച്ച് മടങ്ങാന്‍ ഇനി വരുന്ന കാലം മതിയാവുമല്ലോ. എന്തൊക്കെ വലിയ വലിയ സല്‍ക്കര്‍മങ്ങളും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും ദാനധര്‍മങ്ങളും താന്‍ ചെയ്തു കൊണ്ടിരിക്കുന്നു! അതിനിടയില്‍ ചെറിയ ചെറിയ തെറ്റുകള്‍ ഒരു പ്രശ്‌നമാവില്ല....' ഇങ്ങനെ പല രീതിയിലുള്ള ന്യായീകരണങ്ങള്‍ തോന്നിപ്പിച്ച് തിന്മയുടെ വിലകുറക്കാന്‍ പിശാച് ശ്രമിക്കുകയും നമ്മെ അതില്‍ വീഴ്ത്തുകയും ചെയ്യും. ഇങ്ങനെയൊക്കെ സംഭവിക്കും എന്നതു കൊണ്ടാണ് അല്ലാഹു അവന്റെ മാര്‍ഗത്തിലുള്ള സദ്‌വൃത്തരായ യുവാക്കള്‍ക്ക് പ്രത്യേക പദവികള്‍ നല്‍കാമെന്നേറ്റത്. ഇത്തരം പ്രലോഭനങ്ങളിലൊക്കെ അതെല്ലാം അതിജീവിച്ച് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുകയും അവന്റെ പ്രീതി പ്രതീക്ഷിക്കുകയും ചെയ്യുന്ന യുവാക്കളെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.
പിശാച് പറഞ്ഞു: ''നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തു നിന്നും ഇടത്തു നിന്നും ഞാനവരുടെ അടുത്തു ചെല്ലും'' (7:16-17). അല്ലാഹുവിന്റെ മറുപടി നമ്മള്‍ വായിക്കുക. ''മനുഷ്യരില്‍ നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും'' (7:18).
നമ്മുടെ വലത് ഭാഗത്തും ഇടത് ഭാഗത്തും ഇരുന്ന് രണ്ടു പേര്‍ എല്ലാം രേഖപ്പെടുത്തുന്നു എന്ന കാര്യം ഓര്‍ക്കുക. ''അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല'' (ഖുര്‍ആന്‍ 50:17,18). നാലാമത്തേയും അഞ്ചാമത്തേയും സാന്നിധ്യം എന്ന് പറയുന്നത് ഈ രണ്ടു പേരുമാണ്-റഖീബും അത്തീദും. അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവ നന്മയായും അല്ലാത്തവ മുഴുവന്‍ തിന്മയായും എഴുതപ്പെടും.
ഈ എഴുത്ത് അവസാനം നമ്മുടെ മുന്നില്‍ പ്രദര്‍ശിക്കപ്പെടും. അതിനെയാണ് നമ്മള്‍ കര്‍മ്മ പുസ്തകം എന്ന് പറയുന്നത്. ''അവന്റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്റെ കൈവശം തയാറുള്ളത്.'' (ഖുര്‍ആന്‍ 50:23).
ആലോചിച്ചിട്ടുണ്ടോ, അതേ മുറിയിലേക്ക് അല്ലാഹുവിന്റെ നിശ്ചയപ്രകാരം ആറാമനായ ഒരാള്‍ കൂടി വരാനുള്ള സാധ്യത? നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ക്കിടയില്‍ ആറാമനായ അവന്‍ കടന്നു വന്നാല്‍ എന്തായിരിക്കും നമ്മുടെ സ്ഥിതി? ആരാണ് ആ ആറാമന്‍ എന്ന് അത്ഭുതം കൂറേണ്ട. അത് മറ്റാരുമല്ല, മരണത്തിന്റെ മാലാഖ-അസ്‌റായീല്‍. ''ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും കണങ്കാലുകള്‍ തമ്മില്‍ കെട്ടിപ്പിണയുകയും ചെയ്യുന്ന വേള! അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം. എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്‌കരിച്ചതുമില്ല. മറിച്ച് നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു'' (ഖുര്‍ആന്‍ 75:26-32). ''മനുഷ്യന്‍ കരുതുന്നുവോ അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?'' (ഖുര്‍ ആന്‍ 75:37).
Comments