Prabodhanm Weekly

Pages

Search

2014 ജൂലൈ 11

കേവല പാരായണത്തെയല്ല ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചത്

രേഷ്മ കൊട്ടയ്ക്കാട്ട് /ലേഖനം

         ''സൂല്‍ പറയും, എന്റെ രക്ഷിതാവേ തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനെ അഗണ്യമായി തള്ളിക്കളഞ്ഞിരിക്കുന്നു'' (ഖുര്‍ആന്‍ 25:30).

         മനസ്സിലാക്കുന്നവര്‍ക്ക് വേണ്ടി വിശദീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ (അല്‍ബഖറ 185). നിര്‍ഭാഗ്യവശാല്‍ ലോകത്ത് തീരെ മനസ്സിലാകാതെ വായിക്കപ്പെടുന്ന ഏക ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ. മനുഷ്യ സമൂഹത്തിന്റെ സമാധാനപൂര്‍ണമായ ജീവിതത്തിനു വേണ്ടിയുള്ള ഉല്‍ബോധനങ്ങള്‍, ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും താക്കീതുകളുമായി അതില്‍ വിശദീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ എന്ന അറബി പദത്തിന് വായന, വായിക്കപ്പെടുന്നത് എന്നൊക്കെയാണ് അര്‍ഥം. വായിക്കേണ്ടത് എങ്ങനെയെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ''തീര്‍ച്ചയായും നാം ഇതിനെ സ്പഷ്ടമായ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടിയാണ്'' (43:3, 12:2).

         1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബി സംസാരിക്കുന്ന ജനസമൂഹത്തിലേക്കാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. അതിന്റെ ആദ്യ കേള്‍വിക്കാരും പ്രയോക്താക്കളും അറബികളാണ്. അവര്‍ കേട്ടറിഞ്ഞ ചരിത്രവും കണ്ടു പരിചയിച്ച ഭൂമിശാസ്ത്ര ഘടനയും അവര്‍ ജീവിക്കുന്ന സാമൂഹിക പരിസരവും മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ ആശയങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അതിനാല്‍ അറേബ്യയുടെ ചരിത്രവും സാമൂഹിക ശാസ്ത്രവും കൂടി മനസ്സില്‍ വെച്ചുകൊണ്ടുവേണം ഖുര്‍ആന്‍ വായിക്കാന്‍. 

         ഖുര്‍ആന്റെ അവതരണത്തോടെ മനുഷ്യര്‍ ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്ര തുടങ്ങി. വിവിധ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര ഘടനയും സാമൂഹിക ചുറ്റുപാടുകളും അവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് ഖുര്‍ആനിക തത്ത്വങ്ങളെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അതിന്റെ ഫലമായി ആദ്യ നൂറ്റാണ്ടില്‍ ഇസ്‌ലാമിന് വളര്‍ച്ചയും വികാസവും കൈവരിക്കാനായി എന്നതിന് ചരിത്രം സാക്ഷി. ഇങ്ങനെ ഖുര്‍ആനിക തത്ത്വങ്ങളെ സന്ദര്‍ഭോചിതം ആവിഷ്‌കരിച്ചതുകൊണ്ടാണ് ഈ 21-ാം നൂറ്റാണ്ടിലും ഖലീഫാ ഉമര്‍ ഭരണാധികാരികള്‍ക്ക് മാതൃകയാണെന്ന് ലോകം വാഴ്ത്തുന്നത്. ബഗ്ദാദ്, സ്‌പെയിന്‍ തുടങ്ങിയ നാഗരികതകളുടെ വികാസവും അക്കാലങ്ങളില്‍ ശാസ്ത്രം നേടിയ വളര്‍ച്ചയുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഇന്ന് ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവ പഠിക്കുമ്പോള്‍ ഇസ്‌ലാമിക നാഗരികതകളുമായി ബന്ധപ്പെട്ട അവയുടെ ചരിത്രം കൂടി മനസ്സിലാക്കണം. ഖുര്‍ആന്റെ കാലോചിത വായനയും ചിന്തയും അവരുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് അപ്പോള്‍ നമുക്ക് ബോധ്യപ്പെടും. അതുകൊണ്ട് നമ്മുടെ കാലഘട്ടത്തില്‍ ഓരോ ജനവിഭാഗവും അവരുടെ ഭൂമിശാസ്ത്ര പ്രത്യേകതയും സാമൂഹിക ജീവിതത്തിലുണ്ടായ വളര്‍ച്ചയും വികാസവും മറ്റും മുന്‍നിര്‍ത്തി വേണം ഖുര്‍ആനിക ആശയങ്ങള്‍ മനസ്സിലാക്കാനും അവയുടെ പ്രയോഗവത്കരണത്തെക്കുറിച്ച് ചിന്തിക്കാനും.

         ഖുര്‍ആന്‍ പൂര്‍ണമായും വായിച്ചുകഴിയുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന പ്രധാന കാര്യം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും ഖുര്‍ആന്റെ ഉല്‍ബോധനത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മാത്രമാണ് ദൃഷ്ടാന്തമുള്ളത് എന്നാണ്. ബുദ്ധി ഉപയോഗിക്കാത്ത, ചിന്തിക്കാത്ത മനുഷ്യരെ ബധിതരും മൂകരുമെന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. ''തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നികൃഷ്ട ജീവികള്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാകുന്നു'' (ഖുര്‍ആന്‍ 8:22).

         ഖുര്‍ആന്‍ മനുഷ്യസമൂഹത്തിനുള്ള മാര്‍ഗദര്‍ശനമാണ്, അഥവാ വഴികാട്ടിയാണ് (2:185). അതിനെ പിന്തുടരേണ്ട വിധത്തില്‍ പിന്തുടരുകയെന്നതാണ് ഖുര്‍ആന്‍ അംഗീകരിക്കുന്നവരുടെ പ്രഥമവും പ്രധാനവുമായ ബാധ്യത. ''നാം ഈ ഗ്രന്ഥം നല്‍കിയവര്‍ അതിനെ പിന്തുടരേണ്ട വിധത്തില്‍ പിന്തുടരുന്നു, അവരാണ് ഇതില്‍ വിശ്വസിക്കുന്നവര്‍'' (2:121). ഈ ആയത്തിലെ 'യത്‌ലൂന' എന്ന പദത്തിന്റെ പ്രധാന അര്‍ഥം പിന്തുടരുക എന്നാണ്. എന്നാല്‍ പാരായണം ചെയ്യുക എന്ന അര്‍ഥത്തില്‍ മാത്രമാണ് പൊതുവെ അത് ഉപയോഗിച്ചു കാണുന്നത്. ചിന്തിച്ചു പിന്തുടരാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്: ''നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ അത് മറന്നു കളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നല്ലോ, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'' (2:44).

         കേവല പാരായണത്തെ ഖുര്‍ആന്‍ ഒരിടത്തും പ്രോത്സാഹിപ്പിക്കുന്നില്ല. ഖുര്‍ആന്‍ ആയത്തുകളുടെ കേവല പാരായണവും ആയത്തുകളിലേക്ക് നോക്കിയിരിക്കുന്നതും പുണ്യമാണെന്ന് ഫത്‌വ ഇറക്കിയ പണ്ഡിത സമൂഹം യഥാര്‍ഥത്തില്‍ ജനങ്ങളെ ഖുര്‍ആനില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. കേവല പാരായണം ഒരിക്കലും ചിന്തയിലേക്ക് നയിക്കുകയോ ജീവിതത്തെ സ്വാധീനിക്കുകയോ ഇല്ല.  മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം വിശദീകരിക്കുകയും അതിലേക്ക് വഴികാണിക്കുകയും ചെയ്യുന്ന ദൈവിക പ്രത്യയശാസ്ത്രമാണത്. അല്ലാഹു, ആ വഴിയിലൂടെ ആദ്യം ദൂതന്മാരെ നയിച്ചു. നാം പിന്തുടരേണ്ടത് ഖുര്‍ആന്‍ കാണിച്ചതരുന്നതും അല്ലാഹുവിന്റെ ദൂതന്മാര്‍ നമുക്ക് മുന്നേ സഞ്ചരിച്ചതുമായ വഴിയാണ്. ദൂതന്മാര്‍ യാത്ര ചെയ്യാനുപയോഗിച്ച വാഹനത്തെയല്ല. എന്നാല്‍ നാം ഇന്ന് പിന്തുടരാന്‍ ശ്രമിക്കുന്നത് ദൂതന്മാരുടെ വാഹനത്തെയാണ്. ആ വാഹനത്തെ പിന്തുടര്‍ന്നാല്‍ കാലഘട്ടത്തിന്റെ വികാസവുമായി ഏറ്റുമുട്ടുകയും ഇസ്‌ലാം പുതിയ കാലത്ത് കാലഹരണപ്പെട്ട തത്ത്വസംഹിതയായി ഗണിക്കപ്പെടുകയും ചെയ്യും. സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍, വിവാഹ നിയമം, ബഹുഭാര്യാത്വ സമ്പ്രദായം, ശിക്ഷാ നിയമങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, ആരാധനാ രീതികള്‍ തുടങ്ങിയവയുടെ പല വശങ്ങളിലും ഇസ്‌ലാം യുക്തിരഹിത തത്ത്വശാസ്ത്രമാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഖുര്‍ആന്‍ കാണിച്ചുതന്നതും അല്ലാഹുവിന്റെ ദൂതന്മാര്‍ സഞ്ചരിച്ചതുമായ വഴിയിലൂടെ നാം സഞ്ചരിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യന്റെ സാമൂഹിക വികാസത്തിനനുസരിച്ച് ആ വഴി വികസിപ്പിക്കാനും അതത് കാലത്തെ വാഹനങ്ങളില്‍ ആ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാനും സാധിക്കും. ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന സബീല്‍, സ്വിറാത്വ്, ഹുദാ തുടങ്ങിയ പ്രയോഗങ്ങളില്‍ നിന്ന് 'വഴി'യാണ് പിന്തുടരേണ്ടത് എന്ന് മനസ്സിലാക്കാം.

         ഖുര്‍ആനിക ആശയങ്ങളൊന്നും തന്നെ ഏതെങ്കിലും കാലത്തോട് ഏറ്റുമുട്ടുന്നതല്ല എന്നത് അതിന്റെ ദൈവികതയുടെ തെളിവാണ്. ഏത് കാലഘട്ടത്തിലും വിശദീകരിക്കാവുന്നതും വികസിപ്പിക്കാവുന്നതുമായ രീതിയിലാണ് ഖുര്‍ആനിക തത്ത്വങ്ങളുള്ളത്. ഒരിക്കലും വറ്റിപ്പോകാത്ത ജ്ഞാനത്തിന്റെ ഉറവിടമാണത്. ''ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനകളായിത്തീരുകയും സമുദ്രം മഷിയായിത്തീരുകയും വേറെ ഏഴു സമുദ്രങ്ങള്‍ മഷിയായി അതിനെ പോഷിപ്പിക്കുകയും ചെയ്യട്ടെ. എന്നാല്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല'' (31:27). ഏത് കാലഘട്ടത്തിലും ഏറ്റവും പുരോഗമനപരമായ സംസ്‌കാരവും നാഗരികതയും ശാസ്ത്രവും ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. സല്‍ബുദ്ധിയോടെ, യുക്തിപൂര്‍വം ചിന്തിക്കുന്നവര്‍ക്കാണ് ഖുര്‍ആനിക ആശയങ്ങള്‍ യഥാവിധി മനസ്സിലാവുക. ''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'' (3:190). തര്‍ക്കത്തിനും കുതര്‍ക്കത്തിനും മത സംഘടനകള്‍ക്കിടയിലെ കിടമത്സരത്തിനും വേണ്ടി ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകുന്നത് മറ്റൊന്നായിരിക്കും. ചിന്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഖുര്‍ആന്‍ ഓരോ വിഷയവും വിവരിക്കുന്നത്. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന സൂക്തങ്ങള്‍ നൂറിലധികം തവണ വന്നിട്ടുണ്ട് ഖുര്‍ആനില്‍. ചില വിഷയങ്ങളില്‍ അടിസ്ഥാന തത്ത്വങ്ങള്‍ മാത്രം പറയുകയും വിശദാംശങ്ങള്‍ മനുഷ്യബുദ്ധിക്ക് വിട്ടുകൊടുക്കുകയും ചെയ്തത് സ്വതന്ത്ര ചിന്തക്ക് ഖുര്‍ആന്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ്. ''സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും'' (5:101).

         മനുഷ്യപ്രകൃതത്തിനും ജീവിത രീതികള്‍ക്കും ഖുര്‍ആന്‍ ഇത്രത്തോളം പ്രാധാന്യം കൊടുത്തിട്ടും 'എന്റെ ജനം ഖുര്‍ആനെ അഗണ്യമായി തള്ളിക്കളഞ്ഞു' (25:30) എന്നു പറഞ്ഞു ദൂതന്‍ അന്ത്യനാളില്‍ ഖേദിക്കേണ്ടിവരുന്നിടത്തേക്ക് നാം എത്തിനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കണം. എല്ലാ വീട്ടിലും ആളൊന്നിന് നാല് ഖുര്‍ആന്‍ വീതം ഉണ്ടായിട്ടും രാവിലെയും വൈകുന്നേരവും അത് മുടങ്ങാതെ പാരായണം ചെയ്തിട്ടും ദൈവിക ഗ്രന്ഥത്തെ നാം തള്ളിക്കളഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. അതിന്റെ ഒന്നാമത്തെ കാരണം വായിക്കേണ്ട വിധത്തില്‍ നാം ഖുര്‍ആന്‍ വായിക്കുന്നില്ല എന്നതുതന്നെയാണ്. ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ അത് വായിക്കുന്നവരോടാണ് സംസാരിക്കുന്നത്. ആ സംസാരം മനസ്സിലാകണമെങ്കില്‍ നമുക്ക് അറിയാവുന്ന ഭാഷയില്‍ ഖുര്‍ആന്‍ വായിക്കണം, പഠനവിധേയമാക്കണം.

         സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ആയത്തുകള്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ ഖുര്‍ആനിക ആശയങ്ങളെ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും. അതിന്റെ ഫലമായി ഖുര്‍ആന്റെ മൂലതത്ത്വമായ ഇസ്‌ലാമിന്റെ ആദര്‍ശവാക്യത്തില്‍ നിന്നുപോലും നാം വ്യതിചലിച്ചു. 'അല്ലാഹു അല്ലാതെ ഇലാഹില്ല' എന്ന് മനസ്സില്‍ ഉറപ്പിച്ച് നിരന്തരം നാവുകൊണ്ട് വെളിവാക്കി ചൊല്ലുമ്പോഴും ആ വാക്യം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് എന്താണെന്ന് ചിന്തിക്കാനും മനസ്സിലാക്കാനും നാം ശ്രമിക്കാറില്ല. അതിന്റെ ഫലമായി മഖ്ബറകളില്‍ തിരികത്തിച്ചും ഔലിയാക്കള്‍ക്ക് കാണിക്ക വെച്ചും യാന്ത്രികമായി ഹജ്ജും ഉംറയും നോമ്പും നമസ്‌കാരവും നിര്‍വഹിച്ചും അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് കാര്യങ്ങള്‍ സാധിക്കാമെന്നും ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാമെന്നും സ്വര്‍ഗത്തില്‍ സീറ്റുറപ്പിക്കാമെന്നും സമുദായം തെറ്റിദ്ധരിച്ചു. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന എല്ലാ ഇബാദത്തുകളും മനുഷ്യ സമൂഹത്തിന്റെ നന്മയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പക്ഷേ, നാം ഇബാദത്തിനെ ആരാധന എന്ന അര്‍ഥത്തില്‍ മാത്രം മനസ്സിലാക്കിയതോടെ ഖുര്‍ആന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ മനുഷ്യപ്പറ്റില്ലാത്തവിധം വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ ഖുര്‍ആനിക മൂല്യങ്ങള്‍ സമൂഹത്തിന് അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ മാനവ സമൂഹത്തിനുവേണ്ടി പ്രപഞ്ച സ്രഷ്ടാവ് അവതരിപ്പിച്ച മാര്‍ഗദര്‍ശനമാണ്. അതില്‍ കാല-ദേശ-പ്രായ-ഭാഷ-മത- ലിംഗ വിവേചനമില്ല. വിവേചനം ഓരോരുത്തരും മനപ്പൂര്‍വം ചെയ്യുന്ന കര്‍മങ്ങളുടെ അടിസ്ഥാനത്തിലാണ്. ''ഉറപ്പായി അറിയുക. വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (2:62). ഇതുപ്രകാരം സമൂഹത്തിന് ഒന്നാകെ പ്രയോജനപ്പെടും വിധം ഖുര്‍ആനിക ആശയങ്ങളെ പ്രയോഗവത്കരിക്കണം. റമദാന്‍ ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മ പുതുക്കുന്ന മാസമാണ്. ആ മാസത്തെ ഖുര്‍ആന്റെ സമഗ്ര പഠനത്തിനായി ഉപയോഗിക്കുന്നതിലാകട്ടെ നമ്മുടെ ശ്രദ്ധ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍