Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

പ്രവാസം ദുഃഖമാണുണ്ണീ...

നാസിര്‍ ചെറുവാടി, ദുബായ് / പ്രതികരണം

അതിജീവനത്തിന് കുടിയേറിയവന്‍ അനുഭവിച്ച ത്യാഗം വിവരണാതീതമായിരുന്നു. ചുട്ടുപൊള്ളുന്ന ചൂടിലും കഠിന തണുപ്പിലും ത്യാഗോജ്ജ്വല ജീവിതം നയിച്ചവരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണാണ് ഈ സൈകത ഭൂവിലുള്ളത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ അവര്‍ ത്യാഗം സഹിച്ചു.കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ അടുപ്പില്‍ പുക ഉയര്‍ന്നത് അങ്ങനെയാണ്. പ്രവാസം കൊണ്ട് നാട് മാറി. നാട്ടുവഴികള്‍ ഹൈവെകളും, കുടിലുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളും ആയി മാറിയ വികസനത്തില്‍ പ്രവാസിയുടെ ചോര നീരാക്കിയ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. നാടും കാലവും മാറിയിരിക്കുന്നു. ഇന്ന് ഋദുഭേദങ്ങള്‍ക്കനുസരിച്ച് 'പ്രവാസം' മാറിയിരിക്കുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്ന അവിദഗ്ധ തൊഴില്‍ മേഖലകളില്‍ ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ തുടരാന്‍ പലര്‍ക്കും കഴിയില്ല. കൂടിയ ജീവിത ചെലവ് താങ്ങാന്‍ കഴിയാതെ പലരും ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ച് പോകുന്നു. വികസനം പൂര്‍ത്തിയായ നഗരങ്ങളും സ്വദേശിവത്കരണവും മറ്റും 'പ്രവാസം' അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമൊരുക്കുന്നു. നാട്ടിലെ വിലക്കയറ്റവും ഉയര്‍ന്ന ജീവിത ചെലവും പ്രവാസിയുടെ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഗള്‍ഫില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച വേതനം തന്നെ ഇന്നും ലഭിക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രവാസി കഷ്ടപ്പെടുകയാണ്. തന്റെ അവസ്ഥകള്‍ കുടുംബത്തെ വേദനിപ്പിക്കേണ്ടെന്ന് കരുതി ആരും പുറത്ത് പറയാറില്ല. ഗള്‍ഫിന്റെ യാഥാര്‍ഥ്യമെന്തെന്ന് ഗള്‍ഫ് സ്വപ്നം കാണുന്നവരോട് വിളിച്ചുപറയാന്‍ ഒരു പ്രവാസിയും തയാറാവാത്തത് ദുഃഖകരമാണ്. 'ഗള്‍ഫ്' നല്‍കിയ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട ആയിരങ്ങളെ വിസ്മരിച്ച് കൊണ്ടല്ല ഇത് പറയുന്നത്.
ബഹുഭൂരിപക്ഷവും കുടുംബത്തിന്റെ അന്നത്തിന് വേണ്ടി മാത്രം ജീവിതം ഹോമിക്കുന്നവരാണെന്നത് ഇന്നിന്റെ യുവത്വം തിരിച്ചറിയണം. കാലം ഒരുപാട് മാറിയിരിക്കുന്നു. ഗള്‍ഫില്‍ ഒരു കാലത്ത് എവിടെ നോക്കിയാലും മലയാളികള്‍ മാത്രം ഉണ്ടായിരുന്ന ഇടങ്ങള്‍ ഇന്നില്ല. ഫിലിപ്പൈനികളും നേപ്പാളികളും മറ്റ് രാജ്യക്കാരും തിങ്ങിനിറഞ്ഞ ഒരിടത്തേക്കാണ് ഇനി കടന്നുവരേണ്ടതെന്നോര്‍ക്കണം. നമ്മുടെ നാട് എത്ര വികസിച്ചിരിക്കുന്നു! അവിദഗ്ധ തൊഴില്‍ മേഖലകളില്‍ ബംഗാളിയുടെയും അസംകാരന്റെയും ഗള്‍ഫാണ് കേരളം. നല്ല കൂലിയും തൊഴില്‍ സംസ്‌കാരവുമുള്ള നാട്ടില്‍നിന്ന് കുറഞ്ഞ കൂലിയും രാപ്പകല്‍ ജോലിയും ചെയ്ത് ത്യാഗജീവിതം നയിക്കാന്‍ ഇനിയും ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് കയറി വരണമോ എന്നത് നമ്മുടെ യുവാക്കള്‍ ചിന്തിക്കണം. ബാബു ഭരദ്വാജ് 'പ്രവാസിയുടെ കുറിപ്പുകളി'ല്‍ ഇങ്ങനെ എഴുതി: ''വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. എനിക്ക് വേണമെങ്കില്‍ ഓടി പോകാം. അപ്പോഴാണ് ഞാന്‍ അറിയുന്നത് ഞാനൊരു അന്യരാജ്യത്താണെന്ന്.'' ഈ ചിന്തകള്‍ ഓരോ പ്രവാസിയുടെയും മനസ്സില്‍ വരാതിരിക്കില്ല. നാട്ടിലെ സാമൂഹിക മുഖ്യധാരയില്‍നിന്ന് ഗള്‍ഫിലെ വിരഹ-വിരസ-യാന്ത്രിക ജീവിതത്തിലേക്ക് നാട്ടില്‍ ലഭിക്കുന്ന വേതനത്തിന് വേണ്ടി കയറി വരണമോയെന്ന് ചിന്തിക്കണം. ഗള്‍ഫില്‍ കഷ്ടതകള്‍ പേറി ജീവിതം നയിക്കുന്നവനും വീണ്ടും മക്കളെയും ബന്ധുക്കളെയും കൊണ്ട് വരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണ് വീണ്ടും പ്രവാസം? എന്തിന് വേണ്ടിയാണ് വീണ്ടും ജീവിതം ഹോമിക്കുന്നത്? പ്രവാസത്തിന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ തുറന്ന് പറയാന്‍ പ്രവാസികള്‍ തന്നെ തയാറാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം