Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

ആദര്‍ശം, ആശയപ്രകാശനം, ആവിഷ്‌കാരം

ഫൈസല്‍ കൊച്ചി / ലേഖനം

1790-കളില്‍ ഫ്രഞ്ചുവിപ്ലവത്തോടനുബന്ധിച്ചാണ് ആദര്‍ശം എന്നര്‍ഥം വരുന്ന ഐഡിയോളജി എന്ന പദം സംവാദമണ്ഡലങ്ങളില്‍ പ്രചുരപ്രചാരം നേടുന്നത്. ഡെസ്റ്റ്യൂട് ഡി. ട്രേസി (1754-1836) എന്ന ഫ്രഞ്ചുചിന്തകനാണ് ആശയങ്ങളുടെ ശാസ്ത്രം എന്ന സങ്കല്‍പ്പത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. വ്യക്തികളുടെയും സാമൂഹികപ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹൃദയമസ്തിഷ്‌കങ്ങളെ സ്വാധീനിക്കുന്ന തത്വശാസ്ത്രം, വിശ്വാസം, ചരിത്രശേഷിപ്പുകള്‍ എന്നിവയുടെ സമന്വയമാണ് ആദര്‍ശം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പിന്നീട് അത് രാജ്യത്തിന്റെയും സാമൂഹികസ്ഥാപനങ്ങളുടെയും അധികാരതാല്‍പര്യങ്ങളെ നിര്‍ണ്ണയിക്കുന്ന അച്ചുതണ്ടായി വിലയിരുത്തപ്പെട്ടു. ആശയങ്ങളുടെ സമാഹരണമായ ചിന്താപദ്ധതി, അവ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള രീതിശാസ്ത്രം, യുക്തിസഹമായ സമീപനം എന്നിവ ആദര്‍ശത്തിന്റെ താരതമ്യശാസ്ത്രത്തിലെ പ്രധാന അളവുകോലായി അവതരിപ്പിക്കപ്പെടുന്നു. ഒരു മാതൃകയെക്കുറിച്ചുള്ള പാഴ്കിനാവോ അലസഭാവനയോ അല്ല ആദര്‍ശം. ധിഷണ, പ്രതിഭ, അധ്വാനം എന്നീ മനുഷ്യശേഷികളുടെ പിന്‍ബലത്തില്‍ മികച്ച ആസൂത്രണത്തോടെയുള്ള പ്രയോഗപദ്ധതിയാണ് അത്.
ഈ അര്‍ഥത്തിലാണ് ആദര്‍ശം എന്ന ആശയം യുട്ടോപ്യയില്‍ നിന്ന് ഭിന്നമാകുന്നത്. ഫ്രാന്‍സിലെ ആദ്യത്തെ ഏകാധിപതിയായ നെപ്പോളിയന്‍ ബോണോപാര്‍ട്ട്, തന്റെ അധികാരപദവികളെ ചോദ്യം ചെയ്ത എതിരാളികളെ പരിഹസിക്കുന്നതിന് ചാര്‍ത്തിനല്‍കിയ നാമം 'ആദര്‍ശവാദികള്‍' എന്നായിരുന്നു. റഷ്യന്‍ കാഴ്ച്ചപ്പാടനുസരിച്ച് ആദര്‍ശമെന്നത് ബുദ്ധിജീവികളുടെ പ്രവര്‍ത്തനം എന്ന മട്ടിലാണ് വിശദീകരിക്കപ്പെടുന്നത്. കാള്‍മാര്‍ക്‌സ് ആദര്‍ശത്തെ വര്‍ഗസമരവുമായി ബന്ധിപ്പിച്ചു വിശദീകരിക്കാന്‍ ശ്രമിച്ചു. സാമൂഹികാപഗ്രഥനത്തിന്റെയും സ്ഥാപിതപ്രവര്‍ത്തനങ്ങളുടെയും അനിവാര്യോപാധിയായി ആദര്‍ശത്തെ അവതരിപ്പിച്ചു. മുതലാളിത്ത ആശയങ്ങളുടെ സ്വാധീനത്തില്‍ ലോകമകപ്പെടുന്നതോടെ ആദര്‍ശം എന്ന പ്രയോഗത്തില്‍ അല്‍പ്പം മങ്ങലേറ്റു. സ്വതന്ത്രവ്യക്തിചിന്ത എന്ന സ്വര്‍ഗീയ സുഖത്തിന്റെ ലഹരിയില്‍ ആദര്‍ശത്തിന് മരണം വിധിക്കുന്നതിലാണ് സാമൂഹിക ചിന്തകര്‍ക്ക് താല്‍പര്യം. ഉത്തരാധുനികകാലഘട്ടം സത്യത്തിന്റെ മരണവും ആദര്‍ശങ്ങളുടെ അന്ത്യവും പ്രഖ്യാപിച്ചുകൊണ്ടാണ് കടന്നുവന്നത്.
ആത്മാവിന്റെ അംശമില്ലാത്ത കേവല ഭൗതികചിന്തകളില്‍ നിന്നാണ് മേല്‍വിവരിച്ച ആശയങ്ങള്‍ പ്രചാരം നേടുന്നത്. നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും പേരില്‍ മതത്തെയും ദൈവത്തെയും പ്രതിസ്ഥാനത്ത് നിറുത്തി യൂറോപ്പില്‍ അരങ്ങു തകര്‍ത്ത ബൗദ്ധികവിപ്ലവം വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വായിക്കുന്നതിന് സന്മനസ്സ് കാണിച്ചില്ല. മധ്യകാല ക്രൈസ്തവ ക്രൂരതകളുടെ ചരിത്രം അവരെ അതിനു പ്രേരിപ്പിച്ചതുമില്ല. പ്രഥമപ്രവാചകനായ ആദം മുതല്‍ തന്നെ ആരംഭം കുറിക്കുന്നതാണ് ആദര്‍ശമെന്ന ആശയമെന്ന് വേദഗ്രന്ഥങ്ങളായ ബൈബിളും വിശുദ്ധഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നു. സത്യത്തിന്റെ വെളിച്ചം മനുഷ്യസമൂഹത്തിനു മേല്‍ പതിക്കാത്ത അരനിമിഷം പോലും ഭൂമിയിലുണ്ടാകരുതെന്ന പ്രപഞ്ചനാഥന്റെ നിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഥമമനുഷ്യന്‍ തന്നെ പ്രഥമ പ്രവാചകനാകുന്നത്.
ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷനാണ് (ഖലീഫ) മനുഷ്യനെന്നത്, ജീവിതനിയോഗത്തെ ഓര്‍മിപ്പിക്കുന്നു. ആകാശവും ഭൂമിയും മനുഷ്യനും വൃഥാ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഓര്‍മിപ്പിക്കുന്നു. ആധുനികതയുടെ പേരില്‍ കെട്ടിയെഴുന്നള്ളിക്കുന്ന അരാജകവാദത്തിന്റെ അടിസ്ഥാനങ്ങളെ അതിനിശിതമായാണ് ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നത്. പ്രപഞ്ചനാഥനും മനുഷ്യരും തമ്മില്‍ ആത്മാക്കളുടെ ലോകത്ത് വെച്ച് നടന്ന ഒരു കരാറിനെക്കുറിച്ച് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സൂറ അല്‍അഹ്‌സാബില്‍ മനുഷ്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്തത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു.''തീര്‍ച്ചയായും ആ വിശ്വസ്തദൗത്യം നാം ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവര്‍ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.'' മനുഷ്യന്റെ ആത്മാവും ആദര്‍ശവും തമ്മിലുള്ള രക്തബന്ധമാണ് ഇവിടെ പ്രകാശിതമാകുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)ക്ക് മക്കയില്‍ പ്രബോധനകര്‍ത്തവ്യമാരംഭിക്കുന്ന സന്ദര്‍ഭത്തിലവതരിച്ച വിശുദ്ധഖുര്‍ആന്‍ വാക്യങ്ങള്‍ ആദര്‍ശജീവിതത്തിന്റെ ഗുണഗണങ്ങളെ വര്‍ണിക്കുന്നതാണ്. അല്‍മുസ്സമ്മില്‍, അല്‍ മുദ്ദസിര്‍ അധ്യായങ്ങളുടെ ആദ്യഭാഗങ്ങള്‍ അതാണ് അടയാളപ്പെടുത്തുന്നത്. ദിവ്യബോധനത്തിന്റെ ഗാംഭീര്യത്തില്‍ പരിഭ്രമചിത്തനായ പ്രവാചകന്‍ പുതച്ചുമൂടിക്കിടക്കുമ്പോള്‍ കര്‍ത്തവ്യനിര്‍വഹണത്തിന് പ്രേരിപ്പിക്കുന്നു ഈ സൂക്തങ്ങള്‍. ''കനപ്പെട്ട ഭാരമാണ് പ്രവാചകനെ ഏല്‍പ്പിച്ചിട്ടുള്ളത്. രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നത് ശക്തമായ നിശ്ചയദാര്‍ഢ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുന്നതുമാണ്. പ്രവാചകന് പകല്‍സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്'' (അല്‍മുസ്സമ്മില്‍). ''എഴുന്നേറ്റു ജനങ്ങളെ താക്കീത് ചെയ്യുക. രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുക. വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക. പാപങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. കൂടുതല്‍ നേട്ടം കൊതിച്ച് ഔദാര്യം ചെയ്യാതിരിക്കുക. രക്ഷിതാവിന് വേണ്ടി ക്ഷമ കൈകൊള്ളുക'' (അല്‍മുദ്ദസിര്‍). ഇസ്‌ലാമിക പ്രബോധനമെന്ന ഭാരം സ്വമേധയാ ഏറ്റെടുത്തവരുടെ പെരുമാറ്റച്ചട്ടമാണ് ഖുര്‍ആന്‍ ഇവിടെ തയ്യാറാക്കി അവതരിപ്പിക്കുന്നത്.
ആദര്‍ശത്തിന്റെ അനിവാര്യോപാധിയാണ് ആശയപ്രകാശനം. ആശയപ്രകാശനശേഷി മനുഷ്യന് നാഥന്‍ കനിഞ്ഞരുളിയ അനുഗ്രഹമാണ്. അതിനനുസൃതമാം വിധമാണ് അല്ലാഹു മനുഷ്യനെ സംവിധാനിച്ചിട്ടുള്ളത്. കണ്ണ്, ചെവി,നാവ്,ഹൃദയം തുടങ്ങിയ അവയവങ്ങള്‍ പ്രസ്തുത പ്രക്രിയക്കുതകും വിധം സുന്ദരവും സുഖകരവുമായാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതരജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ അത് സവിശേഷനാക്കുന്നുണ്ട്. മനുഷ്യന് 'സംസാരിക്കുന്ന ജന്തു' എന്ന നിര്‍വ്വചനം പോലും ചില ചിന്തകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. മനുഷ്യത്വം എന്നതു സാമൂഹിക ബന്ധങ്ങളുടെ ആകത്തുകയാണ്. ബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടാനോ അകന്നുകഴിയാനോ ആര്‍ക്കും സാധ്യമല്ല. സംസാരം,എഴുത്ത്, പ്രോപഗണ്ട തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും നൂതനമായ മറ്റു വഴികളിലൂടെയും ആശയകൈമാറ്റത്തിനുള്ള ഗവേഷണങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിച്ചുവരികയാണ്. ഭാഷ മാത്രമല്ല, ജനവിഭാഗങ്ങളുടെ ശരീരഭാഷപോലും ആശയവിനിമയമേഖലയില്‍ സംവാദവിധേയമാണിന്ന്. ആദര്‍ശത്തിന്റെ മഹത്ത്വത്തോടൊപ്പം തന്നെ പ്രധാനമാണ് ഇന്നത്തെ കാലത്ത് അത് എപ്രകാരം പ്രകാശനം ചെയ്യപ്പെടുന്നുവെന്നുള്ളത്. സാമൂഹികമായി മനസ്സിലാക്കപ്പെടുന്നതും വൈരുധ്യങ്ങളില്ലാത്തതും ആശയം സ്വീകരിക്കുന്നവരുടെ മനസ്സിനിണങ്ങുന്നതും ആശയത്തെ കാത്തുസംരക്ഷിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാകണം ശരിയായ ആശയപ്രകാശനം. മതിയായതും കാലികവുമായ ആശയവിനിമയരീതികളുടെ അഭാവത്തില്‍ ആശയങ്ങള്‍ അവഗണിക്കപ്പെടുകയോ അപ്രസക്തമാവുകയോ ചെയ്യുമെന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ലഭ്യമാണ്.
വേദഗ്രന്ഥങ്ങളും പ്രവാചകവര്യരും ആശയപ്രകാശനത്തിന്റെ ഉയര്‍ന്ന രൂപങ്ങളെ ഉപയോഗിച്ചവരാണ്. അതുല്യഗ്രന്ഥം എന്നതു ഖുര്‍ആന്‍ സ്വയം തന്നെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. സമാനമായതു കൊണ്ടുവരൂവെന്നതാണ് ബുദ്ധിജീവിവിമര്‍ശങ്ങളോടുള്ള അതിന്റെ പ്രതികരണം. എല്ലാ പ്രവാചകന്മാരും സ്വജനതയുടെ ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഖുത്വ്ബ മലയാളത്തിലാക്കണമെന്ന മതവിധിയുടെ സുഭദ്രതെളിവു മാത്രമല്ല ആ വാചകം. ആശയവിനിമയത്തിന്റെ ഉയര്‍ന്ന തലങ്ങളെ പ്രവാചകന്മാര്‍ എപ്രകാരം സാക്ഷാല്‍ക്കരിച്ചുവെന്നതിനെയാണ് അത് വിരല്‍ചൂണ്ടുന്നത്. ''പരമകാരുണികന്‍. ഈ ഖൂര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരിക്കാന്‍ പഠിപ്പിച്ചു'' (അര്‍റഹ്മാന്‍ 1-4). ഗ്രന്ഥം, മനുഷ്യന്‍, സംസാരശേഷി എന്നിവയെ ഖുര്‍ആന്‍ അടുത്തടുത്ത വാചകങ്ങളിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുകയാണിവിടെ. അല്ലാഹുവിന്റെ നിയോഗപ്രകാരം ഏകാധിപതിയായ ഫറോവയുടെ കൊട്ടാരത്തിലേക്ക് കടന്നു ചെല്ലുന്ന മൂസാ (അ)യുടെ പ്രാര്‍ഥന ശ്രദ്ധിക്കുക. ഹൃദയവിശാലത, കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനുള്ള ശേഷി, അനുവാചകര്‍ക്കുള്‍ക്കൊള്ളാനാവുംവിധമുള്ള ആശയപ്രകാശനശേഷി എന്നിവകൊണ്ടനുഗ്രഹിക്കണമെന്നാണ് ഫറോവയുമായുള്ള അഭിമുഖത്തിനുമുമ്പായി മൂസാ (അ) ആവശ്യപ്പെടുന്നത്. ഈ പ്രാര്‍ഥനയും, പ്രാര്‍ഥിക്കണമെന്ന ബോധവും ഇസ്‌ലാമിക പ്രവര്‍ത്തകരുടെ മുന്നിലെ പ്രധാന സൂചകങ്ങളാണ്.
ആദര്‍ശം അല്ലാഹുവിന്റെതാകയാല്‍ മുന്‍പിന്‍നോക്കാതെയുള്ള ആശയപ്രകാശനശൈലിയും ശരീരഭാഷയുമായാണ് ഇസ്‌ലാം പ്രതിനിധീകരിക്കപ്പെടുന്നത്. അതിരുകവിഞ്ഞ ആത്മവിശ്വാസമാണ് ഇസ്‌ലാമിനെ അവതരിപ്പിക്കുന്നവര്‍ പ്രകടിപ്പിച്ചുപോരുന്നത്. ഞങ്ങള്‍ 'ഹുജ്ജത്തു' പൂര്‍ത്തിയാക്കും, വേണമെങ്കില്‍ സ്വീകരിച്ചോ എന്ന മട്ടിലാണ് ചില പ്രബോധനശൈലികള്‍. സന്ദേശങ്ങള്‍ അനുവാചകര്‍ക്കു വേണ്ട വിധം മനസ്സിലാകുന്നുണ്ടോ എന്ന അന്വേഷണത്തിനൊന്നും ആരും മുതിരുന്നതായികാണുന്നില്ല. ചരിത്രപരമോ പ്രാദേശികമോ മറ്റോ ആയ കാരണങ്ങളാല്‍ സംജാതമാവുന്ന സവിശേഷതകളെ അഭിമുഖീകരിക്കാനാവും വിധം ശാസ്ത്രീയമല്ല ഇസ്‌ലാമിക പ്രബോധനമേഖലയിലെ വിനിമയപ്രവര്‍ത്തനങ്ങള്‍. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ പണ്ഡിതന്മാരുടെ ആശയവും ശൈലിയും അപ്പാടെ പകര്‍ത്തുകവഴി വലിയ ആശയക്കുഴപ്പത്തിലകപ്പെടുന്ന അനുഭവങ്ങളും പ്രബോധന രംഗത്തുണ്ട്.
കേരളത്തിലെ മുസ്‌ലിം സമുദായസംഘടനകള്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള വിഷയങ്ങളും പണ്ഡിതപടുക്കള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും മാത്രം നിരീക്ഷിച്ചാല്‍തന്നെ ആസൂത്രണത്തിന്റെ അഭാവം ആര്‍ക്കും ബോധ്യമാകും. പൊതുസമൂഹം വിഡ്ഢിത്തമെന്നു കരുതുന്ന പല ആശയങ്ങളും യുക്തിയോ ശാസ്ത്രീയപഠനങ്ങളുടെ പിന്‍ബലമോ ഇല്ലാതെ അവതരിപ്പിക്കുന്നതിലൂടെ അവര്‍ മാത്രമല്ല ഇസ്‌ലാംതന്നെയാണ് അവമതിക്കപ്പെടുന്നത്. കേരളത്തിലെ അറിയപ്പെടുന്ന മലയാളം വാരികകള്‍ പല സന്ദര്‍ഭങ്ങളിലായി ഏറെ പ്രാധാന്യത്തോടെ അഭിമുഖങ്ങള്‍ ചില പ്രത്യേകപണ്ഡിതന്മാരോട് മാത്രം നടത്തി ഇസ്‌ലാം എത്ര പഴഞ്ചനും പിന്തിരിപ്പനുമാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. വളരെ ആസൂത്രണത്തോടെ തയാറാക്കപ്പെടുന്ന ചോദ്യങ്ങളോടുള്ള (ഉത്തരംമുട്ടിക്കുന്ന) മറുപടികള്‍ പൊതുസമൂഹം പരിഹാസത്തോടെയാണ് വായിക്കുന്നത്. അഭിമുഖം നടത്തുന്നവരുടെയും അച്ചു നിരത്തുന്നവരുടെയും 'നിയ്യത്ത്' മനസ്സിലാക്കാതെ, കിട്ടിയ അവസരം മുതലാക്കുന്നതരത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ സഹതാപാര്‍ഹം കൂടിയാണ്. പ്രബോധിതരെ കുറ്റപ്പെടുത്താതെ അവരുടെ ഹൃദയങ്ങള്‍ കീഴടക്കാനുള്ള വഴികള്‍ പ്രബോധനമേഖലയില്‍ വികസിപ്പിച്ചെടുക്കുന്നതിന് മുസ്‌ലിം പണ്ഡിതന്മാരുടെയും ബുദ്ധീജീവികളുടെയും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്.
ആശയപ്രകാശനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അവതരണമാണ് ആവിഷ്‌കാരം. കലയും സാഹിത്യവും വഴി മനുഷ്യഹൃദയങ്ങളെ ആദര്‍ശത്തിന്റെ പക്ഷത്ത് ചേര്‍ക്കുവാന്‍ അത് ഉപയോഗിക്കുന്നു. സിദ്ധാന്തപരമായി ദുര്‍ഗ്രഹവും സംവേദനശേഷി കുറഞ്ഞതും അയുക്തികവുമായ ആശയങ്ങള്‍ സിരകളിലും രക്തത്തിലും അലിഞ്ഞുചേരുന്നതിന് കലയുടെ ഉപയോഗം വഴി സാധ്യമാകുന്നു. വൈരുധ്യാത്മക ഭൗതികവാദത്തെ ഉള്‍ക്കൊണ്ട് മാര്‍ക്‌സിസം മനസ്സിലാക്കുകയെന്നത് സാഹസമാണ്. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന് വേഗത്തില്‍ വഴങ്ങുകയും ദഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നില്ല അതിന്റെ മുദ്രാവാക്യങ്ങള്‍. പക്ഷെ, ഇരുമ്പ് കാന്തത്തോടെന്നപോലെയുള്ള പരസ്പരബന്ധമാണ് മാര്‍ക്‌സിസവും തൊഴിലാളിവര്‍ഗവും തമ്മില്‍ ഉടലെടുത്തത്. കേരളത്തില്‍ പോലും ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാവുന്ന അല്‍ഭുതവും സംഭവിച്ചു. വയലേലകളിലും പണിശാലകളിലും അരങ്ങേറിയ, കലയിലൂടെയുള്ള ആശയകൈമാറ്റത്തിന്റെ അമ്പരപ്പിക്കുന്ന അനുഭവമായി ചരിത്രത്തിലിന്നും അത് രേഖപ്പെട്ടുകിടക്കുന്നു.
ലോകത്തിലെ ഏറ്റവും മനുഷ്യവിരുദ്ധനായി അറിയപ്പെടുന്ന ഹിറ്റ്‌ലര്‍ പോലും ആവിഷ്‌കാരത്തിന്റെ ഈ സാധ്യതയില്‍ വിശ്വസിച്ചിരുന്നു. നാസിസത്തിന്റെ ആശയങ്ങള്‍ ജനങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നതിന് തികച്ചും പുതുമയുള്ള സാംസ്‌കാരികനയം 1933-ല്‍ ഹിറ്റ്‌ലര്‍ ആവിഷ്‌കരിക്കുകയുണ്ടായി. പ്രോപഗണ്ടകളുടെ വക്താവായ ജോസഫ് ഗീബല്‍സിനെ സംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തലവനായി ഹിറ്റ്‌ലര്‍ നിശ്ചയിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ലോകത്തെ അടക്കിവാഴുന്ന, ആശയപരമായി ഉള്ളടക്കങ്ങളില്ലാത്ത, വെറും ആനന്ദോല്‍സവം മാത്രമായ അരാജകവാദം സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് ബുദ്ധിപരമായ പ്രചാരണത്തേക്കാള്‍ ആവിഷ്‌കാരത്തിന്റെ മേല്‍ക്കോയ്മയിലൂടെയാണ്. ഇസ്‌ലാമിക സമൂഹങ്ങള്‍ പുതുതലമുറക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. പക്ഷേ ആവിഷ്‌കാരത്തിന്റെ രീതിശാസ്ത്രങ്ങള്‍ പ്രബോധനമേഖലയില്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തിലുള്ള ലുബ്ധ് ഇപ്പോഴും തുടരുക തന്നെയാണ്. പ്രവാചകന്റെയടുത്തുവന്ന് ജിബ്‌രീല്‍ മാലാഖ പ്രബോധനത്തിന്റെ ആദ്യസന്ദര്‍ഭത്തില്‍ ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയെ ക്കുറിച്ചു ചോദിക്കുകയും പ്രവാചകനെ പറഞ്ഞുപഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈമാന്‍ ആദര്‍ശത്തെയും ഇസ്‌ലാം ആശയപ്രകാശനത്തെയും ഇഹ്‌സാന്‍ ആവിഷ്‌കാരത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം