Prabodhanm Weekly

Pages

Search

2014 ജൂലൈ 11

വടക്കേന്ത്യന്‍ മുസ്‌ലിംകളോട് നമുക്ക് കടപ്പാടുകളുണ്ട്

ഹസനുല്‍ ബന്ന കണ്ണൂര്‍

വടക്കേന്ത്യന്‍ മുസ്‌ലിംകളോട് 
നമുക്ക് കടപ്പാടുകളുണ്ട്

         ടക്കേന്ത്യന്‍ മുസ്‌ലിംകളുടെ ദുരിതജീവിതത്തിന്റെ ആഴം വല്ലാതെ നൊമ്പരപ്പെടുത്തി. സദ്‌റുദ്ദീന്‍ വാഴക്കാട് ചൂണ്ടിക്കാട്ടുന്നതുപോലെ (ലക്കം 2853) സിംഹാസനസ്ഥരായ ഒരു ജനതയാണ് ഇവ്വിധം അട്ടിമറിക്കപ്പെട്ടതെന്ന വസ്തുത ആരെയും ചിന്തിപ്പിക്കുന്നതാണ്.

         കേരളീയ മുസ്‌ലിംകള്‍ക്ക് വടക്കേന്ത്യന്‍ മുസ്‌ലിം സമൂഹത്തോട് ഏറെ കടപ്പാടുകളുണ്ട് എന്ന കാര്യം സാന്ദര്‍ഭികമായി ചൂണ്ടിക്കാട്ടട്ടെ. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ബ്രിട്ടീഷുകാരോടേറ്റുമുട്ടി സാമ്പത്തികമായും വിദ്യാഭ്യാസപരമായും തകര്‍ന്ന കേരളീയ മുസ്‌ലിംകളെ ഉദാരമായി സഹായിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയതില്‍ വ ടക്കേന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇതിന്റെ ഇന്നും ജീവിക്കുന്ന ഉദാഹരണമത്രെ കോഴിക്കോട്ടെ ജെ.ഡി.റ്റി ഇസ്‌ലാം സ്ഥാപനങ്ങള്‍. ടി മുഹമ്മദ് സാഹിബിന്റെ 'മാപ്പിള സമുദായം ചരിത്രം സംസ്‌കാരം' എന്ന കൃതിയിലെ 'ദുരിതാശ്വാസ സംരംഭം' എന്ന അധ്യായത്തില്‍ ഇതു സംബന്ധമായി വിവരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ അതിക്രൂരമായ മര്‍ദനങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊണ്ട് എല്ലാം നഷ്ടപ്പെട്ട സമുദായം... പട്ടിണി കൊണ്ട് എല്ലും തൊലിയുമായിത്തീര്‍ന്ന മാപ്പിള സ്ത്രീകള്‍... ദുരിതക്കയത്തില്‍ കിടന്നുപിടയുന്ന പിഞ്ചുബാല്യങ്ങള്‍. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് 1923-ലെ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഈ ദയനീയ ചിത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചെങ്കിലും മറുപടി കുറേ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. അങ്ങനെയാണ്  സാഹിബ് വടക്കേന്ത്യന്‍ മുസ്‌ലിംകളെ സമീപിക്കുന്നത്. ടി. മുഹമ്മദ് എഴുതുന്നു: ''കാക്കിനാഡ സമ്മേളനത്തിനു ശേഷം അദ്ദേഹം ഉത്തരേന്ത്യയില്‍ പോയി പല പ്രശസ്ത വ്യക്തികളെയും കണ്ടു. 'ജംഇയ്യത്തുദ്ദഅ്‌വ വതബ്‌ലീഗുല്‍ ഇസ്‌ലാം' (ജെ.ഡി.റ്റി ഇസ്‌ലാം) എന്ന സംഘടനയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ഉദാരമതിയുമായ മൗലാനാ അബ്ദുല്‍ ഖാദിര്‍ ഖസൂരി തന്റെ സഹപ്രവര്‍ത്തകരോടൊപ്പം മലബാറിലെത്തി. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആറു കേന്ദ്രങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കോഴിക്കോട് വെള്ളിമാട്കുന്നില്‍ അന്നവര്‍ സ്ഥാപിച്ച അനാഥശാല ഇന്നും പ്രശസ്ത രീതിയില്‍ നടക്കുന്നു'' (പേജ് 442).

ഹസനുല്‍ ബന്ന കണ്ണൂര്‍

പ്രബോധനം എന്ന വഴികാട്ടി

         പ്രബോധനം വായിക്കാതെയും കാണാതെയും ഒരുപാട് ആഴ്ചകള്‍ കടന്നുപോയിട്ടുണ്ട്. എന്തുകൊണ്ട് വായിക്കുന്നില്ല എന്നത് എന്നെ അലട്ടിയ പ്രശ്‌നമായിരുന്നില്ല. പ്രബോധനം ഏജന്റായ ഹനീഫക്ക പറഞ്ഞതോര്‍ക്കുന്നു: ''നീ ഒരു പ്രബോധനം വരുത്തണം. നിന്നെപ്പോലുള്ളവരാണ് ഇത് വായിക്കേണ്ടത്. കാശൊന്നും വിഷയമാക്കേണ്ട.'' എന്നെ സംബന്ധിച്ചേടത്തോളം 10 രൂപ എന്നതല്ല വിഷയം. വായിക്കുന്നില്ല, പിന്നെന്തിന് ഇത് വാങ്ങണം? 

         ഏതായാലും വാങ്ങിക്കാമെന്ന് ഏല്‍ക്കുകയും വാക്ക് പാലിക്കുകയും ചെയ്തു. അതിനു ശേഷം ഇന്നുവരെ പ്രബോധനം എന്റെ ലഹരിയാണ്, സന്തത സഹചാരിയാണ്. എപ്പോഴും കൂട്ടിനുണ്ടാകും. യാത്രയില്‍ ചിലര്‍ ഇത് കണ്ട് വാങ്ങി മറിച്ചു നോക്കും. മറ്റു ചിലര്‍ വാങ്ങി വായിച്ച് തിരികെ തരും. എന്തിന് നാം മറ്റുള്ളവരുടെ അവകാശം തടയണം? പ്രബോധനം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വായിക്കാനും ഹോം ലൈബ്രറിയില്‍ അടുക്കിവെക്കാനും മാത്രമുള്ളതല്ലല്ലോ?

അബ്ദുര്‍റസാഖ് പുലാപ്പറ്റ

സ്വര്‍ഗവാതിലുകള്‍ വിളിക്കുന്നു

         രു സ്വൂഫി കഥയുണ്ട്: ഒരു രാജാവ് ഒരു ഗുരുവര്യനെ സമീപിച്ച് പറഞ്ഞു: ''ഞാനീ നാട്ടിലെ രാജാവ്. സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് അറിയലാണ് ആഗമനോദ്ദേശ്യം. സ്വര്‍ഗം എന്ന ഒന്നുണ്ടെങ്കില്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകണം.''

         രാജാവിന്റെ ധിക്കാര സ്വഭാവവും അഹന്ത നിറഞ്ഞ സംസാരവും ഗുരുവിനിഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ''താങ്കള്‍ ആദ്യം ഈ രാജകീയാഡംബരങ്ങളുടെ വേഷമഴിച്ചുകളയണം. വിദ്യ തേടുന്ന ഒരു ശിഷ്യനായി എന്റെ മുമ്പില്‍ വരൂ. എന്നിട്ടെന്നോട് ചോദിക്കൂ, ഞാനുത്തരം പറയാം.''

         ഇത് കേട്ട് അത്യന്തം കുപിതനായ രാജാവ് ഉറയില്‍ നിന്ന് വാള്‍ ഊരിയെടുത്ത് ഗുരുവിന്റെ തലയെടുക്കാനായി മുന്നോട്ടാഞ്ഞു.

         ''താങ്കള്‍ ഒരു നിമിഷം നില്‍ക്കൂ, ഇപ്പോള്‍ നരകത്തിന്റെ വാതില്‍ തുറന്നിരിക്കുന്നു.'' ഗുരു നിസ്സങ്കോചം പറഞ്ഞു.

         രാജാവ് പകച്ചുപോയി. വെട്ടാനുയര്‍ത്തിയ കൈ അറിയാതെ താഴ്ന്നു. വര്‍ധിച്ച കോപം ആറിത്തണുത്തു. വാള്‍ ഉറയിലേക്ക് തന്നെയിട്ടു. ഇത് കണ്ട് ഗുരു പറഞ്ഞു: ''ഇപ്പോള്‍ സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നിരിക്കുന്നു!''

         ഇതോടെ മനംമാറ്റം വന്ന രാജാവ് ആ ഗുരുവിന്റെ ശിഷ്യനായി എന്നത് പിന്നത്തെ കഥ.

         ''റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യും.''

         ഈ വചനത്തിന്റെ സാരാംശം എളുപ്പം മനസ്സിലാക്കിത്തരുന്നു മേലുദ്ധരിച്ച കഥ. നന്‍മേഛുക്കള്‍ക്ക് കൂടുതല്‍ നന്മ ചെയ്തുകൊണ്ട് സ്വര്‍ഗകവാടങ്ങള്‍ സ്വയം തുറക്കാന്‍ കഴിയും. അതോടെ നരകകവാടങ്ങള്‍ തുറക്കപ്പെടേണ്ടതില്ലാത്ത സാഹചര്യം സംജാതമാവുന്നു. തിന്മയുടെ വാതിലുകളടയുന്നതോടെ ദൈവത്തിന് ഇഷ്ടപ്പെട്ട കര്‍മങ്ങള്‍ അനുഷ്ഠിക്കുക വിശ്വാസിക്ക് അനായാസമായിത്തീരുന്നു. അങ്ങനെ, മനുഷ്യനെ ദൈവധിക്കാരത്തിലേക്കും പാപവിചാരത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കാന്‍ ദത്തശ്രദ്ധനായ പിശാച്, തന്റെ ഇംഗിതം നടപ്പാക്കാനാകാതെ തോറ്റ് പിന്‍വാങ്ങുന്നു.

അബൂഹസന കുന്ദമംഗലം

അല്ലാഹുവിന്റെ ക്രോധത്തെ സൂക്ഷിക്കുക

         രിശുദ്ധ റമദാന്‍ സമാഗതമായപ്പോള്‍ ഗള്‍ഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിലെ കോളമിസ്റ്റ് തയാറാക്കിയ ഫീച്ചറിന്റെ തലക്കെട്ട്: 'Beginning of Ramadan: the month of fast and feast' (റമദാന്റെ ആരംഭം: വ്രതത്തിന്റെയും സദ്യയുടെയും മാസം) എന്ന്. തുടര്‍ന്ന് റമദാന്‍ പ്രമാണിച്ച് ഇറച്ചിയുടെയും പഴവര്‍ഗങ്ങളുടെയും 'വില കൂടിയ' വാര്‍ത്തയും, കുറെയേറെ പലഹാരങ്ങളുടെയും പഴവര്‍ഗങ്ങളുടെയും ചിത്രവും.

         റമദാന്‍ ഭക്തിയുടെയും പുണ്യത്തിന്റെയും വസന്തകാലമാണെന്നതിനപ്പുറം വേറെ കുറെ തെറ്റിദ്ധാരണകളോ ദുര്‍ധാരണകളോ പരത്തുംവിധത്തിലാണ് റമദാനിലെ ആഹാര രീതി. ആഹാര വിഷയത്തില്‍ സമുദായം പുലര്‍ത്തുന്ന ധൂര്‍ത്തും ദുര്‍വ്യയവും നോമ്പുതുറയില്‍ മാത്രം പരിമിതമല്ല. നമ്മുടെ കല്യാണങ്ങളിലും സദ്യകളിലും സല്‍ക്കാരങ്ങളിലുമെല്ലാം ധൂര്‍ത്തും ദുര്‍വ്യയവും ധാരാളം ദൃശ്യമാണ്.

         ഒരു നോമ്പുതുറ പരിപാടിക്ക് പോയാല്‍ പലര്‍ക്കും തങ്ങളുടെ അനുഷ്ഠാന നിഷ്ഠയും ചിട്ടയും അവതാളത്തിലാകുന്നുവെന്നതും ഒരു ദുഃഖസത്യമാണ്. പരിശുദ്ധ റമദാനിലെ അനുഷ്ഠാനങ്ങളും സല്‍കര്‍മങ്ങളും നോമ്പുതുറ പരിപാടി കാരണം അലങ്കോലപ്പെടാനോ മുടങ്ങാനോ ഇടവരാതിരിക്കാന്‍ പലപ്പോഴും ആതിഥേയര്‍ ശ്രദ്ധിക്കാറില്ല. പകിട്ടും പത്രാസും പ്രകടിപ്പിക്കാനെന്നോണം നോമ്പുതുറ ഗംഭീരമാക്കാനാണ് പലരും കൂടുതല്‍ ശ്രദ്ധിക്കാറ്. ആതിഥേയരുടെ വീട്ടിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ നമസ്‌കാരവും ദിക്ര്‍ ദുആകളുമെല്ലാം ചുരുക്കുകയും നീട്ടിവെക്കുകുയം ചെയ്യേണ്ട ഗതികേടാണധികവും ഉണ്ടാവാറ്.

അബ്ദുല്‍ ഹസീബ് എ റഹ്മാന്‍ പെരിങ്ങാടി

         ലൈക്ക് പേജില്‍ മജീദ് കുട്ടമ്പൂര്‍ എഴുതിയ 'തട്ടിപ്പിന്റെ വെള്ളിമെഡല്‍' (ലക്കം 2856) മലയാളിയുടെ ആര്‍ത്തിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു. തട്ടിപ്പുകള്‍ക്കെതിരെ വായനക്കാരെ ജാഗരൂകരാക്കാന്‍ ആ കുറിപ്പ് ഉപകാരപ്പെടുക തന്നെ ചെയ്യും.

മാമുക്കോയ മാളിയക്കല്‍,കോഴിക്കോട്

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍