Prabodhanm Weekly

Pages

Search

2014 ജൂലൈ 11

-ജാമിഅ മില്ലിയ്യ- ടിസ്സ്-<br> എത്രയേറെ സ്‌നേഹം വിട്ടേച്ചാണ് ഓരോ റമദാനും വിടവാങ്ങുന്നത്

നൗഷാബ നാസ് പാടൂര്‍ /കാമ്പസുകളുടെ നോമ്പടക്കം

         മദാന്‍ മാസത്തോട് നമുക്കെന്നും പ്രണയമാണ്. കണ്ണും കാതും കരളും അലിഞ്ഞുചേരുന്ന അനുഭൂതിയുടെ കാലം. റബ്ബിനെ നാം അറിയുന്നു, അനുഭവിക്കുന്നു, സ്പര്‍ശനം സാധ്യമാകത്തക്കവണ്ണം അവനോട് ചേര്‍ന്നിരിക്കുന്നു. ഈ പ്രണയമല്ലാത്ത മറ്റൊന്നും നമ്മെ അലട്ടുന്നില്ല. ഗൃഹാതുരമായ പ്രണയഭാവനകള്‍ എത്ര സുന്ദരമാണ്! റമദാനിലെ രാവിലെകള്‍, വെയില്‍, കാറ്റ്, മഴ, മന്ദത എന്നിങ്ങനെ റമദാനിലെ ശാന്തമായ വീടിനകവും പുറവും നിറവും മണവും വിശേഷപ്പെട്ടതായി നാം ഓര്‍ത്തുവെക്കുന്നു. ഒരു ത്യാഗിക്കു മാത്രമേ പ്രണയത്തിന്റെ മധു നുകരാനാകൂ. മറ്റുള്ളവര്‍ക്ക് കടുത്ത പ്രണയ നൈരാശ്യം സമ്മാനിച്ച് ഓരോ റമദാനും വിടപറയുന്നു.

         ഓരോ വ്യക്തിയും തങ്ങളുടെ വിവിധ കാലങ്ങളെ റമദാനുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. ആദ്യത്തെ നോമ്പ്, നോമ്പുകാലത്തെ വിരുന്നുകള്‍, പഠനകാലത്തെ നോമ്പ്, ജോലി സ്ഥലത്തെ നോമ്പ്, വിവാഹത്തിനു ശേഷമുള്ള നോമ്പു വിശേഷങ്ങള്‍, കുട്ടികള്‍, അവരുടെ നോമ്പ്, അങ്ങനെ പ്രിയപ്പെട്ടവരുടെ വിയോഗം പോലും നോമ്പിലേക്ക് ചേര്‍ത്തു- നോമ്പുകാലങ്ങള്‍ ജീവിതത്തെ ചിട്ടപ്പെടുത്തുന്നു. നോമ്പിനു സമാനതകളേറെയുണ്ടെങ്കിലും ഓരോ നോമ്പും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. ഓരോ ദേശത്തും പ്രാദേശിക വ്യത്യാസങ്ങളോടെയുള്ള ഉപസംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ നോമ്പ് ശക്തമായ വ്യവഹാരമായി നിലകൊള്ളുന്നു.

കാമ്പസും റമദാനും

         നോമ്പുനാളുകള്‍ പ്രതിരോധത്തിന്റേതു കൂടിയാണെന്ന് മിഡില്‍ ബറി യൂനിവേഴ്‌സിറ്റിയിലെ ഈജിപ്ഷ്യന്‍ യുവാവ് ഒമര്‍ സല്‍ഹ തന്റെ ബ്ലോഗില്‍ കുറിക്കുന്നു. ''യൂറോപ്പില്‍ 'ഇസ്‌ലാമോഫോബിയ' കത്തിനില്‍ക്കുന്നു. നോമ്പെടുക്കുന്ന രണ്ട് മുസ്‌ലിം യുവാക്കളെ യൂനിവേഴ്‌സിറ്റി പുറത്താക്കി. അക്കൊല്ലം ശൈത്യവും റമദാനും ഒരുമിച്ചായിരുന്നു. കാമ്പസിലെ തോട്ടത്തില്‍ ഞങ്ങള്‍ ഒരു ടെന്റ് നിര്‍മിച്ചു. പരവതാനി വിരിച്ചു. പുസ്തകങ്ങളും റമദാനിലേക്കാവശ്യമായ വിഭവങ്ങളും ശേഖരിച്ചു. മൂന്ന്, നാലു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത് - റമദാന്‍ ടെന്റ് പക്ഷേ അത്ഭുതാവഹമായ മാറ്റമുണ്ടാക്കി- ക്രിസ്ത്യനും ജൂതനും കറുത്തവനും വെളുത്തവനും ടെന്റിലേക്കൊഴുകി. സംവാദങ്ങള്‍ ചൂടുപിടിച്ചു. റമദാനിനു ശേഷം അധികൃതര്‍ ടെന്റ് പൊളിച്ചു കളഞ്ഞു. പക്ഷേ, ഇപ്പോഴും അവിടെ മഞ്ഞുപെയ്യുന്നുണ്ട്''- ഒമര്‍ സല്‍ഹ എഴുതുന്നു.

         മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒരുമിച്ചിരിക്കാനുള്ള വേദികളായി ഇഫ്ത്വാര്‍ സംഗമങ്ങള്‍ കാമ്പസില്‍ രൂപപ്പെടുന്നു. ഈ ഏകീകരണത്തിന് ഊന്നല്‍ നല്‍കുന്ന പ്രബലമായ അനുഷ്ഠാന കര്‍മമാകുന്നു നോമ്പ്. ദല്‍ഹിയിലെ ആദ്യത്തെ നോമ്പ് കടുത്ത ഉഷ്ണത്തിലായിരുന്നു. നാട്ടിലാണെങ്കില്‍ റമദാന്‍ എത്തുമ്പോഴേക്കും ശാരീരികമായും മാനസികമായും തയാറെടുത്തിരിക്കും. 'നനച്ചുകുളി'യോടെ റമദാന്‍ വരവായി. ദല്‍ഹിയില്‍ റമദാനായാല്‍ ഞങ്ങളാദ്യം ചെയ്തിരുന്നത് പെരുന്നാളിന് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്.

         ജാമിഅ മില്ലിയ്യയില്‍ റമദാനില്‍ ടൈംടേബിള്‍ ഷെഡ്യൂള്‍ മാറിയിരിക്കും. ക്ലാസുകള്‍ നേരത്തെ അവസാനിക്കും. പക്ഷേ, ക്ലാസിലെല്ലാവരും നോമ്പെടുക്കുന്നവരായിരുന്നില്ല. ഹോസ്റ്റലേഴ്‌സിന് ഇഫ്ത്വാര്‍ പ്രയാസമുള്ള ഒന്നായിരുന്നില്ല. അത്താഴത്തിനുള്ള ബ്രഡും പാലും ഇഫ്ത്വാര്‍ വിഭവങ്ങളും ഹോസ്റ്റലില്‍ ലഭ്യമാണ്. മെസ്സില്‍ നിന്ന് സ്വയം പാകം ചെയ്യാനും സൗകര്യമുണ്ടായിരുന്നു. മലയാളി കുടുംബങ്ങളുടെയും മലയാളി ഘടകങ്ങളുടെയും ഇഫ്ത്വാര്‍ ആനുകൂല്യങ്ങളും 'മല്ലൂസ്' പറ്റിക്കൊണ്ടിരുന്നു. നോമ്പിന്റെ കോള് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ചുരുക്കം.

         നോമ്പെടുക്കാന്‍ വകയില്ലാത്ത പട്ടിണിപ്പാവങ്ങളെ കൊണ്ട് സമ്പന്നമാണ് ദല്‍ഹി. ഓരോ ഗല്ലിയിലും ഹോട്ടലുകള്‍ക്ക് മുമ്പില്‍ മഗ്‌രിബ് നേരമാകുമ്പോഴേക്കും യാചകര്‍ തടിച്ചുകൂടും. യജമാനന്മാരുടെ വരവും കാത്തിരിക്കുന്നവര്‍... റിക്ഷാപുള്ളേഴ്‌സിനു 'വിഷന്‍ 2016' നല്‍കിയ ഹൃദ്യമായ നോമ്പ് തുറയിലും ചേരി പ്രദേശങ്ങളില്‍ നടത്തിയ പെരുന്നാള്‍ വസ്ത്ര വിതരണത്തിലും മലയാളി വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കുറഞ്ഞ തുകക്ക് ഇഫ്ത്വാറും അത്താഴവും ദല്‍ഹിയിലെ ഗല്ലികളില്‍ നമുക്ക് ലഭ്യമാണെങ്കിലും ലക്ഷക്കണക്കിന് മുസ്‌ലിം കുടുംബങ്ങളെ സംബന്ധിച്ചേടത്തോളം പ്രാപ്യമായ ഒന്നല്ല അത്. നോമ്പെടുത്താല്‍ കുടുംബം മുഴുവന്‍ പട്ടിണിയിലാകുന്ന ദയനീയ കാഴ്ച. ഓള്‍ഡ് ദല്‍ഹിയിലെ ഗല്ലികള്‍ക്കു തന്നെ വിഭവങ്ങളുടെ മണമാണ്. പാല്‍, സവിയ, അത്തര്‍,സുറുമ, പൊരിച്ച റൊട്ടി എല്ലാം കൂടി ചേര്‍ന്നൊരു സമ്മിശ്ര ഗന്ധം. രാവും പകലും ഗല്ലികളിലൂടെ സൈക്കിള്‍ ചവിട്ടുന്ന 'ബയ്യമാര്‍' അതൊന്നു രുചിച്ച് നോക്കിയിട്ടുപോലുമുണ്ടാകില്ല.

         പി.ജിക്ക് 'മുംബൈ ടിസ്സി'ല്‍ ജോയിന്‍ ചെയ്തപ്പോഴേക്കും റമദാന്‍ ആഗതമായി. കാമ്പസില്‍ ഞങ്ങള്‍ ഇരുപതോളം മുസ്‌ലിം വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഗൂഗിള്‍ ഗ്രൂപ്പ് വഴി ഇഫ്ത്വാറും അത്താഴവും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു. ഓരോ വിദ്യാര്‍ഥിയും ഒരു നിശ്ചിത തുക കണ്‍വീനര്‍ക്ക് കൈമാറും. മുസ്‌ലിംകളല്ലാത്ത വിദ്യാര്‍ഥികളും സ്റ്റാഫും പണം തന്ന് സഹായിച്ചിരുന്നു. രണ്ടോ മൂന്നോ പേര്‍ ദിവസവും ഇഫ്ത്വാറിനുള്ള വിഭവങ്ങള്‍ വാങ്ങി കണ്‍വെന്‍ഷന്‍ സെന്ററിലോ ഡൈനിംഗ് ഹാളിലോ വരും. പിന്നീട് നോമ്പു തുറന്ന് നമസ്‌കാരവും കഴിഞ്ഞാണ് പിരിയുക. ടിസ്സിനെ സംബന്ധിച്ചേടത്തോളം ഇഫ്ത്വാര്‍ ഏവര്‍ക്കും കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. ഒരുപാട് വിദ്യാര്‍ഥികളും ഫാക്കല്‍റ്റി മെമ്പേഴ്‌സും പങ്കാളികളായിരുന്നു. മഗ്‌രിബ് നമസ്‌കാരം കാമറയില്‍ പകര്‍ത്താന്‍ ദിവസവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നിന്നു. ആവേശം മൂത്ത് ചിലര്‍ ചോദിച്ചു; 'ഞങ്ങളും നമസ്‌കാരത്തില്‍ പങ്കെടുത്തോട്ടെ' എന്ന്.

         കാമ്പസില്‍ ബ്രാഹ്മണിസം ശക്തമായി നിലകൊള്ളാന്‍ ഒരു പ്രധാന കാരണം, മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നു കാണിക്കാന്‍ അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസ ആചാരങ്ങളും ഭക്ഷണ ക്രമവുമായിരുന്നു. നവരാത്രി വ്രതവും റമദാന്‍ മാസവും ഒരുമിച്ചായപ്പോള്‍, ഇഫ്ത്വാറിന്  കാമ്പസില്‍ കിട്ടിയ സ്വീകാര്യത മൂലം അവരുടെ 'ശുദ്ധഗതിവാദം' പൊളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. റമദാനിലെ 'പ്രകടനപരത' ഞങ്ങളേറെ ആസ്വദിച്ചു. മറ്റു വിദ്യാര്‍ഥികളുടെ ആദരവും ബഹുമാനവും ലഭിക്കാന്‍ നോമ്പ് കാരണമായി.

         മുംബൈയിലെ മറ്റൊരു പ്രധാന ആകര്‍ഷണം രാവുകളോടെ സജീവമാകുന്ന റമദാന്‍ ബസാറുകളാണ്. എണ്ണിയാലൊടുങ്ങാത്ത അത്ര നോമ്പുതുറ വിഭവങ്ങള്‍ -മലയാളികളുടെ പ്രിയപ്പെട്ട തരിക്കഞ്ഞി, ജീരക കഞ്ഞി മുതലങ്ങോട്ട് ലക്ഷദ്വീപ്, കശ്മീരി, ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍, റൂവപ്‌സ്, ബജീസ്, പക്കോട, സിര്‍നി, മാല്‍പോവാ തുറി എന്നിവ മുംബൈക്കാരുടെ റമദാന്‍ സ്‌പെഷ്യല്‍ വിഭവങ്ങളാണ്. വിഭവങ്ങള്‍ രുചിച്ച്, ഷോപ്പിംഗ് നടത്തി പുലരുവോളം സ്ട്രീറ്റുകളില്‍ തങ്ങുന്ന പെണ്‍കൂട്ടങ്ങള്‍. സാകിര്‍ നായികിന്റെ റമദാന്‍ പ്രഭാഷണ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്നതും മുംബൈയിലെ മുസ്‌ലിം സ്ത്രീകളാണ്.

         മഗ്‌രിബിന്റെ നേരമാകുമ്പോഴേക്ക് ഹോട്ടലുകളിലേക്ക് സ്ത്രീകള്‍ വാഹനമോടിച്ച് വരുന്നു, ഇഫ്ത്വാര്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഭക്ഷണശേഷം നമസ്‌കാരവും വര്‍ത്തമാനവും കഴിഞ്ഞ് തിരികെ പോകുന്നു. ഇത്തരമൊരു കാഴ്ച മുംബൈയിലെ പെണ്ണുങ്ങളുടെ മാത്രം പ്രത്യേകതയാണ്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍