Prabodhanm Weekly

Pages

Search

2014 ജൂലൈ 11

ഭീകരക്കേസുകളില്‍ എന്തുകൊണ്ട് ജനകീയ വിചാരണ വേണ്ടിവരുന്നു?

അഡ്വ. മഹ്മൂദ് പ്രാച/കെ.കെ. സുഹൈല്‍ /അഭിമുഖം

(അധോലോക സംഘങ്ങളില്‍ നിന്നുള്ള വധഭീഷണികള്‍ അവഗണിച്ച്, നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെട്ട ഭീകരതയുമായി ബന്ധപ്പെട്ട എഴുപതിലധികം കേസുകള്‍ ധീരതയോടെ ഏറ്റെടുത്ത പ്രമുഖ അഭിഭാഷകനാണ് മഹ്മൂദ് പ്രാച. സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച 'കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പി'ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖം)

ധാരാളം ഭീകരക്കേസുകളാണ് താങ്കള്‍ ഏറ്റെടുക്കുന്നത്. ഭീകരത ആരോപിക്കപ്പെടുന്നവര്‍ക്ക് വേണ്ടി താങ്കള്‍വാദിക്കുന്നു. ഇത് ഭീകരര്‍ക്ക് വേണ്ടിയുള്ള പോരാട്ടമായി കണ്ടുകൂടേ?

         ഒരിക്കലുമല്ല. മറിച്ച് ഞാന്‍ പോരാടുന്നത് യഥാര്‍ഥ ഭീകരരെ പിടികൂടാനാണ്. കൂട്ടത്തില്‍ നിരപരാധികളെ രക്ഷപ്പെടുത്തുകയും ചെയ്യും. എനിക്ക് വ്യക്തിപരമായി പരിചയമുള്ള സയ്യിദ് അഹ്മദ് കസ്മി ഇസ്രയേല്‍ എംബസി സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ആ കേസ് ഏറ്റെടുത്തുകൊണ്ടാണ് ഞാന്‍ ഈ രംഗത്തേക്ക് വന്നത്. അദ്ദേഹം എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ഒരു വ്യവസ്ഥ വെച്ചു (കുറ്റാരോപിതരായ ആര് സമീപിച്ചാലും ഞാന്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥയാണിത്): നിങ്ങളെ മോചിപ്പിക്കാനല്ല ഞാന്‍ പോരാടുന്നത്; മറിച്ച്, സത്യം പുറത്തുകൊണ്ടുവരാനാണ്. ഇതെന്റെ വാഗ്ദാനമാണ്. സത്യം എത്ര ആഴത്തില്‍ മറഞ്ഞു കിടക്കുകയാണെങ്കിലും അത് പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് ചാര്‍ജ് ഷീറ്റും പോലീസ് ഹാജരാക്കിയ തെളിവുകളുമെല്ലാം ഞാന്‍ പഠിക്കും. കേസ് പഠിച്ചുകഴിഞ്ഞ് കുറ്റാരോപിതനായ വ്യക്തി നിരപരാധിയാണെന്ന് എനിക്ക് ബോധ്യമായിക്കഴിഞ്ഞാല്‍ ആ കേസ് ഏറ്റെടുക്കേണ്ടത് എന്റെ വ്യക്തിപരമായ ബാധ്യതയായി ഞാന്‍ കണക്കാക്കും. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഒരു നിരപരാധിയെ പ്രതിചേര്‍ക്കുന്നത് അധര്‍മമാണ്. രണ്ട്, അങ്ങനെ പ്രതിചേര്‍ക്കുന്ന പക്ഷം നിങ്ങള്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ പിടിക്കപ്പെടുകയില്ല എന്ന് യഥാര്‍ഥ പ്രതികള്‍ക്ക് തോന്നലുണ്ടായാല്‍ കൂടുതല്‍ ബീഭത്സമായ ഭീകരവൃത്തികള്‍ ചെയ്യാന്‍ അതവര്‍ക്ക് പ്രേരണയാകും. ഇപ്പറഞ്ഞതൊന്നും ഒരു അഭിഭാഷകന്‍ എന്ന നിലക്കുള്ള എന്റെ തൊഴിലിന് ചേര്‍ന്നതായിരിക്കണമെന്നില്ല. എന്റെ കക്ഷികളെല്ലാം വളരെ സന്തോഷത്തോടെ ഈ വ്യവസ്ഥകള്‍ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരൊക്കെയും നിരപരാധികളാണ് എന്ന കാര്യത്തിലും എനിക്ക് സംശയമില്ല.

കസ്മിയുടെയും ഭീകരതയുമായി ബന്ധപ്പെടുത്തപ്പെട്ട അതുപോലുള്ള മറ്റു കേസുകളുടെയും കാര്യത്തില്‍ താങ്കള്‍ കണ്ടെത്തിയ സത്യം എന്താണ്?

         ഇന്ത്യയെ ശിഥിലീകരിക്കാനും അങ്ങനെ പണം മുടക്കാന്‍ അനുയോജ്യമായ രാജ്യമല്ല ഇതെന്ന് വരുത്തിത്തീര്‍ക്കാനും നടക്കുന്ന ഗൂഢാലോചനയാണ് ഇതിന്റെയെല്ലാം പിന്നിലുള്ള ആ വലിയ സത്യം. ഭരണകൂടത്തിന്റെ അകത്ത് തന്നെ ഇത്തരം ഗൂഢാലോചകരുണ്ട്; ഗവണ്‍മെന്റുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ നീങ്ങുന്ന ക്രിമിനല്‍ ശക്തികള്‍. രാഷ്ട്രീയ പാര്‍ട്ടികളിലും ബ്യൂറോക്രാറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോലീസ് സേനയിലുമെല്ലാം ഇത്തരം ആളുകളുണ്ട്.

         കസ്മിയുടെ കേസ് എടുക്കാം. ഇസ്രയേല്‍ എംബസി സ്‌ഫോടനം നടക്കുന്നതിന് മുമ്പ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാനെതിരെ കൊണ്ടുവന്ന ഉപരോധങ്ങളെ ഇന്ത്യ എതിര്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യ അപ്പോള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നുമുണ്ട്. കാരണം അതിന് നല്ല വിലക്കുറവാണ്. അതാണ് ദേശതാല്‍പര്യത്തിന് അനുഗുണവും. കസ്മി പ്രതിചേര്‍ക്കപ്പെട്ട സ്‌ഫോടനം നടന്നതോടെ ഇന്ത്യ പ്രതിരോധത്തിലായി. പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെയായി. ഇറാനെതിരെ കര്‍ശന ഉപരോധങ്ങള്‍ ഇന്ത്യക്കും പ്രഖ്യാപിക്കേണ്ടിവന്നു. ഇറാനെതിരെ ഈ ഉപരോധ പ്രഖ്യാപനത്തിന്റെ ഫലമായി ഇന്ത്യക്ക് 8.5 ബില്യന്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്നത്തെ പെട്രോളിയം കാര്യമന്ത്രി വീരപ്പമൊയ്‌ലി വെളിപ്പെടുത്തിയിരുന്നു. ഈ തുക പോയത് പാശ്ചാത്യ പെട്രോളിയം കമ്പനികളിലേക്കാണ്. മഹാ മഞ്ഞുമലയുടെ വെളിയില്‍ കാണുന്ന ഒരു തുമ്പ് മാത്രമാണിത്. ഇതുപോലുള്ള കച്ചവട താല്‍പര്യങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയ താല്‍പര്യങ്ങളും നമ്മുടെ നാട്ടിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ, വ്യാപാര, സൈനിക താല്‍പര്യങ്ങളുമായി ഒത്തുവരുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുള്ളത്. ഈ കേന്ദ്രങ്ങളാണ് ഭീകരതാ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം നല്‍കാന്‍ ഗൂഢാലോചന നടത്തുന്നത്.

'ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍' എന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് വേണ്ടി വാദിച്ചുവരികയാണല്ലോ താങ്കള്‍. ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ച് താങ്കളുടെ കണ്ടെത്തല്‍ എന്താണ്? അങ്ങനെയൊരു സംഘം നിലവിലുണ്ടോ?

         ഇന്ത്യന്‍ മുജാഹീദിന്‍ എന്നൊരു സംഘം നിലനില്‍ക്കുന്നില്ല. നേരത്തെ ഞാന്‍ പരാമര്‍ശിച്ച ക്രിമിനല്‍ ശക്തികളുണ്ടല്ലോ, അവര്‍ ചില ഫലപ്രദമായ രീതികളൊക്കെ ആവിഷ്‌കരിക്കും. ഇതുപോലുള്ള സംഘടനകള്‍ക്ക് രൂപകല്‍പന ചെയ്യുക, എന്നിട്ടവയെ നിരോധിക്കുക പോലുള്ള കാര്യങ്ങള്‍ ഇതില്‍ പെട്ടതാണ്. ഇന്ത്യന്‍ മുജാഹിദീനില്‍ യഥാര്‍ഥ അംഗത്വമെടുത്ത ഒരാളും ഇല്ല എന്നതിനാല്‍, ഇത്തരം നിരോധങ്ങളെ ആരും ചോദ്യം ചെയ്യുകയില്ല. നിരോധങ്ങള്‍ തുടരാനും ഇന്ത്യന്‍ മുജാഹിദീന്‍ പറഞ്ഞ് ഭയപ്പെടുത്താനും ഇതവര്‍ക്ക് അവസരമൊരുക്കുന്നു. ആരും ഇതിന്റെ സത്യാവസ്ഥ ചികയാന്‍ വരില്ല എന്നവര്‍ക്ക് ഉറപ്പുമുണ്ട്. ഇത്തരം കേസുകളിലാണ് നിരപരാധികളെ കുരുക്കിയിരിക്കുന്നത്. എനിക്ക് ലഭിച്ച പോലീസ് ചാര്‍ജ് ഷീറ്റ് പരിശോധിച്ചപ്പോള്‍, ഇത്തരം ഒരു സംഘടന നിലനില്‍ക്കുന്നു എന്നതിന്റെ ഒരു ചെറിയ തെളിവുപോലും കണ്ടെത്താനായിട്ടില്ല. ഒരു ഭാവനാ സൃഷ്ടി മാത്രമാണത്. ഭരണതലങ്ങളിലെ ക്രിമിനല്‍ ശക്തികള്‍ ചമച്ചുണ്ടാക്കിയ ഒരു കെട്ടുകഥ.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചാര്‍ജ് ഷീറ്റുകളുടെ സമാന സ്വഭാവം ശ്രദ്ധയില്‍ പെട്ടിരുന്നുവോ? കേസുകള്‍ കെട്ടിച്ചമക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ സമാന രീതി പിന്തുടരുന്നു എന്ന് പറയാനാവുമോ?

         അതെയതെ, അത്ഭുതകരമായ സാമ്യമുണ്ട്. ഇതൊക്കെയും കെട്ടിച്ചമച്ച കഥകളാണെന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയാണിത് ചെയ്യുന്നത്. ചാര്‍ജ് ഷീറ്റ് പരിശോധനയില്‍ വ്യക്തമാകുന്ന ഒരു പ്രധാന കാര്യം, അന്വേഷണ ഏജന്‍സികള്‍ക്ക് ശാസ്ത്രീയ തെളിവ്- അതാണ് കണ്ടെത്താന്‍ ഏറ്റവും എളുപ്പം- ആവശ്യമില്ല എന്നതാണ്. എന്താണ് കാരണം? അത് വിചാരണ വേളയില്‍ പരിശോധിക്കപ്പെടുകയും സത്യം പുറത്ത് വരികയും ചെയ്യും എന്നതുതന്നെ. അതിനാല്‍ ഇത്തരം ഗുരുതരമായ കേസുകളില്‍ പോലീസ് ശാസ്ത്രീയ തെളിവുകളെ അവലംബമാക്കുകയില്ല. കൂട്ടാളികളുടെ തുറന്നു പറച്ചിലുകളെയും വലിയൊരു സംഘം വ്യാജ സാക്ഷികളെയും കൂട്ടു പിടിച്ചാണ് പോലീസ്  കാര്യങ്ങള്‍ നീക്കുന്നത്. ആരോപിതനില്‍ സമ്മര്‍ദം ചെലുത്തി അയാളെ മാപ്പ് സാക്ഷിയാക്കാന്‍ വേണ്ടിയാണിത്. സാങ്കേതികമായി മാപ്പു സാക്ഷിയുടെ മൊഴികള്‍ മതി ശിക്ഷ പ്രഖ്യാപിക്കപ്പെടാന്‍. പക്ഷേ, ശാസ്ത്രീയമായും ധാര്‍മികമായും നോക്കിയാല്‍ ഇത്തരം തെളിവുകള്‍ വളരെ ദുര്‍ബലമാണെന്ന് കാണാം. കുറ്റകൃത്യത്തില്‍ പങ്കാളിയായ ഒരാള്‍ അതില്‍ പങ്കാളികളായ തന്റെ സുഹൃത്തുക്കളെ വഞ്ചിച്ചുകൊണ്ട് നല്‍കുന്ന മൊഴികളെക്കുറിച്ച് നിരവധി സുപ്രീംകോടതി വിധികളില്‍ പരാമര്‍ശമുണ്ട്.  വല്ലാതെയൊന്നും ഇത്തരം മൊഴികളെ അവലംബിക്കാന്‍ പറ്റില്ല. ഭീകരരെ നേരിടാന്‍ ഇത്തരം 'മികച്ചവരില്‍ മികച്ചവരായ' പോലീസ് ഓഫീസര്‍മാരെയാണ് ഭരണകൂടം ആശ്രയിക്കുന്നതെങ്കില്‍, കണ്ണില്‍ പെടാതെ പോയ വസ്തുതകള്‍ ഇനിയും ധാരാളമുണ്ട് എന്ന് അവരെ ഓര്‍മിപ്പിക്കുകയാണ്. ടെലിഫോണ്‍ സംഭാഷണങ്ങളോ ഇ-മെയിലുകളോ പോലുള്ള ശാസ്ത്രീയ തെളിവുകളെ അവലംബിക്കുന്നതിന് പകരം, സാധാരണ ക്രിമിനല്‍ വിചാരണയില്‍ യാതൊരു വിലയുമില്ലാത്ത ഉരുപ്പടികളാണ് പോലീസ് ഹാജരാക്കുന്നത്. ശാസ്ത്രീയ തെളിവുകളെ ആധാരമാക്കുന്ന ആ നിമിഷം, കെട്ടിച്ചമച്ച കഥകളത്രയും തകര്‍ന്നു തരിപ്പണമാകും എന്നത് തന്നെ കാരണം.

         പൂനെയിലെ മന്‍സൂര്‍ പീര്‍ബോയിയുടെ കേസെടുക്കാം. ഇദ്ദേഹം 'ഇന്ത്യന്‍ മുജാഹിദീന്റെ വാര്‍ത്താവിതരണ ശൃംഖലയുടെ തലവനാണ്' എന്നായിരുന്നു പോലീസ് പരിചയപ്പെടുത്തിയത്. ഇന്ത്യന്‍ മുജാഹീദിന്റെ ഭീഷണിക്കത്തുകള്‍ വിവിധ മാധ്യമങ്ങളിലേക്ക് അയക്കുന്നതിന് വേണ്ടി മൂന്ന് പേരുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കുകള്‍ ഇദ്ദേഹം ഹാക്ക് ചെയ്തു എന്നും ആരോപിക്കപ്പെട്ടു. ഈ വിവരങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടി(സി.എഫ്.എസ്.എല്‍)ന്റെ വെളിച്ചത്തില്‍ പരിശോധിച്ചപ്പോള്‍, മേല്‍ പറയപ്പെട്ട മൂന്ന് വൈ-ഫൈ നെറ്റ്‌വര്‍ക്കുകളും ഹാക് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമായി. ഇ-മെയില്‍ അയച്ചു എന്ന് ആരോപിക്കപ്പെടുന്ന ദിവസം ആ നെറ്റ്‌വര്‍ക്കുകളിലൊന്നും, 'വൈ-ഫൈ റൂട്ടേഴ്‌സ് ഒരു പ്രവൃത്തിയും രേഖപ്പെടുത്തിയിട്ടില്ല' എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പിന്നെ എങ്ങനെയാണ് അതുവഴി ഈ ഭീഷണിക്കത്തുകള്‍ അയച്ചു എന്ന് പറയാനാവുക! 2008 സെപ്റ്റംബര്‍ 19-ന് മന്‍സൂര്‍ പീര്‍ബോയ് അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഇ-മെയില്‍ തയാറാക്കിയിരിക്കുന്നത് സെപ്റ്റംബര്‍ 15-ന് ആണെന്നും വ്യക്തമായി. ശാസ്ത്രീയ തെളിവുകളിലേക്ക് വരുമ്പോള്‍ 'തെളിവുകള്‍' പൊടിഞ്ഞ് തകരുന്നത് കാണുന്നില്ലേ? ഇതുകൊണ്ടാണ് പോലീസ് ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിക്കാത്തത്.

പൂനെയിലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ ഹിമായത്ത് ബേഗിന് വേണ്ടി താങ്കള്‍ വാദിക്കുന്നുണ്ടല്ലോ. കുറ്റാരോപിതരില്‍ ഒരാളായ ഖതീല്‍ സിദ്ദീഖി ദുരൂഹമായ സാഹചര്യത്തില്‍ ജയിലില്‍ വെച്ച് വധിക്കപ്പെടുകയും ചെയ്തു. ഈ കേസിലെ വഴിത്തിരിവുകളെക്കുറിച്ച് പറയാമോ?

         ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തിലൂടെ ഹിമായത്ത് ബേഗ് നിരവധി പേരെ കൊലപ്പെടുത്തി എന്നാണ് കേസ്. അദ്ദേഹത്തിന് അഞ്ച് വധശിക്ഷയും ആറ് ജീവപര്യന്തവും പ്രഖ്യാപിക്കപ്പെട്ടു. നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ നിയമ പ്രക്രിയയെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസ് നാല് ഏജന്‍സികളാണ് അന്വേഷിച്ചത്. അതില്‍ മൂന്ന് അന്വേഷണ ഏജന്‍സികളും സ്‌ഫോടനത്തില്‍ ഹിമായത്ത് ബേഗിന് പങ്കില്ല എന്ന് കണ്ടെത്തി. രാഖേശ് മരിയയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) എന്ന അന്വേഷണ ഏജന്‍സി മാത്രമാണ് യാസീന്‍ ഭട്കലിനോടൊപ്പം ഹിമായത്ത് ബേഗിനും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞത്.

         ഇതിനര്‍ഥം, നാഷ്‌നല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ) എന്ന രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ മൂന്ന് അന്വേഷണ വിഭാഗങ്ങള്‍ പറയുന്നത് കള്ളം; എ.ടി.എസ് പറയുന്നത് മാത്രമാണ് ശരി എന്നാണല്ലോ. ഖതീല്‍ സിദ്ദീഖി മഹാരാഷ്ട്ര എ.ടി.എസിന്റെ കണ്ണിലെ കരടായിരുന്നു. അയാള്‍ സത്യം വിളിച്ചു പറയുമോ എന്നവര്‍ ഭയന്നു. അങ്ങനെയാണ് ഒരു കോടതി ഉത്തരവ് പ്രകാരം 2010-ല്‍ ഖതീലിനെ ദല്‍ഹിയില്‍ നിന്ന് മഹാരാഷ്ട്രയിലെ യര്‍വാദ ജയിലിലേക്ക് കൊണ്ടുവരുന്നത്. മഹാരാഷ്ട്രയിലെ മറ്റൊരു കേസില്‍ ഖതീല്‍ പ്രതിയാണ് എന്ന് ബോധിപ്പിച്ചാണ് ഈ കോടതി ഉത്തരവ് സമ്പാദിച്ചത്. ജയിലില്‍ വെച്ച് ഖതീല്‍ വധിക്കപ്പെടുകയായിരുന്നു. ഖതീലുമായി ഒരു ബന്ധവുമില്ലാത്ത രണ്ട് ജയില്‍ പുള്ളികള്‍ അദ്ദേഹത്തെ വധിച്ചു എന്നാണ് പറയുന്നത്. ഖതീല്‍ വധത്തിന്റെ പ്രധാന ഗുണഭോക്താവ് മഹാരാഷ്ട്ര എ.ടി.എസാണ്.

         ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രചോദനം എന്ത് എന്ന് കണ്ടെത്തലാണ് അന്വേഷണത്തിന്റെ മര്‍മപ്രധാന വശം എന്ന് ക്രിമിനല്‍ നിയമസംഹിത ഊന്നിപ്പറയുന്നു. ഖതീല്‍ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ മുഖ്യ ഗുണഭോക്താവ് മഹാരാഷ്ട്ര എ.ടി.എസ് ആണെങ്കില്‍ പിന്നെ ആ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിക്കരുതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്വേഷിച്ചത് മഹാരാഷ്ട്ര പോലീസ് തന്നെയാണ്. അവര്‍ രണ്ട് നിരപരാധികളെ കൊലക്കുറ്റത്തില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. കേസ് ഒരു സ്വതന്ത്ര ഏജന്‍സി പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ കൊടുത്തിരിക്കുകയാണ്.

         ഞാന്‍ പറഞ്ഞുവരുന്നത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ നിയമവിരുദ്ധമായ രീതിയില്‍ കാര്യങ്ങള്‍ നീക്കി എന്നാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരു പ്രതിയോഗിയോടെന്ന പോലെ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണ്. ഈ കേസിലെ സാക്ഷികള്‍ തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് കള്ളമൊഴി പറയിപ്പിച്ചതാണെന്ന് ഒരു ഒളികാമറ ഓപറേഷനിലൂടെ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ഹിമായത്ത് ബേഗ് മഹാരാഷ്ട്ര ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍, തനിക്ക് വേണ്ടി വാദിക്കേണ്ട വക്കീലിനെപ്പോലും മഹാരാഷ്ട്ര എ.ടി.എസ് തന്റെ മേല്‍ അടിച്ചേല്‍പിക്കുകയാണെന്ന് പരാതിപ്പെട്ടിട്ടുണ്ട്. തങ്ങള്‍ നല്‍കുന്ന അഭിഭാഷകനെ സ്വീകരിച്ചില്ലെങ്കില്‍ ഹിമായത്തിന്റെ കുടുംബാംഗങ്ങളെ കേസില്‍ കുടുക്കുമെന്നാണ് എ.ടി.എസിന്റെ ഭീഷണി. പ്രതിചേര്‍ക്കപ്പെട്ടവന് തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന ഒരു വിചാരണയില്‍ എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാവുക? എല്ലാ സംവിധാനങ്ങളും മുന്‍വിധികളാല്‍ നയിക്കപ്പെടുമ്പോള്‍, ചിലപ്പോള്‍ അത് ജഡ്ജിമാരെയും സ്വാധീനിച്ചേക്കാം. ഏതായാലും ഈ കേസുകളിലൊന്നും നീതിപൂര്‍വകമായ വിചാരണ നടന്നു എന്നു പറയാനാവില്ല. എങ്കിലും ഹൈക്കോടതിയില്‍ നിന്ന് ആശ്വാസകരമായ മറുപടിയുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ തെളിവുകള്‍ കെട്ടിച്ചമക്കുകയായിരുന്നു എന്ന് താങ്കള്‍ പറഞ്ഞു. ഇഫ്തിഖാര്‍ ഗീലാനിയുടെയും എസ്.എ.ആര്‍ ഗീലാനിയുടെയും പോലുള്ള നിരവധി കേസുകളില്‍ സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്. എന്താകാം ഈ ഓഫീസര്‍മാരെ ഇതിന് പ്രേരിപ്പിക്കുന്ന ചേതോവികാരം?

         ഭരണവ്യവസ്ഥയിലെ ക്രിമിനല്‍-തെമ്മാടി പ്രകൃതമുള്ളവരെയും ഇന്ത്യക്കെതിരെ നീങ്ങുന്ന ഗൂഢാലോചകരെയും കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ.  പോലീസ്, പ്രോസിക്യൂഷന്‍, മീഡിയ തുടങ്ങിയവ മാത്രമല്ല രാജ്യത്തെ പൗരന്മാര്‍ മുഴുക്കെത്തന്നെയും തങ്ങളുടെ നിയന്ത്രണത്തില്‍ വരണമെന്ന് ഈ വിഭാഗം ആഗ്രഹിക്കുന്നു. ഇവരുടെ താല്‍പര്യത്തിനൊത്ത് നിന്നില്ലെങ്കില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ഭീഷണിയുണ്ടാകും; ചിലപ്പോള്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു എന്നും വന്നേക്കാം. പക്ഷേ ഇത്തരം കേസുകളെ അവയുടെ സ്വാഭാവികവും നീതിയുക്തവുമായ പരിണതിയിലേക്ക് നാം എത്തിച്ചില്ലെങ്കില്‍, അഥവാ അവക്ക് പിന്നിലുള്ള യഥാര്‍ഥ ഭീകരരെ പുറത്തുകൊണ്ട് വന്നില്ലെങ്കില്‍ ഭീകരത എന്ന പ്രശ്‌നം അവസാനിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ വിചാരണയിലൂടെ ചില നിരപരാധികളെ രക്ഷിക്കാനും അപര്യാപ്തമെങ്കിലും നഷ്ടപരിഹാരത്തുക വാങ്ങിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. പാതി ദൂരം താണ്ടി എന്നേ പറയാറായിട്ടുള്ളൂ. യഥാര്‍ഥ ക്രിമിനലുകളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിയുമ്പോഴേ ഈ യത്‌നങ്ങള്‍ക്ക് പൂര്‍ണ വിരാമമാകുന്നുള്ളൂ. അപ്പോള്‍ മാത്രമേ ഭീകരതയെ തുടച്ചുനീക്കി എന്ന് ആശ്വസിക്കാനാവൂ.

ഈയിടെ അമേരിക്കയില്‍ ട്രവര്‍ ആരണ്‍സണിന്റെ ഒരു പുസ്തകം പുറത്തിറങ്ങുകയുണ്ടായി- 'ദ ടെറര്‍ ഫാക്ടറി: എഫ്.ബി.ഐസ് മാനുഫാക്‌ചേര്‍ഡ് വാര്‍ ഓണ്‍ ടെറര്‍' എന്ന പേരില്‍. തീവ്രവാദ ചിന്തയുള്ള ആളുകളെ കണ്ടെത്തി അമേരിക്കന്‍ പോലീസ് അവരെക്കൊണ്ട് ഭീകരവൃത്തികള്‍ ചെയ്യിക്കുന്നു എന്നാണ് ആ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത്. അത്തരമൊരു സാധ്യത ഇവിടെയുണ്ടോ?

         ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ആ കണ്ടെത്തലുകളോട് എനിക്കും യോജിപ്പുണ്ട്. ഇതിനുള്ള ഉത്തരം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചേര്‍ന്ന് നടത്തുന്ന ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഞാനിതിനെ കാണുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഒതുക്കി നിര്‍ത്തി തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക അജണ്ട നടപ്പാക്കുകയാണ് ആ ക്രിമിനല്‍ സംഘങ്ങള്‍. നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്ന് ഞാന്‍ കരുതുന്നു. സമാധാന സ്‌നേഹികളായ എല്ലാ പൗരന്മാരും ഒന്നിച്ച് നേരിടേണ്ട വിപത്ത്. ഇത്തരം വിഷയങ്ങളില്‍ അനീതി തുടരുന്ന പക്ഷം അത് നിഷേധാത്മക പ്രവണതകള്‍ക്ക് ഇടവരുത്തുമെന്നു ഞാന്‍ ഭയപ്പെടുന്നു.

ഈ ഭീഷണി എങ്ങനെ നേരിടാമെന്നാണ് താങ്കള്‍ കരുതുന്നത്? പൊതുസമൂഹത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജുഡീഷ്യറിക്കും ഇത് തടയുന്നതില്‍ എന്തു പങ്കാണ് നിര്‍വഹിക്കാനുള്ളത്?

         പൊതുസമൂഹത്തിന് തന്നെയാണ് വലിയ പങ്ക് നിര്‍വഹിക്കാനുള്ളത്. നിര്‍ഭാഗ്യവശാല്‍, യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത നമ്മുടെ മീഡിയയുടെ സ്വാധീനവലയത്തിലാണ് പൊതുസമൂഹമുള്ളത്. ഈ അവസ്ഥ തുടര്‍ന്നാല്‍ അവിടെയാണ് യഥാര്‍ഥ അപകടം തുടങ്ങുക. കാരണം മനുഷ്യത്വത്തിന് നേരെയുള്ള ഈ ക്രിമിനലിസത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരും. കേവലം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായി ഇതിനെ ചുരുക്കിക്കാണരുത് പൊതുസമൂഹം. മനുഷ്യാവകാശങ്ങള്‍ പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. യഥാര്‍ഥ പ്രശ്‌നം സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മനഷ്യാവകാശങ്ങള്‍ സ്വാഭാവികമായി അതില്‍ ഉള്‍പ്പെട്ടുകൊള്ളും.

         രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ ദീര്‍ഘകാല-ഹ്രസ്വകാല താല്‍പര്യങ്ങളുണ്ട്. ജനത്തിന്റെ കൈയടി അവര്‍ക്ക് വളരെ പ്രധാനമാണ്. കുറുക്ക് വഴികളിലൂടെ അതവര്‍ നേടുകയും ചെയ്യും. സമൂഹത്തിന്റെ യഥാര്‍ഥ പുരോഗതി അവര്‍ക്ക് വിഷയമാകാറില്ല. ഇന്ന് കാണുന്ന രാഷ്ട്രീയം അത്തരത്തിലുള്ളതാണ്. ജുഡീഷ്യറിയാകട്ടെ, അതാണ് നമ്മുടെ അവസാന പ്രതീക്ഷ. പരമാവധി ഉത്തരവാദിത്തം അതിന് കൈവന്നിരിക്കുന്നു. അരികിലേക്ക് തള്ളി മാറ്റപ്പെടുന്ന ജനവിഭാഗങ്ങള്‍ ജനാധിപത്യവിരുദ്ധ രീതികളിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഏക കാരണം ഇന്നാട്ടിലെ ജുഡീഷ്യറിയാണെന്ന് ഞാന്‍ കരുതുന്നു. വിധിതീര്‍പ്പിലെ കാലതാമസം പോലുള്ള പോരായ്മകള്‍ ഉണ്ടെങ്കിലും ഓരോ ജനവിഭാഗത്തിന്റെയും ഓരോ വ്യക്തിയുടെയും പ്രതീക്ഷയാകാന്‍ അതിന് ഇന്നും കഴിയുന്നുണ്ട്.  ഇത്തരമൊരു നിര്‍ണായക ചരിത്ര സന്ധിയില്‍ സത്യം, നീതി, സ്വതന്ത്രമായ വിചാരണ പോലുള്ള മഹിത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ കോടതി സംവിധാനം വളരെക്കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഞാന്‍ ആശിക്കുന്നു.

കോഴിക്കോട് നഗരത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ ജനകീയ തെളിവെടുപ്പില്‍ താങ്കളും പങ്കാളിയായിരുന്നല്ലോ. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ യു.എ.പി.എ കേസുകളുടെ പരിശോധനയായിരുന്നു. പരിപാടിയെക്കുറിച്ച് എന്താണ് അഭിപ്രായം?

         ഈ ജനകീയ തെളിവെടുപ്പ് നമ്മുടെ നാട്ടിലെ നീതിന്യായ സംവിധാനത്തിന് ഒരു ഉണര്‍ത്തുപാട്ടാണ്. ഇവിടെ ഒരു നീതിന്യായ സംവിധാനമുണ്ട്. എന്നിട്ടും ജനകീയ തെളിവെടുപ്പ് വേണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? നീതിന്യായ സംവിധാനത്തില്‍ നിന്ന് നീതി ലഭ്യമാകാനുള്ള കാലതാമസം തന്നെയാണ് അതിന് കാരണം. ജുഡീഷ്യറിയുടെ ഭാഗമെന്ന നിലക്ക് എനിക്ക് പറയാന്‍ കഴിയും, തെറ്റ് ഞങ്ങളുടെ പക്ഷത്തും ഉണ്ടെന്ന്. ആവശ്യമാണല്ലോ എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇങ്ങനെ സമാന്തര തെളിവെടുപ്പും വിചാരണയും ആവശ്യമാണെന്ന് തോന്നുകയാണ്. പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് (defence counsel) ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാനുണ്ടെന്നാണ് എന്റെ തോന്നല്‍. ജുഡീഷ്യറിയുടെ മഹത്വവും ആദരണീയതയും ഉയര്‍ത്തിപ്പിടിക്കാന്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് അവര്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ആ ഉത്തരവാദിത്തബോധം ഉണ്ടാവേണ്ടതുണ്ട്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍