Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

എന്തായിരിക്കണം വിജ്ഞാനത്തിന്റെ വിവക്ഷയും ഉള്ളടക്കവും

ശമീര്‍ ബാബു കൊടുവള്ളി /കവര്‍‌സ്റ്റോറി

         വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ആശയമാണ് വിജ്ഞാനം. സര്‍വധനാല്‍ പ്രധാനം എന്നാണ് വിജ്ഞാനത്തെക്കുറിച്ചുള്ള ചൊല്ല്. മനുഷ്യജീവിതത്തിന്റെ സര്‍വതോമുഖമായ പുരോഗതിയുടെ നിദാനമാണ് വിജ്ഞാനം. വ്യക്തിഗതമായും സമഷ്ടിഗതമായും മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നു വിജ്ഞാനം. രത്‌നത്തെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ണത്തെക്കാള്‍ മൂല്യവുമുള്ളതാണ് വിജ്ഞാനം. സ്വത്വത്തിന്റെ ഭക്തിയും  ശരീരത്തിന്റെ ശക്തിയും ജീവന്റെ ഉറവയുമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. വിജ്ഞാനം കണ്ടെത്തി ധിഷണയെ പോഷിപ്പിക്കുന്നവന്‍ സൗഭാഗ്യവാനാണ്. ഈ ലോകത്ത് വിജ്ഞാനത്തിനു തുല്യം മറ്റൊന്നും ഇല്ല.വിജ്ഞാനത്തിന് തുല്യമായി വിജ്ഞാനം മാത്രമേ ഉള്ളൂ.വിജ്ഞാനം വിവേകവും വിവേകം വിജ്ഞാനവുമാണ്. വിജ്ഞാനവും വിവേകവുമാകട്ടെ വെളിച്ചത്തേക്കാള്‍ മൂല്യവത്തും.

         സ്വത്വത്തില്‍ ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉളവാക്കുന്നു വിജ്ഞാനസംബന്ധിയായ സംസാരത്തിലൂടെ ഇസ്‌ലാമികദര്‍ശനം.വിശുദ്ധവേദത്തിലും തിരുചര്യയിലും ദൈവ(അല്ലാഹു)മെന്ന പദത്തിനുശേഷം ആവര്‍ത്തിച്ചുവരുന്ന പദമാണ് വിജ്ഞാന(ഇല്‍മ്)മെന്ന പദം. വിജ്ഞാനത്തെയും വിജ്ഞാനം സ്വായത്തമാക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങളെയും വാനോളം പുകഴ്ത്തുന്നു അവ. ''വിജ്ഞാനമുള്ളവരും വിജ്ഞാനമില്ലാത്തവരും തുല്യരാവില്ല'' (അസ്സുമര്‍ 9) എന്ന വിശുദ്ധവേദത്തിന്റെ പരാമര്‍ശം മതി വിജ്ഞാനത്തിന്റെ ഔന്നത്യത്തെ അടയാളപ്പെടുത്താന്‍. പ്രവാചകന്‍ മുഹമ്മദ്(സ) ഇപ്രകാരം പഠിപ്പിക്കുകയുണ്ടായി: ''രണ്ട് പേരുടെ കാര്യത്തില്‍ മാത്രമേ അസൂയ പാടുള്ളൂ. ഒന്ന്, ദൈവം തനിക്ക് നല്‍കിയ ധനം സത്യത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ സാധിക്കുന്നവന്‍. രണ്ട്, ദൈവം നല്‍കിയ വിജ്ഞാനം ഉപയോഗപ്പെടുത്തി വിധി നടത്തുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവന്‍'' (ബുഖാരി). ആദമിന് നല്‍കിയ ബഹുമതികളില്‍ ഒന്ന് വിജ്ഞാനമായിരുന്നുവെന്ന കാര്യം സുവിദിതമാണല്ലോ. വായനയുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തികൊണ്ടായിരുന്നു ദിവ്യവെളിപാടിന്റെ തുടക്കം. സ്രഷ്ടാവായ ദൈവം ആദ്യം സൃഷ്ടിച്ചത് പേനയായിരുന്നുവെന്ന് തിര്‍മുദി ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം. വിജ്ഞാനാന്വേഷണം വിശ്വാസിയുടെ നിര്‍ബന്ധ ചുമതലയാണെന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തി.

         ഇസ്‌ലാമികദര്‍ശനം സമര്‍പിക്കുന്ന വിജ്ഞാനത്തിന് രണ്ട് അടരുകളുണ്ട്. അഥവാ ആ രണ്ട് അടരുകള്‍ സമ്മിശ്രമായി ഉള്‍ചേര്‍ന്നതാണ് വിജ്ഞാനം. ആത്മജ്ഞാനവും തത്ത്വജ്ഞാനവുമാണവ. കിതാബ്, ഹിക്മത്ത് എന്നിവയാണ് യഥാക്രമം അവയെ കുറിക്കുന്ന സാങ്കേതികസംജ്ഞകള്‍. പ്രവാചകനിയോഗത്തിന്റെ ലക്ഷ്യം ആത്മജ്ഞാനവും തത്ത്വജ്ഞാനവും പഠിപ്പിക്കലായിരുന്നുവെന്ന് വിശുദ്ധവേദം പറയുന്നുണ്ട്. മനുഷ്യന്റെ ആത്മാവിനെ പോഷിപ്പിക്കുന്ന അറിവാണ് ആത്മജ്ഞാനം. മനുഷ്യന്റെ യുക്തിയെ പോഷിപ്പിക്കുന്ന അറിവാണ് തത്ത്വജ്ഞാനം. അഭേദ്യമായി ബന്ധം പുലര്‍ത്തുന്ന ആത്മജ്ഞാനവും തത്ത്വജ്ഞാനവും സ്വത്വത്തിന് നവോന്മേഷം പകരുന്നു. 

         കിതാബിന്റെ അര്‍ഥം വിശുദ്ധവേദഗ്രന്ഥം (ഖുര്‍ആന്‍) എന്നാണ്. വിജ്ഞാനത്തിന്റെ സ്രോതസ്സാണ് അത്. അതിനാല്‍ വിശുദ്ധവേദം വേദജ്ഞാനമാണ്. ദൈവത്തിന്റെ ആശയവും സംസാരവും ആയതിനാല്‍ അത് ശുദ്ധ ദൈവജ്ഞാനമാണ്. ആധ്യാത്മികസ്രോതസ്സില്‍ നിന്ന് മനുഷ്യനോടുള്ള സാരോപദേശം ആയതിനാല്‍ അത് ആധ്യാത്മികജ്ഞാനമാണ്. മനുഷ്യന്റെ ആത്മാവിനോട് സംവദിക്കുന്ന വിജ്ഞാനമായതിനാല്‍ അത് ആത്മജ്ഞാനമാണ്. ഈ ആത്മജ്ഞാനം ദൈവജ്ഞാനത്തിലേക്കാണ് വ്യക്തിയെ നയിക്കുക. ആത്മജ്ഞാനവും ദൈവജ്ഞാനവും പരസ്പര ബന്ധിതമാണ്. സ്വത്വത്തെ തിരിച്ചറിയുമ്പോഴാണ് ദൈവത്തെ തിരിച്ചറിയുകയെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ദൈവത്തെ തിരിച്ചറിയുമ്പോഴുണ്ടാവുന്ന ഭക്തിയില്‍ നിന്നാണ് ആത്മജ്ഞാനത്തിന്റെ തുടക്കം. മനുഷ്യന്റെ ധിഷണക്കിണങ്ങുന്നതും യുക്ത്യാധിഷ്ഠിതവും പ്രായോഗികവുമായതിനാല്‍ വിശുദ്ധവേദം  തത്ത്വജ്ഞാനം കൂടിയാണ്. അപ്പോള്‍ പ്രഥമമായി വിശുദ്ധവേദം ആത്മജ്ഞാനവും ദ്വിതീയമായി തത്ത്വജ്ഞാനവുമാണ്.

         ഹിക്മത്തിന്റെ പല അര്‍ഥങ്ങളില്‍ പ്രഥമമായ അര്‍ഥം തിരുചര്യ (സുന്നത്ത്) എന്നാണ്. ഹിക്മത്തെന്നാല്‍ ദൈവദൂതന്റെ ചര്യയാണെന്ന് ഇമാം ശാഫിഈ(റ)പറഞ്ഞിട്ടുണ്ട്. പ്രവാചകന്റെ ആശയവും സംസാരവുമാണ് തിരുചര്യ. മനുഷ്യജീവിതത്തിന്റെ പ്രായോഗിക രംഗങ്ങളിലേക്ക് വെളിച്ചം വീശുന്നതും മനുഷ്യധിഷണയെ ഉത്തേജിപ്പിക്കുന്നതുമായ തത്ത്വരത്‌നങ്ങളാണ് അത്. അതിനാല്‍ തിരുചര്യ തത്ത്വജ്ഞാനമാണ്. എന്നാല്‍ പ്രവാചകന്‍ സ്വേഛാപരമായി ഒന്നും തന്നെ സംസാരിക്കുന്ന വ്യക്തിത്വമല്ല. മൊഴിയുന്ന ഓരോ വചനവും വിശുദ്ധവേദത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ തിരുചര്യ ദൈവജ്ഞാനം കൂടിയാണ്. മനുഷ്യന്റെ ആത്മാവിനോട് സംവദിക്കുന്നതിനാല്‍ അത് ആത്മജ്ഞാനവുമാണ്. അപ്പോള്‍ പ്രഥമമായി തിരുചര്യ തത്ത്വജ്ഞാനവും ദ്വിതീയമായി ആത്മജ്ഞാനവുമാണ്.

         വിശുദ്ധവേദവും തിരുചര്യയും ഒരേ സമയം ആത്മജ്ഞാനവും തത്ത്വജ്ഞാനവുമാണ്. എല്ലാ പ്രവാചകന്മാരും ആത്മജ്ഞാനികളും തത്ത്വജ്ഞാനികളുമായിരുന്നു. അവര്‍ സമൂഹത്തിന് പകര്‍ന്ന വിജ്ഞാനത്തിന്റെ രണ്ട് അടരുകളായിരുന്നു ആത്മജ്ഞാനവും തത്ത്വജ്ഞാനവും. അവരുടെ കൈവശം ആത്മജ്ഞാനം ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥവും തത്ത്വജ്ഞാനം ഉള്‍ക്കൊള്ളുന്ന സ്വന്തം ജീവിതഗ്രന്ഥവും ഉണ്ടായിരുന്നു. പ്രവാചകത്വത്തിന്റെ വിളക്കുമാടത്തില്‍ നിന്നാണ് തത്ത്വജ്ഞാനം ഉത്ഭവിക്കുന്നതെന്ന ഒരു അറബിപ്രയോഗം കാണാം. ചില പ്രവാചകന്മാര്‍ തത്ത്വജ്ഞാനികള്‍ എന്ന പേരില്‍ പോലുമാണ് അറിയപ്പെടുന്നത്. ഇദ്‌രീസ് പ്രവാചകന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത് തത്ത്വജ്ഞാനികളുടെ പിതാവ് എന്നാണ്. ലുഖ്മാനെ തത്ത്വജ്ഞാനിയായ ലുഖ്മാന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ദൈവത്തിന്റെ ഒരു നാമം കൂടിയാണ് ഹകീം (തത്ത്വജ്ഞന്‍) എന്ന പദം.

         ആത്മജ്ഞാനവും തത്ത്വജ്ഞാനവും ഉള്‍ച്ചേര്‍ന്ന വിജ്ഞാനമാണ് യഥാര്‍ഥ വിജ്ഞാനം. അതിന്റെ ലക്ഷ്യമാവട്ടെ ജീവിതത്തില്‍ ധര്‍മബോധം കരുപ്പിടിപ്പിക്കലുമാണ്. ധര്‍മത്തെയും വിജ്ഞാനത്തെയും ഒറ്റ സൂക്തത്തില്‍ വിശുദ്ധവേദം പരാമര്‍ശിക്കുന്നുണ്ട്: ''നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. ദൈവം നിങ്ങള്‍ക്ക് എല്ലാം പഠിപ്പിച്ചുതരികയാണ്'' (അല്‍ബഖറ 282).  ഉത്കൃഷ്ടമായ ധാര്‍മികമൂല്യങ്ങളുടെ സാക്ഷാത്കാരത്തിനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് വിജ്ഞാനത്തിന്റെ വിളക്കായ പ്രവാചകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധര്‍മത്തെയും വിജ്ഞാനത്തെയും ഏകീഭവിപ്പിച്ച് ദൈവബോധത്തില്‍ നിലകൊള്ളുന്ന നവസംസ്‌കാരത്തിന്റെയും നാഗരികതയുടെയും ആവിഷ്‌കാരമാണ് വിജ്ഞാനത്തിന്റെ ലക്ഷ്യം. ധര്‍മബോധത്തില്‍ നിന്നാണ് യഥാര്‍ഥ സംതൃപ്തിയും മാനസിക ആനന്ദവും ഉണ്ടാവുന്നത്. ജീവിതത്തെ ധര്‍മബോധത്തിന്റെ വഴിത്താരയില്‍ കരുപ്പിടിപ്പിക്കുന്നതിന് 'തസ്‌കിയത്തുന്നഫ്‌സ്' എന്നു പറയും. ധാരാളം ആശയങ്ങളെ കുറിക്കുന്ന പദമാണ് നഫ്‌സ്. മൊത്തം സമൂഹത്തെ നഫ്‌സ് എന്നു സൂചിപ്പിക്കാറുണ്ട്. ശരീരത്തിനും മനസ്സിനും ആത്മാവിനും ധിഷണക്കും നഫ്‌സ് എന്ന് പ്രയോഗിക്കാറുണ്ട്. അപ്പോള്‍ സംസ്‌കരണത്തിന് അഥവാ ധര്‍മബോധത്തിന് വ്യാപകമായ അര്‍ഥമുണ്ട്. ജീവിതത്തിന്റെ സംസ്‌കരണമാണ് തസ്‌കിയത്തുന്നഫ്‌സ്. വിജ്ഞാനത്തിന്റെ ഫലം ജീവിതത്തിന്റെ സര്‍വരംഗങ്ങളിലേക്കും വ്യാപിക്കുന്നു. അങ്ങനെ വിജ്ഞാനം ജീവിതത്തിന് ശ്രേയസ്‌കരമാവണം. വ്യക്തിജീവിതത്തെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധവേദം പറയുന്നു: ''തീര്‍ച്ചയായും വിശുദ്ധി കൈക്കൊണ്ടവന്‍ വിജയിച്ചു'' (അല്‍അഅ്‌ലാ 14). കുടുംബജീവിതത്തില്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ പറഞ്ഞശേഷം വിശുദ്ധവേദം ഇപ്രകാരം പറയുന്നു: ''അതാണ് നിങ്ങള്‍ക്ക് ഏറെ സംസ്‌കാരപൂര്‍ണവും വിശുദ്ധവും'' (അല്‍ബഖറ 232). സാമ്പത്തികജീവിതത്തെക്കുറിച്ച് പറയുന്നു: ''ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍''(അള്ളുഹാ 18).

         ഇന്നത്തെ വിദ്യാഭ്യാസവ്യവസ്ഥ ധര്‍മബോധത്തെ വിസ്മരിച്ചിരിക്കുന്നു. വിജ്ഞാനത്തിനു പകരം വിവരണങ്ങള്‍ മാത്രമാണ് നിലവിലെ വിദ്യാഭ്യാസവ്യവസ്ഥ പകര്‍ന്നു നല്‍കുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്ന വിജ്ഞാനത്തിന് ഇന്നത്തെ സിലബസില്‍ സ്ഥാനമില്ല. ഒന്നാംതരം ടെക്‌നീഷ്യനെയും എഞ്ചിനീയറെയും ഡോക്ടറെയും ഇന്നിന്റെ വിദ്യാഭ്യാസം സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍, ആത്മാവിന് പ്രകാശം പകരുന്ന ആത്മജ്ഞാനത്തിന്റെയും, ധിഷണക്ക് വെളിച്ചം നല്‍കുന്ന തത്ത്വജ്ഞാനത്തിന്റെയും അഭാവം നിമിത്തം ധര്‍മാനുസാരമായ ജീവിതം കാഴ്ചവെക്കാന്‍ അവര്‍ക്കാവുന്നില്ല. ഇന്നത്തെ വിദ്യാഭ്യാസത്തിന് എത്തിക്‌സിന്റെ ശക്തമായ പിന്‍ബലം കൂടി ഉണ്ടായിരുന്നുവെങ്കില്‍ ലോകം എത്രയോ അധികം പ്രകാശപൂരിതമായേനെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍