ഭ്രാന്തോളമെത്തുന്ന സ്‌നേഹം
തന്റെ ഭാര്യക്ക് തന്നോടുള്ള തീവ്രസ്‌നേഹത്തെക്കുറിച്ചും അവളുടെ കാല്‍ക്കല്‍ തന്നെ തളയ്ക്കാനുള്ള നിര്‍ബന്ധബുദ്ധിയെ സംബന്ധിച്ചും ആവലാതിപ്പെട്ടാണ് അയാള്‍ സംസാരം തുടങ്ങിയത്: ''ഞാന്‍ എന്നെത്തന്നെ വെറുത്തു തുടങ്ങി. എന്റെ സഹോദരഭാര്യ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മതിയായിരുന്നു എന്റെ ഭാര്യ എന്നെ സ്‌നേഹിക്കുന്നതെന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അവള്‍ എന്നെ സ്‌നേഹിച്ച് ദ്രോഹിക്കുകയാണ്. അവള്‍ക്ക് വേണ്ടത് എന്റെ തലക്ക് മുകളില്‍ കയറിയിരുന്ന് എന്നെ ഭരിക്കുകയാണ്. അവളുടെ വിരലിലെ മോതിരമാണ് ഞാനെന്നാണ് അവളുടെ വിചാരം.''
ഒരു നെടുനിശ്വാസത്തോടെ അയാള്‍ നിര്‍ത്തി: ''താങ്കള്‍ സംസാരം പൂര്‍ത്തിയാക്കൂ'' ഞാന്‍ പറഞ്ഞു.
''എന്ത് പറയാനാണ്! അവളോടൊത്തുള്ള ജീവിതം എനിക്ക് മടുത്തു. അവള്‍ക്ക് എന്നോടുള്ള സ്‌നേഹം ഒരു തരം ഭ്രാന്താണ്.''
ഞാന്‍ പറഞ്ഞു: ''നിങ്ങളുടെ ജീവിതത്തെ തകര്‍ക്കാനേ അവളുടെ ഈ സമീപനം ഉതകൂ എന്ന് അവള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. ദാമ്പത്യ ജീവിതത്തെ തകര്‍ക്കുന്ന ആറ് കാരണങ്ങളുണ്ട്.''
'എന്തൊക്കെയാണത്?'' അയാള്‍ തിരക്കി.
ഒന്ന്: ഉപദ്രവത്തോളമെത്തുന്ന പൊസസ്സിവ്‌നെസ്. അഥവാ അന്യോന്യം സ്വന്തമാക്കണമെന്ന സ്വാര്‍ഥജഡിലമായ മോഹം. ഒരളവ് വരെ ദാമ്പത്യ ജീവിതത്തില്‍ ഇതാവശ്യമാണ്. പരസ്പരം പൂലര്‍ത്തുന്ന ഗാഢബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണത്. അതിര് വിട്ടാല്‍ ഇത് ശല്യമായിത്തീരും. ഏത് നിമിഷവും തീവ്രവും തീക്ഷ്ണവുമായ സ്‌നേഹച്ചരട് കൊണ്ട് ബന്ധിപ്പിച്ച് മനുഷ്യന്ന് തിരിയാനും മറിയാനും കഴിയാത്ത അവസ്ഥയില്‍ വരിഞ്ഞ് കെട്ടിയാല്‍ സംഭവിക്കുന്നതെന്തെന്നോ? തന്റെ ഇണയില്‍നിന്ന് ഓടിയൊളിക്കാനുള്ള ഉപായം കണ്ടുപിടിച്ചു തുടങ്ങും. ഓരോരുത്തരും ദാമ്പത്യബന്ധമെന്ന കുരുക്കില്‍നിന്ന് എങ്ങനെയെങ്കിലും ഊരി രക്ഷപ്പെട്ടാല്‍ മതിയെന്ന വിചാരത്തോടെ വേര്‍പിരിയലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങും.
രണ്ട്: അതിര് വിട്ട ആകാംക്ഷയും ദോഷൈകദൃഷ്ടിയും. തന്റെ ഭര്‍ത്താവ് ചെയ്യുന്നതെന്തും തന്നെ ഉപദ്രവിക്കാനും തന്നോടുള്ള നീരസം തീര്‍ക്കാനുമാണെന്ന് ഭാര്യ ധരിച്ചുവശാവുന്നിടത്ത് നിന്നാണ് പ്രശ്‌നം തുടങ്ങുക. അതിവൈകാരികതയും ലോലപ്രകൃതിയുമുള്ള സ്ത്രീകളിലാണ് ഈ പ്രവണത കണ്ടുവരുന്നത്. ഇത്തരം കേസുകളുമായി എന്നെ സമീപിച്ച ചിലരുടെയെല്ലാം ദാമ്പത്യം വിവാഹമോചനത്തില്‍ കലാശിച്ചതായി എനിക്കറിയാം.
മൂന്ന്: ഭരിക്കാനും കീഴ്‌പെടുത്തി സ്വന്തമാക്കാനുമുള്ള പ്രവണത. ഇതാണ് എന്നെ സമീപിച്ച പരാതിക്കാരന്റെ പ്രശ്‌നം. 'സന്തുലിത സ്‌നേഹ'വും 'അധികാരം ചെലുത്തുന്ന സ്‌നേഹ'വും തമ്മിലെ വ്യത്യാസം മനസ്സിലാക്കാത്തവരാണ് മിക്ക സ്ത്രീകളും. സന്തുലിത സ്‌നേഹമെന്നാല്‍ ഭര്‍ത്താവിന് ആവശ്യമായ സ്വാതന്ത്ര്യവും കാര്യനിര്‍വഹണത്തിന് അവസരവും നല്‍കി മതിയായ ഇടം നല്‍കുന്ന സ്‌നേഹം. അധികാരം ചെലുത്തുന്ന സ്‌നേഹം എന്നാല്‍, ഭാര്യ ഭര്‍ത്താവിന്റെ ഓരോ ചലനത്തിലും വ്യവഹാരത്തിലും ഇടപെട്ട് അയാളെ നിയന്ത്രിക്കാനും തന്റെ ചൊല്‍പടിക്ക് നിര്‍ത്തി ഭരിക്കാനും മുതിരുക. ഭര്‍ത്താവിന്റെ വര്‍ത്തമാനത്തിലും വസ്ത്രധാരണത്തിലും എന്തിന്, വ്യാപാര കാര്യങ്ങളില്‍ പോലും ഇടപെട്ട് അയാളെ ഭരിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയെ എനിക്കറിയാം. അയാളുടെ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അയാളെക്കുറിച്ച വിശദാംശങ്ങള്‍ തേടിക്കൊണ്ടിരുന്ന ആ ഭാര്യ ഒടുവിലൊടുവില്‍ അയാളുടെ ബാങ്ക് അക്കൗണ്ടിലും കടന്നുകയറി ഭരണം തുടങ്ങി. മിതവും സന്തുലിതവുമായ സ്‌നേഹം നല്‍കുന്ന ഒരുവളെ വിവാഹം കഴിച്ച് ആ മനുഷ്യന്‍ സ്വാസ്ഥ്യം തേടി എന്നതാണ് കഥയുടെ പര്യവസാനം.
നാല്: ഉയര്‍ന്ന പ്രതീക്ഷകള്‍. വിവാഹത്തെക്കുറിച്ചും ഇണയെക്കുറിച്ചുമുള്ള അതിര്‌വിട്ട പ്രതീക്ഷകളും ഭാവനകളുമാണ് മിക്ക ബന്ധങ്ങളും തകര്‍ക്കുന്നത്. കഥയിലും നോവലിലും സിനിമയിലും കാണുന്നത് പോലെ റൊമാന്‍സും പ്രേമലീലകളും നിറഞ്ഞതാവും വിവാഹ ജീവിതമെന്ന് ചിലര്‍ ധരിച്ചുവശാവും. വിവാഹ ജീവിതത്തിലേക്ക് ഇതും പ്രതീക്ഷിച്ചാണ് ഓരോരുത്തരും കാലെടുത്ത് വെക്കുക. കഥ വേറെ, ജീവിതം വേറെ എന്ന് അനുഭവിച്ചറിയുമ്പോള്‍ സ്വപ്നക്കൊട്ടാരം തകരും. വായിച്ച നോവലിലെയും കണ്ട സിനിമയിലെയും നായികയും നായകനും പെരുമാറുന്ന പോലെ തന്റെ ഇണ പെരുമാറാത്തതെന്ത് എന്ന് ഓരോരുത്തരും ആലോചിച്ചു തുടങ്ങുന്നതോടെ ജീവിതാന്തരീക്ഷത്തില്‍ മോഹഭംഗത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടും. പിന്നെ ഇടിയും മിന്നലുമായി. പ്രതീക്ഷകള്‍ കുറച്ച് ജീവിതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുക മാത്രമാണ് പരിഹാരം.
അഞ്ച്: നിരന്തരം കുറ്റപ്പെടുത്തല്‍. തന്നോടും മക്കളോടുമുള്ള പെരുമാറ്റത്തെക്കുറിച്ചും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വന്നുപോകുന്ന വീഴ്ചകളെക്കുറിച്ചും ഭര്‍ത്താവിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്ത്രീകളുണ്ട്. ഈ കുടുംബഭാരം തലയില്‍നിന്ന് ഒന്നിറക്കിവെച്ച് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് അത്തരം വേളകളില്‍ ഭര്‍ത്താക്കന്മാര്‍ കൊതിച്ചുപോകും. അതിന്ന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നിരന്തരം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിക്ക് പകരം, കുറ്റപ്പെടുത്തലിന്റെയും പ്രോത്സാഹനത്തിന്റെയും ഇടക്കുള്ള ശൈലിയാണ് സ്വീകരിക്കേണ്ടത്. തന്നില്‍ വീഴ്ചകളും പോരായ്മകളും സംഭവിച്ചുപോകുന്നുണ്ടെന്നും കുടുംബത്തിന് നല്‍കേണ്ടതത്രയും നല്‍കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ഭര്‍ത്താവിന് കുറ്റബോധത്തോടെ തിരിച്ചറിയാനും തിരുത്താനും പ്രേരകമായിത്തീരണം സംസാരരീതി. ഭാര്യയുടെ കുറ്റപ്പെടുത്തല്‍ ഭയന്ന് എന്നും വീട്ടില്‍ വൈകിച്ചെല്ലുന്ന ഭര്‍ത്താവിനെ എനിക്കറിയാം.
ആറ്: ഇടതടവില്ലാതെ തെറ്റുകളും പാപങ്ങളും ചെയ്യല്‍. ഇത് ഭാര്യയുടെ ഭാഗത്ത് സംഭവിക്കും. ഭര്‍ത്താവിന്റെ ഭാഗത്തും സംഭവിക്കും. ഇത്തരം നിരവധി കേസുകള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്. ഒന്നുകില്‍ ഭര്‍ത്താവിന്റെ മദ്യപാനം, മയക്കുമരുന്നിനടിമപ്പെട്ട ജീവിതം, പരസ്ത്രീബന്ധം. അല്ലെങ്കില്‍ ഭാര്യയുടെ വഴിവിട്ട പോക്ക്, പരപുരുഷബന്ധം, ധാരാളിത്തം ഇങ്ങനെ പലതും. തെറ്റുകള്‍ തിരുത്തി പശ്ചാത്തപിച്ച് പുതിയ ജീവിതം ആരംഭിക്കാന്‍ ഇരു കൂട്ടരും സന്നദ്ധരാവുക മാത്രമാണ് ദാമ്പത്യ ജീവിതത്തെ രക്ഷിച്ചെടുക്കാനുള്ള വഴി. അത് ധന്യമായ ജീവിതത്തിന്ന് വഴിതുറക്കും. അല്ലാഹു പറഞ്ഞില്ലേ? ''ആണും പെണ്ണും സല്‍ക്കര്‍മങ്ങളില്‍ വ്യാപൃതരായാല്‍ നല്ലൊരു ജീവിതം നാം അവര്‍ക്ക് നല്‍കും.'' നല്ല ജീവിതമെന്നാല്‍ ഐശ്വര്യപൂര്‍ണമായ, സന്തോഷവും ആനന്ദവും നിറഞ്ഞ ജീവിതം. സൂറഃ അല്‍കഹ്ഫിലെ സദ്‌വൃത്തനായ പിതാവ് മക്കള്‍ക്ക് കരുതിവെച്ച ധനത്തെക്കുറിച്ച പരാമര്‍ശമുണ്ടല്ലോ. ''അവര്‍ രണ്ട് പേരുടെയും പിതാവ് സദ്‌വൃത്തനായിരുന്നു.'' തങ്ങളുടെ കാലശേഷം മക്കള്‍ക്ക് ആ ധനം ഉപകരിക്കാന്‍ അല്ലാഹുവിന്റെ ഇടപെടലുണ്ടായി. ഇത് ദമ്പതിമാര്‍ ഓര്‍ക്കണം. അവരിലെ നന്മ മക്കളില്‍ ചെന്നെത്തും. അവിടെ അല്ലാഹുവിന്റെ തിരുനോട്ടവും കടാക്ഷവും സ്‌നേഹപൂര്‍വണമായ ഇടപെടലും ഉണ്ടാവും.
വിവ: പി.കെ ജമാല്‍
Comments