Prabodhanm Weekly

Pages

Search

2014 ജൂലൈ 11

-അലീഗഢ്-<br> പൊള്ളുന്ന വെയില്‍കാലത്ത് ഉള്‍തണുപ്പിന്റെ റമദാന്‍

മുഹമ്മദ് ഷാന്‍ /കാമ്പസുകളുടെ നോമ്പടക്കം

         ''ബി പിടിച്ച നോമ്പ് ഞങ്ങളുടെ നോമ്പാണ്, കൂലി കൂടുതല്‍ ഞങ്ങളുടെ നോമ്പിനാണ്. നിങ്ങള്‍ കേരളക്കാര്‍ക്ക് 11 ഓ 12 ഓ മണിക്കൂര്‍ വയറൊഴിഞ്ഞിരുന്നാല്‍ മതിയല്ലോ!'' ദീനിന്റെ യുക്തിപരത മാത്രം ചര്‍ച്ച ചെയ്യാറുള്ള അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ യു.പിക്കാരന്‍ പ്രഫസര്‍ ഇടക്കിടെ പറയും. അതങ്ങനെയായിരിക്കുമെന്ന് സമ്മതിച്ചാലും പോരാ, 'പരലോകത്ത് നമസ്‌കാരത്തെക്കുറിച്ച് കഴിഞ്ഞാല്‍ രണ്ടാമത്തെ ചോദ്യം, നിങ്ങള്‍ കേരളക്കാരനുഭവിക്കുന്ന സുഖസൗകര്യങ്ങളെക്കുറിച്ചായിരിക്കും' എന്ന്കൂടി പറഞ്ഞ് നമ്മുടെ സ്വസ്ഥത കെടുത്തിയേ അദ്ദേഹം അടങ്ങൂ.

         വരണ്ടുവരണ്ടങ്ങനെ നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നമ്മിലേറെ ചിന്തയുണര്‍ത്തുന്നത്, ഉന്മേഷത്തോടെ നില്‍ക്കുന്ന മരങ്ങള്‍ തന്നെ. ചിലതൊക്കെ തളിര്‍ക്കാന്‍ തുടങ്ങുന്നതും ഈ ചൂടിലാണെന്നത് അത്ഭുതം തന്നെ. വര്‍ഷത്തില്‍ 12-ഓ 15-ഓ തവണ മാത്രം പെയ്തിറങ്ങുന്ന മഴ, കുടയൊന്നും ചൂടാതെ കൊണ്ടുനടക്കും അലീഗഢുകാര്‍. നോമ്പുതുറകളിലെവിടെയും ജലസാന്നിധ്യമാകുന്ന തണ്ണിമത്തന്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാല്‍ നാം ചോദിച്ചുപോകും, ഈ ഊഷരഭൂമിയില്‍ ഇതിനുമാത്രം വെള്ളമെവിടെ എന്ന്! നോമ്പു വന്നാലും ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ മെനുവില്‍ പ്രത്യേകിച്ചൊരു ചലനവുമുണ്ടാകില്ല. വിദ്യ തേടുന്നവന് അളന്നൊപ്പിച്ച ഭക്ഷണമാണെന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും, അതൊന്നുമിനി മാറ്റാനാവില്ലെന്നും ഇവിടുത്തുകാര്‍ പറയും. റാഗിംഗ് പേരുമാറി ഇന്റ്‌റോയായും, സീനിയോറിറ്റി തലക്കനമായും ഹോസ്റ്റലില്‍ നിറയുമ്പോള്‍, ഉറ്റവരെപ്പോലെ പെരുമാറും അലീഗഢിലെ മുതിര്‍ന്ന മലയാളി വിദ്യാര്‍ഥികള്‍. കുറഞ്ഞതെങ്കിലും വിഭവങ്ങളൊരുക്കി മലയാളികളൊത്തു ചേരുന്ന ഇഫ്ത്വാര്‍ വിരുന്നുകള്‍ ഇങ്ങിവിടെയും മതസൗഹാര്‍ദത്തിന്റെ പൂമ്പൊടി വിതറും.

         കടല വേവിച്ച 'ചെന'യും 'റോഹ് അഫ്‌സ'യെന്ന തണുത്ത പാനീയവും, പിന്നെ എന്തിനുമേതിനും ഇവിടുത്തുകാര്‍ വിതറുന്ന 'മസാല'യുള്ള പഴക്കൂട്ടുകളും ഇഫ്ത്വാറിലെ സ്ഥിരം വിഭവങ്ങളാണ്. ലഘുഭക്ഷണം പൊതുവെ ശീലമാക്കിയ റമദാന്‍ രാത്രികള്‍ നമുക്ക് പാഠമാണ്. അതുകൊണ്ടുതന്നെ, സുദീര്‍ഘമായ ഖുര്‍ആന്‍ പാരായണം രാത്രി നമസ്‌കാരത്തെ ചൈതന്യവത്താക്കുന്നു. ഒരു തവണയെങ്കിലും ഖുര്‍ആനോതി തീര്‍ക്കണമെന്ന നിര്‍ബന്ധമുള്ളതിനാലാവും, പള്ളികളിലൊക്കെയും ഹാഫിളുമാരാണ് ഇമാമുമാര്‍. പള്ളികളിലെ വിശ്വാസികളുടെ നിറസാന്നിധ്യം പുണ്യരാവുകളില്‍ ആര്‍ക്കും ആത്മീയാനുഭൂതി പകരും.

         സമൂഹ നോമ്പുതുറകള്‍ പള്ളികളില്‍ തന്നെ ശീലിച്ച മലയാളിക്ക് ഇവിടെയെത്തിയാല്‍ പരാതിയാണ്. അങ്ങനെയൊന്ന് ഇവിടെ സങ്കല്‍പിക്കാനേ വയ്യെന്ന് കൈമലര്‍ത്തുന്നു ബീഹാറുകാരനായ മൗലാന സുഹൃത്ത്. ''റിക്ഷക്കാരനും പട്ടിണിക്കാരനും പിന്നെ, എല്ലാ 'ലോക്കല്‍'സും കൂടി നിറഞ്ഞാല്‍ പള്ളികളില്‍ പതിവു നോമ്പുതുറ എങ്ങനെയൊക്കാനാണ്?'' വിഷന്‍ 2016 പ്രൊജക്ടിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി മര്‍കസ് മസ്ജിദില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജീവിതത്തില്‍ മറക്കാനാവാത്ത ഇഫ്ത്വാര്‍ അനുഭവമായി. ആയിരക്കണക്കിന് പേരുടെ പങ്കാളിത്തമുണ്ടായിരുന്ന സംഗമത്തില്‍ റിക്ഷാക്കാരുടെ മുഖത്ത് നിറഞ്ഞിരുന്ന ചിരിക്ക് വിധേയത്വത്തിന്റെ നിറമുണ്ടായിരുന്നെങ്കിലും, സംഘാടകര്‍ ആ ഭാവം മാറ്റാനായിരുന്നു ശ്രമിച്ചത്. നോമ്പുള്ളവനും ഇല്ലാത്തവനും അറിയട്ടെ സത്യമതത്തിന്റെ സാമൂഹിക വിചാരങ്ങള്‍. അഹമ്മദാബാദിലെ ഒരു ഇഫ്ത്വാര്‍ അനുഭവവും ഇവിടെ ഓര്‍ക്കാതെ വയ്യ. ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത്  അധ്യക്ഷന്‍ ഡോ. ശക്കീല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇഫ്ത്വാറില്‍, ഡോക്ടര്‍, എഞ്ചിനീയര്‍, പ്രഫസര്‍ ശ്രേണിയിലുള്ളവര്‍ക്കൊപ്പം റിക്ഷാക്കാരുടെയും ദരിദ്രരുടെയും ഒരു നിര കൂടി കാണാമായിരുന്നു. ഇസ്‌ലാമിനന്യമായ ഉത്തരേന്ത്യന്‍ ജാതി വിപത്തിനെ ഒരുപരിധി വരെ വിസമ്മതിക്കുന്നത് ഇത്തരം കൂട്ടായ്മകളാണെന്ന് കാണാം.

         ''ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ഡോക്ടറേറ്റ് ബിരുദക്കാര്‍ തിങ്ങിത്താമസിക്കുന്നത് അലീഗഢിലെ ദൊഹ്‌റയിലാണ്.'' നോമ്പനുഭവങ്ങള്‍ പറയവേ എഞ്ചിനീയര്‍ മുസ്തഖീം വിഷാദം പൂണ്ടു. ''വിദ്യാസമ്പന്നരും സാമ്പത്തിക മെച്ചമുള്ളവരുമൊക്കെ ഉണ്ടായിരിക്കെത്തന്നെ മുസ്‌ലിമിന്റെ അപകര്‍ഷബോധത്തിനും ഭീതിക്കും ആക്കം കൂടുക മാത്രമേ സംഭവിക്കുന്നുള്ളൂ.''

         2007-ല്‍ ശാന്തപുരം അല്‍ജാമിഅയില്‍ നിന്ന് റമദാന്‍ കളക്ഷനുവേണ്ടി ദല്‍ഹിയിലേക്ക് പുറപ്പെട്ട മൂവര്‍ സംഘത്തോട് വിഷന്‍ 2016-ന്റെ ചുമതലയുള്ള പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്‍ദേശം ഇപ്രകാരമായിരുന്നു: ''ഉപരിപഠനത്തിന് ദല്‍ഹിയിലേക്ക് വരിക. രണ്ട് മൂന്ന് ഡിഗ്രിയും പി.ജിയും പി.എച്ച്.ഡിയുമൊക്കെ ഒരേസമയം ചെയ്ത് ഓടി നടക്കുന്നവര്‍ക്കിടയില്‍, നമ്മുടെ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടൊക്കെ അളക്കപ്പെടട്ടെ!'' കേരള വൃത്തത്തില്‍നിന്ന് 'ഇന്ത്യ'യിലേക്ക് വരിക എന്നാണദ്ദേഹം ഉദ്ദേശിച്ചതെന്ന് ബോധ്യമാവാന്‍ അധികമാലോചിക്കേണ്ടിവന്നില്ല.

         ഇത്തവണ 48-50 ഡിഗ്രി ചൂടില്‍ 15 മണിക്കൂറിലധികം വരും നോമ്പ് സമയം. ഇടക്കിടെ ഇലയനക്കുന്ന കാറ്റില്‍നിന്ന് ആവിയല്ലാതെ പ്രതീക്ഷിച്ചുകൂടാ. 'നരകത്തീ അതികഠിന'മെന്ന് ഉറക്കെ അലറി, നഗ്‌നനായി മണല്‍പ്പരപ്പില്‍ ഉരുണ്ട് പിരളുന്ന അബൂത്വല്‍ഹ(റ) ശരീരത്തെ പരിശീലിപ്പിക്കുന്ന ചരിത്രം വായിച്ചത് അലീഗഢിലെ ചൂടുകാലത്ത് ഉള്‍ത്തണുപ്പ് പടര്‍ത്തുന്നുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍