കരിനിയമം കൂച്ചുവിലങ്ങിട്ട ജീവിതങ്ങള്‍
ആയിരക്കണക്കിന് ചെറുപ്പക്കാര്‍ അവരുടെ കുറ്റം എന്ത് എന്നുപോലുമറിയാതെ വര്‍ഷങ്ങളായി ജയിലറയില്‍ ജീവിതം ഹോമിക്കുന്ന നാടായി മാറുകയാണ് ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ബൃഹത്തായ ഒരു ഭരണഘടനയും ജനാധിപത്യത്തിന്റെ മഹനീയ പാരമ്പര്യവും മതനിരപേക്ഷയുടെ ഉദാത്ത മാതൃകയുമുള്ള ഒരു രാജ്യമാണ് അതിന്റെ പൗരന്മാരെ കരിനിയമങ്ങളുടെ ബലിക്കല്ലില്‍ കിടത്തി അവരുടെ ജീവിതം കരിച്ചുകളയുന്നത്.
ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പതിതരായ മുസ്‌ലിംകളുടെ നിരവധി ദൈന്യ കഥകളില്‍ ഒന്നാണെന്നത് മലയാളികളുടെ മൂഢവിശ്വാസം മാത്രമാണ്. കേരളത്തിലെയും നിരവധി ചെറുപ്പക്കാര്‍ കരിനിയമത്തിന്റെ പേരില്‍ വിവിധ ജയിലുകളില്‍ വര്‍ഷങ്ങളായി നരക ജീവിതം നയിക്കുകയാണ് എന്ന നഗ്ന സത്യം ഉറക്കെ വിളിച്ചു പറയുന്നതായിരുന്നു സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പ്.
പതിമൂന്നോളം കേസുകളില്‍ ജനകീയ തെളിവെടുപ്പ് നടത്തിയ പരിപാടിയില്‍, ഈ കേസുകളെല്ലാം കെട്ടിച്ചമച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഭരണകൂടം പടച്ചുണ്ടാക്കിയതെന്ന് തെളിയിക്കപ്പെടുകയായിരുന്നു.
തീവ്രവാദ ആരോപണ കേസുകളുടെ ഇരകളായ ചെറുപ്പക്കാര്‍ക്ക് വേണ്ടി നിയമയുദ്ധം നടത്തുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച, കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറിന്റെ സിമി നിരോധത്തിന്റെ പിന്നാമ്പുറമടക്കം പുറത്തുകൊണ്ടുവന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ അജിത് സാഹി, ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് ഉറക്കെപ്പറയാന്‍ ധൈര്യം കാണിച്ച ജാമിഅ സോളിഡാരിറ്റി ഫോറം സാരഥിയും ദല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ പ്രഫസറുമായ മനീഷ സേഥി, ഗുജറാത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സിഡ്രിക് പ്രകാശ് എന്നിവരായിരുന്നു ജനകീയ തെളിവെടുപ്പിലെ ദേശീയ ജൂറി പ്രതിനിധികള്‍. കേരളത്തില്‍ നിന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മധുസൂദനന്‍, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ ചെയര്‍മാനുമായ അഡ്വ. പി.എ പൗരന്‍, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.പി സേതുനാഥ്, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.പി ശശി, മീഡിയാ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് എന്നിവരും തെളിവെടുപ്പില്‍ ജൂറിയായി പങ്കെടുത്തു.
ഒരു ഭാഗത്ത് മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ കേസുകളുടെ പേരില്‍ വ്യാപകമായി പോലീസ് പിടികൂടി ജയിലിലടക്കുന്നു. മറുഭാഗത്ത് ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ മാവോയിസ്റ്റ്, ദേശവിരുദ്ധ മുദ്രകുത്തി കരിനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടക്കുന്നു. കൂടങ്കുളം ആണവവിരുദ്ധ സമരത്തിലും മറ്റും ഇതാണ് നടക്കുന്നത്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് ജനകീയ തെളിവെടുപ്പില്‍ വെളിവായി. കേരളത്തില്‍ ഒട്ടേറെ ചെറുപ്പക്കാരെ തീവ്രവാദ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തത് കര്‍ണാടക പോലീസാണ്. ഇവിടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റയുടനെയുണ്ടായ ബംഗളുരു സ്‌ഫോടന കേസില്‍ ഉള്‍പ്പെടുത്തിയാണ് മഅ്ദനിയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
അബ്ദുന്നാസിര്‍ മഅ്ദനി
ബംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 31-ാം പ്രതിയായാണ് അബ്ദുന്നാസര്‍ മഅ്ദനി മൂന്നര വര്‍ഷമായി ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്നത്. ഒന്നാം പ്രതി ടി. നസീര്‍, പന്ത്രണ്ടാം പ്രതി അബ്ദുര്‍റഹീം എന്നിവരുമായി ചേര്‍ന്ന് മഅ്ദനി ഗൂഢാലോചന നടത്തി എന്നാണ് ബംഗളുരു പോലീസ് കേസ്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ലാതിരുന്ന ഇദ്ദേഹത്തിന്റെ പേര് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ പോലീസ് കൊണ്ടുവന്ന സാക്ഷിമൊഴികളെല്ലാം വ്യാജമായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. മഅ്ദനി എറണാകുളത്ത് താമസിച്ച വാടക വീടിന്റെ ഉടമ ജോസ് വര്‍ഗീസ് വാടക പിരിക്കാന്‍ ചെല്ലുന്നതിനിടെ നസീറും മഅ്ദനിയും മറ്റും ചേര്‍ന്ന് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടു എന്നാണ് പോലീസ് സമര്‍പ്പിച്ച സാക്ഷി മൊഴിയിലുള്ളത്. എന്നാല്‍, കന്നടയില്‍ എഴുതിയ ഒരു സ്റ്റേറ്റ്‌മെന്റില്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നു എന്ന് ഇയാള്‍ പറയുന്നു. മടിക്കേരിയില്‍ മഅ്ദനി ഗൂഢാലോചനക്കെത്തി എന്ന സാക്ഷി മൊഴികളും സാക്ഷികള്‍ പരസ്യമായി നിഷേധിക്കുന്നു. യു.എ.പി.എ എന്ന കരിനിയമത്തില്‍ ജാമ്യത്തിന് വകുപ്പില്ല എന്നതിനാല്‍ കടുത്ത രോഗങ്ങളും പേറി കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ നിശ്ചയദാര്‍ഢ്യം ചോരാത്ത മനസ്സുമായി തടവുജീവിതം നയിക്കുകയാണ്. ഒമ്പത് വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയില്‍വാസം അനുഭവിച്ച് നിരപരാധിയെന്ന് കോടതി കണ്ടെത്തി പുറത്തുവന്ന ഉടനെ തന്നെയാണ് ബംഗളുരു പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്.
മുഹമ്മദ് സകരിയ
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സകരിയയെ 2008-ലെ ബംഗളുരു സ്‌ഫോടന കേസില്‍ എട്ടാം പ്രതിയായാണ് ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ക്കാവശ്യമായ മൈക്രോ ചിപ്പുകള്‍ നിര്‍മിക്കാന്‍ സഹായിച്ചു എന്നാണ് സകരിയക്കെതിരായ കുറ്റം. എന്നാല്‍ ഇയാള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് ഹാജരാക്കിയ രണ്ട് സാക്ഷികളും തങ്ങളുടെ മൊഴികള്‍ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. പത്താം വയസ്സില്‍ പിതാവ് മരണപ്പെട്ട ഈ ചെറുപ്പക്കാരന്‍ ബി.കോം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് മൊബൈല്‍ ടെക്‌നോളജി കോഴ്‌സ് ചെയ്ത് തിരൂരിലുള്ള ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. ഇത് കശ്മീരില്‍ ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബ്ദുര്‍റഹീമിന്റെ അളിയന്റെ കടയായിരുന്നു. ഈ കടയിലെ ജോലി പിന്നീട് ഇയാള്‍ ഉപേക്ഷിച്ചു. എന്നാല്‍, ഇവിടെ വെച്ച് ബോംബുകള്‍ക്കാവശ്യമായ ചിപ്പുണ്ടാക്കി എന്നാണ് ആരോപണം. 19-ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട സകരിയ അഞ്ചു വര്‍ഷമായി വിചാരണത്തടവുകാരനായി ബംഗളുരു പരപ്പന അഗ്രഹാര ജിയിലില്‍ കഴിയുകയാണ്. തനിക്കെതിരെ ഒരു കേസുമില്ലെന്നും അന്തിമ കുറ്റപത്രത്തില്‍ തന്നെ ഒഴിവാക്കുമെന്നും പോലീസ് മേധാവികള്‍ നിരന്തരം പറഞ്ഞിരുന്നതായി ഇയാള്‍ പറയുന്നു.
മുഹമ്മദ് ഷമീര്‍
ബംഗളുരു സ്‌ഫോടന കേസില്‍ 24-ാം പ്രതിയായി കര്‍ണാടകയിലെ ബല്‍ഗാം ജയിലില്‍ കഴിയുന്ന കണ്ണൂര്‍ താന സ്വദേശിയാണ് മുഹമ്മദ് ഷമീര്‍. സ്‌ഫോടനം നടത്തുന്നതിനാവശ്യമായ പണം കൈമാറാന്‍ ഇടനിലക്കാരനായി നിന്നു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ദുബൈയില്‍ കുടുംബസമേതം ജീവിക്കുന്ന ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി എംബസി തന്നെ ദല്‍ഹിയിലേക്ക് കയറ്റിയയക്കുകയായിരുന്നു. 2012 ജനുവരി 25-ന് ദല്‍ഹിയില്‍ വെച്ച് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാല്‍, അന്ന് മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്ത റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട് പാകിസ്താനില്‍ നിന്ന് പുറപ്പട്ട സംഘത്തെ ദല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തുവെന്നായിരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ ഷമീര്‍ എന്നൊരാളും ഉണ്ട് എന്ന് പത്രങ്ങള്‍ പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പരിപാടിയില്‍, ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കളും അഭിഭാഷകരുമാണ് കേസനുഭവങ്ങള്‍ പങ്കുവെച്ചത്. മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, അഡ്വ. ഉസ്മാന്‍, സകരിയയുടെ ബന്ധുവും ഫ്രീ സകരിയ ആക്ഷന്‍ ഫോറം കണ്‍വീനറുമായ ശുഐബ് കോണിയത്ത്, ഷമീറിന്റെ സഹോദരന്‍ ഷഹീര്‍, യഹ്‌യ കമ്മുക്കുട്ടിയുടെ ഭാര്യ ഫരീദ, ഉമര്‍ മൗലവി, മാവേലിക്കര കേസില്‍ ഉള്‍പ്പെട്ട ആമി, രാജേഷ് മാധവന്‍, അഡ്വ. ബാലന്‍, അഡ്വ. എന്‍.എം സിദ്ദീഖ് തുടങ്ങിയവര്‍ കേസനുഭവങ്ങള്‍ പങ്കുവെച്ചു. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയും പരിപാടിയില്‍ സംസാരിച്ചു.
കെ.കെ ഷാഹിന
അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ കര്‍ണാടക പോലീസ് ചുമത്തിയെ കുറ്റത്തിന്റെ നിജസ്ഥിതി അറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് കെ.കെ ഷാഹിന. ഈ കേസില്‍ പോലീസ് ഹാജരാക്കിയ യോഗാനന്ദ, റഫീഖ് എന്നീ പ്രതികളെ കുടകില്‍ സന്ദര്‍ശിച്ച് നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു അവര്‍. അവരുടെ മൊഴി റെക്കോര്‍ഡ് ചെയ്യുകയും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെഹല്‍കയില്‍ അവര്‍ മഅ്ദനി കേസിന്റെ പൊള്ളത്തരത്തെക്കുറിച്ച് ലേഖനമെഴുതിയത്. എന്നാല്‍, കര്‍ണാടക പോലീസ് സാക്ഷികളെ ഭീഷണിപ്പെടത്തി എന്ന കുറ്റം ഷാഹിനയില്‍ ചുമത്തുകയായിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ക്ക്, മഅ്ദനിയെ താന്‍ കണ്ടിട്ടില്ലെന്ന് യോഗേഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും റഫീഖും പറയുന്നുണ്ട്. എന്നാല്‍, കാല്‍ ഇല്ലാത്ത ഒരാള്‍ കുടഗില്‍ വന്നതായി പറയപ്പെടുന്നുണ്ട് എന്നാണ് യോഗാനന്ദ പറയുന്നത്. എന്നാല്‍, പിന്നീട് ഷാഹിനക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാഹിന എന്ന മുസ്‌ലിം സ്ത്രീയും മറ്റു മൂന്നു പേരും കൂടി കുടഗിലെത്തി എന്ന രീതിയില്‍ ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നതിനു ശേഷമായിരുന്നു ഇവര്‍ ഷാഹിനക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. മഅ്ദനിക്കെതിരെ പോലീസ് സൃഷ്ടിച്ചെടുത്തതാണ് സാക്ഷികള്‍ എന്ന് തെളിയിക്കുന്ന ഷാഹിനയുടെ ഇടപെടല്‍ കര്‍ണാടക പോലീസിനെ ചൊടിപ്പിച്ചതാണ് ഇവര്‍ക്കെതിരെ കേസ് ചുമത്താന്‍ പോലീസ് തയാറായത് എന്നത് വ്യക്തമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്കെതിരെ യു.എ.പി.എ ചുമത്തി പീഡിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഈ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
ഉമര്‍ മൗലവി, സുബൈര്‍ പടുപ്പ്
ബംഗളുരു സ്‌ഫോടന കേസില്‍ മഅ്ദനിക്കെതിരെ പോലീസ് ഹാജരാക്കിയ പ്രതികളെ കാണാന്‍ തെഹല്‍ക റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിനയുടെ കൂടെ പോയവരാണ് മടിക്കേരി പള്ളി ഇമാം ഉമര്‍ മൗലവി, പി.ഡി.പി പ്രവര്‍ത്തകര്‍ സുബൈര്‍ പടുപ്പ്, ഉത്തമന്‍ എന്നിവര്‍. എന്നാല്‍ ഷാഹിന എന്ന മുസ്‌ലിം സ്ത്രീയും മറ്റു മൂന്നു പേരും കുടഗില്‍ വന്നു എന്ന രീതിയില്‍ ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നു. തുടര്‍ന്ന് സാക്ഷികളായ യോഗാനന്ദ, റഫീഖ് എന്നിവര്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഈ മൂന്നു പേരും ഒളിവില്‍ പോയി. ഇതില്‍ ഉത്തമന്‍ ഒളിവിലിരിക്കെ അസുഖം ബാധിച്ച് മരിച്ചു. ജാമ്യത്തില്‍ കഴിയുന്ന ഇവര്‍ ഇപ്പോള്‍ ഒന്നര മാസം കൂടുമ്പോള്‍ കോടതിയില്‍ ഹാജരാവണം. കേസ് വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഷാഹിന എന്ന പത്രപ്രവര്‍ത്തകയുടെ കൂടെ സ്ഥലം പരിചയമുള്ളതുകൊണ്ട് പോയി എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ഇതിന് ഇവര്‍ ഇന്ന് അനുഭവിക്കുന്ന ദുരിതമാകട്ടെ ഏറെ വലുതും. എട്ട് മാസത്തോളം ഒളിവില്‍ ദുരിത ജീവിതം നയിച്ചാണ് ഇവര്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിനിടയില്‍ ഉള്ള ജോലിയും പോയി.
യഹ്‌യാ കമ്മുകുട്ടി
ആറു വര്‍ഷമായി ബംഗളുരു ജയിലില്‍ തടവുജീവിതം നയിക്കുന്ന മലയാളിയാണ് യഹ്‌യ കമ്മുകുട്ടി എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. ജി.ഇ അടക്കമുള്ള മള്‍ട്ടി നാഷ്‌നല്‍ കമ്പനികളില്‍ ജോലി ചെയ്ത മിടുക്കനായ ഈ ചെറുപ്പക്കാരനെ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിനിടെ 2008 ഫെബ്രുവരി 18-നാണ് ബംഗളുരു പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. രാത്രി കുടുംബത്തോടൊപ്പം ബംഗളുരുവിലെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പോലീസ് വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് കുടുംബത്തിന് ഒരു വിവരവും അറിയാന്‍ കഴിഞ്ഞില്ല. രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യ ഫരീദ മൂന്ന് കുട്ടികള്‍ക്കും സഹോദരനുമൊപ്പം ബംഗളുരു നഗരത്തില്‍ അലഞ്ഞ് എല്ലാ പോലീസ് അധികാര കേന്ദ്രങ്ങളിലും മുട്ടിയെങ്കിലും യഹ്‌യയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ 2008-ലെ ഹുബ്ലി ഗൂഢാലോചന കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ചാനല്‍ വാര്‍ത്താ വഴിയാണ് ഇവര്‍ അറിയുന്നത്. ഭര്‍ത്താവിനെ തെരഞ്ഞു കിട്ടുമെന്ന എല്ലാ പ്രതീക്ഷയും അസ്തമിച്ചതോടെ ഇവര്‍ നാട്ടിലേക്ക് പോയി. ഇപ്പോള്‍ സ്ഥലം വിറ്റാണ് ഈ കുടുംബം കേസ് നടത്തുന്നത്.
ആരോപിക്കുന്ന കുറ്റങ്ങള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ഭാര്യ ഫരീദ പറയുന്നു. പഠനകാലത്തുള്ള ഇദ്ദേഹത്തിന്റെ ഒരു ഫിസിക്‌സ് നോട്ടുബുക്ക്, ഒരു മാപ്പ്, വീടു പണിക്കായി വീട്ടിലേല്‍പ്പിച്ച 75000 രൂപ, വിവേകം എന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പി, ഖലീല്‍ ജിബ്രാന്റെ 'പ്രവാചകന്‍' അടക്കമുള്ള ഏതാനും പുസ്തകങ്ങള്‍ എന്നിവയാണ് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തി കൊണ്ടുപോയത്. പോലീസ് തന്നെ ബംഗളുരുവിലെ ചില സോഫ്റ്റ് വെയര്‍ കമ്പനികളുടെ പേരുകള്‍ അടയാളപ്പെടുത്തുകയായിരുന്നു. നിരോധനം വരെ സിമി പ്രവര്‍ത്തകനായിരുന്ന യഹ്‌യക്ക് സ്വാഭാവികമായും മറ്റു സിമി പ്രവര്‍ത്തകരെ പരിചയമുണ്ടായിരുന്നുവെന്നല്ലാതെ അവരുമായി ചേര്‍ന്ന് എന്തെങ്കിലും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടില്ലെന്ന് ഈ ചെറുപ്പക്കാരനും പറയുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനമോടിക്കുന്നതിനിടെയാണ് യഹ്‌യയെ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, ഉണ്ടായിരുന്ന കാര്‍ ആറു മാസം മുമ്പ് വിറ്റിരുന്നുവെന്നും പോലീസ് പിടിച്ചുകൊണ്ടുപോകുന്നത് രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണെന്നും ഭാര്യ പറയുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന ഇദ്ദേഹം സ്വന്തമായി കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അറസ്റ്റ് എന്നത് ഇതിനെ കൂടുതല്‍ ദുരൂഹമാക്കുന്നു. ചില മള്‍ട്ടി നാഷ്‌നല്‍ കമ്പനികളെ ബോംബ് വെച്ച് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് പോലീസിന്റെ ആരോപണം. ഇദ്ദേഹം പ്രവര്‍ത്തിച്ച കമ്പനിക്കു വേണ്ടി നടത്തിയ വിദേശയാത്ര പോലും തീവ്രവാദ പ്രവര്‍ത്തനത്തിനായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഓരോ തവണ ജാമ്യ ഹര്‍ജി കോടതിക്ക് മുന്നില്‍ വരുമ്പോഴും വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന് മുന്നില്‍ ജാമ്യമെന്ന സ്വപ്നം പോലും അനന്തമായി നീളുകയാണ്.
സൂഫിയാ മഅ്ദനി
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ഭാര്യയായ സൂഫിയ മഅ്ദനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2009 ഡിസംബര്‍ 18-നായിരുന്നു അറസ്റ്റ്. ഇപ്പോള്‍ ഉപാധികളോടെ ജാമ്യത്തിലാണ്. പതിമൂന്ന് പ്രതികളുള്ള കേസില്‍ സൂഫിയ പത്താം പ്രതിയും ടി. നസീര്‍ ഒന്നാം പ്രതിയുമാണ്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ എന്‍.ഐ.എയുടെ കൈയിലാണ്. 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കളമശ്ശേരിയില്‍ വെച്ച് യാത്രക്കാരെ ഇറക്കിയ ശേഷം കത്തിക്കപ്പെടുന്നത്. അടിമുടി ദുരൂഹത നിലനില്‍ക്കുന്ന ഈ സംഭവത്തിന് 2009-ലാണ് സൂഫിയയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയെ പീഡിപ്പിക്കുന്നതിനെതിരായ പ്രതിഷേധമാണ് ബസ് കത്തിക്കല്‍ എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മഅ്ദനി ജയിലില്‍ നിന്ന് പുറത്തുവരും എന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ബസ് കത്തിക്കപ്പെടുന്നത്. ഇത് തീര്‍ച്ചയായും കേസിനെ പ്രതികൂലമായി ബാധിക്കും എന്നിരിക്കെ മഅ്ദനിയുടെ ബന്ധുക്കളോ അനുയായികളോ ഇങ്ങനെയൊരു കൃത്യം ചെയ്യുമോ എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. സൂഫിയയാണ് സംഭവത്തിന്റെ സൂത്രധാരക എന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിക്കപ്പെട്ടിരുന്നതായി പി.ഡി.പി നേതാവ് മജീദ് പറമ്പായി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കടുത്ത ജാമ്യവ്യവസ്ഥയിലാണ് സൂഫിയ കഴിയുന്നത്. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടുമില്ല. എറണാകുളം ജില്ല വിട്ടുപോകണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ഇതുമൂലം മഅ്ദനിയെ സന്ദര്‍ശിക്കാനോ ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കാനോ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ സൂഫിയക്ക് ജാമ്യ നിബന്ധനകളില്‍ ഇളവ് തേടിയുള്ള സൂഫിയയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. സൂഫിയാ മഅ്ദനിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പരക്കെയുള്ള ആരോപണം. കേസിന്റെ വിചാരണയെങ്കിലും തുടങ്ങിയിരുന്നെങ്കില്‍ പുറത്തുള്ള തടങ്കല്‍ ജീവിതത്തിന് ഒരറുതി പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
പാനായിക്കുളം
സ്വാതന്ത്ര്യദിനത്തില്‍ ഒരു പൊതുപരിപാടി സംഘടിപ്പിച്ചതിന്റ പേരിലാണ് സിമിയുടെ രഹസ്യ യോഗം ചേര്‍ന്നു എന്നാരോപിച്ച് അഞ്ചു പേരെ കേരള പോലീസ് അറസ്റ്റ് ചെയ്യുന്നത്. 'സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്' എന്ന വിഷയത്തില്‍ പാനായിക്കുളം ടൗണിലുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ആഗസ്റ്റ് 15-ന്, നോട്ടീസ് അടിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പി.എ ഷാദുലി, അബ്ദുര്‍റാസിഖ്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ എന്ന ഇവിടത്തെ ഒരു പ്രാദേശിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. കേവലം വിവര ശേഖരണത്തിന് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ ജാമ്യത്തിലാണെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെ കേസില്‍ ആദ്യം ഉണ്ടായിരുന്ന റഷീദ് മൗലവിയെ പിന്നീട് മാപ്പു സാക്ഷിയും പരാതിക്കാരനുമാക്കുകയും ചെയ്തു.
ആമി, സവേര
മാവോയിസ്റ്റ് രഹസ്യ യോഗം കൂടി എന്നാരോപിച്ച് മാവേലിക്കരയില്‍ നിന്ന് 2012 ഡിസംബര്‍ 29-ന് കേരള പോലീസ് പിടികൂടിയ പതിനാറും പത്തും വയസ്സുള്ള കുട്ടികളാണ് ആമിയും സവേരയും. ഇവര്‍ക്കൊപ്പം മറ്റു രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തു. പന്ത്രണ്ട് മണിക്കൂറോളം വളരെ മോശമായ രീതിയില്‍ ഇവരെ ചോദ്യം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മറ്റു യുവാക്കളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടോ, കന്യാകര്‍മം പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇത്രയും നീണ്ട ചോദ്യം ചെയ്യലിനിടെ ചോദിച്ചതെന്ന് ആമി പറയുന്നു. വനിതാ പോലീസ് പോലും ഇത്തരത്തിലാണ് ഈ കുട്ടികളോട് പെരുമാറിയത്.
ഈ കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശി ഗോപാല്‍, തിരുവനന്തപുരം സ്വദേശികളായ ബാഹുലേയന്‍, ഷഹനാസ്, കൊല്ലം സ്വദേശി ദേവരാജന്‍, മാവേലിക്കര സ്വദേശി രാജേഷ് മാധവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത എസ്.ഐ ഇതിനിടെ ആത്മഹത്യ ചെയ്യുകയും ചെയ്തു.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയിലേക്ക് കുട്ടികളെ അംഗങ്ങളായി ചേര്‍ക്കല്‍, ദേശവിരുദ്ധ ഗൂഢാലോചന നടത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. എന്നാല്‍, വിവിധ സമരഭൂമികളില്‍ ഒന്നിക്കുന്ന തങ്ങള്‍ ഒരു സാംസ്‌കാരിക സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാവേലിക്കരയിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു കൂടിയതെന്ന് ഇവര്‍ പറയുന്നു. തമിഴ്‌നാട് സ്വദേശി ഗോപാല്‍ ആണവ വിരുദ്ധ പ്രവര്‍ത്തകനാണ്. ഇതിനെക്കുറിച്ചുള്ള ക്ലാസിനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ പോലീസ് പറയുന്ന ആരോപണങ്ങള്‍ക്ക് തെളിവായി ഒന്നും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. ഇത് സംഘടിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള പൗരന്റെ മൗലികാവകാശത്തിനു മേലുള്ള കൈയേറ്റമാണെന്ന് ഇവര്‍ പറയുന്നു.
യു.എ.പി.എ റദ്ദാക്കുക
വ്യാപക ദുരുപയോഗത്തിനും വിശിഷ്യ ന്യൂനപക്ഷ പീഡനത്തിനും കാരണമായിത്തീരുന്ന യു.എ.പി.എ എന്ന കരിനിയമം റദ്ദാക്കുക എന്നാണ് ജനകീയ തെളിവെടുപ്പിനൊടുവില്‍ ജൂറി ഐകകണ്‌ഠ്യേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വ്യാപക ജനകീയ പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ച ടാഡക്കും പോട്ടക്കും ശേഷമാണ് കടുത്ത വകുപ്പുകളോടെ യു.എ.പി.എ രംഗത്തുവന്നത്. 2001 സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ ആഗോള വ്യാപകമായി തീവ്രവാദത്തിനെതിരെ കടുത്ത നിയമം നിര്‍മിച്ചതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരത്തെയുണ്ടായിരുന്ന യു.എ.പി.എ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പരിഷ്‌കരിക്കുന്നത്. ജാമ്യത്തിനു പോലും വകുപ്പില്ലാത്ത ഈ നിയമമാണ് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും മറ്റും എതിരെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.
വിചാരണ പോലും തുടങ്ങാത്ത കേസുകള്‍ ഉടന്‍ വിചാരണ തുടങ്ങി ഇരകള്‍ക്ക് നീതി ഉറപ്പുവരുത്തുക എന്നും ജൂറി ആവശ്യപ്പെട്ടു. തീവ്രവാദ കേസുകളില്‍ പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് ജീവിതം തന്നെ തകര്‍ത്ത ശേഷം നിരപരാധികളെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിരവധി യുവാക്കള്‍ പുറത്തുവന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും ആരും തയാറായിട്ടില്ല. ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തങ്ങളുടെ നഷ്ടപരിഹാരം ഈടാക്കണം എന്നും ആവശ്യമുയര്‍ന്നു.
ഭരണകൂടം തീവ്രവാദി എന്ന് മുദ്രകുത്തി ഒരാളെ അറസ്റ്റ് ചെയ്യുന്നതോടെ അവരുടെ കുടുംബം സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും സാമൂഹിക ബഹിഷ്‌കരണവും അതിഭീകരമാണ്. ഈ അവസ്ഥ മറികടക്കാന്‍ കുടുംബത്തിന് ആത്മധൈര്യം പകരാന്‍ സാമൂഹിക സംഘടനകള്‍ക്കും മറ്റും കഴിയേണ്ടതുണ്ട്. പല കേസുകളിലും അഭിഭാഷകരെ കിട്ടാത്ത ഭീതിജനകമായ സാഹചര്യവും രാജ്യത്തുണ്ട്. അഥവാ കേസ് ഏറ്റെടുക്കാന്‍ തയാറാകുന്ന അഭിഭാഷകരെ ഒറ്റപ്പെടുത്തുന്ന ബാര്‍ കൗണ്‍സിലുകളും രാജ്യത്തുണ്ട്. ഇതിന് മാറ്റം വരേണ്ടതുണ്ട്. ഓരോ പൗരനും അര്‍ഹമായ നിയമസഹായം ലഭിക്കാന്‍ അഭിഭാഷക സമൂഹം രംഗത്തുവരണം. ബാര്‍ കൗണ്‍സിലുകള്‍ക്ക് സര്‍ക്കാര്‍ ഇതിന് നിര്‍ദേശം നല്‍കണം.
2014 ജൂണ്‍ 14, 15 തീയതികളില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച, കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പിലെ ജനകീയ ട്രൈബ്യൂണല്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും
1. UAPA(Unlawful Activities Prevention Act 1967) എന്ന കരിനിയമം പിന്‍വലിക്കണമെന്നു താഴെപറയുന്ന കാരണങ്ങളാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.
a) ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ജനാധിപത്യാവകാശങ്ങളെയും മൗലികാവകാശങ്ങളെയും ഈ നിയമം നിഷേധിക്കുന്നു.
b) ഈ നിയമങ്ങള്‍ രാജ്യത്ത് വളരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുകഴിഞ്ഞു.
c) UAPA കൂടുതലായും ഉപയോഗിക്കപ്പെട്ടിട്ടുള്ളത് മതന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കൃതര്‍, ദലിതര്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു നേരെയാണ്. ഇത് വ്യാപകമായ തരത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുകയും വിയോജിക്കാനുള്ള അവകാശത്തെ തടയുകയും അവരെ ക്രിമിനലുകളാക്കി മാറ്റുകയും ചെയ്യുന്നു.
2. ഏതെങ്കിലും മതത്തെയോ വംശത്തെയോ വര്‍ഗത്തെയോ ജാതിയെയോ സമുദായത്തെയോ ഭയപ്പാടോടെ കാണുന്ന തരത്തില്‍ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാക്കി കാണുകയും അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിയമം നിര്‍മിക്കുക
3. അകാരണമായി ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയേണ്ടിവരികയും വിധിപ്രസ്താവനയില്‍ കോടതി നിരപരാധിയെന്നു വിധിക്കുകയും ചെയ്തവര്‍ക്ക് മതിയായ അളവില്‍ നിര്‍ബന്ധമായും നഷ്ടപരിഹാരം നല്‍കുക.
4. ഭീകരവാദി എന്നു മുദ്രകുത്തപ്പെട്ടു എന്ന കാരണത്താല്‍ യു.എ.പി.എ ചുമത്തപ്പെട്ട കുറ്റാരോപിതര്‍ക്ക് നിയമസഹായം നല്‍കാതിരിക്കരുത് എന്ന് എല്ലാ ബാര്‍ കൗണ്‍സിലുകളും തങ്ങളുടെ അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നു ആഹ്വാനം ചെയ്യുന്നു.
5. ഏതെങ്കിലും ഒരു വ്യക്തിയെ ഭീകരവാദിയായോ മാവോയിസ്റ്റായോ കലാപകാരിയായോ കെട്ടിച്ചമച്ച് കേസെടുക്കുന്ന പോലീസുദ്യോഗസ്ഥരെ നിയമപരമായി ശിക്ഷിക്കുകയും അവരാല്‍ കുറ്റാരോപിതരായ നിരപരാധികള്‍ക്കുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ ഈടാക്കി നല്‍കുകയും ചെയ്യണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നു
6. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റാരോപിതരുടെ പേരിലുള്ള കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാറുകള്‍ തയാറാകണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം നിര്‍ബന്ധമായും ഉറപ്പാക്കണം.
7. പാര്‍ലമെന്റ്, നിയമസഭ അടക്കമുള്ള നിയമനിര്‍മ്മാണ സഭകളുടെ നിയന്ത്രണത്തില്‍ ഇപ്പോഴില്ലാത്ത രഹസ്യാന്വേഷണ ഏജന്‍സികളെയും അന്വേഷണ ഏജന്‍സികളെയും പൂര്‍ണമായും ബന്ധപ്പെട്ട നിയമനിര്‍മ്മാണ സഭകള്‍ക്കു വിധേയമാക്കുക.
8. ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളെയും അതിന്മേലുള്ള നടപടിക്രമങ്ങളെയും പറ്റി ധവളപത്രം പുറപ്പെടുവിക്കണം.
ജൂറി അംഗങ്ങള്‍: അഡ്വ. മഹ്മൂദ് പ്രാച, അജിത് സാഹി, മനീഷ സേഥി, അഡ്വ. മധുസൂദനന്‍, അഡ്വ. പി.എ പൗരന്‍, അഡ്വ. പി. ചന്ദ്രശേഖര്‍ കെ.പി ശശി, കെ.പി സേതുനാഥ്, സി. ദാവൂദ്.
Comments