Prabodhanm Weekly

Pages

Search

2014 ജൂലൈ 11

-ഹംദര്‍ദ്-<br> 'ഊപര്‍ വാലേ കാ കറം'

അജ്മല്‍ മമ്പാട് /കാമ്പസുകളുടെ നോമ്പടക്കം

         പ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ദല്‍ഹിയിലെ വേനല്‍ പഴുത്ത് നില്‍ക്കും. മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ അതിന്റെ പാരമ്യമായിരിക്കും. സര്‍വ പാപങ്ങളെയും കരിച്ചുകളയുന്ന 'റമദാനെ'പ്പോലെ. നോമ്പെടുക്കല്‍ അല്‍പം ദുഷ്‌ക്കരവും. ഒരുപക്ഷേ കേരളത്തിലെ നോമ്പിനേക്കാള്‍ കൂടുതല്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നോമ്പുകാലവും നോമ്പനുഭവങ്ങളുമാണ് ദല്‍ഹിക്കാര്‍ക്കുള്ളത്. ഉച്ചയാവുന്നതോടെ ചൂട് മൂര്‍ധന്യത്തിലെത്തിത്തുടങ്ങും. അതിനെ കവച്ചുവെക്കുന്ന ദാഹവും, വിശപ്പും. അത്തരം നോമ്പുദിനങ്ങളുമായി പൊരുത്തപ്പെട്ടു പോവുന്ന ആയിരക്കണക്കിന് മലയാളികളുണ്ട് ദല്‍ഹിയില്‍. അവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷേ നോമ്പുതുറക്കാന്‍ ബഹുവര്‍ണപ്പഴങ്ങളോ കരിച്ചതും പൊരിച്ചതുമായ വിഭവങ്ങളോ ജീരകക്കഞ്ഞിയും പത്തിരിക്കൂട്ടുമുള്ള മുത്താഴമോ, പുലര്‍ക്കാലങ്ങളിലെ നോണ്‍വെജ് അത്താഴങ്ങളോ ഉണ്ടാവാറില്ല എന്നതാണ് സത്യം.

         ദല്‍ഹിയിലെ വിവിധ മലയാളി സംഘടനകളായ DMA, KMWA, KMCC, DMH തുടങ്ങിയവയുടെ ഇഫ്ത്വാര്‍ മീറ്റുകളില്‍ പങ്കുകൊള്ളാന്‍ അവസരമുണ്ടാവാറുണ്ട്. മത-രാഷ്ട്രീയ വിഭാഗീയതക്ക് നേരിയ സാധ്യത പോലുമില്ലാത്ത നോമ്പുതുറ സല്‍ക്കാരങ്ങളാണവ. ജാമിഅ നഗറിനോടടുത്ത് ഓക്‌ല ഹെഡിലെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാന മന്ദിരത്തിന്റെ പരിസരത്ത് വര്‍ഷങ്ങളായി നടന്നുവരുന്ന വ്യതിരിക്തമായ ഒരു നോമ്പുതുറയുണ്ട്. ആ പരിസരപ്രദേശങ്ങളിലെ കുഴിഞ്ഞ റോഡുകളിലൂടെയും, ഇടുങ്ങിയ ഗല്ലികളിലൂടെയും സഞ്ചാരികളെ വഹിച്ച് ഉയര്‍ന്നു ചവിട്ടിത്താഴ്ന്ന് പകലന്തിയോളം റിക്ഷയോടിക്കുന്ന, സമൂഹത്തിലെ മധ്യവര്‍ഗം പോലും അവജ്ഞയുടെ മനോനിലങ്ങളിലേക്ക് തള്ളിമാറ്റിയ സാധാരണക്കാരിലും സാധാരണക്കാരായ മനുഷ്യര്‍. മണിക്കൂറുകളോളം റിക്ഷ ചവിട്ടിയുണ്ടാക്കുന്ന അഞ്ചും, പത്തും രൂപകള്‍ റിക്ഷാ മുതലാളിക്ക് സമര്‍പ്പിച്ചതില്‍ തുഛം വന്ന കമ്മീഷനും വാങ്ങി വീടണയുമ്പോഴേക്കും അടുത്ത പ്രഭാതത്തിലേക്ക് ഉണരാനായുന്ന വലിയൊരു വിഭാഗം ദല്‍ഹിക്കാര്‍. റിക്ഷ ചവിട്ടിയുള്ള വരവും മര്‍കസ് കാമ്പസിനകത്ത് അച്ചടക്കത്തോടെയും അല്ലാതെയും നിരത്തിയിടപ്പെടുന്ന റിക്ഷകളും ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനൊക്കാത്ത കാഴ്ചയാണ്. അന്ന് മെലിഞ്ഞൊട്ടിയ ആ മുഖങ്ങളില്‍ പലതും ആനന്ദപൂരിതമാവും. കൈവശമുള്ളതില്‍ വെച്ച് ഏറ്റം വിലയും, ഗുണവും കൂടിയ വസ്ത്രങ്ങളാണ് അന്നവര്‍ ധരിച്ചിട്ടുണ്ടാവുക. ജീവിതത്തിന്റെ ഒരു ദിവസമെങ്കിലും പൊതുസമൂഹത്തിന്റെ അതിഥികളായി അവര്‍ ആദരിക്കപ്പെടുന്നു. ആ പച്ച മനുഷ്യര്‍ക്ക് വെച്ചുവിളമ്പാനും അവരോടൊത്ത് ഭക്ഷണം കഴിക്കാനും മലയാളി കുടുംബങ്ങളും വിദ്യാര്‍ഥികളും എത്താറുണ്ടവിടെ. അടിമത്വം തുടച്ചുനീക്കപ്പെട്ടിട്ടും അതിന്റെ അനുരണനങ്ങളില്‍ പൂന്തിയിറങ്ങിപ്പോയ ഒരു മനുഷ്യായുസ്സ് അതില്‍നിന്ന് വലിച്ചൂരിയെടുക്കാനാവാത്ത ഒരു കൂട്ടം മനുഷ്യവര്‍ഗം. അവരുടെ ഭക്ഷണത്തിന്റെ ഉഛിഷ്ഠം കോരിയെടുക്കാനും, അവരുപയോഗിച്ച ഗ്ലാസുകളും പാത്രങ്ങളും കഴുകിവൃത്തിയാക്കുവാനും, അവരെ സമഭാവനയോടെ ആലിംഗനം ചെയ്ത് യാത്രയയക്കാനും കിട്ടുന്ന അവസരം റമദാന്റെ സല്‍ക്കര്‍മങ്ങളുടെ പട്ടികയിലേക്ക് അല്ലാഹുവിന്റെ മാലാഖമാര്‍ എഴുതിച്ചേര്‍ക്കട്ടെ എന്നതാണ് അവിടെയെത്തുന്ന ഓരോ മലയാളിയുടെയും പ്രാര്‍ഥന.

ഒരു ഇഫ്ത്വാര്‍ ഓര്‍മ

         ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ താമസ സ്ഥലത്തേക്ക് തിരികെയെത്താന്‍ കഴിയാത്തവിധം കനോട്ട് പ്ലേസില്‍ ഒരിടത്ത് കുടുങ്ങിപ്പോയി. നോമ്പ് തുറക്കാന്‍ ഇനി അഞ്ചുമിനിറ്റ്. ചുറ്റും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഭക്ഷണമൊഴികെയുള്ള പലവിധം സാധനങ്ങളാണ് അവിടെ വില്‍പ്പന. പച്ചവെള്ളം മാത്രം കുടിച്ച് നോമ്പുതുറക്കേണ്ട അവസ്ഥ. പെട്ടെന്ന് ഒരാള്‍ വന്നു ഞങ്ങളോട് ചോദിച്ചു: ''നിങ്ങള്‍ നോമ്പുകാരനാണോ?'' അതെ എന്നു തലയാട്ടുന്നത് കാണാന്‍ അയാള്‍ കാത്തുനിന്നില്ല. ഞങ്ങളുടെ കൈപിടിച്ച് ഒരു കടയുടെ മുന്‍വശത്തേക്ക് കൊണ്ടുപോയി. ബൊക്കെയും പല വര്‍ണപ്പൂക്കളും കാഴ്ചയില്‍തന്നെ വില കുറഞ്ഞ അലങ്കൃത വസ്തുക്കളും നിരത്തിവെച്ച ഒരു കൊച്ചുകട. അതിന്റെ വശങ്ങളില്‍ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങള്‍ നിരത്തി വച്ചിരിക്കുന്നു. അവയില്‍ ഒന്നോ രണ്ടോ ഈത്തപ്പഴങ്ങളും രണ്ടു കഷ്ണം ആപ്പിളും ബജിയും പിന്നെ ഒരു ഗ്ലാസ് തണുത്ത പച്ചവെള്ളവും. അയാള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വന്ന് കൈകളിലേക്കൊഴിച്ചുതന്നു. കൈകഴുകിക്കഴിഞ്ഞയുടന്‍ അടുത്തെവിടെ നിന്നോ ബാങ്കുമുഴങ്ങിത്തുടങ്ങി. ഞങ്ങളെപ്പോലെ അവിടെയെത്തിയ മറ്റു ചിലര്‍ക്കുമയാള്‍ ആ കൊച്ചുപാത്രങ്ങള്‍ വിതരണം ചെയ്തു. നോമ്പുതുറന്ന് അയാളുടെയടുത്ത് ചെന്ന് അല്‍പം ചമ്മലോടെത്തന്നെ മെല്ലെ ചോദിച്ചു. ''എത്രയാ ചാര്‍ജ്?'' പുഞ്ചിരിച്ചുകൊണ്ട് നെഞ്ചില്‍ കൈവച്ച് അയാള്‍ പറഞ്ഞു: ''ബസ്, ഊപര്‍ വാലേ കാ കറം.'' ആശ്ചര്യത്തോടെ നന്ദി പറഞ്ഞ് ആ കൈകളില്‍നിന്നും പിടിവിട്ട് മെല്ലെ നടന്നുനീങ്ങുന്നതിനിടയില്‍ തള്ളിക്കയറി വന്ന ജനക്കൂട്ടമാണ് ആ കൊച്ചു കടയില്‍ തൂക്കിയിട്ട ഗണപതിയുടെയും, പരമശിവന്റെയും കളര്‍ച്ചിത്രങ്ങള്‍ ഞങ്ങളുടെ കാഴ്ചയില്‍നിന്ന് മറച്ചുപിടിച്ചത്.

ഇഫ്ത്വാര്‍: ഹംദര്‍ദ് കാമ്പസില്‍

         ദല്‍ഹിയിലെ ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലെ മലയാളി കൂട്ടായ്മയാണ് 'ഹം' (Hamdard Unity of Malayalees) മലയാള ഭാഷയിലെ 'ഞങ്ങള്‍' 'നമ്മള്‍' എന്നിവക്ക് ഉര്‍ദുവിലുള്ള പദമാണ് 'ഹം' എന്നത്. ആശയത്തിന്റെ വിശാലമായൊരു തലത്തില്‍ 'ഒരുമ' എന്നും അതിന് അര്‍ഥം വെക്കാം. വിവിധ മതക്കാരെ ക്ഷണിച്ചുവരുത്തി 'ഹം' ഇഫ്ത്വാര്‍ മീറ്റുകള്‍ സംഘടിപ്പിക്കാറുണ്ട്. കാമ്പസിനകത്തെ പള്ളികളില്‍ മിക്ക ദിവസങ്ങളിലും നോമ്പുതുറകള്‍ ഉണ്ടാവും. ഒരു ദിവസം യൂനിവേഴ്‌സിറ്റി ഇഫ്ത്വാറും നടക്കാറുണ്ട്. മറ്റു ദിവസങ്ങളില്‍ കാമ്പസിലെ മലയാളികള്‍ ഒരുമിച്ചാണ് നോമ്പുതുറക്കാറുള്ളത്. അസ്വ്ര്‍ നമസ്‌കാരം കഴിഞ്ഞ് വിവിധ വഴികളിലേക്ക് പിരിയുന്നവര്‍ വ്യത്യസ്ത വിഭവങ്ങളുമായി ഹോസ്റ്റലില്‍ ഒത്തുചേരുന്നു. വിഭവങ്ങള്‍ എന്നു പറഞ്ഞാല്‍ ഈത്തപ്പഴവും ചെറുപഴവും ബജിയും ഉരുളക്കിഴങ്ങ് സമൂസയുമാണ്. യൂനാനി വൈദ്യത്തിന്റെ ശീതളിമയില്‍ ഉരുവം കൊണ്ട റൂഹ്-അഫ്‌സാ ദല്‍ഹിയിലെ നോമ്പുസല്‍ക്കാരങ്ങളിലെ ഉച്ചനീചത്വങ്ങള്‍ക്ക് വഴങ്ങാത്ത മറ്റൊരു സ്ഥിരം അതിഥിയാണ്. ഇങ്ങനെയൊക്കെയായി 'ഉള്ളത്‌കൊണ്ട് ഓണം' പോലത്തെ ഇഫ്ത്വാറുകള്‍ ഹൃദ്യമായിത്തീരുന്നു.

         കാമ്പസില്‍ ഇഫ്ത്വാറിന്റെ പ്രധാന വിഭവം ചെന എന്നുവിളിക്കപ്പെടുന്ന കടലയാണ്. ഇത് ഉപ്പുവെള്ളത്തിലിട്ട് പുഴുങ്ങി തൂമിച്ച് കടലാസ് പാത്രത്തിലാക്കുന്നു. അതുപോലത്തെ മറ്റൊരു പാത്രം നാലാക്കി മടക്കി കീറിയത് അതിന്റെ സ്പൂണും. തര്‍ബൂസ എന്നുവിളിക്കുന്ന പപ്പായ മറ്റൊരു വിഭവമാണ്. ഇത്തരത്തില്‍ മലയാളിയുടെ സങ്കല്‍പ്പത്തില്‍ പോലും കയറിയിറങ്ങാത്ത വിഭവങ്ങളാണ് പൊതുവേ ദല്‍ഹിയിലെ കാമ്പസുകളില്‍ ഇഫ്ത്വാറിനൊരുങ്ങാറുള്ളത്. അത്താഴത്തിന് ഒരു ഗ്ലാസ് പാലും രണ്ട് ആലുപ്പറാട്ടയും ചിലപ്പോള്‍ ഒരു പുഴുങ്ങിയ കോഴിമുട്ടയും. ചോറു കാര്യത്തില്‍ നിര്‍ബന്ധമുള്ളവര്‍ക്ക് പരിപ്പുകറിയുടെ അകമ്പടിയോടെ അതും ലഭ്യമാണ് കാമ്പസിലെ മെസ്സുകളില്‍. രാത്രി കാലങ്ങളില്‍ കേരളത്തിലേതുപോലെത്തന്നെ വിവിധ സ്വഭാവങ്ങളില്‍ തറാവീഹ് നടക്കും. ഏത് രീതിയില്‍ തറാവീഹ് നമസ്‌കരിക്കണം എന്നതില്‍ ഒരു മലയാളിയും നിര്‍ബന്ധ ബുദ്ധി കാണിക്കാറില്ല എന്നതാണ് വാസ്തവം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ത്വാഹാ/ 114-116
എ.വൈ.ആര്‍