മാഹിറുല്‍ ഖാദിരി- എഴുത്തും സാഹിത്യവും സമൂഹ നന്മക്കുതകണം എന്ന് വിശ്വസിച്ച കവി
ഉര്‍ദു ഭാഷക്കും സാഹിത്യത്തിനും കനപ്പെട്ട സംഭാവനകളര്‍പ്പിച്ച സാഹിത്യകാരന്‍, മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവും സാമ്പത്തികവുമായ അഭ്യുന്നതിക്കുവേണ്ടി യത്‌നിച്ച പണ്ഡിതന്‍, അതായിരുന്നു മാഹിറുല്‍ ഖാദിരി എന്ന തൂലിക നാമത്തില്‍ അറിയപ്പെട്ടിരുന്ന മന്‍സ്വൂര്‍ ഹുസൈന്‍ സ്വിദ്ദീഖി. ബഹുദൈവത്വത്തോടും അന്ധവിശ്വാസങ്ങളോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഖാദിരി, ഇരുപതാം നൂറ്റാണ്ടില്‍ അല്ലാമാ ഇഖ്ബാലിന് ശേഷം ഇസ്‌ലാമിക ചിന്തക്ക് കലാവിഷ്‌കാരം നല്‍കിയ പ്രതിഭകളില്‍ ഒരാളാണ്.
ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹ്‌റില്‍ 1907ല്‍ ജനനം. മതഭക്തനും കവിയുമായിരുന്നു പിതാവ് മുഹമ്മദ് മഅ്ശൂഖ് അലി ദരീഫ്. ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളില്‍ പ്രാവീണ്യം നേടിയ മാഹിര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1926ല്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെട്രിക് കോഴ്‌സ് പാസായി.
പിതാവ് അലി ദരീഫില്‍നിന്ന് അനന്തരമായി കിട്ടിയ കാവ്യാഭിരുചി 13-ാം വയസ്സില്‍ തന്നെ മാഹിറിനെ കാവ്യലോകത്തെത്തിച്ചു. 1924-ല്‍ ആദ്യ ഗസല്‍ വെളിച്ചം കണ്ടു. മൗലാനാ അബ്ദുല്‍ ഖദീര്‍ ബദായൂനിയുടെ ഖാന്‍ഗാഹില്‍ അല്‍പകാലം കഴിച്ചുകൂട്ടി. പിന്നീട് ഉപജീവനം തേടി ഹൈദരാബാദ് ദക്കനില്‍ എത്തി അവിടെ താമസമാക്കി.
വായിക്കാനും പഠിക്കാനും ഈ ഘട്ടത്തില്‍ കൂടുതല്‍ സന്ദര്‍ഭം ലഭിച്ചത് അറിവിന്റെ പരിപോഷണത്തിന് വഴിവെച്ചു. അവിടത്തെ സാഹിതീയ അന്തരീക്ഷവും പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള സഹവാസവും വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചു. 10 വര്‍ഷത്തിന് ശേഷം ബിജ്‌നൂരിലെത്തി അല്‍മദീന പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി. ബാലമാസിക ഗന്‍ഞ്ചയുടെ എഡിറ്റര്‍ പദവിയും വഹിച്ചു. അക്കാലത്ത് മദീനയുടെ പ്രസാധനം നിലച്ചതിനെ തുടര്‍ന്ന് വീണ്ടും ഹൈദരാബാദിലെത്തി.
മുംബൈയിലെത്തുന്നതും സിനിമാ ലോകത്തെ സാഹിത്യ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കുന്നതും 1944-ല്‍. അവിടത്തെ കവി സദസ്സില്‍ നിറസാന്നിധ്യമായി. സിനിമകള്‍ക്കു വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചു. പണ സമ്പാദനത്തിന് പറ്റിയ മണ്ണായിരുന്നെങ്കിലും മുംബൈയിലെ സാമൂഹിക സാഹചര്യം അദ്ദേഹത്തിന് പഥ്യമായില്ല. തന്റെ വ്യക്തിത്വത്തിനും മതബോധത്തിനും ആ സാഹചര്യവുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ 1946ല്‍ ദല്‍ഹിയിലേക്ക് മടങ്ങി. വിഭജനത്തെ തുടര്‍ന്ന് ആദ്യം മുല്‍ത്താനിലേക്കും പിന്നീട് കറാച്ചിയിലേക്കും കുടിയേറി. കറാച്ചിയില്‍ സ്ഥിരതാമസമാക്കി.
മാഹിറുല്‍ ഖാദിരിയുടെ വ്യക്തിത്വത്തിന് ബഹുമുഖത്വമുണ്ട്. കവിത, ചരിത്രം, നിരൂപണം, വിശകലനം, ഗവേഷണം, പത്രപ്രവര്‍ത്തനം, ഭാഷാപഠനം, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ രചനയുടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യാപരിച്ച വ്യക്തിത്വം. ഹൈദരാബാദിലായിരുന്നപ്പോള്‍ അബ്ദുല്‍ ഖദീര്‍ ബദായൂനി, നവാബ് ബഹാദുര്‍യാര്‍ ജങ്ക്, സയ്യിദ് മൗദൂദി, മൗലാനാ മനാളിര്‍ അഹ്‌സന്‍ ഗീലാനി തുടങ്ങിയ പ്രതിഭാധനരുമായുള്ള ബന്ധമാണ് അദ്ദേഹത്തെ സമഗ്രവ്യക്തിത്വത്തിനുടമയാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയില്‍ അദ്ദേഹം അംഗത്വമെടുത്തിരുന്നില്ല. എങ്കിലും സംഘടനയോട് വീക്ഷണപരമായി അഗാധ ബന്ധം കാത്തുസൂക്ഷിച്ചു. രാജ്യത്ത് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, അവസരം ലഭിക്കുമ്പോള്‍ അവിടെ പ്രഭാഷണം നിര്‍വഹിച്ചിട്ടുമുണ്ട്.
ഒട്ടുമിക്ക കാവ്യരീതികളിലും മുദ്ര പതിപ്പിച്ച ഖാദിരിയുടെ സൃഷ്ടികള്‍ ഉപഭൂഖണ്ഡത്തിലെ ഏതാണ്ടെല്ലാ ഉര്‍ദു പ്രസിദ്ധീകരണങ്ങളിലും അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഭാഷാ നൈര്‍മല്യം, പദവിന്യാസത്തിലെ സൂക്ഷ്മത, ഉയര്‍ന്ന ചിന്ത എന്നിവ ആ കവിയെ വ്യതിരിക്തനാക്കുന്നു. കവിതയും സാഹിത്യവുമെല്ലാം ഇസ്‌ലാമിക ചിന്തയുടെ വികാസത്തിനും സമൂഹത്തിന്റെ പുനര്‍ നിര്‍മാണത്തിനും എന്നതായിരുന്നു ഖാദിരിയുടെ നിലപാട്. ജീവിതത്തിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നതിനാല്‍ ഖാദിരിയുടെ സൃഷ്ടികളില്‍ അശ്ലീലത, മതവിദ്വേഷം, പുരാണ കഥകള്‍, വഴിവിട്ട ലൈംഗികത തുടങ്ങിയവ ഇടം പിടിച്ചില്ല.
അദ്ദേഹത്തിന്റെ അനവധി കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയില്‍ ദുഹൂറെ ഖുദ്‌സി(നഅ്ത് സമാഹാരം), മഹ്‌സൂസാതെ മാഹിര്‍, നഗ്മാത്തെ മാഹിര്‍, ജദ്ബാത്തെ മാഹിര്‍, ഫിക്‌റെ ജമീല്‍, ഫിര്‍ദൗസ് എന്നിവ പ്രശസ്തമാണ്. പ്രവാചക ചരിത്രത്തില്‍ കിടയറ്റ സാഹിതീയ ശൈലിയില്‍ ഖാദിരി രചിച്ച ഗ്രന്ഥമാണ് ദുര്‍റെ യത്തീം. ഉര്‍ദു ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചക്ക് 1949-ല്‍ താന്‍ ആരംഭിച്ച ഫറാന്‍ എന്ന പ്രസിദ്ധീകരണം 30 വര്‍ഷം അദ്ദേഹം നിലനിര്‍ത്തി. ഇസ്‌ലാമിക ജീവിത വ്യവസ്ഥ, ഏകദൈവത്വം, ഹദീസ് നിഷേധം, ജമാഅത്തെ ഇസ്‌ലാമി, ഖാദിയാനിസം, ഉര്‍ദു ഭാഷയും സാഹിത്യവും എന്നീ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ള ഖാദിരിയുടെ ബൗദ്ധിക ജീവിതം സത്യസന്ധവും ആത്മാര്‍ഥവുമായിരുന്നു. വിവിധ ചിന്താഗതിക്കാര്‍ക്ക് തന്റെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം ഇടം അനുവദിച്ചു.
ഗ്രന്ഥനിരൂപണമായിരുന്നു ഫറാനിലെ മുഖ്യ ഇനം. 30 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ 3000 ഗ്രന്ഥ നിരൂപണങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍നിന്ന് അദ്ദേഹത്തിന് ഈ രംഗത്തുള്ള പാടവം മനസ്സിലാക്കാം.
സയ്യിദ് സുലൈമാന്‍ നദ്‌വി, സയ്യിദ് മൗദൂദി, മൗലാനാ അബ്ദുല്‍ മാജിദ് ദര്‍യാബാദി, മുല്ലാ വാഹിദി തുടങ്ങിയ പ്രതിഭകള്‍ നിരൂപണത്തിലെ അദ്ദേഹത്തിന്റെ ഭാഷാ കരുത്തിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മാഹിറുല്‍ ഖാദിരി 'ഫറാനി'ലൂടെയും ആമിര്‍ ഉസ്മാനി 'തജല്ലി'യിലൂടെയും നടത്തിയ നിരീക്ഷണവും നിരൂപണവും പ്രാസ്ഥാനിക വൃത്തങ്ങളില്‍ ഇന്നും സംസാരവിഷയമാണ്. അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ താലിബുല്‍ ഹാശിമി സമാഹരിച്ചിട്ടുണ്ട്. അതിന്റെ പ്രഥമഭാഗം 'മാഹിറുല്‍ ഖാദിരിയുടെ നിരൂപണങ്ങള്‍' എന്ന പേരില്‍ മര്‍ക്കസി മക്തബ ഇസ്‌ലാമി പ്രസിദ്ധീകരിച്ചു.
1956-ല്‍ പ്രഥമ ഹജ്ജ് നിര്‍വഹിച്ച മാഹിറുല്‍ ഖാദിരി തന്റെ ഹജ്ജനുഭവം 'കാരവാനെ ഹിജാസ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1969-ല്‍ ഡര്‍ബനിലെ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം കിഴക്കന്‍ ആഫ്രിക്ക, തുര്‍ക്കി, സിറിയ, ബൈറൂത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. 1978 മെയ് 12-ന് മക്കയിലെത്തി ഉംറ നിര്‍വഹിച്ചശേഷം, അന്നേ രാത്രി ജിദ്ദയില്‍ ഒരു 'മുശാഇറ'യില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, സ്റ്റേജില്‍വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം. മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ഖബ്‌റടക്കിയത്.
Comments