Prabodhanm Weekly

Pages

Search

2014 ജൂലൈ 11

തഖ്‌വയുടെ യാഥാര്‍ഥ്യം

         ദീനുല്‍ ഇസ്‌ലാമിന്റെ അഗ്രഗണ്യമായ മഹിത മാനവിക മൂല്യമാണ് 'തഖ്‌വ'. വിശുദ്ധ ഖുര്‍ആന്റെ അവതരണ ലക്ഷ്യം മര്‍ത്ത്യരില്‍ തഖ്‌വ വളര്‍ത്തുകയാണെന്ന് അതിന്റെ തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്. ''നിസ്സംശയം, ഈ വിശുദ്ധവേദം മുത്തഖികളാകാനാഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗദര്‍ശനമാകുന്നു'' (വിശുദ്ധ ഖുര്‍ആന്‍ 2:2). ''നാം അവതരിപ്പിച്ച ഈ വേദം അനുഗൃഹീതമാകുന്നു. അതിനെ പിന്‍പറ്റുവിന്‍. തഖ്‌വയുള്ളവരാകുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടാന്‍'' (6:155). ''ഇത് ലോകര്‍ക്കാകമാനമുള്ള സുവ്യക്തമായ വിളംബരമാകുന്നു. മുത്തഖികളാകണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും'' (3:138). ഖുര്‍ആന്റെ മുഖ്യ ലക്ഷ്യം തഖ്‌വയാണെന്ന് സൂചിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ വേറെയുമുണ്ട്.

         തഖ്‌വയാണ് മനുഷ്യനെ മഹനീയനും ഉന്നതനുമാക്കുന്ന ഗുണം. ''നിങ്ങളി(മനുഷ്യരി)ല്‍ ഏറ്റം തഖ്‌വയുള്ളവനാകുന്നു അല്ലാഹുവിങ്കല്‍ ഏറ്റം ഉന്നതന്‍'' (49:13). മനുഷ്യരും ജിന്നുകളും സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണല്ലോ (51:56). ഇബാദത്ത് കൊണ്ടുദ്ദേശിക്കപ്പെടുന്നതും തഖ്‌വയാണ്. ''അല്ലയോ മര്‍ത്ത്യരേ, നിങ്ങളുടെയും നിങ്ങളുടെ പൂര്‍വികരുടെയും സ്രഷ്ടാവായ വിധാതാവിന് ഇബാദത്ത് ചെയ്യുവിന്‍. നിങ്ങള്‍ തഖ്‌വയുള്ളവരാവാന്‍'' (2:21). ''നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുവിന്‍, അല്ലാഹുവില്‍ തഖ്‌വയുള്ളവരാകുവിന്‍'' (6:72). ''അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിയമമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍'' (2:183). ആരാധനാനുഷ്ഠാനങ്ങളല്ലാത്ത വ്യാവഹാരിക നിയമങ്ങളും ലക്ഷ്യമാക്കുന്നത് തഖ്‌വ തന്നെയാണ്. ''ബുദ്ധിമാന്മാരേ, പ്രതിക്രിയാ നിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്; നിങ്ങള്‍ തഖ്‌വയുള്ളവരാവാന്‍'' (2:179). ഈമാനിന്റെ പൂരകമാണ് തഖ്‌വ. തഖ്‌വയില്ലാത്ത ഈമാന്‍, ഈമാനില്ലാത്ത കര്‍മം പോലെ നിഷ്ഫലമാകുന്നു. അതുകൊണ്ടാണ് 'അല്ലയോ സത്യവിശ്വാസികളായവരേ, അല്ലാഹുവിന് തഖ്‌വയുള്ളവരായിരിക്കുവിന്‍' എന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്നത്. ഒരിടത്ത് ഇങ്ങനെയും പറയുന്നുണ്ട്: ''അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവില്‍ തഖ്‌വയുണ്ടാവേണ്ടവണ്ണം തഖ്‌വയുള്ളവരാകുവിന്‍. നിങ്ങള്‍ ആരും മുസ്‌ലിംകളല്ലാതായി മരിക്കാതിരിക്കട്ടെ'' (3:102). ഉചിതമായ തഖ്‌വയില്ലെങ്കില്‍ വിശ്വാസികളായവരും മുസ്‌ലിമല്ലാത്തവരായി മരിക്കേണ്ടിവരുമെന്നര്‍ഥം.

         ഇത്രയേറെ പ്രധാനമായ ഈ തഖ്‌വ എന്താണ്? ഭക്തി, ജാഗ്രത, സൂക്ഷ്മത, കരുതല്‍, കാവല്‍, ഭയം തുടങ്ങി ഒട്ടേറെ ആശയങ്ങള്‍ വഹിക്കുന്ന പദമാണ് തഖ്‌വ. ഖുര്‍ആന്‍ അവിടവിടെ വ്യത്യസ്ത ആശയങ്ങളിലെല്ലാം 'തഖ്‌വ' ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരര്‍ഥത്തില്‍ മാത്രം തഖ്‌വയെ നിര്‍വചിക്കാനാവില്ല. തഖ്‌വ എന്ന ഭാഷാപദം മാത്രമല്ല, 'തഖ്‌വല്ലാഹി' എന്ന സാങ്കേതിക വാക്കാണ് നിര്‍വചിക്കപ്പെടേണ്ടത്. ''അല്ലാഹു കല്‍പിച്ചതൊക്കെയും പാലിക്കുക. അവന്‍ നിരോധിച്ചതൊക്കെയും വര്‍ജിക്കുക'' എന്നാണ് പൂര്‍വ സൂരികള്‍ നല്‍കിയ പ്രബലവും പ്രചുരവുമായ നിര്‍വചനം. തീര്‍ച്ചയായും തഖ്‌വയുടെ പ്രത്യക്ഷവും പ്രായോഗികവുമായ രൂപം തന്നെയാണിത്. പക്ഷേ, കൃത്യമായ നിര്‍വചനമാണെന്ന് പറയാനാവില്ല. തൊട്ടു കാണിക്കാവുന്ന പദാര്‍ഥ നിഷ്ഠമായ ഒന്നല്ല തഖ്‌വ. അതിനെ നബി(സ) പരിചയപ്പെടുത്തിയത് തന്റെ ഹൃദയത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് 'തഖ്‌വ ഇതാ ഇവിടെയാണ്' എന്നത്രെ. അല്ലാഹു പറഞ്ഞു: ''ബലിയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. പ്രത്യുത അല്ലാഹുവിനെ പ്രാപിക്കുന്നത് നിങ്ങളിലുള്ള തഖ്‌വയാകുന്നു'' (22:37).  മനുഷ്യന്റെ മൗലികമായ ഒരു മനോഗുണമാണ് തഖ്‌വ: ''മനസ്സാണ, അതിനെ സന്തുലിതമായി സംവിധാനിച്ചതാണ, അങ്ങനെ അവന്‍ അതിന്റെ ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തു. ധര്‍മബോധത്തെ വളര്‍ത്തി മനസ്സിനെ സംസ്‌കരിച്ചവന്‍ ജീവിതം സഫലമാക്കി. ധര്‍മബോധം അടിച്ചമര്‍ത്തിയവന്റെ ജീവിതം പരാജിതമായി'' (91:7-10).

         അപ്പോള്‍ അല്ലാഹു മനുഷ്യനില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ധര്‍മബോധമാണ് മൗലികമായി 'തഖ്‌വല്ലാഹി.' തഖ്‌വ എന്ന പദത്തിന്റെ എല്ലാ ആശയങ്ങളും സമഞ്ജസമായി സമ്മേളിച്ച ഉജ്ജ്വലമായ ഒരു മാനസികാവസ്ഥ. ധര്‍മബോധത്താല്‍ ഉത്തിഷ്ഠമായ മനസ്സാക്ഷി. അതില്‍ ദൈവത്തോടുള്ള ഭക്തിയുണ്ട്. അവന്റെ പ്രീതിക്കു വേണ്ടിയുളള ദാഹമുണ്ട്. അധര്‍മങ്ങളോട് കടുത്ത വിപ്രതിപത്തിയുണ്ട്. ഇതെല്ലാം ചേര്‍ന്ന് മനസ്സ് പ്രകാശമാനമാവുകയും ആ പ്രകാശത്തില്‍ ചലിക്കുകയും ചെയ്യുന്ന വ്യക്തിത്വ ഘടനയാണ് തഖ്‌വ. തഖ്‌വയുള്ളവരുടെ ജീവിതത്തിന്റെ മാര്‍ഗദര്‍ശിയും മേല്‍നോട്ടക്കാരനും കാവല്‍ക്കാരനും തഖ്‌വ തന്നെയാണ്. അവരെ തെറ്റുകളില്‍നിന്ന് തടയാന്‍ മറ്റൊരു കാവല്‍ക്കാരന്‍ ആവശ്യമില്ല. സര്‍ക്കാരും പോലീസും പാറാവുകാരുമൊന്നുമില്ലെങ്കിലും നിരോധിത മേഖലകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും, വിലക്കപ്പെട്ടതില്‍ കൈവെക്കുന്നതില്‍ നിന്നും തഖ്‌വ അവരെ തടഞ്ഞുകൊള്ളും. സ്രഷ്ടാവായ പ്രപഞ്ച വിധാതാവിന്റേതല്ലാത്ത എല്ലാ അടിമത്തങ്ങളില്‍നിന്നും മുക്തമായ അവസ്ഥയാണത്. അതാണ് യഥാര്‍ഥ സ്വാതന്ത്ര്യം. ഖുര്‍ആന്‍ പറയുന്ന സുരക്ഷിത ഹൃദയം-'ഖല്‍ബുന്‍ സലീം.' പ്രശാന്തി വിളങ്ങുന്ന ആത്മാവ്-'നഫ്‌സുന്‍ മുത്വ്മഇന്നഃ.' ഇതാണ് തഖ്‌വയുടെ പൊരുള്‍. മനസ്സില്‍ തഖ്‌വയാകുന്ന ദീപം മങ്ങുന്ന മുറക്ക് നാം ആന്തരികമായി ക്ഷുദ്രകാമനകളുടെയും ബാഹ്യമായി താഗൂത്തി ശക്തികളുടെയും അടിമത്തങ്ങളിലകപ്പെടുന്നു. ബാഹ്യവും ആന്തരികവുമായ എല്ലാ അടിമത്തങ്ങളില്‍ നിന്ന് മുക്തരും സംശുദ്ധരും പ്രശാന്തരുമായ വ്യക്തികളും സമൂഹവുമാണ് തഖ്‌വ പ്രബോധനം ചെയ്യുമ്പോള്‍ ഖുര്‍ആന്‍ ആത്യന്തികമായി ഉന്നം വെക്കുന്നത്. നടേ സൂചിപ്പിച്ച പോലെ ജീവിതത്തെ തഖ്‌വയിലുറപ്പിക്കാനുള്ള പ്രധാന സാധനകളിലൊന്നാണ് വ്രതാനുഷ്ഠാനം. തഖ്‌വയുടെ വെളിച്ചം എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതാണ് വ്രത വിജയത്തിന്റെ മാനദണ്ഡം. മനസ്സില്‍ തഖ്‌വയുടെ വെളിച്ചം നിറക്കുന്നത് തന്നെയാണ് ആത്മസംസ്‌കരണവും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍