Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

നിലവിലെ കാലത്തിന് പാകപ്പെടാതെ പുതിയ വഴി കീറുന്നവര്‍

മുഹമ്മദ് ശമീം / കവര്‍‌സ്റ്റോറി

പരിവര്‍ത്തനോന്മുഖമായ ചിന്തയും പുതുലോകസൃഷ്ടിക്കു വേണ്ടിയുള്ള പരിശ്രമവുമാണ് വിപ്ലവകാരികളെ സൃഷ്ടിക്കുന്നത്. ജീവിതത്തിന് പുതിയ വഴികള്‍ വെട്ടുന്നതിനു വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി അവര്‍ മറ്റെല്ലാം മറന്ന് ഉദ്യമിക്കുന്നു. അതേസമയം നിലനില്‍ക്കുന്ന അനൈതിക വ്യവസ്ഥകളോട് പൊരുത്തപ്പെട്ടവരും അതിന്റെ ഗുണമനുഭവിക്കുന്നവരും ഭീരുക്കളുമായ വലിയൊരു വിഭാഗം, പരിവര്‍ത്തനകാരികളോട് അസഹിഷ്ണുക്കളാവുകയും പല രീതിയിലും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മൂസാ പ്രവാചകന്റെ കഥ പറയുമ്പോള്‍ വേദഗ്രന്ഥം വിവരിക്കുന്നൊരു കാര്യമുണ്ട്. ചെറിയൊരു വിഭാഗം ചെറുപ്പക്കാരല്ലാതെ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോട് പൂര്‍ണമായി സഹകരിക്കാന്‍ സ്വന്തം ജനതയില്‍ത്തന്നെ പെട്ട മറ്റാരും തയാറായില്ലെന്ന്. ഒരു ക്രൂരസ്വേച്ഛാധിപത്യത്തിനും, വരേണ്യവും വംശീയവുമായ ഒരു ദേശീയവാദത്തിനും കീഴില്‍ സ്വത്വക്ഷതം തന്നെ സംഭവിച്ച അതേ ജനതയുടെ വിമോചനത്തിനു വേണ്ടിയാണ് മൂസാനബി പൊരുതിയിരുന്നതെന്നോര്‍ക്കണം.
എന്‍.എന്‍ കക്കാടിന്റെ 'വഴി വെട്ടുന്നവരോട്' എന്ന കവിത ആരംഭിക്കുന്നതിങ്ങനെ: 'ഇരുവഴിയില്‍ പെരുവഴിനല്ലൂ, പെരുവഴിയേ പോ ചങ്ങാതീ...' വഴികള്‍ രണ്ടെണ്ണം മുന്നിലുള്ളപ്പോള്‍ നീ തെരഞ്ഞെടുക്കേണ്ടത് അതില്‍ വലിയ വഴി. എന്നുവെച്ചാല്‍ പ്രയാസരാഹിത്യത്തിന്റെയും സ്വകാര്യ ഭോഗസുഖങ്ങളുടെയും വഴി. ഇരുവഴികളെക്കുറിച്ചൊരു പരാമര്‍ശം ഖുര്‍ആനിലുണ്ട്. അതിലും പെരുവഴിയേ പോകാന്‍ ഇഷ്ടപ്പെടുന്നവരും പ്രേരിപ്പിക്കുന്നവരുമാണ് സമൂഹത്തില്‍ ബഹുഭൂരിപക്ഷമെന്നാണ് പറയുന്നത്. ''ക്ലേശത്തിന്റെ വഴി താണ്ടാന്‍ അധികമാരും തയാറാവുന്നില്ല, എന്നാല്‍ എന്താണ് ക്ലേശത്തിന്റെ വഴി?'' എന്ന് ചോദിച്ചുകൊണ്ട് ഖുര്‍ആന്‍ (സൂറഃ അല്‍ബലദ്) ഒന്നാമതായി പറയുന്നത് ''അത് മനുഷ്യന്റെ പിരടികളെ ബന്ധനവിമുക്തമാക്കലാണ്'' എന്നാണ്. അതായത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തരസമരം. രണ്ടാമതായി അത് വറുതിയുടെ ദിനങ്ങളെ അഭിമുഖീകരിക്കുന്നവര്‍ക്ക് ആഹാരം നല്‍കലാകുന്നു. അതായത് മനുഷ്യര്‍ക്ക് സേവനം ചെയ്യുക. മൂന്നാമതായി മാത്രം വിശ്വാസത്തെക്കുറിച്ചു പറയുന്നു. താന്‍ തനിക്കു വേണ്ടി മാത്രമായല്ലാതെ ജീവിക്കുക എന്നതാണ് പൊതുവില്‍ ഇതിന്റെ ആശയം. ഇപ്രകാരം നീതിയിലൂടെയും നന്മയിലൂടെയും പ്രതിബദ്ധതയിലൂടെയും അവനൊരു പുതുവഴി വെട്ടുകയാണ്. അതാണ് ആത്മീയതയുടെ വഴിയെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അതാകട്ടെ, ചെങ്കുത്തായ മലകയറ്റം പോലെ ക്ലേശഭരിതമാണ്. തീവ്രമായ നോവുകളനുവര്‍ത്തിച്ചു കൊണ്ടു മാത്രമേ ഇതില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ.
നാടോടുമ്പോള്‍ നടുവേ ഓടിയാല്‍ മതിയെന്നതാണല്ലോ നമുക്കു പലപ്പോഴും കിട്ടാറുള്ള, നാം പലര്‍ക്കും നല്‍കാറുള്ള വിദഗ്‌ധോപദേശം. ഓ, നീയൊരാള്‍, അല്ലെങ്കില്‍ ഞാനൊരാള്‍ വിചാരിച്ചാലൊന്നും ഈ നാട് നന്നാവാമ്പോണില്ല. അതിനാല്‍ത്തന്നെ തല്‍ക്കാലം സുഖായിട്ടങ്ങോട്ടു ജീവിക്കുക. മറ്റൊന്നും ആലോചിക്കേണ്ടതില്ല. ഇപ്രകാരം സുലഭമായിട്ടു കിട്ടുന്ന ഉപദേശത്തെക്കുറിച്ചാണ് കക്കാടിന്റെ കവിതയില്‍ ആദ്യമേ തന്നെ പറയുന്നത്. പുരോഗമന ചിന്തകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ പരിഹസിക്കുകയാണ് കവി.
പുതുവഴി വെട്ടി, അതിലൂടെ കരുത്തോടെ മുന്നേറി വിജയം വരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് കവി പറയുന്നു. ഒരു പാടുണ്ട് ദുരിതങ്ങള്‍. കവിയുടെ ഭാഷയില്‍: 'പെരുവഴി കണ്‍മുന്നിലിരിക്കെ, പുതുവഴി നീ വെട്ടുന്നാകില്‍, പലതുണ്ടേ ദുരിതങ്ങള്‍.' അടിയുറച്ചു പോയ ആചാരങ്ങളുടെയും മാമൂലുകളുടെയും അവയെല്ലാം ചേര്‍ന്നു താങ്ങിനിര്‍ത്തുന്ന അധീശവ്യവസ്ഥയുടെയും നേരെയുള്ള പോരാട്ടമാണത്. അതിനാല്‍ത്തന്നെ, വഴി വെട്ടാന്‍ പോകുന്നവന്‍ പല നോവുകള്‍ നോല്‍ക്കേണം, പലകാലം തപസ്സുചെയ്ത്, പല പീഡകളേല്‍ക്കേണം. ഈ പീഡകളും കവി വിവരിക്കുന്നുണ്ട്. അതേയവസരം ഈ നോവുകളെല്ലാം നോറ്റ്, പീഡകളെല്ലാം സഹിച്ച് പുതുവഴി വെട്ടി വിജയിക്കുന്നവനോ, സമൂഹമവനെ ആദരിക്കുന്നുവെന്ന വ്യാജേന ബലി കൊടുത്തു രക്തസാക്ഷിയാക്കുന്നു. നൂതന പ്രവണതകളെ ഒരിക്കലുമംഗീകരിക്കാത്ത സമൂഹം എപ്പോഴും ആദര്‍ശധീരന്മാരെ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്നു. പലകാലം കൊണ്ടിവ താണ്ടി, പുതുവഴി നീ വെട്ടുന്നാകില്‍, പലവഴിയെ പൂമാലകളും, തോരണവും കുലവാഴകളും.. അങ്ങനെയങ്ങനെ. പിന്നെ നിറപറ, താലപ്പൊലി, കുരവ, കുത്തുവിളക്ക്, പൊന്‍പട്ടം കെട്ടിയോരാനക്കൊമ്പനുമമ്പാരിയും ഒക്കെയായി എഴുന്നള്ളിപ്പ്. എന്തിനെന്നാല്‍; വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ, വഴിപോല്‍ മാനിക്കണമല്ലോ. ഒടുക്കം എഴുന്നള്ളിച്ചു കൊണ്ടുപോയി അവനെ കാളിക്കു ബലി നല്‍കുകയും ചെയ്യുന്നു. പിന്നെ അവന്റെ പേരില്‍ മണ്ഡപം, കാലാകാലം 'വഴി വെട്ടും വേല,' അവന്‍ വെട്ടിയ വഴിക്ക് പെരുമൂപ്പന്‍ വഴിയെന്നു പേര്.. എത്ര ആര്‍ഭാടമായിട്ടാണ് സമൂഹം മഹത്തുക്കളെയും ആദര്‍ശവാന്മാരെയും കൊന്നു കുഴിച്ചു മൂടുന്നത്! സത്യത്തില്‍ തുടക്കത്തിലെ നിരാകരണത്തെക്കാള്‍ ഭീകരമാണ് പിന്നീടുള്ള ഈ 'അംഗീകാരം.' എന്നിട്ടോ, അവര്‍ വെട്ടിയ വഴിയിലൂടെ സഞ്ചരിക്കാമെന്നല്ല ഈ ആരാധകന്മാര്‍ പറയുന്നത്. മറിച്ച് ഞങ്ങളിനിയും പഴയ വഴിയില്‍ത്തന്നെയായിരിക്കും യാത്ര. നീ വെട്ടിയ വഴി ആരും തൊട്ടശുദ്ധമാക്കാതെ, പവിത്രമാക്കി ഞങ്ങള്‍ പരിപാലിച്ചോളാം. എത്ര ശരിയായാണ് സമൂഹത്തിന്റെ മനോഗതങ്ങളെ കവി പകര്‍ത്തുന്നത്. ആ വരികളിങ്ങനെ: ''നീ വെട്ടിയ വഴിയിലൊരുത്തന്‍, കാല്‍ കുത്തിയശുദ്ധി വരുത്താന്‍, ഇടയാകാതെങ്ങള് കാപ്പോം, ഇനി നീ പോ ചങ്ങാതി, പെരുവഴിയേ പോകും ഞങ്ങള്‍, പുതുവഴി വഴിപാടിന് മാത്രം.''
കവി മുന്നറിയിപ്പു നല്‍കുന്ന പല നോവുകള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ജീവിതപുരോഗതിയുടെ ആധാരമായിത്തീരുന്നത് എന്ന് നാമോര്‍ക്കേണ്ടതാണ്. ഈ ത്യാഗങ്ങളും വ്യഥകളുമേറ്റെടുത്തവരാണ് മഹാമനീഷികള്‍. അധിനിവേശത്തിനും അനീതിക്കുമെതിരെ പട നയിച്ചവര്‍. മനുഷ്യന്റെ മോചനത്തിനും ജനതയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി ജയിച്ചവര്‍. പെരുവഴിയേ പോയി സ്വജീവിതം ഭദ്രമാക്കിക്കളയാമെന്ന് അവരാലോചിച്ചില്ല. ലോകത്തിന്റെ സ്വാസ്ഥ്യത്തിനും മനുഷ്യസ്വാതന്ത്ര്യത്തിനുമായി അവര്‍ നോവുകളനവധി നോറ്റു.
നോവുകളേല്‍ക്കാനുള്ള മനസ്സില്ലെങ്കില്‍പ്പിന്നെ നിനക്ക് പെരുവഴി സഞ്ചാരം തന്നെ നല്ലതെന്നു കൂടിയാണല്ലോ ഇതില്‍ പറയുന്നത്. അതായിരിക്കും പലപ്പോഴും സമൂഹത്തിലെ 'പക്വതയും പാകതയും അനുഭവസമ്പത്തും' കൈവന്നവരുടെ തീരുമാനം. അവരതിനെയാവും പ്രോല്‍സാഹിപ്പിക്കുക. പരിവര്‍ത്തന വാഞ്ഛയെയും പുതുവഴി വെട്ടാനുള്ള നിശ്ചയദാര്‍ഢ്യത്തെയും വേദഗ്രന്ഥത്തില്‍ ചെറുപ്പം എന്നു വിശേഷിപ്പിക്കുന്നുണ്ട്. മൂസാ പ്രവാചകന്റെ കൂടെ നിന്നവരുടെ കഥ ഖുര്‍ആന്‍ വിവരിച്ചതിനെപ്പറ്റി മുകളില്‍ പറഞ്ഞല്ലോ. അവരെ ചെറുപ്പക്കാര്‍ എന്നു തന്നെ ഖുര്‍ആന്‍ വിശേഷിപ്പിക്കുകയാണ്. പ്രായത്തിന്റെ മൂപ്പും ഇളപ്പവുമാവില്ല ഒരു പക്ഷേ ഇവിടുദ്ദേശിച്ചിട്ടുണ്ടാവുക. എന്തെന്നാല്‍ സമൂഹത്തിലെ സ്വേച്ഛാധിപത്യത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അതിദാര്‍ഢ്യത്തോടെയെണീറ്റു നിന്നു ശബ്ദിച്ച മറ്റൊരു വിഭാഗത്തെയും ചെറുപ്പക്കാര്‍ എന്നു തന്നെ വേദഗ്രന്ഥം വിശേഷിപ്പിച്ചിട്ടുണ്ട് (സൂറഃ അല്‍ കഹ്ഫ് 13-14). പ്രവാചകനായ ലൂത്വ് തന്റെ സമൂഹത്തിന്റെ ധാര്‍മികമായ പുനഃസൃഷ്ടിക്കു വേണ്ടി യത്‌നിച്ചപ്പോള്‍, പെരുവഴിയില്‍ സഞ്ചരിക്കുന്നതു തന്നെയാണ് നല്ലത് എന്നുപദേശിക്കുകയും പരിവര്‍ത്തനശ്രമങ്ങള്‍ക്ക് വിലങ്ങു നില്‍ക്കുകയും ചെയ്ത, അദ്ദേഹത്തിന്റെ പത്‌നിയെ ഖുര്‍ആന്‍ കിഴവി എന്നും പറയുന്നുണ്ട്. ജീവിതത്തെ മാറ്റിപ്പണിയലല്ല, മറിച്ച് ഒഴുക്കിനൊത്തു നീന്തുന്നതു തന്നെയാണ് നല്ലത് എന്നുപദേശിക്കുന്നവരാണവര്‍.
ഇത്തരത്തില്‍ അനുരഞ്ജനമനസ്സുള്ളവരുടെ ആധിക്യം സമൂഹത്തെ അതിന്റെ വൈകല്യങ്ങളില്‍ത്തന്നെ ഉറപ്പിച്ചു നിര്‍ത്തുകയും, തിരിച്ചറിവും പരിവര്‍ത്തനബോധവുമുള്ളവര്‍ പോലും അവസാനം വഴങ്ങിക്കൊടുക്കേണ്ടി വരികയും ചെയ്യാറുണ്ട്.
വിഖ്യാതമായ ഒരു സൂഫിക്കഥയുണ്ട്. നാട്ടിലെ കിണറ്റില്‍ വിഷം കലര്‍ന്നതായും അതിലെ വെള്ളം കുടിക്കുന്നവര്‍ ഭ്രാന്തന്മാരായിത്തീരുമെന്നും വെളിപാടു ലഭിച്ച ഒരു ഗുരു ഈ കിണറ്റില്‍ നിന്ന് മേലിലാരും വെള്ളം കുടിക്കരുതെന്ന് നാട്ടുകാര്‍ക്കെല്ലാം മുന്നറിയിപ്പു നല്‍കി. എന്നാല്‍ ആരും അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കിണറ്റില്‍ നിന്ന് വെള്ളം കുടിച്ച നാട്ടുകാരെല്ലാവരും ഉന്മാദം ബാധിച്ചവരെപ്പോലെ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. ഗുരു ദുഃഖാകുലനായി. ഭ്രാന്തു ബാധിച്ച നാട്ടുകാരില്‍നിന്ന് അല്‍പം അകലം പാലിച്ചും എന്നാല്‍ തന്നെക്കൊണ്ടാവും വിധത്തില്‍ എല്ലാവരെയും സഹായിക്കാന്‍ ശ്രമിച്ചും ഗുരു കഴിഞ്ഞുകൂടി. അതോടെ നാട്ടുകാര്‍ ഒരു നിഗമനത്തിലെത്തി. തങ്ങളുടെ ഗുരുവിന് ഭ്രാന്തായിരിക്കുന്നു! അന്നാട്ടില്‍ സമനിലയുള്ളയാളായി യഥാര്‍ത്ഥത്തില്‍ ഗുരു മാത്രമാണല്ലോ ഉണ്ടായിരുന്നത്. എന്നാല്‍ അത്യുന്മാദികളായ സമൂഹത്തിനു മുന്നില്‍ ഗുരുവായി ഭ്രാന്തന്‍. ഭ്രാന്തനായ ഗുരുവിനെ ഇനി വച്ചേക്കരുതെന്നും കൊന്നുകളയുകയോ നാട്ടില്‍ നിന്നോടിച്ചു കളയുകയോ ചെയ്‌തേക്കണമെന്നും നാട്ടുകാര്‍ തീരുമാനിച്ചു. അതോടെ ഭയന്നു പോയ ഗുരു സ്വയം തന്നെ ആ കിണറ്റിലെ വെള്ളം കുടിക്കുകയും ഭ്രാന്തനായിത്തീരുകയും ചെയ്തു. ജനത്തിനു സമാധാനമായി, തങ്ങളുടെ ഗുരുവിന്റെ ഭ്രാന്ത് മാറിക്കിട്ടിയല്ലോ. യഥാര്‍ഥ ഗുരുക്കന്മാര്‍ യഥാര്‍ത്ഥ വഴികാട്ടികളും യഥാര്‍ത്ഥ വിപ്ലവകാരികളുമായിരിക്കും. സമൂഹം ഉന്മാദിച്ചോടുമ്പോള്‍ അതേ ഭ്രാന്തിലൂടെത്തന്നെ താനും സഞ്ചരിക്കുക എന്ന വിചാരം ഒരിക്കലും മഹാന്മാരെ സൃഷ്ടിക്കുകയില്ല. കക്കാടിന്റെ കവിതയില്‍പ്പറഞ്ഞതു പോലെ നോവു നോല്‍ക്കുന്ന കലാപകാരികളായിത്തീരാന്‍ യത്‌നിക്കണം. കവി മുഖ്യമായും പുതുവഴികള്‍ വെട്ടുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ പരിഹസിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ നോവു നോല്‍ക്കാന്‍ സന്നദ്ധനായ വഴി വെട്ടുകാരന്‍ ആണ് നമ്മുടെ വിഷയം. ത്യാഗബോധത്തിലൂടെയാണ് അത്തരം പുതുവഴിവെട്ടുകാര്‍ ഉണ്ടായിത്തിരുന്നത്. ഭ്രാന്തുകളുല്‍പാദിപ്പിക്കുന്ന കിണറുകള്‍ തകര്‍ക്കുന്നതിന് ശ്രമം ചെയ്യാനുള്ളൊരാര്‍ജവം. ത്യാഗങ്ങളനുവര്‍ത്തിക്കാനും ഉറച്ചു നില്‍ക്കാനുമുള്ള സന്നദ്ധത.
ബുദ്ധനും മിശിഹയും നബിയുമൊക്കെ ഇപ്രകാരം പുതുവഴി വെട്ടുന്നതിന് നോവു നോറ്റവരാണ്. നിലനില്‍ക്കുന്ന അധീശവ്യവസ്ഥയെയും അതിനെ താങ്ങിനിര്‍ത്തുന്ന പൗരോഹിത്യത്തെയും അവര്‍ ശക്തമായി ചോദ്യം ചെയ്തിരുന്നു. പനിച്ചു കിടന്ന നബിക്ക്, പുതച്ചിരിക്കുന്ന പുതപ്പു വലിച്ചെറിഞ്ഞുണര്‍ന്നുയരാനുള്ള വെളിപാടു ലഭിച്ചു. പുതപ്പ് ഒരടയാളമാകുന്നു. സമൂഹത്തില്‍ ഘനീഭവിച്ചു കിടക്കുന്ന ഘനാന്ധകാരങ്ങളുടെ അടയാളം. പ്രവാചകന്‍ സ്വയം ഉന്നതമായൊരു വ്യക്തിത്വം വച്ചു പുലര്‍ത്തിയിരുന്നെങ്കിലും അതു പോരായിരുന്നു. ഈ പുതപ്പിനടിയില്‍ ചുരുണ്ടു കൂടിക്കൊണ്ടൊരാള്‍ താന്‍ സ്വയം വിശുദ്ധനാണെന്നു ഭാവിക്കുന്നതിലര്‍ത്ഥമൊന്നുമില്ല. അതിനാല്‍ പുതപ്പു തട്ടിമാറ്റാനാണ് മുഹമ്മദ് കല്‍പിക്കപ്പെട്ടത്. റോമാ സാമ്രാജ്യത്വത്തോടും യൂദ പൗരോഹിത്യത്തോടും കലഹിച്ച യേശു, യൂദ പുരോഹിതന്മാരെ വിശേഷിപ്പിച്ചത് വെള്ള പൂശിയ ശവക്കല്ലറകള്‍ എന്നായിരുന്നു. അത് പുറമേക്ക് വെളുപ്പും മിനുപ്പുമാര്‍ന്നിരിക്കുന്നുവെങ്കിലും അകമേ മരിച്ചു മണ്ണടിഞ്ഞവരുടെ ജീര്‍ണാവശിഷ്ടങ്ങളാണല്ലോ. അധികാരസ്ഥാനത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയുമാണിവിടെ യേശു. മുഹമ്മദ് നബിയുടെ ജനനവൃത്താന്തത്തിന്റെ കാവ്യാത്മകമായൊരാവിഷ്‌കാരത്തില്‍, തിരുമേനിയുടെ ജനനനേരത്ത് മജൂസി ക്ഷേത്രത്തിലെ തീയണയുകയും സാമ്രാട്ടായ കിസ്രായുടെ കൊട്ടാരത്തിന്റെ തൂണുകള്‍ കുലുങ്ങുകയും ചെയ്തതായി സങ്കല്‍പിക്കുന്നുണ്ട്. ഒരേ സമയം പുരോഹിതാധികാരത്തിനും രാഷ്ട്രീയാധീശത്വത്തിനുമെതിരായ കലഹത്തെയാണിത് അടയാളപ്പെടുത്തുന്നത്. ജാതിവ്യവസ്ഥയ്ക്കും ഉച്ചനീചത്വത്തിനുമെതിരെ ശക്തമായ കലാപമാണ് ശ്രീബുദ്ധന്‍ അഴിച്ചു വിട്ടത്. ഇതിന്റെയെല്ലാം പേരില്‍ ഈ മഹാചാര്യന്മാര്‍ അനുഷ്ഠിക്കേണ്ടി വന്ന യാതനകള്‍, നോല്‍ക്കേണ്ടി വന്ന നോവുകള്‍ നിരവധി.
എല്ലാവര്‍ക്കും ഭ്രാന്തായിരിക്കേ, ഞാനും ഭ്രാന്തനായിത്തന്നെ ജീവിക്കുന്നുവെന്നു തീരുമാനിക്കുന്നവര്‍ക്ക് ലോകത്തിനു വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും നല്‍കാന്‍ കഴിയുന്നില്ല. അവരാരുമൊട്ടും അനുസ്മരിക്കപ്പെടുന്നുമില്ല. മറ്റുള്ളവര്‍ക്കു വേണ്ടിയും കൂടി നില കൊള്ളുകയും സത്യത്തില്‍ സഞ്ചരിക്കുകയും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പൊരുതുകയും ചെയ്യുന്നവരെ ചരിത്രം ആദരവോടെ സൂക്ഷിച്ചു വെക്കുന്നു. അതത്രേ പ്രവാചകന്മാരുടെ വഴി. എന്നാലോ, കാലക്രമത്തില്‍ പ്രവാചകന്മാരും പൂജാബിംബങ്ങളായി മാറി. അവര്‍ പ്രതിഷ്ഠിക്കപ്പെട്ടു. അവരുടെ പേരില്‍ വേലകളും നേര്‍ച്ചകളുമനവധി നിറവേറി. എന്നാലവര്‍ വെട്ടിത്തളിച്ച വഴിയോ? കവിയെത്തന്നെ വീണ്ടുമുദ്ധരിച്ചാല്‍: ''നീ വെട്ടിയ വഴിയിലൊരുത്തന്‍, കാല്‍ കുത്തിയശുദ്ധി വരുത്താന്‍, ഇടയാകാതെങ്ങള് കാപ്പോം, ഇനി നീ പോ ചങ്ങാതി, പെരുവഴിയേ പോകും ഞങ്ങള്‍, പുതു വഴി വഴിപാടിന് മാത്രം.''
മനുഷ്യഗളങ്ങളെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കലും ക്ലേശത്തിന്റെ ഇടങ്ങളില്‍ ആഹാരമെത്തിക്കലുമാണ് ആത്മീയസാക്ഷാത്കാരത്തിന്റെ വഴികളെന്ന, ഖുര്‍ആനികാധ്യാപനത്തെപ്പറ്റി പറഞ്ഞു. നുകങ്ങളില്‍നിന്ന് ബന്ധിതനെ മോചിപ്പിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന് ബൈബിളും പഠിപ്പിക്കുന്നുണ്ട്. നീതിയെച്ചൊല്ലി പീഡയേല്‍ക്കേണ്ടി വരുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു പ്രഖ്യാപിച്ചു ക്രിസ്തു. അവരാണ് നീതിയുടെ കൊടിയുയര്‍ത്തുക, ദൈവത്തെ കാണുക എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. അതിനാല്‍ നോവു തന്നെ ശ്രേഷ്ഠമായ നോമ്പ്.
കെ.ഇ.എന്നിന്റെ പ്രഭാഷണത്തില്‍ കേട്ട ഒരു കഥ പറയാം. അധ്യാപകന്‍ ക്ലാസിലെടുത്തു കൊണ്ടിരിക്കുന്ന കവിത ഒരു ചൈനീസ് കഥയെ ആധാരമാക്കിയുള്ളതായിരുന്നു. ഒരു മഹാപ്രഭുവിനൊരിക്കലൊരുണ്ണി പിറന്നു. (പ്രഭുക്കന്മാരാണ് ശ്രേഷ്ഠമനുഷ്യന്മാര്‍ എന്ന് ചൈനക്കാര്‍ കരുതിയിരുന്നു. പ്രഭുക്കന്മാരല്ല, നീതിമാന്മാരാണ് ശ്രേഷ്ഠന്മാര്‍ എന്ന് ചൈനക്കാരെ പഠിപ്പിച്ചത് കങ് ഫ്യു ചിസാണ്. ശ്രേഷ്ഠമനുഷ്യന്മാര്‍ക്ക് അദ്ദേഹം പല നിര്‍വചനങ്ങളും നല്‍കി. എല്ലാം പ്രഭുത്വത്തെ നിരാകരിക്കുന്നവയായിരുന്നു. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴോ, പ്രഭുക്കന്മാരുടെ പല പിതൃദൈവങ്ങളിലൊന്നായി കങ് ഫ്യു ചിസും പ്രതിഷ്ഠിക്കപ്പെട്ടു). കഥയിങ്ങനെ തുടരുന്നു. പ്രഭുവിന്റെ കുഞ്ഞിനെക്കാണാന്‍ പലരുമെത്തി. അവരെല്ലാം കുഞ്ഞിന്റെ ഉല്‍കൃഷ്ടതയെപ്പറ്റി പലതും പറഞ്ഞു കൊണ്ടിരുന്നു. ശോഭനമായ ഭാവി അവര്‍ കുഞ്ഞിന് പ്രവചിക്കുകയും ചെയ്തു. സന്തുഷ്ടനായ പ്രഭു എല്ലാവര്‍ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
സത്യം മാത്രമേ പറയൂ എന്ന ദൃഢപ്രതിജ്ഞ ചെയ്തിട്ടുള്ള ഒരാളുണ്ടായിരുന്നു. അയാളും കുഞ്ഞിനെ കാണാന്‍ വന്നു. പ്രഭുവിന്റെ കുഞ്ഞിനെപ്പറ്റി എന്തെങ്കിലും പറഞ്ഞേ പറ്റൂ. എന്നാല്‍ സകലരും പറയുന്ന പ്രകീര്‍ത്തനങ്ങള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത, വീണ്‍വാക്കുകള്‍ മാത്രമായിരുന്നു എന്നയാള്‍ക്കറിയാം. അയാള്‍ക്കാകട്ടെ, സ്വയം ബോധ്യമില്ലാത്ത ഒരു കാര്യം പറയാനും വയ്യ. അങ്ങനെയയാള്‍ പ്രഭുവിനോടു പറഞ്ഞു: ''പ്രഭോ. എനിക്ക് ഈ കുഞ്ഞിന്റെ ഭാവിയെപ്പറ്റി അറിയാവുന്നൊരേയൊരു കാര്യം ഇതു മാത്രമാണ്. എല്ലാവരേയും പോലെ ഒരു നാള്‍ ഈ കുഞ്ഞും മരിക്കും.'' പ്രഭു ക്ഷുഭിതനായി. അയാളുടെ സേവകന്മാര്‍ വന്ന് സത്യവാനായ മനുഷ്യനെ തല്ലിച്ചതയ്ക്കുകയും ചെയ്തു.
കഥ പറഞ്ഞ് അധ്യാപകന്‍ കുട്ടികളോട്, നിങ്ങളാണെങ്കില്‍ എന്തു പറയും എന്നു ചോദിച്ചു. കുറേ നേരം ആരും ഒന്നും മിണ്ടിയില്ല. കൂട്ടത്തിലേറ്റവും ധീരനായൊരു കുട്ടി എഴുന്നേറ്റു നിന്നിട്ടിങ്ങനെ പറഞ്ഞു: ''സര്‍, ഞങ്ങള്‍ക്ക് സത്യം പറയണമെന്നുണ്ട്. സത്യം മാത്രം പറയണമെന്നുണ്ട്. പക്ഷേ അടി കൊള്ളാന്‍ വയ്യ.'' അടി കൊള്ളാന്‍ വയ്യെങ്കില്‍പ്പിന്നെങ്ങനെ സത്യം പറയും? നോവുകളേല്‍ക്കാതെ പുതുവഴികളെങ്ങനെ വെട്ടും?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം