ബദല്‍ സാമ്പത്തിക ചിന്തയുമായി ഐ.സി.ഐ.എഫ്
ബദല്‍ സാമ്പത്തിക ചിന്തയുമായി
ഐ.സി.ഐ.എഫ്
ഇസ്‌ലാമിക് ബാങ്ക് ഓഫ് ബ്രിട്ടന്‍ (IBB ) അതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ആഘോഷങ്ങളുടെ ഭാഗമായി അവര്‍ 2013-ല്‍ നടത്തിയ ഒരു സര്‍വേ ഫലം പുറത്തുവിടുകയുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത 66% ആളുകളും (മുസ്‌ലിംകള്‍ മാത്രമല്ല) ഇസ്‌ലാമിക് ഫിനാന്‍സ് ആധുനിക പാശ്ചാത്യ ലോകത്തിനു അനുയോജ്യമാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. 60% ആളുകള്‍ ഇസ്‌ലാമിക് ഫിനാന്‍സ് എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും പ്രയോജനപ്രദമാണ് എന്നും വിലയിരുത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി നല്‍കിയ ഗുണപരമായ ഒരു ഫലം നിലവിലുള്ള പലിശാധിഷ്ഠിതവും ചൂഷണാത്മകവുമയ സാമ്പത്തിക ക്രമത്തിന് ബദല്‍ ആവാന്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക് കഴിയും എന്ന തിരിച്ചറിവ് ലോകമെമ്പാടുമുണ്ടായി എന്നതാണ്. ബ്രിട്ടനും മലേഷ്യയും ദുബൈയും എല്ലാം ഈ പലിശരഹിത സാമ്പത്തിക വ്യവസ്ഥയുടെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് അതിനെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ മത്സരബുദ്ധിയോടെ ഉത്സാഹിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. സിങ്കപ്പൂരും ഫ്രാന്‍സും ജപ്പാനും ഹോങ്കോങ്ങും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കൂടി അനുയോജ്യമാകുന്ന രീതിയില്‍ നിയമനിര്‍മാണം നടത്താനോ അല്ലെങ്കില്‍ നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാനോ തയാറായി. ഹോങ്കോങ്ങ് പോലെയുള്ള രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് എന്ന് ഓര്‍ക്കണം. ഇസ്‌ലാമിക ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് മാത്രമാണ് ഇവരെ ആകര്‍ഷിച്ചത് എന്ന് വ്യക്തം.
ആഗോള തലത്തിലുള്ള ചിത്രം ഇതൊക്കെ ആയിരിക്കെ ഇന്ത്യയില്‍ ഇപ്പോഴും ഇസ്‌ലാമിക് ഫിനാന്‍സ് അതിന്റെ ശൈശവ ദശയില്‍ തന്നെയാണ്. കേരളത്തില്‍ ശരീഅത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളും ചില സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലിശ രഹിത കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. പലിശയില്‍ അധിഷ്ഠിതമായ ഒരു സാമ്പത്തിക ക്രമത്തിന്റെ കെടുതികള്‍ ഒരുപാടു അനുഭവിച്ചവരാണ് രാജ്യത്തെ ദരിദ്ര ജനവിഭാഗം, പ്രത്യേകിച്ചും കര്‍ഷകര്‍. 2001 നും 2006 നും ഇടയില്‍ ഏകദേശം 14000 കര്‍ഷകര്‍ ആണ് വിദര്‍ഭയിലും തെലുങ്കാനയിലും ആത്മഹത്യ ചെയ്തത്. ഇതില്‍ എല്ലായിടത്തും പ്രധാന വില്ലന്‍ കടക്കെണി തന്നെയായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജയ്ദീപ് ഹര്‍ദിക്കര്‍ 'ലോണ്‍ ആഫ്റ്റര്‍ ലോണ്‍' എന്ന തന്റെ റിപ്പോര്‍ട്ടില്‍ 27 ഏക്കര്‍ ഭൂമി ഉണ്ടായിരുന്ന ഒരു കുടുംബം കേവലം രണ്ടു വര്‍ഷം കൊണ്ട് നാമമാത്ര കര്‍ഷകരായ സംഭവം വിവരിക്കുന്നുണ്ട്.
ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ അനുവദിക്കണം എന്ന ആവശ്യത്തിനു പ്രസക്തി വര്‍ധിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു എന്‍.ജി.ഒ ആണ് ദല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് (ഐ.സി.ഐ.എഫ്). ഡോ. നജാതുല്ലാ സിദ്ദീഖി, ഡോ. ഔസാഫ് അഹ്മദ് തുടങ്ങിയ ലോക പ്രശസ്തരായ ഇസ്‌ലാമിക സാമ്പത്തിക പണ്ഡിതര്‍ അടങ്ങിയ ഒരു ട്രസ്റ്റ് ആണ് ഐ.സി.ഐ.എഫിനെ നയിക്കുന്നത്. ഇന്ത്യയില്‍ പരമ്പരാഗത വാണിജ്യ ബാങ്കുകളുടെ കൂടെത്തന്നെ ഒരു ഇസ്‌ലാമിക് ബാങ്കിംഗ് വ്യവസ്ഥ കൂടി കൊണ്ട് വരുക എന്ന ചരിത്ര നിയോഗം ആണ് ഐ.സി.ഐ.എഫ് സ്വയം ഏറ്റെടുത്തിട്ടുള്ളത്. ഈ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് മുന്നോട്ടു പോവുകയാണ് കഴിഞ്ഞ ഒരുപാടു വര്‍ഷങ്ങളായി ഐ.സി.ഐ എഫ്.
നിലവില്‍ 1949-ലെ ബാങ്കിംഗ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലെ ചില വ്യവസ്ഥകള്‍ ആണ് പലിശരഹിത ബാങ്കുകള്‍ ഇന്ത്യയില്‍ അനുവദിക്കുന്നതിന് വിഘാതമായി വര്‍ത്തിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ ചില ഭേദഗതി വരുത്തിക്കൊണ്ട് ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ യാഥാര്‍ഥ്യമാക്കാവുന്നതേയുള്ളൂ. ഒ.ഐ.സി ഇതര രാജ്യങ്ങളില്‍ എങ്ങനെയാണ് ഇത്തരം വ്യവസ്ഥകള്‍ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ രൂപാന്തരപ്പെടുത്തിയത് എന്ന് ഐ.സി.ഐ.എഫിനു വേണ്ടി ലോവല്‍സ് (Lovells) നടത്തിയ പഠനത്തില്‍ വിശദമാക്കുന്നുണ്ട്.
ഇത്തരം വിശദാംശങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് സാധ്യമാണ് എന്നല്ല അനിവാര്യമാണ് എന്ന് നമ്മുടെ ഭരണകര്‍ത്താക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താന്‍ ഐ.സി.ഐ.എഫ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 2009-ല്‍ അന്നത്തെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായി ഐ.സി.ഐ.എഫ് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബ് കൂടിക്കാഴ്ച നടത്തി. ഡെപ്യൂട്ടി ഗവര്‍ണര്‍ ആനന്ദ് സിന്‍ഹ ഉള്‍പ്പെടെ നിരവധി റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുമായി ഐ.സി.ഐ.എഫ് പ്രതിനിധി സംഘം ചര്‍ച്ച നടത്തി. മാറിമാറി വന്ന ഫിനാന്‍സ് സര്‍വീസ് സെക്രട്ടറിമാര്‍ക്കെല്ലാം നിവേദനം സമര്‍പ്പിച്ചു. ഏറ്റവും അവസാനം വെല്ലൂര്‍ എം.പി അബ്ദുര്‍റഹ്മാന്‍, ഐ.സി.ഐ.എഫ് ജനറല്‍ സെക്രട്ടറി അബ്ദുര്‍റഖീബ്, റിസര്‍വ് ബാങ്ക് മുന്‍ നിയമോപദേഷ്ടാവും ഐ.സി.ഐ.എഫിന്റെ സന്തതസഹചാരിയുമായ ഖുര്‍ഷിദ് നജ്മി എന്നിവര്‍ അടങ്ങുന്ന ഒരു സംഘം നിലവിലെ സെക്രട്ടറി രാജിവ് ടക്രു ഐ.എ.എസുമായി ദീര്‍ഘമായി ചര്‍ച്ച നടത്തുകയും അദ്ദേഹം വളരെ അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജനെ മുമ്പ് അദ്ദേഹം സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന കാലത്ത് ഐ.സി.ഐ.എഫ് പ്രതിനിധിസംഘം സന്ദര്‍ശിച്ചിരുന്നു. 2008-ല്‍ സാമ്പത്തിക പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച കമ്മിറ്റി യുടെ (committee on Financial Sector Reforms) തലവനായിരുന്നു ഡോ. രാജന്‍. നിരന്തരമായ ഇടപെടലുകളിലൂടെ ആ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഇസ്‌ലാമിക് ഫിനാന്‍സിനെക്കുറിച്ച് രണ്ടു ഖണ്ഡിക ഉള്‍ക്കൊള്ളിക്കാനായി എന്നത് ഐ.സി.ഐ.എഫിന്റെ വലിയ നേട്ടമായിരുന്നു. ഡോ. രാജന്‍ ആണ് നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നത് പ്രത്യാശക്കു വക നല്‍കുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി പൊതുജനങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇസ്‌ലാമിക് ഫിനാന്‍സിനെ കുറിച്ച് അവബോധം ഉണ്ടാക്കാനും ഐ.സി.ഐ.എഫ് പ്രയത്‌നിക്കുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല, ഗുജറാത്ത് ലോ യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ പോലെ രാജ്യത്തെ പല പ്രമുഖ കലാലയങ്ങളിലും ഐ.സി.ഐ.എഫ് ഈ വിഷയകമായി സെമിനാറുകള്‍ നടത്തി. ഇസ്‌ലാമിക് ഫിനാന്‍സില്‍ ഗവേഷണം നടത്തുന്ന അനവധി വിദ്യാര്‍ഥികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വേണ്ടി ഐ.സി.ഐ.എഫിനെ സമീപിക്കാറുണ്ട്. വിജ്ഞാന സമ്പുഷ്ടമായ ഐ.സി.ഐ.എഫ് വെബ്‌സൈറ്റ് (www.icif.in) നിരവധി പേര്‍ ഉപയോഗപ്പെടുത്തുന്നു.
Comments