Prabodhanm Weekly

Pages

Search

2014 ജൂലൈ 11

-ഹൈദരാബാദ്‌-<br>എല്ലാവരും ഒന്നുചേര്‍ന്ന് ഉമ്മിണി വല്യ ഒന്നാകുന്നു റമദാനില്‍

ശിഹാബ് പൂക്കോട്ടൂര്‍ /കാമ്പസുകളുടെ നോമ്പടക്കം

         ന്ത്യയില്‍ മഹത്തായ പാരമ്പര്യമുള്ള സാംസ്‌കാരിക പൈതൃക നഗരമാണ് ഹൈദരാബാദ്. അതിജീവനശേഷി പ്രകടിപ്പിക്കുന്ന നഗരം. ബിരിയാണിയുടെയും ഹലീമിന്റെയും കേന്ദ്രം. അറബ് രാജ്യങ്ങളിലെ ആഘോഷങ്ങള്‍ക്കും മജ്‌ലിസുകള്‍ക്കും പ്രത്യേകം വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് ബിരിയാണിയും ഹലീമും എത്തിച്ചുകൊടുക്കുന്ന പാരഡൈസ് പോലുള്ള ഹോട്ടലുകളും ഹൈദരാബാദിലുണ്ട്. ദല്‍ഹിയിലെ രാഷ്ട്രീയ പ്രമുഖര്‍ നടത്തുന്ന ഇഫ്ത്വാറുകളിലും വിരുന്നുകളിലും ഏറെ ആകര്‍ഷകമായ മെനുകളാണ് ഹൈദരാബാദി വിഭവങ്ങളുടേത്. റമദാന്‍ പ്രത്യേകമായൊരു ഭാവവും നിറവും ഹൈദരാബാദിന് നല്‍കുന്നു. വൈകുന്നേരങ്ങളില്‍ ദീപാലങ്കൃതമായ ചെറുതും വലുതുമായ നിരവധി കടകളില്‍ ഇറാന്‍, അഫ്ഗാന്‍, ഹൈദരാബാദി ഹലീമുകളുടെ വില്‍പന തകൃതിയായി നടക്കും. ഇറച്ചിയും ഗോതമ്പും പ്രത്യേക അനുപാതത്തില്‍ വേവിച്ചത് ഇടിച്ചു കുഴമ്പ് രൂപത്തിലാക്കുന്നതാണ് ഹലീം. റമദാനില്‍ ഇത് പാചകം ചെയ്യുന്നവര്‍ക്ക് ഹോട്ടലുകളില്‍ എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപ ശമ്പളമായി ലഭിക്കുന്നു.

         ഹൈദരാബാദിനു പുറത്ത്‌നിന്ന് വന്ന് കാമ്പസുകളില്‍ പഠിക്കുന്നവര്‍ക്ക് ഏറെ കൗതുകമാണ് റമദാനിലെ ഈ വിഭവങ്ങള്‍. ഇഫ്‌ളുവില്‍ പഠിക്കുന്ന കാലയളവില്‍ മിക്ക ദിവസങ്ങളിലും നോമ്പ് തുറക്കാനുള്ള സംവിധാനം ഏറെ സുഭിക്ഷമായ രീതിയില്‍ തന്നെ പള്ളികളില്‍ ഒരുക്കിയിട്ടുണ്ടാവും.  ഇഫ്‌ളു കാമ്പസില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ ഒത്തുചേരലും ഇടപഴകലും കൂടുതല്‍ പ്രകടമാകുന്നത് റമദാനിലാണ്. ചില ദിവസങ്ങളില്‍ നോമ്പുതുറക്കാന്‍ ഒന്നും ലഭിക്കാതിരിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവും. തറാവീഹ് നമസ്‌കാരത്തിനും അത്താഴത്തിനും കാമ്പസില്‍ തന്നെ പ്രത്യേക സംവിധാനങ്ങള്‍ തയാറാക്കും. വിദ്യാര്‍ഥികള്‍ക്ക് ഒരു തുക നിശ്ചയിച്ച് ഒരു കുക്കിനെ വെച്ചാണ് അത്താഴത്തിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്. ചിക്കനും മട്ടനും ബീഫും ഒട്ടകവുമെല്ലാം അണിനിരക്കുന്ന മെനുവായിരിക്കും അത്താഴം. നോമ്പനുഷ്ഠിക്കാത്ത സുഹൃത്തുക്കള്‍പോലും ഈ അത്താഴ മെനുവില്‍ ആകൃഷ്ടരായി മെസ്സിലേക്ക് ഓടിയെത്തും.

         എന്നാല്‍ കാമ്പസില്‍ ഇഫ്ത്വാറിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. 2006-ല്‍ എസ്.ഐ.ഒ ഇഫ്‌ളു ഘടകമാണ് ആദ്യമായി ഇഫ്ത്വാര്‍ വിരുന്ന് കാമ്പസില്‍ സംഘടിപ്പിച്ചത്. ഇഫ്ത്വാര്‍ മീറ്റിനോടനുബന്ധിച്ച് 'ഇസ്‌ലാമും ഭീകരവാദവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രകൂടിയാലോചനാസമിതിയംഗം എസ്.എസ് ഹുസൈനിയുടെ പ്രഭാഷണവും സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധാരാളം പേര്‍ പങ്കെടുത്തു. സാധാരണ ഇത്തരം പ്രഭാഷണങ്ങള്‍ ഇഫ്ത്വാറിനോടനുബന്ധിച്ച് സംഘടിപ്പിച്ചാല്‍ മിക്ക കാമ്പസുകളിലും വിദ്യാര്‍ഥികളുടെ സാന്നിധ്യം വളരെ കുറവായിരിക്കും. എന്നാല്‍ ഇഫ്‌ളുവില്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും വളരെ താല്‍പര്യമെടുക്കുന്നവരാണ് ഒട്ടധികം പേരും. ഹുസൈനിയോട് തന്നെ വിദ്യാര്‍ഥികളും അധ്യാപകരും നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ധാരാളം കാര്യങ്ങള്‍ താന്‍ സദസ്സില്‍നിന്ന് പഠിച്ചുവെന്നായിരുന്നു ഹുസൈനിയുടെ പ്രതികരണം. ഇതില്‍ പങ്കെടുത്ത പലരും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇഫ്ത്വാറില്‍ പങ്കാളികളാവുന്നത്. കേരളത്തിലേത്‌പോലെ മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രമുഖര്‍ നടത്തുന്ന ഇഫ്ത്വാര്‍ വിരുന്നുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്തരം മീറ്റുകള്‍ കുറവാണ്. വീടുകളില്‍ പോലും മറ്റുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്ത്വാറുകള്‍ തീരെയില്ല. ദാരിദ്ര്യം ഇതിനൊരു കാരണമാണ്. നോമ്പ് തുറക്കുന്ന സമയത്ത് പരിപ്പ് (ദാല്‍) പല രീതിയില്‍ വേവിച്ചത്, മധുരവും മസാലയും ചേര്‍ത്ത് കഴിക്കുന്നവരാണ് ഹൈദരാബാദുകാര്‍. തൈരില്‍ അലിയിപ്പിച്ച വടയും (ദഹിവട) ഇഫ്ത്വാര്‍ വിഭവങ്ങളില്‍ പ്രധാനമാണ്. കാമ്പസില്‍ പഠിക്കുന്ന, പ്രദേശത്തുകാരായ വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍നിന്ന് ഇത്തരം വിഭവങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നോമ്പുതുറക്കാന്‍ എത്തിച്ചുകൊടുക്കാറുണ്ട്. ഇഫ്ത്വാറിന്റെയും അത്താഴത്തിന്റെയും സമയമായെന്ന് അറിയിക്കുന്നത് പ്രത്യേക ശബ്ദത്തില്‍ മുഴങ്ങുന്ന അലാറങ്ങളായിരിക്കും. അതിനു ശേഷമാണ് ബാങ്ക് വിളിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പുതിയ അനുഭവമായിരിക്കും. നോമ്പുകാലം അവസാനിക്കാറാകുമ്പോഴേക്കും പള്ളികളിലെ തുറകള്‍ ഇല്ലാതാവും. നോമ്പുകാരായ വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസം ഉണ്ടാക്കും. പിന്നീട് മെസ്സില്‍നിന്ന് രാത്രി കിട്ടുന്ന ഭക്ഷണമായിരിക്കും നോമ്പുതുറക്കാനുള്ള ആശ്രയം.

         നോമ്പു കാലത്തെ ഹൈദരാബാദിലെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകമാണ് മക്കാ മസ്ജിദിലെ തറാവീഹ് നമസ്‌കാരം. വശ്യമായ ഖുര്‍ആന്‍ പാരായണത്തോടെ ദീര്‍ഘിച്ച ഇരുപത് റകഅത്തുകളാണ് നമസ്‌കരിക്കുക.

         വിവിധ മുസ്‌ലിം സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രാതിനിധ്യമുള്ളതുകൊണ്ട് കാമ്പസില്‍ ഭീതിദമായ അന്തരീക്ഷത്തിനുപകരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും അവസ്ഥ നിലവില്‍ വന്നിട്ടുണ്ട്. ഇഫ്‌ളുവിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ ഒരു നോമ്പുകാലത്ത് വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നം ആര്‍.എസ്.എസുകാര്‍ വര്‍ഗീയ കലാപത്തോളമെത്തിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തുതോല്‍പിച്ചതും പള്ളിക്ക് സംരക്ഷണം നല്‍കിയതും ദലിത് വിദ്യാര്‍ഥിസംഘടനകളായിരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍