Prabodhanm Weekly

Pages

Search

2014 ജൂലൈ 11

നന്മ മരങ്ങള്‍ നടുന്ന റമദാന്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         രസ്പരം വിട്ടുവീഴ്ചക്കും അനുരഞ്ജനത്തിനും മാപ്പിന്നും പരിശുദ്ധ റമദാന്‍ ഹേതുവായിത്തീര്‍ന്ന നിരവധി സംഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. ഒരു സുഹൃത്ത്. അയാളുടെ ഭാര്യ പത്ത് വര്‍ഷം മുമ്പ് മരണമടഞ്ഞതാണ്. ഭാര്യയും അദ്ദേഹവും തമ്മില്‍ വര്‍ഷങ്ങളായി നടന്നുവന്ന തീര്‍പ്പാവാത്ത കേസ് കോടതിയിലുണ്ട്. റമദാന്‍ മാസം അടുത്ത ഒരു സായാഹ്നത്തില്‍ അയാള്‍ എന്നോട് പറഞ്ഞു: ''ഞാന്‍ അവള്‍ക്ക് എല്ലാം പൊറുത്തുകൊടുത്തു. അവളോട് വിട്ടുവീഴ്ച കാണിക്കുകയാണ് ഞാന്‍. അവള്‍ക്കെതിരില്‍ കോടതിയില്‍ കൊടുത്ത എല്ലാ കേസുകളും പിന്‍വലിക്കുകയാണ്.'' കഴിഞ്ഞ ഇരുപത് വര്‍ഷമായി പിണങ്ങിക്കഴിഞ്ഞിരുന്ന രണ്ട് കുടുംബങ്ങള്‍ റമദാന്‍ സമാഗതമായതോടെ ഇണങ്ങുകയും സ്‌നേഹബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. കണ്ടുമുട്ടുമ്പോള്‍ അന്യോന്യം മുഖം തിരിച്ചിരുന്ന രണ്ട് സുഹൃത്തുകള്‍... റമദാന്‍ ആയപ്പോള്‍ എല്ലാം മറന്ന് സൗഹൃദത്തിലായി.

         മാപ്പിന്നും വിട്ടുവീഴ്ചക്കും സന്മനോഭാവത്തിനുമുള്ള സുവര്‍ണ സന്ദര്‍ഭമാണ് റമദാന്‍. പൊട്ടിപ്പോയ സാമൂഹിക ബന്ധത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനുള്ള അവസരവുമാണത്. ദൈവികമായ മാപ്പിന്റെയും മാനുഷികമായ വിട്ടുവീഴ്ചയുടെയും മാസം. റമദാനില്‍ എല്ലാം മാറുന്നു. ആകാശം മാറും, ഭൂമി മാറും, എന്തിന്, ജനങ്ങളുടെ സ്വഭാവം പോലും മാറും റമദാനില്‍. മനുഷ്യന്റെ വിശ്വാസത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും സമൂലമാറ്റം വരുത്താന്‍ ഉദ്ദേശിച്ച് അവതീര്‍ണമായ ദൈവിക ഗ്രന്ഥങ്ങള്‍ ഭൂമിയില്‍ ഇറക്കാന്‍ അല്ലാഹു തെരഞ്ഞെടുത്തതും റമദാന്‍ മാസം തന്നെ. റമദാന്‍ ആറിന്നാണ് പ്രവാചകന്‍ മൂസ(അ)ക്ക് തൗറാത്ത് നല്‍കിയത്. ഈസാ(അ)ക്ക് ഇഞ്ചില്‍ ലഭിച്ചത് റമദാന്‍ പതിമൂന്നിനാണ്. ദാവൂദ് നബി(അ)ക്ക് സബൂര്‍ കിട്ടിയത് റമദാന്‍ പതിനെട്ടിന്. ഇബ്‌റാഹീം നബിക്ക് വേദം ലഭിച്ചത് റമദാന്‍ മൂന്നിന്. ഏറ്റവും ഒടുവില്‍ മുഹമ്മദ് നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച് കിട്ടിയത് വിശുദ്ധ റമദാനിലെ ലൈലത്തുല്‍ഖദ്‌റില്‍. റമദാനില്‍ പ്രപഞ്ചത്തില്‍ സമഗ്ര മാറ്റം സംഭവിക്കുന്നതായി നബി(സ) പറഞ്ഞിട്ടുണ്ട്. ''റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ക്ക് താഴ്‌വീഴും. അതില്‍ ഒരു വാതില്‍ പോലും തുറക്കപ്പെടില്ല. സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടും. ഒരു വാതില്‍ പോലും അടയില്ല. പ്രഖ്യാപനമുണ്ടാവും: ''നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, പിറകോട്ടുപോകൂ, നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധിയുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും.'' ആകാശ ലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാവുന്നതെങ്കില്‍ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകള്‍ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വര്‍ധിക്കും. റമദാനില്‍ എങ്ങനെയാണ് നന്മയും കാരുണ്യപ്രവര്‍ത്തനങ്ങളും കൂടുന്നതെന്ന് റസൂല്‍(സ) നമുക്ക് ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുണ്ട്. റമദാനില്‍ നബി(സ) അങ്ങേയറ്റം ഉദാരമതിയായിരുന്നു. പത്‌നി ആഇശ(റ) ഓര്‍ക്കുന്നു: ''റമദാന്‍ ആഗതമായാല്‍ നബി(സ) തടവുകാരെയെല്ലാം വിട്ടയക്കും, ചോദിച്ചുവരുന്നവര്‍ക്കെല്ലാം കൊടുക്കും.'' അതായത് റമദാന്‍ മറ്റ് മാസങ്ങളെ പോലെയല്ലെന്ന് സാരം. റമദാനിലെ ഓരോ ദിനവും നാം പുതിയ പാഠങ്ങള്‍ പഠിക്കും. ഓരോ ദിവസവും പുതിയ അനുഭവ പ്രപഞ്ചം നമുക്ക് മുന്നില്‍ തുറന്നുതരും. റമദാന്‍ മാസത്തിന് മുമ്പേതന്നെ ജനങ്ങള്‍ സന്തോഷവും ആനന്ദവും പങ്കിടുന്നത് നിങ്ങള്‍ കണ്ടിരിക്കുമല്ലോ. ''മുബാറക് അലൈകുമുശ്ശഹ്ര്‍'' (ഈ മാസം നിങ്ങള്‍ക്ക് അനുഗൃഹീതമാവട്ടെ) എന്നാശംസിച്ച് കണ്ടുമുട്ടുന്നവര്‍ തങ്ങളുടെ ആഹ്ലാദവും പ്രാര്‍ഥനയുമാണ് കൈമാറുന്നത്. ശഅ്ബാന്‍ മാസത്തില്‍ നബി(സ) പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹുമ്മ ബാരിക് ലനാ ഫീ ശഅ്ബാന്‍, വ ബല്ലിഗ്‌നാ റമദാന്‍'' (അല്ലാഹുവേ, ശഅ്ബാനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ ചൊരിയേണമേ! റമദാനില്‍ ഞങ്ങളെ നീ എത്തിക്കേണമേ!). റമദാന്ന് വേണ്ടിയുള്ള മുന്നൊരുക്കം ശഅ്ബാനിലേ തുടങ്ങും. ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാനുള്ള വ്യഗ്രതയും ബദ്ധപ്പാടും തിടുക്കവും ഈ പ്രാര്‍ഥനയിലും ആഗ്രഹത്തിലും കാണാം. തീര്‍ച്ചയായും ഇത് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മാസമാണ്, ദൈവികാനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ധന്യമാസം. നബി(സ) സൂചിപ്പിച്ചു: ''നോമ്പുകാരന്ന് രണ്ട് സന്തോഷങ്ങളുണ്ട്. ആ ആനന്ദം രണ്ടും അവന്‍ അനുഭവിച്ചറിയും. നോമ്പു മുറിക്കുമ്പോള്‍ തുറക്കുന്ന വേളയിലെ സന്തോഷം. തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ നോമ്പു നോറ്റതിലെ ആഹ്ലാദം.''

         ഭിന്നിപ്പില്‍ നിന്നും ഛിദ്രതയില്‍നിന്നും അനൈക്യത്തില്‍നിന്നും അകന്ന് നില്‍ക്കാന്‍ റമദാന്‍ നമ്മെ പഠിപ്പിക്കുന്നു. അതാണ് റമദാന്‍ നല്‍കുന്ന വലിയ പാഠം. ഐശ്വര്യവും അറിവും ഉല്‍ക്കര്‍ഷവും ഇല്ലാതാക്കാനേ ഭിന്നിപ്പും തര്‍ക്കവും ഉതകൂ എന്നത് അനുഭവ യാഥാര്‍ഥ്യമാണ്. റസൂലി(സ)ന്റെ സന്നിധിയില്‍വെച്ച് രണ്ടു സ്വഹാബികള്‍ ശണ്ഠ കൂടിയതും ബഹളം വെച്ചതും അറിയാമല്ലോ. ലൈലത്തുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് അറിയാനുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരമാണ് ആ ശണ്ഠ മൂലം നഷ്ടപ്പെട്ടതെന്നോര്‍ക്കണം. ഉബാദത്തുബ്‌നുസ്സാമിത്ത്(റ) ആ സംഭവം അനുസ്മരിക്കുന്നു: ''ലൈലത്തുല്‍ ഖദ്ര്‍ ഏത് ദിവസമാണ് ഉണ്ടാവുക എന്ന് ഞങ്ങളെ അറിയിക്കാനായി റസൂല്‍(സ) പുറത്തുവന്നു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട രണ്ട് വ്യക്തികള്‍ ശണ്ഠ കൂടി സംസാരിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ''ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് നിങ്ങളോട് പറയാനാണ് ഞാന്‍ പുറത്തേക്ക് വന്നത്. അപ്പോഴാണ് രണ്ടാളുകള്‍ ശണ്ഠ കൂടുന്നത് കണ്ടത്. അന്നേരം അത് ഉയര്‍ത്തപ്പെട്ടു. അതൊരുവേള നിങ്ങളുടെ നന്മക്കായിരിക്കാം. അഞ്ചും ഏഴും ഒമ്പതും രാത്രികളില്‍ തേടിക്കൊള്ളുക.'' സുപ്രധാനമായ ഒരു വിവരം സമുദായത്തിന് കൈമാറാന്‍ ഉദ്ദേശിച്ച് പുറത്തുവന്ന നബി(സ)ക്ക് തന്റെ വിലപ്പെട്ട സമയം രണ്ടു സ്വഹാബിമാര്‍ക്കിടയില്‍ ഉളവായ പ്രശ്‌നം പരിഹരിക്കാന്‍ ചെലവിടേണ്ടിവന്നു. ആ ശണ്ഠ എന്തൊരു അനുഗ്രഹമാണ് നമുക്ക് നഷ്ടപ്പെടുത്തിയത്! നമ്മുടെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ഉളവാകുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ശണ്ഠകളും മൂലം എന്തെല്ലാമെന്തെല്ലാം അനുഗ്രഹങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നതെന്ന് ഒരു നിമിഷം ഓര്‍ത്തുനോക്കുക.

         ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. ഒരു യുവാവിന്റെ ധീരവും സത്യസന്ധവുമായ നിലപാടു കാരണം, പിതാവിന്റെ മരണശേഷം അനന്തര സ്വത്തിനെ സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുത്തേക്കാവുന്ന തര്‍ക്കവും അകല്‍ച്ചയും ഇല്ലാതായതിന്നും അവര്‍ ഒരേ മനസ്സും ഒരേ ശരീരവുമായി യോജിപ്പോടെ ജീവിച്ചതിന്നും ഞാന്‍ സാക്ഷിയാണ്. അവരുടെ പിതാവ് ഭീമമായ സമ്പത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യവസായ സ്ഥാപനങ്ങളും വിലപിടിച്ച ഭൂസ്വത്തും കെട്ടിടങ്ങളും മക്കള്‍ക്ക് വിട്ടേച്ചാണ് മരിച്ചത്. മരണം അടുത്തെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം മക്കളെ വിളിച്ചുകൂട്ടി ചോദിച്ചു: ''ഏത് സ്വത്തിനോടാണ് നിങ്ങള്‍ക്ക്  ഓരോരുത്തര്‍ക്കും താല്‍പര്യം?'' പിതാവിന്റെ മരണശേഷം സഹോദരങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട യോജിപ്പിന്നും ഐക്യത്തിനും ഒത്തൊരുമക്കും ഏറെ പ്രാധാന്യം കല്‍പിച്ച, നാം നേരത്തെ സൂചിപ്പിച്ച യുവാവിന്റെ മറുപടി: ''സഹോദരങ്ങളുടെ ഹൃദയങ്ങള്‍ വ്രണപ്പെടുത്തിയും അന്യോന്യം ഭിന്നിപ്പിച്ചും ലബനാനിലെയും സ്‌പെയിനിലെയും ലണ്ടനിലെയും സ്വത്തുക്കള്‍ സ്വന്തമാക്കേണമോ അല്ലെങ്കില്‍ ഇവയൊന്നും വേണ്ടെന്ന് വെച്ച് ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങളും മനസ്സും എന്നും ഒന്നായി നില്‍ക്കുകയാണ് പ്രധാനമെന്ന് കരുതി എല്ലാം ത്യജിക്കേണമോ എന്ന് ചോദിച്ചാല്‍  രണ്ടാമത്തേത് മതി എന്നായിരിക്കും എന്റെ വ്യക്തമായ മറുപടി.''

         യുവാവിന്റെ മറുപടി കേട്ടതോടെ ഓരോരുത്തരും തങ്ങളുടെ അവകാശ വാദങ്ങള്‍ കൈയൊഴിച്ചു. അവര്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറഞ്ഞു: ''അല്ലാഹു എന്താണോ ഞങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത് അത് മതി ഞങ്ങള്‍ക്ക്. സമ്പത്ത് ഞങ്ങളെ ഭിന്നിപ്പിക്കരുത് എന്നതാണ് പ്രധാനം.'' യുവാവിന്റെ നിലപാട് ആ കുടുംബത്തെ ഐക്യത്തിന്റെയും ഒരുമയുടെയും സ്വര്‍ണച്ചരടില്‍ കോര്‍ത്തിണക്കി. നന്മയിലേക്ക് നയിക്കുന്ന മനസ്സിന്റെ നിര്‍മാണമാണ് റമദാന്റെ ദൗത്യം. ഭൂമിയില്‍ മരങ്ങള്‍ വളര്‍ന്നാല്‍ ഫലം അനുഭവിക്കുന്നത് മനുഷ്യരാശി ഒന്നടങ്കമാണ്. 

വിവ: പി.കെ ജമാല്‍ 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍