Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

വേഗത വേഗത വേഗതയൊന്നേ മന്ത്രം

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ല്ലാം അതിവേഗം എന്നതാണല്ലോ ഈ കാലഘട്ടത്തിന്റെ മുഖമുദ്ര. വിവാഹാലോചന വേഗത്തില്‍. വിവാഹം വേഗത്തില്‍. ശിക്ഷണ-ശീലങ്ങള്‍ വേഗത്തില്‍. വിവാഹ മോചനം വേഗത്തില്‍. വേഗതയുടേതാണ് ഈ കാലം. യാത്ര ചെയ്ത് വേഗത്തില്‍ ഉദ്ദിഷ്ടസ്ഥാനത്തെത്തണം, ഭക്ഷണം ഉടനെ കിട്ടുന്നതാവണം, വിദ്യാഭ്യാസം പെട്ടെന്ന് നേടാനാവണം, ആശയ വിനിമയം ഝടുതിയില്‍ നടക്കണം, നെറ്റിന് വേഗതവേണം, വാഹനത്തിന്നും വേണം വേഗത. രാവിലെ മുതല്‍ വൈകുന്നേരം വരെ കഴിഞ്ഞ്കൂടുന്നത് വേഗത, വേഗത, വേഗത എന്ന മന്ത്രം ജപിച്ചാണ്.

         എന്തിനേറെ പറയുന്നു, നമ്മുടെ നമസ്‌ക്കാരവും ദിക്‌റും ഇബാദത്തുമെല്ലാം വേഗത കൂടിയതായി. ഇഹലോകാന്ത്യത്തിന്റെ അടയാളമായി നബി (സ) പറഞ്ഞിരുന്നു 'കാലത്തിന്റെ അടുത്തുവരവ്' എന്ന്. ഞാന്‍ മുമ്പൊക്കെ ധരിച്ചത് ടെക്‌നോളജിയുടെ വികാസത്തോടെ ദൂരം മറികടക്കാനുള്ള ഉപായങ്ങളുണ്ടാവുകയും അകലങ്ങള്‍ കുറഞ്ഞ് വരികയും ചെയ്യുമെന്നാണ്. കുടുംബത്തിന്റെ ശിക്ഷണപരമായ രംഗങ്ങളില്‍ ഉണ്ടാവുന്ന വേഗതയും ഈ ഗണത്തില്‍ പെടുമോ എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത. ക്ഷമയും വിവേകവും അവധാനതയുമെല്ലാം അപൂര്‍വ്വ നാണയങ്ങളായിത്തീര്‍ന്ന ഒരു കാലഘട്ടമാണിത്.

         നമ്മുടെ ചര്‍ച്ചയും പഠനവും ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമാണിത്. എന്നെ സമീപിക്കുന്ന ചിലര്‍ക്ക് 'ഫാസ്റ്റ് ഫുഡ്'കിട്ടുന്ന വേഗതയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ദാമ്പത്യപ്രശ്‌നങ്ങളും കുടുംബത്തിന്റെ ശിക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കാന്‍ ദീര്‍ഘമായ സമയം വേണം എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ തെല്ലൊന്നുമല്ല പണിപ്പെട്ടിട്ടുള്ളത്. തന്റെ മകന്റെ ചില പ്രശ്‌നങ്ങളുമായി എന്നെ സമീപിച്ച ഒരു ഉമ്മയോട് ഞാന്‍ പറഞ്ഞു:''ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചികിത്സ വേണം ഇതിന്ന്. അതൊരു പ്രത്യേക ചികിത്സാപദ്ധതിയാണ്.'' വിമ്മിട്ടത്തോടെ അവര്‍: ''പ്രശ്‌നം രണ്ടു മണിക്കൂര്‍ കൊണ്ടുപരിഹരിച്ചു തരാന്‍ വഴികളൊന്നുമില്ലേ നിങ്ങളുടെ പക്കല്‍?'' പുഞ്ചിരി തൂകി അവരോട് പറഞ്ഞു:'' ഞാനൊരു ജാലവിദ്യക്കാരനല്ല. അമാനുഷ സിദ്ധികളുമില്ല. മക്കളുടെ പ്രശ്‌നങ്ങളും അവരുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്ന് പിന്‍തുടരേണ്ട മൂന്ന് സുവര്‍ണ്ണ സിദ്ധാന്തങ്ങളുണ്ട്. ക്ഷമ, ആസൂത്രണം, പ്രാര്‍ഥന''.

         ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവിന് ഉടനെ ഒരു പരിഹാരം വേണം. ഞാന്‍ അയാളോട് പറഞ്ഞു: ''നിങ്ങള്‍ ഇടപെടുന്നത് ലോഹംകൊണ്ടുള്ള ഒരു ഉപകരണത്തോടല്ല, മണ്ണ്‌കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു സൃഷ്ടിയോടാണെന്നോര്‍മ വേണം. നിങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്ന് മൂന്ന് സുവര്‍ണ്ണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ക്ഷമ, ആസൂത്രണം, പ്രാര്‍ഥന.'' മിക്ക ദാമ്പത്യപ്രശ്‌നങ്ങളും തൃപ്തികരമായ വിധത്തില്‍ പരിഹരിക്കാന്‍ സമയം വേണം.

         മൂപ്പെത്തും മുമ്പ് പഴം പറിച്ചെടുത്താല്‍ അത് തിന്നാന്‍ കൊള്ളില്ല: അതിന് ഭംഗിയുണ്ടാവില്ല, രുചിയും ഉണ്ടാവില്ല. നാം അഭിമുഖീകരിക്കുന്ന ഏത് വിഷമപ്രശ്‌നവും രണ്ട് വീക്ഷണകോണിലൂടെ നോക്കിക്കാണേണ്ടതുണ്ട്. ഒന്ന് ഐഹികം. രണ്ട്, പാരത്രികം. നബി (സ) പഠിപ്പിച്ചുതന്ന രീതിയാണിത്. അപസ്മാര രോഗിയായ സ്ത്രീ നബി (സ)യെ സമീപിച്ചു പറഞ്ഞു:''എന്റെ രോഗശമനത്തിന്ന് അങ്ങ് പ്രാര്‍ഥിക്കണം''.

         പ്രവാചകന്‍: ''ക്ഷമയുടെ മാര്‍ഗമാണ് താങ്കള്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്നതെങ്കില്‍ താങ്കള്‍ക്ക് സ്വര്‍ഗം ലഭിക്കും. വേണമെങ്കില്‍ താങ്കളുടെ ദീനം ഭേദമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.''

         ''ഞാന്‍ ക്ഷമ അവലംബിച്ചു ജീവിച്ചു കൊള്ളാം. ഞാന്‍ അപസ്മാരം ബാധിച്ച് വീഴുമ്പോള്‍ എന്റെ നഗ്നത വെളിപ്പെട്ടു പോകുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അങ്ങ് പ്രാര്‍ഥിച്ചാല്‍ മതി.'' നബി (സ) അവരുടെ നഗ്നത വെളിപ്പെടാതിരിക്കാന്‍ പ്രാര്‍ഥിച്ചു. അവര്‍ക്ക് സന്തോഷമായി. ഈ കേസില്‍ നബി (സ) മുന്നോട്ടുവെച്ച ഒന്നാമത്തെ നിര്‍ദ്ദേശം 'ക്ഷമിക്കുക' എന്നാണ്. അതിന്ന് പ്രതിഫലമായി സ്വര്‍ഗം ഉണ്ടെന്നും. രണ്ടാമത്, പ്രശ്‌നത്തിന് ഉടനടിയുള്ള ഒരു പരിഹാരവും. അവര്‍ ക്ഷമയുടെ വഴി തെരഞ്ഞെടുത്തു. അതോടൊപ്പം തന്റെ ശരീരത്തിന്റെ പരിരക്ഷ അവര്‍ ഉറപ്പുവരുത്തുകയും ചെയ്തു.

         നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെ വേണമെന്ന രീതിശാസ്ത്രമാണ് ഈ ഹദീസ് വിശദീകരിക്കുന്നത്. ഈ ഹദീസില്‍ നിരവധി പാഠങ്ങളുണ്ട്.

         ഒന്ന്, എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരം ഉണ്ടാവില്ല.

         രണ്ട്, ക്ഷമയാണ് നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം.

         മൂന്ന്, ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരലോകത്തേക്കുള്ള മൂലധനമോ ഈടുവെപ്പോ ആണെന്ന് മറക്കരുത്. അല്ലാഹുവിന്റെ പക്കലുള്ളതാണ് ഉത്തമവും ശാശ്വതവും.

         നാല്, സ്വര്‍ഗ്ഗപ്രാപ്തിക്കും മഹത്തായ പ്രതിഫലത്തിനും അര്‍ഹമാക്കുന്ന ക്ഷമയുടെ മാര്‍ഗ്ഗം ഒരു മുസ്‌ലിമിന്ന് തെരഞ്ഞെടുക്കാം. ആ മാര്‍ഗ്ഗത്തിലുള്ള പ്രയാസങ്ങളെല്ലാം സന്തോഷത്തോടെ സഹിച്ച് നിലകൊള്ളാം. മനഃസമാധാനത്തിന്റെയും ആശ്വാസത്തിന്റെയും താക്കോല്‍ ക്ഷമയാണ്.

         ക്ഷമയുടെ പ്രതിഫലം മോഹിച്ച് ആ ശീലം സ്വായത്തമാക്കുന്നതിനെക്കുറിച്ച് രസകരമായ കഥകളുണ്ട്. രാജാവ് ദരിദ്രനായ ഒരുവനോട് പറഞ്ഞത്രെ: ''ഈ കൊച്ചു വടികൊണ്ട് നിന്നെ ഓരോ അടി അടിക്കുമ്പോഴും ഞാന്‍ നിനക്ക് ഒരു സ്വര്‍ണ്ണനാണയം തരും''. അടി ധാരാളമായി കിട്ടാന്‍ ദരിദ്രന്‍ ആഗ്രഹിച്ചു എന്നാണ് കഥ. അടികൊണ്ട് വേദനയില്ലാഞ്ഞിട്ടല്ല. അടിക്ക് ശേഷം കിട്ടുന്ന പ്രതിഫലം ഓര്‍ത്താണ് കൂടുതല്‍ അടി മോഹിച്ചത്. അല്‍പം വേദനിച്ചാലും സാരമില്ല, സ്വര്‍ണ്ണനാണയം കിട്ടുമല്ലോ. അത് പോലെയാണ് പ്രയാസങ്ങളിലും പരീക്ഷണ വേളകളിലും സഹനം അവലംബിക്കുന്നത്. മഹത്തായ പ്രതിഫലം കാത്തിരിക്കുന്നവന്ന് പരീക്ഷണങ്ങള്‍ നിസ്സാരമായിത്തോന്നും.

         കുടുംബ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും എനിക്കൊരു സന്ദേശം നല്‍കാനുണ്ട്. എത്രയെത്ര പ്രശ്‌നങ്ങളാണ് എനിക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ളത്! എത്രയെത്ര സങ്കീര്‍ണ്ണ സമസ്യകള്‍ക്കാണ് പരിഹാരം നിര്‍ദേശിച്ചുകൊടുത്തിട്ടുള്ളത്! നിരാശ നിഴലിക്കുന്ന മുഖവുമായിട്ടാവും അവരുടെ വരവ്. നീണ്ടകാത്തിരിപ്പിന് ശേഷമായിരിക്കും പ്രശ്‌നം പരിഹൃതമായിട്ടുണ്ടാവുക.

         22 വര്‍ഷമായി മയക്കുമരുന്നിന്നടിപ്പെട്ട ഭര്‍ത്താവിനെ ഭാര്യ പരിചരിക്കുന്നു. ആ അദ്ധ്വാനത്തിന്റെ മാധുര്യം പിന്നീട് ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 12 കൊല്ലമായി കുട്ടികളില്ലാത്ത ദമ്പതികള്‍. ക്ഷമിച്ചു. ഇപ്പോള്‍ അവര്‍ക്ക് മക്കളായി, പേരക്കുട്ടികളായി. ഭര്‍ത്താവിന്റെ വഞ്ചനയും പരസ്ത്രീ ഗമനവും അറിഞ്ഞ് എട്ടു വര്‍ഷം ക്ഷമിച്ചുകഴിഞ്ഞ ഒരു സ്ത്രീയെ എനിക്കറിയാം. പിന്നീടയാള്‍ നന്നായി. കുട്ടികളെയും വീടിനെയും ശ്രദ്ധിക്കാത്ത ഭാര്യയെ അഞ്ച് വര്‍ഷം സഹിച്ച ഭര്‍ത്താവിനെ അറിയാം. ഇപ്പോള്‍ അവള്‍ നേരെയായി, മിടുക്കിയായി. 35 വര്‍ഷമായി മദ്യപിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ സഹിച്ച സ്ത്രീയെയും അറിയാം. ഇപ്പോള്‍ അയാള്‍ കുടി നിര്‍ത്തി. നല്ലവനായി. നമ്മള്‍ ചിന്തിക്കുക.

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍