വിശുദ്ധ റമദാനും യു.എ.ഇയും
വിശുദ്ധ റമദാന്റെ രാപ്പകലുകള്‍ ഭക്തിസാന്ദ്രവും ആത്മഹര്‍ഷവുമാക്കാന്‍ യു.എ.ഇ നേരത്തെ ഒരുങ്ങുന്നു. സര്‍ക്കാറും വിശ്വാസി സമൂഹവും ഒന്നിക്കുന്ന അനിതര സാധാരണമായ കാഴ്ചയാണ് യു.എ.ഇയില്‍ കാണുക.
വ്രതശുദ്ധിയുടെ രാപ്പകലുകള്‍ ആരാധനാ കര്‍മങ്ങളിലൂടെയും പ്രാര്‍ഥനാ മന്ത്രങ്ങളിലൂടെയും വിശ്വാസിയുടെ അകം കടഞ്ഞെടുക്കുമ്പോള്‍ അതിന് കൂടുതല്‍ അര്‍ഥവും ഹൃദ്യതയും പകരുമാറ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മതപണ്ഡിതരെ അതിഥികളായി സ്വീകരിക്കുന്ന രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പാരമ്പര്യം യു.എ.ഇ ഇന്നും തുടരുന്നു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബ്ന്‍ സായിദ് അല്‍ നഹ്‌യാന്റെ റമദാന്‍ അതിഥികളായി ഈ വര്‍ഷം ഇവിടെയെത്തുന്ന 35 അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിന്റെ വിവിധ വിഷയങ്ങളിലൂന്നി എണ്ണൂറ് പ്രഭാഷണങ്ങള്‍ നടത്തുമെന്ന് ഇസ്‌ലാമിക കാര്യ-ഔഖാഫ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് മത്വര്‍ അല്‍ കഅ്ബി പറഞ്ഞു.
വൈവിധ്യം നിറഞ്ഞ 113 വ്യത്യസ്ത രാജ്യനിവാസികളുടെ സംഗമ ഭൂമിയായ യു.എ.ഇയിലെ വിശ്വാസി സമൂഹത്തിന് അനുകൂലമായ ഘടകങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നുവെന്ന് പറയാം. മലയാളികള്‍ക്കുപോലും റമദാനില്‍ മതാധ്യാപനങ്ങളും ഉപദേശങ്ങളും നല്‍കാന്‍ അതിഥികളായി കേരളത്തില്‍നിന്നും മതപണ്ഡിതരെത്തുന്നുണ്ട്.
റമദാനില്‍ നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ നേരത്തെ തന്നെ സ്വീകരിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണ സംഘങ്ങള്‍ വഴിയും പ്രമുഖ മൊത്ത വിപണി വഴിയും സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാവുന്നുവെന്നതും സവിശേഷതയാണ്.
പള്ളികള്‍ക്കു സമീപത്തായി നോമ്പുതുറക്കായി തീര്‍ക്കുന്ന വലിയ ടെന്റുകളില്‍ ആയിരങ്ങളാണ് നോമ്പു തുറക്കുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ മസ്ജിദായ, അബൂദബിയിലെ ശൈഖ് സായിദ് വലിയ പള്ളിയില്‍ ദിവസവും ഇരുപത്തയ്യായിരം പേരാണ് നോമ്പ് തുറക്കുന്നത്. ഗ്രാന്റ് മോസ്‌കിന്റെ അങ്കണത്തില്‍ ടെന്റുകള്‍ തീര്‍ത്താണ് ഇതിന് സൗകര്യമൊരുക്കുന്നത്.
തൊഴിലാളി കേന്ദ്രങ്ങളില്‍ (ലേബര്‍ ക്യാമ്പുകള്‍) വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്ത്വാറുകള്‍ തൊഴിലാളികള്‍ക്ക് വലിയൊരനുഗ്രഹമായി മാറുന്നു.
റമദാന്‍ രാവിനെ ഭക്തിസാന്ദ്രമാക്കുന്ന 'തറാവീഹ്' നമസ്‌കാരത്തിനായി വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ വ്യുല്‍പ്പത്തി നേടിയ പണ്ഡിതരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി ഇസ്‌ലാമികകാര്യ-ഔഖാഫ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ പ്രസ്താവിച്ചതും വിശ്വാസികളെ പുളകിതരാക്കുന്നുണ്ട്.
ഈ വര്‍ഷം അത്യുഷ്ണമുള്ളതും ദൈര്‍ഘ്യമേറിയതുമാണ് റമദാന്‍ പകലുകളെങ്കിലും കൂടുതല്‍ ഭക്തിസാന്ദ്രമാവുകയാണ് യു.എ.ഇയിലെ വിശ്വാസികളുടെ അകത്തളം.
Comments