Prabodhanm Weekly

Pages

Search

2014 ജൂലൈ 11

റമദാന്‍ തുറന്നുവെച്ച ഫിര്‍ദൗസിന്റെ വാതിലുകള്‍ എത്ര സുന്ദരമാണ്

ജമീല്‍ അഹ്മദ് /കാമ്പസുകളുടെ നോമ്പടക്കം

         കാമ്പസ് സമൂഹത്തിന്റെ നേര്‍ക്കണ്ണാടിയാണെന്നൊക്കെ പറയാറുണ്ടെങ്കിലും സവിശേഷമായ ജീവിതാന്തരീക്ഷം അവിടത്തെ നിമിഷങ്ങളെ പുറംസമൂഹത്തെക്കാള്‍ ഉന്മിഷത്താക്കുന്നു. ഉത്കണ്ഠകളും ആശങ്കകളും പൊതുവേ കുറവാണ് എന്നതിനാല്‍ ആഘോഷമാണ് ഏറക്കുറെ എല്ലാ കാമ്പസിന്റെയും മുഖച്ഛായ. നോമ്പ് അതിനാല്‍ കാമ്പസിലെത്തുക തെല്ലൊരു നാണത്തോടെയാണ്. നോമ്പ് നോല്‍ക്കുന്നവര്‍ കുറവായ കാമ്പസുകള്‍ പക്ഷേ, റമദാന്‍ വന്നതും പോകുന്നതും അറിയില്ല. എന്നാല്‍, വ്രതമനുഷ്ഠിക്കുന്ന ഒരാളെങ്കിലുമുള്ള ഗ്യാങ്ങുകള്‍ ഈ മാസത്തോടെ ഒന്ന് പതുങ്ങും. റമദാന്റെ നോമ്പടക്കം ശീലിക്കും. ഭൂരിപക്ഷംപേരും നോമ്പുകാരായ കാമ്പസുകളാകട്ടെ റമദാന്‍ മുഴുവന്‍ ഒരാഘോഷമാക്കി മാറ്റും. ഈ രണ്ടറ്റവും അനുഭവിച്ചതിന്റെ ചില ഓര്‍മകളാണിവിടെ പങ്കിടുന്നത്. 

         പല കാമ്പസുകളിലൂടെയും നോമ്പിനോടൊപ്പം ഞാന്‍ നടന്നിട്ടുണ്ട്; വിദ്യാര്‍ഥിയായും അധ്യാപകനായും. മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ മറീനാകാമ്പസില്‍ അയല്‍പക്കക്കാര്‍ മുഴുവനും നോമ്പര്‍ഥികള്‍ കൂടിയാണ്, റമദാനില്‍. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗങ്ങളുടെ തൊട്ടയല്‍പക്കമായിരുന്നു മലയാളം പഠനവകുപ്പ്. അതിനാല്‍ അവരുടെ എല്ലാ നോമ്പിളക്കങ്ങളിലും ഞാനുമുണ്ടാകും. ഇസ്‌ലാമിക പഠന വിഭാഗം തലവന്‍ പ്രഫസര്‍ അബ്ദുര്‍റഹ്മാനോടൊപ്പം ആയിരുന്നു അന്നത്തെ ചില നോമ്പുതുറകളും. കെ.കെ നഗറിലുള്ള അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍വെച്ച് പ്രശസ്ത എഴുത്തുകാരായ ഷാജഹാന്‍ മാടമ്പാട്ട്, വെങ്കിടാചലപതി, എം ഗംഗാധരന്‍ എന്നിവരോടൊപ്പം ഒരു ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ സ്മരണ ഇന്നുമുണ്ട്, മായാതെ. മദ്രാസ് യൂനിവേഴ്‌സിറ്റിക്കരികില്‍ മൂന്ന് പള്ളികളുണ്ട്. തമിഴ്‌നാട്ടിലെ ഏതൊരു പള്ളിയില്‍നിന്നും നോമ്പുകാലത്ത് കിട്ടുന്ന സവിശേഷമായ നോണ്‍വെജ് മരുന്നുകഞ്ഞി മദ്രാസ് നഗരത്തിലെ പള്ളികളില്‍ എല്ലാ നോമ്പുകാരുടെയും അത്താണിയാണ്. പലയിടത്തും അത് വേണ്ടതിലേറെ സുഭിക്ഷമാവും. ഇതിനെ ആശ്രയിക്കുന്നവരാണ് ഏതാണ്ടെല്ലാ മറുനാടന്‍ മുസ്‌ലിം വിദ്യാര്‍ഥികളും. അവരില്‍ മലയാളികളാണ് ഭൂരിപക്ഷം. താമസിക്കുന്ന എം.എം.എ ഹോസ്റ്റലിനടുത്തുള്ള പള്ളിയിലെ കഞ്ഞി ഇപ്പോഴും നാവില്‍ രുചിയേറ്റുന്ന ഓര്‍മയാണ്.

         യൂനിവേഴ്‌സിറ്റിയിലെ ബൗദ്ധിക ചര്‍ച്ചകള്‍ പലതിനും കാന്റീനാണ് വേദി. മൂന്നോ നാലോ ചായകളുടെ ഇടവേളകളിലാണ് ഞങ്ങള്‍ ഉത്തരാധുനികതയും നവസിദ്ധാന്തങ്ങളും ചര്‍ച്ചക്കെടുത്തത്. മലയാള വിഭാഗത്തിലെ പ്രഫസറായ ഡോ. പി.എം ഗിരീഷിനാണ് നേതൃത്വം. പി. രമേശന്‍, വിനോദ്കുമാര്‍, ദീപ തുടങ്ങി കൂട്ടുകാരുടെ കൂടെയുള്ള ഈ കാന്റീന്‍ കാലം റമദാന്‍ മാസമായതുകൊണ്ടുമാത്രം ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. ചുറ്റുപാടുമിരിക്കുന്ന ചായക്കാരുടെ കൂടെ നോമ്പുകാരനായി ഞാനും. രമേശന്‍ എന്നോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി പലവട്ടം നോമ്പെടുത്തിട്ടുണ്ട്. സൗഹൃദത്തിന്റെ വ്രതഭംഗി അങ്ങനെയും ഞാന്‍ ആസ്വദിച്ചു. 

         കേരളത്തിലെ കാമ്പസ് നോമ്പ് ഞാന്‍ ആദ്യം അനുഭവിച്ചത് പട്ടാമ്പി സംസ്‌കൃത കോളേജിലാണ്. അതും അധ്യാപകനായി. കാമ്പസിനടുത്തുള്ള ചെറിയ പള്ളി, നമസ്‌കരിക്കാനെത്തുന്ന കുട്ടികളെക്കൊണ്ട് അക്കാലം വീര്‍പ്പുമുട്ടും. രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുന്ന പട്ടാമ്പിക്കാമ്പസ് ആ കാലത്ത് അല്‍പം അരാഷ്ട്രീയമാകും. വരാന്തകളില്‍ എ.ബി.വി.പിക്കുവേണ്ടി 'ഭാരത് മാതാ കീ ജയ്' എന്ന് അലറി വിളിച്ചുനടന്ന ചില ആണ്‍കുട്ടികള്‍ മുസ്‌ലിംകളാണെന്ന് അന്ന് ഞാന്‍ അദ്ഭുതത്തോടെ മനസ്സിലാക്കി. കെ.എസ്.യുവിന്റെ വലിയ നേതാവായിരുന്ന ഷുക്കൂര്‍ എന്നെ ബൈക്കിനു പിന്നിലിരുത്തി തെല്ലകലത്തുള്ള പള്ളിയില്‍ നേരത്തെ ജുമുഅക്കെത്താന്‍ ഒരു ചക്രം സഹായിച്ചു. എസ്.എഫ്.ഐ കുട്ടികള്‍ പ്രകടനം നേരത്തെ പിരിച്ചുവിട്ട് നമസ്‌കാരത്തിന് സൗകര്യമൊരുക്കി. കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ വക ഗംഭീരമായ ഒരു ഇഫ്ത്വാര്‍ സംഘടിപ്പിച്ച് പട്ടാമ്പി കോളേജിന്റെ ചരിത്രത്തില്‍ അങ്ങനെയൊരു പുതുമയുണ്ടാക്കി. മലയാള വിഭാഗത്തിലെ പ്രഫസര്‍മാരായ എച്ച്.കെ സന്തോഷും പി.പി പ്രകാശനുമായിരുന്നു മുമ്പില്‍ നടന്നത്. വൈകുന്നേരം അല്‍പം 'മിനുങ്ങി' എന്റെ ക്വാര്‍ട്ടേഴ്‌സില്‍ വന്ന് വെടിപറയാറുള്ള സഹാധ്യാപകര്‍ ഒരു മാസക്കാലം എനിക്ക് അവധി തന്നു. എന്റെ ഖുര്‍ആന്‍ പാരായണം തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സുകളില്‍ കേട്ട് ടീച്ചര്‍മാര്‍ പിറ്റേന്ന് നന്മ നേര്‍ന്നു. കുട്ടിക്കാലാനുഭവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആ രണ്ടു റമദാന്‍ ആണ്ടുകള്‍. മുസ്‌ലിംകളല്ലാത്തവരുടെ കൂടെ എങ്ങനെ നോമ്പുനോല്‍ക്കാമെന്ന് മദിരാശിയില്‍ ലഭിച്ച പാഠം ഞാന്‍ അങ്ങനെ കേരളീയമാക്കി. ശബരിമലയിലേക്കുള്ള വ്രതകാലം പോലെ കേരളീയമായ ഒരു നോമ്പാവിഷ്‌കാരം ഒട്ടും കുറയാതെ സാധ്യമാകുമെന്ന് അങ്ങനെ ബോധ്യമായി. റമദാന്‍ തുറന്നുവെച്ച ഫിര്‍ദൗസിന്റ വാതിലുകള്‍ എത്ര സുന്ദരമാണ്!

         ഇപ്പോഴിതാ കേരള നോമ്പിന്റെ തലസ്ഥാന കോളേജില്‍. റമദാനില്‍ ഓരോ കുട്ടിയുടെയും മട്ടും ഭാവവും മാറും. മലപ്പുറം ഗവ. കോളേജ് ഒരു അറബിക്കോളേജാണോ എന്നു തോന്നുംമട്ടില്‍ തൊപ്പിവച്ച തലകള്‍ വരാന്തയില്‍ പെരുകും. അത്രകാലവും തോളറ്റം വരെ നീണ്ടും നിവര്‍ന്നും കിടന്നിരുന്ന ഫ്രീക്ക് തലകള്‍ ആ ഇത്തിരിത്തൊപ്പിക്കുള്ളില്‍ അച്ചടക്കം പാലിക്കും. ഇഫ്ത്വാറാഘോഷം പൊടിപൊടിക്കും. ഓരോ ക്ലാസ്സും പഠനവിഭാഗങ്ങളും നോമ്പെന്നാല്‍ കോഴിബിരിയാണിയാണ് എന്ന മട്ടില്‍ പിരിവും പാചകവും തുടങ്ങും. നേരത്തെ വീടണയേണ്ട പെണ്‍കുട്ടികള്‍ക്ക് പൊതിഞ്ഞുകൊടുത്തും ചിലര്‍ നേരത്തെ ശാപ്പിട്ടും ഇഫ്ത്വാര്‍ കേമമാക്കും. ക്ലാസ്സില്‍ ഉറക്കം തൂങ്ങുന്ന പെണ്‍കുട്ടികളുടെ മുഖത്തുനോക്കി സാഹിത്യം പറയാനാകാതെ അധ്യാപകര്‍ക്ക് തിരിച്ചുപോരേണ്ടിവരും. ഇതില്‍ കവിഞ്ഞ് മറ്റൊരു നിറവും പകര്‍ത്തിവെക്കാതെ ഇവിടെ നോമ്പ് അവസാനിക്കും. ഇത്രയും മതിയോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

         റമദാനില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയിലും പട്ടാമ്പി കോളേജിലും കിട്ടിയ പലതും ഈ മുസ്‌ലിം ഭൂരിപക്ഷ, പെണ്‍ ഭൂരിപക്ഷ മലപ്പുറം കാമ്പസ് ഒളിച്ചുവെക്കുന്നുണ്ട്. അത് ആര് തിരികെയെടുത്തുതരും? 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍