-ഇസ്തംബൂള്‍-<br> 'പതിനൊന്നു മാസങ്ങളുടെ രാജകുമാരനു സ്വാഗതം'
പതിഞ്ഞ ശബ്ദത്തിലുള്ള സൂഫി സംഗീതത്തിനൊത്ത് ടാക്‌സി ഡ്രൈവറുടെ സംഗീതാത്മകമായ പുകവലിയുടെ അകമ്പടിയോടെ ഒരു നോമ്പുകാലത്താണ് ആദ്യമായി ഇസ്തംബൂൡലത്തുന്നത്. കഠിനമായ വിശപ്പുമായെത്തിയ എന്നെ കാത്ത് ഒലീവും, ഫ്രഞ്ച് ഫ്രൈസ് (French fries) ചീസും, എക്‌മെകും, സലാഡും, തേനും, മുട്ടയും, ഗൊസ്‌ലെമെയും (Gozleme), സിഗറബൊരെഗിയും (Sigara Boregi) സംഗമിക്കുന്ന രാജകീയ തുര്‍ക്കിഷ് അത്താഴം. ഹോസ്റ്റലിലെ കാലാവസ്ഥ തൃപ്തികരമായിരുന്നു.
ഇസ്തംബൂളുകാരുടെ തിരക്കുപിടിച്ച ജീവിതത്തിലെ വിശേഷപ്പെട്ട വിരുന്നുകാരനാണ് പുണ്യ റമദാന്‍. നമ്മുടെ നാട്ടിലെ 'നനച്ചു കുളി' പോലെ അവര്‍ക്കുമുണ്ട് റമദാന്‍ വരവേല്‍പ്പുകള്‍. പൊതുവെ നല്ല വൃത്തിക്കാരായ ഇസ്തംബൂളുകാര്‍ നോമ്പ് വരുന്നതോടെ പള്ളികളും തെരുവുകളും വീടും പരിസരവും വൃത്തിയാക്കുന്നു. വിശുദ്ധിയുടെയും ആത്മസംതൃപ്തിയുടെയും മാസമാണവര്‍ക്ക് റമദാന്‍. ഉസ്മാനി-ബൈസെന്റൈന്‍ വാസ്തുശില്‍പകലയുടെ പ്രതീകങ്ങളായ ബ്ലു മോസ്‌ക്കിലും (Sultan Ahmad Mosque), സുലൈമാനിയ്യ മോസ്‌ക്കിലും (Suleymaniye Mosque) ഇരുമിനാരങ്ങളിലായി ഉയര്‍ന്നു നില്‍ക്കുന്ന ലൈറ്റ് ബോര്‍ഡുകളില്‍ (Mahya) ഇപ്രകാരം കാണാമായിരുന്നു 'പതിനൊന്നു മാസങ്ങളുടെ രാജകുമാരനു സ്വാഗതം.' തുര്‍ക്കിയുടെ യൂറോപ്യന്‍ ഭാഗമെന്ന പ്രത്യേകത കൂടി ഇസ്തംബൂളിനുണ്ട്. അതുകൊണ്ട് തന്നെ ജീവിത രീതിയിലും ഈയൊരു മാറ്റം പ്രകടമാണ്. ഭക്ഷണ രീതിയിലും വസ്ത്രധാരണ രീതിയിലും തുര്‍ക്കിയുടെ മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തരാണവര്‍. നോമ്പുകാലമാകുന്നതോടെ ഇസ്തംബൂളിന്റെ സാമൂഹികാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതായിത്തീരുന്നു. മാസങ്ങള്‍ക്ക് മുമ്പുതന്നെ തെരുവുകളിലും പള്ളികളിലും വീടുകളിലും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നു. മാര്‍ക്കറ്റുകളും റമദാനിന്റെ വരവറിയിക്കാറുണ്ട്. പല നിലവാരത്തിലുള്ള വ്യത്യസ്തയിനം സാധനങ്ങള്‍ വില്‍പനസജ്ജമാക്കി വെക്കുന്നു. റമദാനിലെ രാത്രികളില്‍ തെരുവുകളെല്ലാം ജനനിബിഡമാകുന്നു. കുട്ടികളും സ്ത്രീകളുമടക്കം ജനസഞ്ചയം നോമ്പു തുറയും കഴിഞ്ഞ് പള്ളിയിലേക്കും മറ്റുമായിറങ്ങുന്നു.
ഇസ്തംബൂളുകാരുടെ നോമ്പ് തുടങ്ങുന്നത് താളത്തിലുള്ള 'ഡ്രം ബീറ്റ്' കേട്ടുകൊണ്ടാണ്. ഇസ്തംബൂളിലെ അധിക ഗല്ലികളിലും ഈ സിസ്റ്റം നിലവിലുണ്ട്. പാതിരാത്രി അത്താഴ സമയമറിയിക്കാനായി ഡ്രം അടിച്ചുകൊണ്ട് 'ഡ്രം മാന്‍' കവലകള്‍ തോറും കേറിയിറങ്ങുന്നു. ഓരോ പ്രദേശത്തെയും മുനിസിപ്പാലിറ്റിയാണിവരെ നിയമിക്കുന്നത്. ഈ ജോലി ചെയ്യുന്ന പലരും ഇതൊരാരാധനാ കര്‍മമായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇങ്ങനെ ആളുകളെ അത്താഴത്തിന്ന് വിളിച്ചുണര്‍ത്തുന്നതിന് പലരും ശമ്പളം പറ്റാറില്ല.
അത്താഴത്തിന് വളരെ ലളിതമായ ഭക്ഷണമാണ് പൊതുവെ കഴിക്കാറുള്ളത്. ഇതില്‍ ഒലീവും പാല്‍കട്ടിയും തേനും എക്‌മെകും (അല്‍പ്പം കട്ടികൂടിയ ഒരിനം ബ്രഡ്) മുഖ്യ ഇനങ്ങളാണ്. മറ്റൊരു പ്രധാന ഐറ്റം തുര്‍ക്കിഷ് ചായയാണ്. വീടുകളില്‍ അത്താഴത്തിനായി ചെറിയ കുട്ടികളെയും വിളിച്ചുണര്‍ത്താറുണ്ട്. ഇതില്‍ പല കുട്ടികളും ചെറുപ്പം മുതലേ നോമ്പ് ശീലിക്കുന്നവരുമാണ്. പലപ്പോഴും രാത്രികാലങ്ങളില്‍ മാര്‍ക്കറ്റില്‍നിന്നും മറ്റുമായി വൈകിയെത്തുന്നത് കാരണം അത്താഴം കഴിച്ചാണ് പലരും ഉറങ്ങാറുള്ളത്. എങ്കില്‍ പോലും പ്രഭാത പ്രാര്‍ഥനകളില്‍ പള്ളികള്‍ നിറഞ്ഞു കവിയുന്നു.
ഹുക്കയും പുകവലിയും ശീലമാക്കിയ ഇസ്തംബൂളുകാര്‍ റമദാനിന്റെ ദിനങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം പൂര്‍ണമായും ഒഴിവാക്കുന്നു. പലര്‍ക്കും ഏറ്റവും പ്രയാസകരവും ഇതാണ്. റമദാനിന്റെ പകലുകളില്‍ ഹോട്ടലുകള്‍ അടച്ചിടാറില്ല. വരുന്നവര്‍ക്കെല്ലാം പുഞ്ചിരിയോടെ ഭക്ഷണം വിളമ്പുന്നു. റമദാനിന് ഭക്ഷണം കഴിക്കുന്നവന്‍ ഒന്നുകില്‍ അവിശ്വാസി (മുസ്‌ലിം നാമമാണെങ്കില്‍ പോലും) അല്ലെങ്കില്‍ രോഗി അല്ലെങ്കില്‍ യാത്രക്കാരന്‍ എന്ന നിലക്കാണവര്‍ പരിഗണിക്കാറുള്ളത്.
ഇഫ്ത്വാറുകള്‍ പലപ്പോഴും ഒരാഘോഷമാണ്. വീടുകളില്‍നിന്ന് ഭക്ഷണമെത്തിച്ച് പാര്‍ക്കുകളിലും പള്ളി മുറ്റങ്ങളിലും കുടുംബസമേതം നടത്തുന്ന നോമ്പുതുറകള്‍ വളരെ രസകരമാണ്. തറാവീഹ് നമസ്‌കാരവും കൂടി കഴിഞ്ഞാണ് ഇങ്ങനെ പുറത്തിറങ്ങുന്ന പലരും വീടുകളിലേക്ക് തിരിച്ചുപോവാറുള്ളത്. നോമ്പ്തുറ സമയങ്ങളില്‍ പള്ളി മുറ്റങ്ങള്‍ നിറഞ്ഞു കവിയുന്നു. അബൂ അയ്യൂബില്‍ അന്‍സാരി(റ)യുടെ ഖബ്ര്‍ സ്ഥിതി ചെയ്യുന്ന അയ്യൂബ് സുല്‍ത്താന്‍ മോസ്‌ക്കില്‍ തറാവീഹ് കഴിയുന്നത് വരെ ഈ തിരക്കനുഭവപെടുന്നു. പാവപ്പെട്ടവര്‍ക്കായി വലിയ തോതില്‍ ഭക്ഷണ വിതരണവും ഇത്തരം സ്ഥലങ്ങളില്‍ കാണാവുന്നതാണ്. പലരും തങ്ങളുടെ വീടുകളില്‍നിന്ന് നിശ്ചിത വിഹിതം നോമ്പുതുറ സ്ഥലങ്ങളിലെത്തിക്കുന്നു. യാത്രക്കാര്‍ക്കും, വിദേശികളായ സഞ്ചാരികള്‍ക്കും ഇതൊരു വലിയ അനുഗ്രഹമാണ്.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമേ ഓരോ മുനിസിപ്പാലിറ്റിയും അവരവരുടെ 'മൊഹല്ലകളില്‍'(Mohalla) നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട്. എല്ലാ വര്‍ഷവും ഫാതിഹ് ബ്രിഡ്ജ്(Fatih Koprusu)ല്‍ നടത്തുന്ന നോമ്പുതുറയാണ് ഏറ്റവും വലുതും സുന്ദരവും. കഴിഞ്ഞ വര്‍ഷം ഫാതിഹ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. നോമ്പുതുറകളിലേക്ക് എല്ലാവരും ക്ഷണിതാക്കളാണ്. ഇത്തരം സമൂഹ നോമ്പുതുറകളില്‍ പങ്കെടുക്കുന്നത് പുണ്യകരമായിട്ടാണ് ഇസ്തംബൂളുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നോമ്പ് തുറകളില്‍ പങ്കെടുക്കുന്നത് പലര്‍ക്കും ആവേശകരമാണ്. ഇഫ്ത്വാറുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണമാണ് വിളമ്പാറുള്ളത്. ഒലീവിനും പാല്‍കട്ടിക്കും എക് മെക്കിനും റെച്ചല്‍നും (Jam) തേനിനും പുറമെ പാസ്തിര്‍മ, സുചൂക്, കവ്‌റുമ, തര്‍ഹഹന തുടങ്ങിയ വിഭവങ്ങളാണ് അവരുടെ നോമ്പുതുറകളെ ധന്യമാക്കുന്നത്. ബാങ്കുവിളി കേള്‍ക്കുന്നതിനുമുമ്പ് എല്ലാവരും നിശ്ശബ്ദരായി നിന്ന് ദീര്‍ഘനേരം പ്രാര്‍ഥിക്കുന്നത് ഇസ്തംബൂളുകാരുടെ രീതിയാണ്. അന്നേരമുള്ള പ്രാര്‍ഥന ഒരിക്കലും തടയപ്പെടില്ലെന്നതാണതിന്റെ പ്രേരണ.
ഇഫ്ത്വാറിന് ശേഷം വീടുകളില്‍നിന്ന് പുറത്തേക്കുള്ള ഒഴുക്കാരംഭിക്കുന്നു. ശാന്തമായിരുന്ന ഇസ്തംബൂള്‍ ഒരു കാര്‍ണിവല്‍ പോലെ ജനനിബിഡമാകുന്നു. കുട്ടികളും സ്ത്രീകളുമടക്കം വീട്ടിലെ ഒട്ടുമിക്ക ആളുകളും വിവിധ ആവശ്യങ്ങള്‍ക്കായി വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു. അധിക പേരുടെയും ലക്ഷ്യം താറാവീഹ് നമസ്‌കാരമാണ്. സുല്‍ത്താന്‍ അഹ്മദ് മോസ്‌ക്ക്, സുലെയ്മാനിയ്യ മോസ്‌ക്ക്, ഫാത്തിഹ് മോസ്‌ക്, അയ്യൂബ് സുല്‍ത്താന്‍ മോസ്‌ക്ക് തുടങ്ങിയിടങ്ങളില്‍ തറാവീഹ് നമസ്‌കരിക്കാന്‍ ഇടം ലഭിക്കണമെങ്കില്‍ നേരത്തെയെത്തുകയോ അവിടെനിന്ന് തന്നെ നോമ്പ് തുറക്കുകയോ വേണ്ടിവരും. മിക്ക പള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ഥനാ സൗകര്യങ്ങളുണ്ട്. തറാവീഹ് നമസ്‌കാരങ്ങള്‍ക്കാണ് സ്ത്രീകളുടെ തിരക്കധികവും അനുഭവപ്പെടാറുള്ളത്.
വീടുകളിലേക്ക് അതിഥിയായി ചെല്ലുന്നത് രസകരമായ അനുഭവമാണ്. വീട്ടിലെ മുതിര്‍ന്നവരുടെ കൈ ചുംബിച്ച് അകത്തേക്ക് പ്രവേശിക്കുന്നു. ശേഷം ആതിഥേയനുമായി സംസാരിച്ചിരിക്കുന്നു. ഇന്ത്യയെ അവര്‍ ഹിന്ദുസ്ഥാന്‍ എന്നാണ് വിളിക്കാറുള്ളത്. പലര്‍ക്കുമറിയേണ്ടത് ഹിന്ദുസ്ഥാനിലെ നോമ്പിനെ കുറിച്ചാണ്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിനിടയിലെ 'ദുഷ്‌കരമായ' നോമ്പുകളെകുറിച്ച് പലരും ആശങ്കാകുലരാണ്. അമ്പലത്തിലും മറ്റുമായി നടക്കുന്ന ഇഫ്ത്വാര്‍ മീറ്റുകളെ കുറിച്ച് വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകളിലെ ആശ്ചര്യവും തിളക്കവും അനിര്‍വചനീയമായിരുന്നു.
Comments